Trending

സായാഹ്ന വാർത്തകൾ.

◾ കേരളത്തിലെ എല്ലാ ദേവസ്വങ്ങളിലും മോഷണം നടക്കുന്നുണ്ടെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംസ്ഥാനത്ത് ദേവസ്വം ബോര്‍ഡ് അഴിച്ചുപണിയണമെന്നു പറഞ്ഞ വെള്ളാപ്പള്ളി രാഷ്ട്രീയക്കാര്‍ക്കുള്ള ഇടമായി ദേവസ്വം ബോര്‍ഡ് അധഃപതിച്ചുവെന്നും കുറ്റപ്പെടുത്തി. നമ്പൂതിരിമാരും പോറ്റിമാരുമാണ് സ്വര്‍ണം കക്കുന്നതെന്ന തന്റെ പ്രസ്താവനയില്‍ ബ്രാഹ്‌മണസഭയോട് ഖേദം പ്രകടിപ്പിച്ച വെള്ളാപ്പള്ളി എ. പത്മകുമാര്‍ കുറ്റക്കാരനാണെന്ന് താന്‍ മുന്‍പും പറഞ്ഞിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ജി. സുധാകരന്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയാണെന്ന് പ്രശംസിച്ച വെള്ളാപ്പള്ളി കെ. ബി. ഗണേഷ് കുമാറിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

◾ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഗുരുതര പരാമര്‍ശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗണേഷ് കുമാര്‍ അഹങ്കാരത്തിന് കൈയും കാലും വെച്ചവനാണെന്നും കുടുംബത്തിന് പാര പണിതവനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഫ്യൂഡല്‍ മാടമ്പിക്കും അപ്പുറമാണ് ഗണേഷ് കുമാര്‍. അവന്റെ പാരമ്പര്യം ആണിതെന്നും സ്വന്തം അച്ഛന് വരെ പണി കൊടുത്തയാളാണെന്നും സരിതയെ ഉപയോഗിച്ചാണ് മന്ത്രി സ്ഥാനം നേടിയെടുത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

◾ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. അവരവരുടെ സംസ്‌കാരം അനുസരിച്ചായിരിക്കും ഒരോരുത്തരുടേയും പ്രതികരണമെന്നാണ് കെ ബി ഗണേഷ് കുമാറിന്റെ മറുപടി. വെള്ളാപ്പള്ളിയുടെ ലെവല്‍ അല്ല തന്റെ ലെവലന്നും പക്വതയും സംസ്‌കാരവും ഇല്ലാത്തവര്‍ ഈ രീതിയില്‍ പ്രതികരിക്കുമെന്നും താന്‍ ആ രീതിയില്‍ താഴാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

◾ ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ സമവായ നിര്‍ദേശം തള്ളി ക്രൈസ്തവ സഭകള്‍. എന്‍എസ്എസിന് കിട്ടിയ അനുകൂല ഉത്തരവ് മറ്റ് മാനേജ്മെന്റുകള്‍ക്ക് നടപ്പാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്നാണ് സഭകളുടെ എക്യുമെനിക്കല്‍ യോഗം വ്യക്തമാക്കുന്നത്. കോടതിയില്‍  പോകുന്നതിന് പകരം സര്‍ക്കാര്‍ ഉടന്‍ അനുകൂല ഉത്തരവിറക്കണമെന്നാണ് സഭകളുടെ ആവശ്യം.

◾ ആറന്മുള വള്ളസദ്യ വിവാദത്തിലെ ഫേസ്ബുക്ക് വിശദീകരണ കുറിപ്പ് തിരുത്തി സിപിഎം. ഭഗവാന്റെ  പേരില്‍ കള്ളം പറഞ്ഞാല്‍ ഭഗവാന്‍ ഒരിക്കലും പൊറുക്കില്ല എന്നതായിരുന്നു ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെ ആദ്യം ഇറക്കിയ വിശദീകരണക്കുറിപ്പില്‍ പറഞ്ഞത്. ആചാരലംഘനം നടന്നതായി കള്ളം പ്രചരിപ്പിച്ചാല്‍ ജനങ്ങള്‍ അത് വിശ്വസിക്കില്ല എന്നാണ് ഇപ്പോള്‍ തിരുത്തല്‍ വരുത്തിയത്.

◾ ഹിജാബ് വിവാദത്തില്‍ പള്ളുരുത്തി സ്‌കൂള്‍ മാനേജ്മെന്റിനെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവന്‍കുട്ടി. സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയവത്ക്കരിക്കാന്‍ മാനേജ്മെന്റ് ആസൂത്രിത ശ്രമം നടത്തിയെന്നും സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ നോക്കേണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. അഭിഭാഷകയുടെ പരാമര്‍ശങ്ങള്‍ പ്രശ്നം വഷളാക്കുന്ന വിധത്തിലുള്ളതാണെന്നും മന്ത്രി പറഞ്ഞു. പ്രകോപനപരമായ പ്രതികരണങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും മന്ത്രി നിര്‍ദേശിച്ചു.

◾ മന്ത്രി സജി ചെറിയാനെതിരെ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു പാര്‍ട്ടി പരിപാടിക്കും തന്നെ വിളിച്ചിട്ടില്ലെന്നും പാര്‍ട്ടിക്കായി ഇനി പ്രചാരണത്തിന് ഇല്ലെന്നും ജി സുധാകരന്‍ പറഞ്ഞു. നേതാക്കള്‍ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യമാണെന്നും തനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പടെ ഉള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

◾ അബിന്‍ വര്‍ക്കി വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള യുവ നേതാവാണെന്നും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നിഷേധിക്കപ്പെട്ടപ്പോള്‍ അതിന് വേദന ഉണ്ടാവുക സ്വാഭാവികമാണെന്നും ചാണ്ടി ഉമ്മന്‍. എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും പാര്‍ട്ടി തീരുമാനങ്ങള്‍ ഇഷ്ടമാണെങ്കിലും ഇഷ്ടമല്ലെങ്കിലും അംഗീകരിക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. അബിന്‍ വര്‍ക്കി കൂടുതല്‍ പരിഗണിക്കപ്പെടേണ്ട വ്യക്തിയാണെന്നും പുനസംഘടനയില്‍ അബിന്റെ  കൂടി അഭിപ്രായം മാനിച്ചു വേണമായിരുന്നു തീരുമാനമെടുക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ ബഹ്റൈനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ബഹറൈന്‍ കേരളീയ സമാജത്തിന്റെ പ്രവാസി മലയാളി സംഗമത്തില്‍ പങ്കെടുക്കും. മലയാളം മിഷനും ലോകകേരള സഭയും ചേര്‍ന്നാണ് സംഘാടനം. ബഹ്‌റൈനിലെ പ്രതിപക്ഷ സംഘടനകള്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ബഹിഷ്‌കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

◾ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തൈറോയിഡ് ശസ്ത്രക്രിയക്കിടെ രോഗിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനം. ബോര്‍ഡ് രൂപീകരിക്കാന്‍ ആവശ്യപ്പെട്ട് ഡിഎംഓക്ക് കത്ത് നല്‍കി. സ്വതന്ത്രമായ വിദ്ഗ്ധ അഭിപ്രായത്തിനു വേണ്ടിയാണ് ബോര്‍ഡ് രൂപീകരണം. അതേസമയം അടുത്തയാഴ്ച മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കുമെന്നും സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും നല്‍കണമെന്ന് ആവശ്യപ്പെടുമെന്നും സുമയ്യ വ്യക്തമാക്കി.

◾ പുതുക്കിയ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം കേന്ദ്ര കാലാവസ്ഥ വകുപ്പ് ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

◾ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ചകള്‍ക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. നേരത്തെ ഹര്‍ജി നല്‍കിയ കെ എ പോള്‍ ആണോ എന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്ന് കേന്ദ്രം മറുപടി നല്‍കുകയും ചെയ്തു. നിമിഷ പ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ നടക്കുന്നതായും നിലവില്‍ വധശിക്ഷയ്ക്ക് സ്റ്റേ എന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കേസ് ജനുവരിയിലേക്ക് മാറ്റി.

◾ പാലക്കാട് പോത്തുണ്ടി സജിത കൊലക്കേസ് പ്രതി ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാള്‍. പ്രതിയെ പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍  ഇന്ന് ഓണ്‍ലൈനായി ഹാജരാക്കി. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. ഈ കേസിന് പിന്നാലെ പ്രതി ഇരട്ടക്കൊല നടത്തിയത് പ്രോസിക്യൂഷന്‍ കോടതി അറിയിച്ചു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ശിക്ഷ പരാമര്‍ശിച്ചായിരുന്നു പ്രോസിക്യൂഷന്റെ വാദം.

◾ ഇടുക്കി ഗവണ്‍മെന്റ് നഴ്‌സിങ് കോളേജില്‍ ഹോസ്റ്റല്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. പ്രിന്‍സിപ്പാള്‍ ഓഫീസിന് മുന്നിലാണ് ഇന്ന് മുതല്‍ സമരം. രണ്ടു ബാച്ചുകളിലായി 120 കുട്ടികളാണ് ഇടുക്കി സര്‍ക്കാര്‍ നഴ്സിംഗ് കോളജില്‍ പഠിക്കുന്നത്.

◾ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ച് നിരോധിത പെലാജിക് നെറ്റ് ഉപയോഗിച്ച് ചെറുമത്സ്യങ്ങള്‍ പിടിച്ചും സ്പെഷല്‍ പെര്‍മിറ്റ് ഇല്ലാതെയും മത്സ്യബന്ധനം നടത്തിയ കര്‍ണാടക സംസ്ഥാനത്തിലെ രണ്ട് ബോട്ടുകള്‍ക്ക് 21,60,450 രൂപ പിഴ ഈടാക്കി ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ്.   ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലില്‍ ഒഴുക്കി കളഞ്ഞു. മംഗലാപുരം സ്വദേശികളായ മുഹമ്മദ് ഇഫ്ത്തിക്ക, റിസാന മുഹമ്മദ് ഫിറോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളാണ് പിടിച്ചെടുത്തത്.

◾ പാലക്കാട് പല്ലന്‍ചാത്തൂരില്‍ 14 കാരന്‍ അര്‍ജുന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്ലാസ് അധ്യാപികക്കെതിരെ ആരോപണവുമായി കുടുംബം. കണ്ണാടി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസ്സേജ് അയച്ചതിന് അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പരാതിപ്പെടുന്നു.  സംഭവത്തില്‍ കണ്ണാടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മുറ്റത്ത് പ്രതിഷേധിച്ചു.

◾ പാലക്കാട് പല്ലന്‍ചാത്തൂരില്‍ 14 കാരന്‍ അര്‍ജുന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയ്ത് സ്‌കൂള്‍ മാനേജ്മെന്റ്. ആരോപണവിധേയയായ അധ്യാപിക ആശയെയും പ്രധാനാധ്യാപിക ലിസിയെയും ആണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ക്ലാസ് ടീച്ചറായ ആശക്കെതിരെയാണ് കുടുംബം അടക്കം ആരോപണം ഉന്നയിച്ചത്. ഡിഇഒയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. അതേസമയം സ്‌കൂള്‍ നാല് ദിവസത്തക്ക് അടച്ചിട്ടു.

◾ കിളിമാനൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂളില്‍ വെച്ച് തെരുവ് നായ കടിച്ചു. കിളിമാനൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ കലോത്സവത്തിനിടെ, ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കിളിമാനൂര്‍ മലയാമഠം സ്വദേശിയായ വിദ്യാര്‍ഥിക്കാണ് കടിയേറ്റത്. ഉച്ച ഭക്ഷണ ഇടവേളയില്‍ കുട്ടി സ്‌കൂള്‍ ഗേറ്റിന് സമീപത്തേക്ക് വരുമ്പോള്‍ അവിടെ ഉണ്ടായിരുന്ന തെരുവ് നായ കുട്ടിയെ ആക്രമിക്കുകയായിരുന്നെന്നാണ് വിവരം.

◾ അനന്തു അജിയുടെ ആത്മഹത്യയില്‍ ആരോപണം നേരിടുന്ന നിധീഷ് മുരളീധരന്റെ കട ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. കാഞ്ഞിരപ്പള്ളി കപ്പാട് ഉള്ള ആശുപത്രി ഉപകരണം വില്‍ക്കുന്ന കടയാണ് തകര്‍ത്തത്. നിലവില്‍ നിധീഷ് ഒളിവിലാണെന്നാണ് വിവരം. അനന്തു അജിയുടെ ആത്മഹത്യയില്‍ ഇന്ന് രാവിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വീടിന് അടുത്തുള്ള നീധീഷ് മുരളീധരന്‍ ലൈംഗീകമായി ചൂഷണം ചെയ്തിരുന്നു എന്നായിരുന്നു അനന്തുവിന്റെ വെളിപ്പെടുത്തല്‍.

◾ മാല മോഷണ കേസില്‍ പാലക്കാട് തേങ്കുറിശിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ പിടിയിലായി. കൊടുവായൂര്‍ സ്വദേശി ഷാജഹാന്‍ ആണ് പൊലീസിന്റെ പിടിയിലായത്. തേന്‍കുറിശ്ശിയില്‍ പാല്‍വില്‍പനക്കാരിയായ വയോധികയുടെ മാല പൊട്ടിച്ച കേസിലാണ് അറസ്റ്റ്. ഈ മാസം പത്തിനാണ് സംഭവമുണ്ടായത്. പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

◾ കല്ലടിക്കോട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നേക്കര്‍ മരുതുംകാട് സ്വദേശികളായ ബിനുവിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കൃത്യത്തിനായി ബിനു ഉപയോഗിച്ചിരുന്ന തോക്കുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തും. കുടുംബത്തെ മോശമായി പറഞ്ഞത് നിധിന്‍ ചോദ്യം ചെയ്തതിന്, ബിനു നിധിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം.

◾ മുതലപ്പൊഴിയില്‍ വള്ളത്തില്‍ നിന്ന് തെറിച്ചു കടലില്‍ വീണ് കാണാതായ പെരുമാതുറ വലിയവിളാകം സ്വദേശി സജീറിന്റെ മകന്‍ ഷഹാന്റെ(19) മൃതദേഹം കണ്ടെത്തി. ഇന്നലെ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ തിരയില്‍ പെട്ട് വള്ളത്തില്‍ നിന്നും തെറിച്ചു കടലില്‍ വീഴുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

◾ പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി. ഒഡീഷ സ്വദേശി ജിതേന്ദ്ര ബഹ്റ ആണ് മരിച്ചത്. കഴിഞ്ഞ വെളളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു അപകടം. ഇതോടെ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്ലാവരും മരിച്ചു. കഴിഞ്ഞ വെളളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു അപകടം.  തളിപ്പറമ്പിലെ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപടര്‍ന്നത്.

◾ സൗത്ത് ഏഷ്യന്‍ സര്‍വകലാശാലയിലെ പീഡന പരാതിയില്‍  ഇതുവരെ 100 പേരെ ചോദ്യം ചെയ്തതായി പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടി നടന്നു പോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ലഭിച്ചെന്നും പൊലീസ് വിവരിച്ചു. എന്നാല്‍ അക്രമികളെ കുറിച്ച് ഇതില്‍ സൂചനയൊന്നും കിട്ടിയിട്ടില്ല. പെണ്‍കുട്ടിക്ക് ലഭിച്ചതായി പറയുന്ന ഇ മെയിലുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനിടെ സംഭവത്തില്‍ സ്വമേധയാ കേസ് എടുത്ത് ദേശീയ വനിത കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി.

◾ മധ്യപ്രദേശ് ചിന്ത്വാര ജില്ലയില്‍ കഫ് സിറപ്പ് ദുരന്തത്തില്‍ ചികിത്സയിലായിരുന്ന നാല് വയസ്സുള്ള പെണ്‍കുട്ടി കൂടി മരിച്ചു. മധ്യപ്രദേശ് ചിന്ത്വാര സ്വദേശിയായ പെണ്‍കുട്ടിയാണ് നാഗ്പൂരിലെ ആശുപത്രിയില്‍ മരിച്ചത്. ഇതോടെ കഫ് സിറപ്പ് കഴിച്ചുള്ള ആകെ മരണസംഖ്യ 24 ആയി.  പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം കുട്ടിയെ മെച്ചപ്പെട്ട ചികിത്സയ്ക്കായി നാഗ്പൂരിലേക്ക് മാറ്റുകയായിരുന്നു

◾ ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പത്രിക നല്‍കാനുള്ള സമയം നാളെ അവസാനിക്കും. നവംബര്‍ ആറിനാണ് 121 മണ്ഡലങ്ങളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ്. ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിലെ സീറ്റു വിഭജനം ഇനിയും പൂര്‍ത്തിയാക്കാനായിട്ടില്ല. അതേസമയം 101 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മറ്റ് എന്‍ ഡി എ ഘടകകക്ഷികളും ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

◾ ബിഹാര്‍ കോണ്‍ഗ്രസില്‍ സീറ്റിനെ ചൊല്ലിയുള്ള തമ്മിലടി വിമാനത്താവളത്തിലും. ദില്ലിയില്‍ നിന്ന് ചര്‍ച്ച കഴിഞ്ഞെത്തിയ നേതാക്കളെയാണ് സീറ്റ് കച്ചവടം ആരോപിച്ച് വിമാനത്താവളത്തില്‍ കൈയേറ്റം ചെയ്തത്. സീറ്റ് വിഭജനത്തെ ചൊല്ലി മഹാസഖ്യത്തിലും എന്‍ഡിഎയിലും ഭിന്നത രൂക്ഷമായി തുടരുകയാണ്. ഹൈക്കമാന്‍ഡ് നേതൃത്വവുമായി ചര്‍ച്ച നടത്തി എത്തിയ പിസിസി അധ്യക്ഷന്‍ രാജേഷ് റാമിനും, ബിഹാറിന്റെ ചുമതലയുള്ള എഐസിസി നേതാവ് കൃഷ്ണ അല്ലാവര്‍ക്കുമാണ് എയര്‍പോട്ടില്‍ കയ്യേറ്റം നേരിടേണ്ടി വന്നത്.

◾ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് എതിരെ ഷൂ എറിഞ്ഞ സംഭവത്തില്‍ അഭിഭാഷകന്‍ രാകേഷ് കിഷോറിന് എതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി. അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ട രമണിയാണ് അനുമതി നല്‍കിയത്. ദീപാവലിക്ക് ശേഷം കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിഷയം സ്വാഭാവികമായ അന്ത്യത്തിന് വിടുന്നതാണ് നല്ലത് എന്നാണ് കോടതിയുടെ നിരീക്ഷണം.

◾ എയര്‍ ഇന്ത്യ എക്സ്പ്രസ് വിന്റര്‍ ഷെഡ്യൂളില്‍ ദുബൈ-തിരുവനന്തപുരം-ദുബൈ സെക്ടറില്‍ വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു. ഇതിന് പുറമെ അബുദാബി- തിരുവനന്തപുരം- അബുദാബി സെക്ടറിലും എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ ആരംഭിക്കും. ഡിസംബര്‍ മൂന്ന് മുതലാണ് ഈ റൂട്ടില്‍ സര്‍വീസുകള്‍ തുടങ്ങുക. പ്രതിവാരം മൂന്ന് സര്‍വീസുകളാണ് ഈ റൂട്ടില്‍ ഉണ്ടാകുക.

◾ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. 2025 നവംബര്‍ 25ന് പതാക ഉയര്‍ത്തല്‍ ചടങ്ങ് നടക്കുമെന്ന് ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ക്ഷേത്രത്തിന്റെ ചിത്രങ്ങളും ട്രസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പതാക ഉയര്‍ത്തല്‍ ചടങ്ങിലേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് ശ്രീരാമജന്മഭൂമി ക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര പറഞ്ഞു.

◾ ഇന്ത്യക്ക് എല്ലാ വര്‍ഷവും പുതിയ പ്രധാനമന്ത്രിയാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നാക്കുപിഴ വലിയ ചര്‍ച്ചയാകുന്നു. എന്നാല്‍, ട്രംപിന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മാറിപ്പോയതാണ് എന്നാണ് വ്യക്തമാകുന്നത്. താന്‍ വര്‍ഷങ്ങളായി ഇന്ത്യയെ നിരീക്ഷിക്കുന്നു. അതൊരു അവിശ്വസനീയമായ രാജ്യമാണ്, പക്ഷേ എല്ലാ വര്‍ഷവും അവിടെ പുതിയൊരു നേതാവ് ഉണ്ടാകും. ചിലര്‍ ഏതാനും മാസങ്ങള്‍ മാത്രം അധികാരത്തിലിരിക്കും. ഇത് വര്‍ഷം തോറും തുടരുന്നു. എന്നാല്‍ എന്റെ സുഹൃത്ത് ഇപ്പോള്‍ വളരെക്കാലമായി അവിടെയുണ്ട്' എന്നായിരുന്നു യുഎസ് പ്രസിഡന്റിന്റെ വാക്കുകള്‍.

◾ റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ അവകാശവാദത്തിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഉപഭോക്താക്കളുടെ താല്പര്യം സംരക്ഷിച്ച് മാത്രമാണെന്നാണ് വിദേശകാര്യ മന്ത്രാലയം നല്‍കിയ മറുപടി. ട്രംപിന്റെ അവകാശവാദം പരോക്ഷമായി തള്ളിയ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍, ഇന്ധന ലഭ്യതയും വില പിടിച്ചു നിറുത്തുന്നതും ആണ് ഇന്ത്യയുടെ ഇറക്കുമതി നയം നിര്‍ണ്ണയിക്കുന്നതെന്നും വിവരിച്ചു.

◾ ഗൂഗിളിന്റെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ആഗോളതലത്തില്‍ ഇന്ന് പുലര്‍ച്ചെ പ്രവര്‍ത്തനരഹിതമായ ശേഷം തിരിച്ചെത്തി. ഇന്ന് ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മണിയോടെയാണ് യൂട്യൂബ് സ്ട്രീമിംഗ് ഏഷ്യയിലും യൂറോപ്പിലും വടക്കേ അമേരിക്കയിലും തടസപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. യൂട്യൂബ് മ്യൂസിക് അടക്കമുള്ള മറ്റ് യൂട്യൂബ് പ്ലാറ്റ്‌ഫോമുകളിലും പ്രശ്‌നം ദൃശ്യമായി.

◾ ഓഫ്‌ലൈന്‍ മെര്‍ച്ചന്റ് പേയ്‌മെന്റ്‌സ് ബിസിനസുകളെല്ലാം ഒരു കുടക്കീഴിലാക്കാന്‍ പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി. പേടിഎം പേയ്‌മെന്റ്‌സ് സര്‍വീസസിന്റെ കീഴിലേക്കാണ് സബ്‌സിഡിയറി കമ്പനികളെ മാറ്റുന്നത്. പുതിയ നീക്കത്തോടെ പേടിഎമ്മിന്റെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പേയ്‌മെന്റ് സേവനങ്ങളെല്ലാം ഏകീകരിക്കപ്പെടും. അടുത്തിടെ പേടിഎം പേയ്‌മെന്റ്‌സ് സര്‍വീസസിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് പേയ്‌മെന്റ് അഗ്രഗേറ്റര്‍ ഓണ്‍ലൈന്‍ ആയി പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിച്ചിരുന്നു. ക്യൂആര്‍ കോഡ് അനുബന്ധ സര്‍വീസുകള്‍, സൗണ്ട്‌ബോക്‌സ് ഡിവൈസുകള്‍, ഇഡിസി മെഷീനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ബിസിനസുകള്‍ എല്ലാം പേടിഎം പേയ്‌മെന്റ്‌സ് സര്‍വീസസിന് കീഴിലാകും. 2025 സാമ്പത്തികവര്‍ഷം ഓഫ്‌ലൈന്‍ പേയ്‌മെന്റ് ബിസിനസ് 2,580 കോടി രൂപ വരുമാനം നേടിയിരുന്നു. കമ്പനിയുടെ വരുമാനത്തിന്റെ 47 ശതമാനം വരുമിത്.

◾ സ്വകാര്യ ടെലികോം കമ്പനികളോട് മത്സരിക്കുന്നതിന്റെ ഭാഗമായി, ഒരു മാസത്തേക്ക് സൗജന്യ 4ജി സേവനങ്ങള്‍ പ്രഖ്യാപിച്ച് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍. സൗജന്യ 4ജി സേവനങ്ങള്‍ക്ക് പുറമെ, ഈ ഓഫറില്‍ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളിംഗ് സൗകര്യവും പ്രതിദിനം 2 ജിബി ഡാറ്റയും ലഭിക്കും. ആദ്യമായി ബിഎസ്എന്‍എല്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായിട്ടാണ് ഈ ഓഫര്‍ ഒരുക്കിയിരിക്കുന്നത്. ഈ പ്ലാന്‍ പ്രകാരം, ഉപയോക്താക്കള്‍ക്ക് ആദ്യത്തെ 30 ദിവസത്തേക്ക് ഡാറ്റയ്‌ക്കോ കോളിംഗിനോ പണം നല്‍കേണ്ടതില്ല. എന്നാല്‍, സിം കാര്‍ഡ് എടുക്കുന്നതിനുള്ള പ്രവേശന ഫീസായി ഒരു രൂപ ടോക്കണ്‍ തുകയായി ഈടാക്കും. ഇന്ത്യയിലെ എല്ലാ സര്‍ക്കിളുകളിലും ഈ ഓഫര്‍ ലഭ്യമാണ്. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെയാണ് സൗജന്യ 4ജി സേവന ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.

◾ പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന 'ഖലീഫ'ചിത്രത്തിന്റെ ആദ്യ ഗ്ലിംബ്സ് പുറത്ത്. 'ദ് ബ്ലഡ് ലൈന്‍' എന്ന ടൈറ്റിലോടെയാണ് ഈ പ്രമൊ വിഡിയോ പുറത്ത് വിട്ടിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനം പ്രമാണിച്ചാണ് റിലീസ്. 'പ്രതികാരം സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടും' എന്നാണ് സിനിമയുടെ ടാഗ്ലൈന്‍. ആമിര്‍ അലി എന്നാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് ഗ്ലിംബ്സ് വിഡിയോ ഒരുക്കിയിരിക്കുന്നത്. ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറായി ആണ് ചിത്രം ഒരുക്കുന്നത്. ആദം ജോണ്‍, ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകള്‍ക്കു ശേഷം ജിനു എബ്രഹാം, പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദുബായ്, ഇന്ത്യ, നേപ്പാള്‍ എന്നിവയാണ് ചിത്രത്തിന്റെ മറ്റ് പ്രധാന ലൊക്കേഷനുകള്‍.

◾ തമിഴകത്തെ യുവ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ പ്രദീപ് രംഗനാഥനും മലയാളത്തിന്റെ സ്വന്തം മമിത ബൈജുവും നായകനും നായികയുമായെത്തുന്ന 'ഡ്യൂഡ്' റിലീസിനൊരുങ്ങുകയാണ്. ദീപാവലി റിലീസായി ഒക്ടോബര്‍ 17നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സംഗീത ലോകത്തെ പുത്തന്‍ സെന്‍സേഷന്‍ ആയ സായ് അഭ്യങ്കര്‍ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം സോഷ്യല്‍ മീഡിയ ലോകത്ത് വലിയ വൈറലായി കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായൊരു പ്രണയഗാനം ലിറക്കില്‍ വീഡിയോയായി പുറത്തുവിട്ടിരിക്കുകയാണ്. എന്‍ കണ്ണുക്കുള്ളേ കത്താത... എന്ന് തുടങ്ങുന്ന ഗാനം സായ് അഭ്യങ്കര്‍ ഈണമിട്ട് സായിയും ജോണിറ്റ ഗാന്ധിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ആദേശ് കൃഷ്ണയാണ് ഗാനരചയിതാവ്. ആര്‍ ശരത് കുമാര്‍, നേഹ ഷെട്ടി, ഹൃദു ഹരൂണ്‍, സത്യ, രോഹിണി, ദ്രാവിഡ് സെല്‍വം, ഐശ്വര്യ ശര്‍മ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍.

◾ നവംബര്‍ നാലിന് പുറത്തിറങ്ങാനിരിക്കെ ഹ്യുണ്ടേയ് വെന്യു 2025 മോഡലിന്റെ ചിത്രങ്ങള്‍ പുറത്ത്. ദക്ഷിണകൊറിയയില്‍ നിന്നും പുറത്തുവന്നിട്ടുള്ള ചിത്രങ്ങള്‍ വെന്യുവിന്റെ എക്സ്റ്റീരിയര്‍ ഡിസൈനിന്റെ വ്യക്തമായ സൂചകള്‍ നല്‍കുന്നു. ഹ്യുണ്ടേയ്യുടെ തന്നെ ക്രേറ്റ, ട്യൂസോണ്‍, അയോണിക് 9 തുടങ്ങി മോഡലുകളുടെ ഡിസൈനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് വെന്യുവിന്റെ വരവ്. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളുമായി എത്താനാണ് സാധ്യത. 120എച്ച്പി, 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 83എച്ച്പി, 1.2 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍, 100എച്ച്പി, 1.5 ലീറ്റര്‍ ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. അടിസ്ഥാന എന്‍എ പെട്രോള്‍ എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണ്. ടര്‍ബോ പെട്രോളില്‍ 6 സ്പീഡ് എംടി/7 സ്പീഡ് ഡിസിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുണ്ട്. ഡീസലില്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമാണുള്ളത്. കറുപ്പിലും വെളുപ്പിലുമുള്ള ഡ്യുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡും ത്രീ സ്‌പോക്ക് സ്റ്റീറിങ് വീലും വെന്യുവിലുണ്ട്.

◾ 'അന്‍പേന്തിയ വില്ലാളി' എന്ന ധ്വനിസുന്ദരമായ ശീര്‍ഷകത്തിലുള്ള സി.എസ്. മീനാക്ഷിയുടെ ഈ പുസ്തകം പി. ഭാസ്‌കരന്‍ എന്ന അനന്യപ്രതിഭയെ സംക്ഷിപ്തമായി അടയാളപ്പെടുത്താനുള്ള അഭിനന്ദനീയമായ പരിശ്രമമാണ്. കണ്ടുകിട്ടിയതും അല്ലാത്തതുമായ മുവ്വായിരത്തില്‍പ്പരം ഗാനങ്ങളും ഒട്ടേറെ കവിതകളും തന്നുപോയ ഭാസ്‌കരന്‍ മാസ്റ്ററെക്കുറിച്ചെഴുതുമ്പോള്‍ പാട്ടുകളുടെ പശ്ചാത്തലത്തിലേ അര്‍ത്ഥപൂര്‍ണ്ണത കൈവരൂ. എന്നാല്‍ പാട്ടെഴുത്തിന്റെ വലയത്തെ അതിലംഘിച്ചു പരന്നുപരന്നുപോകുന്ന ബഹുവിധ സാമൂഹിക രാഷ്ട്രീയ മാനങ്ങള്‍ കൂടിയുള്ളതാണ് ആ ജീവിതം. അതിന്റെ വൈപുല്യത്തെ ബോദ്ധ്യപ്പെടുത്തുകകൂടി ചെയ്യുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. 'പി .ഭാസ്‌കരന്‍ അന്‍പേന്തിയ വില്ലാളി'. സി.എസ്. മീനാക്ഷി. മാതൃഭൂമി. വില 153 രൂപ.

◾ ഷുഗര്‍ കട്ട് പലപ്പോഴും പ്രമേഹവുമായി മാത്രം ബന്ധിപ്പിച്ചാണ് നോക്കിക്കാണാറ്. എന്നാല്‍ ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര ഒഴിവാക്കുന്നതു കൊണ്ട് വേറെയുമുണ്ട് ഉപകാരമെന്ന് ചൂണ്ടിക്കാണിക്കുകയാണ് പ്രമുഖ ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റ് സൗരഭ് സേഥി. പഞ്ചസാരയുടെ ഉപയോഗം കുറയുന്നതോടെ വയറിലെയും കരളിലെയും കൊഴുപ്പ് കുറയാന്‍ സഹായിക്കും. ഇത് ചര്‍മത്തിലും മുഖത്തുമൊക്കെ പ്രതിഫലിക്കും. മുഖത്തെ തടിപ്പും കണ്ണിന് താഴെയുള്ള വീക്കവും കുറയ്ക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. പഞ്ചസാര ഉപേക്ഷിക്കുന്നത് കുടലിലെ ബാക്ടീരിയകളെ സംബന്ധിച്ചും നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ഇന്‍ഫ്ലമേഷന്‍ കുറയ്ക്കുകയും ചെയ്യും. ഈ ശീലം ആരോഗ്യമുള്ള ചര്‍മം ലഭിക്കാന്‍ സഹായിക്കും. മുഖക്കുരു അല്ലെങ്കില്‍ മുഖത്തെ ചുവപ്പ് നിറം പോലുള്ള പ്രശനങ്ങള്‍ മാറി ചര്‍മം തെളിയും. ചായ, കാപ്പി തുടങ്ങിയവയില്‍ മധുരം ഇടാതെ കുടിച്ചു ശീലിക്കാം. പഴങ്ങള്‍ ജ്യൂസടിച്ചു കുടിക്കുമ്പോള്‍ അതിനുള്ളിലെ പ്രകൃതിദത്ത പഞ്ചസാരയും ഫൈബറും നഷ്ടമാകുന്നു. കൂടാതെ പാക്കറ്റില്‍ വാങ്ങുന്ന ജ്യൂസ് ആണെങ്കില്‍ അമിതമായ പഞ്ചസാര ചേര്‍ത്താണ് വിപണിയില്‍ ലഭിക്കുക. അതുകൊണ്ട് പഴമായി തന്നെ കഴിക്കാന്‍ ശ്രമിക്കുക. പാക് ചെയ്ത ഭക്ഷണം വാങ്ങുമ്പോള്‍ അതില്‍ അടങ്ങിയ പഞ്ചസാരയുടെ അളവു കൂടി ശ്രദ്ധിക്കാന്‍ മറന്നു പോകരുത്. വിപണിയില്‍ ലഭ്യമായ എനര്‍ജി ഡിങ്കുകളില്‍ വലിയ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഹാനീകരമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 87.89, പൗണ്ട് - 118.06, യൂറോ - 102.43, സ്വിസ് ഫ്രാങ്ക് - 110.30, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.20, ബഹറിന്‍ ദിനാര്‍ - 233.16, കുവൈത്ത് ദിനാര്‍ -287.40, ഒമാനി റിയാല്‍ - 228.59, സൗദി റിയാല്‍ - 23.43, യു.എ.ഇ ദിര്‍ഹം - 23.91, ഖത്തര്‍ റിയാല്‍ - 24.14, കനേഡിയന്‍ ഡോളര്‍ - 62.61.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right