Trending

ഫ്രഷ് കട്ട് സമരം; സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി അക്രമം നടത്തി, പിന്നില്‍ ചില തല്‍പരകക്ഷികള്ളെന്ന് -ഡിഐജി യതീഷ് ചന്ദ്ര

താമരശ്ശേരി ഫ്രഷ് കട്ടിനു മുന്നില്‍ നടന്നത് ആസൂത്രിത അക്രമം എന്ന് ഡിഐജി യതീഷ് ചന്ദ്ര.സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കിയാണ് അക്രമം നടത്തിയെതെന്നും അക്രമത്തിന് പിന്നില്‍ ചില തല്‍പരകക്ഷികളാണെന്നും യതീഷ് ചന്ദ്ര പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടിചേർത്തു.



രാവിലെ മുതല്‍ വൈകിട്ട് വരെ സമാധാനപരമായിരുന്നു കാര്യങ്ങള്‍. വൈകിട്ടാണ് ആസൂത്രിത അക്രമം ഉണ്ടായത്. പോലീസിന്റെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായിട്ടില്ല. ഫ്രഷ് കട്ടിലെ ജീവനക്കാർ അകത്തുള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടത്. തീ അണക്കാൻ പോയ ഫയർഫോഴ്സ് എൻജിനുകളെ പോലും തടഞ്ഞുവച്ചു. പ്രതിഷേധക്കാർ കത്തിച്ചപ്പോളാണ് പൊലീസ് ഗ്രനയ്ഡ് പ്രയോഗിച്ചത്. മനുഷ്യത്വരഹിതമായ നടപടിയാണ് ഉണ്ടായത്. എസ്പി, താമരശ്ശേരി എസ്‌എച്ച്‌ ഉള്‍പ്പെടെ 16 ഓളം പോലീസുകാർക്ക് ഗുരുതര പരിക്ക് പറ്റി. കർശനമായ നടപടി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും ഡിഐജി പറഞ്ഞു.

നാട്ടുകാർ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തില്‍ കലാശിച്ചത്. കല്ലേറില്‍ താമരശ്ശേരി എസ്‌എച്ച്‌ഒ ഉള്‍പ്പെടെയുള്ളവർക്ക് പരിക്കേറ്റു. സംഘര്‍ഷത്തെതുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് എത്തിയ വാഹനം സമരക്കാർ തടഞ്ഞു. വാഹനത്തിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു, പൊലിസിന് നേരെയും കല്ലേറുണ്ടായി. പിന്നാലെ പൊലിസ് ലാത്തി ചാർജ് നടത്തുകയായിരുന്നു.

സ്ത്രീകളടക്കമുള്ളവരാണ് സ്ഥലത്ത് പ്രതിഷേധിച്ചത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. കല്ലേറ് ഉണ്ടായതോടെയാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തത്. നേരത്തെയും അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായിരുന്നെങ്കിലും ഇത്രയം വലിയ സംഘര്‍ഷത്തിലേക്ക് പോയിരുന്നില്ല. താമരശ്ശേരി അമ്പായത്തോടിലെ ഫാക്ടറിക്കെതിരെ ഏറെ നാളായി സമരത്തിലാണ് നാട്ടുകാര്‍. മൂന്ന് പഞ്ചായത്തുകളിലെ ജനജീവിത്തെ ദുസഹമാക്കുന്നതാണ് ഇവിടെ നിന്നു വമിക്കുന്ന ദുര്‍ഗന്ധമെന്നാണ് പരാതി.
Previous Post Next Post
3/TECH/col-right