Trending

സായാഹ്ന വാർത്തകൾ

◾  എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയുടെ പൊറോട്ട-ബീഫ് പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ശിവന്‍ കുട്ടിയും ബിന്ദു അമ്മിണിയും. പരാമര്‍ശം ആവര്‍ത്തിച്ച് പ്രേമചന്ദ്രന്‍. ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചത് പൊറോട്ടയും ബീഫും നല്‍കിയാണെന്ന യുഡിഎഫ് എംപി എന്‍.കെ. പ്രേമചന്ദ്രന്റെ ആരോപണത്തിനാണ്, പോലിസ് സഹായത്തോടെ ശബരിമല കയറിയ, ബിന്ദു അമ്മിണി മറുപടി നല്‍കിയത്. 'ബീഫ് എനിക്ക് ഇഷ്ടമാണ്. പക്ഷേ പൊറോട്ട കൂടെ വേണ്ട, കപ്പ ആകാം. കപ്പയും ബീഫും സൂപ്പര്‍ ആണ്' എന്നായിരുന്നു പോസ്റ്റ്. ഫേസ്ബുക്കിലൂടെയാണ് ബിന്ദു എന്‍കെ പ്രേമചന്ദ്രന്റെ പരാമര്‍ശത്തെ പരിഹസിച്ചത്. എന്നാല്‍ എന്‍.കെ. പ്രേമചന്ദ്രനെ 'വിഷചന്ദ്രന്‍' എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രതികരണം. 'മനോഹരമായ ആ പേര് ഒരാളില്‍ മാത്രം 'വിഷചന്ദ്രന്‍' എന്നായിരിക്കും' എന്ന് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്താണ് സ്ത്രീകളെ ശബരിമലയിലെത്തിച്ചതെന്ന് ആവര്‍ത്തിച്ച എന്‍കെ പ്രേമചന്ദ്രന്‍ ശബരിമല സ്ത്രീ പ്രവേശനം വീണ്ടും ചര്‍ച്ചയായതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു. സ്ത്രീപ്രവേശനത്തിനുവേണ്ട ക്രമീകരണങ്ങളൊരുക്കാന്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കിയത് മുഖ്യമന്ത്രിയാണെന്നും നേരത്തെ ഇതേ കാര്യം പറഞ്ഞതിനുശേഷം സിപിഎമ്മിന്റെ സൈബര്‍ ആക്രമണം നേരിടുകയാണെന്നും പൊറോട്ട-ബീഫ് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രേമചന്ദ്രന്‍ പറഞ്ഞു.

◾  ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യത്തെ പ്രത്യേകസംഘം ചോദ്യം ചെയ്യുന്നു. അനന്തസുബ്രഹ്‌മണ്യത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. ശബരിമലയില്‍ നിന്ന് ദ്വാരപാലക പാളികള്‍ കൊണ്ടുപോയത് അനന്തസുബ്രഹ്‌മണ്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അനന്ത സുബ്രഹ്‌മണ്യം പിന്നീട് പാളികള്‍ നാഗേഷിന് കൈമാറുകയായിരുന്നു.

◾  ശബരിമല സ്വര്‍ണക്കൊള്ളയക്ക് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കള്ളിച്ചുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നാളെ പ്രത്യേക സംഘം ഹൈക്കോടതിയ്ക്ക് കൈമാറും. താന്‍ ഒറ്റയക്ക് അല്ലെന്നും ബോര്‍ഡ് അംഗങ്ങളുടേയും ദേവസ്വം ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ നടത്തിയ കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്നുമാണ് ചോദ്യം ചെയ്യലില്‍ പോറ്റി നടത്തിയ വെളിപ്പെടുത്തലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തിയെന്നും താന്‍ വെറും ഇടനിലക്കാരന്‍ മാത്രമാണെന്നുമാണ് പോറ്റി നല്‍കിയ മൊഴിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

◾  പിഎം ശ്രീ പദ്ധതി സഹകരണത്തെ ചൊല്ലി ഇടതുമുന്നണിയില്‍ രാഷ്ട്രീയ കലഹം. പദ്ധതി നടപ്പില്‍ സിപിഐ ആശങ്ക സ്വാഭാവികമാണെന്നും മുന്നണിയോഗം ചര്‍ച്ച ചെയ്യുമെന്നും കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പ് വാദം നിലനില്‍ക്കില്ലെന്ന് സിപിഐ മുഖപത്രം ജനയുഗം വ്യക്തമാക്കി.

◾  ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം-ശ്രീയുമായി ബന്ധപ്പെട്ട് സിപിഎമ്മുമായുള്ള ഭിന്നതകള്‍ക്കിടെ പദ്ധതിക്കെതിരേ സിപിഐ മുഖപത്രം ജനയുഗം. പിഎംശ്രീയില്‍ ആര്‍എസ്എസിന്റെ തിട്ടൂരത്തിന് ഇടതുപക്ഷ സര്‍ക്കാര്‍ വഴങ്ങരുതെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിലെ ലേഖനത്തില്‍ പറയുന്നു. രാഷ്ട്രീയ നിലപാടും നയവും ബലികഴിച്ച് പദ്ധതിയില്‍ ഒപ്പുവെയ്ക്കരുതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

◾  സിപിഎം ബിജെപി ബന്ധം മറ നീക്കിയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്. എല്‍ഡിഎഫിലോ ക്യാബിനറ്റ് ചര്‍ച്ച ചെയ്യാതെ പി എം ശ്രീ പദ്ധതി നടപ്പാക്കുന്നത് ഇതിന്റെ ഭാഗമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകനെതിരെ ഇഡി അയച്ച നോട്ടീസ് അന്തരീക്ഷത്തില്‍ നില്‍ക്കുകയാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.  

◾  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ കെ സുധാകരന് ദേഹാസ്വാസ്ഥ്യം. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് സുധാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂരിലെ സണ്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തൃശൂരില്‍ വെച്ച് തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചത്.

◾  ജി സുധാകരനെ നേരില്‍ കാണുമെന്നും ചേര്‍ത്തുനിര്‍ത്തുമെന്നും മന്ത്രി സജി ചെറിയാന്‍. ജി സുധാകരന് തന്നെയടക്കം വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു. ഞങ്ങള്‍ നന്ദികെട്ടവരല്ലെന്നും ജി സുധാകരനെ തകര്‍ത്തിട്ട് ഒന്നും സാധിക്കാനില്ലെന്നും അദ്ദേഹത്തെ ചേര്‍ത്തുപിടിക്കും എന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാനെയടക്കം ജി സുധാകരന്‍ നേരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

◾  കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത കാന്തപുരം വിഭാഗം. കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജില്‍ എസ്വൈഎസ് ജനറല്‍ സെക്രട്ടറി റഹ്‌മത്തുല്ലാഹ് സഖാഫി എളമരം എഴുതിയ ലേഖനത്തിലാണ് രൂക്ഷ വിമര്‍ശനം. ഒരു സമുദായത്തിന്റെ മൗലികാവകാശം നിഷേധിച്ചിട്ട് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് അറിഞ്ഞ മട്ടില്ലെന്നും ഹൈബി ഈഡന്‍ എംപി വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

◾  മലപ്പുറം ജില്ലാ കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തിന് കയ്യടിച്ചതിന്റെ പേരില്‍ മലപ്പുറം ഹോമിയോ ഡിഎംഒ ഡോ. ഹന്ന യാസ്മിന്‍ വയലിന് സര്‍ക്കാരിന്റെ താക്കീത്. മലപ്പുറം കളക്ടറേറ്റില്‍ രണ്ട് വര്‍ഷം മുമ്പ് നടന്ന യോഗത്തിലായിരുന്നു ഹോമിയോ ഡിഎംഒയുടെ കയ്യടി. ഈ സംഭവത്തിലാണിപ്പോള്‍ സര്‍ക്കാരിന്റെ താക്കീത് ലഭിക്കുന്നത്. ജില്ലാ വികസന സമിതി യോഗത്തില്‍ ഒരു അംഗം സര്‍ക്കാര്‍ നയത്തിനെതിരെ സംസാരിച്ചപ്പോള്‍ ഡിഎംഒ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചെന്നാണ് ഉദ്യോഗസ്ഥനെതിരായ കുറ്റം.

◾  അമൃത് ഭാരത് എക്സ്പ്രസില്‍ ഫുഡ് കണ്ടെയിനറുകള്‍ കഴുകിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ആരോപണങ്ങള്‍ നിഷേധിച്ച് ഐആര്‍സിടിസി. ഉപയോഗിച്ച ഫുഡ് കണ്ടെയ്നറുകള്‍ വീണ്ടും ഉപയോഗിക്കാനായി കഴുകുകയാണെന്ന ആരോപണമാണ് വീഡിയോ പുറത്തവന്നതോടെ ഉയര്‍ന്നിരുന്നത്. എന്നാല്‍, വിറ്റ് പോകാത്ത ഫുഡ് കണ്ടെയിനറുകള്‍ ജീവനക്കാരന്‍ ആക്രിയായി വില്‍ക്കാനാണ് കഴുകിയതെന്ന് കാറ്ററിം?ഗ് കമ്പനിയായ എക്സ്പ്രസ് ഫുഡ് സര്‍വീസസ് അധികൃതര്‍ ഐആര്‍സിടിസിക്ക് വിശദീകരണം നല്‍കി.

◾  കസ്റ്റംസ് നടത്തിയ ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി സിനിമ താരം ദുല്‍ഖര്‍ സല്‍മാന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത വാഹനം കസ്റ്റംസ് വിട്ടുനല്‍കി. ഹൈക്കോടതി നിര്‍ദേശമനുസരിച്ച് ദുല്‍ഖര്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് വാഹനം വിട്ടുനല്‍കിയത്. കേസ് കഴിയുന്നത് വരെ ഈ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ അദ്ദേഹത്തിന് നിരത്തുകളില്‍ ഇറക്കാന്‍ സാധിക്കില്ല.

◾  സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ കൂട്ടാന്‍ സര്‍ക്കാര്‍ ആലോചന. 200 രൂപ കൂട്ടാനുള്ള നിര്‍ദ്ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. നിലവില്‍ 1600 രൂപയാണ് പെന്‍ഷനായി നല്‍കുന്നത്. എന്നാല്‍ 200 രൂപ കൂട്ടുന്നതോടെ 1800 രൂപയാകും. അടുത്ത് തന്നെ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

◾  കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ അതിജീവിത തിരിച്ചറിഞ്ഞു. മധുര സ്വദേശി ബെഞ്ചമിന്‍ (35) ആണ് യുവതിയെ ഹോസ്റ്റലിനുള്ളില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെ ഉപദ്രവിച്ച ശേഷം പ്രതി ആറ്റിങ്ങല്‍ ഭാഗത്തേയ്ക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന് മധുരയിലേക്ക് കടക്കുകയായിരുന്നു. പ്രതിയെ മധുരയില്‍നിന്നാണ് കഴിഞ്ഞദിവസം പോലീസ് പിടികൂടിയത്.

◾  ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ പേരാമ്പ്ര സംഘര്‍ഷത്തില്‍ ആരോപണ വിധേയരായ രണ്ടു ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം. പേരാമ്പ്ര ഡിവൈഎസ്പി എന്‍.സുനില്‍കുമാറിനെയും വടകര ഡിവൈഎസ്പി ആര്‍.ഹരിപ്രസാദിനെയുമാണ് സ്ഥലംമാറ്റിയത്. ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് സബ് ഡിവിഷന്‍ എസിപിയായും സുനില്‍ കുമാറിനെ കോഴിക്കോട് സിറ്റി ക്രൈംബ്രാഞ്ച് എസിപിയുമായാണ് മാറ്റിയത്.

◾  വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ച് സമരം നടത്തുന്നു. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ട്രാന്‍സ്ഫര്‍ അശാസ്ത്രീയമാണെന്നും പുതിയ നിയമനം നടത്താതെ ഡോക്ടര്‍മാരെ പുനര്‍വിന്യസിച്ചുള്ള താത്കാലിക സംവിധാനം അവസാനിപ്പിക്കണമെന്നും ഇനി റിലെ അടിസ്ഥാനത്തില്‍ ഒപി ബഹിഷ്‌കരണ സമരം നടത്തും എന്നും അവര്‍ അറിയിച്ചു.

◾  കൊച്ചിയില്‍ ഗതാഗത നിയമം ലംഘിച്ച് എയര്‍ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. അന്തര്‍ സംസ്ഥാന വാഹനങ്ങളടക്കം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. കൊച്ചിയില്‍ രാവിലെ മുതല്‍ വ്യാപക പരിശോധനയാണ് നടക്കുന്നത്. നിരവധി അന്തര്‍ സംസ്ഥാന ബസുകളില്‍ നിന്നടക്കം എയര്‍ഹോണുകള്‍ പിടിച്ചെടുത്തു. വാഹനങ്ങളില്‍ നിന്ന് പിടിച്ചെടുത്ത എയര്‍ഹോണുകള്‍ റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

◾  അട്ടപ്പാടിയില്‍ കര്‍ഷകന്‍ ജീവനൊടുക്കി. അട്ടപ്പാടി കാവുണ്ടിക്കല്‍ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (52)യെയാണ് കൃഷി സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വില്ലേജില്‍ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ 6 മാസമായി തണ്ടപ്പേരിനായി വില്ലേജില്‍ കയറി ഇറങ്ങിയെന്ന് കുടുംബം പറയുന്നു. അതേസമയം, സംഭവത്തില്‍ കാലതാമസമുണ്ടായിട്ടില്ലെന്നും, സാങ്കേതിക പ്രശ്നങ്ങള്‍ നീക്കാനായി നടപടികള്‍ തുടരുകയാണെന്നുമാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.

◾  ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി മുഖത്ത് പതിച്ച് യുവാവിന് പരിക്കേറ്റു. കോഴിക്കോട് പേരാമ്പ്ര സ്വദേശി ആദിത്യനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ടോടെ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലാണ് അനിഷ്ട സംഭവമുണ്ടായത്. കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന തിരുവനന്തപുരം-പോര്‍ബന്തര്‍ എക്‌സ്പ്രസ്സില്‍ നിന്ന് അജ്ഞാതന്‍ കുപ്പി പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.

◾  പാലക്കാട് അട്ടപ്പാടി ആഞ്ചക്കൊമ്പ് ഉന്നതിയിലെ വള്ളിയമ്മ കൊല്ലപ്പെട്ടത് തലയ്ക്കടിയേറ്റെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കസ്റ്റഡിയിലുള്ള പങ്കാളിയായ പഴനി വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ച് കൊന്നതാണെന്ന് സമ്മതിച്ചിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം അടുത്ത ദിവസം റിമാന്‍ഡ് ചെയ്യും. മരണം കൊലപാതകമെന്ന് ഉറപ്പിക്കുന്നതാണ് വള്ളിയമ്മയുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

◾  നിരവധി കേസുകളില്‍ പ്രതിയായ കൊടുംക്രിമിനല്‍ കൊടിമരം ജോസ് പിടിയില്‍. കൊലപാതകവും കവര്‍ച്ചയുമടക്കം ഇരുപതിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോസിനെ എറണാകുളം നോര്‍ത്ത് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപത്ത് യുവാവിനെ മര്‍ദ്ദിച്ചവശനാക്കി റെയില്‍വേ ട്രാക്കില്‍ തള്ളിയശേഷം കവര്‍ച്ച നടത്തിയ കേസിലാണ് ജോസിനെ പിടികൂടിയത്.

◾  തിരുവനന്തപുരം തമ്പാനൂരില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍. കുറുവക്കോണത്ത് ടാറ്റു സ്റ്റുഡിയോ നടത്തുന്ന റോബിന്‍ ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് റോബിന്‍ ഓടിച്ച കാര്‍ ബൈക്കുകാരനെ ഇടിച്ചിരുന്നു. ഇതേതുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു റോബിന്‍.

◾  നാവികസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിക്കവേ ഐഎന്‍എസ് വിക്രാന്തിനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തദ്ദേശ നിര്‍മിത വിമാനവാഹിനിക്കപ്പലായ വിക്രാന്തിന്റെ പേരുതന്നെ പാകിസ്താന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാന്‍ പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഗോവ-കാര്‍വാര്‍ തീരത്ത് ഐഎന്‍എസ് വിക്രാന്തിലായിരുന്നു സൈന്യത്തിനൊപ്പം മോദിയുടെ ദീപാവലി ആഘോഷം.

◾  രാജ്യത്തെ തീരപ്രദേശങ്ങളില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള നിര്‍മാണ പരിധിയില്‍ വന്‍ ഇളവ് അനുവദിക്കണമെന്ന് വിദഗ്ധ സമിതി കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. നിലവിലെ 500 മീറ്റര്‍ പരിധി, 200 മീറ്ററായി വെട്ടിച്ചുരുക്കണമെന്നാണ് സമിതിയുടെ ശുപാര്‍ശ.

◾  ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള വാദത്തില്‍ ചിരാഗ് പാസ്വാന്‍ അയയുന്നു. ജെഡിയു നേതാവ് നിതീഷ കുമാറിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നുവെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്‍ വിശദമാക്കി. എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എല്‍ജെപി നേതാവ് നിതീഷ് കുമാറിനുള്ള പിന്തുണ വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ എന്‍ഡിഎ സഖ്യത്തില്‍ നിതീഷ് കുമാറിന് കീഴില്‍ തന്നെയാവും മിക്ക നേതാക്കന്മാരും മത്സരിക്കുക.

◾  ഡല്‍ഹി എന്ന പേര് മാറ്റി ഇന്ദ്രപ്രസ്ഥ എന്നാക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് . ഇക്കാര്യം ആവശ്യപ്പെട്ട് ഡല്‍ഹിയിലെ സാംസ്‌കാരിക മന്ത്രി കപില്‍ മിശ്രയ്ക്ക് കത്തയച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥം അന്താരാഷ്ട്ര വിമാനത്താവളം എന്നാക്കി മാറ്റണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. നഗരത്തെ അതിന്റെ പുരാതന ചരിത്രവുമായും സംസ്‌കാരവുമായും ബന്ധിപ്പിക്കണമെന്നാണ് ആവശ്യം.

◾  മകളുടെ ഭര്‍ത്താവിന്റെ മരണത്തില്‍ അമ്മായി അമ്മ അറസ്റ്റില്‍. ഗുജറാത്തിലെ അഹമ്മദാബാദില്‍ മരുമകന്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായി മരിച്ച സംഭവത്തിലാണ് ഭാര്യാമാതാവ് അറസ്റ്റിലായത്. ചൂതാട്ടം, മര്‍ദ്ദനം അടക്കം നിരവധി കേസുകളില്‍ പ്രതിയായ 27കാരന്‍ പര്‍വേശ് ലാല്‍ജി തട്വി ശനിയാഴ്ചയാണ് തലയ്ക്കേറ്റ പരിക്കിനേ തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് മരിച്ചത്. അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു 27കാരന്‍.

◾  മഹാരാഷ്ട്രയിലെ പൂനെയില്‍ മുസ്ലിം വിശ്വാസികള്‍ പ്രാര്‍ത്ഥിച്ച സ്ഥലം ശുദ്ധീകരിച്ച എംപിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം. ബാജി റാവു ഒന്നാമന്‍ പണികഴിപ്പിച്ച മഹാരാഷ്ട്രയിലെ പൂനെ നഗരത്തിലെ ചരിത്ര പ്രാധാന്യമുള്ള കോട്ടയായ ശനിവാര്‍ വാഡയില്‍ മുസ്ലിം സ്ത്രീകള്‍ പ്രാര്‍ത്ഥിച്ച സ്ഥലമാണ് ബിജെപി എംപി ഗോമൂത്രമൊഴിച്ച് ശുദ്ധീകരിച്ചത്. രാജ്യ സഭാ എംപിയായ മേധ കുല്‍ക്കര്‍ണിയാണ് വിവാദ നടപടിക്ക് പിന്നിലുള്ളത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പൂനെ നഗരത്തില്‍ നടന്ന നവരാത്രി ആഘോഷം നിര്‍ത്തി വയ്പ്പിച്ചതിന് പിന്നാലെയാണ് എംപിയുടെ അടുത്ത വിവാദ നടപടി.

◾  ചരക്ക് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി കടലില്‍ വീണ് രണ്ട് പേര്‍ മരിച്ചു. ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 3:50 ഓടെയാണ് അപകടം. എസിടി എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് എമിറേറ്റ്സ് അറിയിച്ചു. ദുബൈയില്‍ നിന്ന് വന്ന ചരക്ക് വിമാനം ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ് റണ്‍വേയില്‍നിന്ന് തെന്നിമാറി കടലില്‍ പതിച്ചത്.

◾  ഒരിടവേവേളയ്ക്ക് ശേഷം ഗാസ വീണ്ടും കലുഷിതമാകുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രയേല്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ 97 പേരോളം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ നിയന്ത്രിത പ്രദേശത്തേക്ക് ഹമാസുകാര്‍ വെടിവെച്ചെന്നു പറഞ്ഞ് റാഫയുള്‍പ്പെടെ ഗാസയില്‍ പലയിടത്തും ഇസ്രയേല്‍സൈന്യം ആക്രമണം നടത്തി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഹമാസിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍.

◾  റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യ വന്‍ തീരുവ നല്‍കുന്നത് തുടരേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അതേസമയം തന്നെ റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അറിയിച്ചെന്നും ട്രംപ് പറയുന്നു. ഒരാഴ്ചയില്‍ മൂന്നാം തവണയാണ് ട്രംപിന്റെ അവകാശവാദം. എന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി മോദി, യുഎസ് പ്രസിഡന്റ് ട്രംപുമായി ഫോണില്‍ സംസാരിച്ചിട്ടില്ല എന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

◾  അണ്ടര്‍-20 ലോകകപ്പ് ഫുട്ബോള്‍ഫൈനലില്‍ അര്‍ജന്റീനയെ തകര്‍ത്ത് മൊറോക്കോ ചാമ്പ്യന്മാരായി. ചിലിയിലെ സാന്തിയാഗോയില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ചരിത്രത്തിലാദ്യമായാണ് മൊറോക്കോ അണ്ടര്‍-20 ലോകകപ്പ് നേടുന്നത്.

◾  കഴിഞ്ഞ മൂന്ന് മാസം ഇന്ത്യയിലെ വില്‍പ്പനക്കാരായിരുന്നുവെങ്കില്‍ ഒക്ടോബറില്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി വിദേശനിക്ഷേപകര്‍. ഒക്ടോബറില്‍ ഇതുവരെ 6,480 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികളാണ് വിദേശനിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന റിപ്പോര്‍ട്ടുകളാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ വിദേശനിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന ഘടകമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ മൂന്ന് മാസം വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായിരുന്നു. ഇതിന്റെ ഫലമായി കനത്ത ഇടിവാണ് ഓഹരി വിപണിയില്‍ ദൃശ്യമായത്. സെപ്റ്റംബറില്‍ 23,885 കോടിയുടേയും ഓഗസ്റ്റില്‍ 34,990 കോടിയുടേയും ജൂലൈയില്‍ 17,700 കോടിയുടേയും നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. 2025 മൊത്തത്തില്‍ പരിശോധിച്ചാല്‍ ഇതുവരെ വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത് 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ്. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണവിധേയമായതും വളര്‍ച്ചയില്‍ സ്ഥിരത പ്രകടിപ്പിക്കുന്നതും ആഭ്യന്തര ആവശ്യകത വര്‍ധിച്ചതും അടക്കമുള്ള ഘടകങ്ങളാണ് ഈ മാസം വിപണിയെ സ്വാധീനിച്ചതെന്നും വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

◾  വാട്‌സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റ അതിന്റെ ബിസിനസ് നയത്തില്‍ കാര്യമായ മാറ്റം വരുത്തി. സാധാരണ എഐ ചാറ്റ്‌ബോട്ടുകളെ ഇനി വാട്‌സ്ആപ്പില്‍ പ്രവര്‍ത്തിക്കാന്‍ മെറ്റ അനുവദിക്കില്ല. ഈ പുതിയ നിയമം 2026 ജനുവരി 15 മുതല്‍ പ്രാബല്യത്തില്‍ വരും. മെറ്റയുടെ സ്വന്തം എഐ അസിസ്റ്റന്റ് മാത്രമേ ഇനി വാട്‌സ്ആപ്പില്‍ പ്രവര്‍ത്തിക്കൂ. സംഭാഷണത്തിനോ ചാറ്റിനോ വേണ്ടി മാത്രം സൃഷ്ടിച്ച ബോട്ടുകള്‍ വാട്‌സ്ആപ്പില്‍ നിന്ന് നീക്കം ചെയ്യപ്പെടും. 2026 ജനുവരി മുതല്‍, ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി, പെര്‍പ്ലെക്‌സിറ്റി, ലൂസിയ, പോക്ക് ഉള്‍പ്പെടെയുള്ള ചാറ്റ് ബോട്ടുകള്‍ വാട്‌സ്ആപ്പില്‍ പ്രവര്‍ത്തിക്കില്ല. ഫോട്ടോ വിശകലനം, ഡോക്യുമെന്റ് ചോദ്യോത്തരം, വോയ്‌സ് കമാന്‍ഡുകള്‍ തുടങ്ങിയ സവിശേഷതകള്‍ പല കമ്പനികളും വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ നിര്‍ത്തലാക്കും. ഈ നിരോധനം പൊതുവായ എഐ ചാറ്റ്ബോട്ടുകള്‍ക്ക് മാത്രമേ ബാധകമാകൂ. ഉദാഹരണത്തിന്, ഒരു എയര്‍ലൈനിന്റെ ഫ്ലൈറ്റ് സ്റ്റാറ്റസ് ബോട്ട്, അല്ലെങ്കില്‍ ഒരു ഹോട്ടലിന്റെയോ ട്രാവല്‍ ഏജന്‍സിയുടെയോ ബുക്കിംഗ് സപ്പോര്‍ട്ട് ബോട്ട് തുടങ്ങിയ കാര്യങ്ങളെ ഈ പുതിയ നിരോധനം ബാധിക്കില്ല.

◾  ത്രീഡി കാരിക്കേച്ചറായി ചിത്രത്തിലെ കഥാപാത്രങ്ങള്‍... കാണുമ്പോള്‍ തന്നെ കൗതുകം തോന്നിക്കുന്ന രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ് നാദിര്‍ഷ, വിഷ്ണു ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം 'മാജിക് മഷ്റൂംസ്' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. രസകരമായൊരു ഫണ്‍ ഫാമിലി ഫീല്‍ ഗുഡ് എന്റര്‍ടെയ്നറായിരിക്കും ചിത്രമെന്ന സൂചന നല്‍കുന്നതാണ് ഈ കളര്‍ഫുള്‍ ഫസ്റ്റ് ലുക്ക്. അക്ഷയ ഉദയകുമാറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷന്‍സ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ അഷ്റഫ് പിലാക്കല്‍ നിര്‍മ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. ശങ്കര്‍ മഹാദേവന്‍, കെഎസ് ചിത്ര, ശ്രേയാ ഘോഷാല്‍, വിനീത് ശ്രീനിവാസന്‍, ജാസി ഗിഫ്റ്റ്, രഞ്ജിനി ജോസ്, റിമി ടോമി, ഹനാന്‍ ഷാ, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിക്കുന്നത്. തൊടുപുഴ, ഈരാറ്റുപേട്ട, ഒറ്റപ്പാലം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

◾  ദിലീപ് നായകനായി എത്തിയ 'കല്യാണരാമന്‍' വീണ്ടും തിയറ്ററുകളിലേക്ക്. കല്യാണരാമന്‍ 4കെ അറ്റ്മോസില്‍ റീറിലീസ് ചെയ്യുന്നുവെന്ന് ദിലീപ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. 2002 ഡിസംബറില്‍ റിലീസ് ചെയ്ത ചിത്രമാണ് കല്യാണരാമന്‍. ഷാഫിയുടെ സംവിധാനത്തില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ രാമന്‍കുട്ടി എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. ദിലീപിന് ഒപ്പം കുഞ്ചാക്കോ ബോബന്‍, ലാലു അലക്സ്, ലാല്‍, നവ്യ നായര്‍, ജ്യോതിര്‍മയി, ഇന്നസെന്റ്, സലിംകുമാര്‍, ബോബന്‍ ആലുമ്മൂടന്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, കൊച്ചു പ്രേമന്‍ തുടങ്ങി വന്‍ താരനിരയും അണിനിരന്നിരുന്നു. കോമഡി റൊമാന്റിക് ചിത്രമായിരുന്നു ഇത്. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാല്‍ നിര്‍മിച്ച ചിത്രം കൂടിയാണ് കല്യാണരാമന്‍. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് ബെന്നി പി. നായരമ്പലം ആയിരുന്നു. റീ റിലീസ് വെര്‍ഷന്‍ 2026 ജനുവരിയില്‍ എത്തുമെന്നാണ് വിവരം.

◾  ജാപ്പനീസ് ടൂവീലര്‍ ബ്രാന്‍ഡായ കവാസാക്കി തങ്ങളുടെ 2026 മോഡല്‍ ഇസെഡ്900 മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 9.99 ലക്ഷം രൂപ ആണ് ഇതിന്റെ എക്സ്-ഷോറൂം വില. ഈ ജാപ്പനീസ് മിഡില്‍വെയ്റ്റ് നേക്കഡ് ബൈക്ക് 2025 ല്‍ പുറത്തിറങ്ങുന്നതിന് മുമ്പ് വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകും. അതിനാല്‍ 2026 ബൈക്കിന് വലിയ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും ലഭിക്കാന്‍ സാധ്യത ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പൂര്‍ണ്ണമായും പുതുക്കിയ സ്റ്റൈലിംഗും പരിഷ്‌കരിച്ച ഇലക്ട്രോണിക്സും ഉള്‍പ്പെടെ 2025 മോഡലില്‍ നിന്നുള്ള എല്ലാ അപ്‌ഡേറ്റുകളും പുതിയ ഇസെഡ്900ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 125 കുതിരശക്തിയും 98.6 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 948 സിസി ഇന്‍ലൈന്‍-4 ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ഈ മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്. രണ്ട് പുതിയ നിറങ്ങളില്‍ ലഭ്യമാണ്. ഈ നിറങ്ങളില്‍ ഒന്ന് 2025 ബൈക്കില്‍ ലഭ്യമല്ലാത്ത ജനപ്രിയ കാന്‍ഡി ഗ്രീന്‍ കളര്‍ സ്‌കീമിനെ തിരികെ കൊണ്ടുവരുന്നു, മറ്റൊന്ന് സ്വര്‍ണ്ണ ഫ്രെയിമുള്ള പുതിയ കറുത്ത പെയിന്റ് ഓപ്ഷനാണ്. 2026 മോഡല്‍ 10 ലക്ഷത്തില്‍ താഴെ വിലയ്ക്ക് പുറത്തിറക്കി.

◾  നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന കാമനകളുടെ ജലകന്യയെ നിരസിക്കുവാനാവാതെ സ്വന്തം വിധിയുടെ സാഗരം താണ്ടുന്ന ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതകഥ. സമുദ്രത്തിന്റെ ആഴ നീലിമയില്‍ ആ ജലകന്യക അയാളെ കൊണ്ടുപോകുന്നത് വര്‍ണാഭമായ രതിരഥ്യകളിലൂടെയാണ്. എങ്കിലും ആര്‍ത്തലയ്ക്കുന്ന കടല്‍പ്പരപ്പിന്റെ രൗദ്രയാഥാര്‍ഥ്യങ്ങളിലേക്കു പൊന്തി വന്നേ തീരൂ. അതാണു ജീവിതം. 'കണ്‍മുന്നില്‍ സമുദ്രം'. സി.വി. ബാലകൃഷ്ണന്‍. എച്ച് & സി ബുക്സ്. വില 90 രൂപ.

◾  ഉപയോഗിച്ച ഒരു ടൂത്ത് ബ്രഷുകളില്‍ ഏകദേശം 12 ദശലക്ഷത്തോളം ബാക്ടീരിയകളും വൈറസുകളും അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍. ടൂത്ത് ബ്രഷ് ഉപയോഗിക്കുന്ന വ്യക്തിയുടെ വായ, ചര്‍മം, ടൂത്ത് ബ്രഷ് സൂക്ഷിക്കുന്ന പരിസ്ഥിതി എന്നിവിടങ്ങളില്‍ നിന്നാണ് സൂക്ഷ്മാണുക്കള്‍ ടൂത്ത് ബ്രഷില്‍ പ്രധാനമായും എത്തുന്നത്. അത് പല്ലുകള്‍ ക്ഷയിക്കാനും പല്ലുകളില്‍ പോട്, മോണയില്‍ വീക്കം തുടങ്ങിയവ ഉണ്ടാക്കാനും കാരണമാക്കും. ചിലത് വയറ്റിലെ അണുബാധകളും ഭക്ഷ്യവിഷബാധയും ഉണ്ടാക്കാവുന്നതാണ്. ടൂത്ത് ബ്രഷ് കുളിമുറിയില്‍ സൂക്ഷിക്കുന്നതിലൂടെ ബാക്ടീരിയകളും വൈറസുകളും ബ്രഷില്‍ കടന്നു കൂടുന്നു. ഒന്നില്‍ കൂടുതല്‍ ടൂത്ത് ബ്രഷുകള്‍ ഒന്നിച്ചു സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അവ പരസ്പരം സ്പര്‍ശിക്കാനിടയാകാത്ത വിധം വേണം സൂക്ഷിക്കാന്‍. ബ്രഷ് ഉപയോഗിക്കുന്നതിന് മുന്‍പ് ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ബ്രഷ് വൃത്തിയായി ആദ്യം തന്നെ കഴുകുന്നത് സൂക്ഷ്മാണുക്കളുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കും. മൂന്ന് മാസം കൂടുമ്പോള്‍ ടൂത്ത് ബ്രഷ് മാറ്റണമെന്നാണ് ദന്ത ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറ്. കൂടുതല്‍ കാലം ഒരേ ബ്രഷ് ഉപയോഗിക്കുന്നത് അണുബാധയ്ക്കും പല്ലു ദ്രവിക്കലിനും കാരണമാകും. കൂടാതെ ഒരുപാട് നേരം ബ്രഷ് ചെയ്യുന്നത് ബ്രഷുകളുടെ നാരുകള്‍ വളയാനും അത് മോണകളില്‍ കേടുപാടുണ്ടാക്കാനും സാധ്യതയുണ്ട്. കൂടാതെ കൂടുതല്‍ കാലം ഒരേ ബ്രഷ് ഉപയോഗിക്കുന്നത് പല്ലുകളില്‍ നിന്നും മോണകളില്‍ നിന്നും ഫലകവും ബാക്ടീരിയയും നീക്കം ചെയ്യാന്‍ ബ്രഷിന് കഴിയാതെ വരുകയും ദന്തസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 87.92, പൗണ്ട് - 118.02, യൂറോ - 102.55, സ്വിസ് ഫ്രാങ്ക് - 110.91, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.13, ബഹറിന്‍ ദിനാര്‍ - 233.24, കുവൈത്ത് ദിനാര്‍ -287.30, ഒമാനി റിയാല്‍ - 228.65, സൗദി റിയാല്‍ - 23.44, യു.എ.ഇ ദിര്‍ഹം - 23.89, ഖത്തര്‍ റിയാല്‍ - 24.07, കനേഡിയന്‍ ഡോളര്‍ - 62.67.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right