2025 | ഒക്ടോബർ 24 | വെള്ളി
1201 | തുലാം 7 | അനിഴം
◾ കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎംശ്രീയില്‍ കേരളം ഒപ്പിട്ടതിനു പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനറല്‍ സെക്രട്ടറി ഡി. രാജയ്ക്ക് അയച്ച കത്തിലാണ് ഗുരുതര ആരോപണമുള്ളത്. മുന്നണി മര്യാദകള്‍ ലംഘിച്ചെന്നും വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നും ധാരണ പത്രം ഒപ്പിട്ടതിലൂടെ എല്‍ഡിഎഫിന്റെ കേന്ദ്രസര്‍ക്കാരിനെതിരായ പോരാട്ടം ദുര്‍ബലപ്പെട്ടുവെന്നും കത്തില്‍ പറയുന്നു. ഇടത് സര്‍ക്കാരില്‍ നിന്ന് ഇങ്ങനെയൊരു തീരുമാനം അപ്രതീക്ഷിതമാണെന്നും ഭാവി പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുമെന്നും കത്തില്‍ പറയുന്നു.
◾ പാര്‍ട്ടിയുടെ എതിര്‍പ്പ് തള്ളി കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച വിദ്യാഭ്യാസവകുപ്പ് നടപടിക്കെതിരെ കടുത്ത തീരുമാനങ്ങളിലേക്ക് സി പി ഐ കടക്കുന്നുവെന്ന് സൂചന. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളെടുക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിട്ടുണ്ട്. വിഷയം എല്‍ ഡി എഫ് ചര്‍ച്ച ചെയ്യുമെന്ന സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ധാരണാ പത്രത്തില്‍ ഒപ്പിട്ടത് അംഗീകരിക്കാനാകില്ലെന്നാണ് സി പി ഐയിലെ പൊതുവികാരം.
◾ പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതിലൂടെ സിപിഎമ്മിന് ഘടകകക്ഷിയായ സിപിഐയേക്കാള്‍ വലുതാണ് ബിജെപി എന്ന് തെളിഞ്ഞിരിക്കുകയാണെന്നും സിപിഎം ബിജെപി ബാന്ധവമെന്ന തങ്ങളുടെ ആരോപണത്തെ ശരിവെക്കുന്നതാണ് ഈ തീരുമാനമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം ബിജെപി ബന്ധത്തിന് ഇടനില ആയിരിക്കുകയാണ് ഇപ്പോള്‍ പി എം ശ്രീയെന്നും മോദിയെ മുഖ്യമന്ത്രി കണ്ടതിന് പിന്നാലെയാണ് ഒപ്പുവെച്ചതെന്നും ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണ് സര്‍ക്കാരെന്നും സതീശന്‍ കുറ്റപ്പെടുത്തി. സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട് പോലും നോക്കിയില്ലെന്നും സര്‍ക്കാരിന്റേത് ഏകപക്ഷീയ തീരുമാനമെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. അതേസമയം പി എം ശ്രീപദ്ധതിയുമായി ബന്ധപ്പെട്ട് പണം വാങ്ങിക്കരുതെന്ന് പ്രതിപക്ഷം പറയുന്നില്ലെന്നും എന്നാല്‍ കേന്ദ്രത്തിന്റെ നിബന്ധനകള്‍ക്ക് നിരുപാധികം കീഴടങ്ങുന്നതിലാണ് എതിര്‍പ്പെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
◾ പിഎംശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ട കരാറിലുള്ള വ്യവസ്ഥകള്‍ എന്താണെന്ന് പരിശോധിച്ചശേഷം അഭിപ്രായം പറയാമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നതെന്നും വ്യവസ്ഥ എന്താണെന്ന് മനസ്സിലാക്കിയിട്ടില്ലെന്നും അത് മനസ്സിലാക്കിയ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പിട്ടത് മന്ത്രി അറിഞ്ഞു കൊണ്ടായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ പി എം ശ്രീയില്‍ ഒപ്പുവെച്ചത് എങ്ങനെയെന്ന് വിദ്യാഭ്യാസ മന്ത്രി പറയണമെന്ന് മന്ത്രി ജി ആര്‍ അനില്‍. പി എം ശ്രീയില്‍ ഒപ്പുവെച്ചതോടെ മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തിയെന്നും ഇതുസംബന്ധിച്ച ഒരു കാര്യവും ഞങ്ങളെ ബോധ്യപ്പെടുത്തിയിട്ടില്ലെന്നും സിപിഐ എടുക്കുന്ന തീരുമാനം ഒരുതുള്ളി വെള്ളം ചേര്‍ക്കാതെ മന്ത്രിമാര്‍ നടപ്പാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുമോ എന്ന ചോദ്യത്തിന് അതെല്ലാം പാര്‍ട്ടി തീരുമാനിക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
◾ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിന് എബിവിപി ശിവന്‍കുട്ടിയെ അഭിനന്ദിച്ചിട്ടുണ്ടെങ്കില്‍ വകുപ്പും വകുപ്പു മന്ത്രിയും തെറ്റായ പാതയിലാണ് നീങ്ങുന്നതെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോന്‍. എലിയെ പേടിച്ച് ആരും ഇല്ലം ചുടാറില്ല എന്നും ജിസ്‌മോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
◾ പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടതില്‍ ആശങ്കയുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. വിഷയത്തില്‍ സര്‍ക്കാരിനെ ആശങ്ക അറിയിക്കുമെന്ന് പി എസ് സഞ്ജീവ് മാധ്യമങ്ങളോട് പറഞ്ഞു. എസ്എഫ്ഐ ദേശീയ വിദ്യാഭ്യാസ നയത്തിന് എതിരാണെന്നും അതിനകത്തെ വര്‍ഗീയ നിലപാട് എതിര്‍ക്കപ്പെടേണ്ടതാണെന്നും നയത്തിലെ മോശം കാര്യങ്ങള്‍ ഒഴിവാക്കി വേണം പദ്ധതി നടപ്പാക്കാനെന്നും ഇക്കാര്യം സര്‍ക്കാരുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും അന്നേ നിലപാട് അറിയിച്ചിരുന്നുവെന്നും ആശങ്ക വീണ്ടും അറിയിക്കുമെന്ന് പി എസ് സഞ്ജീവ് വ്യക്തമാക്കി.
◾ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇടതുപക്ഷത്തെ വഞ്ചിച്ചുവെന്ന് സിപിഐ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ്. നിലപാട് എന്നത് ഒരു വാക്കല്ലെന്നും അത് കാട്ടിക്കൊടുത്തത് കേരളത്തില്‍ ഇടതുപക്ഷമാണെന്നും മുന്‍ വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ വി ശിവന്‍കുട്ടി ആ ഇടതുപക്ഷത്തെ വഞ്ചിച്ചുവെന്നുമാണ് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ ഫേസ്ബുക്ക് കുറിപ്പ്.
◾ സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. സിപിഐ ഈ വല്യേട്ടന്‍ അടിച്ചമര്‍ത്തലില്‍ നില്‍ക്കേണ്ട കാര്യമില്ലെന്നും യുഡിഎഫില്‍ അര്‍ഹമായ സ്ഥാനം നല്‍കുമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. വേദനകള്‍ കടിച്ചമര്‍ത്തി പ്രശ്‌നമൊന്നും ഇല്ലെന്ന് നാളെ സിപിഐ പറയും. പക്ഷെ, അകല്‍ച്ചയുണ്ടായികഴിഞ്ഞുവെന്നും എല്‍ഡിഎഫില്‍ വിള്ളല്‍ വീണുകഴിഞ്ഞുവെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പിഎം ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ കേരളം ഒപ്പുവെച്ച നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
◾ സി. പി. ഐ കുരയ്ക്കുമെന്നല്ലാതെ, കടിക്കാത്ത ഒരു അപൂര്‍വ്വ ജീവിയാണെന്നും ആദര്‍ശ വേഷം കെട്ടിയാടുന്നവര്‍ യജമാനനെ കാണുമ്പോള്‍ വാലാട്ടുമെന്നും ചര്‍ദ്ദിച്ചതെല്ലാം വിഴുങ്ങുകയും ചെയ്യുമെന്നും ചെറിയാന്‍ ഫിലിപ്പ് പരിഹസിച്ചു. 45 വര്‍ഷമായി സി.പി.ഐയുടെ പല്ലും നഖവും എ.കെ.ജി സെന്ററില്‍ പണയം വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം - ബി.ജെ.പി രഹസ്യ ബന്ധത്തെ സി.പി.ഐ അംഗീകരിക്കുന്നുണ്ടോയെന്നാണ് അവര്‍ വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ പി.എം ശ്രീ വിഷയത്തില്‍ സാംസ്‌കാരിക മേഖലയില്‍ നിന്നും സിപിഎമ്മിനെതിരേ വിമര്‍ശനങ്ങള്‍. സ്റ്റാലിനും മമതയും മാതൃകകള്‍ ആയിട്ടല്ല, പക്ഷേ ചിലപ്പോള്‍ നിലപാടുകള്‍ നിര്‍ണ്ണായകമാവുന്നുവെന്ന് എഴുത്തുകാരന്‍ സച്ചിദാനന്ദന്‍ കുറിച്ചു. കാലം കാത്തിരിക്കുകയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പി എംശ്രീകുട്ടികള്‍ക്കായി' എന്ന് എഴുത്തുകാരി സാറാ ജോസഫും വിമര്‍ശന കുറിപ്പിട്ടു.
◾ സംസ്ഥാനത്തിന്റെ മദ്യനയം 5 വര്‍ഷത്തേക്ക് ആക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നതിനെ സ്വാഗതം ചെയ്ത് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍. വ്യവസായ സൗഹൃദ നീക്കമാണ് ഇതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു. പത്തു കൊല്ലം മുമ്പ് ഘട്ടംഘട്ടമായി ബാറുകളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കം ഉണ്ടായിരുന്നു. അതില്‍ നിന്നുള്ള മാറ്റം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ മദ്യനയം 5 വര്‍ഷത്തേക്ക് ആക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ് ഇന്നലെയാണ് വ്യക്തമാക്കിയത്.
◾ എലപ്പുള്ളി ബ്രൂവറിയുമായി ബന്ധപ്പെട്ട് മന്ത്രി എം.ബി രാജേഷിനെതിരെ എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു. പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ ഒരിക്കല്‍ പോലും കേള്‍ക്കാന്‍ തയ്യാറാകാത്ത മന്ത്രിക്ക് ബ്രൂവറി വരുന്നതില്‍ എലപ്പുള്ളിക്കാര്‍ക്ക് ആശങ്കയില്ലെന്ന് എങ്ങനെ പറയാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു ചോദിച്ചു. പഞ്ചായത്ത് പരമാധികാര റിപ്പബ്ലിക്കല്ലെന്ന മന്ത്രിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു രേവതി ബാബു. ബ്രൂവറി വിഷയത്തില്‍ ഞങ്ങളെ മന്ത്രി പഠിപ്പിക്കേണ്ടതില്ലെന്നും പ്രസിഡന്റ് തുറന്നടിച്ചു.
◾ ഷാഫി പറമ്പില്‍ എംപി ആരോപണം ഉന്നയിച്ച സിഐ അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാനായി സിറ്റി പൊലിസ് കമ്മീഷണര്‍ നാഗരാജു നല്‍കിയ നോട്ടീസ് പുറത്ത്. ഇത് റദ്ദാക്കിയാണ് സര്‍ക്കാര്‍ അഭിലാഷിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തത്. പേരാമ്പ്ര സംഘര്‍ഷത്തില്‍ തന്നെ മര്‍ദ്ദിച്ചത്, ക്രിമിനല്‍ പശ്ചാത്തലം ഉള്‍പ്പെടെ കണക്കിലെടുത്ത്, സേനയില്‍ നിന്ന് പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥനെന്ന് ഷാഫി പറമ്പില്‍ എംപി ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
◾ ശബരിമല ദ്വാരപാലക ശില്‍പങ്ങളില്‍ നിന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വേര്‍തിരിച്ചെടുത്ത സ്വര്‍ണം ഉണ്ണിക്കൃഷ്ണന്‍ പോറ്റി വിറ്റെന്ന വിവരം പുറത്തുവന്നു. ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധനാണ് പോറ്റി സ്വര്‍ണം വിറ്റത്. ഗോവര്‍ദ്ധന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ബെല്ലാരിയില്‍ തെളിവെടുപ്പ് നടത്തും.
◾ ശബരിമല സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്ഐടി ഇന്ന് പുലര്‍ച്ചെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചും തെളിവെടുക്കും. അതേസമയം, കേസില്‍ പ്രതിപട്ടികയിലുള്ള കൂടുതല്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും എന്നാണ് സൂചന. ദ്വാരപാലക ശില്‍പ്പത്തിലെ പാളികളിലെ സ്വര്‍ണം കടത്തിയതില്‍ 10 പ്രതികളാണുള്ളത്.
◾ ശബരിമല സ്വര്‍ണ്ണ ക്കവര്‍ച്ചയില്‍ ഹൈക്കോടതി പരമാര്‍ശം നേരിട്ട ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്പ്രശാന്ത് പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് രംഗത്ത്. തന്റെ സ്വത്തു വിവരങ്ങള്‍ പരസ്യമാക്കാമെന്നും തനിക്ക് മൂന്നു അക്കൗണ്ടുകളിലായി മൂന്നു ലക്ഷം ആസ്തിയുണ്ടെന്നും എന്നാല്‍ വിഡി സതീശന്‍ സ്വത്ത് വെളിപ്പെടുത്താന്‍ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു. ആരാണ് കോടിശ്വരനെന്ന് അപ്പോള്‍ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ ഗതാഗത നിയന്ത്രണം ലംഘിച്ച് യുവാക്കള്‍. പാലായില്‍ രാഷ്ട്രപതി പങ്കെടുത്ത പരിപാടിയുടെ നിയന്ത്രണമാണ് ലംഘിച്ചത്. വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത റോഡിലൂടെ മൂന്ന് പേരാണ് ഒരു ബൈക്കില്‍ പോയത്. പൊലീസ് തടഞ്ഞിട്ടും നില്‍ക്കാതെ യുവാക്കള്‍ ബൈക്കില്‍ യാത്ര തുടര്‍ന്നു. യുവാക്കളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
◾ കേരള കലാമണ്ഡലം പ്രതിസന്ധിയിലെന്ന് ചാന്‍സലര്‍ മല്ലിക സാരാഭായ്. ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് കാരണം വികസന പദ്ധതികള്‍ പാളുന്നെന്നും കേരളത്തിന്റെ അഭിമാന സ്ഥാപനത്തിന്റെ ആകര്‍ഷണം നഷ്ടമായിയെന്നും മല്ലിക സാരാഭായ് പറയുന്നു. 50 വര്‍ഷം പിറകിലാണ് ഓരോ ഉദ്യോഗസ്ഥരെന്നും ഉദ്യോഗസ്ഥര്‍ക്ക് ഇംഗ്ലീഷ് അറിയില്ലെന്നും കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയില്ലെന്നും കുറ്റപ്പെടുത്തിയ മല്ലിക, മിക്കവരും യോഗ്യത ഇല്ലാതെ രാഷ്ട്രീയ നിയമനം നേടിയവരാണെന്നും വ്യക്തമാക്കി.
◾ കേരളത്തില്‍ പലയിടത്തും അമീബിക് മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നെഗ്ഗെറിയ ഫൗലേറി എന്ന അമീബിയയാണ് രോഗത്തിന് കാരണമായ രോഗാണു. വെള്ളത്തിലുള്ള ബാക്ടീരിയകളെയും മറ്റും ഭക്ഷിച്ച് ജീവിക്കുന്ന ഇവ നമുക്ക് ചുറ്റുമുള്ള ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ധാരാളമായുണ്ട്. അണുബാധ ഉണ്ടായാല്‍ 5 മുതല്‍ 10 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.
◾ വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ക്ക് വിവരങ്ങള്‍ ലഭ്യമല്ല, വിവരങ്ങള്‍ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല എന്നീ മറുപടികള്‍ പറഞ്ഞ് വിവരങ്ങള്‍ നിരസിച്ചാല്‍ ഓഫീസ് മേധാവിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ എം ദിലീപ്. വിവരങ്ങള്‍ പൗരന് ക്രമമായി ലഭ്യമാകുന്ന വിധത്തില്‍ ഫയലുകള്‍ സൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഓഫീസ് മേധാവിക്കാണെന്ന് അദ്ദേഹം പറഞ്ഞു.
◾ കോഴിക്കോട് താമരശേരിയിലെ അറവുമാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ്‌കട്ടിനെതിരായ സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസില്‍ 74 പേരെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന. ആക്രമണത്തിന് ഗൂഢാലോചന നടത്തിയവരെ പിടികൂടുമെന്ന് ഡിഐജി യതീഷ് ചന്ദ്ര വ്യക്തമാക്കി. 351 പേര്‍ക്കെതിരെ കേസെടുത്തതില്‍ രണ്ട് പേരെയാണ് നിലവില്‍ അറസ്റ്റ് ചെയ്തത്.
◾ ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനും സര്‍ക്കാരിനും തിരിച്ചടി. മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തില്‍ പുതിയ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ആനക്കൊമ്പ് നിയമവിധേയമാക്കിയ സര്‍ക്കാര്‍ നടപടികളില്‍ വീഴ്ചയുണ്ടായി എന്നും കോടതി നിരീക്ഷിച്ചു.
◾ കൊച്ചി പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിഷയത്തിലെ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി. സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛനും, തുടര്‍നടപടി അവസാനിപ്പിക്കുന്നതായി സംസ്ഥാന സര്‍ക്കാരും അറിയിച്ചതോടെയാണ് ഹൈക്കോടതി തീരുമാനം. ഭരണഘടന അവകാശങ്ങളുടെ ലംഘനം നടന്നത് കൊണ്ടാണ് വിഷയത്തില്‍ ഇടപെട്ടതെന്നും കുട്ടിയുടെ മൗലിക അവകാശം നിഷേധിക്കപ്പെട്ടതായും വിദ്യാഭ്യാസ വകുപ്പ് കോടതിയില്‍ നിലപാട് അറിയിച്ചു. വിഷയം രമ്യമായി പരിഹരിക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി എല്ലാ കക്ഷികളും തുടര്‍നടപടി ഇല്ലെന്ന് വ്യക്തമാക്കിയതോടെ ഹര്‍ജി തീര്‍പ്പാക്കുന്നതായി അറിയിച്ചു.
◾ ശക്തമായ മഴയില്‍ ചോര്‍ന്നൊലിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം. അത്യാഹിത വിഭാഗത്തിലെ പുരുഷന്മാരുടെ ഒബ്സര്‍വേഷന്‍ റൂം ഉള്‍പ്പെടെയാണ് ചോരുന്നത്. വെള്ളം നിലത്ത് വീഴാതിരിക്കാന്‍ ബക്കറ്റ് വെച്ചിരിക്കുകയാണ് ജീവനക്കാര്‍. രോഗികള്‍ വഴുതി വീഴാതിരിക്കാന്‍ മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ആശുപത്രിക്കകത്തെ ഫാര്‍മസിക്ക് സമീപമെല്ലാം ചോര്‍ന്ന് ഒലിക്കുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറു കണക്കിന് ആളുകളാണ് ദിവസവും ആശുപത്രിയിലെത്തുന്നത്.
◾ കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം അടച്ചു. ഇന്ന് മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുന്നതായി തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. സഞ്ചാരികളുടെ സുരക്ഷയും അപകട സാധ്യതകളും കണക്കിലെടുത്താണ് തീരുമാനം.
◾ പീച്ചി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇന്ന് നാല് സ്പില്‍വേ ഷട്ടറുകള്‍ രണ്ട് ഇഞ്ച് വീതം ഉയര്‍ത്തുമെന്ന് പീച്ചി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കെ.എസ്.ഇ.ബി ചെറുകിട വൈദ്യുതി നിലയത്തില്‍ സാങ്കേതിക തടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്.
◾ നേമം പൊലീസ് ക്വാര്‍ട്ടേഴ്സ് റോഡിന്റെ ഭാഗമായുള്ള വട്ടവിള സുരേഷ് റോഡില്‍, ഗതാഗതത്തിനുള്ള പകരം സംവിധാനം ഏര്‍പ്പെടുത്താതെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് റെയില്‍വേയ്ക്ക് കൈമാറിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ജില്ലാ കളക്ടറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടു. നേമം റെയില്‍വേ ട്രാക്കിന് സമാന്തരമായി സഞ്ചരിക്കുന്ന വട്ടവിള സുരേഷ് റോഡ് ഒരു കോടിയിലധികം രൂപ വാങ്ങി റെയില്‍വേയ്ക്ക് കൈമാറിയെന്നാണ് ആക്ഷേപം.
◾ ആനയ്ക്കും പുലിക്കും പന്നിക്കും പുറമെ കുരങ്ങു ശല്യത്തില്‍ വലഞ്ഞ് നെല്ലിയാമ്പതിക്കാര്‍. പുലയമ്പറ, കൈകാട്ടി, നൂറടി, പാടഗിരി പ്രദേശത്തെ വീടുകളിലും, കടകളിലുമെത്തിയാണ് കുരങ്ങുകള്‍ നാശം വിതയ്ക്കുന്നത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാടികളിലെ വീടുകളിലെ ഓട് മാറ്റി ഇറങ്ങി ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നതും, കുട്ടികളെ ഉപദ്രവിക്കുന്നതും പതിവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
◾ ഉദയംപേരൂര്‍ നടക്കാവ് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ സിപിഎം നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാര്‍ട്ടി മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പങ്കജാക്ഷന്‍ ആണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
◾ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാപിതാക്കള്‍ക്കും കോടതി തടവ് ശിക്ഷ വിധിച്ചു. വള്ളികുന്നം വില്ലേജില്‍ എസ് കെ സദനം വീട്ടില്‍ ശിവന്‍കുട്ടിയുടെ മകള്‍ ദീപികയുടെ മരണത്തിലാണ് വിധി. ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും ഏഴ് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കേണ്ടിവരും. മൂന്നാം പ്രതിയായ ഭര്‍ത്താവിന് ഏഴ് വര്‍ഷം കഠിനതടവാണ് കോടതി വിധിച്ചത്.
◾ ഹൈദരാബാദിലെ കര്‍ണൂലില്‍ ബസിന് തീപിടിച്ച് നിലവില്‍ 20 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഉയരാന്‍ സാധ്യത. 15 പേരെ രക്ഷപ്പെടുത്തി. ബെംഗളൂരു- ഹൈദരാബാദ് ഹൈവേയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ബെംഗളൂരു-ഹൈദരാബാദ് സ്വകാര്യ വോള്‍വോ ബസിനാണ് കത്തുപിടിച്ചത്. തീപിടിത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. ബസില്‍ 42 യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
◾ പരസ്യലോകത്തെ ഇതിഹാസമായ പിയൂഷ് പാണ്ഡെ (70) അന്തരിച്ചു. അണുബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. ഫെവികോള്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഹച്ച്, വോഡഫോണ്‍, കാഡ്ബറി എന്നിവയുടേത് ഉള്‍പ്പെടെ ജനപ്രിയമായ ഒട്ടേറെ പരസ്യങ്ങള്‍ ഒരുക്കിയത് പിയൂഷ് പാണ്ഡെയാണ്. 'ഒഗില്‍വി' എന്ന പരസ്യ ഏജന്‍സിയുടെ ഭാഗമായി ഇന്ത്യക്കാരുടെ മനസിനെ തൊട്ട നിരവധി പരസ്യങ്ങളാണ് അദ്ദേഹം സൃഷ്ടിച്ചത്.
◾ ഐഎസ്ആര്‍ഒയുടെ ആദ്യ ആളില്ലാ ഗഗന്‍യാന്‍ ദൗത്യത്തിന്റെ 90 ശതമാനം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെങ്കിലും വെല്ലുവിളികളേറെ ഉള്ളതിനാല്‍ ശ്രദ്ധയോടെയാണ് കന്നി ഗഗന്‍യാന്‍ ദൗത്യത്തിനായി മുന്നോട്ട് പോകുന്നതെന്ന് ഇസ്രൊ ചെയര്‍മാന്‍ ഡോ.വി. നാരായണന്‍. അമേരിക്കന്‍ സ്വകാര്യ കമ്പനിയുമായി സഹകരിച്ചുള്ള ബ്ലൂബേര്‍ഡ് 6 സാറ്റ്‌ലൈറ്റ് വിക്ഷേപണം ഈ വര്‍ഷം അവസാനം ഉണ്ടാകുമെന്നും ഇസ്രൊ ചെയര്‍മാന്‍ അറിയിച്ചു.
◾ ദില്ലിയില്‍ ഭീകരാക്രമണശ്രമം തകര്‍ത്തു. ഐഎസിന്റെ പിന്തുണയുള്ള ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയിലായി. ദില്ലിയിലെ തിരക്കേറിയ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതി ഇട്ടിരുന്നതായി പൊലീസ് പറയുന്നു. ദില്ലി പൊലീസിന്റെ പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. ദില്ലി മധ്യപ്രദേശ് സ്വദേശികളാണ് പിടിയിലായ പ്രതികള്‍. ചാവേറുകളാകാനുള്ള പരിശീലനം ഇവര്‍ക്ക് ലഭിച്ചിരുന്നതായിട്ടാണ് സൂചന.
◾ ബി ജെ പി നേതാവ് റോഡില്‍ തള്ളിയ മാലിന്യം തിരികെ വീട്ടില്‍ കൊണ്ട് ഇടാന്‍ ഉത്തരവിട്ട് ചീഫ് മുനിസിപ്പല്‍ ഓഫീസര്‍. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ മുനിസിപ്പാലിറ്റിയിലാണ് സംഭവം. ബിജെപി നേതാവ് മഹേഷ് റായി, തന്റെ വീടിന് പുറത്ത് തള്ളിയ മാലിന്യം അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് തന്നെ തള്ളാന്‍ ശുചീകരണ ജീവനക്കാരോട് ചീഫ് മുനിസിപ്പല്‍ ഓഫീസര്‍ ശൈലേന്ദ്ര സിംഗ് ആവശ്യപ്പെടുകയായിരുന്നു.
◾ സര്‍ക്കാര്‍ ജീവനക്കാര്‍ മാതാപിതാക്കളെ അവഗണിച്ചാല്‍ ശമ്പളത്തിന്റെ 10 മുതല്‍ 15 ശതമാനം വരെ വെട്ടാന്‍ തെലങ്കാന സര്‍ക്കാര്‍. ഈ തുക മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പ്-II ജീവനക്കാര്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ ദില്ലിയില്‍ വായു മലിനീകരണം കുറയ്ക്കാന്‍ ഈ മാസം 29ന് ക്ലൗഡ്സ് സീഡിങ് നടപ്പാക്കിയേക്കുമെന്ന് ദില്ലി പരിസ്ഥിതി മന്ത്രി മഞ്ജിതര്‍ സിംഗ് സിര്‍സ പറഞ്ഞു. ഒക്ടോബര്‍ 28 മുതല്‍ 30 വരെ ദില്ലിക്ക് മുകളില്‍ മേഘങ്ങളുടെ സാന്നിധ്യം ഉണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചതായി മന്ത്രി പറഞ്ഞു. ക്ലൗഡ് സീഡിങ്ങിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കി.
◾ ബീഹാറില്‍ എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാരെ ജനം പുറത്തുനിര്‍ത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ സമസ്തിപൂരില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് വോട്ട് തേടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബിഹാറിലെത്തിയത്. ഈ നിയമസഭ തെരഞ്ഞെടുപ്പിലെ മോദിയുടെ ആദ്യ റാലിയാണിത്.
◾ കുനാര്‍ നദിയില്‍ അതിവേഗം അണക്കെട്ടുകള്‍ നിര്‍മ്മിച്ച് പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിയന്ത്രിക്കാന്‍ താലിബാന്‍ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാന്‍ ഒരുങ്ങുന്നു. അഫ്ഗാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കുനാര്‍ നദിയില്‍ കഴിയുന്നത്ര വേഗത്തില്‍ അണക്കെട്ട് നിര്‍മ്മിക്കാനുള്ള ഉത്തരവ് താലിബാന്‍ പരമോന്നത നേതാവ് മൗലവി ഹിബത്തുല്ല അഖുന്ദ്‌സാദ നല്‍കിയെന്നാണ് വിവരം.
◾ അമേരിക്കയുടെ ഉപരോധത്തിന് മറുപടിയുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. ഒരു സമ്മര്‍ദത്തിനും റഷ്യ വഴങ്ങില്ലെന്ന് പുടിന്‍ പ്രഖ്യാപിച്ചു. അമേരിക്കയുടേത് ശത്രുതാപരമായ സമീപനമാണെന്നും കനത്ത തിരിച്ചടി നല്‍കാന്‍ റഷ്യക്ക് അറിയാമെന്നും, അമേരിക്ക അത് നേരിടേണ്ടി വരുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ ഉപരോധം റഷ്യയെ ബാധിക്കില്ലെന്നും പുടിന്‍ വ്യക്തമാക്കി. പുടിനുമായുള്ള കൂടിക്കാഴ്ച്ച റദ്ദാക്കിയതിന് പിന്നാലെയാണ് ട്രംപ് റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചത്.
◾ വെനസ്വേലയിലെ ഇടതു ഭരണം അട്ടിമറിക്കാന്‍ യു എസ് ശ്രമിക്കുന്നതായി ഗുരുതര ആരോപണം. വെനസ്വേലയുടെ തീരത്ത് യു എസ് ബി - 1 ബോംബര്‍ വിമാനങ്ങള്‍ പറത്തിയുള്ള സൈനിക പ്രകോപനം ശക്തമാക്കിയതോടെയാണ് അട്ടിമറി നീക്കമെന്ന ആരോപണവും ശക്തമായത്. മയക്കുമരുന്ന് കടത്ത്, തടവറകളില്‍ നിന്ന് കുറ്റവാളികളെ യു എസിലേക്ക് തുറന്നുവിടുന്നു എന്നീ ആരോപണങ്ങള്‍ നേരത്തെ മുതല്‍ തന്നെ വെനസ്വേലക്കെതിരെ അമേരിക്കന്‍ ഭരണകൂടങ്ങള്‍ ഉയര്‍ത്തിയിരുന്നു.
◾ റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ റഷ്യക്ക് വീണ്ടും തിരിച്ചടി. ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് കമ്പനികളും റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. റഷ്യയില്‍ നിന്ന് പ്രതിദിനം ശരാശരി 16 ലക്ഷം ബാരല്‍ വീതം എണ്ണയാണ് ഇന്ത്യ വാങ്ങിയിരുന്നത്. 2025ന്റെ ആദ്യ 9 മാസം കണക്കിലെടുത്താല്‍ പ്രതിദിന ശരാശരി 19 ലക്ഷം ബാരല്‍. ചൈനീസ് കമ്പനികള്‍ കടല്‍വഴി മാത്രം പ്രതിദിനം 14 ലക്ഷം ബാരല്‍വീതം എണ്ണ റഷ്യയില്‍ നിന്ന് വാങ്ങിയിരുന്നു. നിലവില്‍ റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ചൈനയും ഇന്ത്യയും കൈവിടുന്നത് പുടിന് റഷ്യക്ക് വന്‍ ആഘാതമാണുണ്ടാക്കുക. റഷ്യയിലെ വമ്പന്‍ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റ്, ലൂക്കോയില്‍ എന്നിവയ്ക്കും ഇവയുടെ ഉപസ്ഥാപനങ്ങള്‍ക്കുമാണ് അമേരിക്കയുടെ ഉപരോധം. പുതിയ സാഹചര്യത്തില്‍ രാജ്യാന്തര ക്രൂഡ് ഓയില്‍ വില കുതിച്ചുകയറി. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 6.05% മുന്നേറി 62.04 ഡോളറിലും ബ്രെന്റ് ക്രൂഡ് വില 5.53% ഉയര്‍ന്ന് 66.05 ഡോളറിലുമെത്തി.
◾ ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സര്‍വം എഐ, തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത ലാര്‍ജ് ലാംഗ്വേജ് മോഡല്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ഭാഷാപരവും സാമൂഹ്യപരവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി എഐ ഗവേഷണങ്ങളെ പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ളതാണ് സംരംഭം. ഇംഗ്ലീഷിനെ മാത്രം ആശ്രയിക്കുന്ന മറ്റ് എഐ ചാറ്റ്ബോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യന്‍ ഭാഷകളെ പിന്തുണയ്ക്കുന്നതിനാണ് സര്‍വം എഐ പ്രാധാന്യം നല്‍കുന്നത്. തുടക്കത്തില്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, മറാത്തി, ഗുജറാത്തി, കന്നഡ, ഒഡിയ, പഞ്ചാബി എന്നീ 10 ഭാഷകളില്‍ ഇതിന്റെ വോയ്‌സ് അധിഷ്ഠിത സൊല്യൂഷനുകള്‍ ലഭ്യമാകും. ഇത് ഗ്രാമീണ മേഖലയിലുള്ളവര്‍ക്കും ഇംഗ്ലീഷ് സംസാരിക്കാത്തവര്‍ക്കും സംഭാഷണ എഐയുടെ പ്രയോജനം ലഭിക്കാന്‍ സഹായിക്കും. ഡിസംബറിനും ജനുവരിക്കും ഇടയില്‍ എ.ഐ ചാറ്റ്ബോട്ട് പുറത്തിറക്കുമെന്നാണ് കരുതുന്നത്.
◾ 2025 സെപ്റ്റംബറില്‍ ഇന്ത്യയിലെ നാലു മീറ്ററില്‍ താഴെയുള്ള എസ്യുവി വിഭാഗം വീണ്ടും സജീവമായി. 22,573 യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് ടാറ്റ നെക്‌സോണ്‍ വീണ്ടും സെഗ്മെന്റ് ലീഡറായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിനെ അപേക്ഷിച്ച് 97% വന്‍ വര്‍ധനവാണിത്. നെക്‌സോണ്‍ ഇപ്പോള്‍ രാജ്യത്തെ ഒന്നാം നമ്പര്‍ എസ്യുവിയാണ്. ടാറ്റ പഞ്ച് ഐസിഇ പതിപ്പും അതിന്റെ ഇലക്ട്രിക് മോഡലുകളും മികച്ച പ്രകടനം കാഴ്ചവച്ചു. വില്‍പ്പന 15,891 യൂണിറ്റിലെത്തി. 13,767 യൂണിറ്റ് വില്‍പ്പനയുമായി മാരുതി ഫ്രോങ്ക്സ് നിലംപരിശാക്കി , നെക്സ പോര്‍ട്ട്ഫോളിയോ മികച്ച പ്രകടനം കാഴ്ചവച്ചു. ബ്രെസ്സയുടെ വില്‍പ്പനയില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 33.6% കുറഞ്ഞ് 10,173 യൂണിറ്റായി. കഴിഞ്ഞ മാസത്തേക്കാള്‍ 42% വര്‍ധനവോടെ 11,484 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഹ്യുണ്ടായി വെന്യുവിന്റെ വില്‍പ്പനയില്‍ ഉണ്ടായത്. എക്സ്റ്ററിന്റെ വില്‍പ്പന 5,643 യൂണിറ്റുകളായി. കിയ സോനെറ്റിന്റെ വില്‍പ്പനയെക്കുറിച്ച് പറയുമ്പോള്‍, 9,020 യൂണിറ്റുകളുമായി സോനെറ്റ് സ്ഥിരമായ ഡിമാന്‍ഡ് രേഖപ്പെടുത്തി.
◾ ഭക്ഷണം തണുക്കുമ്പോള്‍ ചൂടാകുന്നതിന് പിന്നിലൊരു ശാസ്ത്രമുണ്ടെന്നാണ് സാന്‍ ഡിജിയോ സ്റ്റേറ്റ് സര്‍വകലാശാല ഗവേഷകര്‍ പുതിയ പഠനത്തിലൂടെ വ്യക്തമാക്കുന്നത്. ചായ, കാപ്പി പോലുള്ള പാനീയങ്ങള്‍ അല്ലെങ്കില്‍ ചില ഭക്ഷണങ്ങള്‍ ചൂടോടെ കഴിക്കുന്നത് നമ്മുടെ മാനസികവും ശാരീരികവുമായ ആരോ?ഗ്യത്തില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തുണ്ട്. ഇത് ഉത്കണ്ഠ, ഇന്‍സോമിയ പോലുള്ള ലക്ഷണങ്ങള്‍ നിയന്ത്രിക്കാനും ദഹനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. പലപ്പോഴും ചേരുവയെക്കാള്‍ ഭക്ഷണത്തിന്റെ ചൂട് നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്നുണ്ടെന്നും ബ്രിട്ടിഷ് ജേണല്‍ ഓഫ് ന്യൂട്രിഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഏഷ്യയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള 400 പേരാണ് പഠനത്തിന്റെ ഭാഗമായത്. തണുത്ത ഭക്ഷണം കഴിച്ചവരില്‍ ഉയര്‍ന്ന അളവില്‍ ഉത്കണ്ഠ പ്രശ്‌നങ്ങളും ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങളും പ്രകടമായിരുന്നുവെന്നും ഗവേഷകര്‍ വിശദീകരിച്ചു. മാത്രമല്ല, ശൈത്യകാലത്ത് ചൂടോടെ ഭക്ഷണം കഴിക്കുന്നത് വിഷാദ ലക്ഷണങ്ങളും ഉറക്കമില്ലായ്മ പോലുള്ള പ്രശ്‌നങ്ങളും കുറച്ചതായി കണ്ടെത്തി. രക്തയോട്ടം മോശമായവരില്‍ തണുത്ത ഭക്ഷണപാനീയങ്ങളോടുള്ള സംവേദനക്ഷമത കൂടുതലാണെന്നും പഠനം പറയുന്നു. തണുത്ത ഭക്ഷണങ്ങള്‍ക്ക് അധിക ദഹന ഊര്‍ജ്ജം ആവശ്യമാണ്, ഇത് ശരീരത്തിന് പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ ബുദ്ധിമുട്ടാക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 87.78, പൗണ്ട് - 116.87, യൂറോ - 101.89, സ്വിസ് ഫ്രാങ്ക് - 110.27, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.02, ബഹറിന്‍ ദിനാര്‍ - 232.88, കുവൈത്ത് ദിനാര്‍ -286.26, ഒമാനി റിയാല്‍ - 228.30, സൗദി റിയാല്‍ - 23.41, യു.എ.ഇ ദിര്‍ഹം - 23.90, ഖത്തര്‍ റിയാല്‍ - 24.14, കനേഡിയന്‍ ഡോളര്‍ - 62.62.
➖➖➖➖➖➖➖➖
Tags:
KERALA