Trending

സായാഹ്ന വാർത്തകൾ

◾ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നാളെ കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒക്ടോബര്‍ 17ന് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാനിടയുണ്ട്.

◾ മന്ത്രി സജി ചെറിയാനും എ.കെ.ബാലനും അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ തുറന്നടിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവ് ജി.സുധാകരന്‍. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാക്കളുടെ അച്ഛനും അമ്മയ്ക്കും അടക്കം ഫെയ്സ്ബുക്കില്‍ വന്ന് തെറി പറയുമ്പോള്‍ അതിനോട് പ്രതികരിക്കാതെ തന്നെ ഉപദേശിക്കാനാണ് സജി ചെറിയാനും എ.കെ.ബാലനും ശ്രമിച്ചതെന്ന് സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സജി ചെറിയാന്‍ ശ്രമിച്ചുവെന്നും പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കള്‍ പടക്കം പൊട്ടിച്ചുവെന്നും ടീ പാര്‍ട്ടി നടത്തിയെന്നും അതില്‍ സജി ചെറിയാനും പങ്കാളി ആണെന്നും ജി സുധാകരന്‍ പറഞ്ഞു. സജി ചെറിയാനെതിരെ പാര്‍ട്ടി നടപടി എടുക്കണമെന്നും പാര്‍ട്ടിയാണ് തന്നെ കുറിച്ച് നല്ലത് പറയേണ്ടതെന്നും സജി ചെറിയാന്റെ  കൂട്ടര്‍ തന്നെ ബിജെപിയില്‍ വിടാന്‍ ശ്രമിച്ചുവെന്നും തന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ലെന്നും പുന്നപ്ര വയലാറിന്റെ  മണ്ണില്‍ നിന്നാണ് സംസാരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. താന്‍ മാറിയിട്ടില്ലെന്നും, മാറില്ലെന്നും ബാലനെ പോലെ മാറാന്‍ തനിക്കാകില്ലെന്നും താന്‍ ഇപ്പോഴും ലളിത ജീവിതമാണ് നയിക്കുന്നതെന്നും ബാലന് മറുപടിയായി ജി. സുധാകരന്‍ പറഞ്ഞു. 

◾ ജി സുധാകരന്‍ താന്‍ സഹോദരനെ പോലെ കാണുന്ന ആളാണെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. എസ്എഫ്ഐ കാലത്തെ കുറിച്ചുള്ള ഫേസ് ബുക്ക് കുറിപ്പ് സംബന്ധിച്ചാണ് എ കെ ബാലന്റെ വിശദീകരണം. താന്‍ പാര്‍ട്ടിയില്‍ അവഗണിക്കപ്പെടുന്നുണ്ടെന്ന തോന്നല്‍ ജി സുധാകരനുണ്ടെന്ന് എ കെ ബാലന്‍ പറഞ്ഞു. മാനസിക വിഷമമുണ്ടെങ്കില്‍ പാര്‍ട്ടിക്ക് പ്രതിസന്ധിയുണ്ടാകും വിധം പുറത്തു പറയരുതെന്നും അവഗണനയെന്ന് തോന്നുമ്പോള്‍ അത്തരം വികാരങ്ങളുണ്ടാകുമെന്നും അത് അതു പോലെ പുറത്തു വരരുതെന്നും പണ്ട് തനിക്കും അതു പോലൊരു സ്വഭാവം ഉണ്ടായിരുന്നുവെന്നും പ്രായം അത്തരം ചാപല്യങ്ങളെ ഇല്ലാതാക്കിയെന്നും എകെ ബാലന്‍ പറഞ്ഞു. എസ്എഫ്ഐ ആയിരിക്കുമ്പോള്‍ ഉള്ള സ്വഭാവത്തില്‍ ജി സുധാകരന് മാറ്റമില്ലെന്നും എ കെ ബാലന്‍ അഭിപ്രായപ്പെട്ടു.

◾ പാര്‍ട്ടിക്ക് അകത്തുള്ള വിഷയങ്ങള്‍ മാധ്യമങ്ങളിലൂടെയോ മറ്റോ പുറത്തുപറയുന്ന രീതി ശരിയല്ലെന്ന് എച്ച് സലാം എംഎല്‍എ. ഒരു പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടിക്ക് എതിരായി സംസാരിക്കാന്‍ പാടില്ലെന്നും ഈ നിയമം തനിക്കും സുധാകരനും മറ്റാര്‍ക്കും ബാധകമാണെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ പാര്‍ട്ടിക്ക് അകത്ത് പറയാവുന്നതാണെന്നും എച്ച് സലാം പറഞ്ഞു.

◾ പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തെ തുടര്‍ന്നുണ്ടായ രണ്ടുദിവസത്തെ അവധിക്ക് ശേഷം സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ തുറന്നു. ഹിജാബ് ധരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയ എട്ടാം ക്ലാസുകാരിയായ വിദ്യാര്‍ഥിനി ഇന്ന് സ്‌കൂളില്‍ എത്തിയില്ല. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം അവധിയെടുത്തതാണെന്ന് രക്ഷിതാവ്. സ്‌കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടര്‍ന്നും കുട്ടിയെ ഈ സ്‌കൂളില്‍ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞതായി ഹൈബി ഈഡന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

◾ പളളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ സര്‍ക്കാരിന് രേഖാമൂലം മറുപടി നല്‍കിയതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന. സ്‌കൂളിന് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും ഡിഡിഇ നല്‍കിയത് സത്യവിരുദ്ധമായ റിപ്പോര്‍ട്ടാണെന്നും യൂണിഫോം നിശ്ചയിക്കാന്‍ സ്‌കൂള്‍ മാനേജ്മെന്റിന് അധികാരമുണ്ടെന്നും സിസ്റ്റര്‍ ഹെലീന് വ്യക്തമാക്കി.  കുട്ടിക്ക് പഠനം നിഷേധിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി സംസാരിച്ചത് കാര്യമറിയാതെയാണെന്നും സ്‌കൂളിന് എല്ലാ കുട്ടികളും ഒരുപോലെയാണെന്നും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ വ്യക്തമാക്കി.

◾ എറണാകുളം പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ശിരോവസ്ത്ര തര്‍ക്കത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ തള്ളി പിടിഎ പ്രസിഡന്റ്. ശിരോവസ്ത്രം അനുവദിക്കില്ലെന്ന സ്‌കൂളിന്റെ നയത്തില്‍ മാറ്റമില്ലെന്നും നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

◾ പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ഥിനി ശിരോവസ്ത്രം ധരിച്ചെത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം വഷളാക്കാനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂള്‍ തലത്തില്‍ സമവായം ഉണ്ടായിട്ടുണ്ടെന്ന് അറിഞ്ഞു. അങ്ങനെയാണെങ്കില്‍ അത് നല്ലതാണെന്നും അതോടെ വിവാദം അവസാനിക്കട്ടെ എന്നും മന്ത്രി പറഞ്ഞു.

◾ ദില്ലിയില്‍ ദീപാവലിക്ക് ഹരിത പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് സുപ്രീംകോടതിയുടെ അനുമതി. കര്‍ശന നിര്‍ദേശങ്ങളോടെയാണ് സുപ്രീംകോടതി അനുമതി നല്‍കിയത്. ഈ മാസം 18 മുതല്‍ 21 വരെ ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാമെന്ന് ചിഫ് ജസ്റ്റിസ് ബിആര്‍ ഗവായി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇന്നു മുതല്‍ 21-ാം തീയതി വരെ ഹരിത പടക്കങ്ങളുടെ വില്‍പ്പനയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്. രാവിലെ ആറ് മുതല്‍ ഏഴ് വരെയും രാത്രി എട്ടു മുതല്‍ 10 വരെയുമാണ് പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്.

◾ കോഴിക്കോട് പേരാമ്പ്രയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമം ഉണ്ടായെന്ന് സിപിഎം. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റിനോട് ഷാഫിക്ക് വ്യക്തിവിരോധം ഉണ്ടെന്നും പ്രസിഡന്റിനെ ഹര്‍ത്താല്‍ ദിനത്തില്‍ കൈയേറ്റം ചെയ്തെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് കെ സജീഷ് മാധ്യമങ്ങളോട് പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാന്‍ ലിസ്റ്റ് കൊടുക്കുന്ന പരിപാടി സിപിഎമ്മിന് ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

◾ ഐക്യരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 24ന് സംസ്ഥാനത്ത് ദേശീയ പതാക പതിവായി ഉയര്‍ത്തുന്നയിടങ്ങളില്‍ ദേശീയപതാകയ്‌ക്കൊപ്പം യു.എന്‍. പതാകയും ഉയര്‍ത്താമെന്നു പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. രാജ്ഭവന്‍, നിയമസഭ, ഹൈക്കോടതി എന്നിവിടങ്ങളില്‍ യു.എന്‍. പതാക ഉയര്‍ത്താന്‍ പാടില്ല. മറ്റിടങ്ങളില്‍ ഫ്ലാഗ് കോഡിലെ നിര്‍ദേശങ്ങള്‍ പാലിച്ച് പതാകകള്‍ ഉയര്‍ത്താമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

◾ എ കെ ജി സെന്റര്‍ ഭൂമി കേസില്‍ പ്രതികരണവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 2021 ല്‍ 32 സെന്റ് ഭൂമി വാങ്ങിയത് നിയമ പ്രകാരമാണെന്നും വാങ്ങിയ ഭൂമിയില്‍ 30 കോടി ചെലവഴിച്ചാണ് 9 നില കെട്ടിടം പണിതത് എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത വിവരങ്ങളാണിതെന്നും വാങ്ങുമ്പോള്‍ ഭൂമി സംബന്ധിച്ച കേസുകള്‍ ഇല്ലായിരുന്നു എന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

◾ മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പര്യടനം നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ പ്രചരണത്തിനും ധനസമാഹരണത്തിനും വേണ്ടിയാണെന്ന് ചെറിയാന്‍ ഫിലിപ്പ്. പ്രവാസി ക്ഷേമ പദ്ധതികള്‍ വിശദീകരിക്കുന്നതിനും വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുമാണ് ഗള്‍ഫ് യാത്രയെന്ന മുഖ്യമന്ത്രിയുടെ  വാദം അര്‍ത്ഥശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു.

◾ തിരുവല്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സെമിനാര്‍ ഇന്ന് നടക്കും. വിഷന്‍ 2031 ല്‍ നിര്‍ബന്ധമായും പങ്കെടുക്കാന്‍ ദക്ഷിണ മേഖലാ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. രണ്ട് ക്ലര്‍ക്കുമാരെ മാത്രം ആര്‍ടിഒ ഓഫീസുകളില്‍ നിലനിര്‍ത്തി ബാക്കി ഉദ്യോഗസ്ഥര്‍ സെമിനാറിനെത്താനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഉദ്യോഗസ്ഥര്‍ക്ക് സെമിനാറിനെത്താന്‍ ആറ് ബസുകളും തയ്യാറാക്കിയിട്ടുണ്ട്.

◾ ആറുവരി ദേശീയപാതയില്‍ തലപ്പാടി - ചെങ്കള റീച്ച് നിര്‍മാണം പൂര്‍ത്തിയാക്കി. കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റി ദേശീയപാത അതോറിറ്റിക്ക് കൈമാറിക്കഴിഞ്ഞു. ഒറ്റത്തൂണില്‍ തീര്‍ത്ത രാജ്യത്തെ ഏറ്റവും ഉയരവും വീതിയുമുള്ള മേല്‍പ്പാലമാണ് കാസര്‍കോട്ടേത്. 1.2 കിലോമീറ്റര്‍ നീളമുള്ള ഒറ്റ തൂണിലെ 6 വരി മേല്‍പ്പാലം അടക്കം ഈ റീച്ചിലാണ് ഉള്‍പ്പെടുന്നത്.

◾ കൊച്ചിയില്‍ ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്‍ നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാനുളള നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടന്നു. നിര്‍മാണത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് താമസ യോഗ്യമല്ലാതായി മാറിയ കൊച്ചി വൈറ്റിലയിലെ ചന്ദര്‍കുഞ്ജ് ഫ്ളാറ്റ് സമുച്ചയമാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം പൊളിക്കുന്നത്. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇതു സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളെടുത്തു.

◾ പേരാമ്പ്ര സംഘര്‍ഷത്തില്‍ ഏഴ് യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്. സജീര്‍ ചെറുവണ്ണൂര്‍, അരുണ്‍ മുയ്യോട്ട്, നസീര്‍ വെള്ളിയൂര്‍, കൃഷ്ണനുണ്ണി വേളം, മുസ്തഫ മിദ്‌ലാജ്, റഷീദ് വാല്യക്കോട് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

◾ പാലക്കാട് അഗളി പുതുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഞ്ചാവ് കൃഷി. സത്യക്കല്ലുമലയുടെ താഴ്വാരത്ത് 60 സെന്റ് സ്ഥലത്ത് മൂന്നുമാസം പ്രായമായ പതിനായിരത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. കേരള തീവ്രവാദ വിരുദ്ധ സേനയും പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സേനയും പുതുര്‍ പൊലീസും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.

◾ ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദത്തില്‍ മന്ത്രിയെ വെട്ടിലാക്കിയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ദേവസ്വം ബോര്‍ഡ്. അഷ്ടമിരോഹിണി വള്ളസദ്യയിലെ ആചാരലംഘനം ഉദ്യോഗസ്ഥരാണ് രേഖാമൂലം ചൂണ്ടിക്കാട്ടിയതെന്നും അതുകൊണ്ടാണ് പ്രായശ്ചിത്തം നിര്‍ദ്ദേശിച്ചതെന്നും ക്ഷേത്രം തന്ത്രി വ്യക്തമാക്കി. അതേസമയം, ആചാരലംഘനം ഉണ്ടായിട്ടില്ലെന്ന മുന്‍ നിലപാട് തിരുത്തിയ പള്ളിയോട സേവാ സംഘം സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ചു.

◾ ആറന്‍മുളയിലെ ആചാരലംഘന വിവാദം ഉണ്ടാക്കിയത് ദേവസ്വം ബോര്‍ഡ് തന്നെയെന്ന് പള്ളിയോട സേവാസംഘം. ബോര്‍ഡ് കൊടുത്ത കത്തിനാണ് തന്ത്രി മറുപടി നല്‍കിയത്. തന്ത്രി ചടങ്ങ് നേരിട്ട് കണ്ടിട്ടില്ലെന്നും വള്ളസദ്യ നേരത്തെ നടത്തി എന്ന തെറ്റായ വിവരം ബോര്‍ഡ് ആണ് കത്തിലൂടെ തന്ത്രിയെ അറിയിച്ചതെന്നും ആചാരലംഘനം ഉണ്ടായിട്ടില്ല എന്നും പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവന്‍ പ്രതികരിച്ചു.

◾ ഒപ്പം നിന്നവര്‍ക്ക് മാത്രം നന്ദി എന്ന് കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ കുടുംബം. കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു വിടവാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷമായി. കുടുംബത്തില്‍ പോലും ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമം നടന്നുവെന്നും നീതി അകലെയാണെന്നും എങ്കിലും നീതിക്ക് വേണ്ടി പോരാടുമെന്നും കുടുംബം പ്രതികരിച്ചു.  പി പി ദിവ്യയുടെ മൊബൈല്‍ ഫോണ്‍ പോലും ഇതുവരെ പരിശോധിച്ചിട്ടില്ലെന്ന് കുടുംബം ആരോപിച്ചു.

◾ ഓണ്‍ലൈന്‍ ജോലിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രതയോടെ ഇരിക്കണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ജോലി വാഗ്ദാനം ചെയ്ത് സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും കാണുന്ന അവസരങ്ങളെയെല്ലാം കണ്ണും പൂട്ടി വിശ്വസിച്ചാല്‍ പണവും സമയവും നഷ്ടമാകുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

◾ കൊല്ലം കടയ്ക്കലില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു. കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ആളെ പൊലീസ് പിടികൂടിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ഒപ്പം രണ്ട് വര്‍ഷമായി താമസിക്കുന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. ഹോട്ടല്‍ ജീവനക്കാരനായ പ്രതിയെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. രണ്ട് വര്‍ഷത്തോളമായി പെണ്‍കുട്ടി പീഡനത്തിനിരയായി എന്നാണ് പൊലീസ് പറയുന്നത്.

◾ അമ്മയുടെ കണ്‍മുന്നില്‍ വെച്ച് സ്‌കൂള്‍ വാനിടിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു. മാനിപുരം സ്വദേശി മുനീറിന്റെ മകന്‍ ഉവൈസിനാണ് ജീവന്‍ നഷ്ടപ്പെട്ടത്. വീടിന്റെ മുന്‍പില്‍ വച്ചാണ് അപകടം നടന്നത്. സഹോദരിയെ വാനില്‍ നിന്ന് ഇറക്കി ഡോര്‍ അടയ്ക്കുന്ന സമയത്ത് അമ്മയുടെ കൈവിട്ടു പോയ കുട്ടി വാനിന് മുന്നില്‍ പെടുകയായിരുന്നു.

◾ കെനിയയുടെ മുന്‍ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത് അന്തരിച്ചു. ശ്രീധരീയം ആശുപത്രിയില്‍ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം കൂത്താട്ടുകുളം ദേവമാത ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 6 ദിവസം മുമ്പാണ് ഒടുങ്കെ കൂത്താട്ടുകുളത്ത് എത്തിയത്.

◾ 33 വര്‍ഷത്തിന് ശേഷം ക്ഷേത്രത്തില്‍ നിന്ന് 6 കിലോയോളം സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയ കേസില്‍ 18 പേരെ കുറ്റവിമുക്തരാക്കി കോടതി. തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലെ മൂലവിഗ്രഹത്തില്‍ ഉള്‍പ്പെടെയുണ്ടായിരുന്ന 6 കിലോയോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതികളെയാണ് പത്മനാഭപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയത്. കേസില്‍ അറസ്റ്റിലായവര്‍ക്കെതിരെ കുറ്റം തെളിയിക്കാനോ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാനോ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതി വിശദമാക്കിയത്.

◾ ദില്ലി സൗത്ത് ഏഷ്യന്‍ സര്‍വ്വകലാശാല ക്യാമ്പസിലെ പീഡന പരാതിയുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മലയാളി വിദ്യാര്‍ത്ഥികള്‍. ഭയത്തോടെയാണ് ക്യാമ്പസില്‍ കഴിയുന്നതെന്നാണ് മലയാളി വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചത്. ക്യാമ്പസിനകം പോലും സുരക്ഷിതമല്ല എന്നത് ഭയപ്പെടുത്തുകയാണ്. അതിക്രമത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. സര്‍വ്വകലാശാല അധികൃതര്‍ തുടക്കത്തില്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും പോലീസിന്റെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

◾ ദില്ലിയിലെ വായുമലിനീകരണം ഇന്നും മോശം അവസ്ഥയില്‍. നഗരത്തില്‍ ഇന്ന് രേഖപ്പെടുത്തിയ മലിനീകരണ തോത് 201 ആണ്. ഇന്നലെ മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയിരുന്നു. ദീപാവലി പ്രമാണിച്ച് വരും ദിവസങ്ങളില്‍ മലിനീകരണ തോത് രൂക്ഷമാകുമെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി.

◾ പാകിസ്ഥാന്  മുന്നിറിയിപ്പുമായി കരസേനയുടെ പശ്ചിമ കമാന്‍ഡര്‍ ലഫ് ജനറല്‍ എം കെ കത്വാര്‍ രംഗത്ത്. ഓപ്പറേഷന്‍ സിന്ദൂര്‍ 2.0 കൂടൂതല്‍ മാരകമാകുമെന്നും യുദ്ധം ചെയ്ത് ജയിക്കാനുള്ള ശേഷി പാകിസ്ഥാനില്ലെന്നും അതിനാല്‍ പഹല്‍ഗാം മോഡല്‍ ആക്രമണങ്ങള്‍ വീണ്ടും നടത്തിയാല്‍ തിരിച്ചടി മാരകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകരാജ്യങ്ങളോട് ഓപ്പറേഷന്‍ സിന്ദൂറിനെ സംബന്ധിച്ച് കരസേന ഇന്നലെ വിശദീകരിച്ചതിന് പിന്നാലെയാണ് പ്രതികരണം.

◾ നാല് ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടി വിട്ടുനല്‍കി ഹമാസ്. ഹമാസ് ആയുധം താഴെ വെക്കണമെന്നും അല്ലെങ്കില്‍ അമേരിക്ക അവരെ നിരായുധീകരിക്കുമെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കൂടുതല്‍ മൃതദേഹങ്ങള്‍ വിട്ടു നല്‍കിയത്. അതേസമയം ഹമാസ് സമാധാന കരാര്‍ ലംഘിച്ചെന്നും അതിനാല്‍ ഗാസയിലേക്കുള്ള അന്താരാഷ്ട്ര സഹായം നിയന്ത്രിക്കാനും ഈജിപ്തിലേക്കുള്ള തെക്കന്‍ അതിര്‍ത്തി തുറക്കുന്നത് വൈകിപ്പിക്കാനും തീരുമാനിച്ചതായി ഇസ്രയേല്‍ പ്രഖ്യാപിച്ചു.

◾ ആഗോള അപൂര്‍വ ധാതുക്കളുടെ വിതരണത്തിലെ ചൈനീസ് ആധിപത്യത്തെ ചെറുക്കാന്‍ ഇന്ത്യയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും പിന്തുണ പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ഉയര്‍ന്ന തീരുവ നിലനിര്‍ത്തുമ്പോഴാണ് യുഎസ് ട്രഷറി സെക്രട്ടറി ചൈനയ്ക്കെതിരെ പിന്തുണ ആവശ്യപ്പെടുന്നത്.

