2025 ഒക്ടോബർ 20 തിങ്കൾ
1201 തുലാം 3 അത്തം
1447 റ : ആഖിർ 27
◾ കേന്ദ്രസര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിടാനുള്ള സിപിഎം തീരുമാനത്തിനെതിരെ സിപിഐ. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി മറുപടി നല്‍കി. കുട്ടികള്‍ക്ക് കിട്ടേണ്ട ഫണ്ടാണെന്നും കേന്ദ്രസഹായം എല്ലാ വിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും കൃഷി വകുപ്പും ആരോഗ്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പുമൊക്കെ കേന്ദ്ര ഫണ്ടുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
◾ കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം തുറന്നെതിര്‍ക്കേണ്ടതാണെന്നും പിഎം ശ്രീയില്‍ ചേരരുതെന്നും സിപിഐ സംസ്ഥാന നേതൃത്വം. എന്‍.ഇ.പിയില്‍ കേന്ദ്രം നയം മാറ്റിയിട്ടില്ലെന്നും ഇടത് സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുകയാണ് വേണ്ടതെന്നും വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.
◾ പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും, മന്ത്രി ബിനോയ് വിശ്വം പറഞ്ഞതാണ് സിപിഐ നിലപാടെന്നും മന്ത്രി കെ രാജന്‍ . പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ വിയോജിപ്പ് നിലനില്‍ക്കുന്നത് കൊണ്ടാണ് പദ്ധതിയില്‍ ഒപ്പിടാത്തതെന്നും ഫണ്ട് തരാനാകില്ലെന്ന് പറയാന്‍ കേന്ദ്ര സര്‍ക്കാരിന് എന്ത് അധികാരമെന്നും മന്ത്രി ചോദിച്ചു.
◾ സംസ്ഥാനത്ത് പിഎംശ്രീ പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വൈകി വന്ന വിവേകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പദ്ധതിയുടെ പ്രയോജനങ്ങള്‍ ഇത്രയും കാലം തടഞ്ഞു വെച്ച സിപിഎമ്മും പിണറായി വിജയന്‍ സര്‍ക്കാരും മാപ്പ് പറയണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
◾ പി എം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്നും വിദ്യാര്‍ത്ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി നല്‍കിയ ഉറപ്പ് ലംഘിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടിവ് ആരോപിച്ചു. കേന്ദ്രം നല്‍കുവാനുള്ള ആയിരത്തി അഞ്ഞൂറ് കോടിയോളം രൂപ, യോജിച്ച സമര പോരാട്ടങ്ങളിലൂടെ നേടിയെടുക്കേണ്ടതിന് പകരം, കേന്ദ്ര നയങ്ങള്‍ക്ക് വഴങ്ങുന്നത് വിദ്യാര്‍ത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും എ ഐ എസ് എഫ് വിശദമാക്കി.
◾ സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്. ഇന്ന് എറണാകുളത്തും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് ഈ ദിവസങ്ങളില്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പില്‍ പറയുന്നത്. കേരളാ തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.
◾ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ച് സമരം നടത്തും. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, രോഗികള്‍ക്ക് ആനുപാതികമായ ഡോക്ടര്‍മാരെ നിയമിക്കുക, അശാസ്ത്രീയമായ സ്ഥലംമാറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സര്‍ക്കാരിന്റെ ഭാഗത്ത്നിന്നും അനുകൂല തീരുമാനം ഇല്ലാത്തതിനാല്‍ ആണ് സമരമെന്ന് കെജിഎംസിടിഎ വ്യക്തമാക്കി. ജൂനിയര്‍ ഡോക്ടര്‍മാരുടെയും പിജി ഡോക്ടര്‍മാരുടെയും സേവനം മെഡിക്കല്‍ കോളേജുകളില്‍ ഉണ്ടായിരിക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 28 മുതല്‍ റിലേ അടിസ്ഥാനത്തില്‍ സമരം നടത്തുമെന്നും കെജിഎംസിടിഎ അറിയിച്ചിട്ടുണ്ട്.
◾ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ തെരഞ്ഞെടുപ്പ് ഏതാനും മാസം മാത്രം അകലെ നില്‍ക്കെ, മുഖ്യമന്ത്രി പിണറായി വിജയന്‍ ധൃതി പിടിച്ചു മിഡില്‍ ഈസ്റ്റ് സന്ദര്‍ശിക്കുന്നത് കേരളത്തിനു വേണ്ടിയല്ലെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള പാര്‍ട്ടി താല്‍പര്യമാണെന്നും അതിനു വേണ്ടി മാത്രമാണ് സര്‍ക്കാര്‍ ഖജനാവ് കാലിയാക്കി ഈ വിശാലമായ വിദേശയാത്രയ്ക്ക് ഒരുങ്ങുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
◾ പാര്‍ട്ടിയുമായുള്ള ഉടക്ക് തുടര്‍ന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. കുട്ടനാട്ടില്‍ പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ ക്ഷണം ഉണ്ടായിട്ടും സുധാകരന്‍ പങ്കെടുത്തില്ല. പരിപാടി നടത്താന്‍ ആളുകളുണ്ടല്ലോയെന്നും തന്റെ ആവശ്യം ഇല്ലല്ലോയെന്നുമാണ് സുധാകരന്റെ പ്രതികരണം. പേരിന് മാത്രമാണ് സുധാകരനെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുള്ളതെന്നും അദ്ദേഹത്തിന് നോട്ടീസ് പോലും നല്‍കിയില്ലെന്നുമാണ് വിവരം. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജി സുധാകരനെ പാര്‍ട്ടി പരിപാടിയിലേക്ക് ആലപ്പുഴയിലെ നേതൃത്വം ക്ഷണിച്ചത്. അതേസമയം പ്രായപരിധിയുടെ പേരില്‍ സ്ഥാനങ്ങളില്‍ നിന്ന് ഒഴിവായാലും സഖാക്കള്‍ പാര്‍ട്ടിയില്‍ സജീവമാകണമെന്ന് കുട്ടനാട്ടിലെ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎ ബേബി പറഞ്ഞു. ജി സുധാകരനെ ലക്ഷ്യമിട്ട് കൊണ്ടായിരുന്നു ഒളിയമ്പ്.
◾ ജി സുധാകരന്‍ തന്റെ നേതാവാണെന്നും താന്‍ ഒന്നും ഉപദേശിച്ചിട്ടില്ലെന്നും മന്ത്രി സജി ചെറിയാന്‍. താന്‍ ഉപദേശിക്കാന്‍ ആളല്ല. സുധാകരന്‍ സാര്‍ പറഞ്ഞതാണ് ശരിയെന്നും സുധാകരന്‍ സാറിന് എന്നെ കുറിച്ച് ഒരു തെറ്റിധാരണയുമില്ലെന്നും മാധ്യമങ്ങള്‍ തെറ്റിധാരണ ഉണ്ടാക്കരുതെന്നും എന്തെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ സംസാരിച്ചു തീര്‍ത്തോളാമെന്നും സജി ചെറിയാന്‍ പറഞ്ഞു. ജി സുധാകരന്‍ പാര്‍ട്ടിയുടെ ഭാഗമാണെന്നും സുധാകരന്‍ സാര്‍ മുന്നില്‍ നിന്ന് പാര്‍ട്ടിയെ നയിക്കുമെന്നും എല്ലാ പരിപാടികളിലും പങ്കെടുക്കുമെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
◾ ആര്‍ എസ് പി മുന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ: ടി ജെ ചന്ദ്രചൂഡന്റെ സ്മരണക്കായി സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് നിസ്തുലമായ സംഭാവന നല്‍കുന്ന പ്രതിഭകള്‍ക്ക് വേണ്ടി പ്രൊഫ: ടി.ജെ. ചന്ദ്രചൂഡന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് മുന്‍ മന്ത്രിയായ ജി.സുധാകരനെ തെരഞ്ഞെടുത്തു. ഒക്ടോബര്‍ 31 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന്‍ അനുസ്മരണം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.
◾ പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസിന്റെ കരങ്ങള്‍ കെട്ടാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എസ്പി തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയെന്നും എ ഐ ഉപയോഗിച്ച് ഷാഫി പറമ്പില്‍ എംപിയെ പരിക്കേല്‍പ്പിച്ചത് ആരാണെന്ന് കണ്ടെത്തുമെന്ന് എസ് പി പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരെ സിപിഎം ഭീഷണിപ്പെടുത്തുന്നുവെന്നും ഭീഷണി പ്രസംഗം നടത്തിയതിനു ഇപി ജയരാജന് എതിരെ കേസ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
◾ ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചത് പൊറോട്ടയും ബീഫും നല്‍കിയാണെന്ന് യുഡിഎഫ് എംപി എന്‍.കെ. പ്രേമചന്ദ്രന്‍. യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയിലായിരുന്നു പ്രേമചന്ദ്രന്‍ ഇക്കാര്യം ആരോപിച്ചത്. പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
◾ ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമലയിലെ ദ്വാരപാലക പീഠത്തിന്റെ അളവെടുത്തത് അനുമതിയില്ലാതെയെന്ന് വിവരം. സന്നിധാനത്ത് ആളെയെത്തിച്ച് പീഠത്തിന്റെ അളവെടുക്കാന്‍ പോറ്റിക്ക് രേഖാമൂലം ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരുന്നില്ലെന്ന് എസ്‌ഐടി കണ്ടെത്തി. 2020ല്‍ പോറ്റി ഒരു ജീവനക്കാരെയും കൂട്ടി പീഠത്തിന്റെ അളവെടുത്തു. ഈ പീഠം ചേരാതെ വന്നപ്പോള്‍ സുഹൃത്തിന് കൈമാറി. ഈ പീഠമാണ് പോറ്റിയുടെ ബന്ധുവീട്ടില്‍ നിന്നും ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത്.
◾ കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തിന് കാരണം മാലിന്യം വലിച്ചെറിയലാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ഹാരിസ് ചിറയ്ക്കല്‍. തൊട്ടടുത്ത തമിഴ്‌നാട്ടിലും കര്‍ണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കാരണം തേടി വലിയ റിസര്‍ച്ച് ഒന്നും ആവശ്യമില്ലെന്നും മാലിന്യം വലിച്ചെറിയല്‍ തന്നെയാണ് കാരണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
◾ മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി നിരീക്ഷണം തെറ്റെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ കൊച്ചിയില്‍ ചേര്‍ന്ന വിവിധ മുസ്ലീം സംഘടനകളുടെ യോഗം തീരുമാനിച്ചു. വഖഫ് ഭൂമി വഖഫ് ആയി നില നിര്‍ത്തി താമസക്കാരുടെ പുനരധിവാസത്തിനു സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് സംഘടനകളുടെ യോഗത്തില്‍ ഉയര്‍ന്ന ആവശ്യം. കൊച്ചിയില്‍ കഴിഞ്ഞ ദിവസമാണ് വിവിധ മുസ്ലിം സംഘടനകള്‍ യോഗം ചേര്‍ന്നത്.
◾ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി വിദ്യാര്‍ത്ഥിനിയുടെ കുടുംബം. വിദ്യാര്‍ത്ഥിനിയെ ഉടന്‍ സ്‌കൂള്‍ മാറ്റില്ലെന്നും ഹൈക്കോടതിയുടെ നിലപാട് കൂടി അറിഞ്ഞശേഷമായിരിക്കും തുടര്‍ തീരുമാനമെന്നും കുടുംബം വ്യക്തമാക്കി. ഹൈക്കോടതിയില്‍ സ്‌കൂള്‍ നല്‍കിയ ഹര്‍ജിയില്‍ കുടുംബത്തെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. വെള്ളിയാഴ്ച ഹൈക്കോടതി ഹര്‍ജി പരിഗണിക്കും.
◾ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ നിന്ന് രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളും കൂടി പഠനം നിര്‍ത്തി വേറെ സ്‌കൂളിലേക്ക് മാറുന്നുവെന്ന് വിവരം. സ്‌കൂള്‍ മാറുന്നതിനായി സെന്റ് റീത്താസ് സ്‌കൂളില്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിനായി രക്ഷിതാവ് അപേക്ഷ നല്‍കി. തോപ്പുംപടിയിലെ ഔവര്‍ ലേഡീസ് കോണ്‍വെന്റ് സ്‌കൂളിലേക്കാണ് കുട്ടികളെ ചേര്‍ക്കുന്നത്. ഹിജാബ് വിവാദത്തിനിരയായ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് തീരുമാനം.
◾ കൊല്ലം കടയ്ക്കലില്‍ സിപിഐയില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന 112 പേര്‍ പാര്‍ട്ടി വിട്ടു. മന്ത്രി ജെ ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലാണ് കൂട്ടരാജി . 10 മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, 45 ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, 48 ബ്രാഞ്ച് സെക്രട്ടറിമാര്‍, 9 ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരാണ് രാജിവെച്ചത്. 700 ല്‍ അധികം പാര്‍ട്ടി അംഗങ്ങളും രാജിവെച്ചെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളാണ് തീരുമാനത്തിന് കാരണമെന്നും വ്യക്തമാക്കി.
◾ സുല്‍ത്താന്‍ ബത്തേരി നഗരസഭ നടപ്പാക്കിയ 'ഡ്രോപ്പ് ഔട്ട് ഫ്രീ നഗരസഭ' പദ്ധതിക്ക് നീതി ആയോഗിന്റെ ദേശീയ പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് നഗരസഭയ്ക്ക് ലഭിച്ചത്. ഇതോടെ വിദ്യാഭ്യാസ മേഖലയില്‍ പുരസ്‌കാരം നേടുന്ന കേരളത്തിലെ ഏക നഗരസഭയായി മാറി സുല്‍ത്താന്‍ ബത്തേരി. കോവിഡ് മഹാമാരിക്ക് ശേഷം സ്‌കൂളിലെത്താത്ത കുട്ടികളെ തിരികെ കൊണ്ടുവരാനും സ്‌കൂളിനെ കുട്ടികളുടെ ഇഷ്ടയിടമാക്കി മാറ്റാനുമാണ് കഴിഞ്ഞ നാല് വര്‍ഷമായി പദ്ധതി നടപ്പിലാക്കുന്നത്.
◾ സിപിഎമ്മില്‍ നിന്ന് തന്നെ പുറത്താക്കിയതില്‍ വിഷമമില്ലെന്ന് എളവള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ്. പല ഘട്ടങ്ങളിലും സിപിഎം തന്നെ തഴഞ്ഞതാണെന്നും 20 വര്‍ഷമായി സിപിഎമ്മില്‍ സത്യസന്ധമായാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും കോണ്‍ഗ്രസിന്റെ ഉന്നതരായ നേതാക്കളുമായി തനിക്ക് പതിറ്റാണ്ടുകളായി സൗഹൃദമുണ്ടെന്നും തുടര്‍ന്നും സജീവമായി രാഷ്ട്രീയ രംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മണലൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും നിയമസഭാ സീറ്റിനായി യുഡിഎഫ് നേതൃത്വവുമായി താന്‍ ചര്‍ച്ച നടത്തിയെന്നത് തെറ്റാണെന്നും ജിയോ ഫോക്‌സ് പറഞ്ഞു. അച്ചടക്ക ലംഘനം, പാര്‍ടി നയ വ്യതിയാനം, പരസ്യ പ്രസ്താവന എന്നിവയുടെ പേരിലാണ് സിപിഎം മണലൂര്‍ ഏരിയ കമ്മിറ്റിക്ക് കീഴിലെ ചിറ്റാട്ടുകര ലോക്കല്‍ കമ്മിറ്റി അംഗമായ ജിയോ ഫോക്‌സിനെ പാര്‍ട്ടിയില്‍ നിന്ന് സിപിഎം പുറത്താക്കിയത്. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും എളവള്ളി പഞ്ചായത്ത് അംഗവുമായിരിക്കേ 21 വര്‍ഷം മുന്‍പാണ് ജിയോ ഫോക്സ് സിപിഎമ്മില്‍ ചേര്‍ന്നത്.
◾ നെയ്യാറ്റിന്‍കരയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജോസ് ഫ്രാങ്ക്‌ളിനെ സസ്‌പെന്‍ഡ് ചെയ്ത് കെപിസിസി. തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്കിളിനെ ആരോപണങ്ങളുടെ പശ്ചത്താലത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.
◾ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട ചര്‍ച്ച മില്ലുടമകളില്‍ നിന്നും ഉണ്ടായത് അനുഭാവ പൂര്‍ണമായ പ്രതികരണമാണെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. കൊച്ചിയില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ഉടന്‍ തന്നെ മറ്റ് അംഗങ്ങളുമായി ആലോചിച്ച് ഭാരവാഹികള്‍ മറുപടി അറിയിക്കുമെന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
◾ സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജിനാണ് സീറ്റുകള്‍ അനുവദിച്ചത്. രാജ്യത്ത് സ്റ്റേറ്റ് മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് ന്യൂക്ലിയര്‍ മെഡിസിന് പിജി പഠനം സാധ്യമാകുന്നത്. മലബാര്‍ കാന്‍സര്‍ സെന്ററില്‍ റേഡിയേഷന്‍ ഓങ്കോളജിയില്‍ പിജി സീറ്റുകള്‍ അനുവദിക്കപ്പെട്ടു.
◾ അതിരപ്പിള്ളിയില്‍ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം. പോത്തുപ്പാറ ഉന്നതിയിലെ 10 വയസ്സുകാരനായ അനൂപ് ശശീധരനാണ് മര്‍ദ്ദനമേറ്റത്. ഇതേ ഹോസ്റ്റലിലെ മറ്റൊരു വിദ്യാര്‍ത്ഥിയായ 9-ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് മര്‍ദ്ദിച്ചത്. മര്‍ദനമേറ്റിട്ടും ഹോസ്റ്റല്‍ അധികൃതര്‍ വേണ്ട ചികിത്സ ഉറപ്പാക്കിയില്ലെന്ന് അനൂപിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ഹോസ്റ്റല്‍ വാര്‍ഡന്മാരുടെ അശ്രദ്ധയാണ് ഇത്തരത്തിലുള്ള സംഭവമെന്നും കുടുംബം ആരോപിക്കുന്നു.
◾ മലപ്പുറം ചേലേമ്പ്രയില്‍ ഫീസടക്കാതിരുന്നതിനെ തുടര്‍ന്ന് കുഞ്ഞിനെ സ്‌കൂള്‍ ബസില്‍ കയറ്റാതിരുന്ന സംഭവത്തില്‍ എ.എല്‍.പി സ്‌കൂള്‍ അധികൃതരോട് വിദ്യഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും വിശദീകരണം തേടി. എന്നാല്‍ ഫീസ് കുടിശിക ശ്രദ്ധയില്‍ പെടുത്തുക മാത്രമാണ് ചെയ്തതെന്നും ബസില്‍ കയറ്റാതിരുന്നിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ മറുപടി നല്‍കി. കുഞ്ഞിനൊപ്പം ഉണ്ടായിരുന്നവര്‍ സ്വമേധയാ പിന്‍മാറുകയായിരുന്നുവെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് വ്യക്തമാക്കി.
◾ കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുകയായിരുന്ന നിരീശ്വരവാദികളുടെ കൂട്ടായ്മ നിര്‍ത്തിവെച്ചു. ഇതില്‍ പങ്കെടുക്കാന്‍ എത്തിയ ആള്‍ തോക്കുമായി എത്തിയതോടെയാണ് പരിപാടി നിര്‍ത്തിയത്. രവിചന്ദ്രനും ശ്രീജിത്ത് പണിക്കരും തമ്മിലുള്ള സംവാദം നടക്കുന്നതിനിടെ പൊലീസ് എത്തി എല്ലാവരോടും പുറത്തിറങ്ങാന്‍ പറയുകയായിരുന്നു. എന്നാല്‍ കയ്യില്‍ ഉണ്ടായത് ലൈസന്‍സ് ഉള്ള തോക്കാണെന്നും സ്വയ രക്ഷയ്ക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്നും അറസ്റ്റിലായ ആള്‍ പറഞ്ഞു
◾ തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് പ്രതിയെ പൊലീസ് സാഹസികമായി പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവറാണ് പിടിയിലായ പ്രതി. സംഭവത്തിനുശേഷം പ്രതി മധുരയില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
◾ പ്രസവത്ത തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായരുന്ന കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് ആണ് മരിച്ചത്. 22 വയസായിരുന്നു. പ്രസവം നടന്ന കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സാപിഴവ് ഉണ്ടായി എന്നാണ് ആരോപണം.
◾ ദീപാവലിയോടനുബന്ധിച്ച് 26 ലക്ഷത്തിലധികം ചെരാതുകള്‍ തെളിയിച്ച അയോധ്യക്ക് രണ്ട് ഗിന്നസ് ലോക റെക്കോഡുകള്‍. ദീപാവലിയോടനുബന്ധിച്ച് ഇന്നലെയാണ് സരയൂ നദീതീരത്ത് 26 ലക്ഷം മണ്‍ചെരാതുകളുടെ വെളിച്ചത്തില്‍ അയോധ്യ തിളങ്ങിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗിന്നസ് ലോക റെക്കോഡിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി.
◾ ചെന്നൈ ആവഡിയില്‍ വീട്ടിനുള്ളില്‍ സൂക്ഷിച്ച നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് അപകടം. സംഭവത്തില്‍ നാല് പേര്‍ മരിച്ചു. വീട് പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി മൃതശരീരങ്ങള്‍ മാറ്റി.
◾ തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ നടന്ന ഭണ്ഡാര കവര്‍ച്ചയില്‍ നിലപാട് കടുപ്പിച്ച് ആന്ധ്രാപ്രദേശ് ഹൈക്കോടതി. കാണിക്കയായി ലഭിച്ച പണത്തില്‍ നിന്ന് 100 കോടി രൂപ ജീവനക്കാരന്‍ കടത്തിയ കേസ് ഒത്തുതീര്‍പ്പാക്കിയ സംഭവത്തില്‍ തിരുപ്പതി തിരുമല ദേവസ്ഥാനം ഓഫീസറോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും.
◾ കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ വീടിന് തീപിടിച്ച് 7 പേര്‍ക്ക് പരിക്ക്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കത്തിച്ചുവച്ച വിളക്കില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. ബാഗല്‍കോട്ടിലെ ഗഡ്ഡങ്കരി ക്രോസ്സില്‍ വീടിന്റെ രണ്ടാം നിലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്. ഒരു വയസുള്ള കുട്ടിയടക്കം ഏഴ് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റുവെന്നും ഇവരെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണെന്നും കര്‍ണാടക പൊലീസ് അറിയിച്ചു.
◾ ദില്ലിയില്‍ വായു മലിനീകരണം അതിരൂക്ഷമെന്ന് റിപ്പോര്‍ട്. നഗരത്തില്‍ വായുഗുണനിലവാര സൂചിക ശരാശരി 270 രേഖപ്പെടുത്തി. ദീപാവലിക്ക് മുന്‍പെ സ്ഥിതി ഗുരുതരമാകുന്നതില്‍ ആശങ്കയിലാണ് നാട്ടുകാരും വിനോദ സഞ്ചാരികളും. നഗരത്തില്‍ രണ്ട് മേഖലകളില്‍ വായുമലിനീകരണതോത് നാനൂറ് കടന്ന് ഗുരുതര അവസ്ഥയിലെത്തി. അക്ഷര്‍ധാമില്‍ 426ഉം ആനന്ദ് വിഹാറില്‍ 416ഉം ആണ് രേഖപ്പെടുത്തിയത്. 9 ഇടങ്ങളില്‍ മലിനീകരണതോത് മുന്നൂറ് കടന്നു.
◾ മാതാപിതാക്കള്‍ പെണ്‍മക്കളെ അഹിന്ദുക്കളുടെ വീട്ടില്‍ പോകുന്നതില്‍ നിന്ന് വിലക്കണമെന്നും, ഈ നിര്‍ദ്ദേശം അനുസരിച്ചില്ലെങ്കില്‍ പെണ്‍കുട്ടികളുടെ കാല് തല്ലി ഒടിക്കണമെന്നും ബിജെപി മുന്‍ എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍. ഭോപ്പാലില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ ആണ് പ്രജ്ഞാ സിങ് ഠാക്കൂര്‍ വിദ്വേഷ പരാമര്‍ശം നടത്തിയത്.
◾ മഹാരാഷ്ട്രയിലെ ഔറംഗാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് ഛത്രപതി സംഭാജിനഗര്‍ സ്റ്റേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള അന്നത്തെ സര്‍ക്കാര്‍ ഔറംഗബാദ് നഗരത്തെ ഛത്രപതി സംഭാജിനഗര്‍ എന്ന് ഔദ്യോഗികമായി പുനര്‍നാമകരണം ചെയ്ത് മൂന്ന് വര്‍ഷത്തിന് ശേഷമാണ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റിയത്.
◾ കശ്മീരി പണ്ഡിറ്റുകളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി നേതൃത്വം ഉപയോഗിക്കുന്നുവെന്ന് ജമ്മു കശ്മീരിലെ ബിജെപി നേതാവ് ജഹാന്‍സൈബ് സിര്‍വാള്‍. കശ്മീരി പണ്ഡിറ്റുകള്‍ ഏറെക്കാലമായി നേരിടുന്ന അവഗണന അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ കശ്മീരി പണ്ഡിറ്റുകളുടെ ക്യാംപുകള്‍ ഇതുവരെ സന്ദര്‍ശിച്ചില്ലെന്നത് ഖേദകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
◾ സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഖഫ്ജിയുടെ വടക്കു കിഴക്ക് അറേബ്യന്‍ ഗള്‍ഫ് കടലില്‍ ഭൂചലനം രേഖപ്പെടുത്തി. ഖഫ്ജിയില്‍ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ വടക്കുകിഴക്കായി അറേബ്യന്‍ ഗള്‍ഫ് കടലിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടര്‍ സ്‌കെയിലില്‍ 4.34 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സൗദി ജിയോളജിക്കല്‍ സര്‍വേയുടെ നാഷനല്‍ സീസ്മിക് മോണിറ്ററിങ് നെറ്റ്വര്‍ക്ക് സ്റ്റേഷനുകള്‍ രേഖപ്പെടുത്തിയത്.
◾ അതിര്‍ത്തിയില്‍ ദിവസങ്ങളോളം നീണ്ടുനിന്ന രൂക്ഷമായ ഏറ്റുമുട്ടലുകള്‍ക്ക് ശേഷം പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അടിയന്തര വെടിനിര്‍ത്തലിന് സമ്മതിച്ചു. ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ദോഹയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് ധാരണയായത്. വെടിനിര്‍ത്തലിന്റെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും പരിശോധിക്കുന്നതിനുമായി വരും ദിവസങ്ങളില്‍ തുടര്‍ യോഗങ്ങള്‍ നടത്താന്‍ ഇരുപക്ഷവും സമ്മതിച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
◾ ഗാസയിലെ സാധാരണ ജനങ്ങളെ ആക്രമിക്കുന്നുവെന്ന് വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചെന്നും ആവര്‍ത്തിച്ചാല്‍ നടപടി ഉണ്ടാകുമെന്നും കാട്ടി ഹമാസിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക. ഇത്തരം അക്രമണങ്ങള്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമായി കണക്കാക്കുമെന്നും ജനങ്ങളെ സംരക്ഷിക്കാന്‍ ഇടപെടും എന്നും അറിയിപ്പിലുണ്ട്. ഇസ്രായേല്‍ പിന്‍വാങ്ങിയ ഇടങ്ങളില്‍ ഗാസയില്‍ വിവിധ ഗാങ്ങുകളും ഹമാസും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.
◾ ദിവസങ്ങള്‍ നീണ്ട സമാധാന ജീവിതത്തിന് വിരാമമിട്ട് ഗാസയില്‍ ഇസ്രായേല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഗാസയില്‍ ഹമാസിനെതിരെ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ സേന രംഗത്തെത്തി. ആക്രമണത്തില്‍ ഗാസയില്‍ 13 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഹമാസ് വെടി നിര്‍ത്തല്‍ ലംഘിച്ചു എന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. റഫയില്‍ ഹമാസ്, ഇസ്രായേല്‍ സൈനിക വാഹനം ആക്രമിച്ചു എന്നതാണ് ആക്രമണത്തിന് കാരണമായി പറയുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗാസയിലേക്ക് മാനുഷിക സഹായം എത്തുന്നത് നിര്‍ത്തി വെയ്ക്കാന്‍ തയ്യാറെടുക്കുകയാണ് ഇസ്രായേല്‍ സേന.
◾ പാരീസിലെ ലൂവ്ര് മ്യൂസിയത്തില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചെന്ന് റിപ്പോര്‍ട്ട്. മുഖംമൂടി ധരിച്ച മൂന്ന് പേരാണ് മോഷണം നടത്തിയത്. മോഷണം നടന്നതായി ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി അറിയിച്ചു. മോഷണം പോയത് നെപ്പോളിയന്റെ ആഭരണമെന്ന് സൂചന. മ്യൂസിയം അടച്ചെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. മൊണാലിസ ചിത്രമടക്കം ഈ മ്യൂസിയത്തിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമാണ് ലൂവ്ര്.
◾ മയക്കുമരുന്നുമായി അമേരിക്കയിലേക്ക് പുറപ്പെട്ട അന്തര്‍വാഹിനി കപ്പല്‍ അമേരിക്കന്‍ സൈന്യം ആക്രമിച്ച് നശിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൈനിക ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും പിടികൂടിയ രണ്ട് പേരെ അവരുടെ മാതൃരാജ്യങ്ങളായ ഇക്വഡോറിലേക്കും കൊളംബിയയിലേക്കും തിരിച്ചയക്കുകയാണെന്നും ട്രംപ് അറിയിച്ചു. സൈനിക നടപടിയുടെ വീഡിയോ വൈറ്റ് ഹൗസ് പുറത്തിറക്കി.
◾ അമേരിക്കയില്‍ ട്രംപ് ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധം. നഗരങ്ങളെ നിശ്ചലമാക്കി നോ കിങ്‌സ് മാര്‍ച്ച് എന്ന പേരില്‍ പ്രതിഷേധ റാലികള്‍ നടന്നു. ഇമിഗ്രേഷന്‍ റെയ്ഡുകള്‍, നഗരങ്ങളില്‍ സൈന്യത്തെ വിന്യസിച്ച നടപടികള്‍, സര്‍ക്കാര്‍ പദ്ധതികളുടെ വെട്ടിച്ചുരുക്കല്‍, രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ നിയമ നടപടികള്‍ തുടങ്ങിയവയാണ് പ്രതിഷേധത്തിന്റെ കാരണങ്ങള്‍. അതേസമയം മാര്‍ച്ചിനെതിരെ വൈറ്റ് ഹൌസ് അപലപിച്ചു.
◾ കരീബിയന്‍ കടലില്‍ അമേരിക്കന്‍ നാവികസേന വെനസ്വേലന്‍ ബോട്ടുകളെ ആക്രമിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുന്നു. പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളാണ് നടക്കുന്നതെന്നും വെനസ്വേലന്‍ സര്‍ക്കാറിനെതിരായ നീക്കത്തിന് സിഐഎയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അനുമതി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍.
◾ വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ത്രില്ലര്‍ പോരില്‍ ഇംഗ്ലണ്ടിനെതിരെ നാല് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമുള്ള ഇന്ത്യ നാല് പോയിന്റുമായി നാലാം സ്ഥാനത്താണ്.
◾ മഴയെത്തുടര്‍ന്ന് ഓവറുകള്‍ പകുതിയായി ചുരുക്കിയ ഓസ്ട്രേലിയക്കെതിരായ ഏകദിനപരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 26 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെ എടുക്കാനായുള്ളൂ. ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 131 ആയി ചുരുക്കിയ വിജയലക്ഷ്യം ഓസ്‌ട്രേലിയ 21.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
◾ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഹാട്രിക്ക് മികവില്‍ നാഷ്വില്ല എസ്സിക്കെതിരേ തകര്‍പ്പന്‍ ജയവുമായി ഇന്റര്‍ മയാമി. രണ്ടിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ജയം. ഇതോടെ മേജര്‍ ലീഗ് സോക്കറിന്റെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം മെസ്സി്ഉറപ്പാക്കി. എംഎല്‍എസ് ബൂട്ട് മെസ്സിയെത്തേടി ആദ്യമായാണെത്തുന്നത്.
◾ ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 2.16 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 1451 പോയിന്റ് ആണ് മുന്നേറിയത്. റിലയന്‍സിന് മാത്രം വിപണി മൂല്യത്തില്‍ 47,363 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. 19,17,483 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഭാരതി എയര്‍ടെല്‍ 41,254 കോടി, ഐസിഐസിഐ ബാങ്ക് 40,123 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 33,185 കോടി, ബജാജ് ഫിനാന്‍സ് 28,903 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 17,774 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. ഇന്‍ഫോസിസിന്റെ വിപണി മൂല്യത്തില്‍ 30,306 കോടിയുടെ ഇടിവാണ് ഉണ്ടായത്. 5,98,773 കോടിയായാണ് ഇന്‍ഫോസിസിന്റെ വിപണി മൂല്യം താഴ്ന്നത്. വിപണി മൂല്യത്തില്‍ ടിസിഎസിന് 23,807 കോടിയുടെ ഇടിവാണ് ഉണ്ടായത്. എല്‍ഐസിക്ക് 7,684 കോടിയുടെ നഷ്ടം ഉണ്ടായി. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍.
◾ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ഋഷഭ് ഷെട്ടി ചിത്രം 'കാന്താര ചാപ്റ്റര്‍ 1'നെ തേടി മറ്റൊരു നേട്ടം കൂടി. റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കേരളത്തില്‍ ഉള്‍പ്പെടെ വന്‍ കളക്ഷന്‍ നേടിക്കൊണ്ട് മുന്നേറുകയാണ് കാന്താര. അതിനിടെയാണ് മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നത്. കേരളം, തമിഴ്നാട് ഉള്‍പ്പെടെയുള്ള എല്ലാ സൗത്ത് മാര്‍ക്കറ്റിലും 50 കോടി ഗ്രോസ് കളക്ഷന്‍ നേടുന്ന നാലാമത്തെ സിനിമയായി മാറിയിരിക്കുകയാണ് ചിത്രം. ജയിലര്‍, കെജിഎഫ് 2, ബാഹുബലി 2 എന്നീ ചിത്രങ്ങളാണ് ഇതിന് മുന്‍പ് ഈ റെക്കോര്‍ഡ് നേട്ടത്തിലേക്ക് എത്തിയ സിനിമകള്‍. തമിഴ്‌നാട്ടില്‍ നിന്ന് 70 കോടിയോളമാണ് കാന്താര ഇതുവരെ നേടിയത്. രണ്ടാഴ്ച കൊണ്ട് 717.50 കോടി രൂപയാണ് സിനിമയുടെ ആഗോള ഗ്രോസ് കളക്ഷന്‍. സിനിമ അധികം വൈകാതെ തന്നെ 1000 കോടിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ബോളിവുഡിലെയും തെലുങ്കിലെയും ചില വമ്പന്‍ സിനിമയുടെ കളക്ഷനെ കാന്താര മാറി കടന്നിട്ടുണ്ട്.
◾ ധ്രുവ് വിക്രം നായകനായി വന്ന ചിത്രമാണ് 'ബൈസണ്‍'. അനുപമ പരമേശ്വരനാണ് നായികയായി എത്തിയിരിക്കുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു. ദീപാവലി റിലീസായി എത്തിയ ബൈസണ്‍ തിയറ്ററില്‍ മികച്ച അഭിപ്രായമാണ് നേടുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 5.67 കോടി രൂപയാണ് ബൈസണ്‍ ഇതുവരെ നേടിയിരിക്കുന്നത്. മനതി ഗണേശന്‍ എന്ന കബഡി താരത്തിന്റെ ബയോപിക്കാണ് ധ്രുവ് നായകനാകുന്ന ബൈസണ്‍. ഛായാഗ്രാഹണം ഏഴില്‍ അരശാണ്. മാരി സെല്‍വരാജ് ചിത്രം പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സാണ് നിര്‍മിച്ചിരിക്കുന്ത്. 'മഹാന്‍' എന്ന ചിത്രമായിരുന്നു ധ്രുവ് വേഷമിട്ടതില്‍ ഇതിനുമുമ്പ് പുറത്തുവന്നത്. വിക്രം ആയിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്.
◾ ദീപാവലിയോടനുബന്ധിച്ച് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ കാറുകളില്‍ ഒന്നായ മാരുതി സുസുക്കി എസ് പ്രസോയ്ക്ക് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചു. ഈ മാസം ഇത് വാങ്ങുമ്പോള്‍, ഉപഭോക്താക്കള്‍ക്ക് 47,500 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. പുതിയ ജിഎസ്ടി 2.0 ന് ശേഷം, ഈ കാറിന്റെ വില 1,29,600 രൂപ കുറച്ചു. നേരത്തെ ഇതിന്റെ എക്സ്-ഷോറൂം വില 4,26,500 രൂപയായിരുന്നു, ഇപ്പോള്‍ ഇത് 3,49,900 രൂപയായി കുറഞ്ഞു. ഈ കാര്‍ 32 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് മാരുതി സുസുക്കി എസ്-പ്രസോയ്ക്ക് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 68ബിഎച്പി പവറും 89എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. എഞ്ചിനില്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേര്‍ഡാണ്. അതേസമയം 5-സ്പീഡ് എഎംടി ഗിയര്‍ബോക്സും ഒരു ഓപ്ഷനാണ്. ഈ എഞ്ചിനില്‍ ഒരു സിഎന്‍ജി കിറ്റ് ഓപ്ഷനും ലഭ്യമാണ്.
◾ അര്‍ത്ഥസിദ്ധിക്കായി ജന്മങ്ങളെ നൗകകളാക്കി ജീവാരംഭം മുതല്‍ അലയുന്ന സിദ്ധാര്‍ത്ഥന്റെ നിരവധിയായ ജന്മങ്ങളിലൊന്നിലെ കഥയാണിത്. ഭൂതകാലത്തില്‍നിന്നും ആസന്നകാലത്തിലേക്കു നടന്നെത്തിയ മനുഷ്യന്റെ സഞ്ചാരപഥം കഥകളായിരുന്നെന്ന് സിദ്ധാര്‍ത്ഥന് ജ്ഞാനോദയമുണ്ടാവുന്ന ഒരു സന്ദര്‍ഭം. സ്മരണകള്‍ ഭാവനാത്മകമായി കൂട്ടിത്തയ്ച്ച് ഏതു ഋതുവിനെയും അതിജീവിക്കാനായി മനുഷ്യനുണ്ടാക്കിയ ഈ കുപ്പായം ധരിച്ച് കഥാകഥനകാരനായ ഒരാചാര്യന്റെ നേതൃത്വത്തില്‍ ഒരു കൂട്ടുകാരിയോടൊപ്പം ജീവിതത്തിന്റെ ഗതിവിഗതികളെ അറിയുകയാണവന്‍. കുട്ടികളിലെ മുതിര്‍ന്നവരെയും മുതിര്‍ന്നവരിലെ കുട്ടികളെയും അഭിസംബോധന ചെയ്യുന്ന, പ്രത്യക്ഷത്തില്‍ മാത്രം ലഘുവായ ഗഹനമായ ഒരു നോവല്‍. ഉള്‍ക്കാഴ്ചകളുടെ ഒരുത്സവം. കല്‍പ്പറ്റ നാരായണന്റെ ആദ്യ ബാലസാഹിത്യകൃതി. 'എന്താ കഥ!'. മാതൃഭൂമി. വില 153 രൂപ.
◾ കൊഴുപ്പ് കൂടിയും ജങ്ക് ഫുഡ് പോലുള്ളവയും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോര്‍ തകരാറിലാക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ജങ്ക് ഫുഡ് നാല് ദിവസത്തില്‍ കൂടുതല്‍ കഴിക്കുന്നത് ഓര്‍മകളെ നിയന്ത്രിക്കുന്ന ഹിപ്പോകാമ്പസ് എന്ന തലച്ചോറിന്റെ ഭാഗത്തെ പ്രതികൂലമായി ബാധിക്കാം. പുതിയ ഓര്‍മകള്‍ രൂപീകരിക്കുന്നതിലും സംഭരിക്കുന്നതിലും ഹിപ്പോകാമ്പസിന് നിര്‍ണ്ണായക പങ്കുണ്ട്. തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന കേന്ദ്രമായ അമിഗ്ഡലയുമായി ചേര്‍ന്ന് ഇത് വികാരങ്ങള്‍ നിയന്ത്രിക്കുന്നതിലും ഒരു പരിധി വരെ പങ്കുവഹിക്കുന്നുണ്ട്. ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണം കഴിക്കുമ്പോള്‍, തലച്ചോറില്‍ ഇന്‍ഫ്ലമേഷനും ഓര്‍മകളെ തടസപ്പെടുത്തുകയും ചെയ്യുന്നു. തലച്ചോറിലെ ഇന്റര്‍ ന്യൂറോണുകള്‍ അമിതമായി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ഗ്ലൂക്കോസ് സ്വീകരിക്കാനുള്ള തലച്ചോറിന്റെ കഴിവിനെ തകരാറിലാക്കുകയും തല്‍ഫലമായി ഓര്‍മകള്‍ പ്രോസസ്സ് ചെയ്യുന്നതിനെ ബാധിക്കുകയും ചെയ്യുന്നു. ഓര്‍മക്കുറവ്, കാര്യങ്ങള്‍ പെട്ടെന്ന് മറന്നുപോകുക തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകാം. അമിതഭാരമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ തുടങ്ങുന്നതിന് മുമ്പുതന്നെ ഈ മാറ്റങ്ങള്‍ തലച്ചോറില്‍ സംഭവിച്ചു തുടങ്ങുമെന്നതാണ് ഏറ്റവും ശ്രദ്ധേയം. അനാരോഗ്യകരമായ ഭക്ഷണക്രമം വിഷാദം, ഉത്കണ്ഠ, പെട്ടെന്നുള്ള മാനസികാവസ്ഥ മാറ്റങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ നാടിനെ വരള്‍ച്ചബാധിച്ചു. ഇത് കേട്ടറിഞ്ഞ് ഒരു സന്യാസി ആ ഗ്രാമത്തിലെത്തി. അദ്ദേഹം അവിടത്തെ നാല്‍ക്കവലയില്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. മണിക്കൂറുകള്‍ നൃത്തം ചെയ്തപ്പോള്‍ മഴ പെയ്തു. ഗ്രാമം വീണ്ടും സമൃദ്ധിയിലേക്ക് വന്നു. ചില യുവാക്കള്‍ അത് കേട്ട് ഇങ്ങനെ പറഞ്ഞു: നൃത്തമാടിയില്‍ മഴപെയ്യുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഞങ്ങളും ചെയ്‌തേനെ. കാലം കടന്നുപോയി. വീണ്ടും ആ നാട്ടില്‍ വരള്‍ച്ചവന്നു. അവര്‍ സന്യാസിയെ വിളിച്ചുവരുത്തി. ഒപ്പം ആ യുവാക്കളേയും. സന്യാസിയും യുവാക്കളും നൃത്തമാരംഭിച്ചു. ഒരു ദിവസം നൃത്തം ചെയ്തപ്പോഴേക്കും എല്ലാവര്‍ക്കും മടുത്തു. സന്യാസി പിന്നെയും നൃത്തം തുടര്‍ന്നു. അങ്ങനെ മുപ്പതാം മണി്ക്കൂറില്‍ മഴ പെയ്തു. യുവാക്കള്‍ പറഞ്ഞു: ക്ഷമിക്കണം. താങ്കള്‍ നൃത്തം ചെയ്താലേ മഴ പെയ്യൂ എന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. അപ്പോള്‍ സന്യാസി പറഞ്ഞു: നിങ്ങള്‍ നൃത്തം ചെയ്തത് മടുക്കുവോളം ആണ്. ഞാന്‍ നൃത്തം ചെയ്തത് മഴ പെയ്യുവോളമാണ്. സമയമനുസരിച്ചും പ്രവര്‍ത്തിക്കാം ദൗത്യമനുസരിച്ചും പ്രവര്‍ത്തിക്കാം. ആദ്യത്തെ കൂട്ടര്‍ ക്ലോക്കില്‍ നോക്കിയായിരിക്കും പ്രവര്‍ത്തിക്കുക. നിര്‍ദ്ദിഷ്ടസമയത്ത് ജോലി തുടങ്ങിയില്ലെങ്കിലും, കൃത്യസമയത്ത് അവര്‍ അവസാനിപ്പിച്ചിരിക്കും. എന്നാല്‍ രണ്ടാമത്തെ കൂട്ടര്‍ക്ക് തങ്ങളുടെ ഉത്തരവാദിത്വമായിരിക്കും അടിസ്ഥാനം. തങ്ങള്‍ തുടങ്ങിയവ പൂര്‍ത്തിയാകാതെ അവര്‍ പിന്‍വാങ്ങുകയില്ല. സ്വന്തം ദൗത്യം മറക്കാത്തവരെയാണ് ഈ നാടിനാവശ്യം. അതായിരിക്കും അവരെ മുന്നോട്ട് നയിക്കുന്നതും - ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA