2025 ഒക്ടോബർ 21 ചൊവ്വ
1201 തുലാം 4 ചിത്തിര
1447 റ : ആഖിർ 28
◾ ശബരിമലയെ വിവാദമാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ വാവര്‍ക്കും പ്രധാന സ്ഥാനമുണ്ട്. ഇത് ആര്‍എസ്എസ് അംഗീകരിക്കുന്നില്ല. ഒരു മുസ്ലീമിന് എങ്ങനെ അയ്യപ്പന്റെ കഥയില്‍ സ്വാധീനം കിട്ടുമെന്ന് സംഘപരിവാര്‍ ചിന്തിക്കുന്നു. ബിജെപിക്ക് നല്‍കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകര്‍ക്കാനാണ് ഉപകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആര്‍എസ്എസിന് മേധാവിത്വം കിട്ടിയാല്‍ ഓണവും മഹാബലിയും നഷ്ടപ്പെടുന്ന സ്ഥിതിയായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
◾ അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. ഒക്ടോബര്‍ 28 വരെയാണ് ഒളിമ്പിക്സ് മാതൃകയിലുള്ള കായികമേള സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം 4.00 മണിക്ക് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വര്‍ണ്ണക്കപ്പാണ് ഇത്തവണ നല്‍കുന്നത്.
◾ രാഷ്ട്രപതി ദ്രൗപദി മുര്‍മു 4 ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നു കേരളത്തിലെത്തും. വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ഇന്നു രാജ്ഭവനില്‍ തങ്ങി നാളെ ഉച്ചയോടെ ശബരിമലയില്‍ ദര്‍ശനം നടത്തും.
◾ രാജ്യത്തെ ഏറ്റവും മികച്ച സാമൂഹിക നിലവാരമുള്ള സംസ്ഥാനം കേരളമെന്ന് സര്‍വേയില്‍ കണ്ടെത്തല്‍. പ്രമുഖ ദേശീയ മാധ്യമ സ്ഥാപനമായ ഇന്ത്യ ടുഡേ ഗ്രൂപ്പ് നടത്തിയ പ്രഥമ ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയര്‍ സര്‍വേയിലാണ് കേരളം ചരിത്രപരമായ നേട്ടം കൈവരിച്ച് ഒന്നാം സ്ഥാനത്തെത്തിയത്. രാജ്യത്തെ 20 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും പൗരബോധം, പൊതു സുരക്ഷ, ലിംഗഭേദ നിലപാടുകള്‍, വൈവിധ്യം, വിവേചനം എന്നീ നാല് പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തിയ സമഗ്രമായ സാമൂഹിക പഠനമാണിത്.
◾ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും തീവ്ര ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമര്‍ദ്ദം ഇന്നത്തോടെ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് പ്രവചനം.
◾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. എറണാകുളത്ത് കിഴക്കന്‍ മേഖലയിലും തിരുവനന്തപുരത്തും കണ്ണൂരും മലയോരമേഖലകളിലും മഴ ശക്തമായതിനെ തുടര്‍ന്ന് ജനജീവിതം ദുസ്സഹമായി. കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
◾ ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യത്തെ പ്രത്യേകസംഘം ചോദ്യം ചെയ്തു. അറസ്റ്റ് നിലവില്‍ ഉണ്ടാവില്ല എന്നാണ വിവരം. നിലവില്‍ അനന്തസുബ്രഹ്‌മണ്യത്തെ കൂടാതെ ചില ഇടനിലക്കാരെയും ചോദ്യം ചെയ്തു എന്നാണ് വിവരം. അനന്തസുബ്രഹ്‌മണ്യത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഇരുത്തിയാണ് ചോദ്യം ചെയ്തത്.
◾ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണം ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ കൈകാര്യം ചെയ്തതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. എസ്ബിഐ ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീമില്‍ നിക്ഷേപിച്ച സ്വര്‍ണ്ണം യഥാസമയം പുതുക്കി വെയ്ക്കാത്തതിനാല്‍ 79 ലക്ഷം രൂപ നഷ്ടം വന്നതായും റിപ്പോര്‍ട്ട് . ഭക്തര്‍ നല്‍കിയ ചാക്ക് കണക്കിന് മഞ്ചാടിക്കുരു കാണാതായി, കുങ്കുമപ്പൂവ് രേഖകളില്‍ കൊള്ളിച്ചില്ല തുടങ്ങിയ കാര്യങ്ങളും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാണിച്ച ന്യൂനതകള്‍ പരിഹരിച്ചിരുന്നുവെന്നും ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ടെന്നും ഗുരുവായൂര്‍ ദേവസ്വം പ്രതികരിച്ചു.
◾ ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദേശം അക്ഷരംപ്രതി നടപ്പാക്കി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. കൊച്ചിയില്‍ പിടിച്ചെടുത്ത നൂറുകണക്കിന് എയര്‍ഹോണുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മണ്ണുമാന്ത്രിയന്ത്രം കയറ്റി നശിപ്പിച്ചു. എയര്‍ ഹോണ്‍ പരിശോധന ഇനിയും തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റോഡ് റോളറിന് പകരം ജെസിബിയില്‍ റോഡ് റോളര്‍ ഭാഗം ഘടിപ്പിച്ചായിരുന്നു നടപടി. കഴിഞ്ഞ കുറച്ചു ദിവസമായി നടന്ന പ്രത്യേക ഡ്രൈവില്‍ പിടിച്ചെടുത്ത എയര്‍ഹോണുകളാണ് ഒന്നിച്ച് നശിപ്പിച്ചത്.
◾ കൊച്ചിയില്‍ നടുറോഡിലിട്ട് എയര്‍ ഹോണുകള്‍ പൊട്ടിക്കാന്‍ ഉപയോഗിച്ച റോഡ് റോളറിന് പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് എയര്‍ഫോണുകള്‍ പൊട്ടിക്കാന്‍ ഉപയോഗിച്ച റോഡ് റോളറിന്റെ വിവരങ്ങള്‍ സഹിതം വ്യക്തമാക്കിക്കൊണ്ട് പോസ്റ്റ് ഇട്ടിരിക്കുന്നത്. ശബ്ദമലിനീകരണം തടയാന്‍ വായു മലിനീകരണം ആകാമെന്ന് പരിഹസിച്ചുകൊണ്ടാണ് പോസ്റ്റ്.
◾ പിഎം ശ്രീ വിവാദത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സഹായം ലഭിക്കുന്ന പദ്ധതിയാണെന്നും ആനുകൂല്യം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും അത് വഴി കേന്ദ്രനയങ്ങള്‍ നടപ്പാക്കുന്നതിനേയെ എതിര്‍ക്കേണ്ടതുള്ളൂവെന്നും വിഷയത്തിലെ സിപിഐ എതിര്‍പ്പിനെ കുറിച്ച് അറിയില്ല എന്നുമാണ് വസീഫിന്റെ പ്രതികരണം. കൂടാതെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഡിവൈഎഫ്ഐ നിലപാടില്‍ മാറ്റമില്ലെന്നും വസീഫ് വ്യക്തമാക്കി.
◾ സിപിഎം പത്തനംതിട്ട ഓതറ ലോക്കല്‍ കമ്മിറ്റിയില്‍ കൂട്ടരാജിയും തമ്മിലടിയും. രാജിക്കു പിന്നാലെ ഉണ്ടായ തമ്മിലടിയില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറര്‍ ഒ. എസ് സുധീഷിന്റെ കൈ തല്ലിയൊടിച്ചു. എതിര്‍ചേരിയില്‍ ഉള്ളവരാണ് സുധീഷിനെ മര്‍ദ്ദിച്ചത്. പൊലീസില്‍ പരാതി നല്‍കുമെന്ന് സുധീഷ് പ്രതികരിച്ചു.
◾ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ട് അപകടത്തില്‍ കാണാതായ മലയാളി കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതേദഹം കണ്ടെത്തി. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരം ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അധികൃതര്‍ അറിയിച്ചതായി എന്‍കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു. 2 മലയാളി യുവാക്കള്‍ അടങ്ങുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്.
◾ കെഎസ്ആര്‍ടിസി ബസ്സിനകത്ത് തെറിച്ചു വീണതിനെത്തുടര്‍ന്ന് യാത്രക്കാരിക്ക് പരിക്ക്. ബസ് സഡന്‍ ബ്രേക്ക് ഇട്ടതിനെ തുടര്‍ന്നാണ് യാത്രക്കാരി തെറിച്ചു വീണത്. അപകടത്തില്‍ യാത്രക്കാരിയുടെ തലയ്ക്കും കൈക്കും പരിക്കേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയ്ക്ക് മുന്നില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. കോതമംഗലത്ത് നിന്ന് ബത്തേരിയിലേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ഈ ബസ്സിനെ കുന്നമംഗലം മുതല്‍ സ്വകാര്യ ബസ് മറികടക്കാന്‍ ശ്രമിച്ചിരുന്നതായി യാത്രക്കാര്‍ പറയുന്നു.
◾ കൊല്ലം മുട്ടറ മരുതിമലയില്‍ നിന്നും താഴേക്ക് ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടിയും മരിച്ചു. അടൂര്‍ മുണ്ടപ്പള്ളി പെരിങ്ങനാട് സുവര്‍ണഭവനില്‍ സുകുവിന്റെ മകള്‍ 14കാരി ശിവര്‍ണയാണ് മരിച്ചത്. ശിവര്‍ണ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ശിവര്‍ണ. ഇതോടെ സംഭവത്തില്‍ മരണപ്പെട്ട കുട്ടികളുടെ എണ്ണം രണ്ടായി. ശിവര്‍ണയോടൊപ്പം ചാടിയ മറ്റൊരു 14 കാരിയായ മീനു സംഭവ ദിവസം തന്നെ മരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 17ന് വൈകിട്ടാണ് ഇരുവരും മുട്ടറ മരുതിമലയുടെ മുകളില്‍ നിന്ന് താഴേക്ക് ചാടിയത്.
◾ പാലക്കാട് വടക്കഞ്ചേരി ദേശീയപാതയില്‍ അഞ്ചുമൂര്‍ത്തീമംഗലത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ യുവാക്കളെ ഇടിച്ച് വീഴ്ത്തി 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. വടക്കഞ്ചേരി മംഗലം തെക്കേത്തറ പാഞ്ഞാംപറമ്പ് സ്വദേശി ഷിബു (27), മംഗലത്ത് വിരുന്നു വന്ന പല്ലാവൂര്‍ ചെമ്മണംകാട്ടില്‍ കിഷോര്‍ (26) എന്നിവരാണ് മരിച്ചത്.
◾ ബസ് ശരീരത്തിലൂടെ കയറി സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. പള്ളിക്കല്‍ സ്വദേശി തസ്ലീമയാണ് മരിച്ചത്. രാമനാട്ടുകരയില്‍ സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തിനിടെയാണ് അപകടം ഉണ്ടായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.
◾ മൈസൂരു സാലിഗ്രാമത്തില്‍ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. അയാന്‍ (16), അജാന്‍ (13), ലുക്മാന്‍ (16) എന്നിവരാണ് മരിച്ചത്. ചാമരാജ്പേട്ട ഇടതുകര കാനാലിലാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. കെ ആര്‍ പേട്ട നവോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അയാനും അജാനും.അവധിക്ക് നാട്ടില്‍ എത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
◾ മുതിര്‍ന്ന ബോളിവുഡ് നടന്‍ അസ്രാനി(84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഞ്ച് ദിവസമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏകദേശം 4 മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് വിവരം.
◾ ഒല ഇലക്ട്രിക്സിലെ യുവ എഞ്ചിനീയര്‍ ജീവനൊടുക്കി. ഒല സ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍ ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥര്‍ക്കെതിരെ മാനസിക പീഡനവും സാമ്പത്തിക ചൂഷണവും ആരോപിച്ച് 28 പേജുള്ള ഒരു കുറിപ്പ് എഴുതി വച്ചിട്ടാണ് 38കാരനായ കെ അരവിന്ദ് എന്ന എന്‍ജിനീയര്‍ ജീവനൊടുക്കിയത്. അതേസമയം, അരവിന്ദ് ജോലിയെക്കുറിച്ചോ പീഡനത്തെക്കുറിച്ചോ ഒരു പരാതിയും ഔദ്യോഗികമായി ഉന്നയിച്ചിട്ടില്ലെന്ന് ഒല പ്രസ്താവനയില്‍ പറഞ്ഞു. പോലീസ് കേസ് എടുത്തിട്ടുണ്ട്.
◾ ബിഹാര്‍ നിയമസഭയിലെ ആദ്യഘട്ട പോളിംഗില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായിട്ടും നേര്‍ക്ക് നേര്‍ പോരില്‍ നിന്ന് പിന്മാറാതെ മഹാസഖ്യത്തിലെ കക്ഷികള്‍. ആര്‍ജെഡി ഇന്നലെ പുറത്ത് വിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ നാലിടത്ത് കോണ്‍ഗ്രസിനെതിരെ സ്ഥാനാര്‍ത്ഥികളുണ്ട്.
◾ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 143 സ്ഥാനാര്‍ത്ഥികളുടെ പട്ടിക രാഷ്ട്രീയ ജനതാദള്‍ ഇന്നലെ പുറത്തിറക്കി. പാര്‍ട്ടി നയിക്കുന്ന മഹാസഖ്യം സഖ്യകക്ഷികള്‍ക്കിടയിലെ സീറ്റ് വിഭജനത്തില്‍ തീരുമാനമാകും മുമ്പാണ് പ്രധാന കക്ഷിയായ ആര്‍ജെഡി ആദ്യ പട്ടിക പുറത്തുവിട്ടത്. പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ തേജസ്വി യാദവ് രഘോപൂരില്‍ നിന്നും മറ്റൊരു പാര്‍ട്ടി നേതാവായ ലളിത് യാദവ് ദര്‍ഭംഗ റൂറലില്‍ നിന്നും മത്സരിക്കും.
◾ ഫത്തേപൂരില്‍ താത്കാലിക പടക്ക വില്‍പ്പന ശാലയിലുണ്ടായ തീപിടിത്തത്തില്‍ എഴുപതോളം കടകള്‍ കത്തിനശിച്ചു. ഫത്തേപൂരിലെ എം ജി കോളേജ് ഗ്രൗണ്ടിലെ താത്കാലിക പടക്ക വില്‍പ്പനശാലയിലെ തീപിടിത്തത്തിലാണ് കടകളും നിരവധി ഇരുചക്ര വാഹനങ്ങളും കത്തിനശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ പടക്കങ്ങളാണ് ചാരമായത്. അപടത്തില്‍ ചിലര്‍ക്ക് പരിക്കേറ്റു. പക്ഷേ ആരുടെയും പരിക്ക് ഗുരുതരമല്ല.
◾ കാനഡയിലെ ഇന്ത്യക്കാരുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് കാനഡയിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനേശ് പട്നായിക്. അടുത്തിടെ സിടിവി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യക്കാര്‍ കാനഡയില്‍ നേരിട്ടുകൊണ്ടിരിക്കുന്ന സുരക്ഷാ ഭീഷണികള്‍ അദ്ദേഹം എടുത്തുപറഞ്ഞത്.
◾ വത്തിക്കാന്‍ ആസ്ഥാനത്ത് മുസ്ലിം വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനാ മുറിയൊരുക്കി മാര്‍പ്പാപ്പ. വത്തിക്കാന്‍ ആസ്ഥാനത്തുള്ള 500 വര്‍ഷം പഴക്കമുള്ള അപ്പസ്തോലിക് ലൈബ്രറിയോട് ചേര്‍ന്നാണ് മുസ്ലിം വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനാമുറിയൊരുക്കിയത്. ലൈബ്രറി സന്ദര്‍ശിക്കുന്ന മുസ്ലിം വിശ്വാസികളുടെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് അധികൃതര്‍ വിശദമാക്കിയിട്ടുള്ളത്.
◾ മാലിദ്വീപില്‍ നിന്നും നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ പരിധി വെട്ടിക്കുറച്ചത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികളെ പ്രതിസന്ധിയിലാക്കും. മാസത്തില്‍ അയക്കാനുള്ള തുകയുടെ പരിധി എസ് ബി ഐ 500 ഡോളറില്‍ നിന്നും 150 ഡോളറാക്കി കുറച്ചാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.ഈ മാസം 25 നാണ് പുതിയ തീരുമാനം നടപ്പിലാകുക.
◾ ഹോങ്കോങ് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ചരക്ക് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി കടലിലേക്ക് വീണു. അപകടത്തില്‍ താഴെ ഉണ്ടായിരുന്ന സുരക്ഷാ വാഹനത്തില്‍ ഇടിച്ച് രണ്ട് പേര്‍ മരിക്കുകയും ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയില്‍ കടലില്‍ ഭാഗികമായി മുങ്ങിക്കിടക്കുകയാണ്.
◾ ആണവവിഷയത്തില്‍ ചര്‍ച്ചയ്ക്കുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ക്ഷണം നിരസിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി നിരസിച്ചു. ഇറാനിലെ ആണവകേന്ദ്രങ്ങളെല്ലാം തകര്‍ത്തെന്ന ട്രംപിന്റെ അവകാശവാദം തള്ളിയതിന് പിന്നാലെയാണ് ക്ഷണം നിരസിച്ചത്. അതേസമയം ഐക്യരാഷ്ട്രസംഘടനയുടെ ആണവ നിരീക്ഷണ സംഘടനയായ ഐഎഇഎയുമായി സെപ്റ്റംബറില്‍ ഒപ്പുവെച്ച സഹകരണ കരാര്‍ റദ്ദാക്കിയതായി ഇറാന്‍ സ്ഥിരീകരിച്ചു.
◾ യമന്‍ തലസ്ഥാനമായ സനായിലെ യുഎന്‍ കേന്ദ്രം റെയ്ഡ് ചെയ്തതിന് പിന്നാലെ, ഇറാനിയന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ 25ഓളം യുഎന്‍ ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായി യുഎന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സനായിലെhttps://dailynewslive.in/ തെക്കുപടിഞ്ഞാറന്‍ ഭാഗമായ ഹാദയിലെ ഓഫിസിനുള്ളില്‍ യുഎന്‍ ജീവനക്കാരെ തടഞ്ഞുവച്ചതായി യെമനിലെ യുഎന്‍ റസിഡന്റ് കോര്‍ഡിനേറ്ററുടെ വക്താവ് ജീന്‍ ആലം അസോസിയേറ്റഡ് പ്രസ്സിനോട് സ്ഥിരീകരിച്ചു. ചാരക്കുറ്റം നടത്തി എന്ന് ആരോപിച്ച് തടങ്കലില്‍ വെച്ച ഐക്യരാഷ്ട്ര സംഘടന ജീവനക്കാരെ പിന്നീട് വിട്ടയച്ചു.
◾ ഗാസയില്‍ സമാധാന കരാറിന് ശേഷം കഴിഞ്ഞ ദിവസം വീണ്ടും തുടങ്ങിയ ആക്രമണം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ പുനഃരാരംഭിച്ചതായി ഇസ്രയേല്‍ സേന. വെടിനിര്‍ത്തല്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന കാര്യം ആരും മറക്കരുതെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് പരസ്യമായി താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ അമേരിക്ക സമ്മര്‍ദ്ദം ശക്തമാക്കിയതിനെ തുടര്‍ന്നാണ് ഇസ്രയേല്‍ സേന പിന്‍വാങ്ങിയതെന്നാണ് സൂചനകള്‍.
◾ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെടുത്ത പ്രതിജ്ഞ പാലിക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. രാജ്യത്ത് എവിടെ കാലുകുത്തിയാലും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയന്‍ ജനതക്ക് ട്രൂഡോ നല്‍കിയ വാക്ക് പാലിക്കുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും പിന്‍ഗാമി വ്യക്തമാക്കി.
◾ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് മോദി പറഞ്ഞെന്ന് ആവര്‍ത്ത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഞാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചുവെന്നും റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞുവെന്നും ട്രംപ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ വാക്ക് പാലിച്ചില്ലെങ്കില്‍ വന്‍ തീരുവകള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
◾ സെപ്റ്റംബര്‍ മാസം യുഎസില്‍നിന്ന് സോയാബീന്‍ ഇറക്കുമതി ചെയ്യാതെ ചൈന. ചൈനീസ് വ്യാപാരികള്‍ അമേരിക്കന്‍ ചരക്കുകള്‍ ഒഴിവാക്കിയതിനാലാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2018 നവംബറിന് ശേഷം ആദ്യമായാണ് യുഎസില്‍ നിന്നുള്ള ഇറക്കുമതിയുടെ അളവ് പൂജ്യത്തില്‍ എത്തുന്നത്.
◾ യുഎസുമായുള്ള ന്യായമായ വ്യാപാര കരാറില്‍ ഒപ്പുവച്ചില്ലെങ്കില്‍ ചൈനയ്ക്ക് മേല്‍ 155 ശതമാനം തീരുവ ചുമത്തുമെന്ന് ൃയുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ വച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി നിര്‍ണായക ധാതു കരാറില്‍ ഒപ്പുവച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ചൈനയ്ക്കുമേല്‍ നിലവില്‍ ചുമത്തുന്ന 55 ശതമാനം താരിഫ് എന്നത് നവംബര്‍ 1 മുതല്‍ 155 ശതമാനം ആയി ഉയര്‍ത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
◾ അല്‍ നസര്‍ സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കാന്‍ എത്തുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം. റൊണാള്‍ഡോയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് എഫ് സി ഗോവ, സൗദി ക്ലബായ അല്‍ നസ്റിനോട് ആവശ്യപ്പെട്ടെങ്കിലും താരം ഇത് നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
◾ കടപ്പത്രങ്ങളും ഓഹരികളുമിറക്കി 6,000 കോടി രൂപ വരെ മൂലധനം സമാഹരിക്കാന്‍ ഒരുങ്ങി ഫെഡറല്‍ ബാങ്ക്. മൊത്തം 9.99 ശതമാനം പുതു മൂലധനം ബാങ്കിലേക്ക് കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നത്. നിരവധി പ്രമുഖ സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങള്‍ ഓഹരി സ്വന്തമാക്കാനായി ബാങ്കിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ തന്നെ യുഎസ് ആസ്ഥാനമായുള്ള ബ്ലാക്ക്സ്റ്റോണിനാണ് കൂടുതല്‍ സാധ്യതയെന്നാണ് അറിയുന്നത്. പ്രിഫറന്‍ഷ്യല്‍ ഇഷ്യു വഴി വരുന്ന ഓഹരി ഉടമയ്ക്ക് ബാങ്കില്‍ ബോര്‍ഡ് അംഗത്വം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഓഹരിയൊന്നിന് 210 - 215 രൂപ നിരക്കിലാകും പ്രിഫറന്‍ഷ്യല്‍ ഓഹരി വില്‍പ്പനയെന്നാണ് സൂചന. ബാങ്കിന്റെ സാമ്പത്തിക കരുത്ത് കണക്കാക്കുന്ന മൂലധന റിസ്‌ക് വെയിറ്റഡ് ആസ്തി അനുപാതം 2025 മാര്‍ച്ചിലെ 16.4 ശതമാനത്തില്‍ നിന്ന് 2025 സെപ്റ്റംബറില്‍ 15.71 ശതമാനമായി കുറഞ്ഞതിനാലാണ് കൂടുതല്‍ ഫണ്ട് സ്വരൂപിക്കാന്‍ ബാങ്ക് തീരുമാനിച്ചത്. 2024 സാമ്പത്തിക വര്‍ഷത്തില്‍, രണ്ട് രൂപ വിലയുള്ള ഏകദേശം 23 കോടി ഇക്വിറ്റി ഷെയറുകകള്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ പ്ലേസ്മെന്റ് വഴി വിറ്റഴിച്ച് 3,040 കോടി രൂപ ബാങ്ക് സമാഹരിച്ചിരുന്നു. കൂടാതെ ബാങ്ക് 7.26 കോടി ഇക്വിറ്റി ഓഹരികളുടെ പ്രിഫറന്‍ഷ്യല്‍ അലോട്ട്‌മെന്റ് വഴി 958.75 കോടി രൂപയും സമാഹരിച്ചിരുന്നു.
◾ ലോക ചാപ്റ്റര്‍ 1 ചന്ദ്രയുടെ വിജയക്കുതിപ്പിനെ തുടര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്റെ 'കാന്ത' എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്. നവംബര്‍ 14 ന് ചിത്രം റിലീസിനെത്തും. സെല്‍വമണി സെല്‍വരാജ് കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും ചേര്‍ന്നാണ്. രണ്ട് വലിയ കലാകാരന്‍മാര്‍ക്കിടയില്‍ സംഭവിക്കുന്ന ഒരു വന്‍ പ്രശ്നത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴകത്തെ ആദ്യകാല സൂപ്പര്‍ സ്റ്റാറായ എംകെ ത്യാഗരാജ ഭാഗവതരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് കാന്ത ഒരുങ്ങുന്നത്.
◾ മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ ലുക്മാന്‍ അടിമുടി ഒരു കാമുകന്റെ റോളില്‍ എത്തുന്ന 'അതിഭീകര കാമുകന്‍' സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി സരിഗമ. റെക്കോര്‍ഡ് തുകയ്ക്കാണ് സരിഗമ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്ന് യൂത്ത് സെന്‍സേഷനായ സിദ്ധ് ശ്രീറാമും റാപ്പര്‍ ഫെജോയുമായുള്ള പോസ്റ്റര്‍ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഇരുവരും ഒന്നിച്ച് പാട്ടൊരുക്കുന്നത് ഇതാദ്യമായാണ്. ദൃശ്യ രഘുനാഥാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നവംബര്‍ 14നാണ് സിനിമയുടെ റിലീസ്. പാലക്കാട്, കൊടൈക്കനാല്‍, നെല്ലിയാമ്പതി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ അതിഭീകര കാമുകന്‍ ഒരു റൊമാന്റിക് കോമഡി ഫാമിലി ജോണറില്‍ ഉള്ളതാണ്. മനോഹരി ജോയ്, അശ്വിന്‍, കാര്‍ത്തിക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്.
◾ 190 ആഡംബര കാറുകള്‍ വാങ്ങി ശ്രദ്ധ നേടിയിരിക്കുകയാണ് ജെയിന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്‍(ജിറ്റോ). ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് ഈ സംഘടനയിലെ അംഗങ്ങള്‍ 50 ലക്ഷം മുതല്‍ 1.5 കോടി രൂപ വരെ വില വരുന്ന 190 ആഡംബര കാറുകള്‍ മൊത്തമായി വാങ്ങിയത്. ഇന്ത്യയിലുടനീളം 65,000 അംഗങ്ങളുള്ള ജിറ്റോ മുന്‍കൈയിലാണ് ഈ ഇടപാടുകള്‍ സുഗമമാക്കിയത്. ഒരു ബള്‍ക്ക് ഡീലിലൂടെയാണ് ഇത്രയും വാഹനങ്ങള്‍ സ്വന്തമാക്കിയത്. ഓഡി, ബിഎംഡബ്ല്യു, മെഴ്‌സിഡീസ് തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ കാറുകളാണ് കൂടുതലും വാങ്ങിയത്. ഈ ബ്രാന്‍ഡുകള്‍ വിലയില്‍ വന്‍ ഇളവുകള്‍ നല്‍കിയതോടെയാണ് ഇത്രയും വാഹനങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചത്. അതായത് ഈ ഇളവുകള്‍ ലഭിച്ചതോടെ അംഗങ്ങള്‍ക്ക് 21.5 കോടി രൂപ ലാഭിക്കാന്‍ കഴിഞ്ഞു. രാജ്യ വ്യാപകമായാണ് ഈ കാറുകള്‍ വാങ്ങിയത്. മാത്രമല്ല ഗുജറാത്ത്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വാഹനം വാങ്ങിയതില്‍ ഭൂരിഭാഗവും. 190 കാറുകളില്‍ 30 എണ്ണം വാങ്ങിയത് ഗുജറാത്തില്‍ താമസിക്കുന്ന ട്രേഡ് ഓര്‍ഗനൈസേഷന്‍ അംഗങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. ഈ കാറുകള്‍ 60 ലക്ഷം മുതല്‍ 1.3 കോടി രൂപ വരെ വിലയുള്ളതാണ്.
◾ ആധുനിക ഹിന്ദി ഉറുദു സാഹിത്യത്തിലെ വിരാട് രൂപമായിരുന്നു മുന്‍ഷി പ്രേംചന്ദ്. അനുവാചകര്‍ 'കഹാനി സമ്രാട്ട്' എന്ന ആദരവേകിയ ഈ എഴുത്തുകാരനാണ്, അമാനുഷികതയിലും ഭ്രമാത്മകതയിലും വട്ടം ചുറ്റിയ ഹിന്ദി സാഹിത്യത്തിന് റിയലിസ്റ്റിക് ആഖ്യാനധാര പരിചയപ്പെടുത്തുന്നത്. മണ്ണിന്റെ മാറില്‍ കാലുറപ്പിച്ചുനിന്ന് നിന്ദിതര്‍ക്കും പീഡിതര്‍ക്കും അക്ഷരാലംബമേകിയ അദ്ദേഹം പാവങ്ങളുടെ ചോരകുടിച്ച് ചീര്‍ത്തതിന്റെ പാപം കഴുകിക്കളയാന്‍ ഗംഗാസ്നാനത്തിനു പോകുന്ന പ്രമാണികളെ രൂക്ഷഭാഷയാല്‍ ചൊടിപ്പിച്ചു. അസമത്വത്തിനും അനീതിക്കും ഇടയില്‍ പൊടിച്ചുണരുവാന്‍ ശ്രമിക്കുന്ന മാനവികതയുടെ വിത്തുകളെക്കുറിച്ചാണ് ഈ പ്രേംചന്ദ് കഥകളും സംസാരിക്കുന്നത്. 'പ്രേംചന്ദിന്റെ കഥകള്‍'. വിവര്‍ത്തനം: കമറുദ്ദീന്‍ എം.കെ. എച്ച് & സി ബുക്സ്. വില 130 രൂപ.
◾ ചര്‍മത്തെ പോലെ തന്നെ സൂര്യന്റെ യുവി രശ്മികള്‍ തലമുടിയുടെ ആരോഗ്യത്തെയും ബാധിക്കുന്നതാണ്. ദീര്‍ഘനേരം സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ മുടിയിലേല്‍ക്കുന്നത്, പ്രോട്ടീന്‍ നഷ്ടപ്പെടാനും മുടിയുടെ നിറം മങ്ങാനും കൊഴിഞ്ഞു പോകാനും കാരണമാകുന്നു. ദീര്‍ഘനേരം സൂര്യരശ്മികള്‍ കൊള്ളുന്നത് മുടിയിലെ സ്വഭാവിക എണ്ണകള്‍ നീക്കം ചെയ്യും. ഇത് ഈര്‍പ്പം നഷ്ടപ്പെടുത്താനും മുടി നിര്‍ജീവമാകാനും കാരണമാകും. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ മുടിയുടെ പ്രോട്ടീന്‍ ഇല്ലാതാക്കും. പ്രോട്ടീന്‍ നഷ്ടമാകുന്നതോടെ മുടി ദുര്‍ബലമാകാന്‍ തുടങ്ങും. ഇത് നിറം മങ്ങല്‍, മുടി കൊഴിച്ചില്‍, മുടി പൊട്ടിപ്പോവുക എന്നിവയിലേക്ക് നയിക്കാം. ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിനായി പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഒരു സ്റ്റാഫ് അല്ലെങ്കില്‍ തൊപ്പി തലയില്‍ ചൂടാന്‍ ശ്രദ്ധിക്കുക. മുടിയിലേക്ക് നേരിട്ട് സൂര്യരശ്മികള്‍ അധികം കൊള്ളാതെ സൂക്ഷിക്കുക. മുടി ഈര്‍പ്പമുള്ളതാക്കാന്‍ കണ്ടീഷണറുകള്‍ പതിവായി ഉപയോഗിക്കുക. നല്ല നിലവാരമുള്ള കണ്ടീഷണറുകളും ആഴത്തിലുള്ള കണ്ടീഷനിങ്ങും മാസ്‌കുകളും ഉപയോഗിക്കുന്നത് മുടിയുടെ ജലാംശവും പ്രതിരോധശേഷിയും നിലനിര്‍ത്താന്‍ സഹായിക്കും. ഒരു കപ്പ് തൈരിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ തേനും ഒരു ടേബിള്‍സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്ത് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കാം. 30 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കാം. ഒരു ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴക്കൊപ്പം വെളിച്ചെണ്ണ, സീസോള്‍ട്ട്, തേന്‍ എന്നിവ ചേര്‍ത്ത ശേഷം ഇത് മുടിയില്‍ തേച്ചുപിടിപ്പിക്കാം. 30 മിനിറ്റിന് ശേഷം കഴുകികളയാം.
*ശുഭദിനം*
*കവിത കണ്ണന്‍*
സ്വാമി സത്യദേവ് എന്ന ഒരു സന്യാസി ഒരു ദിവസം സബര്‍മതി ആശ്രമത്തില്‍ ചിലവഴിച്ചു. തുടര്‍ന്ന് അവിടെ സ്ഥിരമായി താമസിക്കാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹം ഗാന്ധിജിയോട് പറഞ്ഞു: 'നിങ്ങള്‍ ഇവിടെ ചെയ്യുന്ന സേവനങ്ങളും ജോലികളുമൊക്കെ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. എനിക്ക് ഇവിടെ അന്തേവാസിയായി ചേര്‍ന്നാല്‍ കൊള്ളാമെന്നുണ്ട് ' താങ്കളെ പോലെ ഉള്ളവര്‍ക്കാണ് ഈ ആശ്രമം' എന്നു പറഞ്ഞ് ഗാന്ധിജി അദ്ദേഹത്തെ സ്വാഗതം ചെയ്തു. 'താങ്കളുടെ ഇപ്പോഴത്തെ വേഷം മാറ്റി ഇവിടത്തെ അന്തേവാസികള്‍ ധരിക്കുന്ന വേഷം താങ്കളും ധരിക്കേണ്ടതുണ്ട്. ഗാന്ധിജി സന്യാസിയോട് പറഞ്ഞു. എന്നാല്‍ സന്യാസിക്ക് അത് ഇഷ്ടപ്പെട്ടില്ല. തന്റെ നീരസം അദ്ദേഹം പ്രകടിപ്പിച്ചു.ഗാന്ധിജി അദ്ദേഹത്തോട് പറഞ്ഞു: താങ്കളോട് സന്യാസം ഉപേക്ഷിക്കാന്‍ ഞാന്‍ ആവശ്യപ്പെടുന്നില്ല. സന്യാസം ഒരു മാനസികാവസ്ഥയാണ്. വസ്ത്രധാരണവുമായി അതിന് യാതൊരു ബന്ധവുമില്ല.' ഗാന്ധിജി തുടര്‍ന്നു: 'താങ്കള്‍ ഇതേ വസ്ത്രം ധരിക്കുമ്പോള്‍ ഒരു സന്യാസി ആണെന്നുള്ള ബഹുമാനത്തില്‍ താങ്കളെ ആരും ജോലി ചെയ്യാന്‍ അനുവദിക്കില്ല പകരം അവര്‍ താങ്കളെ സേവിക്കും. അത് ഈ ആശ്രമത്തിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. സേവിക്കപ്പെടുക എന്നതല്ല, സേവിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.'ഗാന്ധിജിയുടെ ഈ വാക്കുകള്‍ സന്യാസിക്ക് ഇഷ്ടമായി. അദ്ദേഹം സബര്‍മതി ആശ്രമത്തിലെ അന്തേവാസിയായിത്തീരുകയും ചെയ്തു. നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നവര്‍ക്ക് ഞാനെന്ന ഭാവത്തിന്റെ ആടയാഭരണങ്ങള്‍ ആവശ്യമില്ല. ആത്മാര്‍ത്ഥമായി തങ്ങളുടെ ജോലികളില്‍ മുഴുകിയാല്‍ മാത്രം മതി. - ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA