Trending

സായാഹ്ന വാർത്തകൾ.

2025 | നവംബർ 1 | ശനി 
1201 | തുലാം 15 | ചതയം 

◾  കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇതിനെ പ്രതിപക്ഷം എതിര്‍ത്തു. സഭയോട് സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സഭ ചേര്‍ന്നത് ചട്ടം ലംഘിച്ചെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. സഭാ കവാടത്തില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

◾  ഇന്ന് ചേര്‍ന്ന നിയമസഭാ സമ്മേളനം സര്‍ക്കാര്‍ പ്രഹസനമാക്കിയെന്നും സഭയില്‍ ചര്‍ച്ച ചെയ്യാതെയാണ് മുഖ്യമന്ത്രി കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമാണെന്ന പ്രഖ്യാപനം നടത്തിയതെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇത് പൊള്ളയായ പ്രഖ്യാപനമാണെന്നും  കേരളത്തില്‍ ഇപ്പോഴും പട്ടിണിമരണം നടക്കുകയാണെന്നും തെരഞ്ഞെടുപ്പിന് മുന്‍പുള്ള പിആര്‍ വര്‍ക്കാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

◾  കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി  കേരളപ്പിറവി ദിനത്തില്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പറഞ്ഞതില്‍ വസ്തുത ഇല്ലെന്നും പ്രതിപക്ഷം ഭയക്കുന്നതെന്തിനെന്നും മുഖ്യമന്ത്രി പറഞ്ഞു. തട്ടിപ്പെന്ന് പറയുന്നത് പ്രതിപക്ഷമാണ്. പറഞ്ഞത് എന്തോ, അത് നടപ്പാക്കും. അതാണ് ഇടത് സര്‍ക്കാരിന്റെ ശീലമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം ഒരു പുതുയുഗ പിറവിയിലാണെന്നും സജീവ ജനപങ്കാളിത്തത്തോടെയാണ് പ്രക്രിയ നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾  രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ  പ്രഖ്യാപിക്കുന്ന ചടങ്ങില്‍ നടന്‍മാരായ കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന് ചെന്നൈയിലും മോഹന്‍ലാലിന് ദുബായിലും ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാലാണ് എത്താന്‍ കഴിയാത്തതെന്ന് സര്‍ക്കാരിനെ അറിയിച്ചു. വൈകിട്ടു നടക്കുന്ന പരിപാടിയില്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറുന്നതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 4നാണ് ചടങ്ങ്.

◾  യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ആശാവര്‍ക്കര്‍മാരുടെ ആവശ്യത്തില്‍ തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സെക്രട്ടറിയേറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തിയ സമര പ്രതിജ്ഞാ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയേറ്റിന് മുന്നില്‍ 266 ദിവസം നീണ്ടുനിന്ന ആശാ വര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരത്തിനാണ് ഇതോടെ സമാപനമായത്. ഓണറേറിയം 21,000 രുപയായി വര്‍ദ്ധിപ്പിക്കുകയും വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളില്‍ സമരം തുടരാനാണ് തീരുമാനം.

◾  സര്‍ക്കാര്‍ ജീവനക്കാരുടെ നാല് ശതമാനം ഡി എ കുടിശ്ശിക ചേര്‍ത്തുള്ള ശമ്പളം ഇന്ന് മുതല്‍ ലഭിക്കും. പുതുക്കിയ ഡിഎ ചേര്‍ത്തുള്ള ശമ്പളമാണ് ഒക്ടോബറിലെ ശമ്പളത്തോട് ഒപ്പം  ലഭിക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍, തദ്ദേശസ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍ എന്നിവര്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. വിരമിച്ചവര്‍ക്കുള്ള പുതുക്കിയ പെന്‍ഷനും ഇന്ന് മുതല്‍ ലഭിക്കും.

◾  കവിയും സാഹിത്യ നിരൂപകനുമായ കെജി ശങ്കരപിള്ളക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം. കവിതയുടെ സംക്രമണ കാലത്തിന് ശോഭയേകിയ കവിയാണ് കെ ജി ശങ്കരപിള്ളയെന്ന് പുരസ്‌കാര സമിതി പറഞ്ഞു. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. ഭാഷാ പിതാവിന്റെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമെന്ന് കെ ജി ശങ്കരപിള്ള പ്രതികരിച്ചു.

◾  കോഴിക്കോട് പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ വാക്കേറ്റവും കയ്യാങ്കളിയും. അതിക്രമത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ടു യുഡിഎഫ് പ്രവര്‍ത്തകരെ ഇന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോളാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. ജില്ലാ പഞ്ചായത്ത് അംഗമായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറി സെക്രട്ടറി വി. പി ദുല്‍ഖീഫില്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

◾  മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ ടിഎന്‍ പ്രതാപന്‍ കോര്‍പ്പറേഷന്റെ വികസനത്തിന് ഒരു രൂപ പോലും തന്നില്ലെന്ന തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസിന്റെ പ്രസ്താവനക്ക് മറുടിയുമായി ടിഎന്‍ പ്രതാപന്‍. 2019 മുതല്‍ 2025 വരെ 3,57,72,000  രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ തന്റെ എംപി ഫണ്ടില്‍ നിന്ന് വിനിയോഗിച്ചതെന്ന് പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചു. തൃശൂര്‍ എംപിയായിരിക്കുന്ന കാലത്ത് ടിഎന്‍ പ്രതാപന്‍ കോര്‍പ്പറേഷന്റെ വികസനത്തിന് ഒരു രൂപ പോലും തന്നില്ലെന്നും അതേസമയം ഇവിടുത്തെ എംപി അല്ലാത്ത കാലത്താണ് കോര്‍പ്പറേഷന്റെ വികസനത്തിന് സുരേഷ് ഗോപി ഒരു കോടി രൂപ നല്‍കിയതെന്നും എംകെ വര്‍ഗീസ് പറഞ്ഞിരുന്നു.

◾  ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റ് റസൂല്‍ പൂക്കുട്ടി. ഗുരുതുല്യന്മാരായിട്ടുള്ള ആളുകള്‍ ഇരുന്ന സീറ്റിലാണ് താന്‍ ഇരിക്കുന്നത് എന്നത് സന്തോഷം തരുന്ന കാര്യമാണെന്ന് റസൂല്‍ പൂക്കുട്ടി പ്രതികരിച്ചു. ഭരണം എന്നതിനെ പവര്‍ ആയിട്ട് കാണുന്നില്ല. മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറ്റണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ രഞ്ജിത്ത് രാജി വച്ച ഒഴിവിലേക്കാണ് റസൂല്‍ പൂക്കുട്ടിയുടെ നിയമനം.

◾  വോട്ടര്‍പട്ടിക തീവ്രപരിശോധന ജനങ്ങള്‍ക്കിടയില്‍ ഭീതിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്നും അത് പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. നിലവില്‍ എസ്ഐആര്‍ പൂര്‍ത്തിയായ ബീഹാറില്‍  വോട്ടര്‍പട്ടികയില്‍ നിന്ന് പുറംതള്ളപ്പെട്ടവരില്‍ മഹാഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവരും ദരിദ്രസാഹചര്യത്തില്‍ ഉള്ളവരുമാണ്. സമാനമായി കേരളത്തിലും അര്‍ഹതപ്പെട്ടവര്‍ പട്ടികയില്‍ നിന്ന് പുറത്ത്‌പോകുമോ എന്ന ആശങ്കയുണ്ടെന്ന് കാന്തപുരം പറഞ്ഞു.

◾  ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ചു ബിജെപി മുന്‍ വക്താവ് എംഎസ് കുമാര്‍. കൗണ്‍സിലര്‍ അനില്‍കുമാറിന്റെ ആത്മഹത്യക്ക് കാരണം ബിജെപിയുടെ ഭാഗം ആയതാണെന്ന് എംഎസ് കുമാര്‍ പറഞ്ഞു. കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിച്ചവര്‍ കൈവിട്ടു. അനില്‍ കുമാറിന്റെ അവസ്ഥയിലാണ് താനും. ലോണ്‍ എടുത്ത പാര്‍ട്ടിക്കാര്‍ തിരിച്ചു അടക്കുന്നില്ല. വായ്പ എടുത്തവരുടെ പേര് വെളിപ്പെടുത്തുമെന്നും എംഎസ് കുമാര്‍ പറഞ്ഞു.

◾  പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് തിങ്കളാഴ്ച 3 താലൂക്കുകള്‍ക്ക് പ്രാദേശിക അവധി. പത്തനംതിട്ടയിലെ തിരുവല്ല, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്ന് കളക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

◾  സൈബര്‍ തട്ടിപ്പിനെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷന്‍ സൈ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് നിരവധി യുവാക്കളെന്ന് റിപ്പോര്‍ട്. സംശയാസ്പദമായി ഇടപാടുകള്‍ നടന്നുവരുന്ന ബാങ്ക് അക്കൗണ്ടുകള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഏറ്റവുമധികം സംശയാസ്പദമായി ഇടപാടുകള്‍ നടന്ന 57 അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ ശേഖരിച്ച് അവരുടെ വീടുകളില്‍ റെയ്ഡ് നടത്തി. 27 പേരെ കസ്റ്റഡിയിലെടുത്തു നോട്ടീസ് നല്‍കി. വരും ദിവസങ്ങളിലും പൊലീസ് സൈബര്‍ വിങ്ങിന്റെ നിരീക്ഷണം തുടരും.

◾  പത്തനംതിട്ടയില്‍ ഫോണ്‍ കാള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ഹാക്കര്‍ പിടിയിലായി. അടൂര്‍ കോട്ടമുകള്‍ സ്വദേശി ജോയല്‍ വി ജോസാണ് പിടിയിലായത്. തന്നെ സമീപിക്കുന്നവര്‍ക്ക് ഫോണ്‍ കാള്‍ രേഖകളും മറ്റ് ലൊക്കേഷന്‍ വിവരങ്ങളും ഇയാള്‍ ചോര്‍ത്തി നല്‍കുകയാണ് പതിവ്. ഗൗരവമേറിയ സുരക്ഷാ വിവരങ്ങളും ചോര്‍ത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

◾  അരിമ്പൂരില്‍ സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തിന്റെ മാനേജരുടെ കാര്‍ അജ്ഞാതര്‍ കത്തിച്ചു. ഗുരു ഓഡിറ്റോറിയത്തിന് സമീപം ഫ്ലാറ്റില്‍ താമസിക്കുന്ന പുല്ലഴി സ്വദേശി ഹരികൃഷ്ണന്റെ കാറാണ് കത്തിച്ചാമ്പലായത്. സംഭവത്തില്‍ ഹരികൃഷ്ണന്‍ അന്തിക്കാട് പൊലീസില്‍ പരാതി നല്‍കി. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

◾  കുതിരാന്‍ ഇരുമ്പുപാലം പ്രദേശത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. തുരത്താനെത്തിയ വനംവകുപ്പിന്റെ ജീപ്പ് കാട്ടാന തകര്‍ത്തു. ഇന്നലെ രാത്രിയിലാണ് കാട്ടാന ഫോറസ്റ്റ് ജീപ്പ് തകര്‍ത്തത്. കാട്ടാന ഇറങ്ങിയെന്ന് നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. എന്നാല്‍ ആന ജീപ്പിന് നേരെ തിരിയുകയായിരുന്നു. ഇതോടെ വനം വകുപ്പ് ജീവനക്കാര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി.

◾  കോഴിക്കോട് കക്കോടിയില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശി ഉദയ് മാഞ്ചി ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ചുറ്റുമതില്‍ പണിയുന്നതിനിടെയാണ് സമീപത്തെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്.

◾  വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില സിലിണ്ടറിന് 4 രൂപ കുറച്ചു. ഇതോടെ 19 കിലോ സിലിണ്ടറിന് 1599 രൂപയായി. കഴിഞ്ഞ മാസം പാചകവാതക വില സിലിണ്ടറിന് 16 രൂപ കൂട്ടിയിരുന്നു. രാജ്യാന്തര ക്രൂഡ് ഓയില്‍ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വില പരിഷ്‌കരിക്കുന്നത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

◾  കേരളത്തിനുള്ള മൂന്നാം വന്ദേ ഭാരതിന്റെ ഷെഡ്യൂള്‍ ആയി. ഉച്ചക്ക് 2.20 എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് പുലര്‍ച്ചെ 1.50 ന് ബെംഗളൂരു സിറ്റിയില്‍ എത്തും. ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ 5.10ന് പുറപ്പെടുന്ന വന്ദേഭാരത് എറണാകുളത്ത് 1.50ന് എത്തും. എന്നാല്‍ സര്‍വ്വീസ് തുടങ്ങുന്ന തിയ്യതി തീരുമാനിച്ചിട്ടില്ല. ഇക്കാര്യം ഉടന്‍ അറിയിക്കുമെന്നാണ് വിവരം.

◾  ആന്ധ്രയിലെ ശ്രീകാകുളത്ത് തിക്കിലും തിരക്കിലും പെട്ട് 9 പേര്‍ മരിച്ചു. കാസി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത്. ഏകാദശി ഉത്സവത്തിന് എത്തിയ ഭക്തരാണ് അപകടത്തില്‍ പെട്ടത്. തിരക്കിലും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.  ആളുകളുടെ തിരക്ക് നിയന്ത്രിക്കാനുള്ള സുരക്ഷാക്രമീകരണങ്ങള്‍ അമ്പലത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. അതേസമയം, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

◾  യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി. രാഷ്ട്രീയം, വ്യവസായം, കായികം, കലാ സാംസ്‌കാരിക രംഗങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലായി കൈയ്യൊപ്പ് ചാര്‍ത്തിയ യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഇതിലുള്‍പ്പെട്ട ഏക മലയാളിയാണ് റിസ്‌ക് ആര്‍ട്ട് ഇനീഷ്യേറ്റീവ് സ്ഥാപകയും സംരംഭകയുമായ ഷഫീന യൂസഫലി. ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍വുമണ്‍ രേണുക ജഗ്തിയാനി, അപ്പാരല്‍ ഗ്രൂപ്പ് സ്ഥാപക സീമ വേദ് എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് ഇന്ത്യക്കാര്‍.

◾  വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഫൈനലിലേക്ക് എത്തിച്ച പ്രകടനം കാഴ്ച വെച്ച ജമീമ റോഡ്രിഗ്സിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവും നടിയുമായ കസ്തൂരി. ലോകകപ്പ് സെമി ജയത്തിന് ശേഷമുള്ള യേശുവിനെ കുറിച്ചുള്ള പരാമര്‍ശത്തിലാണ്  കസ്തൂരിയുടെ രൂക്ഷമായ വിമര്‍ശനം. ശിവനോ ഹനുമാനോ ആണ് തന്റെ ജയത്തിന് പിന്നില്‍ എന്ന് ഏതെങ്കിലും താരം പറഞ്ഞിട്ടുണ്ടോ എന്നും  ജയ് ശ്രീരാം എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്തായേനെയെന്നും ഹിന്ദുക്കളുടെ വികാരപ്രകടനം ആണെങ്കില്‍ പ്രതികരണങ്ങള്‍ എന്താകുമായിരുന്നുവെന്നും താന്‍ കപടമതേതര വാദി അല്ലെന്നും കസ്തൂരി പറഞ്ഞു.

◾  ദില്ലിയുടെ പേര് ഇന്ദ്രപ്രസ്ഥയെന്നാക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി പ്രവീണ്‍ ഖണ്ഡേവാല്‍ അമിത് ഷായ്ക്ക് കത്ത് അയച്ചു. സാംസ്‌കാരികവും ചരിത്രപരവുമായ ഘടകങ്ങള്‍ പരിഗണിച്ചാണ് ദില്ലിയുടെ പേര് മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ഓള്‍ഡ് ദില്ലി റെയില്‍വേ സ്റ്റേഷന്‍ ഇന്ദ്രപ്രസ്ഥ ജംഗ്ഷന്‍ എന്നും വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥ എയര്‍പോര്‍ട്ട് എന്നുമാക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

◾  തെരുവുനായ കേസില്‍ സുപ്രീം കോടതിയില്‍ മറുപടി സമര്‍പ്പിച്ച് സംസ്ഥാനം. എബിസി ചട്ടങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്നും തെരുവുനായ നിയന്ത്രണത്തിന് വിവിധ പദ്ധതികള്‍ നടത്തിയെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സത്യവാങ്മൂലം സമര്‍പ്പിക്കുന്നതില്‍ മനപൂര്‍വ്വം വീഴ്ച വരുത്തിയിട്ടില്ലെന്നും വൈകിയതില്‍ ക്ഷമിക്കണമെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു.

◾  പശ്ചിമ ബംഗാളിനെയും ബംഗ്ലാദേശിനെയും ഒന്നാക്കുമെന്ന് ബി ജെ പി എം പി. റാനാഘട്ട് എം പി ജഗന്നാഥ് സര്‍ക്കാരാണ് ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ അതിര്‍ത്തികള്‍ ഇല്ലാതാക്കുമെന്നും, ബംഗാളിനെയും ബംഗ്ലാദേശിനെയും ഒന്നാക്കുമെന്നും പ്രസംഗിച്ചത്. പശ്ചിമ ബംഗാള്‍ ബി ജെ പി ഉപാധ്യക്ഷന്‍ കൂടിയായ ജഗന്നാഥ് സര്‍ക്കാരിന്റെ വിവാദ പ്രഖ്യാപനത്തില്‍ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.

◾  വായു മലിനീകരണം കുറയ്ക്കാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ദില്ലി സര്‍ക്കാര്‍. ദില്ലിക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത പഴയ ചരക്ക് വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ ദില്ലിയില്‍ വിലക്കേര്‍പ്പെടുത്തി. ബി എസ് 3 മുതല്‍ താഴേക്കുള്ള വാഹനങ്ങള്‍ക്കാണ് വായുമലിനീകരണ മേല്‍നോട്ട സമിതി വിലക്ക് ഏര്‍പ്പെടുത്തിയത്. ദില്ലിയില്‍ വായുമലിനീകരണ തോത് ഇന്നും മോശം വിഭാഗത്തില്‍ തുടരുകയാണ്. 237 ആണ് ഇന്ന് രേഖപെടുത്തിയ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്.

◾  അമേരിക്കന്‍ നിക്ഷേപ കമ്പനിയായ ബ്ലാക്ക്‌റോക്കില്‍, ഇന്ത്യന്‍ വംശജനായ ബങ്കിം ബ്രഹ്‌മഭട്ട് കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പ് നടത്തിയതായി ആരോപണം. യുഎസ് ആസ്ഥാനമായുള്ള ടെലികോം കമ്പനിയായ ബ്രോഡ്ബാന്‍ഡ് ടെലികോമിന്റെയും ബ്രിഡ്‌ജ്വോയ്‌സിന്റെയും സിഇഒ ആയ ബങ്കിം ബ്രഹ്‌മഭട്ട്, വായ്പാ കൊളാറ്ററലായി ഉപയോഗിക്കേണ്ട അക്കൗണ്ടുകള്‍ വ്യാജമായി നിര്‍മ്മിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം, തട്ടിപ്പ് ആരോപണങ്ങള്‍ നിഷേധിക്കുന്നതായി ബ്രഹ്‌മഭട്ടിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

◾  ഈജിപ്ഷ്യന്‍ രാജാവായ ടുട്ടന്‍ഖാമന്റെ ശവകുടീരം പൂര്‍ണമായി പ്രദര്‍ശിപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം എന്നറിയപ്പെടുന്ന ഗ്രാന്‍ഡ് ഈജിപ്ഷ്യന്‍ മ്യൂസിയം. പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായ ഗിസയിലെ ഖുഫുവിന്റെ പിരമിഡിന് സമീപത്തായാണ് ടുട്ടന്‍ഖാമന്റെ ശവകുടീരം പ്രദര്‍ശിപ്പിക്കുന്നത്.  

◾  ആഭ്യന്തര കലഹവും കൂട്ടക്കൊലകളും തുടരുന്ന സുഡാനില്‍ അതിഭീകര സാഹചര്യമെന്ന് ഐക്യരാഷ്ട്ര സഭ. സായുധ സംഘമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് ആയിരക്കണക്കിന് നിരപരാധികളെ നിരത്തി നിര്‍ത്തി വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.  സുഡാന്‍ സായുധ സേനയും, റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് എന്ന സംഘടനയും തമ്മിലാണ് അധികാരത്തിനായി പോരടിക്കുന്നത്. സുഡാന്‍ സായുധ സേനയുടെ കൈവശമുണ്ടായിരുന്ന എല്‍ ഫാഷര്‍ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം ആര്‍എസ്എഫ് പിടിച്ചെടുത്തതോടെയാണ് വീണ്ടും ഏറ്റുമുട്ടല്‍ ശക്തമായത്.

◾  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. കേരളപ്പിറവി ദിനത്തില്‍ ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ ഗ്രാം വില 11,275 രൂപയാണ്. പവന് 90,200 രൂപയും. ഒരു പവനില്‍ കുറഞ്ഞ്ത് 200 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ കുറഞ്ഞ് 9,270 രൂപയിലെത്തി. വെള്ളിവില ഇന്നും 157 രൂപയില്‍ തുടരുന്നു. സ്വര്‍ണവിലയില്‍ റെക്കോഡ് തൊട്ട മാസമാണ് കടന്നുപോകുന്നത്. ഒക്ടോബര്‍ തുടക്കത്തില്‍ 87,440 രൂപയായിരുന്ന സ്വര്‍ണവില പിന്നീട് കുതിച്ചുയരുന്നതാണ് കണ്ടത്. ആഗോളതലത്തിലെ ചുവടുപിടിച്ചാണ് കേരളത്തിലും വില ഉയര്‍ന്നത്. ഒക്ടോബര്‍ 17ന് 97,360 വരെയെത്തി ഒരുലക്ഷം തൊടുമെന്ന പ്രതീതി ജനിപ്പിച്ചെങ്കിലും പിന്നീട് താഴേക്ക് പോകുന്നതാണ് കണ്ടത്. വില അനിയന്ത്രിതമായി ഉയര്‍ന്നത് രാജ്യത്തെ ഉത്സവകാല വിപണിയെയും ബാധിച്ചു. ഉത്സവകാല ഡിമാന്‍ഡില്‍ 16 ശതമാനം കുറവുണ്ടായെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കി. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഉപഭോഗം 248.3 ടണ്ണില്‍ നിന്ന് 209.4 ടണ്ണായി താഴ്ന്നു.

◾  റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ജെമിനെ പ്രോ സൗജന്യമായി ലഭിക്കും. ഇതിനായി റിലയന്‍സും ഗൂഗ്ളും തമ്മില്‍ കരാറൊപ്പിട്ടു. 18 മാസത്തേക്കുള്ള സൗജന്യ സേവനമാണ് റിലയന്‍സിന് ലഭിക്കുക. 35,000 രൂപയുടെ സേവനങ്ങളാണ് പൂര്‍ണമായും റിലയന്‍സ് സൗജന്യമായി നല്‍കുക. 18 മുതല്‍ 25 വരെ പ്രായമുള്ള ജിയോ ഉപഭോക്താക്കള്‍ക്കാണ് സൗജന്യസേവനം ലഭിക്കുക. ഇതിന് 349 രൂപയുടേതോ അതിന് മുകളിലുള്ളതോ ആയ 5ജി പ്ലാന്‍ എടുക്കണം. ഒക്ടോബര്‍ 30 മുതല്‍ പുതിയ പ്ലാന്‍ ആരംഭിക്കും. നിശ്ചിതകാലത്തേക്ക് മാത്രമേ പുതിയ പ്ലാന്‍ സബ്സ്‌ക്രിപ്ഷന്‍ സാധിക്കുവെന്ന് റിലയന്‍സ് ജിയോ അറിയിച്ചിട്ടുണ്ട്. അണ്‍ലിമിറ്റഡ് ചാറ്റ്, രണ്ട് ടി.ബി ക്ലൗഡ് സ്റ്റോറേജ്, വി.ഇ.ഒ 3.1 ഉപയോഗിച്ചുള്ള വിഡിയോ ജനറേഷന്‍, നാനോ ബനാന ഉപയോഗിച്ചുള്ള ഇമേജ് ജനറേഷന്‍ എന്നിവ ജെമിനെയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റിലജന്‍സ് ഉപയോഗിച്ച് ലഭ്യമാകും. പുതിയ ഓഫറിലൂടെ ഗൂഗ്ളിന്റെ എ.ഐ ടൂളികളിലേക്ക് പരിധികളില്ലാത്ത ആക്സസ് ലഭിക്കും. ഫോട്ടോസ്, ഡ്രൈവ്, ജിമെയില്‍ എന്നിവയില്‍ ഉടനീളം രണ്ട് ടി.ബി സ്റ്റോറേജും ലഭിക്കും.

◾  ചെന്നൈയില്‍ പുതു തലമുറ എന്‍ജിനുകള്‍ നിര്‍മിക്കുന്ന പ്ലാന്റില്‍ 3,250 കോടി രൂപ നിക്ഷേപിക്കാന്‍ അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഫോഡ്. മറൈമലൈ നഗര്‍ ഫാക്ടറിയെ കയറ്റുമതി കേന്ദ്രമാക്കി വികസിപ്പിച്ചെടുക്കാനാണ് ഫോഡിന്റെ ശ്രമം. 2029 മുതല്‍ പ്രതിവര്‍ഷം 2,35,000 എന്‍ജിനുകള്‍ നിര്‍മിക്കുന്ന കേന്ദ്രമായി ഇതിനെ മാറ്റാനാണ് ഫോഡ് പരിശ്രമിക്കുന്നത്. 2024 സെപ്റ്റംബറില്‍ ഒപ്പുവെച്ച രേഖകളെ അടിസ്ഥാനപ്പെടുത്തി തമിഴ്‌നാട് സര്‍ക്കാരുമായി ഫോഡ് ധാരണാപത്രം ഒപ്പുവെച്ചു കഴിഞ്ഞു. ഫോഡ് ഇന്ത്യയുടെ പ്രതിനിധികള്‍ ഇതിന്റെ ഭാഗമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തി. ഫോഡിന്റെ തെക്കു കിഴക്കന്‍ ഏഷ്യന്‍ വിപണികളിലേക്കുള്ള പ്രധാന എന്‍ജിന്‍ നിര്‍മാണ കേന്ദ്രമായി മറൈമലൈ നഗര്‍ ഫാക്ടറിയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. വീണ്ടും മറൈമലൈ നഗര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഏത് എന്‍ജിനുകളാണ് നിര്‍മിക്കുന്നത് എന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ ഇപ്പോഴും ഫോഡ് പുറത്തുവിട്ടിട്ടില്ല. ഇന്ത്യയില്‍ ഇപ്പോഴും പത്തു ലക്ഷത്തിലേറെ ഉപഭോക്താക്കള്‍ ഫോഡിനുണ്ട്. സര്‍വീസ്, വാഹന ഭാഗങ്ങള്‍, വാറണ്ടി സപ്പോര്‍ട്ട് എന്നിവയെല്ലാം ഈ ഉപഭോക്താക്കള്‍ക്കായി ഫോഡ് നല്‍കുന്നുമുണ്ട്.

