Trending

നോർക്ക കെയർ ഇൻഷുറൻസ് നിലവിൽവന്നു; നവംബർ 30 വരെ എൻറോൾ ചെയ്യാം

തിരുവനന്തപുരം: പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക വഴി നടപ്പാക്കുന്ന ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി 'നോർക്ക കെയർ' കേരളപ്പിറവി ദിനത്തിൽ നിലവിൽ വന്നു. 1,02,524 കുടുംബങ്ങൾ ഇതുവരെ പദ്ധതിയിൽ ചേർന്നു. ഇതുവഴി നാലു ലക്ഷത്തിന് മുകളിൽ വ്യക്തികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.പദ്ധതിയിൽ ചേരാനുള്ള സമയപരിധി നവംബർ 30 വരെ നീട്ടിയിട്ടുണ്ട്.


പദ്ധതിയുടെ ഔദ്യോഗിക ഇൻഷുറൻസ് സർട്ടിഫിക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ന്യൂ ഇന്ത്യ അഷുറൻസ് ഡിജിഎം ജോയ്‌സ് സതീഷ് നോർക്ക റൂട്‌സ് സിഇഒ അജിത് കൊളശേരിക്ക് കൈമാറി. നോർക്ക റൂട്‌സ് റസിഡന്റ്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണ‌ൻ, വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പ്രവാസികളിൽനിന്നും പ്രവാസി സംഘടനകളിൽനിന്നും ആവശ്യമുയർന്ന സാഹചര്യത്തിലാണ് സമയപരിധി ദീർഘിപ്പിച്ചതെന്ന് പി ശ്രീരാമകൃഷ്ണനും അജിത് കൊളശേരിയും അറിയിച്ചു. നേരത്തേ ഒക്ടോബർ 31 വരെയായിരുന്നു എൻറോൾ ചെയ്യാനുള്ള സമയപരിധി. സെപ്ത‌ംബർ 22-ന് ആരംഭിച്ച ഗ്ലോബൽ രജിസ്ട്രേഷൻ ഡ്രൈവ് 40 ദിവസത്തിലാണ് 1,02,524 കുടുംബങ്ങളെ അംഗങ്ങളാക്കിയത്. 

ഈ കാലയളവിൽ രണ്ടു ലക്ഷത്തോളം പ്രവാസി കേരളീയർ പുതുതായി നോർക്ക പ്രവാസി ഐഡി കാർഡ് സേവനവും പ്രയോജനപ്പെടുത്തി.നോർക്കയിലെ ജീവനക്കാർക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവാസി സമൂഹവും പ്രവാസി സംഘടനകളും കൂട്ടായ്‌മകളും പദ്ധതിയുടെ പ്രചാരണത്തിനും രജിസ്ട്രേഷനുമായി വിപുലമായ പ്രവർത്തനങ്ങളാണ് നടപ്പാക്കിയതെന്നും പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.

രാജ്യത്താദ്യമായാണ് പ്രവാസികൾക്കായി ഒരു സംസ്ഥാന സർക്കാർ ഇത്തരം ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കിയത്. സാധുവായ നോർക്ക പ്രവാസി ഐഡി, സ്റ്റുഡന്റ്റ് ഐഡി, എൻആർകെ ഐഡി കാർഡുള്ള പ്രവാസി കേരളീയർക്കാണ് പദ്ധതിയിൽ എൻറോൾ ചെയ്യാനാകുക. രണ്ടു മക്കളടക്കം നാലുപേരടങ്ങുന്ന കുടുംബത്തിന് 13,411 രൂപയോ, 563 ദിർഹമോ ആണ് പ്രീമിയം. അധികം കുട്ടികളിൽ ഓരോരുത്തർക്കും 4130 രൂപയോ 173 ദിർഹമോ അടയ്ക്കണം. വ്യക്തിക്ക് 8101 രൂപയോ 340 ദിർഹമോ ആണ് പ്രീമിയം തുക. 

രണ്ടാം ഘട്ടത്തിൽ പ്രവാസികളുടെ രക്ഷിതാക്കളെയും പരിധിയിൽ കൊണ്ടുവരും. 18 മുതൽ 70 വയസ്സുവരെയാണ് പ്രായപരിധി. ഗ്രൂപ് മെഡിക്ലെയിം അഞ്ചുലക്ഷം രൂപയാണ് ഇൻഷുറൻസ് തുക. അലോപ്പതിക്ക് പുറമെ ആയുർവേദവും ഇൻഷുറൻസ് പരിധിയിൽ വരും. ഗ്രൂപ് പേഴ്‌സണൽ ആക്‌സിഡന്റ് 10 ലക്ഷം രൂപയാണ്. നോർക്ക വെബ്സൈറ്റ്, ആപ്ലിക്കേഷൻ എന്നിവ വഴി രജിസ്റ്റർ ചെയ്യാം. കേരളത്തിലെ 500ൽ അധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 18,000 ത്തോളം ആശുപത്രികളിൽ പദ്ധതിയുടെ സേവനം ലഭ്യമാകും.
Previous Post Next Post
3/TECH/col-right