കാടാമ്പുഴ : കാടാമ്പുഴയില്‍ ശൈശവ വിവാഹത്തിന് ശ്രമം. കാടാമ്പുഴ മരവട്ടം സ്വദേശിനിയായ 14-കാരിയുടെ വിവാഹനിശ്ചയ ചടങ്ങാണ് കഴിഞ്ഞദിവസം നടന്നത്. സംഭവത്തേക്കുറിച്ച് വിവരം ലഭിച്ചതോടെ പോലീസ് ഇടപെടുകയും ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കെതിരേയും കേസെടുക്കുകയും ചെയ്തു.
ശനിയാഴ്ചയാണ് കാടാമ്പുഴ മരവട്ടത്ത് വിവാഹനിശ്ചയചടങ്ങ് നടന്നത്. പെണ്‍കുട്ടിയുടെ അമ്മാവന്റെ മകനായ 22-കാരനുമായാണ് വിവാഹം ഉറപ്പിച്ചത്. ചടങ്ങില്‍ രണ്ടു കുടുംബങ്ങളില്‍ നിന്നുമായി പത്തുപേര്‍ പങ്കെടുത്തിരുന്നു. ചടങ്ങ് കഴിഞ്ഞതിന് പിന്നാലെയാണ് പോലീസിന് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. ഉടന്‍തന്നെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സ്‌നേഹിത ജെന്‍ഡര്‍ ഹെല്പ് ഡെസ്‌കിലേക്ക് മാറ്റി.
സംഭവത്തില്‍ ജില്ലാ വനിതാ-ശിശുക്ഷേമ വികസന ഓഫീസറോട് റിപ്പോര്‍ട്ട് തേടുമെന്ന് ബാലാവകാശ കമ്മിഷന്‍ അറിയിച്ചു. 2024-25 കാലയളവില്‍ സംസ്ഥാനത്ത് 18 ബാലവിവാഹങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് കാടാമ്പുഴയിൽ ശൈശവ വിവാഹത്തിനുള്ള ശ്രമം നടന്നതായുള്ള വിവരവും പുറത്തുവരുന്നത്.
Tags:
MALAPPURAM