◾  എല്ലാ ദിവസവും രാവിലെ ഓട്സ് കഴിക്കുന്നതിനു പകരം ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മാത്രം ഉള്‍പ്പെടുത്തുന്നതാണ് നല്ലതെന്ന് പോഷകാഹാര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഓട്സില്‍ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കാല്‍സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കള്‍ ആഗിരണം ചെയ്യുന്നത് തടസപ്പെടുത്തുന്നു. ദിവസവും ഓട്സ് രാവിലെ കഴിക്കുന്നത് പോഷകക്കുറവിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍, പാകം ചെയ്യുന്നതിന് മുന്‍പ് ഓട്സ് വെള്ളത്തില്‍ കുതിര്‍ക്കുകയോ പുളിപ്പിക്കുകയോ ചെയ്യണം. ഇതിലൂടെ ഓട്സില്‍ അടങ്ങിയ ഫൈറ്റിക് ആസിഡ് ഒഴിവാക്കാന്‍ സഹായിക്കും. ഓട്സ് പതിവാക്കുന്ന ശരീരഭാരം കൂടാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇതില്‍ കലോറിയുടെ അളവു വളരെ കൂടുതലാണ്. ഇത് ക്രമേണ ശരീരഭാരം കൂടാന്‍ കാരണമാകും. ദിവസവും ഓട്സ് മാത്രം കഴിക്കുന്നതിന് പകരം, സ്മൂത്തിയിലോ യോഗര്‍ട്ടിലോ അളവു നിയന്ത്രിച്ചു കഴിക്കാവുന്നതാണ്. മാത്രമല്ല, മറ്റ് ഭക്ഷണങ്ങളും ഇതിനൊപ്പം കലര്‍ത്തി കഴിക്കാന്‍ ശ്രമിക്കുക. വാങ്ങുമ്പോള്‍ സര്‍ട്ടിഫൈഡ് ഗ്ലൂറ്റന്‍-ഫ്രീ ഓട്‌സ് തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക. ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഓട്‌സ് ദഹനത്തിന് നല്ലതാണ്. എന്നാല്‍ ദിവസവും കഴിക്കുന്നത് ഗ്യാസ്, വയറു വീര്‍ക്കല്‍ എന്നിവയ്ക്ക് കാരണമാകാം. ദിവസവും കഴിക്കുന്നതിന് പകരം ആഴ്ചയില്‍ രണ്ട് അല്ലെങ്കില്‍ മൂന്ന് തവണ കഴിക്കാം. ഓട്സ് ആരോഗ്യകരമായ ഒരു ഭക്ഷണമാണ്, പക്ഷേ അവയില്‍ നിന്ന് ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും കിട്ടില്ല. പ്രഭാതഭക്ഷണത്തിന് ഓട്സ് മാത്രം കഴിച്ചാല്‍, പ്രധാനപ്പെട്ട മറ്റ് പോഷകങ്ങള്‍ നഷ്ടപ്പെട്ടേക്കാം. പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീനുകള്‍ എന്നിവ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ പ്രഭാതഭക്ഷണത്തെ കൂടുതല്‍ സന്തുലിതമാക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.78, പൗണ്ട് - 116.96, യൂറോ - 102.37, സ്വിസ് ഫ്രാങ്ക് - 110.43, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 58.11, ബഹറിന്‍ ദിനാര്‍ - 235.46, കുവൈത്ത് ദിനാര്‍ -289.23, ഒമാനി റിയാല്‍ - 230.87, സൗദി റിയാല്‍ - 23.67, യു.എ.ഇ ദിര്‍ഹം - 24.17, ഖത്തര്‍ റിയാല്‍ - 24.38, കനേഡിയന്‍ ഡോളര്‍ - 63.37.
Previous Post Next Post
3/TECH/col-right