2025 ഒക്ടോബർ 10 വെള്ളി
1201 കന്നി 24 കാർത്തിക
1447 റ : ആഖിർ 17
◾ ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ 2019-ല്‍ മറിച്ചുവിറ്റു എന്ന നിഗമനത്തിലേക്ക് ദേവസ്വം വിജിലന്‍സ് എത്തിയതായി സൂചന. വിശ്വാസത്തിന് കോടികളുടെ വിലയിട്ട് നടത്തിയ കച്ചവടമാണെന്നാണ് വിവരം. സ്വര്‍ണപ്പാളികള്‍ കേരളത്തിനു വെളിയില്‍ ആര്‍ക്കോ നല്‍കിയെന്നാണ് സൂചന. സന്നിധാനത്തില്‍നിന്ന് അഴിച്ചെടുത്തതെന്ന മട്ടില്‍ 39 ദിവസം കഴിഞ്ഞാണ് സ്വര്‍ണംപൂശാനായി പാളി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിക്കുന്നത്. ചെന്നൈയിലെത്തിയത് പൂര്‍ണമായും ചെമ്പായിരുന്നെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ എംഡിയും അഭിഭാഷകനും പറഞ്ഞത് പാളി മാറ്റിയെന്നതിനെ സാധൂകരിക്കുന്നു. 39 ദിവസത്തിനിടെ എവിടെവെച്ചെങ്കിലും പുതിയ പാളിയുണ്ടാക്കിയിരിക്കാനാണ് സാധ്യത. പഴയപാളിയുടെ പകര്‍പ്പില്‍ മൂശ തയ്യാറാക്കി അതേപോലെ പുതിയ ചെമ്പുപാളിയുണ്ടാക്കി സ്വര്‍ണംപൂശിയെന്നാണ് നിഗമനം. ദേവസ്വം വിജിലന്‍സ് ഇന്ന് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
⬛ ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എഡിജിപി എച്ച് വെങ്കിടേഷ് നയിക്കുന്ന സംഘത്തില്‍ ഹൈക്കോടതി നിര്‍ദേശിച്ച ഉദ്യോഗസ്ഥരുമുണ്ട്. നിലവില്‍ അന്വേഷണം നടത്തുന്ന ദേവസ്വം വിജിലന്‍സ് ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട് നല്‍കും. ഇതിനിടെ ശബരിമലയിലെ ദ്വാരപാലക ശില്‍പമടക്കം അമൂല്യവസ്തുക്കളുടെ പരിശോധന നാളെ തുടങ്ങും. മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ ടി ശങ്കരനാണ് സ്ട്രോങ് റൂം അടക്കമുള്ളവ പരിശോധിക്കുക.
◾ സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസ് നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്വര്‍ണ്ണപ്പാളി വിറ്റെന്ന് പറഞ്ഞത് ഹൈക്കോടതിയാണെന്ന് ചൂണ്ടിക്കാട്ടിയ വി ഡി സതീശന്‍ ഉത്തരവാദി അന്നത്തെ ദേവസ്വം മന്ത്രി തന്നെയെന്നും കൂട്ടിച്ചേര്‍ത്തു. ഒരു കുറ്റവും ചെയ്യാതെയാണ് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തതെന്നും സസ്പെന്‍ഷന്‍ അയ്യപ്പന്റെ മുതല്‍ കവര്‍ന്നെടുത്തതിനെതിരെയുള്ള പോരാട്ടത്തിന്റെ അംഗീകാരമായി ജനം കരുതുമെന്നും സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ സസ്പെന്‍ഷന്‍ നടത്തി പേടിപ്പിക്കാം എന്ന് കരുതുന്നുവെന്നും കവര്‍ച്ചക്കെതിരെയുള്ള ശബ്ദത്തെ ഇല്ലാതാക്കാന്‍ നോക്കുന്നുവെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
◾ ശബരിമല വിഷയത്തില്‍ തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിശ്വാസികളെ കൂട്ടി കൂട്ട പ്രാര്‍ത്ഥന നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പത്തനംതിട്ടയില്‍ വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തട്ടിപ്പിന് പിറകില്‍ പല ഉന്നതരുമുണ്ടെന്നും കള്ളന് ചൂട്ട് പിടിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ ശബരിമല മുഴുവന്‍ ചെമ്പാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾ ഔറംഗസേബിനേക്കാള്‍ വലിയ ക്ഷേത്ര കൊള്ളക്കാരനായി മുഖ്യമന്ത്രി പിണറായിവിജയന്‍ മാറിയെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പിണറായി വിജയന് സ്വര്‍ണം എന്നും ഒരു വീക്ക്‌നെസാണെന്നും എവിടെകണ്ടാലും മുഖ്യമന്ത്രിയും മന്ത്രിമാരും സ്വര്‍ണം അടിച്ചുമാറ്റുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
◾ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കൃഷ്ണമേനോന്‍ മാര്‍ഗിലെ അമിത് ഷായുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. മന്ത്രിമാരായ കെ എന്‍ ബാലഗോപാലും മുഹമ്മദ് റിയാസും ദില്ലിയിലുണ്ടെങ്കിലും ചീഫ് സെക്രട്ടറി മാത്രമാണ് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്. വയനാട് ദുരന്തത്തില്‍ കൂടുതല്‍ കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മുഖ്യമന്ത്രി കണ്ടത്. അരമണിക്കൂര്‍ നേരമാണ് അമിത് ഷായുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
◾ കേരളത്തിന്റെ പശ്ചാത്തല വികസനവുമായി ബന്ധപ്പെട്ട് അനുഭാവ പൂര്‍ണമായ സമീപനമാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി സ്വീകരിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേശീയപാത 66-മായി ബന്ധപ്പെട്ട് കേരളം മുന്നോട്ടുവെച്ച വിഷയങ്ങളില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുത്തുവെന്നും മന്ത്രി വ്യക്തമാക്കി. ജനുവരിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനനുസരിച്ച് ഉദ്ഘാടനം ചെയ്യും.
◾ കേന്ദ്ര മന്ത്രിമാരുമായി ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പങ്ക് വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ എന്നിവരെ കണ്ട വിശേഷങ്ങളാണ് മുഖ്യമന്ത്രി പങ്കുവെച്ചത്. കേരളത്തിന്റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ കൂടികാഴ്ചകളിലൂടെ സാധിച്ചുവെന്നും എല്ലാ മന്ത്രിമാര്‍ക്കും കേരളത്തിന്റെ ആവശ്യങ്ങള്‍ വിശദീകരിക്കുന്ന മെമ്മോറണ്ടവും കൈമാറാന്‍ സാധിച്ചുവെന്നും ഫേസ്ബുക്കിലുള്ള കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
◾ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തി നേടിയെടുക്കുക എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ദില്ലി സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ദുരന്തം തകര്‍ത്ത വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിനായി കൂടുതല്‍ കേന്ദ്ര സഹായവും കേരളത്തിന് എയിംസ് ലഭിക്കണമെന്നതുമടക്കമുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി കാണുന്നത്.
◾ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗള്‍ഫ് പര്യടനത്തിനൊരുങ്ങുന്നു. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ ഒന്‍പത്വരെയാണ് പര്യടനം. ഒക്ടോബര്‍ 16 ന് ബഹ്റൈനിലാണ് പര്യടനത്തിന് തുടക്കം. ഒക്ടോബര്‍ 17-ന് സൗദി, ദമ്മാം, ഒക്ടോബര്‍ 18- ജിദ്ദ, ഒക്ടോബര്‍ 19- റിയാദ് എന്നിവിടങ്ങളിലായിരിക്കും പര്യടനം. ഒക്ടോബര്‍ 24, 25 ദിവസങ്ങളി മുഖ്യമന്ത്രി ഒമാന്‍ സന്ദര്‍ശിക്കും. മസ്‌ക്കത്തിലേയും സലാലയിലേയും പരിപാടികളില്‍ മുഖ്യമന്ത്രി സംസാരിക്കും. ഒക്ടോബര്‍ 30-ന് ഖത്തറില്‍. നവംബര്‍ ഏഴിന് കുവൈത്ത്, നവംബര്‍ ഒന്‍പതിന് അബുദാബി എന്നിങ്ങനെയാണ് യാത്രാ പരിപാടികള്‍.
◾ ഒളിമ്പിക്സ് മാതൃകയില്‍ നടത്തുന്ന കേരള സ്‌കൂള്‍ കായികമേളയുടെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്താണ് കായികമേള നടക്കുന്നത്. സ്‌കൂള്‍ ഒളിമ്പിക്‌സിന്റെ പ്രോമോ വീഡിയോ മന്ത്രി ജി.ആര്‍. അനില്‍ പ്രകാശനം ചെയ്തു.
◾ ഓപ്പറേഷന്‍ നുംഖോറില്‍ 3 വാഹനങ്ങള്‍ കൂടി കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഇതില്‍ രണ്ടെണ്ണം സിനിമാ നടന്‍ അമിത് ചക്കാലക്കലിന്റേതാണ്. മൂന്നാമത്തെ വാഹനം പാലക്കാട് സ്വദേശിയുടെ കൈവശം ഉണ്ടായിരുന്നതുമാണ്. ഒളിപ്പിച്ച വാഹനങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു എന്ന് കസ്റ്റംസ് പ്രിവന്റീവ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അതേ സമയം ഭൂട്ടാന്‍ കാര്‍ കള്ളക്കടത്തിനു പിന്നില്‍ കോയമ്പത്തൂരിലെ ഷൈന്‍ മോട്ടോര്‍സ് എന്ന് സംഘത്തിന്റെ വിവരങ്ങള്‍ ലഭിച്ചതായി ഇ. ഡി വ്യക്തമാക്കി.
◾ കണ്ണൂര്‍ തളിപ്പറമ്പില്‍ വന്‍ തീപിടിത്തം. തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിലെ സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപടര്‍ന്നത്. വൈകീട്ട് അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. 100 ഓളം കടകള്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിലാണ് പ്രധാനമായും തീ പിടിച്ചത്. സമീപത്തെ രണ്ട് കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നു. 30 ലധികം കടകള്‍ പൂര്‍ണമായും കത്തി നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
◾ കുട്ടികളിലെ ചുമയുടെ ചികിത്സയും ചുമമരുന്നുകളുടെ ഉപയോഗവും സംബന്ധിച്ച് ആരോഗ്യ വകുപ്പ് ടെക്നിക്കല്‍ ഗൈഡ്‌ലൈന്‍ പുറത്തിറക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തിന് പുറത്തു ചുമമരുന്ന് കഴിച്ചതിനെ തുടര്‍ന്ന് നിരവധി കുട്ടികള്‍ മരണമടഞ്ഞുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇതുസംബന്ധിച്ച പഠനത്തിനായി നിയമിച്ച മൂന്നംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഉള്‍ക്കൊള്ളിച്ചാണ് സംസ്ഥാനത്തിന് പ്രത്യേകമായി ഗൈഡ്‌ലൈന്‍ പുറത്തിറക്കിയത്.
◾ മലയാള സിനിമയില്‍ 'ബീഫ് നിരോധന'വുമായി സെന്‍സര്‍ ബോര്‍ഡ്. യുവതാരം ഷെയ്ന്‍ നിഗത്തിന്റെ ഇന്ന് റിലീസ് ചെയ്യാനിരിക്കുന്ന 'ഹാല്‍' എന്ന ചിത്രത്തിനാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ചിത്രത്തിലെ ചില സംഭാഷണശകലങ്ങളും ബീഫ് ബിരിയാണി കഴിക്കുന്നത് ഉള്‍പ്പെടെ 15 രംഗങ്ങള്‍ നീക്കം ചെയ്താല്‍ 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ്‌സെന്‍സര്‍ ബോര്‍ഡ് അണിയറ പ്രവര്‍ത്തകരോട് പറഞ്ഞതെന്നാണ് വിവരം. ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ വാക്കുകളുംനീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. ചിത്രത്തിന്റെ നിര്‍മാതാക്കളായ ജെവിജെ പ്രൊഡക്ഷന്‍സ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു.
◾ ഷെയ്ന്‍ നിഗം നായകനായ ഹാല്‍ എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതില്‍ പ്രതിഷേധവുമായി നിര്‍മാതാവ് സന്തോഷ് ടി. കുരുവിള. സിനിമയുടെ മേലുള്ള ഈ കത്രികപ്പൂട്ട് അഭിപ്രായ സ്വത്രന്ത്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മേലുള്ള ശരിയായ കടന്നുകയറ്റം തന്നെയാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
◾ താമരശ്ശേരിയില്‍ ഡോക്ടറെ ആക്രമിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മക്കളെയും കൂട്ടി ആശുപത്രിയിലേക്കെത്തിയ സനൂപ് മക്കളെ പുറത്ത് നിര്‍ത്തിയ ശേഷമാണ് ഡോക്ടറുടെ മുറിയിലേക്ക് കയറുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം. കുട്ടികളുടെ സ്‌കൂള്‍ ബാഗ് വാങ്ങി കയ്യില്‍ വെച്ചതിന് ശേഷം അതിനുള്ളിലാണ് ആയുധം വെച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ വിപിന്‍ തലയില്‍ കൈ പൊത്തിപ്പിടിച്ച് പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്.
◾ നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു. പെരുമ്പഴുതൂര്‍ മുട്ടയ്ക്കാട് കെന്‍സ ഹൗസില്‍ സലിതകുമാരി (52) ആണ് മരിച്ചത്. ഒരു പ്രാദേശിക നേതാവിന്റെ മോശം പ്രവൃത്തിയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് കുറിപ്പില്‍ പരാമര്‍ശമുണ്ട്. നെയ്യാറ്റിന്‍കര പോലീസ് അന്വേഷണം ശക്തമാക്കി.
◾ നെയ്യാറ്റിന്‍കരയില്‍ ജീവനൊടുക്കിയ സലിതകുമാരിയുടെ ആത്മഹത്യാ കുറിപ്പില്‍ കോണ്‍ഗ്രസ് നേതാവും നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമായ ജോസ് ഫ്രാങ്ക്ളിനെതിരെ ഗുരുതര ആരോപണം. ജീവിക്കാന്‍ അനുവദിക്കുന്നില്ല എന്ന് ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടെന്നാണ് മകന്‍ പറയുന്നത്. എന്നാല്‍ ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങളില്‍ വ്യക്തത വരുത്താന്‍ കൂടുതല്‍ അന്വേഷണം വേണം എന്നാണ് പോലീസ് പ്രതികരണം. അതേസമയം ആരോപണം ജോസ് ഫ്രാങ്ക്ലിന്‍ നിഷേധിച്ചു. സഹായിക്കുക മാത്രമാണ് ചെയ്തതെന്നാണ് വാദം. മൂന്നുമാസം മുമ്പ് വീട്ടമ്മ ഒരു ബേക്കറി തുടങ്ങിയിരുന്നു. ജോസ് ഫ്രാങ്കളിന്‍ പ്രസിഡന്റ് ആയ സൊസൈറ്റി വഴി വീട്ടമ്മ വായ്പയ്ക്ക് ശ്രമിച്ചിരുന്നതായും വിവരമുണ്ട്.
◾ ഡയാലിസിസ് രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ആശുപത്രി കെട്ടിടത്തിന് മുകളില്‍നിന്ന് താഴേക്ക് ചാടിയ ഭര്‍ത്താവും മരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി. ആശുപത്രിയില്‍ ഡയാലിസിസിനെത്തിയ കരകുളം സ്വദേശി ജയന്തിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഭാസുരേന്ദ്രന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
◾ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ഒരുപോലെ ആര്‍ത്തവ അവധി നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം. മാസത്തില്‍ ശമ്പളത്തോട് കൂടിയുള്ള ഒരു അവധി വനിതാ ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കുന്ന മെന്‍സ്ട്രുല്‍ പോളിസി 2025 ന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടെ ബീഹാറിനും ഒഡിഷക്കും പിന്നാലെ ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്ന സംസ്ഥാനമായി കര്‍ണാടക മാറി. എന്നാല്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ മേഖലയിലെ വനിതാ ജീവനക്കാര്‍ക്ക് മാത്രമായിരുന്നു അവധി ബാധകം.
◾ തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ - ബിജെപി സഖ്യത്തിനൊപ്പം ചേരില്ലെന്ന് നടന്‍ വിജയ്യുടെ പാര്‍ട്ടി ടിവികെ. എടപ്പാടി പളനിസ്വാമി നയിച്ച പൊതുയോഗത്തില്‍ അണ്ണാ ഡിഎംകെ, ബിജെപി കൊടികള്‍ക്കൊപ്പം ടിവികെയുടെ പതാകകളും വീശിയതിന് പിന്നാലെയാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശദീകരണം. ഇപിഎസിന്റെ റാലിയില്‍ ടിവികെ പതാകകള്‍ വീശിയത് അണ്ണാ ഡിഎംകെ പ്രവര്‍ത്തകരാണെന്നും ടിവികെ നേതൃത്വം പറഞ്ഞു.
◾ ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ഉഗ്രസ്ഫോടനത്തില്‍ വീട് തകര്‍ന്ന് അഞ്ച് പേര്‍ കൊല്ലപ്പെട്ടു. പുര കലന്ദര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാഗ്ല ഭാരി ഗ്രാമത്തിലാണ് സംഭവം. വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. സ്ഥലത്ത് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് പോലിസ് പറയുന്നത്.
◾ അധികാരത്തിലെത്തിയാല്‍ബിഹാറിലെ എല്ലാ വീടുകളിലും ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി ലഭ്യമാക്കുമെന്ന് രാഷ്ട്രീയ ജനതാദള്‍ പാര്‍ട്ടി നേതാവ് തേജസ്വി യാദവ്. ചരിത്രപരവും വിപ്ലവാത്മകരവും എന്നാണ് ഈ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ തേജസ്വി യാദവ് വിശേഷിപ്പിച്ചത്. സര്‍ക്കാര്‍ രൂപവത്കരിച്ച് 20 മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലിയില്ലാത്ത ഒരു വീട് പോലും അവശേഷിക്കില്ലെന്നും തേജസ്വി പറഞ്ഞു.
◾ ബീഹാറിലെ തീവ്രവോട്ടര്‍ പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് വീണ്ടും സംശയം ഉന്നയിച്ച് സുപ്രീംകോടതി. ഒരു വീട്ടില്‍ തന്നെ അന്‍പത് വോട്ടുകള്‍ ഉള്ളത് സംശയകരമെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ പട്ടിക സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ നിയമസഹായത്തിന് കോടതി നിര്‍ദ്ദേശം നല്‍കി. അന്‍പതിലധികം വോട്ടുകളുള്ള വീടുകള്‍ വരെ പുതിയ പട്ടികയിലുണ്ടെന്ന് ഹര്‍ജിക്കാരനായ യോഗേന്ദ്രയാദവ് ചൂണ്ടിക്കാട്ടിയപ്പോളാണ് കോടതി നീരീക്ഷണം. 880 വോട്ടര്‍മാര്‍ വരെ ഉള്ള വീടുകള്‍ ഉണ്ടെന്ന് യോഗേന്ദ്ര യാദവ് വാദത്തിനിടെ പറഞ്ഞു.
◾ അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തി. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യാത്രാ ഇളവ് അനുവദിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യയിലെത്തിയത്. യുഎസ് നേതൃത്വത്തിലുള്ള സൈന്യത്തെ പിന്‍വലിച്ചതിനെത്തുടര്‍ന്ന്, 2021 ല്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം ഒരു ഉന്നത താലിബാന്‍ നേതാവിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. അഫ്ഗാന്‍ മന്ത്രി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി ആമിര്‍ ഖാന്‍ മുത്തഖി കൂടിക്കാഴ്ച നടത്തും.
◾ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തങ്ങളുടെ ആദ്യത്തെ വനിതാ വിഭാഗം രൂപീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. ജമാഅത്ത്-ഉല്‍-മോമിനാത്ത് എന്ന പേരിലാണ് വനിതാ വിഭാഗം അറിയപ്പെടുക. ജെയ്‌ഷെ മുഹമ്മദ് തലവനായ മൗലാന മസൂദ് അസ്ഹറിന്റെ പേരില്‍ പുറത്തിറക്കിയ കത്തിലൂടെയാണ് പ്രഖ്യാപനം. പുതിയ യൂണിറ്റിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഒക്ടോബര്‍ 8 ന് പാകിസ്ഥാനിലെ ബഹവല്‍പൂരിലെ മര്‍കസ് ഉസ്മാന്‍-ഒ-അലിയില്‍ ആരംഭിച്ചതായി കത്തില്‍ പറയുന്നു. വനിതാ ബ്രിഗേഡിനെ നയിക്കുന്നത് മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂരില്‍ അവരുടെ ഭര്‍ത്താവ് യൂസഫ് അസ്ഹര്‍ കൊല്ലപ്പെട്ടിരുന്നു.
◾ ഇന്ത്യ സാമ്പത്തിക മുന്നേറ്റത്തിന്റെ പാതയിലാണെന്നും 2028 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയാകുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍. 2047 ഓടെ ഇന്ത്യയെ സമ്പൂര്‍ണ വികസിത രാഷ്ട്രമായി മാറ്റുന്നതിനുള്ള പ്രധാനമന്ത്രി മോദിയുടെ വികസിത ഭാരതം എന്ന ദീര്‍ഘവീക്ഷണത്തെയും അഭിനന്ദിക്കുന്നുവെന്നുംഇവിടെ ഞാന്‍ കാണാനിടയായ എല്ലാ സംഗതികളും വികസിതരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്കുള്ള കൃത്യമായ പാതയിലാണ് ഇന്ത്യ എന്നതിന്റെ തെളിവുകളാണെന്നും ആ യാത്രയില്‍ നിങ്ങളുടെ പങ്കാളിയാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.
◾ 2025ലെ സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചു. ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്നഹോര്‍ക്കൈയ്ക്കാണ് പുരസ്‌കാരം. പ്രമേയത്തിലും എഴുത്തിലും പുലര്‍ത്തിയ ഗഹനതയാണ് ലാസ്ലോയുടെ സാഹിത്യത്തിന്റെ സൌന്ദര്യശാസ്ത്രം. 2015 മുതല്‍ നൊബേലിനായി സാധ്യത കല്‍പിച്ചിരുന്ന ലാസ്ലോയെത്തേടി പുരസ്‌കാരമെത്തുന്നത് 71ാം വയസ്സിലാണ്.
◾ ഗാസയില്‍ വെടി നിര്‍ത്തലിനുള്ള ആദ്യ ഘട്ടത്തിന് ധാരണയിലെത്തി ഇസ്രയേലും ഹമാസും. ഗാസയില്‍ ബന്ദികളാക്കപ്പെട്ട എല്ലാവരേയും വിട്ടയയ്ക്കുന്നതും ഇസ്രയേല്‍ സേനയുടെ ഒരു പരിധി വരെയുള്ള പിന്മാറ്റവുമാണ് വെടിനിര്‍ത്തല്‍ ധാരണയിലെ ആദ്യഘട്ടം. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ധാരണയില്‍ ഏതാനും പലസ്തീന്‍ തടവുകാരെയും വിട്ടയ്ക്കും. ബന്ദികളാക്കപ്പെട്ടവരെ തിങ്കളാഴ്ചയോടെ വിട്ടയയ്ക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് വിശദമാക്കിയത്.
◾ ഗാസ സമാധാന കരാര്‍ യാഥാര്‍ത്ഥ്യമാക്കാനായതോടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അഭിനന്ദന പ്രവാഹം. ലോക രാജ്യങ്ങളിലെ നേതാക്കള്‍ ഫോണിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ട്രംപിനെ അഭിനന്ദിച്ച് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ചാണ് ട്രംപിനെ അഭിനന്ദിച്ചത്. ഗാസ സമാധാന പദ്ധതി ചരിത്രപരം എന്നാണ് മോദി വിശേഷിപ്പിച്ചത്. ഇന്ത്യ - അമേരിക്ക വാണിജ്യ കരാറിനുള്ള സംഭാഷണത്തിന്റെ പുരോഗതിയും ചര്‍ച്ചയായെന്ന് മോദി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. അതേസമയം ഗാസ സമാധാന കരാറിന്റെ പേരില്‍ ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന ആവശ്യവുമായി നെതന്യാഹുവും രംഗത്തെത്തി.
◾ വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 77 പന്തില്‍ 94 റണ്‍സെടുത്ത റിച്ചാ ഘോഷിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവോടെ 49.5 ഓവറില്‍ 251 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ 5 വിക്കറ്റുകള്‍ 81 റണ്‍സിനിടെ നഷ്ടമായെങ്കിലും 54 പന്തില്‍ 84 റണ്‍സെടുത്ത നദീന്‍ ഡി ക്ലര്‍ക്ക് 111 പന്തില്‍ 70 റണ്‍സെടുത്ത ലോറ വോള്‍വാര്‍ട്ടിന്റേയും മികവില്‍ 48.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.
◾ വാഹന ബിസിനസിനെ പല കമ്പനികളാക്കി വിഭജിക്കാനൊരുങ്ങി മഹീന്ദ്ര ഗ്രൂപ്പ്. ട്രാക്ടറുകള്‍, ഇ.വി ഉള്‍പ്പെടെയുള്ള യാത്രാ വാഹനങ്ങള്‍, ട്രക്കുകള്‍ എന്നിവയെ വെവ്വേറെ കമ്പനികളാക്കാനാണ് ആലോചിക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന പുനസംഘടനക്കാണ് കമ്പനി ഒരുങ്ങുന്നത്. വിഭജനവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നിലവില്‍ മഹീന്ദ്ര ഗ്രൂപ്പില്‍ നടക്കുന്നത്. കമ്പനികള്‍ വിഭജിച്ചാല്‍ ഉണ്ടാകുന്ന മാറ്റങ്ങളും മഹീന്ദ്ര വിലയിരുത്തുന്നുണ്ട്. നിലവില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്ന ഒറ്റക്കമ്പനിക്ക് കീഴിലാണ് ബിസിനസ് നടക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാഹന നിര്‍മാണ മേഖലയിലും കാര്‍ഷികോപകരണങ്ങള്‍ നിര്‍മിക്കുന്ന മേഖലയിലും മികച്ച പ്രകടനമാണ് മഹീന്ദ്ര നടത്തുന്നത്. എസ്.യു.വി, ട്രാക്ടര്‍ വിപണിയില്‍ എതിരാളികളെ പിന്തള്ളാനും മഹീന്ദ്രക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം പ്രത്യേക കമ്പനികളായി വിഭജിച്ചാല്‍ ഓരോന്നിലും പ്രത്യേക ശ്രദ്ധ കൊടുക്കാനും അവക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ വിപണിയിലെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താനും സാധിക്കും.
◾ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം 'വൃഷഭ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ 6 ന് ചിത്രം തിയറ്ററുകളില്‍ എത്തും. നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സി കെ പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച വൃഷഭ, ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ തുല്യമായ കഥപറച്ചിലിനെ പുനര്‍നിര്‍വചിക്കാന്‍ പാകത്തിനാണ് ഒരുക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. ആശിര്‍വാദ് സിനിമാസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. ഒരു അച്ഛന്‍- മകന്‍ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്. രാഗിണി ദ്വിവേദി, സമര്‍ജിത് ലങ്കേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. എസ്ആര്‍ക്കെ, ജനാര്‍ദന്‍ മഹര്‍ഷി, കാര്‍ത്തിക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ശക്തമായ സംഭാഷണങ്ങള്‍ രചിച്ചത്.
◾ ഷറഫുദീനും അനുപമ പരമേശ്വരനും പ്രധാന വേഷങ്ങളിലെത്തുന്ന 'പെറ്റ് ഡിറ്റക്ടീവി'ന്റെ ട്രെയിലര്‍ പുറത്ത്. 'പെറ്റ് ഡിറ്റക്ടീവ്' ഒരു അഡ്വഞ്ചര്‍ ഫണ്‍ കോമഡി എന്റര്‍ടെയ്നര്‍ ആണെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദീനും ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഒക്ടോബര്‍ 16ന് ചിത്രം ആഗോള റിലീസായെത്തും. പ്രനീഷ് വിജയനാണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി മുന്‍പ് പുറത്തിറങ്ങിയ തീം സോങ് 'തേരാ പാരാ ഓടിക്കോ', റെട്രോ വൈബ് സമ്മാനിച്ച 'തരളിത യാമം' എന്നീ ഗാനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി മാറിയിരുന്നു. 'സമ്പൂര്‍ണ്ണ മൃഗാധിപത്യം' എന്ന ടാഗ് ലൈനോടെ ആണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. വിനയ് ഫോര്‍ട്ട്, രഞ്ജി പണിക്കര്‍, ജോമോന്‍ ജ്യോതിര്‍ എന്നിവരും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങള്‍ ചെയ്യുന്നുണ്ട്. രാജേഷ് മുരുകേശന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രന്‍ ആണ്.
◾ ഇന്ത്യന്‍ വിപണിയില്‍ വളരെ സൈലന്റായി വന്ന് വിജയഗാഥ തീര്‍ത്ത മോഡലാണ് മാരുതി സുസുക്കി ഫ്രോങ്ക്സ്. നിലവില്‍ മാരുതി നിരയിലെ ഏറ്റവും ജനപ്രിയ മോഡലുകളില്‍ ഒന്നായ ഈ ഫ്രോങ്ക്‌സിന് ഒരു ഫ്ലെക്‌സ് ഫ്യുവല്‍ പതിപ്പ് അടുത്ത വര്‍ഷം ഇന്ത്യയില്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഇന്തോ-ജാപ്പനീസ് നിര്‍മ്മാതാക്കള്‍. എന്നാല്‍ ഇന്ത്യയില്‍ അരങ്ങേറും മുമ്പേ 2025 ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ നമുക്ക് ഈ മോഡലിനെ ആദ്യമായി കാണാന്‍ കഴിയും എന്നാണ് റിപ്പോര്‍ട്ട്. ഫ്ലെക്‌സ് ഫ്യുവല്‍ ഫ്രോങ്ക്‌സിന്റെ ഒരു ചിത്രം മാത്രമേ വാഹന നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിട്ടുള്ളൂ. ഈ ചിത്രത്തില്‍ വശങ്ങളില്‍ മഞ്ഞ സ്റ്റിക്കറുകളുള്ള ഒരു സില്‍വര്‍ കാര്‍ നമുക്ക് കാണാനാവും. മാരുതി സുസുക്കി ഇതിനകം തന്നെ 1.2 ലീറ്റര്‍, 1.5 ലീറ്റര്‍ എന്‍ജിനുകള്‍ ഫ്ലെക്‌സ്-ഫ്യുവല്‍ റെഡിയാക്കി വച്ചിട്ടുണ്ട്, അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെ വിവിധ വിപണികളില്‍ ഇവ കമ്പനി പുറത്തിറക്കും എന്ന് പ്രതീക്ഷിക്കുന്നു.
◾ കനലില്‍ ചുവടുകള്‍വെച്ച് മുന്നേറിയ അതുല്യനായ ഒരു മഹാപ്രതിഭയുടെ ജീവിതയാത്ര. ഏത് പ്രതിബന്ധങ്ങളേയും തരണം ചെയ്യാനുള്ള തന്റേടവും താന്‍പോരിമയും ശുഭപ്രതീക്ഷയും കൈമുതലായുള്ള വ്യക്തിത്വം. ഗുരുക്കന്മാരുടെ സ്നേഹവാത്സല്യങ്ങളിലൂടെയും സൗഹൃദങ്ങളുടെ ഊഷ്മളമായ ഇടപെടലുകളിലൂടെയും കരുപ്പിടിപ്പിച്ച ഒരു ജീവിതം. വാഗ്ദേവതയുടെ നിര്‍ല്ലോഭമായ അനുഗ്രഹം ലഭിച്ച വ്യക്തിക്ക് ചെറുപ്പത്തിലേ വന്നുചേര്‍ന്ന സൗഹൃദങ്ങളെല്ലാം മഹാപ്രതിഭകളുമായിട്ടാണ്. എം ടി, എന്‍ വി, എസ് കെ, ജി, ഒഎന്‍വി, വി ടി, ഒളപ്പമണ്ണ, കോവിലന്‍, ആഞ്ഞം നമ്പൂതിരി, ചിത്രന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവരൊത്തുള്ള ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍, ഒരു കാലഘട്ടത്തിന്റെ സാംസ്‌കാരിക ചരിത്രരേഖയായി മാറുകയാണ്. 'കനല്‍ച്ചുവടുകള്‍'. കെ.വി. രാമകൃഷ്ണന്‍. ഗ്രീന്‍ ബുക്സ്. വില 360 രൂപ.
◾ ഉച്ചഭക്ഷണം കഴിക്കാന്‍ സമയമുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാവിലെ 11 മണിക്കും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയിലാണ് ഉച്ചഭക്ഷണം കഴിക്കേണ്ട ശരിയായ സമയം. ഉച്ചഭക്ഷണം വൈകി കഴിക്കുന്നത് ഉദരസംബന്ധമായ പല അസ്വസ്ഥതകള്‍ക്കും കാരണമാകും. ശരീരത്തില്‍ ജലാംശം വളരെ പ്രധാനമാണ്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സ്വാഭാവികമായി നടക്കാന്‍ വെള്ളം കുടിക്കുന്നത് സഹായിക്കും. ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് അസിഡിറ്റി അടക്കമുള്ള ബുദ്ധിമുട്ടുകളെ ഒഴിവാക്കാന്‍ സഹായിക്കും. ആപ്പിള്‍, പഴം, പപ്പായ പോലുള്ള പഴങ്ങള്‍ 11മണിക്കും ഒരു മണിക്കും ഇടയിലായി കഴിക്കുന്നത് നല്ലതാണ്. ഇനി ഇവയൊന്നും കഴിക്കാന്‍ സാഹചര്യമില്ലെങ്കില്‍ ഈന്തപ്പഴം ആകാം. ധാരാളം നാരുകള്‍ അടങ്ങിയ പഴം കഴിക്കുമ്പോള്‍ വിശപ്പ് കുറയ്ക്കാനും വയറ് കാലിയാകുന്ന അവസ്ഥ ഒഴിവാക്കാനും കഴിയും. അനാരോഗ്യകരമായ ഭക്ഷണശീലം കൊണ്ടുണ്ടാകുന്ന അസ്വസ്ഥതകളെ തടയാന്‍ ഇത് മികച്ച മാര്‍ഗമാണ്. നെയ്, ശര്‍ക്കര എന്നിവ വൈകിയുള്ള ആഹാരശീലം കൊണ്ടുണ്ടാകുന്ന തലവേദന, അസിഡിറ്റി തുടങ്ങിയ ബുദ്ധിമുട്ടുകളെ അകറ്റിനിര്‍ത്താന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
*ശുഭദിനം*
*കവിത കണ്ണന്‍*
രണ്ടായിരത്തി അഞ്ഞൂറ് കുതിരശക്തി വീതമുള്ള വിമാനത്തിന്റെ എന്‍ജിനുകള്‍ പൈലറ്റ് എങ്ങനെയാണ് പ്രവര്‍ത്തിപ്പിക്കുന്നത്? നിലത്തു നിന്നു പൊങ്ങുമ്പോള്‍ ഓരോ എന്‍ജിന്റെയും രണ്ടായിരത്തിയഞ്ഞൂറു കുതിരശക്തിയും ഉപയോഗിക്കും. നിലത്തു നിന്നു പൊങ്ങിയാലുടന്‍ പൊടുന്നനെ 1800 കുതിരശക്തിയായി കുറയ്ക്കുന്നു. മുന്നോട്ടു പറക്കാനുള്ള ഉയരത്തിലെത്തിയാലുടന്‍ 1200 കുതിരശക്തയായി പിന്നെയും കുറയ്ക്കും. നീണ്ട പറക്കലിന് അത്രയും ശക്തി തന്നെ ആവശ്യമില്ലെന്ന് പൈലറ്റിനറിയാം. അതുകൊണ്ട് ഓരോ എന്‍ജിന്റെയും ആയിരം കുതിരശക്തിയിലേറെ ഉപയോഗപ്പെടുത്തുകയില്ല. നിലത്തു നിന്നു പൊങ്ങുമ്പോള്‍ വിമാനത്തിന്റെ പരമാവധി ശക്തി ഉപയോഗിക്കുമെങ്കിലും രണ്ടു മിനിറ്റിലധികം അത്രയും ശക്തി ഉപയോഗിക്കാറില്ല. കൂടുതല്‍ സമയം പരമാവധി ശക്തി ഉപയോഗിച്ചാല്‍ എന്‍ജിന്‍ തന്നെ തകര്‍ന്നു പോകും. മനുഷ്യന്റെ വ്യക്തിപ്രഭാവമാകുന്ന എന്‍ജിന്റെ കഥയും ഇതുപോലെ തന്നെയാണ്. മുഴുവന്‍ ശക്തിയും കൂടുതല്‍ സമയം ഉപയോഗിച്ചാല്‍ ഒരു വ്യക്തി ശാരീരികമായും, മാനസീകമായും തളര്‍ന്നു പോയേക്കാം. ജീവിതത്തില്‍ നമുക്കു നേരിടുന്ന സംഘര്‍ഷങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കുന്നതിന് പരമാവധി ശക്തി ഏതാനും നിമിഷനേരത്തേക്ക് വേണ്ടി മാത്രം ഉപയോഗിക്കേണ്ടിവരും. എന്നാല്‍ ഉപയോഗപ്പെടുത്തുന്ന ശക്തിയുടെ നിലവാരം, ആവശ്യം കഴിഞ്ഞാല്‍ പരിമിതപ്പെടുത്തുവാനുള്ള പരിശീലനം സ്വയം നമുക്കുണ്ടാ യിരിക്കണം. പരമാവധി ശക്തി ഉപയോഗിച്ച് എന്‍ജിന്‍ പൊട്ടിത്തകരുമെന്ന അവസ്ഥയിലെത്തുമ്പോള്‍ 'നിശ്ശബ്ദത' പാലിക്കാന്‍ നാം സ്വയം പരിശീലിക്കണം. ഒച്ചപ്പാടൊന്നുമില്ലാത്ത ഒരു സ്ഥലത്തു പോയി നിശ്ശബ്ദരായിരിക്കുക. എന്തെങ്കിലും ചെയ്യുകയോ സംസാരിക്കുകയോ ചെയ്യരുത്. മനസ്സു യാതൊന്നിലേക്കും ചായാതെ, കഴിയുന്നിടത്തോളം നിഷ്പക്ഷമായി അവനവനിലേക്ക് മാത്രം ശ്രദ്ധിച്ച് നിര്‍ത്തുകയും ബാഹ്യ കാര്യങ്ങളില്‍ നിന്ന് സ്വയം മനസ്സിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും വേണം. ഇങ്ങനെ ശരീരത്തേയും മനസ്സിനേയും നിശ്ചലമാക്കുമ്പോള്‍ അവനവനില്‍ നിന്ന് ചോര്‍ന്നു പോയ ശക്തി വീണ്ടെടുക്കാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയും. ഇത് ധ്യാനം എന്ന് അറിയപ്പെടുന്നു. മാനസിക -ശാരീരിക ആരോഗ്യം വീണ്ടെടുക്കുവാനും നില നിര്‍ത്തുവാനും ധ്യാനം നമ്മെ സഹായിക്കട്ടെ. - ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA