2025 | ഒക്ടോബർ 14 | ചൊവ്വ
1201 | കന്നി 28 | പുണർതം
◾ ബസുകളിലെയടക്കം എയര്‍ഹോണുകള്‍ പിടിച്ചെടുക്കുന്നതിനായി നിര്‍ദേശം നല്‍കി ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍. വാഹനങ്ങളിലെ എയര്‍ഹോണ്‍ പിടിച്ചെടുക്കാന്‍ ഈ മാസം 13 മുതല്‍ 19വരെയുള്ള സ്പെഷ്യല്‍ ഡ്രൈവിനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. വിചിത്ര നിര്‍ദേശങ്ങളോടെയാണ് സ്പെഷ്യല്‍ ഡ്രൈവിനുള്ള ഉത്തരവിറക്കിയിരിക്കുന്നത്. പിടിച്ചെടുക്കുന്ന എയര്‍ഹോണുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഇതിനുശേഷം റോഡ് റോളര്‍ കയറ്റി എയര്‍ഹോണുകള്‍ നശിപ്പിക്കണമെന്നുമാണ് ഉത്തരവിലുള്ളത്.
◾ പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും എന്നാല്‍ കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്നായിരുന്നു ആഗ്രഹമെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. കേരളത്തില്‍ തുടരാന്‍ അവസരം നല്‍കണമെന്നും വൈസ് പ്രസിഡന്റ് ആയി തുടരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടുമെന്നും ദേശീയ നേതൃത്വം ഇക്കാര്യം പരിഗണിക്കണമെന്നും അബിന്‍ വ്യക്തമാക്കി. പാര്‍ട്ടി എടുത്ത തീരുമാനം തെറ്റെന്ന് പറയില്ലെന്നും പാര്‍ട്ടിയോട് തിരുത്താന്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുമെന്നും അബിന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
◾ കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന അബിന്‍ വര്‍ക്കിയുടെ ആവശ്യം തള്ളിയ കെപിസിസി പ്രസിഡന്ററ് സണ്ണി ജോസഫ് അബിന് കേരളത്തില്‍ ഇരുന്ന് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാമല്ലോയെന്നും വ്യക്തമാക്കി. കെ സി വേണുഗോപാല്‍ കേരളത്തിലുമുണ്ട് ദേശീയ നേതൃത്വത്തിലുമുണ്ട്, കേരളത്തില്‍ ഇരുന്ന് രാജ്യം മുഴുവന്‍ പ്രവര്‍ത്തിക്കാം. അതിന് എന്താ കുഴപ്പമെന്നും കേരളത്തില്‍ നില്‍ക്കട്ടെ എന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
◾ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പില്ലെന്ന് കെ മുരളീധരന്‍. എങ്ങനെയെങ്കിലും അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പെന്ന് അദ്ദേഹം ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം .ഓരോ നേതാക്കള്‍ക്കും ഓരോരോ അഭിപ്രായമുണ്ടാകും. എല്ലാ അഭിപ്രായങ്ങളും സമന്വയിപ്പിച്ചാണ് ഒ ജെ ജനീഷിനെ അധ്യക്ഷന്‍ ആക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ശമ്പരിമലയിലെ ദ്വാരപാലകപാളികള്‍ വിറ്റെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചെന്നൈയിലേക്ക് കൊണ്ടുപോയത് ഒറിജിനല്ലെന്നും വിഡി സതീശന്‍ ആരോപിച്ചു. ആര്‍ക്കാണ് വിറ്റതെന്ന് അന്നത്തെ മന്ത്രി കടകംപള്ളി പറയണമെന്നും ശബരിമലയില്‍ വലിയ കച്ചവടമാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പോറ്റി കുടുങ്ങിയാല്‍ എല്ലാവരും കുടുങ്ങും അതിനാല്‍ പോറ്റിയെ രക്ഷിക്കാന്‍ ആണ് ഇപ്പോള്‍ നീക്കമെന്നും സതീശന്‍ കുറ്റപ്പെടുത്തി.
◾ ആഗോള അയ്യപ്പസംഗമത്തിലെ ചെലവിന്റെ വിശദാംശങ്ങള്‍ അടിയന്തിരമായി പുറത്തു വിടണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഒറ്റ ദിവസത്തെ ഒരു പരിപാടിക്ക് എട്ടുകോടി രൂപ ചിലവായതിന്റെ ലോജിക്ക് പിടി കിട്ടുന്നില്ലെന്നും ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു വിടണമെന്നും ഇത്ര ഭീമമായ തുക ഒറ്റദിവസംകൊണ്ട് ചെലവഴിക്കാന്‍ ഇത് വെള്ളരിക്ക പട്ടണമാണോ എന്നും അദ്ദേഹം ചോദിച്ചു. ഏതൊക്കെ ഇനത്തിലാണ് ഈ പറയുന്ന എട്ടു കോടി ചിലവായത് എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ എറണാകുളം ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ്സ് ആലപ്പുഴ വഴി തിരുവനന്തപുരം വരെ നീട്ടണമെന്ന ആവശ്യമുന്നയിച്ച് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തുനല്‍കിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. നവംബര്‍ പകുതിയോടെയാണ് കേരളത്തില്‍ പുതുതായി മറ്റൊരു വന്ദേഭാരത് എക്സ്പ്രസ്സ് കൂടിയെത്തുന്നത്. കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ഏക വന്ദേ ഭാരത് എക്‌സ്പ്രസാണിത്.
◾ മുഖ്യമന്ത്രിയുടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുളള സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുക. വൈകീട്ട് യാത്ര തിരിക്കുന്ന മുഖ്യമന്ത്രിയും സംഘവും ഡിസംബര്‍ ഒന്ന് വരെ വിവിധ തീയതികളില്‍ യാത്ര ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. 16 ന് ബഹ്റൈനില്‍ പ്രവാസി മലയാളി സംഗമത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുന്നത്.
◾2024-25 വര്‍ഷത്തില്‍ കേരളത്തില്‍ ശൈശവ വിവാഹത്തില്‍ വലിയ രീതിയില്‍ വര്‍ദ്ധനവെന്ന് കണക്കുകള്‍. വനിതാ ശിശു വികസന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജനുവരി 15 വരെ 18 ശൈശവ വിവാഹങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. 2023-24 വര്‍ഷത്തില്‍ ഇത് 14ഉം, 2022-23 വര്‍ഷത്തില്‍ ഇത് 12ഉം ആണ്. ഈ വര്‍ഷത്തില്‍ നടന്ന 18 ശൈശവ വിവാഹങ്ങളില്‍ 10 എണ്ണവും നടന്നിട്ടുള്ളത് തൃശൂര്‍ ജില്ലയിലാണെന്നാണ് വിവരം.
◾ ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയം പരിഷ്‌കരിച്ചതിനെ സ്വാഗതം ചെയ്ത് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി. വൈകിയാണെങ്കിലും നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സര്‍ക്കാര്‍ തീരുമാനം ഉടന്‍ നടപ്പിലാക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കാതെയായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ നിലപാടെന്നും അതിനെ മുഖ്യമന്ത്രി തിരുത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തുടരും. ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ വെള്ളിയാഴ്ച ഉത്തരവിറക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ദേശീയ പാത അതോറിറ്റിയുടെ ഹര്‍ജി ഇന്ന് പരിഗണിച്ചപ്പോള്‍ ജില്ലാ കളക്ടറോട് നിലവിലെ റോഡിന്റെ അവസ്ഥയെക്കുറിച്ച് കോടതി വിവരം തേടി. സുഗമമായ ഗതാഗതം ഉറപ്പാക്കിയശേഷമേ ടോള്‍ പിരിക്കാവുവെന്ന സുപ്രീം കോടതി ഉത്തരവും ഹൈക്കോടതി ചൂണ്ടികാട്ടി.
◾ സിപിഎം നേതാവും മുന്‍ കുന്നംകുളം എംഎല്‍എ യുമായ ബാബു എം പാലിശ്ശേരി നിര്യാതനായി. 67 വയസായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
◾ പാലക്കാട് നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് നാലാം അഡീഷണല്‍ ജില്ലാ കോടതി വിധിച്ചു. ചെന്താമരക്കെതിരെ ചുമത്തിയ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു. മറ്റന്നാള്‍ കേസില്‍ ശിക്ഷാ വിധി പ്രഖ്യാപിക്കും. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു.
◾ നെന്‍മാറ പോത്തുണ്ടി സജിത വധക്കേസില്‍ കൊടുംകുറ്റവാളി ചെന്താമര കുറ്റക്കാരനെന്ന കോടതിവിധിയില്‍ പ്രതികരണവുമായി കുടുംബം. കനത്ത ശിക്ഷ വിധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടതി വിധിയില്‍ സന്തോഷമെന്നും സജിതയുടെ കുടുംബം. ഒക്ടോബര്‍ 16നാണ് ശിക്ഷാവിധി. അതേസമയം ചെന്താമരയെ ഭയന്ന് പ്രധാന സാക്ഷി നാടുവിട്ടു എന്ന് വിവരം. കേസിലെ നിര്‍ണായക സാക്ഷിയായ പോത്തുണ്ടി സ്വദേശി പുഷ്പയാണ് തമിഴ്നാട്ടിലേക്ക് നാട് വിട്ടത്.
◾ മാനന്തവാടി വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലെ 26 കിലോയോളം ചന്ദന തടികള്‍ കാണാനില്ലെന്ന് ആക്ഷേപം. ചന്ദനത്തടികള്‍ ക്ഷേത്രത്തിലെ ഉന്നതര്‍ കടത്തിയെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍, ചന്ദനത്തടികള്‍ ദ്രവിച്ചു പോയതാണെന്നാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം. വിവാദത്തിന് പിന്നാലെ ക്ഷേത്രത്തിലെത്തിയ മലബാര്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ രേഖകള്‍ പരിശോധിച്ചു.
◾ പള്ളിപ്പാട് വടക്കേക്കര കിഴക്ക് പനമുട്ടുകാട് പാടശേഖരത്തില്‍ പുത്തന്‍പുരയില്‍ സരള എന്ന സ്ത്രീ വൈദ്യുതാഘാതമേറ്റ് മരിക്കുകയും കൂടെ പണിയെടുത്തിരുന്ന വടക്കതില്‍ ശ്രീലതയ്ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കും. ആലപ്പുഴ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയില്‍ സ്റ്റേ കമ്പി ഫ്യൂസ് കാരിയറില്‍ തട്ടിയതാണ് അപകട കാരണമെന്ന് കണ്ടെത്തി. ഈ അപകട സാധ്യത കെഎസ്ഇബി ശ്രദ്ധിച്ചിരുന്നില്ലെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്.
◾ കൊച്ചി കുണ്ടന്നൂരില്‍ തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസിലെ പ്രതികള്‍ മോഷ്ടിച്ച പണത്തിന് ഏലക്കയും വാങ്ങിയെന്ന് കണ്ടെത്തല്‍. മോഷ്ടിച്ച പണം ഉപയോഗിച്ച് 14 ലക്ഷം രൂപയുടെ ഏലക്ക വാങ്ങിയതായാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഏലക്കര്‍ഷകനും പന്ത്രണ്ടാം പ്രതിയുമായ ലെനിനെ പൊലീസ് പിടികൂടിയിരുന്നു. തട്ടിയെടുത്ത 80 ലക്ഷത്തില്‍ 20 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.
◾ നെടുവത്തൂരില്‍ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്നുണ്ടായ കിണര്‍ അപകടത്തില്‍ മരിച്ച അര്‍ച്ചനയുടെ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. ജില്ലാ ശിശുക്ഷേമ സമിതിയെ ഇതിനായി ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് കിണറ്റില്‍ ചാടിയ അര്‍ച്ചനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൈവരി ഇടിഞ്ഞ് അപകടമുണ്ടായത്. കൊട്ടാരക്കര ഫയര്‍ & റസ്‌ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങല്‍ സ്വദേശി സോണി എസ്. കുമാര്‍ (36), കിണറ്റില്‍ ചാടിയ നെടുവത്തൂര്‍ സ്വദേശിനി അര്‍ച്ചന (33), യുവതിയുടെ ആണ്‍സുഹൃത്ത് ശിവകൃഷ്ണന്‍ (22) എന്നിവരാണ് മരിച്ചത്.
◾ പാപ്പാന്‍മാരുടെ കൊടും പീഡനത്തിനിരയായതാണ് ഗുരുവായൂര്‍ ആനക്കോട്ടയിലെ കൊമ്പന്‍ ഗോകുല്‍ ചരിഞ്ഞതിന് കാരണമെന്ന് ആരോപണം. ആനപ്രേമി സംഘമാണ് ഗുരുതര ആരോപണം ഉയര്‍ത്തിയിട്ടുള്ളത്. ആന ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഉന്നതല അന്വേഷണം വേണമെന്നും ആനപ്രേമികള്‍ ആവശ്യപ്പെടുന്നു. രണ്ടാഴ്ച മുമ്പ് ഒന്നാം പാപ്പാന്‍ രാധാകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് ഗോകുലിന് പാപ്പാന്മാരുടെ പീഡനം തുടങ്ങാനിടയായതെന്നാണ് ഉയര്‍ന്നിട്ടുള്ള ആരോപണം. ഇന്നലെ ഉച്ചക്ക് 12.30ഓടെയായിരുന്നു 35 വയസ് പ്രായമുള്ള ഗോകുല്‍ ചരിഞ്ഞത് . എറണാകുളം ചുള്ളിക്കല്‍ അറയ്ക്കല്‍ ഹൗസില്‍ എ എസ് രഘുനാഥന്‍ 1994 ജനുവരി ഒമ്പതിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയ ആനയാണ് ഗോകുല്‍.
◾ അനന്തു അജിയുടെ ആത്മഹത്യയില്‍ ദില്ലിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. ആര്‍എസ്എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ദിവസങ്ങള്‍ക്ക് മുന്‍പ് കോട്ടയം സ്വദേശിയായ അനന്തു അജി തിരുവനന്തപുരത്തെ ലോഡ്ജിലെത്തി ജീവനൊടുക്കിയത്. ആര്‍എസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇന്സ്റ്റഗ്രാമില്‍ പോസ്റ്റിട്ടായിരുന്നു ആത്മഹത്യ. പിന്നാലെ പൊലീസ് കേസെടുക്കുകയും ചെയ്തു.
◾ആര്‍എസ്എസ് ശാഖയില്‍ ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പൊലീസില്‍ പരാതി നല്‍കി. തമ്പാനൂര്‍ പൊലീസ് അന്വേഷിക്കുന്ന കേസില്‍ അനന്തുവിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. പിന്നീട് അനന്തു നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി.
◾ മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തിയ ഝാര്‍ഖണ്ഡ് സ്വദേശിയായ മാവോയിസ്റ്റ് സഹന്‍ ടുടി ദിനബു ഇടുക്കിയിലെ മൂന്നാറില്‍ പിടിയില്‍. കൊച്ചി, റാഞ്ചി യുണിറ്റുകളിലെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ മൂന്നാറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഝാര്‍ഖണ്ഡില്‍ നിന്ന് രക്ഷപ്പെട്ട് മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റില്‍ ഭാര്യയോടൊപ്പം അതിഥി തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്ന ഇയാള്‍ എന്‍ഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
◾ തമിഴ്നാട് ദിണ്ടിഗല്‍ കോടതിയിലെ ജഡ്ജിയെ നിയമ പരിശീലനത്തിനായി സംസ്ഥാന ജുഡീഷ്യല്‍ അക്കാദമിയിലേക്ക് അയക്കാന്‍ രജിസ്ട്രിക്ക് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കി. ജഡ്ജി നിയമത്തിലെ അടിസ്ഥാന തത്വങ്ങള്‍ പഠിക്കട്ടെ എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി. 2022 മെയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായതുമായി ബന്ധപ്പെട്ട് ദിണ്ടിഗല്‍ സ്വദേശിയായ യുവാവിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത് വെറും മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും നിയമപരമായ യാതൊരു തെളിവും കണ്ടെത്താനായിട്ടില്ലെന്നും നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
◾ ഇന്ത്യയെ പേരെടുത്ത് പറഞ്ഞും പ്രധാനമന്ത്രി മോദിയെ പേര് പറയാതെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ മഹത്തായ രാജ്യമെന്നും അതിനെ നയിക്കുന്നത് തന്റെ പ്രിയ സുഹൃത്താണെന്നും ട്രംപ് പറഞ്ഞു. ഗാസയിലെ ഇസ്രയേല്‍ - ഹമാസ് യുദ്ധം അവസാനിച്ച പ്രഖ്യാപനം നടത്തിക്കൊണ്ട് ലോകനേതാക്കള്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വേദിയിലുണ്ടായിരുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ നോക്കിക്കൊണ്ട് ട്രംപ് പറഞ്ഞു.
◾ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം തീര്‍ത്തെന്ന് ഗാസ സമാധാന ഉച്ചകോടിക്കിടെ ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടതിനോട് പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ്. ഇന്ത്യക്കാരുടെ കൊലയാളിയായ അസിം മുനീറിനെ ട്രംപ് പുകഴ്ത്തിയിട്ടും കേന്ദ്രം മൗനം പാലിക്കുന്നതെന്തിനെന്നും കോണ്‍ഗ്രസ് ചോദിച്ചു.
◾ യുവജന പ്രക്ഷോഭത്തെ തുടര്‍ന്ന് മഡഗാസ്‌കറില്‍ സൈനിക അട്ടിമറി. പ്രസിഡന്റ് ആന്‍ഡ്രി രാജോലീന രാജ്യം വിട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. യുവാക്കളുടെ നേതൃത്വത്തില്‍ മൂന്നാഴ്ചയായി നടന്നുവന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് സൈനിക അട്ടിമറിയും പ്രസിഡന്റിന്റെ പലായനവും ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു. എന്നാല്‍ സെനികര്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംപ്രേക്ഷണകേന്ദ്രം പിടിച്ചെടുത്തു. ഇതോടെ രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള പ്രസിഡന്റിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു.
◾സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് ഗ്രഹാന്തര റോക്കറ്റിന്റെ പതിനൊന്നാം പരീക്ഷണം ഏറെക്കുറെ വിജയം. 'വേര്‍ഷന്‍ 2' എന്ന പേരിട്ട് സ്‌പേസ് എക്‌സ് വിളിക്കുന്ന പ്രോട്ടോടൈപ്പിന്റെ പരീക്ഷണമാണ് തുടര്‍ച്ചയായ രണ്ടാം വിജയം കണ്ടത്. പൂര്‍ണമായും പുനരുപയോഗിക്കാന്‍ കഴിയുന്ന തരത്തിലേക്ക് സ്റ്റാര്‍ഷിപ്പ് അടുക്കുന്ന തരത്തിലായിരുന്നു ഇന്നത്തെ പരീക്ഷണ വിജയം. ടെക്‌സസിലെ ബൊക്ക ചിക്കയിലുള്ള സ്പേസ് എക്‌സിന്റെ സ്വന്തം സ്റ്റാര്‍ബേസില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്.
◾അഫ്ഗാനിസ്ഥാന്‍-പാകിസ്താന്‍ അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പാക് മന്ത്രിക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കും വിസ നിഷേധിച്ച് അഫ്ഗാനിസ്ഥാന്‍. പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്, ഇന്റലിജന്‍സ് മേധാവി അസിം മാലിക്, രണ്ട് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അഫ്ഗാന്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ മൂന്ന് തവണ ഇവരുടെ വിസ അപേക്ഷകള്‍ നിരസിച്ചതായാണ് വിവരം.
◾ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ആധികാരിക വിജയം. ഇതോടെ രണ്ട് മത്സരങ്ങള്‍ മാത്രമുള്ള പരമ്പര ഇന്ത്യ തൂത്തുവാരി. 58 റണ്‍സുമായി പുറത്താകാതെ നിന്ന കെ എല്‍ രാഹുലാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. സായ് സുദര്‍ശന്റെയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് അവസാന ദിനം നഷ്ടമായത്. ക്യാപ്റ്റനായശേഷം ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇന്ത്യ നേടുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്.
◾സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉച്ചയ്ക്ക് ശേഷം മാറ്റം. ഗ്രാമിന് 11,645 രൂപയും പവന് 93,160 രൂപയിലുമാണ് ഇപ്പോള്‍ വ്യാപാരം. ഗ്രാം വിലയില്‍ 150 രൂപയും പവന്‍ വില 1,200 രൂപയും കുറച്ചാണ് വില പുതുക്കിയത്. തത്തുല്യമായ മാറ്റം ചെറുകാരറ്റുകളുടെ വിലയിലുമുണ്ടായിട്ടുണ്ട്. 18 കാരറ്റിന് ഗ്രാമിന് 120 രൂപ കുറഞ്ഞ് 9,580 രൂപയായി. 14 കാരറ്റ് ഗ്രാമിന് 7,460 രൂപയിലും ഒമ്പത് കാരറ്റിന് 4,810 രൂപയിലുമാണ് വ്യാപാരം. ഇന്ന് രാവിലെ ഒറ്റയടിക്ക് 94,000ന് മുകളില്‍ എത്തി ചരിത്രം കുറിച്ചിരുന്നു സ്വര്‍ണവില. പവന് 2400 രൂപയാണ് വര്‍ധിച്ചത്. 94,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 300 രൂപയാണ് ഉയര്‍ന്നത്. 11,795 രൂപയായാണ് ഗ്രാം വില ഉയര്‍ന്നത്. രാവിലെ വില നിശ്ചയിക്കുമ്പോള്‍ അന്താരാഷ്ട്ര സ്വര്‍ണ വില 4,165 ഡോളറും വിനിമയ നിരക്ക് 88.76 ശതമാനവുമായിരുന്നു. എന്നാല്‍ ഉച്ചയോടെ നിലവില്‍ വില 4,123 ഡോളറായി കുറഞ്ഞു. അതാണ് കേരളത്തിലും വിലയില്‍ പ്രതിഫലിച്ചത്. ഉച്ചയ്ക്ക് 12.30യോടെയാണ് വ്യാപാര സംഘടനകള്‍ വില പുതുക്കിയത്. 2026 ഓടെ രാജ്യാന്തര സ്വര്‍ണ വില 5,000 ഡോളര്‍ ആകുമെന്നാണ് പ്രവചനങ്ങള്‍. അങ്ങനെയെങ്കില്‍ കേരളത്തില്‍ വില 1.20 ലക്ഷം കടക്കും. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം.
◾പ്രകൃതി നേരിട്ട് പ്രോസസ് ചെയ്തു ഉല്‍പാദിപ്പിക്കുന്ന ഒരു മള്‍ട്ടിവിറ്റാമിന്‍ പ്രൊഡക്ട് ആണ് കറിവേപ്പില. ഇതില്‍ വിറ്റാമിന്‍ എ, സി, ഇ, ബി കോപ്ലക്‌സ്, ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീകളുടെ ആരോഗ്യത്തിന് പ്രത്യേകിച്ച്, ഗര്‍ഭിണികളുടെയും പ്രസവാനന്തര ശ്രുശൂഷയിലുള്ള സ്ത്രീകള്‍ക്കും. രക്താരോഗ്യത്തിന് അത്യാവശ്യമായ രണ്ട് പോഷകങ്ങളായ ഫോളിക് ആസിഡും ഇരുമ്പും കറിവേപ്പിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കറിവേപ്പില പതിവായി കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും വരള്‍ച്ച, കാഴ്ച മങ്ങല്‍ എന്നിവ ചെറുക്കാനും സഹായിക്കും. പാല്‍ ഉല്‍പന്നങ്ങളില്‍ എന്ന പോലെ അളവില്‍ കറിവേപ്പിലയിലും കാല്‍സ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ അടങ്ങിയ ഫോസ്ഫറസ് കാല്‍സ്യത്തിന്റെ ആഗിരണം മെച്ചപ്പെടുത്തുകയും അസ്ഥികളുടെ സാന്ദ്രത വര്‍ധിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പ്രസവശേഷം അമ്മമാര്‍ക്കും ഓസ്റ്റിയോപൊറോസിസ് സാധ്യതയുള്ളവര്‍ക്കും കറിവേപ്പില പതിവായി കഴിക്കാവുന്നതാണ്. പ്രതിരോധശേഷി കുറയുന്നതിനും അകാല വാര്‍ദ്ധക്യത്തിനും പ്രധാന കാരണങ്ങളിലൊന്നായ ഓക്‌സിഡേറ്റീവ് സമ്മര്‍ദത്തെ ചെറുക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ സി, ഇ എന്നിവയും കറിവേപ്പിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇത് ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുകയും ചര്‍മത്തിന് സ്വാഭാവിക തിളക്കവും മൃദുത്വം നല്‍കുകയും ചെയ്യുന്നു. നാഡീവ്യവസ്ഥയെ സഹായിക്കുന്നതിനും, ഹോര്‍മോണുകളെ സന്തുലിതമാക്കുന്നതിനും, ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന അവശ്യ ബി വിറ്റാമിനുകള്‍ കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഊര്‍ജം നിലനിര്‍ത്തുന്നതിനും സഹായിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.80, പൗണ്ട് - 117.80, യൂറോ - 102.61, സ്വിസ് ഫ്രാങ്ക് - 110.46, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.36, ബഹറിന്‍ ദിനാര്‍ - 235.56, കുവൈത്ത് ദിനാര്‍ -289.22, ഒമാനി റിയാല്‍ - 230.94, സൗദി റിയാല്‍ - 23.68, യു.എ.ഇ ദിര്‍ഹം - 24.16, ഖത്തര്‍ റിയാല്‍ - 24.27, കനേഡിയന്‍ ഡോളര്‍ - 63.17.
Tags:
KERALA