2025 | ഒക്ടോബർ 27 | തിങ്കൾ
1201 | തുലാം 10 | മൂലം
◾ കേരള തീരത്ത് മണിക്കൂറില്‍ 74 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത. സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആളപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
◾ പിഎം ശ്രീ വിവാദത്തില്‍ സമയവായ നീക്കം. ചര്‍ച്ചകള്‍ തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ആലപ്പുഴയില്‍ വെച്ച് ചര്‍ച്ച നടത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ നേതാക്കളമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ചര്‍ച്ച നടക്കുമെന്ന് ബിനോയ് വിശ്വം അറിയിച്ചത്. ഇന്ന് വൈകീട്ടാണ് മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തുക.
◾ പിഎം ശ്രീ വിവാദത്തില്‍ വിട്ടുവീഴ്ചയില്ലാതെ പോകുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. വിവാദത്തില്‍ സിപിഐ നിലപാടിനെ കുറിച്ച് ചോദിച്ചപ്പോള്‍ പറയേണ്ടതൊക്കെ പറയും എന്നായിരുന്നു മന്ത്രി കെ.രാജന്റെ പ്രതികരണം. നിലപാടുകളുള്ള പാര്‍ട്ടിയാണ് സിപിഐയെന്നും പാര്‍ട്ടിക്ക് പറയാനുള്ളതെല്ലാം പാര്‍ട്ടി സെക്രട്ടറി പറയുമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എടുക്കുന്ന തീരുമാനത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും ഒരു കാര്യങ്ങളിലും വിട്ടുവീഴ്ച ഇല്ലാത്ത വിധം മുന്നോട്ട് പോകുമെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.
◾ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സിപിഐയെ ഉറക്കി കിടത്തിയിരിക്കുകയാണെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എംപി. പിണറായി മോദി, മകള്‍, മണി അങ്ങനെയാണ് മുഖ്യമന്ത്രി ഇനി അറിയപ്പെടാന്‍ പോകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ മഹിള കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഉയര്‍ത്തും എന്നും അവര്‍ പറഞ്ഞു.
◾ മുട്ടില്‍ മരം മുറി കേസില്‍ അന്വേഷണം ദുര്‍ബലമെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് മാത്യു. ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലുകളാണ് കേസ് ദുര്‍ബലമാക്കുന്നത്. അന്വേഷിക്കുവിന്‍, എന്നാല്‍ കണ്ടെത്തരുത് എന്ന രീതിയിലാണ് അന്വേഷണം. കേസ് സംബന്ധിച്ച പരസ്യ വിമര്‍ശനത്തിന് പിന്നാലെയാണ് തന്നെ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതെന്നും കേസ് സിബിഐക്ക് വിടണമെന്നും ജോസഫ് മാത്യു ആവശ്യപ്പെട്ടു.
◾ തോട്ടപ്പള്ളി നാലുചിറ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. എച്ച് സലാം എംഎല്‍എ ജി സുധാകരന്റെ വീട്ടിലെത്തിയാണ് ചടങ്ങിന് ക്ഷണിച്ചത്. തോട്ടപ്പള്ളി നാലുചിറ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്നുണ്ട്. ക്ഷണിക്കുന്നതിനായി എച്ച് സലാം വീട്ടിലെത്തിയപ്പോള്‍ ജി സുധാകരന്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ക്ഷണക്കത്തും നോട്ടീസും വീട്ടില്‍ ഏല്‍പ്പിച്ച് മടങ്ങുകയായിരുന്നു.
◾ പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണത്തിന് ഇന്ന് സമാപനം. ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനാണ് ദീപശിഖ കൈമാറിയത്. 2019 വരെ വിഎസ് അച്യുതാനന്ദനാണ് ദീപശിഖ തെളിച്ച് കൈമാറിയിരുന്നത്. അതിനു ശേഷം ജി സുധാകരനാണ് ദീപശിഖ കൈമാറുന്നത്.
◾ നെടുമ്പാശ്ശേരി മുതല്‍ തൃശൂരിന്റെ ഉള്‍പ്രദേശങ്ങള്‍ കണക്റ്റ് ചെയ്ത് പാലക്കാട് വരെ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് സിസ്റ്റം വേണമെന്ന് കേന്ദ്രമന്ത്രിയും തൃശൂര്‍ എംപി കൂടിയായ സുരേഷ് ഗോപി. കേന്ദ്ര വൈദ്യുതി, ഭവന, നഗരകാര്യ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുമായി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ചുള്ള 2024 ഡിസംബര്‍ 22ന് പങ്കുവെച്ച ഒരു പോസ്റ്റും സുരേഷ് ഗോപി റീ ഷെയര്‍ ചെയ്തിട്ടുമുണ്ട്. കേരളത്തിന്റെ വികസന പദ്ധതികളെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നുവെന്നും പ്രത്യേകിച്ച് നെടുമ്പാശ്ശേരിയെ പാലക്കാട്ടു നിന്ന് തൃശൂരിന്റെ ഉള്‍വഴികളിലൂടെ ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ട റാപ്പിഡ് റെയില്‍ ഗതാഗത സംവിധാനത്തെ കുറിച്ച് ചര്‍ച്ച ചെയ്തുവെന്നുമാണ് ഈ പോസ്റ്റ്.
◾ കമ്യൂണിസം കൊണ്ട് തുലഞ്ഞു പോയ ജില്ലയാണ് ആലപ്പുഴയെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വിമര്‍ശനത്തിന് രൂക്ഷ ഭാഷയില്‍ മറുപടി നല്‍കി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. ആലപ്പുഴയുടെ കാറ്റ് ഏറ്റാല്‍ ചിത്തഭ്രമം കുറച്ച് ഭേദം ആയേക്കുമെന്ന് ശിവപ്രസാദ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കൊപ്പം പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ പാലക്കാട് ബിജെപി നഗരസഭ അധ്യക്ഷയോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. പരിപാടിയില്‍ പങ്കെടുത്തതെന്തിനെന്ന് പ്രമീള ശശിധരന്‍ വ്യക്തമാക്കണം. സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷനും അതൃപ്തി പ്രകടിപ്പിച്ചു. പ്രമീളയ്ക്കെതിരെ ശക്തമായ നടപടി വേണമെന്ന് സി കൃഷ്ണകുമാറും ജില്ലാ അധ്യക്ഷനും ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍.
◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ പ്രമീള ശശിധരന്‍. എംഎല്‍എ ഫണ്ട് വിനിയോഗിക്കുന്നതിനാലാണ് പങ്കെടുത്തതെന്നാണ് വിശദീകരണം. പാര്‍ട്ടി എന്തു നടപടിയെടുത്താലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് പ്രമീള ശശിധരന്‍ വ്യക്തമാക്കി. പ്രമീള ശശീധരനെ തള്ളി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെ നിലപാട് കടുപ്പിച്ച് കൃഷ്ണകുമാര്‍ പക്ഷം രംഗത്ത് വന്നിരുന്നു.
◾ പുതുപ്പള്ളി പഞ്ചായത്തിന്റെ വികസന സദസ് നടന്ന വേദിക്ക് മുന്നില്‍ ചാണ്ടി ഉമ്മന്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പരിപാടിയുടെ പോസ്റ്ററിലും പ്രചരണ സാമഗ്രികളിലും അനുവാദമില്ലാതെ പേരും ചിത്രവും ഉപയോഗിച്ചെന്നു ആരോപിച്ചായിരുന്നു പ്രതിഷേധം. നിര്‍മ്മാണം നിലച്ചു കിടക്കുന്ന മിനി സിവില്‍ സ്റ്റേഷന് ഉമ്മന്‍ചാണ്ടിയുടെ പേരിടുന്നതിരെയും ചാണ്ടി വിമര്‍ശനം ഉന്നയിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യാതെ സിവില്‍ സ്റ്റേഷന്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത് രാഷ്ട്രീയ പാപ്പരത്തം ആണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
◾ മെസിയുടെ പേരില്‍ കേരളത്തില്‍ നടന്നത് ദുരൂഹ ബിസിനസ് ഡീലാണെന്ന് ഹൈബി ഈഡന്‍ എംപി. സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം വേണമെന്നും കലൂര്‍ സ്റ്റേഡിയത്തില്‍ അവകാശവാദം ഉന്നയിക്കുന്ന സ്പോണ്‍സര്‍ ആന്റോ അഗസ്റ്റിന്റെ നിലപാടില്‍ സംശയമുണ്ടെന്നും കലൂര്‍ സ്റ്റേഡിയം നവീകരണത്തിന്റെ മറവില്‍ അനധികൃത മരംമുറി നടന്നെന്നും ഹൈബി ആരോപിച്ചു. കലൂര്‍ സ്റ്റേഡിയത്തില്‍ മെസി വരുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളെക്കുറിച്ചും തുടര്‍ നടപടികളെക്കുറിച്ചും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.
◾ അര്‍ജന്റീന ടീമിന്റെയും മെസിയുടെയും കേരള സന്ദര്‍ശവുമായി ബന്ധപ്പെട്ട തട്ടിപ്പ് മറയ്ക്കാന്‍ വേണ്ടി ഒരോ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും ചില ക്രിമിനലുകള്‍ മാധ്യമ മേഖലയില്‍ വന്നിട്ടുണ്ടെന്നും അതിനെ നേരിടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തന്നെക്കുറിച്ച് പറയുന്നതില്‍ ഒരു വസ്തുതയുമില്ലെന്നും ബിപിഎല്‍ കമ്പനി തന്നെ ഇതുസംബന്ധിച്ച് വ്യക്തമായ വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രി വിഎന്‍ വാസവന്‍ രാജിവെക്കണമെന്നും ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രകോപിതനായി കായിക മന്ത്രി വി.അബ്ദുറഹിമാന്‍. അര്‍ജന്റീന ഫുട്‌ബോള്‍ ടീം എത്തുന്നുവെന്ന് പറഞ്ഞ് ദുരൂഹ ഇടപാടുകള്‍ നടന്നുവെന്ന് ഹൈബി ഈഡന്‍ ആരോപിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണം ചോദിക്കാന്‍ ശ്രമിക്കവേയാണ് മന്ത്രി ചാനല്‍ മൈക്കുകള്‍ തട്ടിത്തെറിപ്പിച്ച് കുപിതനായത്. പിന്നാലെ സ്‌കൂളിലേക്ക് കയറിയ മന്ത്രിയോടൊപ്പമുണ്ടായിരുന്ന എ.സി മൊയ്തീനും മാധ്യമങ്ങളെ തടയാനെത്തി. ചാനല്‍ മൈക്കുകള്‍ പിടിച്ചുതാഴ്ത്തുകയും വൃത്തികേട് കാണിക്കരുതെന്നുമാണ് എ.സി മൊയ്തീന്‍ പറഞ്ഞത്. ഇതിന് പിന്നാലെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന സംഘം മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറുകയും ചെയ്തു.
◾ തൃശൂര്‍ കുട്ടനെല്ലൂരില്‍ പൊലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്പി ഉള്‍പ്പെടെ രണ്ടു പൊലീസുകാര്‍ക്ക് പരിക്ക്. ഡിവൈഎസ്പി ബൈജു പൗലോസിനും ജീപ്പ് ഓടിച്ചിരുന്ന പൊലീസ് ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പി ബൈജു പൗലോസ്. ഇന്ന് രാവിലെ 8.30ഓടെ കുട്ടനെല്ലൂരില്‍ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ രണ്ടുപേരെയും ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ ആശുപത്രി അധികൃതര്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ മറന്ന് വീട്ടിലെത്തിച്ച മൃതദേഹം തിരിച്ചുകൊണ്ടുപോയി പോസ്റ്റ്മോര്‍ട്ടം നടത്തി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് അസാധാരണമായ സംഭവം നടന്നത്. വിഷം കഴിച്ച് മരിച്ച പാലക്കാട് മുണ്ടൂര്‍ സ്വദേശി സദാശിവന്റെ മൃതദേഹമാണ് പോസ്റ്റ്മോര്‍ട്ടം നടത്താതെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. ജില്ലാ ആശുപത്രി ജീവനക്കാരുടെ വീഴ്ച്ചയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പാലക്കാട് ഡിഎംഒ അറിയിച്ചു.
◾ ഇടുക്കി അടിമാലി കൂമ്പന്‍പാറയിലെ മണ്ണിടിച്ചിലിന്റെ കാരണം കണ്ടെത്താനുള്ള പരിശോധനകള്‍ക്ക് ഇന്ന് തുടക്കം. ജിയോളജി, പൊതുമരാമത്ത്, റവന്യു ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്ത സംഘം സ്ഥലത്തെത്തും. 2 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കും. ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ ഉടന്‍ താല്‍ക്കാലികമായി പുനരധിവസിപ്പിക്കും.
◾ ഇടുക്കി അടിമാലിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്. കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍നടപടികള്‍ എന്ന് അടിമാലി പൊലീസ് അറിയിച്ചു. മണ്ണിടിച്ചിലില്‍ വീടിനുള്ളില്‍ കുടുങ്ങിയ നിലയിലാണ് ബിജുവിനെ കണ്ടെത്തിയത്.
◾ മലപ്പുറം താള്‍ക്കൊല്ലി ഉള്‍വനത്തിനുള്ളില്‍ ഒരു ദിവസം പഴക്കമുള്ള കാട്ടാനയുടെ ജഡം കണ്ടെത്തി. 15 വയസ് പിന്നിട്ട പിടിയാനയെയാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. താള്‍ക്കൊല്ലി കാരീരിയിലെ 1965 തേക്ക് പ്ലാന്റേഷനടുത്ത് ഞായറാഴ്ച രാവിലെ ഫീല്‍ഡ് പരിശോധനക്ക് പോയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ജഡം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം നടത്തിയെങ്കിലും ആന ചരിഞ്ഞത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.
◾ അര്‍ത്തുങ്കലില്‍ മത്സ്യബന്ധനത്തിനിടെ വള്ളത്തില്‍ നിന്ന് തെറിച്ച് കടലില്‍ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ചേര്‍ത്തല തെക്ക് തുമ്പോളിശ്ശേരി പോള്‍ ദേവസ്തി (55) ആണ് മരിച്ചത്. മീന്‍ പിടിക്കുന്നതിനിടെ വള്ളം ശക്തമായ തിരമാലകളില്‍ പെട്ടതിനെ തുടര്‍ന്ന് തെറിച്ചു കടലില്‍ വീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അര്‍ത്തുങ്കല്‍ ആയിരം തൈ കടപ്പുറത്ത് നിന്നാണ് ഇദ്ദേഹം മത്സ്യബന്ധനത്തിന് പോയത്.
◾ വര്‍ഷങ്ങളായി പിന്തുടരുന്ന ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, പൂജകള്‍ എന്നിവയില്‍ മാറ്റം വരുത്താന്‍ അധികാരമുണ്ടെന്ന് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍. ക്ഷേത്രത്തില്‍ നില നിന്നിരുന്ന നിരവധി ആചാരങ്ങളിലും, അനുഷ്ഠാനങ്ങളിലും മുന്‍ തന്ത്രി മാറ്റം വരുത്തിയിട്ടുണ്ടെന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി അരുണ്‍കുമാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
◾ മൈസൂരിലുണ്ടായ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ മാലൂര്‍ കുണ്ടേരിപ്പൊയില്‍ സ്വദേശി കൗസുവാണ് മരിച്ചത്. ടൂറിസ്റ്റ് ബസ് പിറകിലേക്ക് എടുത്തപ്പോള്‍ ഇടിക്കുകയായിരുന്നു. ബസിനും ഫുട്പാത്തിന് സമീപത്തെ ഭിത്തിക്കും ഇടയില്‍പെട്ടാണ് മരണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്.
◾ തെരുവുനായ വിഷയത്തില്‍ വിദേശരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ താഴ്ന്നുവെന്ന വിമര്‍ശനവുമായി സുപ്രീംകോടതി. തെരുവു നായ ആക്രമണം സംബന്ധിയായ നോട്ടീസിന് രണ്ട് സംസ്ഥാനങ്ങളും ദില്ലി മുനിസിപ്പല്‍ കോപ്പറേഷനും മാത്രമാണ് മറുപടി സമര്‍പ്പിച്ചതെന്നും രണ്ടുമാസം മുമ്പ് നല്‍കിയ നോട്ടീസിനാണ് മറുപടി തരാന്‍ വൈകുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു. അതേസമയം തെരുവുനായ പ്രശ്നങ്ങള്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സര്‍ക്കാരുകളുടെ നിസംഗതയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി പശ്ചിമ ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ ഒഴികെയുള്ളഎല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി. കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ ഹാജരാകണം.
◾ ദില്ലിയിലെ കേശവ് പുരത്ത് പൂജാരി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് പൊലീസിനെ വിളിച്ച് അറിയിച്ചു. പ്രതിയായ ഭര്‍ത്താവ് ദിനേശ് ശര്‍മ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സുഷമ ശര്‍മ്മയെ (40) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുറിയില്‍ ആത്മഹത്യ ചെയ്തതായി ദിനേശ് ശര്‍മ്മ പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘം മുറിയിലെ തറയില്‍ സുഷമയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
◾ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി ആള്‍ക്കൂട്ടം. നഗ്നനാക്കി ചെരിപ്പ് മാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചതിന് പിന്നാലെ തളര്‍ന്ന് വീണ യുവാവ് കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ ചക്രധര്‍പൂരിലാണ് സംഭവം. യുവാവിനെ കയ്യേറ്റം ചെയ്ത രണ്ട് സ്ത്രീകള്‍ അടക്കമുള്ളവരെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
◾ വീട് പണയപ്പെടുത്തിയും കൈവശമുണ്ടായിരുന്ന ഭൂമി വിറ്റും സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ 50 ഹരിയാന സ്വദേശികളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. 25നും 40 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറി എന്ന് കണ്ടെത്തിയതിന് പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചയക്കപ്പെട്ട സംഘത്തിലുള്ളത്. ഇവരുടെ പേര് വിവരങ്ങളോ മറ്റു വിശദാംശങ്ങളോ പുറത്തുവന്നിട്ടില്ല.
◾ മോന്ത ചുഴലിക്കാറ്റ് നാളെ രാവിലെയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും. ആന്ധ്രാപ്രദേശിലെ മച്ചിലിപ്പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയില്‍ ചുഴലിക്കാറ്റ് നാളെ രാവിലെ കര തൊടും. ചുഴലിക്കാറ്റ് കര തൊടുന്നതിന് മുന്നോടിയായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി. ശ്രീകാകുളം ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ആന്ധ്രയില്‍ 23 ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
◾ സ്‌കൂളില്‍ കൊണ്ടുവന്ന വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച സര്‍ക്കാര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആക്ടിങ് പ്രിന്‍സിപ്പലിനെതിരെ നടപടി. വിദ്യാര്‍ത്ഥിയുടെ സ്വകാര്യത ലംഘിച്ചു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു. ശനിയാഴ്ച പി എം ശ്രീ മഹാത്മാഗാന്ധി ഗവണ്‍മെന്റ് സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മൊബൈല്‍ ഫോണ്‍ സ്‌കൂളിലേക്ക് കൊണ്ടുവന്നത്.
◾ റോഡിലെ കുഴിയിലോ ആള്‍ത്തുളയിലോ വീണ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആറുലക്ഷം രൂപയും പരിക്കേല്‍ക്കുന്നവര്‍ക്ക് 50,000 മുതല്‍ രണ്ടരലക്ഷം രൂപവരെയും നഷ്ടപരിഹാരം നല്‍കാന്‍ മുംബൈ ഹൈക്കോടതി ഉത്തരവിട്ടു. ഈ നഷ്ടപരിഹാരം കരാറുകാരില്‍നിന്ന് ഈടാക്കിയ പിഴയില്‍നിന്നോ അല്ലെങ്കില്‍ അന്വേഷണത്തിനുശേഷം കുറ്റക്കാരായി കണ്ടെത്തുന്ന ഉദ്യോഗസ്ഥന്‍, എന്‍ജിനിയര്‍ എന്നിവരില്‍നിന്നോ ഈടാക്കാനും ഉത്തരവില്‍ പറഞ്ഞു.
◾ ജോലിക്കെത്താതെ രണ്ട് വര്‍ഷത്തിനുള്ളില്‍ ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യ 37.54 ലക്ഷം രൂപ 'ശമ്പളമായി' കൈപ്പറ്റിയ സംഭവം വിവാദമാകുന്നു. രാജസ്ഥാനിലാണ് സംഭവം. സര്‍ക്കാര്‍ ടെന്‍ഡര്‍ ലഭിക്കുന്നതിന് പകരമായിരണ്ട് സ്വകാര്യ കമ്പനികളുടെ വ്യാജ ജീവനക്കാരിയായി ലിസ്റ്റ് ചെയ്യപ്പെട്ടാണ് ഈ വന്‍ തുക ഉദ്യോഗസ്ഥന്റെ ഭാര്യ കൈപ്പറ്റിയത്. രാജസ്ഥാന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഒരു ഹര്‍ജിയിലൂടെയാണ് ഈ തട്ടിപ്പ് പുറത്തുവന്നത്. തുടര്‍ന്ന്പ്രാഥമിക അന്വേഷണം ആരംഭിച്ചു.
◾ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സൂര്യകാന്തിനെ നിലവിലെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി ശുപാര്‍ശ ചെയ്തു. നിലവില്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജസ്റ്റിസ് ആണ് സൂര്യകാന്ത്. ഈ വര്‍ഷം നവംബര്‍ 23ന് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ കാലാവധി അവസാനിക്കുന്നതോടെ പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേല്‍ക്കും.
◾ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് രൂപമാറ്റം വരുത്തിയ തന്റെയും മൂന്ന് സഹോദരിമാരുടെയും അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് 19കാരന്‍ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം.പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.
◾ ദക്ഷിണ ചൈനാക്കടലില്‍ അമേരിക്കന്‍ നാവികസേനയുടെ ഹെലികോപ്ടറും, യുദ്ധവിമാനവും തകര്‍ന്നുവീണു. തിങ്കളാഴ്ചയാണ് ഹെലികോപ്ടര്‍ അപകടം യുഎസ് നാവിക സേന സ്ഥിരീകരിച്ചത്. സുരക്ഷാ സംബന്ധിയായ ആശങ്കയുണ്ടാക്കുന്നതാണ് സംഭവമെന്നാണ് യുഎസ് നാവിക സേന വിശദമാക്കുന്നത്.
◾ വടക്കന്‍ ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ വംശജ എന്ന് കരുതപ്പെടുന്ന ഇരുപതുകാരി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട പ്രതി എന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതിയെ കണ്ടെത്താന്‍ പോലീസ് ജനങ്ങളുടെ സഹായം തേടി. വംശീയവിദ്വേഷത്തെ തുടര്‍ന്നുള്ള ലൈംഗിക പീഡനം എന്നാണ് സംഭവത്തെ വെസ്റ്റ് മിഡ്‌ലാന്‍ഡ് പോലീസ് വിശേഷിപ്പിക്കുന്നത്.
◾ ഏറെക്കാലത്തിന് ശേഷം ഐഎസ്‌ഐസ് ഭീകരവാദികള്‍ വീണ്ടും സംഘടിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. സിറിയയിലെ ഐഎസ് സെല്ലുകള്‍ പുനഃസംഘടിക്കുകയും ആക്രമണങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നതായി കുര്‍ദിഷ് ഭീകരവിരുദ്ധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
◾ ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് പാകിസ്താന്‍ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സയ്ക്ക് സമ്മാനിച്ച 'ആര്‍ട്ട് ഓഫ് ട്രയംഫ്' എന്ന കലാസൃഷ്ടി ഒരു സാധാരണ നയതന്ത്ര സമ്മാനമായി കാണാനാവില്ലെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഭൂപടമുള്ള കലസൃഷ്ടിയാണ് യൂനുസ് പാക് സൈനികോദ്യോഗസ്ഥന് നല്‍കിയത്.
◾ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025-ല്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങളെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഇരയെ പഴിക്കുന്ന പരാമര്‍ശം നടത്തി മധ്യപ്രദേശ് മന്ത്രി. മന്ത്രിയുടെ പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
◾ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം മത്സരത്തിനിടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്ക് ഗുരുതരം. സിഡ്‌നിയിലെ ആശുപത്രിയിലുള്ള താരത്തെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. രക്തസ്രാവം മൂലമുള്ള അണുബാധ പടരുന്നത് തടയേണ്ടതുള്ളതിനാല്‍, രോഗം ഭേദമാകുന്നതിനനുസരിച്ച് ഏഴു ദിവസം വരെ അദ്ദേഹം നിരീക്ഷണത്തില്‍ തുടരേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകള്‍.
◾ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. കഴിഞ്ഞ ദിവസം ആയിരത്തോളം രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് അതേപോലെ തിരിച്ചിറങ്ങി. നിലവില്‍ 92,000ല്‍ താഴെയാണ് സ്വര്‍ണവില. ഇന്ന് പവന് 840 രൂപയാണ് കുറഞ്ഞത്. 91,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 105 രൂപയാണ് കുറഞ്ഞത്. 11,410 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 18 കാരറ്റിന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 9,385 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 7,305 രൂപയും ഒമ്പത് കാരറ്റിന് 4,720 രൂപയുമാണ് വില. കേരളത്തില്‍ വെള്ളി വിലയില്‍ ഗ്രാമിന് 5 രൂപ കുറഞ്ഞ് 160 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ശനിയാഴ്ച പവന് ഒറ്റയടിക്ക് 920 രൂപയാണ് വര്‍ധിച്ചത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില. 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോഡ്.
◾ ആപ്പില്‍നിന്ന് പുറത്തുകടക്കാതെ തന്നെ വീഡിയോകളും ഫോട്ടോകളും സ്റ്റോറിയിലൂടെ എഡിറ്റ് ചെയ്യാനുള്ള എ.ഐ പവര്‍ ടൂള്‍ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റയുടെ ഇന്‍സ്റ്റഗ്രാം. ചിത്രത്തില്‍ പുതിയതായി എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനും മായ്ച്ച് കളയാനും നിലവിലുള്ള ദൃശ്യ ഘടകങ്ങളെ പരിഷ്‌കരിക്കാനും പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് ക്രിയാത്മകമായി മാറ്റങ്ങള്‍ വരുത്താനും സാധിക്കും. ഇതിന് ഉപയോക്താക്കളെ അനുവദിക്കുന്ന ടൂള്‍ റീസ്റ്റൈല്‍ മെനുവില്‍ പെയിന്റ് ബ്രഷിന് അടുത്തായി ലഭ്യമാണ്. ആദ്യം ഈ ഫീച്ചര്‍ മെറ്റ എ.ഐ ചാറ്റ്ബോട്ട് വഴി മാത്രമാണ് ലഭ്യമായിരുന്നത്. എന്നാല്‍ ഇനി മുടിയുടെ നിറം മാറ്റാനും, ആഭരണങ്ങള്‍ മാറ്റാനും, ബാക്ക്ഗ്രൗണ്ടുകള്‍ വ്യത്യസ്തപ്പെടുത്താനും സഹായിക്കുന്ന എ.ഐ പവര്‍ ടൂള്‍ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാമില്‍ ലഭ്യമാണ്. പ്രീസെറ്റ് സ്റ്റൈലുകളോടൊപ്പം സണ്‍ഗ്ലാസും ബൈക്കര്‍ ജാക്കറ്റുകളും ഉള്‍പ്പെടെയുള്ള എഫക്ടുകളും ഇതില്‍ ഉണ്ട്. നിബന്ധനകളോടുകൂടിയാണ് മെറ്റ എ.ഐ പവര്‍ ടൂള്‍ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുള്ളത്.
◾ 2026 പള്‍സര്‍ എന്‍എസ് 125 ന്റെ പുതുക്കിയ പതിപ്പ് ഷോറൂമുകളില്‍ എത്തിത്തുടങ്ങി. പുതിയ പള്‍സര്‍ എന്‍എസ് 125 മോഡലില്‍ നിരവധി അപ്‌ഡേറ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഡിസൈന്‍ കാര്യത്തില്‍, ഇത് നിലവിലെ പതിപ്പിന് സമാനമാണ്, പക്ഷേ ബജാജ് പുതിയ കളര്‍ ഓപ്ഷന്‍, പേള്‍ വൈറ്റ് ചേര്‍ത്തിട്ടുണ്ട്, അതില്‍ സൂക്ഷ്മമായ പിങ്ക് ഷേഡുകള്‍ ഉണ്ട്. ഈ പുതിയ നിറം ബൈക്കിന് പുതുമയും പ്രീമിയം ലുക്കും നല്‍കുന്നു. റെയിന്‍, റോഡ്, ഓഫ്-റോഡ് എന്നീ മൂന്ന് തിരഞ്ഞെടുക്കാവുന്ന എബിഎസ് മോഡുകളുടെ കൂട്ടിച്ചേര്‍ക്കലാണ് ഏറ്റവും വലിയ നവീകരണം. പുതിയ പള്‍സര്‍ എന്‍എസ് 125ല്‍ 124.45 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിന്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ഈ എഞ്ചിന്‍ 8,500 ആര്‍പിഎമ്മില്‍ ഏകദേശം 12 ബിഎച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 11 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
◾ രക്തത്തില്‍ വലിയ തോതില്‍ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് ഇന്ന് സാധാരണമായിരിക്കുകയാണ്. ചെറുപ്പക്കാരില്‍ ഏറ്റവും കൂടുതല്‍ മുട്ടിന് തേയ്മാനം ഉണ്ടാക്കുന്ന ഒരു പ്രധാന ഘടകം ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവു കൂടുന്നതാണ്. ശരീരത്തിന് ആവശ്യമില്ലാത്ത ഒന്നാണ് യൂറിക് ആസിഡ്. ഹീമോഗ്ലോബിന്‍ മെറ്റബോളിസം, പ്യൂരിന്‍ മെറ്റബോളിസം തുടങ്ങിയ ശരീരത്തിലെ പല പ്രക്രിയകള്‍ക്കും ഒടുവില്‍ ഉണ്ടാകുന്ന ഒരു മാലിന്യമാണ് യൂറിക് ആസിഡ്. ഇത് സാധാരണ രീതിയില്‍ ലയിക്കുന്ന പ്രകൃതമില്ല. കിഡ്‌നിയിലൂടെ എന്ത് സാധനവും മൂത്രത്തിലൂടെ പുറത്തേക്ക് പോകണമെങ്കില്‍ അത് ലയിക്കുന്ന സ്വഭാവമുള്ളതായിരിക്കണം. ഭക്ഷണക്രമം രക്തത്തിലെ യൂറിക് ആസിഡ് നിയന്ത്രിക്കുന്നതില്‍ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. ചില പഴങ്ങള്‍ക്കും സ്വാഭാവികമായി ശരീരത്തില്‍ അധികമുള്ള യൂറിക് ആസിഡ് പുറന്തള്ളാനും, നീര്‍വീക്കം കുറയ്ക്കാനും സാധിക്കും. നാരങ്ങ, ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു. ബെറിപ്പഴങ്ങളില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍, വൈറ്റാമിന്‍ സി, പോളിഫെനോളുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.ഈ പോഷകങ്ങള്‍ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനും ശരീരത്തിലെ വീക്കം തടയാനും സഹായിക്കുന്നു. ചെറി പഴങ്ങള്‍ യൂറിക് ആസിഡ് നിയന്ത്രിക്കുന്നതില്‍ വളരെ ഫലപ്രദമാണ്. ചെറിയില്‍ ആന്തോസയാനിനുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളാണ്. വാഴപ്പഴത്തില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്. യൂറിക് ആസിഡ് കൂടുതല്‍ ഫലപ്രദമായി പുറന്തള്ളാന്‍ പൊട്ടാസ്യം വൃക്കകളെ സഹായിക്കുന്നു.
Tags:
KERALA