◾ പിഎം ശ്രീ പദ്ധതിയില്‍ സിപിഐ സമ്മര്‍ദത്തിന് വഴങ്ങി സിപിഎം. പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രവുമായി ഒപ്പുവെച്ച ധാരണാപത്രം മരവിപ്പിക്കും. വിഷയം പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കാന്‍ സിപിഐ-സിപിഎം ധാരണയിലെത്തി. അതുവരെ കരാര്‍ മരവിപ്പിക്കുമെന്ന് കേന്ദ്രത്തെ അറിയിക്കുമെന്നാണ് സിപിഎം സിപിഐയെ അറിയിച്ചിരിക്കുന്നത്. ഇതോടെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാന്‍ സിപിഐ മന്ത്രിമാര്‍ തീരുമാനിച്ചു. അതേസമയം, പിഎം ശ്രീ കരാരില്‍ ഒപ്പിട്ട ധാരണാ പത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഇന്ന് തന്നെ കത്തു നല്‍കും. ഈ കത്തിന്റെ പകര്‍പ്പ് സിപിഐക്ക് കൈമാറാനും തീരുമാനിച്ചു.
◾ പിഎം ശ്രീ വിഷയത്തില്‍ സിപിഐക്കു മുന്നില്‍ മുട്ടുമടക്കി മുഖ്യമന്ത്രിയും സിപിഎമ്മും. മന്ത്രിസഭാ യോഗത്തനില്‍നിന്നു വിട്ടുനില്‍ക്കുമെന്ന സിപിഐ ഭീഷണിയാണ് സിപിഎമ്മിനെ പുനര്‍വിചിന്തനത്തിനു പ്രേരിപ്പിച്ചത്. സിപിഎം കീഴടങ്ങല്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് വിട്ടുവീഴ്ചയ്ക്കു സിപിഐയും തയാറായതോടെ തര്‍ക്കത്തിനു താല്‍ക്കാലിക പരിഹാരമായി.
◾ പിഎം ശ്രീ വിഷയത്തില്‍ ധാരണ പത്രം മരവിപ്പിക്കാനുള്ള തീരുമാനത്തെപ്പറ്റി തനിക്കറിയില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. വിവരങ്ങള്‍ ഒന്നും അറിഞ്ഞില്ലെന്നും മുഖ്യമന്ത്രിയും നേതാക്കളും ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ പ്രതികരിക്കാന്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
◾ പിഎം ശ്രീയില്‍ സിപിഐക്കു മുന്നില്‍ സിപിഎം വഴങ്ങുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ആത്മഹത്യാപരമായ തീരുമാനമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഗവണ്‍മെന്റിന്റെ വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
◾ പിഎം ശ്രീയില്‍ കേന്ദ്രസര്‍ക്കാരും കേരളവും തമ്മില്‍ ഒപ്പിട്ട ധാരണാപത്രം പ്രകാരം കരാറില്‍ നിന്ന് ഏകപക്ഷീയമായി കേരളത്തിന് പിന്മാറാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇരു കക്ഷികളും തമ്മിലുള്ള പരസ്പര ധാരണയിലൂടെ മാത്രമേ പിഎം ശ്രീയില്‍ നിന്ന് പിന്മാറാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല ഇതിന് 30 ദിവസത്തെ സമയപരിധി കൂടി കരാര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായി പിന്മാറാന്‍ കത്തയച്ചതുകൊണ്ടോ നയപരമായ തീരുമാനങ്ങള്‍ എടുത്തതുകൊണ്ടോ ഈ കരാറില്‍ നിന്ന് പിന്മാറാന്‍ സാധിക്കുകയില്ല. റിപ്പോര്‍ട്ടുകള്‍ പറയുന്നു.
◾ സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 2026 മാര്‍ച്ച് 5 ന് തുടങ്ങി മാര്‍ച്ച് 30 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകള്‍ തുടങ്ങും. മെയ് 8നായിരിക്കും എസ്എസ്എല്‍സി ഫലപ്രഖ്യാപനം. മാര്‍ച്ച് 5 മുതല്‍ 27 വരെ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷകളും, രണ്ടാം വര്‍ഷം മാര്‍ച്ച് 6 മുതല്‍ 28 വരെയും നടക്കും. ഒന്നാംവര്‍ഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വര്‍ഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കുമെന്നും സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുകയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
◾ വിവര സാങ്കേതിക മേഖലയില്‍ സംസ്ഥാനത്ത് 2031-നകം പത്തു ലക്ഷം തൊഴില്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഐ.ടി വിപണിയുടെ 10 ശതമാനം കേരളത്തിന്റേതാകണമെന്നും ഇതിനായി ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകളുടെ എണ്ണം 120 ലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷന്‍ 2031 ന്റെ ഭാഗമായി ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ് സംഘടിപ്പിച്ച റീകോഡ് കേരള 2025 ഐ.ടി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
◾ കേരളത്തില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്നും ഇതിനായുള്ള വടംവലി പാടില്ലെന്നും നേതാക്കളോട് വ്യക്തമാക്കി ഹൈക്കമാന്‍ഡ്. കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വിജയസാധ്യത മാത്രം നോക്കിയാകുമെന്നും ഇക്കാര്യത്തില്‍ മാനദണ്ഡം എഐസിസി തയ്യാറാക്കുമെന്നും പറഞ്ഞ ഹൈക്കമാന്‍ഡ് കൂട്ടായ നേതൃത്വം എന്ന നിര്‍ദ്ദേശം കേരളത്തില്‍ നടപ്പാവുന്നില്ലെന്നും വിമര്‍ശിച്ചു. എഐസിസി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉടന്‍ തുടര്‍നടപടി ഉണ്ടാകുമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു തീര്‍ക്കണമെന്നും നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
◾ ശബരിമല സ്വര്‍ണക്കൊള്ള വിവാദം അന്തമില്ലാതെ തുടരുന്നുവെന്നും ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്ന നിലയിലേക്ക് ദേവസ്വം ബോര്‍ഡുകളുടെ ഭരണം മാറിയെന്നും വെള്ളാപ്പള്ളി നടേശന്‍. കാണിക്കവഞ്ചിയില്‍ കൈയ്യിട്ടുവാരാത്തവര്‍ ചുരുക്കമാണെന്നും മോന്തായം വളഞ്ഞാല്‍ കഴുക്കോലുകളുടെ കാര്യം പറയാനില്ലെന്ന പോലെയാണ് ദേവസ്വം ബോര്‍ഡുകളിലെ ജീവനക്കാരുടെ സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ഭരണരീതികള്‍ മാറ്റണമെന്നും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളും സര്‍ക്കാര്‍ പിരിച്ചുവിടണമെന്നും പ്രൊഫഷണല്‍ ഭരണമുള്ള ഒന്നോ രണ്ടോ ദേവസ്വം ബോര്‍ഡ് മതിയെന്നും അദ്ദേഹം പറഞ്ഞു.
◾ കോടിയേരി ബാലകൃഷ്ണനെ പോലെ പിണറായി വിജയനും നരകിച്ചേ മരിക്കൂവെന്ന യുവതിയുടെ പ്രസ്താവനക്കെതിരെ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ഈ പ്രസ്താവന നടത്തിയ അധീന എന്ന പെണ്‍കുട്ടിയുടെ ഉള്ളില്‍ എത്ര വലിയ വിഷമാണ് എന്ന് അതിശയിച്ചു പോയെന്നും ആര്യ പറഞ്ഞു. പിന്നീടാണ് അവര്‍ ആര്‍എസ്എസ് അല്ലെ അതിശയിക്കേണ്ടതില്ല എന്ന കാര്യം ഓര്‍മ്മ വന്നത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ നാടിന് മാതൃകയാകേണ്ടവരാണെന്നും ആര്യ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
◾ ഒയാസ് ബ്രൂവറിക്ക് കെട്ടിട നിര്‍മാണാവശ്യത്തിനുള്ള മുഴുവന്‍ വെള്ളവും നല്‍കാന്‍ സിപിഎം ഭരിക്കുന്ന പുതുശേരി പഞ്ചായത്ത്. വാളയാര്‍-കോരയാര്‍ പുഴകളില്‍ നിന്നും വെള്ളം എടുക്കാന്‍ പ്രതിപക്ഷ എതിര്‍പ്പിനിടെ ഭരണസമിതി യോഗത്തില്‍ അനുമതി നല്‍കി. കെട്ടിട നിര്‍മാണാവശ്യത്തിനുള്ള മുഴുവന്‍ വെള്ളവും നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഒയാസിസിന്റെ കത്ത്. വെള്ളക്കടലാസില്‍ നല്‍കിയ കത്ത് അജണ്ടയില്‍ വെക്കാതെ ഭരണ സമിതി പാസാക്കി. കൃഷിക്കും ശുദ്ധ ജലത്തിനും ഉപയോഗിച്ചു വരുന്ന പുഴവെള്ളമെടുക്കുന്നത് അനുവദിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
◾ കൊച്ചി പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തിലെ പെണ്‍കുട്ടിയെ പള്ളുരുത്തി ഡോണ്‍ പബ്ലിക് സ്‌കൂളില്‍ എട്ടാം ക്ലാസില്‍ ചേര്‍ത്തതായി പിതാവ് അറിയിച്ചു. തലയിലെ മുക്കാല്‍ മീറ്റര്‍ തുണി കണ്ടാല്‍ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ലെന്ന് ഉറപ്പുള്ള കലാലയത്തിലേക്ക് മകള്‍ എത്തിയെന്ന് രക്ഷിതാവ് ഫേസ്ബുക്കില്‍ കുറിച്ചു. പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിഷയത്തിലെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു.
◾ ഷാഫി പറമ്പില്‍ എംപിയുടെ ആരോപണത്തില്‍ നിയമനടപടിക്ക് അനുമതി തേടി വടകര കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡ്. ഉന്നത ഉദ്യോഗസ്ഥരോടാണ് അനുമതി തേടിയിരിക്കുന്നത്. പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പില്‍ എംപിയുടെ ആരോപണത്തിലാണ് നിയമനടപടിക്ക് മുതിരുന്നത്. എം പി അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നാണ് അഭിലാഷിന്റെ ആരോപണം.
◾ അടിമാലിയില്‍ മണ്ണിടിച്ചിലില്‍ പരിക്കേറ്റ സന്ധ്യയുടെ അടിയന്തര ശസ്ത്രക്രിയ ഫലം കാണാത്തതിനെ തുടര്‍ന്ന് ഇടതുകാല്‍ മുറിച്ചുമാറ്റി. തകര്‍ന്ന വീട്ടില്‍ മണിക്കൂറുകളോളമാണ് സന്ധ്യ കുടുങ്ങിക്കിടന്നത്. മണ്ണിടിച്ചിലില്‍ സന്ധ്യയുടെ ഭര്‍ത്താവ് ബിജു മരിച്ചിരുന്നു. അടിമാലി കൂമ്പന്‍ പാറ ലക്ഷം വീട് ഉന്നതിയില്‍ ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. അതേസമയം സന്ധ്യയുടെ ചികിത്സാ ചെലവ് മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഏറ്റെടുക്കും. സന്ധ്യയുടെ സഹോദരന്‍ സന്ദീപിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.
◾ കോഴിക്കോട് കടലുണ്ടി റെയില്‍വേ ലെവല്‍ ക്രോസിലെ കിഴക്കുവശത്തെ ഓട്ടോമാറ്റിക് ഗേറ്റ് ഓപ്പണിംഗ് സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് ഇതുവഴി യാത്ര ചെയ്യാനിരുന്ന നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി. മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. ഇരുഭാഗത്തും കുടുങ്ങിയ യാത്രക്കാര്‍ പിന്നീട് കിലോമീറ്ററുകളോളം ചുറ്റിത്തിരിഞ്ഞാണ് യാത്ര തുടര്‍ന്നത്.
◾ തിരുവനന്തപുരത്ത് കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് വിരലുകള്‍ നഷ്ടമായ യുവതിയെ വലച്ച് വീണ്ടും മെഡിക്കല്‍ റിപ്പോര്‍ട്ട്. ആശുപത്രിയെ സംരക്ഷിച്ചുകൊണ്ടുള്ള സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. രേഖകളില്‍ കൃത്യമായ ചികിത്സ നല്‍കിയിട്ടുണ്ടെന്നാണ് ബോര്‍ഡിന്റെ അവകാശവാദം. കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന കോസ്മെറ്റിക് ആശുപത്രിക്കെതിരെയായിരുന്നു പരാതി.
◾ 140 കിലോമീറ്റര്‍ താഴെ പെര്‍മിറ്റുള്ള സ്വകാര്യ ബസുകള്‍ ലിമിറ്റഡ് സ്റ്റോപ്പായി ഓടാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ സ്വകാര്യ ബസുടമകള്‍ സുപ്രീം കോടതിയില്‍. സര്‍ക്കാരിന്റെ അപ്പീല്‍ തള്ളണമെന്ന് ബസ് ഉടമകള്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. കേരള സര്‍ക്കാര്‍ നടപ്പാക്കിയത് ഏകപക്ഷീയമായ തീരുമാനമാണെന്നും നിയമവിരുദ്ധ കുത്തകവല്‍ക്കരണത്തിനാണ് ശ്രമമെന്നും ആരോപിച്ചു.
◾ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം രോഗി മരിച്ചെന്ന് പരാതി. ഗര്‍ഭാശയ സംബന്ധമായ പരിശോധനയ്ക്ക് എത്തിയ കോതനല്ലൂര്‍ സ്വദേശി ശാലിനി അംബുജാക്ഷനാണ് മരിച്ചത്. ആശുപത്രിയുടെ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പരിശോധനയ്ക്കിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഔദ്യോഗിക വിശദീകരണം.
◾ പാലക്കാട് പല്ലഞ്ചാത്തന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ (60)കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്ദിര സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആക്രമണത്തിന് പിന്നില്‍ കുടുംബ പ്രശ്നമെന്നാണ് പൊലീസിന്റെ നിഗമനം.
◾ ഡിഎംകെയെ കുരുക്കിലാക്കി വീണ്ടും ജോലിക്ക് കോഴ ആരോപണം. തമിഴ്നാട് മുനിസിപ്പല്‍ ഭരണവകുപ്പില്‍ ജോലിക്ക് കോഴ എന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. 25 ലക്ഷം മുതല്‍ 35 ലക്ഷം വരെ രൂപ വാങ്ങി നിയമനം നടത്തിയെന്നാണ് ഇഡി കണ്ടെത്തല്‍. മുഖ്യമന്ത്രി സ്റ്റാലിനാണ് നിയമന ഉത്തരവ് നല്‍കിയിരിക്കുന്നത്. പ്രവേശന പരീക്ഷയില്‍ വ്യാപക ക്രമക്കെടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. വിഷയത്തില്‍ കേസെടുക്കാന്‍ ഡിജിപിക്ക് ഇഡി കത്ത് നല്‍കിയിരിക്കുകയാണ്.
◾ മോന്താ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച് ആന്ധ്ര തീരം തൊട്ടു. ആയിരക്കണക്കിന് ആളുകളെ മുന്‍കൂട്ടി ഒഴിപ്പിച്ചതിനാല്‍ കനത്ത ആള്‍നാശമില്ല. ഇതുവരെ ആറു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മച്ചിലിപട്ടണത്തിനും കാക്കിനാട ഗ്രാമത്തിനും ഇടയില്‍ ഇന്നലെ അര്‍ധരാത്രിയോടെ ആണ് കാറ്റ് തീരം തൊട്ടത്. 43,000 ഹെക്ടറിലധികം കൃഷി നശിച്ചു. വൈദ്യുതി മേഖലയില്‍ ഏകദേശം 2,200 കോടി രൂപയുടെ നഷ്ടം സംഭവിച്ചു.
◾ മുന്‍ അഗ്നിവീറുകള്‍ക്ക് സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കി. സായുധ സേനകളില്‍ സേവനം പൂര്‍ത്തിയാക്കിയ അഗ്നിവീറുകള്‍ക്ക് , ഈ കാലയളവില്‍ ലഭിച്ച പരിശീലനവും പരിചയ സമ്പത്തും അവര്‍ക്ക് ഭാവി ജീവിതത്തിലും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനുള്ള അടിസ്ഥാനമാണെന്ന് കണ്ടാണ് കേന്ദ്ര നിര്‍ദേശം.
◾ നിതീഷിനെയും ലാലുവിനെയും ബിഹാര്‍ ജനത വെറുത്തുവെന്നും ജന്‍സുരാജ് സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന് ബിഹാര്‍ ജനത ആഗ്രഹിക്കുന്നുവെന്നും ജന്‍സുരാജ് പാര്‍ട്ടി ഇരുമുന്നണികള്‍ക്കും ഭീഷണിയെന്നും ജന്‍സുരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍. കിട്ടാവുന്ന വോട്ടുകള്‍ പരമാവധി നേടുമെന്നും ജന്‍സുരാജ് വോട്ട്കട്ടര്‍ പാര്‍ട്ടിയാണെന്നും പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാട്ടി.
◾ ദില്ലിയില്‍ വായുമലിനീകരണം കുറയ്ക്കാന്‍ ഇന്നലെ ക്ലൗഡ് സീഡിങ് നടത്തിയെങ്കിലും കൃത്രിമ മഴ പെയ്തില്ല. ഈര്‍പ്പം കുറവായിരുന്നതിനാലാണ് ഇതെന്നാണ് പരിസ്ഥിതി മന്ത്രി മന്‍ജിന്ദര്‍ സിങ് സിര്‍സ നല്‍കിയ വിശദീകരണം. ദില്ലിയില്‍ ഇന്ന് വീണ്ടും ക്ലൗഡ് സീഡിങ് നടത്തും. കൂടാതെ ദില്ലിയിലെ കൂടുതല്‍ കെട്ടിടങ്ങളില്‍ ആന്റി സ്മോഗ് ഗണ്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
◾ റഫാല്‍ യുദ്ധവിമാനത്തില്‍ പറന്ന് ഇന്ത്യയുടെ സര്‍വ്വ സൈന്യാധിപയായ രാഷ്ട്രപതി ദ്രൗപദി മുര്‍മു. അംബാല വ്യോമത്താവളത്തില്‍ നിന്ന് റഫാലില്‍ പറന്ന രാഷ്ട്രപതിയെ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എപി സിങ്ങും അനുഗമിച്ചു. അരമണിക്കൂറോളം റഫാല്‍ വിമാനത്തില്‍ രാഷ്ട്രപതി പറന്നു.
◾ തെക്കന്‍ കാലിഫോര്‍ണിയയില്‍ മൂന്ന് പേരുടെ മരണത്തിനിടയായ വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റാരോപിതനായ ഇന്ത്യന്‍ ട്രക്ക് ഡ്രൈവര്‍ ജഷന്‍പ്രീത് സിംഗിനെ തലപ്പാവില്ലാതെ യുഎസ് കോടതിയില്‍ ഹാജരാക്കി. ചിത്രം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയില്‍ സിഖ് സമൂഹം കടുത്ത പ്രതിഷേധത്തിലാണ്. പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങളിലായാണ് പ്രതിഷേധം ശക്തമാകുന്നത്.
◾ പാക്കിസ്ഥാനില്‍ സംഭവിക്കുന്ന അശാന്തിക്ക് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണവുമായി പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അഫ്ഗാനിസ്ഥാനുമായുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ഇന്ത്യക്കെതിരെ ആരോപണവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തിയത്. അഫ്ഗാനിസ്ഥാന്‍ ഇനി തങ്ങളെ ആക്രമിച്ചാല്‍ '50 മടങ്ങ് ശക്തിയില്‍' തിരിച്ചടിക്കുമെന്നും അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാനിലേക്ക് ഇനി നോക്കിയാല്‍ അവരുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കുമെന്നും ഖ്വാജ ആസിഫ് പ്രതികരിച്ചു.
◾ ബംഗ്ലാദേശില്‍ ഹിന്ദു സംഘടനയായ ഇസ്‌കോണിന്റെ പ്രവര്‍ത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. ധാക്ക, ചിറ്റഗോങ് നഗരങ്ങളിലാണ് ഇസ്ലാമിക സംഘടനകള്‍ പ്രതിഷേധം നടത്തിയത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം ഹെഫാസത്ത്-ഇ-ഇസ്ലാം, ഇന്‍തിഫാദ ബംഗ്ലാദേശ് തുടങ്ങിയ തീവ്ര സംഘടനകള്‍ ഇസ്‌കോണ്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി.
◾ ഹമാസ് സമാധാനക്കരാര്‍ ലംഘിച്ചെന്ന് ആരോപിച്ച് ഗാസയില്‍ കനത്ത തിരിച്ചടി നല്‍കാനുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിര്‍ദേശത്തിന് തൊട്ടുപിന്നാലെ ആരംഭിച്ച ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. അമേരിക്കയെ അറിയിച്ച ശേഷമാണ് ആക്രമണം തുടങ്ങിയതെന്ന് സൈനിക വക്താവ് അറിയിച്ചു. ഹമാസ് ഇസ്രയേല്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് ശക്തമായ തിരിച്ചടിക്ക് പ്രധാനമന്ത്രി നെതന്യാഹു നിര്‍ദേശം നല്‍കിയത്.
◾ കാറ്റഗറി 5 കൊടുങ്കാറ്റായ മെലിസ ജമൈക്കയില്‍ കനത്ത നാശനഷ്ടം വിതച്ചു. വിനാശകരമായ കാറ്റും, പേമാരിയും, കൊടുങ്കാറ്റുമുണ്ടായി. വീടുകളും സ്‌കൂളുകളും ആശുപത്രി കെട്ടിടങ്ങളും തകര്‍ന്നുവീണു. തെരുവുകള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി. നാശത്തിന്റെ തോത് ഗണ്യമാണെന്ന് പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്‍നെസ് പറഞ്ഞു. ഇതുവരെ ലഭിച്ച റിപ്പോര്‍ട്ടുകളില്‍ ആശുപത്രികള്‍ക്കും, പാര്‍പ്പിട ഭവനങ്ങള്‍ക്കും, വാണിജ്യ സ്വത്തുക്കള്‍ക്കും കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ ബ്രസീലിയന്‍ നഗരമായ റിയോ ഡി ജനീറോയില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ വന്‍ പൊലീസ് റെയ്ഡില്‍ കുറഞ്ഞത് 64 പേര്‍ മരിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരിച്ചവരില്‍ നാല് ബ്രസീലിയന്‍ പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. റെയ്ഡില്‍ പൊലീസ് വലിയ അളവില്‍ മയക്കുമരുന്ന് പിടിച്ചെടുത്തതായി റിയോ ഡി ജനീറോ സംസ്ഥാന ഗവര്‍ണര്‍ ക്ലോഡിയോ കാസ്ട്രോ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
◾ ബ്രസീലിനെതിരെ ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫ് വെട്ടി യുഎസ് സെനറ്റ്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള സഭയില്‍, 48 നെതിരെ 52 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് പുതിയ നിയമം പാസായത്. ഭരണ അട്ടിമറി ശ്രമത്തിന്റെ പേരില്‍ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയ്ര് ബൊള്‍സനാരോയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ബ്രസീല്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ കുപിതനായാണ് ട്രംപ്, ബ്രസീലിന് മേല്‍ അധിക തീരുവ പ്രഖ്യാപിച്ചത്.
◾ യുഎസും ഇന്ത്യയും തമ്മില്‍ വ്യാപാര കരാറില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദക്ഷിണ കൊറിയ സന്ദര്‍ശനത്തിനിടെയാണ് ട്രംപ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള കരാര്‍ ഒപ്പിടുന്ന സമയത്തിന്റെ കാര്യം മാത്രമാണ് തീരുമാനമാകാനുള്ളതെന്നും ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞങ്ങള്‍ക്ക് വലിയ ബഹുമാനവും സ്നേഹവുമുണ്ടെന്നും ഞങ്ങള്‍ക്കിടയില്‍ മികച്ച ബന്ധമാണുള്ളതെന്നും പ്രധാനമന്ത്രി മോദി ഏറ്റവും സുന്ദരനായ വ്യക്തിയാണെന്നും അതുപോലെ തന്നെ അദ്ദേഹം കുറച്ച് കടുപ്പക്കാരനാണെന്നും ട്രംപ് പറഞ്ഞു.
◾ കേരളത്തില്‍ വലിയ വിപണി സാന്നിധ്യമുള്ള തമിഴ്‌നാട് ആസ്ഥാനമായ മില്‍ക്കി മിസ്റ്റ് ഡയറി ഫുഡ്‌സ് അടക്കം അഞ്ച് കമ്പനികളുടെ പ്രാഥമിക ഓഹരി വില്പനയ്ക്ക് സെബിയുടെ അംഗീകാരം. അതേസമയം, വേദാന്ത ഗ്രൂപ്പിന് കൂടി നിക്ഷേപമുള്ള സ്റ്റെര്‍ലൈറ്റ് ഇലക്ട്രിക്കിന്റെ ഐപിഒ അപേക്ഷയില്‍ തീരുമാനമെടുക്കുന്നത് സെബി നീട്ടിവച്ചിട്ടുണ്ട്. വേദാന്ത ലിമിറ്റഡിന് ഈ കമ്പനിയില്‍ 1.51 ശതമാനം ഓഹരിപങ്കാളിത്തം മാത്രമാണുള്ളത്. ക്ലൗഡ് കിച്ചണ്‍ സേവനങ്ങള്‍ ഒരുക്കുന്ന ക്യൂര്‍ഫുഡ്‌സ് ഇന്ത്യ, സ്റ്റീംഹൗസ് ഇന്ത്യ, ഗജ അല്‍ട്ടര്‍നേറ്റീവ് അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്, കനോഡിയ സിമന്റ് എന്നീ കമ്പനികള്‍ക്കാണ് മില്‍ക്കി മിസ്റ്റിനെ കൂടാതെ അനുമതി ലഭിച്ചത്. മേയ് മുതല്‍ ജൂലൈ വരെയുള്ള സമയത്ത് ഐപിഒയ്ക്കായി അപേക്ഷിച്ച കമ്പനികള്‍ക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. തമിഴ്‌നാട് ആസ്ഥാനമായ മില്‍ക്കി മിസ്റ്റ് 2,035 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ക്യൂര്‍ഫുഡ്‌സ് ഇന്ത്യ ഐപിഒ വഴി 800 കോടി രൂപയാകും സമാഹരിക്കുക. കനോഡിയ സിമന്റ്‌സ് ഓഫര്‍ ഫോര്‍ സെയിലിലൂടെ 1.49 കോടി ഓഹരികള്‍ വില്ക്കാനാണ് പദ്ധതി. സ്റ്റീംഹൗസ് ഇന്ത്യയുടെ ഐപിഒ സൈസ് 500-700 കോടി രൂപയ്ക്ക് ഇടയിലാകുമെന്നാണ് വിവരം. ഗജ അല്‍ട്ടര്‍നേറ്റീവ് അസറ്റ് മാനേജ്‌മെന്റിന്റെ ഐപിഒ 500-600 കോടി രൂപയ്ക്ക് ഇടയിലാണ്.
◾ ഫോണ്‍ വിളിക്കുന്നയാളുടെ പേര് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണമെന്ന പരിഷ്‌കാരം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം മൊബൈല്‍ സേവനദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്കി. ഏതെങ്കിലുമൊരു സര്‍ക്കിളില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ പരീക്ഷണം ആരംഭിക്കണമെന്നാണ് ഉത്തരവ്. അധികം വൈകാതെ ദേശീയ തലത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതുവരെ ഫോണില്‍ സേവ് ചെയ്ത പേരാണ് സ്‌ക്രീനില്‍ തെളിഞ്ഞു വരുന്നത്. അല്ലെങ്കില്‍ ട്രൂകോളര്‍ പോലെ തേര്‍ഡ് പാര്‍ട്ടി ആപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍. ഇതിന് 100 ശതമാനം ആധികാരികതയില്ല. പുതിയ പരിഷ്‌കാരം വരുന്നതോടെ ആരുടെ പേരില്‍ എടുത്ത നമ്പറാണെന്ന് കൃത്യമായി മനസിലാക്കാന്‍ സാധിക്കും. മൊബൈല്‍ വഴിയുള്ള തട്ടിപ്പ് ഒരുപരിധി വരെ കുറയ്ക്കാന്‍ പുതിയ പരിഷ്‌കാരത്തിലൂടെ സാധിക്കുമെന്നാണ് ടെലികോം മന്ത്രാലയത്തിന്റെ പ്രതീക്ഷ. കോളിംഗ് നെയിം പ്രസന്റേഷന്‍ എന്നു പേരിട്ടിരിക്കുന്ന പരിഷ്‌കാരത്തിനായി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തി വരികയായിരുന്നു. രാജ്യത്തെ 4ജി നെറ്റ് വര്‍ക്കുകളിലാകും തുടക്കത്തില്‍ ഈ സൗകര്യം ഉണ്ടാകുക. ആദ്യഘട്ടത്തില്‍ 2ജി ഫോണ്‍ ഉപയോഗിക്കുന്നവരെ ഒഴിവാക്കിയിട്ടുണ്ട്.
◾ ദൈവ ചിന്തയുടെ ഉത്ഭവവും ശാസ്ത്രാന്വേഷണത്തിന്റെ ആലോചനയും ഇട കലര്‍ത്തി മലയാളത്തില്‍ നന്ദകുമാര്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രമായ'കമോണ്‍ഡ്രാ ഏലിയന്‍' ഒക്ടോബര്‍ 31-ന് പ്രദര്‍ശനത്തിനെത്തുന്നു. നന്ദകുമാര്‍ ഫിലിംസിന്റെ ബാനറില്‍ ക്രൗഡ് ഫണ്ട് മുഖേന പണം സ്വരൂപിച്ചാണ് ഷൂട്ടിംങ് പൂര്‍ത്തിയാക്കി ചിത്രം പ്രേക്ഷകരുടെ മുന്നിലേത്തിക്കുന്നത്. ഒട്ടേറെ സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ച ചേര്‍ത്തലക്കാരനായ നാടക നടനാണ് നന്ദകുമാര്‍. അജിത്ത് ജഗന്നാഥ കലാപീഠം അവതരിപ്പിക്കുന്ന കാളി തെയ്യത്തില്‍ നിന്നും തുടങ്ങുന്ന കഥ പിന്നീട് അമേരിക്ക അടക്കം നിരവധി രാജ്യങ്ങള്‍ സഞ്ചരിച്ച് പറയുന്ന ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയാണ് ' കമോണ്‍ഡ്രാ ഏലിയന്‍'. എഡിറ്റിംഗ്, ഛായാഗ്രഹണം-സനു സിദ്ദിഖ്, പശ്ചാത്തല സംഗീതം -ജെറിന്‍ തോമസ്.
◾ ധനുഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് നായകനായി എത്തിയ ചിത്രമാണ് 'ഇഡ്ലി കടൈ'. 100 കോടി ബജറ്റില്‍ ഒരുങ്ങിയെന്ന് കരുതപ്പെടുന്ന ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ പ്രമുഖ ട്രാക്കര്‍ ആയ സാക്നില്‍കിന്റെ കണക്ക് പ്രകാരം 71.73 കോടി ആയിരുന്നു. ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയിലും എത്തി. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തെത്തിയിരിക്കുകയാണ്. മൈ ഹേര്‍ട്ട്ലു സ്പിന്നിംഗ് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഫാല്‍ക്കണ്‍ ആണ്. ജി വി പ്രകാശ് കുമാറിന്റേതാണ് സംഗീതം. എ ആര്‍ അമീനും സുബ്ലാഷിണിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. നിത്യ മേനന്‍ ആണ് ചിത്രത്തിലെ നായിക. തിരുച്ചിദ്രമ്പലം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനന്‍ കോമ്പോ ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
◾ തമിഴ് ബോക്സ് ഓഫീസിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'ടൂറിസ്റ്റ് ഫാമിലി'യുടെ സംവിധായകന് ആഡംബര വാഹനം സമ്മാനിച്ച് നിര്‍മാതാവ് മഗേഷ് രാജ്. ബിഎംഡബ്ല്യു എക്സ് 1 ആണ് അഭിഷന്‍ ജീവന്തിന് ലഭിച്ചിരിക്കുന്നത്. സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ അഭിഷന്റെ വിവാഹമാണ് ഒക്ടോബര്‍ 31 ന്. വിവാഹ സമ്മാനം കൂടിയായാണ് നിര്‍മാതാവ് മഗേഷ് രാജ് പുത്തന്‍ കാര്‍ നല്‍കിയിരിക്കുന്നത്. ചെറിയ ബജറ്റില്‍ നിര്‍മിച്ച ടൂറിസ്റ്റ് ഹാമിലി ബോക്സ്ഓഫീസില്‍ കോടികളാണ് കൊയ്തത്. മുന്‍ പരിചയമില്ലാതെ സംവിധാന കുപ്പായമണിഞ്ഞ അഭിഷന്റെ ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റായി മാറി. സിനിമയില്‍ സംവിധാനം മാത്രമല്ല പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതും അഭിഷന്‍ തന്നെയാണ്. ഏകദേശം 65 ലക്ഷം രൂപയാണ് ബി എം ഡബ്ല്യു എക്സ് 1 നു വില വരുന്നത്. 1.5 ലീറ്റര്‍ 3 സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിന്‍ 136 ബി എച്ച് പി പവറും 230 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും. 2.0 ലീറ്റര്‍ 4 സിലിന്‍ഡര്‍ ഡീസല്‍ എന്‍ജിനു 150 ബി എച്ച് പി പവറും 360 എന്‍ എം ടോര്‍ക്കും നല്‍കാന്‍ ശേഷിയുണ്ട്. പെട്രോള്‍ എന്‍ജിനില്‍ 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടമാറ്റിക് ഗിയര്‍ ബോക്സ് വരുമ്പോള്‍ ഡീസല്‍ എന്‍ജിനില്‍ 7 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ്.
◾ ജീവിതയാത്രയില്‍ കണ്ടുമുട്ടിയ വ്യക്തികളെയും എത്തിച്ചേര്‍ന്ന ഇടങ്ങളെയും ഓര്‍മ്മകളില്‍ അടുക്കിവയ്ക്കുകയാണ് ഛായാഗ്രാഹകന്‍, സംവിധായകന്‍, യാത്രികന്‍ എന്നിങ്ങനെ സുപരിചിതനായ വേണു. സത്യജിത് റേ, ജോണ്‍ എബ്രഹാം, ബോബ് ഡിലന്‍, എം ടി വാസുദേവന്‍ നായര്‍, കെ ജി ജോര്‍ജ്, കെ കെ മഹാജന്‍, സുബ്രതോ മിത്ര, ഭരത് ഗോപി തുടങ്ങി അനേകര്‍ നമ്മളിതുവരെ കാണാത്ത പ്രഭാവത്തോടെ ഈ പുസ്തകത്തില്‍ നിറയുന്നു. ഓരോ അനുഭവങ്ങളും ഹൃദയംതൊടുന്ന ഭാഷയിലാണ് വേണു എഴുതിയിരിക്കുന്നത്. 'ചിലര്‍ ചിലപ്പോള്‍'. വേണു. ഡിസി ബുക്സ്. വില 198 രൂപ.
◾ തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം ഏതെങ്കിലും കാരണത്താല്‍ തടസ്സപ്പെടുമ്പോഴാണ് സ്‌ട്രോക്ക് സംഭവിക്കുന്നത്. തുടര്‍ന്ന് മസ്തിഷ്‌ക കോശങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാകാതെ വരുകയും അവ നശിച്ചുപോകാന്‍ തുടങ്ങുകയും ചെയ്യുന്നു. ഏതു ഭാഗത്തെ കോശങ്ങളാണോ നശിക്കുന്നത് ആ ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതെ വരികയും, ഓര്‍മ, കാഴ്ച, കേള്‍വി, പേശീ നിയന്ത്രണം തുടങ്ങിയ കഴിവുകള്‍ക്ക് തടസം നേരിടുകയും ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍, പുകവലി ശീലം, അമിത മദ്യപാനം, അമിതവണ്ണം, ശാരീരിക നിഷ്‌ക്രിയത്വം, മോശം ഭക്ഷണക്രമം, പ്രായം, ജനിതക ഘടകങ്ങള്‍ എന്നിവ സ്ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്. എന്നാല്‍ ഗര്‍ഭകാല സങ്കീര്‍ണതകള്‍, ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ഉപയോഗം, ആര്‍ത്തവവിരാമ സമയത്ത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ തുടങ്ങിയ ചില സവിശേഷ അപകടസാധ്യതകള്‍ സ്ത്രീകള്‍ക്കുണ്ടാകാം. തലച്ചോറിലെ അന്യൂറിസം മൂലമുണ്ടാകുന്ന സബ്അരാക്നോയിഡ് ഹെമറേജ് എന്ന പ്രത്യേക തരം സ്ട്രോക്ക് സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. മുഖം താഴേക്ക് കോടിപ്പോവുക, കൈകളുടെ ബലം കുറയാനും സംസാരിക്കാന്‍ ബുദ്ധിമുട്ടും നേരിടാം. പെട്ടെന്നുള്ള തലകറക്കം, തീവ്രമായ തലവേദന, പെട്ടെന്നുള്ള കാഴ്ചക്കുറവ് അല്ലെങ്കില്‍ നടക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് മറ്റ് മുന്നറിയിപ്പ് ലക്ഷണങ്ങള്‍. വ്യായാമം, മതിയായ ഉറക്കം, രക്തസമ്മര്‍ദം നിയന്ത്രിക്കല്‍, പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കല്‍, ആരോഗ്യകരമായ ഭക്ഷണശീലം, പുകവലി ഉപേക്ഷിക്കല്‍, ആരോഗ്യകരമായ ഭാരം നിയന്ത്രിക്കല്‍, പതിവ് ആരോഗ്യ പരിശോധനകള്‍ എന്നിവയിലൂടെ ഏകദേശം 80 ശതമാനത്തളം സ്ട്രോക്ക് സാധ്യതയും കുറയ്ക്കാവുന്നതാണെന്നും വിദഗ്ധര്‍ പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.22, പൗണ്ട് - 116.71, യൂറോ - 102.62, സ്വിസ് ഫ്രാങ്ക് - 110.91, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 58.33, ബഹറിന്‍ ദിനാര്‍ - 234.04, കുവൈത്ത് ദിനാര്‍ -287.65, ഒമാനി റിയാല്‍ - 229.44, സൗദി റിയാല്‍ - 23.52, യു.എ.ഇ ദിര്‍ഹം - 24.03, ഖത്തര്‍ റിയാല്‍ - 24.18, കനേഡിയന്‍ ഡോളര്‍ - 63.33.
➖➖➖➖➖➖➖➖
Tags:
KERALA