2025 ഒക്ടോബർ 15 ബുധൻ
1201 കന്നി 29 പൂയം
1447 റ : ആഖിർ 22
◾ മകന്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും അബിന്‍ വര്‍ക്കി വിഷയത്തില്‍ കോണ്‍ഗ്രസിനേയും വിമര്‍ശിച്ച് സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍. തന്റെ മകന്‍ തനിക്ക് ഒരു മാനക്കേടും ഉണ്ടാക്കാതെ അയാളുടെ ജീവിതം നയിക്കുന്നയാളാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിലവില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന യുവാക്കളെ തള്ളിപ്പറയുന്നതിന് തുല്യമാണെന്നാണ് കല്‍പ്പറ്റ നാരായണന്റെ വിമര്‍ശനം. സമ്പന്നനായി ആഡംബരത്തോടെ ജീവിക്കുക, എന്ത് സംഭവിച്ചാലും ഭൂമിയില്‍ തനിക്ക് കുഴപ്പമില്ല എന്ന് ചിന്തിക്കുന്ന വലിയൊരു തലമുറ ഇവിടെ വളര്‍ന്നുവരുമ്പോഴാണ് അതിലൊരുവനാണ് തന്റെ മകനെന്ന് മുഖ്യമന്ത്രി അഭിമാനപൂര്‍വം പറയുന്നത്. ജീവിതം പണയംവെച്ച്, ഒട്ടേറെ തല്ലുവാങ്ങി, ആരോപണങ്ങള്‍ ഏറ്റുവാങ്ങി പ്രവര്‍ത്തിക്കുന്ന ഡിവൈഎഫ്ഐക്കാരനെയും എസ്എഫ്ഐക്കാരനെയും അവഗണിക്കുകയാണ് ഈ വാക്കുകളെന്നും കല്‍പ്പറ്റ കുറ്റപ്പെടുത്തി. അതേസമയം അബിന്‍ വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കാത്തതില്‍ കോണ്‍ഗ്രസ് നിരത്തുന്ന ന്യായങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ വലിയ സങ്കടമുണ്ടെന്നും കല്‍പ്പറ്റ ചൂണ്ടിക്കാട്ടി. രണ്ട് ക്രിസ്ത്യാനികള്‍ രണ്ട് ഉന്നതപദവികളിലിരുന്നാല്‍ കോണ്‍ഗ്രസിന്റെ എന്ത് ജനാധിപത്യമൂല്യമാണ് ഇല്ലാതാവുകയെന്നും യോഗ്യരായവര്‍ ഏത് ജാതിയിലായാലും കണ്ടെത്തി അവരെ സ്വീകരിക്കുകയല്ലേ വേണ്ടതെന്നും എന്തുകൊണ്ട് ഇതിന് കഴിയുന്നില്ലെന്നും കൂടുതല്‍ ജാത്യാധിഷ്ഠിതമാകുന്ന കേരളത്തിന് ജന്മം കൊടുക്കുകയല്ലേ ഇത്തരം തീരുമാനം എടുക്കുമ്പോള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം ചോദിച്ചു.
◾ മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി സമന്‍സില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സമന്‍സ് കിട്ടിയെന്ന് താന്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് എംഎ ബേബി പറഞ്ഞു. പല മാധ്യമങ്ങളും ഇഡിയുടെ ഏജന്റുമാരാകുന്നുവെന്നും വാര്‍ത്ത അച്ചടിച്ച മാധ്യമത്തിന് മനോരോഗമാണെന്നും എംഎ ബേബി രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തി. യുഡിഎഫിന്റെ പ്രചരണം ചില പത്രങ്ങള്‍ ഏറ്റെടുത്തുവെന്നും ചെന്നൈയിലെ പ്രതികരണം തലനാരിഴകീറി വിമര്‍ശിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും എംഎ ബേബി പറഞ്ഞു.
◾ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിനെതിരായ ഇഡി സമന്‍സ് വിവാദത്തില്‍ മുഖ്യമന്ത്രി തന്നെ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയത്തില്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിലാണ് മറുപടി. വൈകാരികതയല്ല, ഉത്തരവാദിത്വമുള്ള മറുപടിയാണ് വേണ്ടത്. കേസ് എന്തിനാണ് ഇഡി മറച്ചുവെച്ചത്, അതിന് പിന്നില്‍ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഈ വിഷയത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ ശബരിമലയില്‍ നിന്ന് നഷ്ടമായ സ്വര്‍ണം തിരികെ പിടിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഹൈക്കോടതിയുടെ അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമാണെന്നും കോടതിയെ വിശ്വസിക്കാത്തവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്നും കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും പുകമറ സൃഷ്ടിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമം അപലപനീയമാണെന്നും ദേവസ്വം ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.
◾ ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും നടപടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥനായ സുനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തു. ശബരിമലയിലെ അസിസ്റ്റന്റ് എന്‍ജിനീയറാണ് നിലവില്‍ സുനില്‍ കുമാര്‍. രണ്ടു ഉദ്യോഗസ്ഥര്‍ മാത്രമാണ് നിലവില്‍ സര്‍വീസില്‍ ഉള്ളത്. മറ്റൊരു ഉദ്യോഗസ്ഥനായ മുരാരി ബാബുവിനെതിരെ നേരത്തെ നടപടിയെടുത്തിരുന്നു.
◾ കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളില്‍ ശിരോവസ്ത്രം ധരിക്കുന്നതില്‍ വിദ്യാര്‍ത്ഥിനിക്ക് വിലക്ക് എന്ന വിവാദത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ഹൈബി ഈഡന്‍ എംപി. സ്‌കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടര്‍ന്നും കുട്ടിയെ ഈ സ്‌കൂളില്‍ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞതായി ഹൈബി ഈഡന്‍ വ്യക്തമാക്കി.
◾ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷണം നടത്തുകയും സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തു.
◾ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവന ആശങ്ക ഉണ്ടാക്കുന്നതാണെന്ന് സ്‌കൂള്‍ അധികൃതരുടെ അഭിഭാഷക മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്ന പരിഹാരത്തിനു ശേഷവും സര്‍ക്കാര്‍ കൂടുതലായി ഇടപെടല്‍ നടത്തുന്നുവെന്ന് സംശയിക്കുന്നതായും മന്ത്രി വര്‍ഗീയത ആളിക്കത്തിക്കുന്നതായും അവര്‍ പറഞ്ഞു. ഉത്തരവ് സ്‌കൂള്‍ അധികൃതര്‍ക്ക് കിട്ടിയിട്ടില്ലെന്നും പരിശോധിച്ച ശേഷം നിയമ നടപടിയെടുക്കുമെന്നും സ്‌കൂള്‍ അധികൃതരുടെ അഭിഭാഷക വ്യക്തമാക്കി.
◾ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നതില്‍ വിമുഖത പ്രകടിപ്പിച്ചുകൊണ്ടുള്ള അബിന്‍ വര്‍ക്കിയുടെ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരണവുമായി ഹൈബി ഈഡന്‍ എംപി. അബിന്‍ വര്‍ക്കിയെ പിന്തുണച്ചുകൊണ്ടാണ് ഹൈബിയുടെ പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാകേണ്ടിയിരുന്നത് അബിനാണെന്നും ഹൈബി അഭിപ്രായപ്പെട്ടു. എന്നാല്‍ ഇക്കാര്യം വിശദീകരിക്കേണ്ടത് ദേശീയ നേതൃത്വമാണ്. അബിന്‍ അധ്യക്ഷനാകാന്‍ അര്‍ഹനായ നേതാവാണെന്ന് പറഞ്ഞ ഹൈബി ഈഡന്‍ അബിന്‍ പാര്‍ട്ടി വിടുമെന്നത് തെറ്റായ പ്രചാരണമാണെന്നും കൂട്ടിച്ചേര്‍ത്തു.
◾ വാഹനങ്ങളിലെ അനധികൃത എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ സംസ്ഥാന വ്യാപക പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം നടക്കുന്ന പരിശോധനയില്‍ നൂറുകണക്കിന് അനധികൃത എയര്‍ ഹോണുകളാണ് എംവിഡി പിടിച്ചെടുത്തത്. രണ്ട് ദിവസത്തിനിടെ 390 വാഹനങ്ങള്‍ക്കാണ് പിടിവീണത്. 5,18,000 രൂപ പിഴ ചുമത്തുകയും ചെയ്തു. പരിശോധന 19 വരെ തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു
◾ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയ്ക്കിടെ ആചാരലംഘനം നടന്നെന്നും പരിഹാരക്രിയ വേണമെന്നും തന്ത്രി ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ദേവന് നേദിക്കും മുന്‍പ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പിയത് തെറ്റാണെന്ന് ക്ഷേത്രം തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് പറഞ്ഞു. പള്ളിയോട സേവാസംഘം പ്രതിനിധികളും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പരസ്യമായി പരിഹാരക്രിയ ചെയ്യണമെന്നാണ് തന്ത്രിയുടെ നിര്‍ദേശം.
◾ ഭഗവാന് നേദിക്കുന്നതിന് മുമ്പ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പി എന്നത് തെറ്റായ പ്രചാരണമാണെന്ന് ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദത്തില്‍ സിപിഎം. ഭക്തരെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും ഭഗവാന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ ഭഗവാന്‍ ഒരിക്കലും പൊറുക്കില്ലെന്ന് ഓര്‍ക്കണമെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു.
◾ കണ്ണൂരില്‍ ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരന് പരിക്ക്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. മംഗാലപുരത്ത് നിന്നും യശ്വന്ത്പുരയിലേക്ക് പോകുന്ന വീക്ക്ലി എക്സപ്രസിന് നേരെയാണ് കല്ലേറുണ്ടായത്. സ്ലീപ്പര്‍ കോച്ചില്‍ മംഗലാപുരത്തുനിന്നും തലശ്ശേരിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അരുണ്‍ എന്നയാളുടെ കൈക്കാണ് പരിക്കേറ്റത്. ഇയാളുടെ ഫോണും കല്ലേറില്‍ തകര്‍ന്നു. അരുണിന്റെ പരാതിയില്‍ റെയില്‍വേ പോലീസ് അന്വേഷണം തുടങ്ങി.
◾ എറണാകുളം പറവൂര്‍ നീണ്ടൂരില്‍ മൂന്നര വയസുകാരിയുടെ ചെവി കടിച്ചെടുത്ത തെരുവുനായക്ക് പേ വിഷബാധ ഉള്ളതായി സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുട്ടി. സ്വകാര്യ ആശുപത്രിയിലെ ചിലവ് താങ്ങാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലാണ് കുടുംബം. അമ്പലപ്പറമ്പില്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു കുട്ടിക്കുനേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്.
◾ സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌കജ്വരം ബാധിച്ച് മുപ്പതിലേറേ പേര്‍ ചികിത്സയില്‍. കൂടുതല്‍ രോഗികളും തെക്കന്‍ ജില്ലകളിലാണ്. ഞായറാഴ്ച മാത്രം സംസ്ഥാനത്ത് നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 20ല്‍ അധികം പേര്‍ക്ക് രോഗം പിടിപെട്ടു. മിക്ക കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടില്ലെന്നതും ആശങ്കയാണ്. ഒന്നരമാസത്തിനിടെ 61 പേര്‍ക്കാണ് രോഗം പിടിപെട്ടത്. പതിനഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
◾ കണ്ണൂരില്‍ മിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചെമ്പന്തൊട്ടി നെടിയേങ്ങയിലെ ചെങ്കല്‍ ക്വാറിയിലാണ് സംഭവം. ക്വാറി തൊഴിലാളികളായ അസം സ്വദേശി ജോസ് (35), ഒഡീഷ സ്വദേശി രാജേഷ് (25) എന്നിവരാണ് മരിച്ചത്. മിന്നലേറ്റ് പരിക്കേറ്റ അസം സ്വദേശി ഗൗതം (40) ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
◾ ടോള്‍ പ്ലാസകളിലെ വൃത്തിഹീനമായ ടോയ്‌ലെറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന യാത്രക്കാര്‍ക്ക് പ്രതിഫലം നല്‍കുന്ന പ്രത്യേക ശുചിത്വ യജ്ഞo ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ആരംഭിച്ചു. ഈ പദ്ധതി പ്രകാരം, 'രാജ്മാര്‍ഗ് യാത്ര' മൊബൈല്‍ ആപ്പ് വഴി സമര്‍പ്പിക്കുന്ന സാധുവായ ഓരോ റിപ്പോര്‍ട്ടിനും ഫാസ്ടാഗ് ക്രെഡിറ്റായി 1,000 രൂപ ലഭിക്കും. ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ എല്ലാ ദേശീയപാതകളിലും ഈ പദ്ധതി ബാധകമാണ്.
◾ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശത്തിന് പുതുക്കിയ ഷെഡ്യൂള്‍ ആയി. ഈ മാസം 21ന് വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി രാജ്ഭവനില്‍ തങ്ങും. 22ന് രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് തിരിക്കും. 10.20ന് നിലയക്കലിലെത്തുന്ന രാഷ്ട്രപതി റോഡ് മാര്‍ഗം പമ്പയിലെത്തും. പമ്പയില്‍ നിന്ന് ദേവസ്വം ബോര്‍ഡിന്റെ പ്രത്യേക ഖുര്‍ഖാ ജീപ്പിലാണ് വാഹന വ്യൂഹം ഒഴിവാക്കി മലകയറുക. തിരിച്ച് റോഡ് മാര്‍ഗം നിലയക്കലിലെത്തുന്ന രാഷ്ട്രപതി ഹെലിക്കോപ്റ്ററില്‍ തിരുവനന്തപുരത്ത് തിരിച്ചെത്തും. സംസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം 24ന് മടങ്ങും.
◾ രാജസ്ഥാനില്‍ ബസിന് തീപിടിച്ച് 19 പേര്‍ വെന്തുമരിച്ചു. ജയ്സാല്‍മീറില്‍ നിന്ന് ജോധ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ എ സി ബസാണ് പൊടുന്നനെ തീപിടിച്ച് വന്‍ ദുരന്തമായി മാറിയത്. ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെ യാത്ര ആരംഭിച്ച ബസ് ഏകദേശം 20 കിലോമീറ്റര്‍ സഞ്ചരിച്ച് തായത്ത് ഗ്രാമത്തിന് സമീപമെത്തിയപ്പോള്‍ പിന്നില്‍ നിന്ന് പുകയും തീയും ഉയരുകയായിരുന്നു. ബസില്‍ 57 യാത്രക്കാരുണ്ടായിരുന്നതായാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
◾ ദിവസങ്ങള്‍ നീണ്ടുനിന്ന അടച്ചിടലിന് ശേഷം തമിഴക വെട്രി കഴകത്തിന്റെ ചെന്നൈയിലെ ആസ്ഥാനം വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. കരൂര്‍ ദുരന്തത്തിന് പിന്നാലെ 17 ദിവസം അടച്ചുകിടന്ന ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള പന്നയൂരിലെ ഓഫീസാണ് ചൊവ്വാഴ്ച വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്.
◾ ദില്ലി സൗത്ത് ഏഷ്യന്‍ സര്‍വ്വകലാശാലയില്‍ ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം. നാലുപേര്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.അടിയന്തര നടപടി വേണമെന് ആവശ്യപ്പെട്ട് ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. തിങ്കളാഴ്ചയാണ് അതിക്രമം നടന്നത്. ക്യാമ്പസിലെ ഒഴിഞ്ഞ മൂലയിലേക്ക് വലിച്ചുകൊണ്ടുപോയാണ് പെണ്‍കുട്ടിയെ അതിക്രമിക്കാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
◾ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച തുടരുന്നതിനിടെ ജെഡിയു അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ വസതിക്ക് മുന്നില്‍ സീറ്റ് ആവശ്യപ്പെട്ട് ഒരു കൂട്ടം നേതാക്കള്‍ പ്രതിഷേധിച്ചു. അതേസമയം, പ്രമുഖ നാടോടി ഗായിക മൈഥിലി താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു. രണ്ടാംഘട്ട പട്ടികയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും അലിനഗര്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍.
◾ ചുമമരുന്ന് ദുരന്തത്തില്‍ അറസ്റ്റിലായ ഡോക്ടര്‍ക്ക് ഓരോ കുപ്പി മരുന്നിനും കൃത്യമായ കമ്മീഷന്‍ ലഭിച്ചിരുന്നതായി പോലീസ്. ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. പ്രവീണ്‍ സോണിയാണ് ചോദ്യംചെയ്യലില്‍ തന്റെ കമ്മീഷനെക്കുറിച്ച് വെളിപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ ശ്രേസന്‍ ഫാര്‍മ നിര്‍മിച്ച 'കോള്‍ഡ്രിഫ്' ചുമമരുന്ന് കഴിച്ച് മധ്യപ്രദേശില്‍ മാത്രം ഇരുപതിലേറെ കുട്ടികളാണ് മരിച്ചത്.
◾ താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിക്ക് ദില്ലിയില്‍ നല്‍കിയ സ്വീകരണത്തെ രൂക്ഷമായി വിമര്‍ശിച്ച് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. എല്ലാത്തരം ഭീകരര്‍ക്കെതിരെയും പ്രസംഗിക്കുന്നവര്‍ ലോകത്തിലെ ഏറ്റവും മോശം ഭീകര സംഘടനയായ താലിബാന്റെ പ്രതിനിധിക്ക് നല്‍കുന്ന ബഹുമാനവും സ്വീകരണവും കാണുമ്പോള്‍ നാണംകെട്ട് തലതാഴ്ത്തുന്നുവെന്നാണ് ജാവേദ് അക്തര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചത്. മുത്തഖിയുടെ ആറ് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം തുടരുന്നതിനിടെയാണ് ജാവേദ് അക്തറിന്റെ വിമര്‍ശനം.
◾ പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ 'ഓപ്പറേഷന്‍ സിന്ദൂര്‍' ലോകരാജ്യങ്ങളിലെ സൈനിക മേധാവിമാരോട് വിശദീകരിച്ച് ഇന്ത്യ. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിനെ സംബന്ധിച്ച് യു എന്‍ സമാധാന സേനയിലെ സൈനിക മേധാവിമാരോട് ഇന്ത്യന്‍ കരസേനയാണ് വിശദീകരണം നടത്തിയത്. ഒരു രാത്രികൊണ്ട് സംഭവിച്ചതല്ല ഓപ്പറേഷന്‍ സിന്ദൂറെന്നും കൃത്യമായ ആസൂത്രണത്തിലൂടെയാണ് നടപ്പാക്കിയതെന്നും ഭീകരതയ്ക്ക് നേരെയുള്ള ഇന്ത്യയുടെ ശക്തമായ മറുപടിയായിരുന്നു ഇതെന്നും ഇന്ത്യന്‍ കരസേന, യു എന്‍ സമാധാന സേനയിലെ സൈനിക മേധാവിമാരോട് വിശദീകരിച്ചു.
◾ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി നടന്ന മൂന്ന് ദിവസത്തോളം നീണ്ടുനിന്ന ആക്രമണത്തില്‍ നൂറിലധികം പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ്. ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനെതിരായ ശക്തമായ മറുപടിയായിരുന്നെന്നും അസാധാരണമായ മരണാനന്തര ബഹുമതികളുടെ എണ്ണത്തില്‍ നിന്ന് പാകിസ്ഥാന്റെ നഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാണെന്നും ഐക്യരാഷ്ട്രസഭയുടെ സൈനിക മേധാവികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.
◾ ഇന്ത്യയില്‍ വന്‍ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിള്‍. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്ത് 15 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ നിക്ഷേപമാണ് കമ്പനി നടത്തുക. ആന്ധ്രപ്രദേശില്‍ എഐ ഡാറ്റാ സെന്റര്‍ സ്ഥാപിക്കാനാണ് ഈ പണം ഉപയോഗിക്കുക. അമേരിക്കയ്ക്ക് പുറത്തുള്ള ഗൂഗിളിന്റെ എറ്റവും വലിയ എഐ ഹബ്ബാകും ആന്ധ്രയിലേതെന്ന് ഗൂഗിള്‍ ക്ലൗഡ് വിഭാഗം സിഇഒ തോമസ് കുര്യന്‍ ദില്ലിയില്‍ പറഞ്ഞു
◾ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഒരു കെമിക്കല്‍ ഫാക്ടറിയിലും ടെക്സ്റ്റൈല്‍ ഫാക്ടറിയിലുമുണ്ടായ തീപിടുത്തത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. കെമിക്കല്‍ ഫാക്ടറിയുടെ ഗോഡൗണില്‍ നിന്നുയര്‍ന്ന തീ ടെക്സ്റ്റൈല്‍ ഫാക്ടറിയിലേക്ക് വ്യാപിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ടെക്സ്റ്റൈല്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നവരാണ് തീപിടിത്തത്തില്‍ മരിച്ചത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.
◾ ലോകത്തിലെവിടെയുമുള്ള മിസൈല്‍ വിക്ഷേപണങ്ങള്‍ നിരീക്ഷിക്കാനും പ്രതിരോധിക്കാനും പ്രാപ്തിയുള്ളമിസൈല്‍ പ്രതിരോധ സംവിധാനം ചൈന വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. 'ഡിസ്ട്രിബ്യൂട്ടഡ് ഏര്‍ലി വാണിങ് ഡിറ്റക്ഷന്‍ ബിഗ് ഡാറ്റ പ്ലാറ്റ്ഫോം' എന്ന് വിളിക്കപ്പെടുന്ന ഈ സംവിധാനത്തെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദിഷ്ട 'ഗോള്‍ഡന്‍ ഡോം' പദ്ധതിക്ക് സമാനമായ ഒരു മിസൈല്‍ പ്രതിരോധ ശൃംഖല എന്നാണ് വിശേഷിപ്പിക്കുന്നത്. ഭൂമിയിലെ ഏത് സ്ഥലത്തുനിന്നും ചൈനയ്ക്ക് നേരെ തൊടുത്തുവിടുന്ന 1,000 മിസൈലുകള്‍ വരെ ഒരേസമയം ട്രാക്ക് ചെയ്യാന്‍ ഈ സംവിധാനത്തിന് കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍
◾ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിട്ടും തീരാതെ ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണം. ഗാസയില്‍ ഇന്നലെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ അഞ്ച് പലസ്തീനികള്‍ മരിച്ചു. ഗാസ സിറ്റിയിലെ ഷുജേയ മേഖലയിലാണ് സംഭവം. സൈനികര്‍ക്ക് നേരെ വന്നവര്‍ക്കെതിരെയാണ് വെടി വെച്ചതെന്നാണ് ഇസ്രായേല്‍ സേനയുടെ വിശദീകരണം. അതിനിടെ, ഗാസയില്‍ 250 മൃതദേഹങ്ങള്‍ കൂടി കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന് കണ്ടെത്തി. ഗാസയില്‍ തങ്ങളെ എതിര്‍ത്തവരെ ഹമാസ് പരസ്യമായി കൂട്ടക്കൊല നടത്തിയെന്ന് ഇസ്രായേല്‍ ആരോപിച്ചു.
◾ ഗാസയിലെ വെടിനിര്‍ത്തല്‍ കരാറില്‍ ഇനിയെന്തെന്ന കാര്യത്തില്‍ കടുത്ത അനിശ്ചിതത്വം. തടവില്‍ മരിച്ച 28 ബന്ദികളില്‍ 4 പേരുടെ മാത്രം മൃതദേഹം മാത്രമാണ് ഹമാസ് ഇതുവരെ കൈമാറിയത്. മറ്റുളളവരുടെ മൃതശരീരം വീണ്ടെടുക്കാന്‍ ആയില്ലെന്നാണ് ഹമാസ് പറയുന്നത്. ഇത് ചതിയെന്ന് ബന്ദികളുടെ കുടുംബങ്ങള്‍ പറയുന്നു. തടവ് കാലത്ത് ക്രൂര പീഡനം ഏറ്റെന്ന് ഇരു പക്ഷത്തും മോചിതരായവര്‍ ആരോപിക്കുന്നു. ഹമാസ് പൂര്‍ണ്ണമായും നിരായുധരായാല്‍ മാത്രമേ യുദ്ധം അവസാനിക്കൂ എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു.
◾ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലായെങ്കിലും ഗാസയില്‍ സഹായം എത്തിക്കുന്നത് വൈകിച്ച് ഇസ്രയേല്‍. റഫാ അതിര്‍ത്തി അടച്ചിട്ടതോടെയാണ് സഹായം എത്തിക്കാന്‍ സാധിക്കാത്തത്. മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കുന്നതില്‍ ഹമാസ് വളരെയധികം കാലതാമസം വരുത്തുന്നതിനാലാണ് ഗാസയിലേക്കുള്ള സഹായവിതരണം നിയന്ത്രിക്കാന്‍ തീരുമാനിച്ചതെന്ന് ഇസ്രയേല്‍ അധികൃതര്‍ വ്യക്തമാക്കി.
◾ യുക്രൈനുമായിട്ടുള്ള കലാപം അവസാനിപ്പിക്കാന്‍ റഷ്യ തയ്യാറായില്ലെങ്കില്‍ യുദ്ധത്തിന്റെ ഗതി മാറ്റുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ വജ്രായുധമെന്ന് വിശേഷിപ്പിക്കുന്ന ടോമാഹോക്ക് മിസൈലുകള്‍ യുക്രൈന് നല്‍കുമെന്നാണ് ട്രംപിന്റെ ഭീഷണി.
◾ രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം തുടരുന്നു. വിലക്കയറ്റത്തോതില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ് കേരളം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സെപ്റ്റംബറില്‍ 9.05 ശതമാനമാണ് കേരളത്തിലെ വിലക്കയറ്റത്തോത്. ദേശീയതലത്തിലിത് 1.54 ശതമാനവും രണ്ടാം സ്ഥാനത്തുള്ള ജമ്മു-കശ്മീരില്‍ ഇത് 4.38 ശതമാനവുമാണ്. മൂന്നാം സ്ഥാനത്ത് 3.33 ശതമാനവുമായി കര്‍ണാടകയാണ്. പഞ്ചാബ് (3.06 ശതമാനം), തമിഴ്നാട് (2.77 ശതമാനം ) എന്നിവായാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. കേരളത്തില്‍ ഗ്രാമങ്ങളിലെ പണപ്പെരുപ്പം 5.50 ശതമാനമാണ്. ഓഗസ്റ്റില്‍ ഇത് 10.3 ശതമാനമായിരുന്നു. നഗരങ്ങളിലെ വിലക്കയറ്റത്തോത് ഓഗസ്റ്റിലെ 7.9 ശതമാനത്തില്‍ നിന്ന് 3.46 ശതമാനമായി. 2025 ജനുവരി മുതല്‍ പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം തുടരുകയാണ്. ഇത് ഒമ്പതാമത്തെ മാസമാണ് കേരളം ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമുള്ള സംസ്ഥാനമായി മാറുന്നത്. അവശ്യവസ്തുക്കളുടെ വിലയില്‍ ഒരു വര്‍ഷത്തിനിടെയുണ്ടായ വില വര്‍ധനയാണ് പണപ്പെരുപ്പം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
◾ നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി' എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി. തുടരും, ലോക എന്നീ ഇന്‍ഡസ്ടറി ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് 'പാതിരാത്രി'. ചിന്മയി ശ്രീപദ ആലപിച്ച നിലഗമനം.. എന്ന പ്രോമോ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. സിനിമയുടെ ജോണറിന് ചേര്‍ന്ന് നില്‍ക്കുന്ന വിധമാണ് ഗാനം. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ കെ.വി.അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് 'പാതിരാത്രി' നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് സ്ഥാനത് തുടരുകയാണ്. 40 ലക്ഷത്തിന് മുകളില്‍ യൂട്യൂബ് വ്യൂസ് ഇതുവരെ ട്രെയിലറിന് ലഭിച്ചു. സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന്‍ എന്നിവരും വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആത്മീയ രാജന്‍, ശബരീഷ് വര്‍മ്മ, ഹരിശ്രീ അശോകന്‍, അച്യുത് കുമാര്‍, ഇന്ദ്രന്‍സ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
◾ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമ വരുന്നു. പ്രമുഖ സംവിധായകനും നിര്‍മാതാവുമായ ഹന്‍സല്‍ മെഹ്ത(ട്രൂ സ്റ്റോറി ഫിലിംസ്) ആണ് ചിത്രം നിര്‍മിക്കുന്നത്. എ ആര്‍ റഹ്‌മാന്‍ സംഗീതം സംവിധാനം നിര്‍വഹിക്കും. റൊമാന്റിക് ഡ്രാമ ജോണറില്‍ ഒരുങ്ങുന്ന ചിത്രം ബോളിവുഡ് പടമെന്നാണ് വിവരം. കരണ്‍ വ്യാസും പെല്ലിശ്ശേരിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷാവസാനം സിനിമയുടെ പ്രൊഡക്ഷന്‍ പരിപാടികള്‍ ആരംഭിക്കാനാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ട്രൂ സ്റ്റോറി ഫിലിംസിന്റെ പാര്‍ടറായ സാഹില്‍ സൈഗാളിനെ ഉദ്ധരിച്ച് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹന്‍സല്‍ മെഹ്ത-ലിജോ ജോസ് പെല്ലിശ്ശേരി-എആര്‍ റഹ്‌മാന്‍ കോമ്പോ ഒന്നിക്കുമ്പോള്‍ എന്ത് വിസ്മയമാകും തങ്ങളെ കാത്തിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളികളും ഇപ്പോള്‍.
◾ കണ്‍ട്രിമാന്‍ ജോണ്‍ കൂപ്പര്‍ വര്‍ക്ക്സ് (ജെസിഡബ്ല്യു) എഡിഷന്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് മിനി ഇന്ത്യ. 64.90 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഈ മോഡല്‍ വില്‍പനയ്ക്ക് എത്തിയിരിക്കുന്നത്. മുമ്പ് ഈ മോഡല്‍ ഒരു ഓള്‍-ഇലക്ട്രിക് കണ്‍ട്രിമാന്‍ ഇ വേരിയന്റില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന പുതിയ മോഡല്‍ കണ്‍ട്രിമാന്റെ ആദ്യ പെട്രോള്‍ പതിപ്പാണ് ജെസിഡബ്ല്യു. മൂന്ന് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. റെഡ് റൂഫും റേസിംഗ് സ്ട്രൈപ്പുകളും വരുന്ന മിഡ്‌നൈറ്റ് ബ്ലാക്ക്, റെഡ് റൂഫും റേസിംഗ് സ്ട്രൈപ്പുകളുമുള്ള ലെജന്‍ഡ് ഗ്രേ, ബ്ലാക്ക് റൂഫും റേസിംഗ് സ്ട്രൈപ്പുകളും വരുന്ന ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍ ഷെയ്ഡുകളാണ് വരുന്നത്. 296 ബിഎച്ച്പി പരമാവധി കരുത്തും 400 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലീറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് ജെസിഡബ്ല്യു മോഡലില്‍ മിനി വാഗ്ദാനം ചെയ്യുന്നത്. 7 -സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഓള്‍-വീല്‍ ഡ്രൈവും ഇതില്‍ ഉള്‍പ്പെടുന്നു. 5.4 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗം കൈവരിക്കാനും പരമാവധി 250 കിലോമീറ്റര്‍ വേഗവും മിനി അവകാശപ്പെടുന്നു.
◾ നിലാവ് ഒഴുകുന്ന രാവുകള്‍. ഭൂമിയുടെ അവാച്യമായ ദൃശ്യസുന്ദര ഭാവം. നിറഞ്ഞ രാകേന്ദുവിനെ നോക്കി പരസ്പരം സംവാദിക്കുന്ന യുവ മിഥുനങ്ങളുടെ ധനുമാസ നിലാരാവുകളിലൂടെ... നിലാ മേഘങ്ങളില്‍ ഒരു നനുത്ത തൂവലായ് പറക്കാന്‍ കൊതിച്ച് ഓര്‍മ്മകളുടെ മഴവില്‍ നിറങ്ങള്‍ വാരിയെടുത്തു ബാല്യ കൗമാര കൗതുകങ്ങളുടെ യാത്ര കടന്നു ദര്‍ശനങ്ങളുടെ അന്തരാര്‍ത്ഥങ്ങള്‍ തേടി... മനസ്സിലാകാതെ മനസിലാക്കാന്‍ ശ്രമിക്കുംതോറും മനസിലാകാതെ. ഒടുവില്‍ മനസിലാക്കാനാവാതെ മനസിലൊതുക്കി മടങ്ങുന്ന ലളിത സുന്ദര വാക്കുകളുടെ ആഖ്യാന ശൈലിയില്‍ മനോഹരമായി എഴുതിയ ഗതകാല ഓര്‍മകളുടെ സമാഹാരം. 'നിലാവിനെ തേടി'. ശ്രീകുമാര്‍ ഭരണിക്കാവ്. കറന്റ് ബുക്സ് തൃശൂര്‍. വില 123 രൂപ.
◾ ചുവന്ന രക്താണുക്കളുടെ ഉത്പാദനം മുതല്‍ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കുന്ന പോഷകമാണ് വിറ്റാമിന്‍ ബി 12 (കോബാലമിന്‍). ശരീരത്തിന് ഇവ സ്വയം ഉല്‍പാദിപ്പിക്കാന്‍ കഴിയാത്തതു കൊണ്ട് തന്നെ ഭക്ഷണത്തിലൂടെ മാത്രമേ വിറ്റാമിന്‍ ബി 12 ലഭ്യമാകൂ. കോശങ്ങളിലെ ജനിതക വസ്തുവായ ഡിഎന്‍എയുടെ സമന്വയത്തിന് കോബാലമിന്‍ പ്രധാനമാണ്. ശരീരത്തില്‍ വിറ്റാമിന്‍ ബി12ന്റെ അഭാവം അരുണരക്താണുക്കളുടെ ഉല്‍പാദനം കുറയ്ക്കുകയും ഇത് കലകളിലേക്ക് എത്തുന്ന ഓക്സിജന്റെ അളവില്‍ കുറവുണ്ടാക്കും. ഇത് വിളര്‍ച്ച, ക്ഷീണം, ബലഹീനത, ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍, കൈകളിലും കാലുകളിലും മരവിപ്പ്, ശ്രദ്ധക്കുറവ്, ഓര്‍മക്കുറവ് എന്നിവയുള്‍പ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വിറ്റാമിന്‍ ബി12ന്റെ കുറവ് കാരണമാകും. പാലുല്‍പന്നങ്ങള്‍, ഇറച്ചി, മത്സ്യം, പൗള്‍ട്രി, ചീസ്, സിറിയലുകള്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ വിറ്റാന്‍ ബി12 അടങ്ങിയിട്ടുണ്ട്. മുതിര്‍ന്നവരില്‍ ഒരു ദിവസം 2.4 മൈക്രോം വൈറ്റമിന്‍ ബി12 ആവശ്യമുണ്ടെന്നാണ് കണക്ക്. വിറ്റാമിന്‍ ബി 12 അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നതുന്നതുന്നതിനൊപ്പം ജീവിത ശൈലിയിലും മാറ്റം വരുത്തേണ്ടതുണ്ട്. പുകവലി, മദ്യപാനം ഒഴിവാക്കുന്നതുലൂടെ മെച്ചപ്പെട്ട രീതിയില്‍ വൈറ്റമിന്‍ ബി 12 ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
സ്വീഡിഷ് ഭാഷയിലൊരു പദമുണ്ട്. ലാഗോം. വളരെകുറച്ചുമല്ല, വളരെ കൂടുതലുമല്ല, ആവശ്യത്തിനുമാത്രം.. ഇതാണ് ലാഗോമിന്റെ അര്‍ത്ഥം. നമുക്ക് ആവശ്യമുളളത് മാത്രം മതി എന്ന് തീരുമാനിക്കുമ്പോള്‍ ആര്‍ത്തിയും അത്യാര്‍ത്തിയും ഇല്ലാതാകുന്നു. കൂടുതലുളളത് ഇല്ലാത്തവരുമായി പങ്കുവെക്കുക. നമ്മുടെ ആവശ്യങ്ങള്‍ക്കൊപ്പം മററുളളവരുടെ ആവശ്യങ്ങള്‍ കൂടി പരിഗണിക്കുക. ലാഗോം ജീവിതത്തില്‍ മനുഷ്യബന്ധങ്ങള്‍ക്ക് വലിയ സ്ഥാനമാണ് ഉളളത്. നമ്മുടെ ജീവിതം നമുക്ക് വേണ്ടി മാത്രമുളളതല്ല എന്ന ചിന്തയാണ് സ്‌നേഹസൗഹൃദങ്ങള്‍ക്ക് അടിസ്ഥാനം. മതി എന്ന് തീരുമാനിക്കുന്നത് ലാഗോമിന്റെ ആണിക്കല്ലാണ്. ഒന്നും വെട്ടിപ്പിടിക്കേണ്ടതില്ല എന്ന് തീരുമാനിച്ചാല്‍ മനസ്സിനുണ്ടാകുന്ന സ്വാതന്ത്ര്യം, ശാന്തത അതൊന്ന് വേറെ തന്നെയല്ലേ.. വസ്തുക്കളുടെ പുനരുപയോഗവും പുനര്‍വിന്യാസവും ലാഗോമിന്റെ ഭാഗമാണ്. വീട്ടുപകരണങ്ങള്‍ പഴയതാകുമ്പോള്‍ പുതിയത് വാങ്ങുക എന്നതിനേക്കാള്‍ അവ പുതുക്കിയെടുക്കുക, കലാപരമായി പുനര്‍വിന്യസിക്കുക എന്നതിലെല്ലാം ലാഗോമിന്റെ സന്തോഷം ഒളിച്ചിരിക്കുന്നു. ജോലിയിലും വിശ്രമത്തിലും ഉണ്ട് ഇതേ സന്തുലിതാവസ്ഥ. എത്ര തിരക്കുളള ജോലിയായാലും വിശ്രമത്തിനും കൊച്ചുകൊച്ചു സന്തോഷങ്ങള്‍ക്കും സമയം മാറ്റിവെക്കണം. അതുപോലെ വര്‍ത്തമാനകാലത്തില്‍ ജീവിക്കുക എന്നതും ലാഗോമിന്റെ ജീവിതരീതിയാണ്. അങ്ങനെയാകാമായിരുന്നു.. അങ്ങനെയാകേണ്ടിയിരുന്നു എന്ന ചിന്ത മനസ്സില്‍ സംഘര്‍ഷമുണ്ടാക്കും.. അത് അസംതൃപ്തിയിലേക്ക് നയിക്കും. കാലം നമുക്കായി അനുവദിച്ചുതന്നിരിക്കുന്ന സാഹചര്യങ്ങളില്‍, സൗകര്യങ്ങളില്‍, സന്തോഷം കണ്ടെത്തുമ്പോള്‍ മനസ്സില്‍ വെളിച്ചം നിറയുന്നു. നമുക്കും ലാഗോം ഒരു ജീവിതശൈലിയാക്കാന്‍ ശ്രമിക്കാം - ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA