Trending

പ്രഭാത വാർത്തകൾ.

2025  ഒക്ടോബർ 13  തിങ്കൾ 
1201  കന്നി 27   തിരുവാതിര 
1447  റ ആഖിർ 20

◾ ഗാസയില്‍ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുലരാനും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ചതും ഇസ്രയേലും ഹമാസും അംഗീകരിച്ചതുമായ ഇരുപതിന പദ്ധതി ചര്‍ച്ചചെയ്യാനുള്ള രാജ്യാന്തര ഉച്ചകോടി ഇന്ന്. അതേസമയം ഇരുപതോളം ലോകനേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇസ്രയേല്‍ പ്രതിനിധികളാരും എത്തില്ല. ഇസ്രയേലില്‍ നിന്ന് ആരെയും അയയ്ക്കില്ലെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാട്. ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍, തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജ മെലോനി, സ്പെയിന്‍ പ്രധാനമന്ത്രി പെദ്രോ സാഞ്ചെസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ പങ്കെടുക്കില്ല. പകരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് പങ്കെടുക്കും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസിയും ശനിയാഴ്ചയാണ് ഉച്ചകോടിയിലേക്കു മോദിയെ ക്ഷണിച്ചത്.

◾ നൂറിലധികം സീറ്റുമായി യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യുഡിഎഫ് ഒരു മഹായുദ്ധത്തിന് പുറപ്പെടുകയാണ്. ഈ യുദ്ധം ജയിച്ചേ മതിയാകൂ. നേതാക്കളല്ല പ്രധാനം. സതീശനും സണ്ണി ജോസഫും രമേശ് ചെന്നിത്തലയുമല്ല പ്രധാനം. ഇപ്പോള്‍ വെറും യുഡിഎഫല്ല, ടീം യുഡിഎഫാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍വന്നാല്‍ എന്ത് ചെയ്യുമെന്ന് ജനുവരിയില്‍ പറയും. സര്‍ക്കാരിനെ കുറ്റപ്പെടുത്തിയാല്‍മാത്രം പോരാ. വിശ്വാസ്യതയാണ് പ്രധാനം. വിദ്യാഭാസ പ്രമുഖരും വിദഗ്ധരുമെല്ലാം ചേര്‍ന്ന് പദ്ധതി ഉണ്ടാക്കും. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി കടിപിടി കൂടാതെ എല്ലാരും ഒരുമിച്ച് നില്‍ക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

◾ മുഖ്യമന്ത്രിയുടെ മകന് എതിരായ ഇഡി നോട്ടീസ് ഒരു അടിസ്ഥാനവുമില്ലാത്ത നോട്ടീസെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. വസ്തുതകള്‍ ഇല്ലാത്ത നോട്ടീസ് അയച്ച് ഇഡി പേടിപ്പിക്കാനാണ് നോക്കിയതെന്നും നോട്ടീസ് കിട്ടിയിട്ടും ഒരു കുലുക്കവുമില്ലെന്ന് കണ്ടതോടെ ഇഡി പിന്നീട് അനങ്ങിയില്ലെന്നും ബിജെപി സര്‍ക്കാരിന്റെ എക്സ്റ്റന്‍ഷന്‍ ഡിപ്പാര്‍ട്മെന്റാണ് ഇഡിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ ഷാഫി പറമ്പില്‍ എംപിക്കെതിരായ പൊലീസ് മര്‍ദനത്തില്‍ പൊലീസില്‍ ചിലര്‍ മനഃപൂര്‍വം പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് കോഴിക്കോട് റൂറല്‍ എസ്പി കെ ഇ ബൈജു. ഷാഫി പറമ്പിലിനെ പുറകില്‍ നിന്ന് ലാത്തി കൊണ്ട് അടിക്കുകയായിരുന്നെന്നും അത് ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയില്‍ ലാത്തി ചാര്‍ജ് നടന്നിട്ടില്ലെന്നും എസ്പി പറഞ്ഞു.

◾ ഷാഫി പറമ്പില്‍ എംപിക്കെതിരായ പൊലീസ് നടപടിയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. രണ്ട് ഡിവൈഎസ്പിമാര്‍ക്കും ഷാഫിയെ ലാത്തി കൊണ്ടടിച്ച പൊലീസ് ഉദ്യോഗസ്ഥനുമെതിരെയാണ് കോഴിക്കോട് കോണ്‍ഗ്രസ് നേതൃത്വം പരാതി നല്‍കിയത്. നടപടിയുണ്ടായില്ലെങ്കില്‍ റൂറല്‍ എസ് പിയുടെ ഔദ്യോഗിക വസതിയടക്കം ഉപരോധിച്ചുകൊണ്ട് പ്രതിഷേധം കടുപ്പിക്കുമെന്ന് നേതൃത്വം അറിയിച്ചു.

◾ ഷാഫി പറമ്പില്‍ എം പിക്ക് പൊലീസ്  മര്‍ദ്ദനമേറ്റ സംഭവത്തില്‍, സമരങ്ങള്‍ക്കിടയില്‍ പരിക്കുകള്‍ ഏല്‍ക്കുമെന്നും അത് പുതിയ സംഭവമല്ലെന്നും ലോകത്ത് ആദ്യമായി നടക്കുന്ന കാര്യവുമല്ല എന്ന പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. സമരം ചെയ്യുന്നവര്‍ ഒരു കുട്ട പൂവ് പോലീസുകാര്‍ക്ക് നല്‍കട്ടെയെന്നും കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍ പൂവിട്ട് പൂജിച്ചു കൊള്ളണം എന്ന് പറയുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവിന്റെ  വെല്ലുവിളി കേരളത്തില്‍ വിലപ്പോവില്ല എന്നും മന്ത്രി പറഞ്ഞു.

◾ കോഴിക്കോട് പേരാമ്പ്രയില്‍ ഷാഫി പറമ്പിലിന് പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍ പുതിയ ആരോപണവുമായി സിപിഎം. യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസിനിടയിലേക്ക് സ്ഫോടക വസ്തു എറിഞ്ഞെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് കെ സജീഷ് ആരോപിച്ചു. ആദ്യം പൊട്ടിയത് കണ്ണീര്‍ വാതകമല്ലെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ എറിഞ്ഞ സ്ഫോടക വസ്തുവാണെന്നും സജീഷ് പറഞ്ഞു.
◾ കെ.എസ്.ആര്‍.ടി.സി.യില്‍  നൂതനമായ തൊഴില്‍ ദാന പദ്ധതിയുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഒരു ലക്ഷം രൂപയുടെ പരസ്യം കെഎസ്ആര്‍ടിസിക്ക് നേടി നല്‍കുന്ന ഏതൊരാള്‍ക്കും അതിന്റെ 15 ശതമാനം കമ്മീഷനായി സ്വന്തം അക്കൗണ്ടിലേക്ക് ലഭിക്കും.  അതേസമയം പരസ്യ കമ്പനികള്‍ കാരണം കോടികളുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുന്നതെന്നും കഴിഞ്ഞ 6-7 വര്‍ഷങ്ങള്‍ക്കുള്ളില്‍ 65 കോടി രൂപയെങ്കിലും ഈ വകയില്‍ കോര്‍പ്പറേഷന് നഷ്ടമുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

◾ സംസ്ഥാന സര്‍ക്കാര്‍ ജിഎസ്ടി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനായി 61 ലക്ഷത്തിലധികം രൂപ ചെലവഴിച്ചതിന്റെ കണക്കുകള്‍ പുറത്ത് വന്നു. പരിശീലനത്തിനായി അനുവദിച്ച തുകയുടെ 92 ശതമാനത്തോളം ചെലവാക്കിയത് ഉദ്യോഗസ്ഥരുടെ താമസത്തിനും അനുബന്ധ കാര്യങ്ങള്‍ക്കുമായാണ്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, പരിശീലനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമേ നടത്താവൂ എന്ന്  ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു.

◾ കെഎസ്ആര്‍ടിസിയില്‍ കാന്‍സര്‍ രോഗികള്‍ക്കായുള്ള സൗജന്യ യാത്രാ പാസില്‍ ഒരിടത്തും കാന്‍സര്‍ എന്ന വാക്ക് ഉപയോഗിക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഹാപ്പി ലോംഗ് ലൈഫ് എന്നായിരിക്കും ഈ യാത്രാ കാര്‍ഡിന്റെ പേര്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ അവരവരുടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ പോകുന്ന വഴി ഈ കാര്‍ഡുകള്‍ അര്‍ഹരായവര്‍ക്ക് വീടുകളില്‍ എത്തി നേരിട്ട് നല്‍കുന്നതാണെന്നും മന്ത്രി അറിയിച്ചു.

◾ ഉദ്ഘാടന പരിപാടിക്കിടെ ഹോണ്‍ മുഴക്കി അമിത വേഗത്തിലെത്തിയ ബസുകള്‍ക്കെതിരെ ഗതാഗത മന്ത്രി നടപടി സ്വീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി ബസ് ഡ്രൈവര്‍. സ്റ്റാന്‍ഡില്‍ പരിപാടി നടക്കുന്നത് അറിയില്ലായിരുന്നെന്നും ഹോണ്‍ സ്റ്റക്കായിപ്പോയതാണെന്നുമാണ് ബസ് ഡ്രൈവര്‍ അജയന്‍ പറയുന്നത്. ഹോണ്‍ സ്റ്റക്കായിപ്പോയത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കണ്ടതാണ്. മന്ത്രിയോട് മാപ്പ് പറയാന്‍ ചെന്നപ്പോള്‍ അടുപ്പിച്ചില്ലെന്നും അജയന്‍ പറയുന്നു.
◾ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ സംസ്ഥാനവ്യാപകമായി മിന്നല്‍ പരിശോധനകള്‍ നടത്തി. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലുമായി 845 സ്‌ക്വാഡുകള്‍ പങ്കെടുത്ത പരിശോധനകളില്‍ 2455 ചട്ടലംഘനങ്ങള്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ 1.17 കോടി രൂപ പിഴ ചുമത്തി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചട്ടലംഘനങ്ങള്‍ കണ്ടെത്തിയത്.  തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പിഴ ചുമത്തിയത്.

◾ ശബരിമലയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് അവസാനം വേണമെന്നും ദേവസ്വം ബോര്‍ഡിന്റെ 1998 മുതലുള്ള എല്ലാ തീരുമാനങ്ങളും അന്വേഷിക്കട്ടെയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ബോര്‍ഡുമായി ബന്ധപ്പെട്ട് നിരവധി അവതാരങ്ങളുണ്ടായിട്ടുണ്ടെന്ന് വിമര്‍ശിച്ച പ്രശാന്ത്, പ്രതി പട്ടികയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അറിയിച്ചു. പോറ്റിക്ക് പാളി കൊടുത്തു വിടാമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. താന്‍ അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്മാര്‍ട്ട് ക്രിയേഷന്‍സിന് നല്‍കിയ സ്വര്‍ണം അടക്കം പിടിച്ചെടുക്കണമെന്ന് പ്രശാന്ത് പറഞ്ഞു.

◾ ശബരിമല സ്വര്‍ണ കൊള്ള കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. അന്വേഷണത്തിന്റെ ഭാഗമായി ഇഡി പ്രാഥമിക വിവര ശേഖരണം തുടങ്ങി. അതേസമയം,  ശബരിമലയിലെ സ്വര്‍ണാപഹരണം സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം രജിസ്റ്റര്‍ ചെയ്ത രണ്ടാം കേസിലെ എഫ് ഐആറില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ എട്ടാം പ്രതിയായി ചേര്‍ത്തു. ആരുടെയും പേര് എഫ്ഐആറിലില്ല. എ പത്മകുമാര്‍ പ്രസിഡന്റാായ ഭരണസമിതിയാണ് 2019ല്‍ ചുമതലയിലുണ്ടായിരുന്നത്.

◾ ശബരിമലയില്‍ ഏറ്റവും കൂടുതല്‍ കൊള്ള നടന്നത് ഉമ്മന്‍ ചാണ്ടിയുടെ കാലത്തെന്ന് മന്ത്രി സജി ചെയാന്‍.  ശബരിമല വിഷയത്തില്‍ ഇന്ന് യുഡിഎഫിന് നൊമ്പരവും കണ്ണുനീരുമാണെന്നും ശബരിമല പ്രതിഷേധങ്ങള്‍ എന്തിനെന്നു പോലും പ്രതിപക്ഷത്തിനറിയില്ലെന്നും ശബരിമലയിലേക്കുള്ള റോഡുകള്‍ നശിച്ചത് യുഡിഎഫ് കാലത്താണെന്നും  മികച്ച കുണ്ടും കുഴിയും അന്ന് കാണാമായിരുന്നുവെന്നും റോഡിലൂടെ പോകുന്നവന്‍ തിരിച്ച് നട്ടെല്ലില്ലാതെ വരുന്ന കാലമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

◾ ശബരിമലയിലെ സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട് താന്‍ ഉള്‍പ്പെട്ട അന്നത്തെ ദേവസ്വം ബോര്‍ഡിനെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് അറിയില്ലെന്നും ഏത് അന്വേഷണത്തെയും നിയമപരമായി നേരിടുമെന്നും അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും തന്റെ കാലത്ത് ശബരിമലയില്‍ ചെയ്തിട്ടില്ലെന്നും ആക്രമിച്ച് ദുര്‍ബലപ്പെടുത്താമെന്ന് കരുതേണ്ടെന്നും എ പത്മകുമാര്‍ പറഞ്ഞു.

◾ ഓപ്പറേഷന്‍ നുംഖോറില്‍ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുല്‍ഖര്‍ സല്‍മാന്‍ ഉടന്‍ കസ്റ്റംസിന് അപേക്ഷ നല്‍കും. വാഹനം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ ദുല്‍ഖറിന്റെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിട്ടു. വാഹനം വിട്ടു നല്‍കാന്‍ സാധിക്കില്ലെങ്കില്‍ കാരണം വ്യക്തമാക്കണമെന്നും കസ്റ്റംസിനോട് നിര്‍ദേശിച്ചിരുന്നു.

◾ സ്ത്രീശാക്തീകരണം എല്ലാ മേഖലകളിലും സാധ്യമാക്കുന്നതിനായി കേരള വനിതാ കമ്മീഷന്‍ മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതികള്‍ കൃത്യമായി അവരിലെത്തിക്കുക, സ്ത്രീശാക്തീകരണത്തിലൂടെ സ്ത്രീകളുടെ സാമൂഹ്യപദവി ഉയര്‍ത്തുക, എന്നീ ലക്ഷ്യങ്ങളുമായാണ് മുഖാമുഖം പരിപാടികള്‍ നടത്തുന്നതെന്ന് അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.

◾ എറണാകുളത്ത് മൂന്ന് വയസ്സുകാരിക്ക് നേരെ തെരുവുനായ ആക്രമണം. വടക്കന്‍ പറവൂര്‍ നീണ്ടുരിലാണ് സംഭവം. പറവൂര്‍ സ്വദേശി മിറാഷിന്റെ മകള്‍ നിഹാരയ്ക്കാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ ചെവി നായ കടിച്ചെടുത്തു. ഇന്നലെ വൈകിട്ട് നാല് മണിയോടെ വീടിനോട് ചേര്‍ന്നുള്ള അമ്പലത്തിന്റെ പരിസരത്തു വെച്ചാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. നായക്ക് പേവിഷബാധ ഉണ്ടോ എന്ന് സംശയമുണ്ട്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ച് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കി.

◾ സി. സദാനന്ദന്റെ രാജ്യസഭാംഗത്വം ജയരാജന്മാരില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കണ്ണൂരിലേക്ക് കൈയെത്തിപ്പിടിക്കാനുള്ള ആദ്യത്തെ വാതില്‍ തുറക്കലാണിതെന്നും തന്നെ മാറ്റി സി. സദാനന്ദനെ മന്ത്രിയാക്കിയാല്‍ അത് പുതിയ രാഷ്ട്രീയചരിത്രമാകുമെന്നും അദ്ദേഹം പറഞ്ഞു.

◾ പാലക്കാട് മണ്ഡലത്തില്‍ വീണ്ടും പൊതുപരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കണ്ണാടി പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ മൂന്ന് വാര്‍ഡുകളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുപരിപാടിയില്‍ പങ്കെടുത്തു. വാര്‍ഡുകളിലെ പള്‍സ് പോളിയോ തുള്ളി മരുന്ന് നല്‍കുന്നതിന്റെ ഉദ്ഘാടനം രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍വഹിച്ചു.

◾ സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഒക്ടോബര്‍ അഞ്ചിന് ചികിത്സ തേടി കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊടുവായൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും എത്തി. പിന്നാലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആറാം തീയതി നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗ സൂചന ലഭിച്ചത്. എട്ടാം തീയതി രോഗം സ്ഥിരീകരിച്ചതോടെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

◾ ദീപാവലി പ്രമാണിച്ച് റെയില്‍വേ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ബെംഗളുരുവില്‍ നിന്ന് കൊല്ലത്തേക്കും തിരിച്ചും രണ്ട് സ്പെഷ്യല്‍ ട്രെയിനുകളാണ് പ്രഖ്യാപിച്ചത്. കൊല്ലത്തേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ഈ മാസം 16നും 21നും ആണ് പുറപ്പെടുക. കൊല്ലത്ത് നിന്ന് തിരികെ ബെംഗളുരുവിലേക്ക് 17നും 22നും ട്രെയിനുകള്‍ ഉണ്ടാകും. പാലക്കാട്, കോട്ടയം എന്നിവിടങ്ങളിലൂടെയായിരിക്കും രണ്ട് ട്രെയിനുകളും സര്‍വീസ് നടത്തുന്നത്.

◾ ആര്‍എസ്എസ് ശാഖയില്‍ പലരില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് കോട്ടയം സ്വദേശി അനന്തു അജി (24) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി എംപി. ശാഖയില്‍ നടന്ന അതിക്രമങ്ങള്‍ തനിക്കെതിരെ മാത്രമല്ല എന്ന അനന്തുവിന്റെ വെളിപ്പെടുത്തല്‍ സത്യമെങ്കില്‍ ഞെട്ടിക്കുന്നതാണെന്നും രാജ്യത്ത് ലക്ഷക്കണക്കിന് യുവാക്കളും കുട്ടികളും ശാഖകളില്‍ പങ്കെടുക്കുന്നുണ്ടെന്നും ആര്‍എസ്എസ് നേതൃത്വം നടപടിയെടുത്ത് ആരോപണത്തില്‍ ശുദ്ധി വരുത്തണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

◾ കോതമംഗലത്തെ 23കാരിയായ യുവതിയുടെ ആത്മഹത്യ 'ലവ് ജിഹാദ്' അല്ലെന്ന് പൊലീസ് കുറ്റപത്രം. കേസില്‍ പ്രതിയായ റമീസ് യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ആണ്‍സുഹൃത്തായ റമീസ് പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയതിന്റെ നിരാശയിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കുറ്റപത്രത്തിലുള്ളത്.

◾ കൊല്ലം മയ്യനാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. താന്നി സ്വദേശികളായ അലന്‍ ജോസഫ് (20), വിനു രാജ് (20) എന്നിവരാണ് മരിച്ചത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം.

◾ മദ്യവുമായി ഷാപ്പിലെത്തി മദ്യപിക്കാനൊരുങ്ങിയയാളെ മദ്യപിക്കാന്‍ അനുവദിക്കാത്തതിന് ജീവനക്കാരനെ മര്‍ദിച്ചു കൊലപ്പെടുത്തി. കൊഴിഞ്ഞമ്പാറയിലാണ് സംഭവം. മുണ്ടൂര്‍ പന്നമല എന്‍. രമേഷ് (50) ആണ് മരിച്ചത്. ചള്ളപ്പാത എംഷാഹുല്‍ ഹമീദ് (38) ആണ് ഇയാളെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം.  

◾ എംബിബിഎസ് വിദ്യാര്‍ത്ഥി കൂട്ട ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ വിവാദ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. രാത്രി പന്ത്രണ്ടരയ്ക്ക് ആരാണ് പെണ്‍കുട്ടിയെ വനമേഖലയ്ക്ക് അടുത്തേക്ക് പോകാന്‍ അനുവദിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു. സ്വകാര്യ മെഡിക്കല്‍ കോളേജ് അധികൃതര്‍ കൃത്യമായ സുരക്ഷ ഉറപ്പാക്കണമെന്നും എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുവെന്നും ബംഗാളിലേത് മാത്രം പര്‍വതീകരിക്കരുതെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

◾ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ തെറ്റായിരുന്നുവെന്ന് തുറന്നുപറഞ്ഞ് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായപി. ചിദംബരം. ആ തീരുമാനം അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഒറ്റയ്ക്കെടുത്തതല്ലെന്ന് പറഞ്ഞ ചിദംബരം അതിന് ഇന്ദിരാ ഗാന്ധിക്ക് തന്റെ ജീവന്‍ തന്നെ വിലയായി നല്‍കേണ്ടി വന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

◾ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനെതിരായ പി ചിദംബരത്തിന്റെ പ്രതികരണം തള്ളി കോണ്‍ഗ്രസ്.  ചിദംബരത്തിന് മേല്‍ എന്തോ സമ്മര്‍ദ്ദമുണ്ടെന്നും കേസുകളുള്ളപ്പോള്‍ ബിജെപിയെ ഇങ്ങനെ തൃപ്തിപ്പെടുത്തേണ്ടി വരുമെന്നും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ തെറ്റായിരുന്നുവെന്നാണ്  ചിദംബരം പറഞ്ഞത്. അതേ സമയം ചിദംബരത്തിന്റെ നിലപാട്  ബിജെപി ആയുധമാക്കി. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ വിഡ്ഢിത്തമായിരുന്നുവെന്ന് കോണ്‍ഗ്രസിന് മനസിലാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നെന്ന് ബിജെപി പരിഹസിച്ചു.

◾ മധ്യപ്രദേശില്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ചുണ്ടാക്കിയ ചിത്രത്തിന്റെ പേരില്‍ യുവാവിനെതിരെ അതിക്രമം കാട്ടിയ സംഭവം ജാതി വിഭാഗങ്ങള്‍ തമ്മിലെ തുറന്ന പോരിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. എഐ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് യുവാവിനെ കൊണ്ട് മറ്റൊരാളുടെ കാലുകള്‍ കഴുകിക്കുകയും ബ്രാഹ്‌മണ സമൂഹത്തോട് പരസ്യമായി മാപ്പ് പറയിക്കുകയും ചെയ്തിരുന്നു. ദാമോ ജില്ലയിലെ സതാരിയ ഗ്രാമത്തിലാണ് സംഭവം.

◾ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എന്‍ഡിഎയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. മുന്നണിയിലെ പ്രമുഖരായ ബിജെപിയും നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും 101 സീറ്റുകളില്‍ വീതം മത്സരിക്കും. ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി 29 സീറ്റുകളില്‍ ജനവിധി തേടും. മുന്നണിയിലെ ചെറുകക്ഷികളായ രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയ്ക്കും ആറു സീറ്റുകളാണ് ജനവിധി നേടാന്‍ ലഭിക്കുക.

◾ ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ ഗംഗാനൗളി ഗ്രാമത്തിലെ പള്ളി ഇമാമായ ഇബ്രാഹിം മൗലവിയുടെ ഭാര്യ ഇസ്രാനയെയും, അഞ്ചും രണ്ടും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.  സംഭവത്തില്‍ പതിനഞ്ചും പതിനാറും വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മതപഠനത്തിന് എത്താറുണ്ടായിരുന്ന പള്ളിയിലെ വിദ്യാര്‍ത്ഥികളായ കുട്ടികള്‍ക്ക് അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ശകാരവും കര്‍ശന നടപടികളും സ്വീകരിച്ചിരുന്ന അധ്യാപകനായ ഇബ്രാഹിം മൗലവിയോടുണ്ടായിരുന്ന വ്യക്തിപരമായ വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

◾ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നുഴഞ്ഞുകയറ്റക്കാരനാണെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ആദിത്യനാഥ് ഉത്തരാഖണ്ഡുകാരനാണെന്നും അദ്ദേഹത്തെ അവിടേക്ക് തിരിച്ചയക്കണമെന്നുമാണ് അഖിലേഷ് പറയുന്നത്.

◾ പശ്ചിമ ബംഗാളിലെ നാദിയയില്‍ ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപം സുരക്ഷാ സേന 20 കിലോ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ച് നടത്തിയ പരിശോധനയിലാണ് അനധികൃത സ്വര്‍ണം പിടിച്ചെടുത്തത്. അതിര്‍ത്തിക്കടുത്തുള്ള മുസ്ലീംപാറയില്‍ നിന്നുള്ള ആളാണ് പിടിയിലായത്. ഇയാള്‍ ബംഗ്ലാദേശില്‍ നിന്ന് കൊണ്ടുവന്ന അനധികൃത സ്വര്‍ണ്ണം ഹൊറണ്ടിപൂര്‍ പ്രദേശം വഴി കടത്താന്‍ പദ്ധതിയിടുന്നതായി ബിഎസ്എഫ് 32 ബറ്റാലിയന് ലഭിക്കുകയായിരുന്നുവെന്ന് അവര്‍ അറിയിച്ചു.

◾ വനിതാ മാധ്യമപ്രവര്‍ത്തകരെ ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം വാര്‍ത്താസമ്മേളനത്തിലേക്ക് വിളിച്ച് അഫ്ഗാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഖി. ഡല്‍ഹിയിലും യുപിയിലും നടന്ന വാര്‍ത്താസമ്മേളനങ്ങളില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയത് വിവാദമായിരുന്നു. അതേസമയം വാര്‍ത്താസമ്മേളനത്തില്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നിഷേധിച്ചത് സാങ്കേതിക പിഴവ് കാരണമാണെന്നും പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ലായിരുന്നുവെന്നും അഫ്ഗാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഖി പറഞ്ഞു.

◾ കുവൈത്തിലെ അല്‍ ഉയൂണ്‍ പ്രദേശത്തെ ഒരു ഹൈസ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ കൂട്ടത്തല്ലിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ സുരക്ഷാ സേന അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് ആശങ്കാകുലരായ രക്ഷിതാക്കളില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് പൊതു സുരക്ഷാ ഉദ്യോഗസ്ഥരും പട്രോള്‍ യൂണിറ്റുകളും ഉടന്‍ തന്നെ സ്ഥലത്തെത്തുകയായിരുന്നു.

◾ ഗാസയില്‍ ഹമാസ്-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ അന്തിമ ചര്‍ച്ചകള്‍ക്കായി ഈജിപ്തിലെ ഷാം എല്‍-ഷൈഖിലേക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഖത്തര്‍ നയതന്ത്രജ്ഞര്‍ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷാം എല്‍-ഷെയ്ക്കില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

◾ പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടെയും സേനകള്‍ തമ്മില്‍ ഏറ്റുമുട്ടി. പ്രകോപനമില്ലാതെ ആക്രമിച്ചെന്ന് പരസ്പരം കുറ്റപ്പെടുത്തിയാണ് ഇരു രാജ്യങ്ങളും പ്രതികരിച്ചത്. സംഘര്‍ഷത്തില്‍ 19 അഫ്ഗാന്‍ സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തെന്ന് പാകിസ്ഥാനും, പാകിസ്ഥാന്റെ 58 സൈനികരെ കൊലപ്പെടുത്തിയെന്ന് അഫ്ഗാനും പ്രതികരിച്ചു. പാകിസ്ഥാന്റെ 30 സൈനികര്‍ക്ക് പരിക്കേറ്റതായും അഫ്ഗാന്‍ അവകാശപ്പെട്ടു.

◾ അഫ്ഗാന്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ 200-ലേറെ താലിബാന്‍ സേനാംഗങ്ങളും ഭീകരരും കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി പാകിസ്താന്‍. ഏറ്റുമുട്ടലില്‍ 23 പാക് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പാകിസ്താന്‍ പറഞ്ഞു. നേരത്തേ 58 പാക് സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പാക് സൈന്യം കണക്കുകളുമായി രംഗത്തെത്തിയത്.

◾ ദക്ഷിണ ചൈനാക്കടലില്‍ നങ്കൂരമിട്ടിരുന്ന തങ്ങളുടെ കപ്പലിലേക്ക് ചൈനീസ് കപ്പല്‍ മനഃപൂര്‍വം ഇടിപ്പിച്ചുവെന്ന ഗുരുതര ആരോപണവുമായി ഫിലിപ്പീന്‍സ്. ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം നടക്കുന്ന ദക്ഷിണ ചൈനാക്കടലിലെ തിടു ദ്വീപിനരികെയായിരുന്നു ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ കപ്പലുണ്ടായിരുന്നത്. ചൈനീസ് നാവികസേനാംഗങ്ങള്‍ ജലപീരങ്കി പ്രയോഗിക്കുകയും തങ്ങളുടെ കപ്പലിലേക്ക് ഇടിച്ചുകേറ്റുകയുമായിരുന്നെന്നാണ് ഫിലിപ്പീന്‍സ് പറയുന്നത്.

◾ അമേരിക്കയിലെ സൗത്ത് കരോലിന ദ്വീപ് നഗരത്തിലെ ഒരു ബാര്‍ റെസ്റ്റോറന്റിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ 1 മണിക്കാണ് സെന്റ് ഹെലേന ദ്വീപിലെ വില്ലീസ് ബാര്‍ ആന്‍ഡ് ഗ്രില്ലില്‍ വെടിവെപ്പ് നടന്നത്.

◾ ഈജിപ്തിലെ ഷാം എല്‍-ഷെയ്ക്കില്‍ നടക്കുന്ന 'സമാധാന ഉച്ചകോടിയില്‍' പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയും ക്ഷണിച്ചു. ഗാസയില്‍ സമാധാനം ലക്ഷ്യമിട്ട് ഇന്ന് നടക്കുന്ന ഉച്ചകോടിയിലേക്കാണ് മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത്.

◾ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് നടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. ഉച്ചകോടിക്ക് നരേന്ദ്ര മോദിയെ അമേരിക്കയും ഈജിപ്തും ക്ഷണിച്ചിരുന്നു. വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗ് ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെ ഇരുപതോളം ലോക നേതാക്കള്‍ നാളെ ഈജിപ്തില്‍ നടക്കുന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കും.

◾ വനിതാ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റിന്റെ തോല്‍വി. 80 റണ്‍സ് നേടിയ സ്മൃതി മന്ദാനയുടേയും 75 നേടിയ പ്രതിക റാവലിന്റേയും ഇന്നിംഗ്‌സുകളുടെ മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 331 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയ 49 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 107 പന്തില്‍ 142 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അലീസ ഹീലിയാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

◾ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലെ തകര്‍ച്ചയ്ക്കുശേഷം ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ വിന്‍ഡീസ് പൊരുതുന്നു. ആദ്യ ഇന്നിംഗ്സില്‍ കുല്‍ദീപ് യാദവിന്റെ അഞ്ചുവിക്കറ്റ് പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ 248 റണ്‍സിന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്ത വിന്‍ഡീസ് മൂന്നാംദിനം സ്റ്റമ്പെടുക്കുമ്പോള്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെന്ന നിലയിലാണ്. 87 റണ്‍സുമായി ഓപ്പണര്‍ ജോണ്‍ കാംബെലും 66 റണ്‍സോടെ ഷായ് ഹോപ്പുമാണ് ക്രീസില്‍. ഇരുവരും ചേര്‍ന്ന് 138 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. വിന്‍ഡീസ് ഇപ്പോഴും ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനെക്കാള്‍ 97 റണ്‍സ് പിറകിലാണ്.

◾ ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1,94,148 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ടിസിഎസ് ആണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 1,293 പോയിന്റ് ആണ് മുന്നേറിയത്. ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 45,678 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 10,95,701 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം വര്‍ധിച്ചത്. ഇന്‍ഫോസിസ് 28,125 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 25,135 കോടി, ഭാരതി എയര്‍ടെല്‍ 25,089 കോടി, റിലയന്‍സ് 25,035 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. വിപണി മൂല്യത്തില്‍ എല്‍ഐസിക്ക് 4,648 കോടി രൂപയുടെയും ഹിന്ദുസ്ഥാന്‍ യൂണിലിവറിന് 3,571 കോടിയുടെയും നഷ്ടം ഉണ്ടായി. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍.

◾ അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ചിത്രമായ 'മധുവിധു' വിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത്. ഷറഫുദീന്‍ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ചിത്രം ഈ വര്‍ഷം തീയേറ്ററുകളിലെത്തും. ഷൈലോക്ക് , മധുര മനോഹര മോഹം, പെറ്റ് ഡിറ്റക്ടീവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിബിന്‍ മോഹന്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഒരുപിടി സൂപ്പര്‍ ഹിറ്റ് മലയാളം, തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയനായി മാറിയ ഹിഷാം അബ്ദുള്‍ വഹാബ് ആണ്. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ ആണ് ചിത്രത്തിലെ നായികയായി വേഷമിടുന്നത്. കല്യാണി പണിക്കര്‍ ബിഗ് സ്‌ക്രീനില്‍ എത്തുന്ന ആദ്യ ചിത്രം കൂടി ആണ് 'മധുവിധു'. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാര്‍, ശ്രീജയ, അമല്‍ ജോസ്, സഞ്ജു മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

◾ ധനുഷ് രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായി എത്തിയ ചിത്രമാണ് 'ഇഡ്ലി കടൈ'. നിത്യ മേനന്‍ ആണ് ചിത്രത്തിലെ നായിക. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് റിലീസ് ചെയ്ത ധനുഷ് ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം ഓപ്പണിംഗില്‍ 10 കോടി രൂപയിലധികമാണ് നെറ്റ് കളക്ഷന്‍ നേടിയത്. ഇതുവരെയാണ് ആഗോളതലതത്തില്‍ ചിത്രം 66.9 കോടിയാണ് നേടിയിരിക്കുന്നത് എന്നാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്. ജി വി പ്രകാശ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കിരണ്‍ കൗശിക് ആണ്. ധനുഷ് നായകനായി ഒടുവില്‍ വന്ന ചിത്രം കുബേരയാണ്. ശേഖര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ആഗോള ബോക്സ് ഓഫീസില്‍ 132 കോടി കളക്ഷന്‍ കുബേര നേടിയിരുന്നു. ബജറ്റ് ഏതാണ് 120 കോടിയായിരുന്നു.

◾ ഇന്ത്യയില്‍ ഏറെ പ്രചാരത്തിലുള്ള വാഹനമാണ് ടാറ്റാ കര്‍വ് ഇവി. 2024 ല്‍ പുറത്തിറങ്ങിയ വാഹനം പെട്ടെന്ന് സ്വീകാര്യതയും നേടി. ഇപ്പോള്‍ ഹിമാചല്‍ പ്രദേശ് പൊലീസിന്റെ വാഹനനിരയില്‍ എത്തിയിരിക്കുകയാണ് കര്‍വ് ഇവി. സേനയിലേക്കെത്തുന്ന വാഹനത്തിന് ചെറിയ മാറ്റങ്ങളും ഉണ്ട്. റോഡ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലേക്കാണ് വാഹനങ്ങള്‍. റൂഫ് ടോപിന് കറുത്ത നിറമാണ് നല്‍കിയിട്ടുള്ളത്.  ബീക്കണ്‍ ലൈറ്റുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പിന്‍ഭാഗത്തെ ഫെന്‍ഡറിലും ടെയില്‍ഗേറ്റിലും ഹെല്‍പ്പ്ലൈന്‍ നമ്പര്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. പിന്‍വശത്തെ വിന്‍ഡ്ഷീല്‍ഡുകളില്‍ 'പോലീസ്' എന്നും എഴുതിയിട്ടുണ്ട്. ടാറ്റ മോട്ടോഴ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് വാഹനമായ കര്‍വ് ഇവി അഞ്ചു മോഡലുകളിലായി വിപണിയില്‍ ലഭ്യമാണ്. 17.49 ലക്ഷം മുതല്‍ 21.99 ലക്ഷം രൂപ വരെയാണ് വില. വെഹിക്കിള്‍ ടു ലോഡ്, വെഹിക്കിള്‍ ടു വെഹിക്കിള്‍ ചാര്‍ജിംഗ് പോലുള്ള നൂതന സവിശേഷതകളോടെയാണ് കര്‍വ് ഇവി എത്തുന്നത്. അതായത് വാഹനത്തിന്റെ ബാറ്ററി കൊണ്ട് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് പവര്‍ നല്‍കാനോ മറ്റ് ഇവിയെ ചാര്‍ജ് ചെയ്യാനോ ഉപയോഗിക്കാം എന്നതാണ്.

◾ പ്രകൃതിനിയമങ്ങളിലും പ്രതിഭാ സങ്ങളിലും അധിഷ്ഠിതമാണ് സസ്യജാലങ്ങളുടെ നിലനില്‍പ്. സസ്യങ്ങളാകട്ടെ നിലനില്‍പിനാ ധാരവും. സര്‍വജീവജാലങ്ങളുടേയും സസ്യവളര്‍ച്ചയും കാര്‍ഷിക അതിജീവനവുമായി ബന്ധപ്പെട്ട രസകരവും വിജ്ഞാനപ്രദവുമായ പ്രകൃതിനിയമങ്ങളുടെ മൗലികത യിലേക്കും ഉള്ളറകളിലേക്കും വെളിച്ചം വീശുന്ന മലയാളത്തിലെ പ്രഥമരചന. 'കൃഷിയിലെ പ്രകൃതിനിയമങ്ങള്‍'. പോള്‍സണ്‍ താം. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 70 രൂപ.

◾ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവൃജ്ഞനമാണ് ജീരകം. വിറ്റാമിനുകള്‍, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ ജീരകത്തില്‍  അടങ്ങിയിട്ടുണ്ട്. ജീരക വെള്ളം കുടിക്കുന്നത് അസിഡിറ്റി, ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക തുടങ്ങിയ അവസ്ഥകളെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നത് കരളിലെയും വൃക്കകളിലെയും വിഷാംശങ്ങളെ പുറംതള്ളാന്‍ സഹായിക്കും. ജീരകത്തില്‍ പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും രാവിലെ വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ ജീരകം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും സഹായിക്കും. കൂടാതെ ജീരക വെള്ളം കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും ജീരക വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്. രാവിലെ വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ജീരകത്തിലെ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കുന്നു. ജീരക വെള്ളത്തില്‍ കലോറിയും കുറവാണ്. നീര്‍ജ്ജലീകരണത്തിനെ തടയാനും ജീരക വെളളം കുടിക്കുന്നത് നല്ലതാണ്. സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. അതുപോലെ തന്നെ ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിനും ജീരക വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു ദിവസം രാജാവ് തന്റെ രണ്ടു സേവകരെ  അടുത്തുവിളിച്ചു.  ആദ്യത്തെയാളോട് പറഞ്ഞു:  അടുത്ത മൂന്നാഴ്ച രാജ്യം മുഴുവന്‍ സഞ്ചരിച്ച് എല്ലാ കളകളുടേയും മുള്‍ച്ചെടികളുടേയും ഒരോ ചെടി കൊണ്ടുവരണം.  രണ്ടാമനെ വിളിച്ചുപറഞ്ഞു: എല്ലാ പൂക്കളുടേയും ഓരോ ചെടി കൊണ്ടുവരണം.  നിശ്ചിത സമയം കഴിഞ്ഞ് രണ്ടുപേരും തിരിച്ചെത്തി.  ആദ്യത്തെയാളുടെ കയ്യില്‍ നിറയെ കളകളും മുള്‍ച്ചെടികളുമുണ്ടായിരുന്നു.  രണ്ടാമത്തെയാളുടെ കയ്യില്‍ പൂച്ചെടികളും.  രാജാവ് ഒന്നാമനോട് ചോദിച്ചു:  നിന്നെ ഏല്‍പ്പിച്ച ജോലി എങ്ങിനെയുണ്ടായിരുന്നു?  അവന്‍ പറഞ്ഞു: നമ്മുടെ രാജ്യത്ത് മുഴുവന്‍ കളകളാണ് അതുകൊണ്ട് എന്റെ ജോലി വളരെ എളുപ്പമായിരുന്നു.  അതേ ചോദ്യം രണ്ടാമനോട് ചോദിച്ചപ്പോള്‍ അയാള്‍ ഇങ്ങനെ പറഞ്ഞു: നമ്മുടെ രാജ്യത്ത് മുഴുവന്‍ പൂക്കളായിരുന്നു.  അതുകൊണ്ട് എന്റെ ജോലി വളരെ എളുപ്പമായിരുന്നു.  നോക്കുന്നതേ കാണൂ.. അന്വേഷിക്കുന്നതേ കണ്ടെത്തൂ..  പരദൂഷണം പറയുന്നവര്‍ തേടുന്നത് മറ്റുള്ളവരുടെ കുറ്റങ്ങളാണ്.  എത്ര നന്മചെയ്യുന്നവരാണെങ്കിലും അവരിലെ കുറ്റങ്ങള്‍ കണ്ടെത്തി പ്രചരിപ്പിക്കുകയാണ് അവരുടെ ശീലം. എന്നാല്‍ നന്മ പകരുന്നവര്‍ അപരനിലെ നന്മയെയൊണ് അന്വേഷിക്കുക. കുറവുകള്‍ ശേഖരിക്കുന്നവരുടെ ജീവിതം നിരാശാജനകമായിരിക്കും.  ആരെങ്കിലും സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാല്‍ അത്തരക്കാരുടെ മനസമാധാനം നഷ്ടപ്പെടും.  നമ്മള്‍ തേടുന്നതും കാണുന്നതും എന്താണ് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ.. സത്യത്തില്‍ അതാണ് നമ്മള്‍ എന്ന തിരിച്ചറിവാണത്. എന്തുകൊണ്ടെന്നാല്‍,  നോക്കുന്നതേ കാണൂ.. അന്വേഷിക്കുന്നതേ കണ്ടെത്തൂ..  - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right