Trending

സായാഹ്ന വാർത്തകൾ

2025 | ഒക്ടോബർ 8 | ബുധൻ 
1201 | കന്നി 22 |  അശ്വതി 

◾  മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്രം. കേന്ദ്രനിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന ചിറ്റമ്മനയം പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. വായ്പ തള്ളുന്നതുമായി ബന്ധപ്പെട്ട വിഷയം തങ്ങളുടെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമെന്നായിരുന്നു കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്. ഇതിനെതിരേയാണ് കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. കേന്ദ്ര നിലപാട് അസ്വസ്ഥപ്പെടുത്തുന്നതാണെന്നും വിഷയത്തില്‍ ബാങ്കുകളെ കക്ഷിചേര്‍ക്കുമെന്നും വായ്പ തിരിച്ചുപിടിക്കല്‍ നടപടികള്‍ അനുവദിക്കില്ലെന്നും വായ്പ തിരിച്ചുപിടിക്കുന്ന നടപടികള്‍ സ്റ്റേ ചെയ്യുമെന്നും ഹൈക്കോടതി കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കി. വായ്പ എഴുതിത്തള്ളാനാകില്ല എങ്കില്‍ അത് കൃത്യമായി, ആര്‍ജ്ജവം കാണിച്ച് തുറന്നു പറയണമെന്നും അല്ലാതെ അധികാരമില്ല എന്ന ന്യായമല്ല പറയേണ്ടതെന്നും മറ്റു സംസ്ഥാനങ്ങളില്‍ ഇതല്ലല്ലോ നിലപാട് എന്നും കോടതി ചോദിച്ചു.

◾  ദ്വാരപാലക ശില്‍പ്പം സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു പറയുന്നത് കള്ളമെന്ന് തന്ത്രി കണ്ഠര് രാജീവര്. സ്വര്‍ണം പൊതിഞ്ഞ കവചങ്ങളായിരുന്നു ദ്വാരപാലക ശില്‍പത്തിലുണ്ടായിരുന്നതെന്നും വെറും ചെമ്പ് ഒരിടത്തും വെയ്ക്കാറില്ലെന്നും സംഭവത്തില്‍ കോടതിയില്‍ വിശ്വാസമുണ്ടെന്നും സത്യം തെളിഞ്ഞുവരുമെന്നാണ് വിശ്വാസമെന്നും കണ്ഠരര് രാജീവര് പറഞ്ഞു. ദ്വാരപാലക ശില്‍പ്പങ്ങള്‍ സ്വര്‍ണം പൂശുന്നതിനായി ചെന്നൈയില്‍ കൊണ്ടുപോകാന്‍ താന്‍ അനുമതി കൊടുത്തിട്ടില്ലെന്നും തന്ത്രി പറഞ്ഞു. ശില്‍പ്പങ്ങളുടെ കുറച്ചുഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താന്‍ അനുമതി വേണമെന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും ഇങ്ങോട്ട് എഴുതി ചോദിച്ചതിന്റെ മറുപടി മാത്രമാണ് കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

◾  ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ശബരിമലയില്‍ വഴി വിട്ട ഇടപെടലിനു മുരാരി ബാബു അവസരം ഒരുക്കിയെന്നു ദേവസ്വം വിജിലന്‍സ് കണ്ടെത്തി.  2024 ല്‍ ദ്വാരപാലക പീഠം ഉണ്ണികൃഷ്ണന്‍ പോറ്റി വഴി സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിക്കാന്‍ നീക്കം നടത്തി. ദേവസ്വം ബോര്‍ഡിനെ അറിയിക്കും മുന്‍പ് മുരാരി ബാബു സ്മാര്‍ട്ട് ക്രിയേഷന് കത്ത് അയച്ചു. ദ്വാരപാലക പീഠം ഉണ്ണികൃഷ്ണന്‍ പോറ്റി വഴി എത്തിക്കുമെന്നായിരുന്നു മുരാരി ബാബു കമ്പനിക്ക് അയച്ച കത്ത്. വിവരങ്ങള്‍ അറിയിച്ചു സ്മാര്‍ട്ട് ക്രിയേഷന്‍സ് തിരിച്ചും കത്ത് അയച്ചു. കത്തില്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു തുടര്‍ അനുമതിക്കായി ഒപ്പുവെച്ചു. എന്നാല്‍ മുരാരി ബാബുവിന്റെ നീക്കം ദേവസ്വം ബോര്‍ഡ് തടയുകയായിരുന്നുവെന്നും ദേവസ്വം വിജിലന്‍സ് കണ്ടെത്തി.

◾  ശബരിമല സ്വര്‍ണപ്പാളി വിവാദത്തിലേക്ക് തന്ത്രിമാരെ വലിച്ചിഴയ്ക്കുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പുതിയ തന്ത്രിയും പഴയ തന്ത്രിയും തന്ന കത്തുകള്‍ക്ക് രേഖയുണ്ടെന്നും അതൊന്നും പരസ്യപ്പെടുത്താനില്ലെന്നും പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ ബോര്‍ഡിനെ മണ്ഡലകാല ഒരുക്കങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

◾  ശബരിമല ശ്രീകോവിലിലെ സ്വര്‍ണം പൂശിയ കട്ടിളയും ചെമ്പ് എന്നു രേഖപ്പെടുത്തി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൈമാറിയെന്ന് രേഖകള്‍. അന്നത്തെ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജു, എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍ എന്നിവര്‍ തയാറാക്കിയ മഹസറില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായ ബി.മുരാരി ബാബു അടക്കം 8 ഉദ്യോഗസ്ഥര്‍ ഒപ്പുവച്ചിട്ടുണ്ട്.

◾  ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം ദ്വാരപാലക പാളികള്‍ കൊടുത്തുവിട്ടത് ദേവസ്വം ബോര്‍ഡിന്റെ തീരുമാനപ്രകാരമായിരുന്നെന്ന് അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും തിരുവാഭരണം കമ്മീഷണറുമാണ് അത് പരിശോധിക്കേണ്ടത്. വേണമെങ്കില്‍ ബോര്‍ഡിന് അത് വീണ്ടും പരിശോധിക്കാമായിരുന്നു. അന്നാരും ഇക്കാര്യത്തില്‍ ഒരു സംശയവും പ്രകടിപ്പിച്ചിരുന്നില്ല. ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ബോര്‍ഡ് തീരുമാനം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഡി സുധീഷ് പറഞ്ഞു.

◾  1998ല്‍ ശബരിമലയില്‍ വച്ചു തന്നെയാണ് സ്വര്‍ണം പൊതിഞ്ഞതെന്നും എല്ലാം നടന്നത് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ആയിരുന്നെന്നും വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ കാലയളവില്‍ ശബരിമല കീഴ്ശാന്തിയായിരുന്ന ശ്രീനിവാസന്‍ പോറ്റി. ചിട്ടയായാണ് എല്ലാ പ്രവര്‍ത്തനങ്ങളും നടന്നതെന്നും വിവാദങ്ങള്‍ കേട്ടപ്പോള്‍ വലിയ പ്രയാസം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

◾  സ്വര്‍ണപ്പാളി വിവാദത്തില്‍ മൂന്നാം ദിവസവും സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ദേവസ്വം മന്ത്രി രാജി വെക്കുന്നതുവരെയും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പുറത്താക്കുന്നതു വരെയും സഭാ നടപടികളുമായി സഹരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് വി ഡി സതീശന്‍ പറഞ്ഞു. സഭയില്‍ ചര്‍ച്ച വേണമെങ്കില്‍ നോട്ടീസ് നല്‍കണമെന്ന് എംബി രാജേഷ് പറഞ്ഞു.


◾  നിയമസഭയില്‍ ചോദ്യോത്തര വേളയ്ക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ട് പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ ക്ഷുഭിതനായി. ഇന്നലെ സഭയുടെ ഗാലറിയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു അപ്പോഴാണ് പ്രതിഷേധം ബഹളം വെച്ചതെന്നും സ്പീക്കറുടെ മുഖം മറച്ചുകൊണ്ടായിരുന്നു പ്രതിഷേധമെന്നും ഇതാണോ കുട്ടികള്‍ കണ്ട് പഠിക്കേണ്ടതെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

◾  നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം അതിരുവിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പലതരം പ്രതിഷേധങ്ങള്‍ കണ്ടിട്ടുണ്ടെന്നും സ്പീക്കറുടെ മുഖം മറച്ച പ്രതിഷേധം ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ നിലപാടിനെ അഭിനന്ദിക്കുന്നുവെന്നും സ്പീക്കര്‍ സമവായത്തിന് ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

◾  നിയമസഭയില്‍ സഭാനടപടികള്‍ക്ക് തടസ്സം വരുത്തിക്കൊണ്ട് പ്ലക്കാര്‍ഡും ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധിച്ചതിനിടയില്‍ വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. സ്പീക്കറുടെ അടുത്തേക്ക് എത്താന്‍ കഴിയാത്ത വിധം തടസ്സം നിന്ന വാച്ച് ആന്‍ഡ് വാര്‍ഡിനെ പ്രതിപക്ഷം മറികടക്കാന്‍ ശ്രമിച്ചതോടെയാണ് ഉന്തും തള്ളുമായത്. സഭയില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ പഴയ ചിത്രം പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടി. ഇതില്‍ പ്രകോപിതരായി ഭരണനിരയും പ്രതിഷേധവുമായി എഴുന്നേറ്റു.

◾  ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നിയമസഭയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ ഹൈക്കോടതി നിശ്ചയിച്ച പ്രത്യേകസംഘം അന്വേഷണം നടത്തുന്നുണ്ടെന്നും ഇതുസംബന്ധിച്ച് ഗൗരവമായ അന്വേഷണവും പരിശോധനയും നടക്കണമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുകാലത്തും കുറ്റവാളികളെ സംരക്ഷിക്കില്ല. ആരുതെറ്റ് ചെയ്താലും അവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയാണ് തങ്ങള്‍ക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.


◾  സ്വര്‍ണപ്പാളി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത്രയും ദിവസം മുഖ്യമന്ത്രി വാ തുറന്നില്ലല്ലോയെന്നും അയ്യപ്പന്റെ ദ്വാരപാലക ശില്‍പം ഒരു കോടിശ്വരന് വിറ്റിരിക്കുകയാണ് എന്നിട്ട് ഈ മുഖ്യമന്ത്രി ഇത്രയും ദിവസം മിണ്ടിയില്ലല്ലോ എന്ന് പ്രതിപക്ഷ നോതാവ് ചോദിച്ചു. കൂടാതെ, മൂന്നാമത്തെ ദിവസമാണ് ഞങ്ങള്‍ നിയമസസഭയില്‍ സമരം നടത്തുന്നത്, അപ്പോള്‍ എവിടെയായിരുന്നു മുഖ്യമന്ത്രിയുടെ നാവെന്നും ഒരു പത്രസമ്മേളനം നടത്തി സര്‍ക്കാരിന് പറയാനുള്ളത് പറയേണ്ടേയെന്നും അത് പറഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു.

◾  അയ്യപ്പന്റെ ദ്വാരപാലക ശില്‍പം ഒരു കോടിശ്വരന് വിറ്റിരിക്കുകയാണെന്നും ആര്‍ക്കാണന്ന് കടകംപള്ളിയോട് ചോദിച്ചാലറിയാമെന്നും പറഞ്ഞ വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി കടംകപളളി സുരേന്ദ്രന്‍. മാനസിക നില തെറ്റിയത് പോലെയുള്ള പ്രസ്താവനയാണ് പ്രതിപക്ഷ നേതാവിന്റെതെന്നും ദേവസ്വം മന്ത്രിയുടേയും പ്രസിഡന്റിന്റെയും ബോഡിന്റെയും എല്ലാ ചുമതലകളിലും വ്യക്തതയുണ്ടെന്നും ആണത്തവും തന്റേടവും ഉണ്ടെങ്കില്‍ ആരോപണം തെളിയിക്കണം എന്ന് കടകംപള്ളി വെല്ലുവിളിച്ചു.

◾  ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിനു മുന്നിലേക്കെത്തിയ പ്രതിപക്ഷ അംഗത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്റെ  നാട്ടില്‍ ഒരു വര്‍ത്തമാനം ഉണ്ട്, എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാന്‍ പോയതെന്നും സ്വന്തം ശരീരശേഷി വച്ചല്ല,  ശരീരശേഷി വച്ച് അതിന് കഴിയില്ലെന്നും നിയമസഭയുടെ പരിരക്ഷ വച്ചുകൊണ്ട് വാച്ച് ആന്‍ഡ് വാര്‍ഡിനെ അംഗം ആക്രമിക്കാന്‍ പോവുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾  പ്രതിപക്ഷ അംഗത്തെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയനു മറുപടിയുമായി പതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉയരം കുറഞ്ഞ ആളുകളോട് മുഖ്യമന്ത്രിക്ക് എന്താണ് ദേഷ്യമെന്നും മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം പിന്‍വലിച്ച്  മാപ്പ് പറയണമെന്നും പ്രതിപക്ഷ  നേതാവ് ആവശ്യപ്പെട്ടു. പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നും  പുതിയ കാലത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക്  അറിയില്ലേയെന്നും ഏതുകാലത്താണ് ജീവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

◾  സ്വര്‍ണപ്പാളി വിവാദത്തില്‍ മുഖ്യമന്ത്രിയുടേയും ദേവസ്വം വകുപ്പ് മന്ത്രിയുടേയും രാജി ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധം. ക്ലിഫ്ഹൗസിലേക്കാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുളള നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. പൊതുസൂഹത്തെ ബോധ്യപ്പെടുത്തുന്നതിനാണ് ബിജെപി ഈ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് രാജിവ് ചന്ദ്രശേഖര്‍ പറഞ്ഞു. ക്ലിഫ് ഹൗസില്‍ ഇരിക്കുന്ന മുഖ്യമന്ത്രി എല്ലാം ശരിയാവും എന്ന വാഗ്ദാനം നല്‍കിയിരുന്നു. 10 കൊല്ലം ഭരിച്ചിട്ടും ഒന്നും ശരിയായില്ലെന്നും എവിടെ നോക്കിയാലും അഴിമതിയും അനാസ്ഥയുമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

◾  ശബരിമലയിലെ സ്വര്‍ണം നഷ്ടമായതില്‍ മറുപടി പറയേണ്ടത് അമ്പലം വിഴുങ്ങികളായ സര്‍ക്കാരാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ശബരിമല പ്രതിഷേധത്തെ തുടര്‍ന്ന് റിമാന്‍ഡിലായ സന്ദീപ് വാര്യര്‍ അടക്കമുള്ളവരെ കൊട്ടാരക്കര സ്പെഷ്യല്‍ സബ് ജയിലിലെത്തി സന്ദര്‍ശിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.

◾  ഓപ്പറേഷന്‍ നുംഖോറുമായി ബന്ധപ്പെട്ട്  താരങ്ങളുടെ വീടുകളില്‍ ഇ ഡി റെയ്ഡ്. ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലാണ് റെയ്ഡ്. അഞ്ച് ജില്ലകളിലായി വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി അറിയിച്ചു.

◾  ഭൂട്ടാന്‍ കാര്‍ കടത്തുമായി ബന്ധപ്പെട്ട് വീട്ടില്‍ നടക്കുന്ന ഇഡി പരിശോധനക്കിടെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കൊച്ചിയിലെത്തി. കസ്റ്റംസിനു മുന്നില്‍ ഹാജരായേക്കുമെന്നാണ് സൂചന. രാവിലെ ദുല്‍ഖര്‍ ചെന്നൈയിലെ വീട്ടിലായിരുന്നു. അവിടെ നിന്നാണ് ഉച്ചയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. നേരത്തെ, ദുല്‍ഖറില്‍ നിന്ന് വിവരങ്ങള്‍ തേടുമെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു.

◾  അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പതു വയസ്സുകാരി അനയയുടെ പിതാവ് സനൂപ് താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വെട്ടി. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. മകള്‍ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും കുടുംബത്തിനു നീതി ലഭിച്ചില്ലെന്നും ആരോപിച്ചായിരുന്നു ഡോക്ടറെ വെട്ടിയത്. അസുഖ ബാധിതയായിരുന്ന അനയയെ ആദ്യം എത്തിച്ചത് താമരശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീടാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്. പരുക്കേറ്റ ഡോക്ടറെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾ ന്യൂ മാഹി ഇരട്ടകൊലക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി. പള്ളൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്ത്, ഷിനോജ് എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് സിപിഎം പ്രവര്‍ത്തകരായ 16 പ്രതികളെയും വെറുതെ വിട്ടത്. കേസിലെ രണ്ടു പ്രതികള്‍ വിചാരണക്കിടെ മരിച്ചിരുന്നു. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.

◾  ന്യൂ മാഹി ഇരട്ടക്കൊലകേസില്‍ പ്രതികളെ വെറുതെ വിടാന്‍ ഇടയായത് അന്നത്തെ ഭരണത്തിന്റെ തണലില്‍ പൊലീസ് നല്‍കിയ പിന്തുണയെന്ന് സൂചിപ്പിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍. വിധി പ്രസ്താവത്തിന് ശേഷമാണ് പ്രതികരണം. 2010ല്‍ കൊലപാതകം നടക്കുമ്പോള്‍ ആഭ്യന്തര വകുപ്പ് ഭരിച്ചിരുന്നത് സിപിഎം ആയിരുന്നു. റോഡരികില്‍ പരസ്യമായി ഇരട്ട കൊലപാതകം നടന്നിട്ടും പ്രതികളെ പൊലീസ് പിടികൂടിയില്ല. പിന്നീട് ഇവര്‍ സമയമെടുത്ത് സ്വമേധയാ കോടതിയില്‍ ഹാജരാവുകയായിരുന്നു.

◾  മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ നീലേശ്വരം ശിവക്ഷേത്രത്തിലും സ്വര്‍ണം കാണാതായതായി പരാതി. മുന്‍ ഭരണ സമിതിക്കെതിരെ ഇപ്പോഴത്തെ ഭരണ സമിതി പോലീസിലും ദേവസ്വം ബോര്‍ഡ് വിജിലന്‍സിലും  പരാതി നല്‍കി. സ്വര്‍ണം വെള്ളി ആഭരണങ്ങളാണ് കാണാതായത്.ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി സ്ഥീരികരിച്ചു.

◾  കണ്ണൂരില്‍ ട്രാഫിക് ഡ്യൂട്ടിക്കിടെ കാര്‍ ഇടിച്ചു കയറ്റി എസ്ഐയ്ക്ക് പരിക്കേറ്റു. വളപട്ടണം എസ്ഐ ടിഎം വിപിനാണ് പരിക്കേറ്റത്. സംഭവത്തില്‍ കണ്ണൂര്‍ മാടായി സ്വദേശി ഫായിസ്, മാട്ടൂല്‍ സ്വദേശി നിയാസ് എന്നിവര്‍ പിടിയിലായി. ഇന്നലെ രാത്രിയാണ് സംഭവം. യുവാക്കള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇരുവരേയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

◾  ലോക റെക്കോര്‍ഡ് തീര്‍ത്ത് മലപ്പുറം നഗരസഭയുടെ വയോജന ഉല്ലാസ യാത്ര. 3180 വയോജനങ്ങള്‍, 320 വളണ്ടിയര്‍മാര്‍, മെഡിക്കല്‍ ടീം ഉള്‍കൊള്ളുന്ന അഞ്ച് ആംബുലന്‍സ് ഉള്‍പ്പടെ പുലര്‍ച്ചെ 6 മണിക്ക് ആരംഭിച്ച വയോജന ഉല്ലാസ യാത്ര രാത്രി പത്ത് മണിയോടെ വീടുകളില്‍ തിരിച്ചെത്തി. ലോകത്ത് നിലവില്‍ രേഖപ്പെടുത്തിയ വയോജന ഉല്ലാസ യാത്രയില്‍ ലോക റെക്കോര്‍ഡ് ബുക്കിലും ഈ വയോജന യാത്ര ഇടം നേടി.

◾  തിരുവനന്തപുരം ജില്ലയില്‍ രണ്ടാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. ആറ്റിങ്ങല്‍ കൊടുമണ്‍ സ്വദേശിയായ 57-കാരനും ഇടവ വെണ്‍കുളം മരക്കടമുക്ക് സ്വദേശിയായ 34 വയസ്സുള്ള യുവതിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

◾  തൃശൂര്‍ കൊടകര ഗ്രാമപഞ്ചായത്തില്‍ ദേശീയപാത നിര്‍മ്മാണ കരാര്‍ കമ്പനിയുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ജൈവമാലിന്യങ്ങള്‍ പുറത്ത് കൂട്ടിയിട്ടതായും അജൈവ മാലിന്യം വലിച്ചെറിഞ്ഞതായും ദ്രവമാലിന്യം തൊട്ടടുത്തുള്ള പാടശേഖരത്തേക്ക് ഒഴുക്കിവിടുന്നതായും കണ്ടെത്തി. അമ്പതിനായിരം രൂപ പിഴ ചുമത്തി കരാര്‍ കമ്പനി മാനേജര്‍ക്ക് നോട്ടീസ് നല്‍കി.

◾  വിഷമരുന്ന് ദുരന്തത്തില്‍ മധ്യപ്രദേശില്‍ മരണസംഖ്യ 20 ആയി. അഞ്ച് കുട്ടികളുടെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. മരിച്ചവരില്‍ 17 കുട്ടികളും ചിന്ത്വാര മേഖലയിലുള്ളവരാണ്. അതേസമയം മരുന്ന് കുറിച്ച ഡോക്ടറുടെ അറസ്റ്റില്‍ അനിശ്ചിതകാല സമരം ആരംഭിച്ചിട്ടുണ്ട്. ചിന്ത്വാര ജില്ല ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ യൂണിറ്റാണ് സമരം തുടങ്ങിയത്.

◾  കര്‍ണാടകയില്‍ യുവമോര്‍ച്ച നേതാവിനെ കാറിലെത്തിയ സംഘം കുത്തിക്കൊലപ്പെടുത്തി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വെങ്കടേഷ് കുറുബാര ആണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ സംഘം വെങ്കടേഷിനെ അടിച്ചു വീഴ്ത്തിയ ശേഷം മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.ആക്രമണത്തിന് പിന്നില്‍ മുന്‍ വൈരാഗ്യം ആണെന്നാണ് സൂചന.

◾  കര്‍ണാടകയിലെ കൊപ്പളയില്‍ യുവമോര്‍ച്ചാ  പ്രസിഡന്റ് വെങ്കടേഷ് കുറുബാരയെ നടുറോഡിലിട്ട് വെട്ടിക്കൊന്ന സംഭവത്തില്‍ നാലുപേര്‍ പിടിയിലായി. രണ്ടുപേര്‍ ഒളിവിലാണ്. പൂര്‍വ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. രവി എന്ന ആളാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് സംശയം. രാഷ്ട്രീയ കൊലപാതകമാണ് എന്ന ആരോപണം തള്ളിയ പൊലീസ്, കൊല്ലപ്പെട്ടയാളും പ്രതികളും ബിജെപിയുമായി ബന്ധമുള്ളവരാണെന്ന് വ്യക്തമാക്കി.

◾  പത്ത് ദിവസത്തോളം അഴുകിയ മൃതദേഹം കിടന്ന ടാങ്കിലെ വെള്ളം ഉപയോഗിച്ച് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും. ഉത്തര്‍പ്രദേശിലെ മഹാമഹര്‍ഷി ദേവരഹ ബാബ മെഡിക്കല്‍ കോളേജിലാണ് സംഭവം. വെള്ളത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതോടെയാണ് അധികൃതര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് ക്ലീനിംഗ് ജീവനക്കാര്‍ അഞ്ചാം നിലയിലുള്ള സിമന്റ് ടാങ്ക് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

◾  ഇന്ത്യന്‍ ആകാശക്കോട്ടയുടെ കരുത്തായ വ്യോമസേനയുടെ 93ാം വാര്‍ഷിക ആഘോഷങ്ങള്‍ ഇന്ന് നടക്കും. യുപി ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമ താവളത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. വ്യോമസേന മേധാവി പരിപാടിയുടെ മുഖ്യാതിഥിയാകും. ഓപ്പറേഷന്‍ സിന്ദൂരില്‍ കരുത്ത് കാട്ടിയ വ്യോമസേനയുടെ പ്രകടനങ്ങള്‍ക്ക് ഹിന്‍ഡന്‍ വ്യോമ താവളം വേദിയാകും. എന്നാല്‍, ഇക്കുറി വ്യോമ അഭ്യാസ പ്രകടനങ്ങള്‍ നവംബറില്‍ ഗുവാഹത്തിയില്‍ ആണ് നടക്കുക.

◾  ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാമെര്‍ ഇന്ത്യയിലെത്തി. മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്റെയും സംസ്ഥാന ഗവര്‍ണറും ചേര്‍ന്ന് സ്വീകരിച്ചു. മുബൈയില്‍ നടക്കുന്ന ആറാമത് ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ മുഖ്യ പ്രഭാഷകനായി പങ്കെടുക്കുന്നത് ബ്രിട്ടിഷ് പ്രധാനമന്ത്രിയാണ്. നാളെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.

◾  അണ്ണാ ഡിഎംകെയിലേക്ക് വിജയ് അടുക്കുന്നതായി സൂചന. വിജയിയെ ഫോണില്‍ വിളിച്ച് എടപ്പാടി പളനിസ്വാമി തിങ്കളാഴ്ച വൈകീട്ട് അര മണിക്കൂര്‍ സംസാരിച്ചു. ഡിഎംകെയെയും എംകെ സ്റ്റാലിനെയും തോല്‍പിക്കാന്‍ ഒന്നിക്കണമെന്ന് വിജയിയോട് ഇ പി എസ്  അഭ്യര്‍ത്ഥിച്ചതായാണ് വിവരം. ഇപിഎസ്സിന്റെ ക്ഷണം വിജയ് തള്ളിയിട്ടില്ലെന്നാണ് സൂചന.

◾  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്ക്ക് എതിരായ ആക്രമണ ശ്രമത്തെ അപലപിച്ച് ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വിഷയത്തില്‍ കടുത്ത നടപടി തന്നെ വേണമെന്ന് അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിനെതിരെ സമൂഹമാധ്യമങ്ങളില്‍ തുടരുന്ന അധിക്ഷേപം, ആക്രമണം ആസൂത്രിതമെന്ന് തെളിയിക്കുന്നതാണെന്നും ഇത് ജുഡീഷ്യറിയെ കീഴടക്കാനുള്ള ശ്രമം എന്നും ജഡ്ജിമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾  ട്രെയിന്‍ കോച്ചുകള്‍ കഴുകുന്നതിനായി ഇന്ത്യന്‍ റെയില്‍വേ ഉയര്‍ന്ന മര്‍ദ്ദമുള്ള ഡ്രോണ്‍ ക്ലീനിംഗ് സംവിധാനങ്ങള്‍ പരീക്ഷിക്കാന്‍ തുടങ്ങി. ഡ്രോണുകളുടെ സഹായത്തോടെ അമൃത് ഭാരത് എക്‌സ്പ്രസ് വൃത്തിയാക്കുന്ന വീഡിയോ റെയില്‍വേ മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ ഇതിലും ചിലവ് കുറഞ്ഞ രീതികള്‍ ട്രെയിനുകള്‍ വൃത്തിയാക്കാനുണ്ടെന്ന് കാണിച്ച് ഏറെ വിമര്‍ശനം ഈ വീഡിയോകള്‍ക്ക് താഴെ പ്രത്യക്ഷപ്പെട്ടു.

◾  ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. പലസ്തീന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് നടത്തിയ മാര്‍ച്ചിനിടെയാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടായത്. സ്റ്റുഡന്റ് യൂണിയന്‍ അംഗങ്ങളും എബിവിപി അംഗങ്ങളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കഫിയ ധരിച്ച വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി.

◾  റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി യുദ്ധത്തില്‍ പോരാടുകയായിരുന്ന ഇന്ത്യക്കാരനെ പിടികൂടിയതായി യുക്രൈന്‍. ഗുജറാത്തിലെ മോര്‍ബി സ്വദേശിയായ 22 വയസ്സുള്ള സാഹില്‍ മുഹമ്മജ് ഹുസ്സൈന്‍ എന്നയാളെ പിടികൂടിയെന്നും ഇയാള്‍ ഇന്ത്യക്കാരനാണെന്നാണ് അവകാശപ്പെടുന്നതെന്നും യുക്രൈന്‍ അറിയിച്ചു. എന്നാല്‍ ഇയാളുടെ കസ്റ്റഡി ഇന്ത്യന്‍ അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

◾  ദീപാവലി ഔദ്യോഗിക സംസ്ഥാന അവധിയായി പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് കാലിഫോര്‍ണിയ. ദീപാവലിക്ക് ഔദ്യോഗിക അവധി അനുവദിക്കുന്ന മൂന്നാമത്തെ അമേരിക്കന്‍ സ്റ്റേറ്റാണ് കാലിഫോര്‍ണിയ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓപ്ഷണല്‍ ലീവ് അനുവദിക്കും. ഗവര്‍ണര്‍ ഗവിന്‍ ന്യൂസോം ഇതു സംബന്ധിച്ച ബില്ലില്‍ ഒപ്പുവെച്ചു.  

◾  ഈജിപ്തില്‍ നടക്കുന്ന ഗാസ സമാധാന ചര്‍ച്ചയില്‍ ഇന്ന് രണ്ടാം വട്ട ചര്‍ച്ച നടക്കാനിരിക്കെ മൂന്ന് ആവശ്യങ്ങള്‍ മുന്നോട്ടുവച്ച് ഹമാസ്. ഇസ്രായേല്‍ സൈന്യം ഗാസയില്‍ നിന്നും പൂര്‍ണമായി പിന്മാറണമെന്നും ഉപാധികള്‍ ഇല്ലാതെ മരുന്നും ഭക്ഷണവും അനുവദിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ സ്ഥിരമായിരിക്കണമെന്ന നിബന്ധനയും ഹമാസ് മുന്നോട്ടുവയ്ക്കുന്നു. ശാശ്വതമായ വെടിനിര്‍ത്തലും ഇസ്രയേലിന്റെ പൂര്‍ണമായ പിന്മാറ്റവും വേണമെന്നാണ് ഹമാസിന്റെ ആവശ്യം. ഗാസയുടെ പുനര്‍നിര്‍മാണം ഉടന്‍ തുടങ്ങണമെന്നും ഇതിന് മേല്‍നോട്ടം വഹിക്കുന്നത് പലസ്തീനികളുടെ നേതൃത്വത്തിലുള്ള സമിതിയാകണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

◾  ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് 90,000 പിന്നിട്ടു. ഇന്നത്തെ വില 90,320 രൂപയാണ്. ഇന്നലത്തേക്കാള്‍ പവന് കൂടിയത് 840 രൂപയാണ് കൂടിയത്. ഇന്നൊരു ഗ്രാം സ്വര്‍ണത്തില്‍ ഉയര്‍ന്നത് 105 രൂപയാണ്. ഗ്രാം വില 11,290 രൂപ. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 90 രൂപ വര്‍ധിച്ച് 9,290 ആയി. വെള്ളിവിലയും അതിവേഗം കുതിക്കുകയാണ്. ഇന്ന് രണ്ടുരൂപ ഉയര്‍ന്ന് 163 രൂപയായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,000 ഡോളര്‍ കടന്നതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും ദൃശ്യമാകുന്നത്. ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് മറികടന്നത്. 2008ല്‍ 1,000 ഡോളറും, 2011ല്‍ 2,000 ഡോളറും എത്തിയ വില 2021ല്‍ 3,000 ഡോളര്‍ പിന്നിട്ടിരുന്നു. വെറും മൂന്നു വര്‍ഷം കൊണ്ട് 1,000 ഡോളറാണ് കൂടിയത്. കേരളത്തിലെ ജനങ്ങളുടെ കൈവശം 2,000 ടണ്ണിലധികം സ്വര്‍ണം ഉണ്ടെന്നാണ് കണക്കാക്കുന്നത്. അഞ്ച് ശതമാനം പണിക്കൂലിയും നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍ എന്നിവയും സഹിതം ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 98,621 രൂപയെങ്കിലും നല്‍കേണ്ടി വരും. പണിക്കൂലി 10 ശതമാനമായാല്‍ ഇത് ഒരു ലക്ഷത്തിനു മുകളിലുമാകും.

◾  പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ അവരുടെ വി സീരീസ് വിപുലീകരിച്ച് പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. വിവോ വി60ഇ എന്ന പേരിലാണ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിയത്. അമോലെഡ് ഡിസ്പ്ലേയുള്ള ഈ സ്മാര്‍ട്ട്ഫോണില്‍ മീഡിയടെക് പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 200എംപി പ്രധാന കാമറയും 6,500 എംഎഎച്ച് ബാറ്ററിയും ഈ സ്മാര്‍ട്ട്ഫോണിലുണ്ട്. മൂന്ന് വര്‍ഷത്തെ ഒഎസ് അപ്ഡേറ്റും അഞ്ച് വര്‍ഷത്തെ സുരക്ഷാ പാച്ച് അപ്ഡേറ്റും സ്മാര്‍ട്ട്ഫോണിന് ലഭിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു. മൂന്ന് വേരിയന്റുകളിലാണ് ഫോണ്‍ വിപണിയില്‍ വരുന്നത്. 8ജിബി+128ജിബി, 8ജിബി+256ജിബി, 12ജിബി+256ജിബി എന്നിവ യഥാക്രമം 29,999 രൂപ, 31,999 രൂപ, 33,999 രൂപ എന്നിങ്ങനെയാണ് വില. എലൈറ്റ് പര്‍പ്പിള്‍, നോബിള്‍ ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാം. വിവോ എക്സ്‌ക്ലൂസീവ് സ്റ്റോറുകളിലും വിവോ പാര്‍ട്ണര്‍ ആയിട്ടുള്ള റീട്ടെയില്‍ സ്റ്റോറുകളിലും ഉപഭോക്താക്കള്‍ക്ക് ഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ബാങ്ക് കാര്‍ഡുകളിലെ ഓഫറുകളും പ്രയോജനപ്പെടുത്താം.

◾  മുഖ്യമന്ത്രി പിണറായി വിജയന്റെയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ജീവിതം വെള്ളിത്തിരയിലേക്ക്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ വിവാദങ്ങളും പിണറായി വിജയന്റെ ബയോപിക്കുമാണ് തെരഞ്ഞെടുപ്പിന് മുന്‍പായി പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നത്. ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ സോളാര്‍ അടക്കമുള്ള വിവാദങ്ങള്‍ ബിഗ് സ്‌ക്രീനിലേക്ക് എത്തിക്കുന്നത് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനാണ്. ഒരു മുഖ്യമന്ത്രി നേരിട്ട പ്രതിസന്ധികള്‍ എന്ന നിലയിലാണ് ഈ സിനിമ അവതരിപ്പിക്കുന്നത്. സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനാണ് ഉമ്മന്‍ ചാണ്ടിയുടെ വേഷത്തിലെത്തുക. അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മനായി നിവിന്‍ പോളിയുമെത്തും. ഉമ്മന്‍ ചാണ്ടിയുടെ കഥയായി നേരിട്ട് അവതരിപ്പിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ബയോപിക്കിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ബയോപിക്കില്‍ നടന്‍ കമല്‍ ഹാസനെയും ഉള്‍പ്പെടുത്തുമെന്നാണ് വിവരം. തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് രാഷ്ട്രീയ സിനിമകള്‍ വരുന്നു എന്നത് രാഷ്ട്രീയ നേതാക്കള്‍ക്കിടയിലും ചര്‍ച്ചയായി മാറിയിട്ടുണ്ട്.

◾  റോഷന്‍ മാത്യുവിനെ നായകനാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്യുന്ന 'ഇത്തിരി നേരം' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വൈശാഖ് ശക്തിയാണ്. റോഷന്‍ മാത്യു നായകനായ ചിത്രത്തില്‍ സെറിന്‍ ശിഹാബ്, നന്ദു, ആനന്ദ് മന്മദന്‍,ജിയോ ബേബി,കണ്ണന്‍ നായര്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അതുല്യ ശ്രീനി, സരിത നായര്‍, ഷൈനു. ആര്‍. എസ്, അമല്‍ കൃഷ്ണ അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂര്‍ മൈത്രേയന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. മാന്‍കൈന്‍ഡ് സിനിമാസ്, എയ്ന്‍സ്റ്റീന്‍ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, എയ്ന്‍സ്റ്റീന്‍ സാക്ക് പോള്‍, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ്. രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

◾  വോള്‍വോയുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ ഇഎക്സ്30 കേരളത്തില്‍ അവതരിപ്പിച്ച് വോള്‍വോ ഇന്ത്യ. ഒക്ടോബര്‍ 19 ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്ക് 39,99,000 രൂപയ്ക്ക് കാര്‍ സ്വന്തമാക്കാം. പരിമിത കാലത്തേക്ക് മാത്രമാണ് ഈ അവസരം. വോള്‍വോയുടെ ഇതുവരെ പുറത്തിറങ്ങിയ ഇലക്ട്രിക് കാറുകളില്‍ ഏറ്റവും കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനത്തോത് ഉള്ള കാറാണ് ഇഎക്സ്30. ഡെനിം, പെറ്റ് ബോട്ടില്‍, അലൂമിനിയം, പിവിസി പൈപ്പുകള്‍ തുടങ്ങിയവ പുനരുപയോഗിച്ചാണ് ഇതിന്റെ ആകര്‍ഷകമായ ഇന്റീരിയര്‍ തയാറാക്കിയിരിക്കുന്നത്. നിര്‍മാണത്തില്‍ സ്‌കാന്‍ഡിനേവിയന്‍ ഡിസൈനുകളും ആധുനിക സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച ഇഎക്സ്30 യൂറോ എന്‍സിഎപി സുരക്ഷാ പരിശോധനയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടിയിട്ടുണ്ട്. വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി കുറയ്ക്കാനായി ഇന്റര്‍സെക്ഷന്‍ ഓട്ടോ-ബ്രേക്ക്, ഡോര്‍ അപ്രതീക്ഷിതമായി തുറക്കുമ്പോള്‍ സംഭവിക്കുന്ന അപകടങ്ങള്‍ തടയാനായി ഡോര്‍ ഓപണ്‍ അലേര്‍ട്ട്, 5 ക്യാമറകള്‍, 5 റഡാറുകള്‍, 12 അള്‍ട്രാസോണിക് സെന്‍സറുകള്‍ എന്നിവ ഉള്‍പ്പടെ നൂതന സേഫ് സ്‌പേസ് ടെക്‌നോളജിയും സുരക്ഷാ ഉപകരണങ്ങളും ഇഎക്സ്30 യിലുണ്ട്. 272 എച്പി പവറും 343 എന്‍എം ടോര്‍ക്കുമാണിതിനുള്ളത്. ഇതിന് മണിക്കൂറില്‍ 180 കിമീ വേഗത കൈവരിക്കാനാകും.

◾  കര്‍ത്തവ്യത്തിനും അഭിലാഷത്തിനും ഇടയില്‍ നട്ടംതിരിയുന്നൊരു ഭാര്യ; വിചാരത്തിനും വികാരത്തിനുമിടയില്‍ വട്ടംകറങ്ങുന്നൊരു ഭര്‍ത്താവ്. തെളിവുറ്റ സത്യസന്ധതയോടെ 'സന്തുഷ്ടകുടുംബ'ത്തിന്റെ വൈകാരിക അന്തഃക്ഷോഭങ്ങള്‍ ഇവിടെ അനാവൃതമാകുന്നു. പുസ്തകം മടക്കിവെക്കുമ്പോഴും ചോദ്യം അലയടിച്ചുകൊണ്ടിരിക്കുന്നു: പ്രണയത്തിന് അടിപതറുമ്പോള്‍ ആരുടെ മേലാണ് പഴിചാരുക? വൈവാഹികജീവിതത്തിന്റെ ലോലമായ അതിര്‍വരമ്പുകളില്‍, പ്രണയവും അസൂയയും ഏകാന്തതയും അഭിമാനവും ഇഴപിരിയുന്ന നോവല്‍. 'ആരുടെ തെറ്റ്?'. സോഫിയ ടോള്‍സ്റ്റോയ്. പരിഭാഷ - സ്മിത മീനാക്ഷി. മാതൃഭൂമി. വില 161 രൂപ.

◾  തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണത്തില്‍ ഏറെ ശ്രദ്ധ വേണം. ഇതിനായി പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. തലമുടി നന്നായി വളരാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. പ്രോട്ടീനും ബയോട്ടിനും വിറ്റാമിനുകളും അടങ്ങിയ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. അയേണും വിറ്റാമിനുകളും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ സഹായിക്കും. വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരുത്തുള്ള മുടി ലഭിക്കാന്‍ സഹായിക്കും. ബയോട്ടിന്‍ അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും. പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ, ബയോട്ടിന്‍, സിങ്ക് എന്നിവ അടങ്ങിയ ബദാം, വാള്‍നട്സ്, ഫ്ളാക്സ് സീഡുകള്‍, ചിയ വിത്തുകള്‍ തുടങ്ങിയവ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ ഗുണം ചെയ്യും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.77, പൗണ്ട് - 119.09, യൂറോ - 103.21, സ്വിസ് ഫ്രാങ്ക് - 110.77, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 58.29, ബഹറിന്‍ ദിനാര്‍ - 235.50, കുവൈത്ത് ദിനാര്‍ -289.51, ഒമാനി റിയാല്‍ - 230.87, സൗദി റിയാല്‍ - 23.67, യു.എ.ഇ ദിര്‍ഹം - 24.16, ഖത്തര്‍ റിയാല്‍ - 24.26, കനേഡിയന്‍ ഡോളര്‍ - 63.62.
Previous Post Next Post
3/TECH/col-right