◾ യുഎസിന്റെ പക്കല്‍നിന്ന് സോയാബീന്‍ വാങ്ങുന്നത് നിര്‍ത്തിവെച്ച ചൈനയുടെ തീരുമാനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസിലെ സോയാബീന്‍ കര്‍ഷകര്‍ക്ക് പ്രയാസമുണ്ടാക്കുന്നതും സാമ്പത്തികമായി ശത്രുതാപരമായ നടപടിയാണ് ചൈനയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇതിന് പകരമായി ചൈനയില്‍നിന്നുള്ള പാചക എണ്ണയുടെ ഇറക്കുമതി നിര്‍ത്തുവെക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പരിഗണിക്കുകയാണെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

◾ അഫ്ഗാനിസ്ഥാനും പാകിസ്താനുമിടയിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമാകന്നു. ബുധനാഴ്ച പുലര്‍ച്ചെ പാകിസ്താന്‍, അഫ്ഗാന്‍ സൈന്യങ്ങള്‍ അതിര്‍ത്തിയില്‍ രൂക്ഷമായ ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടുവെന്നും ഇരുവശത്തുള്ളവര്‍ക്കും പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

◾ 2026 ഫിഫ ലോകകപ്പിന്റെയും ഒളിമ്പിക്‌സിന്റെയും വേദികള്‍ വേണ്ടിവന്നാല്‍ മാറ്റുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി..അമേരിക്കയിലെ ബോസ്റ്റണില്‍ നിന്ന് ലോകകപ്പ് വേദി മാറ്റാനുള്ള സാധ്യതയുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ലോകകപ്പ് വേദി മാറ്റാനുള്ള നീക്കത്തെ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

◾ സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 11,815 രൂപയിലാണ് ഇന്നത്തെ വ്യാപാരം. പവന് 400 രൂപയുടെ വര്‍ധനയോടെ 94,520 രൂപയിലെത്തി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ചേറ്റവും ഉയര്‍ന്ന നിരക്കാണിത്. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 9,720 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,650 രൂപയും 9 കാരറ്റിന് 4,880 രൂപയുമാണ് വില. സംസ്ഥാനത്തെ വെള്ളി വിലയിലും കാര്യമായ മാറ്റമുണ്ട്. ഗ്രാമിന് 6 രൂപ വര്‍ധിച്ച് 196 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 94,520 രൂപയാണ് വിലയെങ്കിലും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്താല്‍ വില 1,02,300 രൂപയെങ്കിലും നല്‍കേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വിലയിലും മാറ്റമുണ്ടാകും.

◾ ഇന്ത്യയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 15 ബില്യണ്‍ (1500 കോടി) നിക്ഷേപിക്കാനൊരുങ്ങി ഗൂഗ്ള്‍. യു.എസിന് പുറത്തുള്ള ഏറ്റവും വലിയ എ.ഐ ഹബ്ബിനായുള്ള ഡാറ്റാ സെന്ററും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രവും നിര്‍മിക്കുന്നതിനാണ് ഗൂഗ്ള്‍ വന്‍തുക ഇന്ത്യയില്‍ നിക്ഷേപിക്കുന്നത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് എ.ഐ ഹബ്ബ് തുടങ്ങുന്നത്. 12 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഗൂഗ്ളിന്റെ ആഗോള എ.ഐ കേന്ദ്രങ്ങളുടെ ശൃംഖലയുടെ ഭാഗമാകും വിശാഖപട്ടണം. എ.ഐ ഇന്‍ഫ്രാസ്ട്രക്ചര്‍, വലിയ ഊര്‍ജ്ജ സ്രോതസ്സുകള്‍, വിപുലീകരിച്ച ഫൈബര്‍-ഒപ്റ്റിക് ശൃംഖല എന്നിവ ഉള്‍പ്പെടുന്നതായിരിക്കും ഇത്. മൈക്രോസോഫ്റ്റ്, എ.ഡബ്ല്യു.എസ്, ഇപ്പോള്‍ ഗൂഗ്ള്‍ തുടങ്ങിയ ടെക് ഭീമന്‍ കമ്പനികള്‍ അവരുടെ സാന്നിധ്യം വികസിപ്പിക്കുന്നതിലൂടെ ഇന്ത്യ അത്തരം നിക്ഷേപങ്ങള്‍ക്ക് പ്രധാന ലക്ഷ്യസ്ഥാനമായി മാറിയിരിക്കുന്നു. 2029 ഓടെ ആറ് ജിഗാവാട്ട് ഡാറ്റാ സെന്റര്‍ ശേഷി കൈവരിക്കാന്‍ ആന്ധ്രാപ്രദേശ് ലക്ഷ്യമിടുന്നു.

◾ 'കിഷ്‌കിന്ധ കാണ്ഡം' എന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രത്തിനു ശേഷം സംവിധായകന്‍ ദിന്‍ജിത് അയ്യത്താന്‍, തിരക്കഥാകൃത്ത് ബാഹുല്‍ രമേശ് എന്നിവര്‍ ഒന്നിക്കുന്ന 'എക്കോ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ റിലീസായി. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എംആര്‍കെ ജയറാമിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന 'എക്കോ' സിനിമയുടെ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ഫാലിമി, പടക്കളം, ആലപ്പുഴ ജിംഖാന തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അഭിനയിച്ച സന്ദീപ് പ്രദീപാണ്. സൗരബ് സച്ചിദേവ്, നരേന്‍, വിനീത്, അശോകന്‍, ബിനു പപ്പു, രഞ്ജിത്ത് ശേഖര്‍, സഹീര്‍ മുഹമ്മദ്, ബിയാനാ മോമിന്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. കിഷ്‌കിന്ധ കാണ്ഡത്തിന്റെ സംഗീത സംവിധായകന്‍ മുജീബ് മജീദ്. എഡിറ്റര്‍ സൂരജ് ഇ.എസ്, ആര്‍ട്ട് ഡയറക്ടര്‍ സജീഷ് താമരശ്ശേരി എന്നിവരും എക്കോയ്ക്ക് വേണ്ടി ഒന്നിക്കുന്നു. നവംബര്‍ മാസത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

◾ ആസിഫ് അലിയും അപര്‍ണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം 'മിറാഷ്' പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് ഒരു മികച്ച ത്രില്ലര്‍ സിനിമാനുഭവം ആയിരുന്നു. പേര് പോലെ ചുറ്റുമുള്ള മനുഷ്യര്‍ മരീചികയാണെന്ന തോന്നല്‍ പ്രേക്ഷക മനസില്‍ സമ്മാനിച്ച ചിത്രം ഇതാ ഒടിടിയിലേക്ക് എത്തുകയാണ്. സോണി ലിവിനാണ് മിറാഷിന്റെ ഒടിടി സ്ട്രിമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. ഒക്ടോബര്‍ 20 മുതല്‍ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും. സെപ്റ്റംബര്‍ 19ന് ആയിരുന്നു മിറാഷ് തിയറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്ത് 32-ാം ദിനമാണ് ഒടിടി റിലീസും. അഭിരാമി, അശ്വിന്‍, കിരണ്‍ എന്നിവരാണ് മിറാഷിയെ കേന്ദ്ര കഥാപാത്രങ്ങള്‍. ഇത് യഥാക്രമം അപര്‍ണും ആസിഫ് അലിയും ഹക്കീം ഷാജഹാനും അവതരിപ്പിക്കുന്നു. ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായാണ് ആസിഫ് അലി ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ആദ്യാവസാനം വരെ ത്രില്ലര്‍ അനുഭവം സമ്മാനിക്കുന്ന ചിത്രത്തില്‍ പദപ്രശ്നം പോലൊരു ക്ലൈമാക്സും തിരക്കഥാകൃത്ത് ഒരുക്കിയിട്ടുണ്ട്.

◾ രണ്ടു പുതിയ കാറുകള്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ടാറ്റ മോട്ടോഴ്‌സ്. ഐക്കണിക് സിയറ എസ് യുവിയുടെ തിരിച്ചുവരവിനായി ഒരുങ്ങുകയാണ്. 1990 കളില്‍ ടാറ്റയുടെ എസ് യുവി പാരമ്പര്യത്തെ നിര്‍വചിച്ച ഈ നെയിംപ്ലേറ്റിന്റെ പുനരുജ്ജീവനമാണ് പുതിയ സിയറയിലൂടെ അടയാളപ്പെടുത്തുന്നത്. സിയറ ഇവിയും സിയറ ഐസിഇയുമാണ് പുതുതായി വിപണിയില്‍ എത്താന്‍ പോകുന്നത്. ആദ്യ ഉല്‍പ്പന്നം നവംബര്‍ അവസാനത്തോടെ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ടാറ്റയുടെ ഇവി-ഫസ്റ്റ് സമീപനത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യം സിയറയുടെ ഇലക്ട്രിക് പതിപ്പ് ആണ് ലോഞ്ച് ചെയ്യുക. തുടര്‍ന്ന് ഇന്റേണല്‍ കംബസ്റ്റന്‍ എന്‍ജിന്‍ വകഭേദങ്ങളും ഇറങ്ങും. ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ കഴിയും. ടാറ്റ സിയറയുടെ ഇന്റേണല്‍ കംബസ്റ്റന്‍ എന്‍ജിന്‍ പതിപ്പില്‍ 2.0 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ ടിജിഡിഐ പെട്രോള്‍ എന്‍ജിനുകള്‍ക്കൊപ്പം ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളും ഉണ്ടായേക്കാം.

◾ ഒരു ശരീരത്തില്‍ രണ്ടു മനസ്സുകളായോ മറ്റൊരാള്‍തന്നെയായോ ജീവിച്ചുതീര്‍ക്കേണ്ടിവരുന്ന മഹാവ്യഥയുടെ പ്രതിനിധിയായ മാത്യു ദേവസ്സി എന്ന കഥാപാത്രമായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും സ്വവര്‍ഗ്ഗാനുരാഗിയായ ഭര്‍ത്താവിനോടൊത്ത് വികലമായ സാമൂഹികബോധത്തിന്റെ ഇരയായി ജീവിക്കേണ്ടിവന്ന ഓമന എന്ന കഥാപാത്രമായി ജ്യോതികയും ഉജ്ജ്വലമായ പകര്‍ന്നാട്ടം നടത്തി കേരളത്തെ അമ്പരപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമ. കപട സദാചാരബോധവും പുരാതന ജീവിതനിയമങ്ങളും ദുരഭിമാനവുമെല്ലാം അളവുകോലാക്കി സമൂഹം നിര്‍മ്മിക്കുന്ന ഇരുമ്പുകൂട്ടിനകത്ത് അകപ്പെടാതെ സ്വതന്ത്രമായി, സ്വന്തം സ്വത്വം നഷ്ടപ്പെടുത്താതെ ജീവിക്കാന്‍ ഏതൊരാള്‍ക്കും ആവേശംനല്‍കുന്ന, പുതിയ കാലത്തിന്റെ  രചന. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നെഴുതി ജിയോ ബേബി സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ. 'കാതല്‍'. മാതൃഭൂമി. വില 170 രൂപ.

◾ കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു രോഗമാണ് ഫാറ്റി ലിവര്‍ രോഗം. പലപ്പോഴും ഇവയുടെ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ പ്രയാസമാണ്. ഫാറ്റി ലിവര്‍ രോഗത്തിന്റെ പ്രധാനപ്പെട്ട സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഛര്‍ദ്ദി, ഓക്കാനം, നെഞ്ചെരിച്ചില്‍, അസിഡിറ്റി, മറ്റ് ദഹന പ്രശ്നഹങ്ങള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവര്‍ രോഗത്തിന്റെ സൂചനകളാകാം. കൈ- കാലുകളിലും മുഖത്തും നീര് കെട്ടുന്നതും, മുട്ടുവേദനയും ചിലപ്പോള്‍ ഫാറ്റി ലിവര്‍ രോഗത്തിന്റെ സൂചനയാകാം. വയറിന്റെ വലതു ഭാഗത്ത് മുകളിലായി അനുഭവപ്പെടുന്ന വേദന, അസ്വസ്ഥത, വയറിലെ വീക്കം തുടങ്ങിവയൊക്കെ ഫാറ്റി ലിവര്‍ രോഗത്തിന്റെ സൂചനയാകാം. അടിവയറ്റില്‍ ദ്രാവകം അടിഞ്ഞുകൂടല്‍, വയറിന് ഭാരം തോന്നുന്നത് എന്നിവയും നിസാരമാക്കേണ്ട. ചര്‍മ്മത്തിലെ ചൊറിച്ചിലും മഞ്ഞ നിറവും ഫാറ്റി ലിവര്‍ രോഗത്തിന്റെ ലക്ഷണമാകാം. മൂത്രത്തിലെ നിറംമാറ്റവും ഫാറ്റി ലിവര്‍ രോഗം ഉള്‍പ്പെടെയുള്ള കരള്‍ പ്രശ്‌നങ്ങളെ സൂചിപ്പിക്കാം. അകാരണമായി ശരീരഭാരം കുറയുന്നതും ഫാറ്റി ലിവര്‍ രോഗത്തിന്റെ സൂചനയാകാം. വിശപ്പില്ലായ്മ, അമിത ക്ഷീണം തുടങ്ങിയവയും നിസാരമായി കാണേണ്ട.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.32, പൗണ്ട് - 117.95, യൂറോ - 102.78, സ്വിസ് ഫ്രാങ്ക് - 110.46, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.56, ബഹറിന്‍ ദിനാര്‍ - 234.30, കുവൈത്ത് ദിനാര്‍ -287.84, ഒമാനി റിയാല്‍ - 229.72, സൗദി റിയാല്‍ - 23.55, യു.എ.ഇ ദിര്‍ഹം - 24.18, ഖത്തര്‍ റിയാല്‍ - 24.34, കനേഡിയന്‍ ഡോളര്‍ - 62.90.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right