2025 ഒക്ടോബർ 25 ശനി
1201 തുലാം 8 അനിഴം
1447 ജ : അവ്വൽ 3
◾ എല്‍ഡിഎഫിന്റെ ശ്രീ നഷ്ടപ്പെടുത്തി കേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതി. പിഎം ശ്രീ പദ്ധതിയുടെ ധാരാണപത്രത്തില്‍ കേരളം ഒപ്പിട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ കടുത്ത നടപടി ആലോചിക്കുമെന്ന് വ്യക്തമാക്കി സിപിഎമ്മിന് സിപിഐയുടെ കത്ത്. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയാണ് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിക്ക് ഇതുസംബന്ധിച്ച കത്ത് നല്‍കിയത്. സിപിഎമ്മിനെ നന്ദിഗ്രാം ഓര്‍മിപ്പിച്ചുകൊണ്ടാണ് സിപിഐ ദേശീയ സെക്രട്ടേറിയേറ്റിന്റെ കത്ത്. ബംഗാളില്‍ കണ്ട പ്രവണതകള്‍ കേരളത്തിലെ തുടര്‍ഭരണത്തില്‍ കാണുന്നുവെന്നും ബിജെപിയെ സഹായിക്കുന്ന നയമാണ് സിപിഎം ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്നും സിപിഐ സെക്രട്ടറിയേറ്റ് വ്യക്തമാക്കുന്നു. പിഎം ശ്രീയില്‍ നിന്ന് പിന്മാറണമെന്ന ആവശ്യമാണ് സിപിഐ മുന്നോട്ടുവെച്ചിരിക്കുന്നത്.
◾ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച പിണറായി സര്‍ക്കാരിന്റെ നടപടിക്കെതിരെ തെരുവില്‍ പ്രതിഷേധിക്കാനൊരുങ്ങി സിപിഐയുടെ വിദ്യാര്‍ഥി-യുവജന സംഘടനകളായ എ ഐ എസ് എഫും എ ഐ വൈ എഫും. ഇതിന്റെ ഭാഗമായി ഇന്ന് തലസ്ഥാനത്ത് സി പി ഐയുടെ യുവജന - വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധമുയര്‍ത്തും. തിങ്കളാഴ്ച എല്ലാ ജില്ലകളിലും പ്രതിഷേധം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. അതിനിടെ കണ്ണൂരില്‍ എ ഐ വൈ എഫ്, മന്ത്രി വി ശിവന്‍കുട്ടിയുടെ കോലം കത്തിച്ചു. ബി ജെ പിയുടെ വര്‍ഗിയ അജണ്ടക്ക് സി പി എം കൂട്ടുനില്‍ക്കുന്നുവെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.
◾ കേരളത്തില്‍ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിന് കേരളാ ഗവണ്‍മെന്റിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, അനുഭവവേദ്യമായ പഠനം എന്നിവയ്ക്കൊപ്പം നൈപുണ്യ വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഇത് സഹായിക്കുമെന്ന് കേരളത്തെ അഭിനന്ദിച്ചുകൊണ്ടുള്ള എക്സ് പോസ്റ്റില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
◾ പിഎം ശ്രീ പദ്ധതിയില്‍ ചേരാന്‍ സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതില്‍ വിവാദം പുകയുന്നതിനിടെ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പിഎം ശ്രീയില്‍ കേരളം ഒപ്പിട്ടതില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപയുടെ ഫണ്ട് തടഞ്ഞുവെച്ചുള്ള കേന്ദ്ര ശ്രമത്തെ മറികടക്കാനുള്ള തന്ത്രപരമായ നീക്കം ആണിതെന്നും ഫണ്ട് തടഞ്ഞുവെച്ചത് സൗജന്യ യൂണിഫോം, അലവന്‍സുകള്‍ എന്നിവയെ ബാധിച്ചുവെന്നും ഇത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഫണ്ട് അല്ലെന്നും നമുക്ക് അവകാശപ്പെട്ടതാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പദ്ധതിയാണ് പിഎംശ്രീയെങ്കിലും ദേശീയ വിദ്യാഭ്യാസ ന നയം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് വാര്‍ത്താസമ്മേളനത്തിലുടനീളം വിശദീകരിച്ച മന്ത്രി ഒടുവില്‍ ഈ ദേശീയ വിദ്യാഭ്യാസ നയത്തിന് എന്താണ് കുഴപ്പമെന്നും ഞാന്‍ എന്റെ അഭിപ്രായം മാറ്റിയെന്നും മനസ് തുറന്നു.
◾ കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ നിന്ന് കേരളത്തിന് ലഭിക്കേണ്ട പണം കിട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 8000 കോടി രൂപ കേന്ദ്രം കേരളത്തിന് തരാനുണ്ടെന്നും നമുക്ക് അര്‍ഹതപ്പെട്ട പണം കേരളത്തിന് കിട്ടുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റമില്ലെന്നും എല്ലാം പരിഹരിക്കാവുന്ന പ്രശ്നം മാത്രമാണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
◾ കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കടുത്ത നിലപാട് എടുക്കാമെന്ന് സിപിഐ മന്ത്രിമാര്‍. സര്‍ക്കാരിന്റെ നിലപാടിനെതിരെ ഏതറ്റം വരെയും പ്രതിഷേധിക്കാമെന്ന് സിപിഐ മന്ത്രിമാര്‍ അറിയിച്ചതായാണ് വിവരം. സെക്രട്ടറിയേറ്റ് യോഗത്തില്‍ രാജിക്ക് വരെ തയ്യാറാണെന്ന് മന്ത്രിമാര്‍ നിലപാട് അറിയിച്ചു. മന്ത്രിസഭയെ അപമാനിച്ചുവെന്നും രണ്ട് തവണ ചര്‍ച്ച ചെയ്തിട്ട് മാറ്റി വെച്ചതാണ് പിഎം ശ്രീ പദ്ധതിയെന്നും പാര്‍ട്ടിക്ക് എന്ത് തീരുമാനവും എടുക്കാമെന്നും അതുമായി മുന്നോട്ട് പോകുമെന്നും മന്ത്രിമാര്‍ പറഞ്ഞു.
◾ കേന്ദ്രവുമായി സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി ഒപ്പുവെച്ചത് ഒക്ടോബര്‍ 23 ന് ആണെങ്കിലും കേരളം പിഎം ശ്രീയില്‍ ചേരാനുള്ള ധാരണാപത്രം തയ്യാറാക്കിയത് 16 നെന്ന് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 22ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐയുടെ എതിര്‍പ്പ് മന്ത്രി കെ. രാജന്‍ ഉന്നയിച്ചിരുന്നെങ്കിലും അന്ന് മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ഒരക്ഷരം പോലും ഇതേക്കുറിച്ച് മിണ്ടിയില്ല. ധാരണാപത്രം ഒരു ഭാഗത്ത് തയ്യാറായിരിക്കുന്നതിനിടെയാണ് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബിയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമടക്കമുള്ളവര്‍ ചര്‍ച്ചയാകാമെന്ന പ്രതികരണം നടത്തിയതും.
◾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് രാഷ്ട്രീയ യുവജനതാദള്‍. ആര്‍ എസ്.എസ്. വീക്ഷണമുള്ള ദേശീയ സങ്കല്‍പ്പങ്ങള്‍ വിദ്യാഭ്യാസ നയത്തിലൂടെ അവതരിപ്പിക്കുക എന്ന ഗൂഢലക്ഷത്തിന് കേരള സംസ്ഥാനവും വിധേയപ്പെടുന്നത് സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ആര്‍.വൈ ജെ.ഡി. അഭിപ്രായപ്പെട്ടു.
◾ പിഎം ശ്രീ പദ്ധതി വിഷയത്തിലെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷത്തേക്കാള്‍ രൂക്ഷമായി ബിനോയ് വിശ്വം പ്രതികരിച്ചുവെന്നും ബിജെപിയുമായുള്ള അവിഹിത ബന്ധമാണ് ബിനോയ് വിശ്വം ഉദ്ദേശിച്ച 'സംതിങ് റോങ്ങെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിതിന്‍ ഗഡ്കരിയുടെ വീട്ടില്‍ വച്ചാണോ നരേന്ദ്ര മോദിയെ കണ്ടപ്പോഴാണോ പിഎം ശ്രീയുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തതെന്ന് ചോദിച്ച സതീശന്‍ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയെ പോലും സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല എന്നും കുറ്റപ്പെടുത്തി.
◾ കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ പദ്ധതിയില്‍ പങ്കുചേരാനുള്ള കേരളത്തിന്റെ തീരുമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സി പി എമ്മിനെയും രൂക്ഷമായി പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ. 'ഇത് വരെ ശ്രീ വിജയന്‍, ഇനി മുതല്‍ വിജയന്‍ ശ്രീ' എന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള രാഹുലിന്റെ പരിഹാസം. 'ശ്രീ.പി.എം ശ്രിന്താബാദ്' എന്ന പരിഹാസം സി പി എമ്മിനെതിരെയും രാഹുല്‍ ഉന്നയിച്ചു. മന്ത്രി ശിവന്‍കുട്ടിയുടെ പത്രസമ്മേളനം കണ്ടപ്പോള്‍ ഒരു കാര്യം മനസിലായെന്നും അയാള്‍ ശിവന്‍കുട്ടിയല്ലെന്നും ലക്ഷണമൊത്ത സംഘിക്കുട്ടിയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.
◾ കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയില്‍ ഒപ്പുവെച്ചത് പിണറായിയുടെ ഡീലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നത് പ്രദേശിക നേതാക്കളുടെ നിലപാടാണെന്നും ഇതുസംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
◾ ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കെതിരെ ബിജെപിയുടെ രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. രാത്രി ഏഴു മണിയോടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരഗേറ്റിലേക്ക് പ്രകടനമായെത്തിയാണ് ബിജെപി പ്രവര്‍ത്തകരും നേതാക്കളും ഉപരോധ സമരം ആരംഭിച്ചത്. ഇന്ന് വൈകീട്ട് വരെയാണ് സമരം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കുമ്മനം രാജശേഖരന്‍, പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ശക്തമായ മഴയത്ത് ശരണംവിളിച്ചും മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ക്കൊപ്പം രാജീവ് ചന്ദ്രശേഖര്‍ അടക്കമള്ള നേതാക്കള്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. ഇന്ന് സെക്രട്ടറിയേറ്റിലേക്കുള്ള മൂന്ന് ഗേറ്റുകളും ഉപരോധിക്കും. ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുക, 30 വര്‍ഷത്തെ ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് രാപ്പകല്‍ സമരം.
◾ വരുന്നു, മോന്ത ചുഴലിക്കാറ്റ്. സംസ്ഥാനത്ത് കാലവര്‍ഷത്തിന് സമാനമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ ഉള്‍ക്കടലില്‍ പുതുതായി രൂപപ്പെട്ട ന്യൂന മര്‍ദ്ദമാണ് കേരളത്തിലെ മഴ സാഹചര്യത്തെ രൂക്ഷമാക്കുന്നത്. ഈ ന്യൂനമര്‍ദ്ദം നാളത്തോടെ തീവ്ര ന്യൂനമര്‍ദമായും ശേഷം ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗങ്ങളില്‍ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യതയെന്നാണ് പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാന്‍ പോകുന്ന ചുഴലിക്കാറ്റിന് തായ്‌ലന്‍ഡ് നിര്‍ദേശിച്ച പേരാണ് മോന്ത.
◾ കേരളത്തിന് വീണ്ടും ലോക ബാങ്ക് വായ്പ, അനുവദിച്ചത് സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ പദ്ധതിക്ക്. സംസ്ഥാനത്തെ ജനങ്ങളുടെ ആയുസും ജീവിത നിലവാരവും മെച്ചപ്പെടുത്താനുള്ള 280 കോടി ഡോളര്‍ ഏകദേശം 2458 കോടി രൂപ വായ്പയ്ക്ക് ലോകബാങ്കിന്റെ അംഗീകാരം. സംസ്ഥാനത്തെ വയോധികരും ആരോഗ്യപരമായി ദുര്‍ബലരായവരുടെയും ആയുര്‍ദൈര്‍ഘ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിക്കാണ് വായ്പ അനുവദിച്ചത്.
◾ കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ യാത്രയ്ക്ക് ഒരുക്കിയ രണ്ട് പൊലീസ് വാഹനങ്ങള്‍ ട്രാഫിക് പിഴ അടയ്ക്കാത്തവയെന്ന് പരാതി. പമ്പയ്ക്ക് പോയ വാഹനത്തിന് 2023 മുതല്‍ അഞ്ച് പിഴകളുണ്ടെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്ത് യാത്രയ്ക്ക് ഉപയോഗിച്ച വാഹനത്തിനുള്ളത് രണ്ടു പിഴകളാണെന്നും പരാതിയില്‍ ആരോപിക്കുന്നു.
◾ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ വടംവലി മത്സരം വിവാദത്തില്‍. ചെളിക്കുളമായ ഗ്രൗണ്ടില്‍ വടംവലി മത്സരം നടത്തിയതാണ് വിവാദമായത്. വെള്ളായണി കാര്‍ഷിക കോളേജ് ഗ്രൗണ്ടിലാണ് മത്സരം നടത്തിയത്. ഈ ഗ്രൗണ്ടില്‍ ചെളി നിറഞ്ഞിരുന്നു. മത്സരം തുടങ്ങിയതോടെ മത്സരാര്‍ത്ഥികള്‍ ചെളിയില്‍ തെന്നിവീഴുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങള്‍ മാത്രം നടത്തി വടംവലി മത്സരം അവസാനിപ്പിച്ചു.
◾ ഇടുക്കി മറയൂരില്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ വിനോദസഞ്ചാരികളും ജീപ്പ് ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷം. പതിനഞ്ച് സഞ്ചാരികള്‍ക്കും ആറ് ജീപ്പ് തൊഴിലാളികള്‍ക്കും പരിക്കേറ്റു. മറയൂരിന് സമീപം പയസ് നഗറില്‍ വെച്ചാണ് സംഭവം. തമിഴ്നാട് തിരുനെല്‍വേലിയില്‍ നിന്നുമെത്തിയ സഞ്ചാരികളുടെ ടൂറിസ്റ്റ് ബസ്സിന് പിന്നാലെ എത്തിയ ജീപ്പ് തുടര്‍ച്ചയായി ഹോണ്‍ മുഴക്കി. ഇത് ചോദ്യം ചെയ്തത് തര്‍ക്കത്തിനും സംഘര്‍ഷത്തിനും കാരണമായത്.
◾ താമരശ്ശേരി ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടത് ഉടമകള്‍ നിയോഗിച്ച ഗുണ്ടകളാണെന്നും അക്രമങ്ങള്‍ക്ക് പൊലീസ് തന്നെ കൂട്ടു നിന്നെന്നും സമരസമിതി. സംഘര്‍ഷം ഉണ്ടായ ദിവസം ഉടമകളിലൊരാള്‍ കണ്ണൂരിലെ ഒരു രാഷ്ട്രീയ നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്നും സമരസമിതി ചെയര്‍മാന്‍ ബാബു കുടുക്കില്‍ ആരോപിച്ചു. അതിനിടെ ഫാക്ടറി വീണ്ടും പഴയരീതിയില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഉടമകള്‍.
◾ പാലായില്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ ഗതാഗത നിയന്ത്രണം ലംഘിച്ചവര്‍ പിടിയില്‍. അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര്‍ സ്വദേശി സതീഷ് കെ.എം, കോതനല്ലൂര്‍ സ്വദേശി സന്തോഷ് ചെല്ലപ്പന്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ മൂന്ന് പേരുമാണ് ഗതാഗത നിയന്ത്രണം ലംഘിച്ച് ബൈക്കോടിച്ചത്. പിന്നിലിരുന്ന 2 പേരും ഹെല്‍മറ്റും ധരിച്ചിരുന്നില്ല. പൊലീസുകാര്‍ ചേര്‍ന്ന് തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വെട്ടിച്ച് വാഹനം കടന്നുപോവുകയായിരുന്നു.
◾ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ സിപിഐ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗവും എഐടിയുസി ജില്ലാ സെക്രട്ടറിയുമായിരുന്ന മീനാങ്കല്‍ കുമാറിന്റെ നേതൃത്വത്തില്‍ നൂറോളം സിപിഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഐ അംഗത്വം രാജി പ്രഖ്യാപിച്ച ശേഷം കെപിസിസി ആസ്ഥാനത്തെത്തിയ മീനാങ്കല്‍ കുമാറിനേയും പ്രവര്‍ത്തകരെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ഷാള്‍ അണിയിച്ച് കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു.
◾ പേരാമ്പ്ര സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അഭിലാഷ് ഡേവിഡിനെതിരെ ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാറാണ് പരാതി നല്‍കിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ള അഭിലാഷിനെ സേനയില്‍ നിന്നും നീക്കണമെന്നും ഡിവൈഎസ് പി ഹരിപ്രസാദിനെ സസ്പെന്റ് ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
◾ മൊസാംബിക്കിലെ ബെയ്റ തുറമുഖത്ത് കപ്പല്‍ അപകടത്തില്‍പ്പെട്ട് മരിച്ച തേവലക്കര സ്വദേശി ശ്രീരാഗിന്റെ മൃതശരീരം ഇന്ന് വീട്ടിലെത്തിക്കും. മൃതദേഹം രാവിലെ കൊല്ലം തേവലക്കരയിലെ വീട്ടിലെത്തിക്കുമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു.
◾ പാലക്കാട് പട്ടാമ്പിയില്‍ ജില്ലാ ശാസ്ത്രമേള നടക്കുന്നതിനിടെ പന്തല്‍ തകര്‍ന്ന് വീണു. പട്ടാമ്പി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലുണ്ടായിരുന്ന പ്രധാന വേദിയുടെ പന്തലാണ് ശക്തമായ മഴയെ തുടര്‍ന്ന് തകര്‍ന്നു വീണത്. സംഭവ സമയത്ത് വേദിയിലും പന്തിലിന് താഴെയും വിദ്യാര്‍ത്ഥികളും അധ്യാപകരും ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. പന്തലിന് മുകളില്‍ മഴവെള്ളം നിറഞ്ഞതാണ് പന്തല്‍ വീഴാന്‍ കാരണമായതെന്ന് സംഘാടകര്‍ പറഞ്ഞു.
◾ അതിശക്തമായ മഴയെ തുടര്‍ന്ന് അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലും പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയിലും പ്രളയസാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് സംസ്ഥാന ജലസേചന വകുപ്പ്. ഈ നദികളിലാണ് പ്രളയസാധ്യതാ മുന്നറിയിപ്പിന്റെ ഭാഗമായി മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
◾ തിരുവനന്തപുരം ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ പ്രതികളെ തിരഞ്ഞ് പൊലീസ്. ബാലരാമപുരം മംഗലത്തുകോണം കാട്ടുനട ക്ഷേത്രത്തിലേക്കാണ് സ്ഫോടക വസ്തു എറിഞ്ഞത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സഹിതം മംഗലത്തുകോണം കാട്ടുനട ക്ഷേത്ര ഭരണസമിതി ബാലരാമപുരം പൊലീസില്‍ പരാതി നല്‍കി.
◾ കൊച്ചി നഗരത്തില്‍ നാളെ പുലര്‍ച്ചെ മുതല്‍ രാവിലെ പത്ത് മണി വരെ വാഹന ഗതാഗതത്തില്‍ നിയന്ത്രണം. വാഹനങ്ങള്‍ വഴിതിരിച്ചുവിടുമെന്ന് പൊലീസ് അറിയിച്ചു. കൊച്ചി കോര്‍പറേഷന്‍, ടൂറിസം വകുപ്പ്, സോള്‍സ് ഓഫ് കൊച്ചിന്‍ റണ്ണേഴ്സ് ക്ലബ് എന്നിവരുടെ ആഭിമുഖ്യത്തില്‍ സ്പൈസ് കോസ്റ്റ് മാരത്തോണ്‍ നടക്കുന്ന സാഹചര്യത്തിലാണിത്.
◾ ബിഹാറില്‍ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി നിതീഷ് കുമാര്‍ തന്നെയെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞ ദിവസം ഇന്ത്യാ സഖ്യം വെല്ലുവിളിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇത്തവണ എന്‍ഡിഎ എല്ലാ റെക്കോഡുകളും തകര്‍ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
◾ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേനയുടെ ഭാഗമാക്കിയ തദ്ദേശീയ വേട്ടപ്പട്ടികള്‍ ഈ വരുന്ന ഒക്ടോബര്‍ 31 ന് ഗുജറാത്തില്‍ നടക്കുന്ന ദേശീയ ഐക്യ ദിന പരേഡില്‍ പങ്കെടുക്കും. വേഗതയ്ക്കും കരുത്തിനും ആക്രമണത്തിനും പേരുകേട്ട റാംപൂര്‍ ഹൗണ്ട്, മുധോള്‍ ഹൗണ്ട് എന്നിവയാണ് ബിഎസ്എഫ് ജവാന്മാര്‍ക്കൊപ്പം പരേഡില്‍ പങ്കെടുക്കുക. ഇന്ത്യയുടെ അതിര്‍ത്തി കാക്കുകയെന്ന അഭിമാന പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട നായകളാണ് ഇവ.
◾ കോഴിപ്പോര് സാംസ്‌കാരിക അവകാശം അല്ലെന്ന് മദ്രാസ് ഹൈക്കോടതി. കോഴിപ്പോര് സംഘടിപ്പിക്കാനുള്ള അനുമതി തേടി മധുര സ്വദേശി മുവേന്തന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. മൃഗങ്ങള്‍ തമ്മിലെ പോര് സംഘടിപ്പിക്കുന്നത് കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കോഴിപ്പോരിന് പതിറ്റാണ്ടുകളുടെ ചരിത്രം ഉണ്ടാകാമെന്നും പറഞ്ഞു.
◾ ദില്ലിയില്‍ വായുമലിനീകരണ തോതില്‍ നേരിയ കുറവ്. ശരാശരി വായു ഗുണനിലവാര സൂചിക ഇന്നലെ 300ല്‍ താഴെയാണ്. ആനന്ദ് വിഹാറില്‍ മാത്രമാണ് വായു മലിനീകരണ സൂചിക 350ന് മുകളില്‍ രേഖപ്പെടുത്തിയത്. വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഈ മാസം 29ന് ദില്ലിയില്‍ ക്ലൗഡ് സീഡിങ് നടത്തുമെന്ന് ദില്ലി പരിസ്ഥിതി മന്ത്രി മഞ്ജിന്ദര്‍ സിംഗ് സിര്‍സ അറിയിച്ചു.
◾ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ തുടങ്ങി കേന്ദ്ര സര്‍ക്കാര്‍. പിന്‍ഗാമിയെ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് നിയമമന്ത്രലായം ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് കത്തെഴുതി. നവംബര്‍ 23വരെയാണ് ജസ്റ്റിസ് ഗവായിയുടെ കാലാവധി. നിലവിലെ സാഹചര്യത്തില്‍ ജസ്റ്റിസ് സൂര്യകാന്തിനാണ് സാധ്യത. സീനിയോറിറ്റിയില്‍ രണ്ടാമതുള്ള ജസ്റ്റിസ് സൂര്യകാന്തിന്റെ പേര് നിര്‍ദ്ദേശിച്ചാകും ജസ്റ്റിസ് ഗവായ് കത്ത് നല്‍കുക. കേന്ദ്രാനുമതിയും രാഷ്ട്രപതിയുടെ അംഗീകാരവും കിട്ടിയാല്‍ ജസ്റ്റിസ് സൂര്യകാന്ത് 53ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും.
◾ രാജ്യതലസ്ഥാനത്ത് ദീപാവലി ആഘോഷത്തിനിടയില്‍ നടത്താന്‍ പദ്ധതിയിട്ട വന്‍ ഭീകരാക്രമണം തടഞ്ഞ് ഡല്‍ഹി പോലീസ്. തെക്കന്‍ ഡല്‍ഹിയിലെ ഒരു പ്രമുഖ മാളും ഒരു പൊതു പാര്‍ക്കും ഉള്‍പ്പെടെ, തലസ്ഥാനത്തെ തിരക്കേറിയ സ്ഥലങ്ങളില്‍ സ്ഫോടനം നടത്താന്‍ തയ്യാറെടുക്കുകയായിരുന്ന ഐഎസ്ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
◾ ബിഹാറിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് പിന്നാലെ സമാന നടപടി പശ്ചിമ ബംഗാളില്‍ നടപ്പിലാക്കാനൊരുങ്ങുന്നു. നവംബര്‍ ഒന്നുമുതല്‍ ബംഗാളില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികള്‍ തുടങ്ങുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കാന്‍ എല്ലാ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
◾ രണ്ട് വര്‍ഷത്തെ യുദ്ധത്തിന് ശേഷവും ഇസ്രയേല്‍ ജയിലില്‍തുടരുന്ന പലസ്തീന്‍ തടവുകാരുടെ മോചനത്തിനായി ഡൊണാള്‍ഡ് ട്രംപ് ഇടപെടണമെന്ന് ഇസ്രയേല്‍ തടവുകാരനായ മര്‍വാന്‍ ബര്‍ഗൂതിയുടെ കുടുംബം. വെടിനിര്‍ത്തല്‍ ധാരണ അനുസരിച്ച വലിയൊരു ഭൂരിപക്ഷം പലസ്തീന്‍ തടവുകാരെ തിരിച്ചയച്ചെങ്കിലും ഇപ്പോഴും ജയിലിലാണ് മര്‍വാന്‍ ബര്‍ഗൂതി. ഭര്‍ത്താവിന്റെ മോചനത്തിനായി ഡൊണാള്‍ഡ് ട്രംപ് ഇടപെടണമെന്നാണ് മര്‍വാന്‍ ബര്‍ഗൂതിയുടെ ഭാര്യ ആവശ്യപ്പെട്ടിട്ടുള്ളത്.
◾ പൊലീസിന് നേരെ കട്ടയും പടക്കവും ചില്ലുകുപ്പികളുമായി പ്രതിഷേധക്കാര്‍. അയര്‍ലന്‍ഡില്‍ കുടിയേറ്റക്കാര്‍ക്കെതിരായ പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക്. മൂന്ന് പൊലീസുകാര്‍ക്ക് ബുധനാഴ്ച വൈകുന്നേരമുണ്ടായ ആക്രമണങ്ങളില്‍ പരിക്കേറ്റു. 24 ഓളം പ്രതിഷേധക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൗമാരക്കാരും യുവാക്കളുമാണ് പ്രതിഷേധക്കാരില്‍ ഏറെയും. അറസ്റ്റിലായവരില്‍ 5 ആണ്‍കുട്ടികളുമുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്.
◾ സംസ്ഥാന ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെ കരാറുകാരനായി രഹസ്യമായി മറ്റൊരു ജോലി കൂടി ചെയ്തതിന് ഇന്ത്യന്‍ വംശജനായ 39-കാരന്‍ പിടിയില്‍. മെഹുല്‍ ഗോസ്വാമിയാണ് യു.എസ്. അധികൃതരുടെ പിടിയിലായത്. മോഷണ (ഗ്രാന്‍ഡ് ലാര്‍സനി) കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
◾ പാകിസ്ഥാനും താലിബാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പാകിസ്ഥാന് കനത്ത തിരിച്ചടിയായി താലിബാന്റെ നീക്കം. പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിയന്ത്രിക്കാന്‍ കുനാര്‍ നദിയില്‍ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ താലിബാന്‍ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാന്‍ തീരുമാനം. അഫ്ഗാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
◾ അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഒപ്പുവെക്കാന്‍ ഇന്ത്യ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. നിലവില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ഇന്ത്യ തയ്യാറാണെന്നും എന്നാല്‍ സമയപരിധി വച്ചുള്ള നീക്കങ്ങള്‍ക്കില്ലെന്നും ഗോയല്‍ പറഞ്ഞു.
◾ റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി റിലയന്‍സ് അടക്കമുള്ള ഇന്ത്യന്‍ കമ്പനികള്‍. റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ കാര്യത്തില്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നാണ് ഇന്ത്യയുടെ നയം. എന്നാല്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ റിലയന്‍സ് അടക്കമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്കും അമേരിക്കന്‍ ഉപരോധം നേരിടേണ്ടി വരും. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ കമ്പനികള്‍ സര്‍ക്കാരിന്റെ നിലപാട് തേടിയത്.
◾ മയക്കുമരുന്നുമായി എത്തിയ കപ്പലിന് നേരെ അമേരിക്കന്‍ സേന കരീബിയന്‍ കടലില്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. സെപ്തംബറില്‍ മയക്കുമരുന്ന് കള്ളക്കടത്തിനെതിരെ ആക്രമണം തുടങ്ങിയ ശേഷമുള്ള പത്താമത്തെ സംഭവമാണ് ഇത്. ഇതോടെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 43ആയി.
◾ എംടിആര്‍, ഈസ്റ്റേണ്‍ എന്നീ പ്രമുഖ ഭക്ഷ്യ ബ്രാന്‍ഡുകളുടെ മാതൃ കമ്പനിയായ ഓര്‍ക്ക്‌ല ഇന്ത്യ ഇനി ഇന്ത്യന്‍ ഓഹരി വിപണിയിലേക്കും. 10,000 കോടി രൂപ വരെ മൂല്യം ലക്ഷ്യമിട്ടാണ് കമ്പനി പ്രാരംഭ ഓഹരി വില്‍പ്പന പ്രഖ്യാപിച്ചിരിക്കുന്നത്. നോര്‍വീജിയന്‍ ഉപഭോക്തൃ ഉല്‍പ്പന്ന ഭീമനായ ഓര്‍ക്ക്‌ല എ.എസ്.എ-യുടെ ഇന്ത്യന്‍ വിഭാഗമായ ഓര്‍ക്ക്‌ല ഇന്ത്യ, ഓഹരിയൊന്നിന് 695 രൂപ മുതല്‍ 730 രൂപ വരെയാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിട്ടുള്ളത്. മൊത്തം 1,667.54 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഐപിഒ, ഒക്ടോബര്‍ 29 ന് ആരംഭിച്ച് ഒക്ടോബര്‍ 31 ന് അവസാനിക്കും. 20 ഓഹരികള്‍, അഥവാ 14,600 രൂപയാണ് ലോട്ട് വലുപ്പം. ഈ ഐപിഒയുടെ പ്രധാന പ്രത്യേകത, ഇത് പൂര്‍ണ്ണമായും 'ഓഫര്‍ ഫോര്‍ സെയില്‍' ആണ് എന്നതാണ്. അതായത്, നിലവിലെ ഓഹരി ഉടമകളാണ് ഓഹരികള്‍ വില്‍ക്കുന്നത്. ആയതിനാല്‍, ഐപിഒയിലൂടെ സമാഹരിക്കുന്ന തുക കമ്പനിയുടെ പ്രവര്‍ത്തന മൂലധനത്തിലേക്ക് പോകില്ല, പകരം നിലവിലെ ഓഹരി ഉടമകള്‍ക്കാണ് ലഭിക്കുക. ഓര്‍ക്ക്‌ല ഏഷ്യ പസഫിക് പി.ടി.ഇ. ലിമിറ്റഡ്, നവാസ് മീരാന്‍, ഫിറോസ് മീരാന്‍ തുടങ്ങിയവരുടെ ഓഹരികളാണ് വില്‍ക്കുന്നത്. 2.28 കോടി ഓഹരികളാണ് ഓഫറിലുള്ളത്. നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്ക്‌ല, 2007-ലാണ് എംടിആര്‍ ഫുഡ്‌സിനെ ഏറ്റെടുക്കുന്നത്.
◾ മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ ലുക്മാന്‍, അടിമുടി ഒരു കാമുകന്റെ റോളില്‍ എത്തുന്ന 'അതിഭീകര കാമുകന്‍' സിനിമയിലെ ആദ്യ ഗാനം പുറത്ത്. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ സംഗീത ലോകത്തെ സെന്‍സേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച 'പ്രേമാവതി..' എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. അടുത്തിടെ സിദ്ധ് ആലപിച്ച 'മിന്നല്‍വള..' സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 100 മില്ല്യണ്‍ കാഴ്ചക്കാരെ ഈ ഗാനം യൂട്യൂബില്‍ സ്വന്തമാക്കിയിരുന്നു. ഹെയ്കാര്‍ത്തി എഴുതിയ വരികള്‍ക്ക് ബിബിന്‍ അശോകാണ് 'പ്രേമാവതി..'യ്ക്ക് ഈണം നല്‍കിയിരിക്കുന്നത്. സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്. റെക്കോര്‍ഡ് തുകയ്ക്കാണ് സരിഗമ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ദൃശ്യ രഘുനാഥാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നവംബര്‍ 14നാണ് സിനിമയുടെ റിലീസ്. മനോഹരി ജോയ്, അശ്വിന്‍, കാര്‍ത്തിക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
◾ തെന്നിന്ത്യന്‍ സിനിമയില്‍ 'ലോക ചാപ്റ്റര്‍ 1 ചന്ദ്ര' ഉണ്ടാക്കിയ ഓളം അത്ര ചെറുതല്ല. ചിത്രത്തിന്റെ ഒടിടി റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു മലയാള സിനിമാ പ്രേക്ഷകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒക്ടോബര്‍ 31 മുതല്‍ ജിയോ ഹോട്ട്സ്റ്റാറില്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഏഴ് ഭാഷകളിലാകും ചിത്രം സ്ട്രീം ചെയ്യുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി, ബംഗാളി എന്നീ ഭാഷകളില്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത് ഡൊമിനിക് അരുണ്‍ ആണ്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായെത്തിയത്. നസ്ലിന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി. ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരും ചിത്രത്തില്‍ അതിഥി വേഷങ്ങളിലെത്തിയിരുന്നു.
◾ രണ്ടാം തലമുറ വെന്യുവിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഹ്യുണ്ടായ്. ഫ്യൂച്ചറിസ്റ്റിന് ഡിസൈനിലും പുതുതലമുറ ഫീച്ചറുകളാലും സമ്പന്നമായ വാഹനം നവംബര്‍ നാലിന് ഇന്ത്യയില്‍ അവതരിപ്പിക്കും. വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ് ആരംഭിച്ചതായും ഹ്യുണ്ടായ് അറിയിച്ചു. 25,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ് സ്വീകരിക്കുന്നത്. അകത്തും പുറത്തും വളരെ അധികം മാറ്റങ്ങളുമായിട്ടാണ് ഹ്യുണ്ടായി എസ്യുവി എത്തിയിരിക്കുന്നത്. മുന്‍ തലമുറ മോഡലിനെക്കാള്‍ 48 എംഎം ഉയരവും 30 എംഎം വീതിയും പുതിയ മോഡലിന് കൂടുതലുണ്ട്. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഇത്തവണയും വെന്യു എത്തിയിരിക്കുന്നത്. 1.2 ലിറ്റര്‍ കാപ്പ എംപിഐ പെട്രോള്‍, കാപ്പ 1.0 ലിറ്റര്‍ ടര്‍ബോ ജിഡിഐ പെട്രോള്‍, 1.5 ലിറ്റര്‍ സിആര്‍ഡിഐ ഡീസല്‍ എന്നിവയാണ് ഇതിലെ എന്‍ജിനുകള്‍. മാനുവല്‍, ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് എന്നിവയാണ് പുതിയ വെന്യുവിലും നല്‍കിയിട്ടുള്ള ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഏഴ് പെട്രോള്‍ വേരിയന്റുകളും നാല് ഡീസല്‍ വേരിയന്റുകളുമാണ് വെന്യുവിന്റെ നിരയിലുള്ളത്.
◾ മനുഷ്യബുദ്ധിയും മനുഷ്യനിര്‍മ്മിതബുദ്ധിയും മുഖാമുഖം നില്‍ക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഉയര്‍ന്നുവരുന്ന ഒരു ചോദ്യമുണ്ട്; 'ഇവയിലേതാണ് കൂടുതല്‍ 'നല്ല' ബുദ്ധി?'യന്തിരചിന്തനം ഈ ചോദ്യത്തിന്റെ മര്‍മ്മത്തിലേക്കു വിരല്‍ചൂണ്ടുന്നു. നിര്‍മ്മിതബുദ്ധിവിചാരങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന പഠനഗ്രന്ഥം. 'യന്തിരചിന്തനം'. മധു ടി.വി. മാതൃഭൂമി. വില 170 രൂപ.
◾ ഇലക്കറികള്‍ക്കിയില്‍ സൂപ്പര്‍ഹീറോയാണ് ചീര. ചീര പതിവായി നമ്മുടെ ഡയറ്റില്‍ ചേര്‍ക്കുന്നതു കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ചീരയില്‍ നിന്ന് വിറ്റാമിന്‍ എ, സി, അയണ്‍ എന്നിവ ശരീരത്തില്‍ എത്തുമെന്നതിനാല്‍, മുടിക്കും ചര്‍മത്തിനും ഇത് മികച്ചതാണ്. മാത്രമല്ല, പ്രതിരോധശേഷി മെച്ചപ്പെടുത്താനും വിളര്‍ച്ച കുറയ്ക്കാനും ചുവന്ന ചീര ബെസ്റ്റാണ്. ചീരയില്‍ അടങ്ങിയ വിറ്റാമിന്‍ സി ശരീരത്തിലെ കൊളാജന്‍ ഉത്പാദനം കൂട്ടും. ഇത് തലമുടിയുടെ വളര്‍ച്ചയെയും സഹായിക്കും. ചീരയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകള്‍ മുടി കൊഴിച്ചിലും തടയും. വിറ്റാമിന്‍ ഇ, കെ, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ചുവന്ന ചീരയിലുണ്ട്. അയണ്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച കുറയ്ക്കാനും രക്തയോട്ടം വര്‍ധിപ്പിക്കാനും ചുവന്ന ചീര സഹായിക്കും. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ചീര നല്ലതാണ്. ചീരയിലെ ഫൈബര്‍ സാന്നിധ്യമാണ് ദഹനത്തിന് ഗുണം ചെയ്യുന്നത്. ശരീരഭാരം കുറയ്ക്കാനും ചീര ഡയറ്റില്‍ ചേര്‍ക്കുന്നത് സഹായിക്കും. പ്രമേഹം മൂലമുള്ള ക്ഷീണം ഒഴിവാക്കാനും ചീര സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ ചുവന്ന ചീര കഴിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കും. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ ചുവന്ന ചീരയ്ക്കു സാധിക്കും. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിര്‍ത്താനും മലബന്ധം അകറ്റാനും സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
അവിടെ ഒരു പൊതുസത്കാരം നടക്കുകയാണ്. അയാള്‍ ആദ്യം കണ്ട വാതിലിലൂടെ അകത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും കാവല്‍ക്കാര്‍ തടഞ്ഞു. നിങ്ങള്‍ക്കുളള വാതില്‍ അപ്പുറത്താണ്. എന്നാല്‍ ആദ്യംകണ്ട വാതിലിലൂടെ കയറിപ്പറ്റാന്‍ അയാള്‍ പലതവണ ശ്രമിച്ചു. പക്ഷേ, അപ്പോഴൊക്കെ കാവല്‍ക്കാര്‍ തടഞ്ഞു. മറ്റേ വാതിലിലെത്തിയപ്പോഴാണ് അയാള്‍ ഒരു കാര്യം ശ്രദ്ധിച്ചത്. ആ വഴിയിലൂടെ വഴിപോക്കരും യാചകരുമാണ് കയറുന്നത്. അയാള്‍ വീട്ടില്‍ തിരിച്ചെത്തി ഏറ്റവും നല്ല വസ്ത്രം ധരിച്ച് ആദ്യവാതിലിനടുത്തെത്തി. അതേ കാവല്‍ക്കാര്‍ ആദരവോടെ അദ്ദേഹത്തെ അകത്തേക്ക് കയറ്റി വിടുകയും ചെയ്തു. ഒരു സ്ഥലത്ത് കയറണമെങ്കില്‍ അതിനനുയോജ്യമായ വേഷവും മാനസികനിലയും വേണം. മേലങ്കിയും തലപ്പാവും ധരിച്ച് നീന്തല്‍ക്കുളത്തില്‍ ഇറങ്ങാനാകില്ല. വിവാഹവസ്ത്രങ്ങളണിഞ്ഞ് എങ്ങിനെയാണ് ഒരു വിലാപയാത്രയില്‍ പങ്കെടുക്കുക. ഏത് കര്‍മ്മത്തിനും അത് നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകളിലൂടെ കടന്നുപോയേ മതിയാകൂ.. അത് ഒരു സമൂഹത്തില്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതിയോടുളള ബഹുമാനമാണ്. - ശുഭദിനം
➖➖➖➖➖➖➖➖
Tags:
KERALA