◾ ആലപ്പുഴയില്‍ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിക്ക് എം ആര്‍ അജിത്കുമാറുമായി വഴിവിട്ട ബന്ധം ഉണ്ടെന്നും അജിത്കുമാര്‍ ചെയ്യുന്നതിന് എല്ലാം കൂട്ട് നില്‍ക്കുന്നത് മുഖ്യമന്ത്രിയാണെന്നുമാണ് വിമര്‍ശനം. കൂടാതെ ആഭ്യന്തര വകുപ്പിനെ ബിനോയ് വിശ്വം സംരക്ഷിക്കുന്നു എന്ന രീതിയിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ധനമന്ത്രി മന്ത്രിമാര്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ പക്ഷഭേദം കാണിക്കുന്നു എന്നും സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ക്ക് പണം ലഭിക്കുന്നില്ല എന്നും വിമര്‍ശനം ഉയര്‍ന്നു. ധനവകുപ്പ് അവഗണിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്ത് ഫണ്ട് വാങ്ങി എടുക്കാനുള്ള ആര്‍ജവം മന്ത്രിമാര്‍ കാണിക്കണം എന്നും വിമര്‍ശനം ഉയര്‍ന്നു.
◾ പൂരംകലക്കല്‍ മുതല്‍ കസ്റ്റഡി മര്‍ദ്ദനങ്ങള്‍ വരെ പൊലീസിനെ വെള്ളപൂശുന്ന സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ആഞ്ഞടിച്ച് സിപിഐ സമ്മേളന പ്രതിനിധികള്‍. ആഭ്യന്തര വകുപ്പിനെ ഇങ്ങനെ തഴുകുന്നത് എന്തിനെന്നും പൊതു ജനത്തിന് അറിയാവുന്ന കാര്യങ്ങളില്‍ പുകമറ എന്തിനെന്നും പൊതു ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു.
◾ പൊലീസ് കസ്റ്റഡി മര്‍ദനത്തില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന ചോദ്യം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി ആരെയാണ് ഭയപ്പെടുന്നതെന്നും, ആഭ്യന്തര വകുപ്പിനെതിരായ ആരോപണത്തിന് മന്ത്രി ശിവന്‍കുട്ടി മറുപടി പറഞ്ഞാല്‍ പോരെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊലീസ് ഗുണ്ടാസംഘത്തിനും ക്രിമിനല്‍ സംഘത്തിനും മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നുവെന്നും അദ്ദേഹം രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തി.
◾ തൃശ്ശൂരില്‍ വീണ്ടും ക്രൂരമായ പൊലീസ് മര്‍ദ്ദന ആരോപണം. ഓട്ടോ ഡ്രൈവറായ അഖില്‍ യേശുദാസന്‍ എന്ന 28കാരനാണ് ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് പോയത് അഖിലാണെന്ന സംശയത്തില്‍ വിളിച്ചുവരുത്തി അന്തിക്കാട് എസ്ഐ ആയിരുന്ന അരിസ്റ്റോട്ടില്‍ ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് അഖില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു മര്‍ദ്ദനം.എസ് ഐ അരിസ്റ്റോട്ടില്‍ സിപിഒ വിനോദ്, മഹേഷ്, എന്നിവര്‍ക്കെതിരെയാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്.
◾ ഫയര്‍ ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്തക്കെതിരെ ആഭ്യന്തരവകുപ്പ് ഉന്നതതല അന്വേഷണം തുടങ്ങി. വിജിലന്‍സ് മേധാവി എന്ന നിലയില്‍ അനുമതിയില്ലാതെ അന്വേഷണ ഉത്തരവുകള്‍ പുറത്തിറക്കിയെന്ന പരാതിയില്‍ ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് രഹസ്യ അന്വേഷണം. സര്‍ക്കാരിന് അനഭിമതനായ യോഗേഷ് ഗുപ്തയെ വിജിലന്‍സിന്റെ ചുമതലയില്‍ നിന്നും മാറ്റിയിരുന്നു.
◾ മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജി. ഇതിനായി പരിശോധന നടത്തണമെന്നും അന്താരാഷ്ട്ര ഏജന്‍സിയെ കൊണ്ട് പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഡാം സുരക്ഷിതമാണെന്ന റിപ്പോര്‍ട്ട് തെറ്റാണെന്നും ഇതിന് തെളിവുകള്‍ ഉണ്ടെന്നും ഹര്‍ജിക്കാര്‍ പറയുന്നു.
◾ മണ്ണുത്തി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ഏഴ് സഹകരണ ബാങ്കുകളിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന് ഏരിയാ കമ്മിറ്റിയില്‍ നിന്ന് തന്നെ തരം താഴ്ത്തിയെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞ് സിപിഎം പ്രാദേശിക നേതാവ്. നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം നിബിന്‍ ശ്രീനിവാസനാണ് ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം, നിബിന്റെ ആരോപണം പാര്‍ട്ടി തള്ളി. ക്രമക്കേടുണ്ടായിട്ടില്ലെന്നാണ് സിപിഎം വിശദീകരണം.
◾ തന്റെ 'വൈഫ് ഇന്‍ ചാര്‍ജ്' പരാമര്‍ശം സമസ്ത മുശാവറയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും സമസ്ത നേതാവ് ഡോ. ബഹാവുദ്ദീന്‍ നദ്വി. താന്‍ അധിക്ഷേപിച്ചുകൊണ്ട് പ്രസംഗത്തില്‍ സംസാരിച്ചുവെന്ന് തെളിയിക്കാന്‍ കഴിയില്ല. ദുഷ്ടലാക്കോട് കൂടി ചിലര്‍, താന്‍ പറഞ്ഞത് വിവാദമാക്കുകയായിരുന്നു. തന്റെ വിമര്‍ശനം ചിലര്‍ക്ക് പൊള്ളിയെന്നും മന്ത്രിമാരെ മാത്രം അല്ല പറഞ്ഞതെന്നും ഉദ്യോഗസ്ഥര്‍ എന്നാണ് ആദ്യം പറഞ്ഞതെന്നും എന്നിട്ടും ചിലര്‍ ആ രീതിയില്‍ പ്രസ്താവനയെ വളച്ചൊടിച്ചുവെന്നും ബഹാവുദ്ദീന്‍ നദ്വി പറഞ്ഞു.
◾ കെ.ടി. ജലീലിന്റെ ആരോപണത്തിന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്. നാണം കേട്ട് രാജിവെച്ചതിലെ പക മാത്രമല്ല കെ ടി ജലീലിന് ഉള്ളതെന്നും മന്ത്രി ആയപ്പോള്‍ നടത്തിയ മറ്റൊരു ഗുരുതര അഴിമതി പുറത്തു വരാന്‍ പോകുന്നു എന്നതിലെ വെപ്രാളമാണ് ജലീല്‍ കാണിക്കുന്നതെന്നും ഫിറോസ് പറഞ്ഞു. നിയമവിരുദ്ധമായ ബിസിനസ് താന്‍ നടത്തിയില്ലെന്നും അതേസമയം തനിക്ക് അമേരിക്കന്‍,യുകെ ബിസിനസ് വിസ ഉണ്ടെന്നും പല സ്ഥലങ്ങളിലും ബിസിനസ് നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
◾ ആറ് പേര്‍ക്ക് പുതുജീവന്‍ നല്‍കി കൊട്ടാരക്കര സ്വദേശിയായ ഐസക്ക്. കൊട്ടാരക്കര സ്വദേശിയും ഹോട്ടലുടമയുമായ ഐസക്ക് ജോലി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന സമയത്താണ് എതിരെ വന്ന വാഹനമിടിച്ച് പരിക്കേല്‍ക്കുന്നത് തുടര്‍ന്ന് മസ്തിഷ്‌ക്ക മരണം സംഭവിക്കുകയായിരുന്നു. ഐസക്കിന്റെ ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിന്‍ ഏലിയാസിന് നല്‍കുന്നത്. ഐസക്കിന്റെ ആറ് അവയവങ്ങളാണ് 6 പേര്‍ക്ക് പുതുജീവന്‍ നല്‍കുക.
◾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം കെ മുനീറിന്റെ ആരോഗ്യനിലയില്‍ പുരോഗതി. രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മുനീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പരോക്ഷമായി പരിഹസിച്ച് മന്ത്രി വി. ശിവന്‍കുട്ടിയും ബിജെപി നേതാവ് പത്മജാ വേണുഗോപാലും. ഉറങ്ങാന്‍ പാരസെറ്റമോളും സിട്രിസിനും കഴിച്ചാണ് താന്‍ കിടക്കുന്നതെന്നും കടുത്ത മാനസികസംഘര്‍ഷത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും രാഹുല്‍ പറയുന്നതിന്റെ ഓഡിയോ കഴിഞ്ഞദിവസം രാഹുല്‍ ഈശ്വര്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ശിവന്‍കുട്ടിയും പത്മജയും പരിഹാസവുമായെത്തിയത്.
◾ ആരോഗ്യ വകുപ്പിനെതിരെ മുന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍. ആരോഗ്യ മേഖലയില്‍ കേരളം ഒന്നാമതെന്ന തള്ള് അപകടകരമെന്ന് രാജീവ് സദാനന്ദന്‍ വിമര്‍ശിച്ചു. ആരോഗ്യ സംവിധാനം ഇപ്പോഴും പ്രാകൃത അവസ്ഥയിലാണെന്നും ഡെങ്കിപ്പനി നിയന്ത്രിക്കാന്‍ കഴിയാത്തതും നിപ്പയുടെ ഉറവിടം കണ്ടെത്താന്‍ സാധിക്കാക്കത്തും നാണക്കേടാണന്നും രാജീവ് സദാനന്ദന്‍ കുറ്റപ്പെടുത്തി.
◾ ഈ മാസം 20 ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിന് അപ്രഖ്യാപിത നിയന്ത്രണം എന്ന് പരാതി. 19, 20 തീയതികളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താന്‍ കഴിയുന്നില്ലെന്നും ഭക്തരെ തടഞ്ഞാല്‍ ശക്തമായി പ്രതിഷേധിക്കുമെന്നും ഹൈന്ദവ സംഘടനകള്‍ വ്യക്തമാക്കി. എന്നാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ബോര്‍ഡിന്റെ വിശദീകരണം.
◾ ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണ്ണപ്പാളി ഇളക്കിയ നടപടിയില്‍ ബോര്‍ഡ് തെറ്റ് ചെയ്തെന്ന മട്ടിലാണ് പ്രചാരണം നടക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ദേവസ്വം തന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണപ്പാളി നീക്കിയതെന്നും, ഒരു സുപ്രഭാതത്തില്‍ എടുത്ത തീരുമാനമല്ല എന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലേക്ക് സ്വര്‍ണപ്പാളി കൊണ്ടുപോയത് നടപടി ക്രമം പാലിച്ചാണ് ആചാരങ്ങള്‍ പാലിക്കാനാണ് ബോര്‍ഡ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
◾ റാപ്പര്‍ വേടനെതിരെ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വേടന്റെ സഹോദരന്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നും അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് ആവശ്യം. വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും വേടന്റെ വാക്കുകളെ നിശബ്ദമാക്കാനാണ് ഇതിലൂടെ ശ്രമമെന്നുമാണ് പരാതിയില്‍ പറയുന്നത്.
◾ കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.എഫ്.ഇ ക്ക് സ്വദേശ് സമ്മാന്‍ ദേശീയ പുരസ്‌കാരം. കേന്ദ്ര ടൂറിസം- സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ആറാമത് സ്വദേശി കോണ്‍ക്ലേവില്‍ കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ ശ്രീ. വരദരാജന്‍, മാനേജിങ് ഡയറക്ടര്‍ ഡോ. എസ്.കെ. സനില്‍ എന്നിവര്‍ക്ക് സ്വദേശ് സമ്മാന്‍ പുരസ്‌ക്കാരം കൈമാറി. ഒരു ലക്ഷം കോടി രൂപ ബിസിനസ് നേടുന്ന രാജ്യത്തെ ആദ്യ എം.എന്‍.ബി.സി എന്ന നേട്ടത്തിനു പിന്നാലെയാണ് ദേശീയ പുരസ്‌ക്കാരം കെഎസ്എഫ്ഇയെ തേടിയെത്തിയത്. വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ലഭിക്കുന്ന ദേശീയ ബഹുമതിയാണ് 'സ്വദേശ് സമ്മാന്‍' പുരസ്‌കാരം.
◾ ഇസ്ലാമിക ഗ്രന്ഥമായ ഖുറാന്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കി കാസര്‍കോട് മേല്‍പ്പറമ്പ് ചളിയങ്കോട് സ്വദേശിയായ 17കാരി. 75 ദിവസം കൊണ്ടാണ് മേല്‍പ്പറമ്പ് സ്വദേശിയായ ഫാത്തിമത്ത് മുഫീദ ഖുര്‍ആന്‍ കൈയെഴുത്ത് പ്രതി തയ്യാറാക്കിയത്. കാസര്‍കോട് മേല്‍പ്പറമ്പ് ചളിയങ്കോട് സ്വദേശി മുഹമ്മദ്കുഞ്ഞിയുടേയും സാബിറയുടേയും മകള്‍ ഫാത്തിമത്ത് മുഫീദ കാലിഗ്രാഫി വരച്ച് മനോഹരമാക്കിയാണ് താളുകള്‍ ഒരുക്കിയിരിക്കുന്നത്.
◾ പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ പൊലീസ് കേസ്. കൊല്ലം അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസിലെ കായിക അധ്യാപകന്‍ റാഫിക്കെതിരെയാണ് അഞ്ചാലുംമൂട് പൊലീസ് കേസെടുത്തത്. സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയെ തടഞ്ഞുവെച്ച് താക്കോല്‍ കൊണ്ട് മര്‍ദിച്ചെന്നാണ് കേസ്. സംഭവത്തില്‍ അധ്യാപകനെ അന്വേഷണ വിധേയമായി വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു.
◾/ പാലക്കാട് പുതുപ്പരിയാരത്ത് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അനൂപിനെയും ബന്ധുക്കളെയും ഇന്നും പോലീസ് ചോദ്യം ചെയ്യും. ഇന്നലെ രാവിലെയാണ് മാട്ടുമന്ത സ്വദേശിനി മീരയെ ഭര്‍ത്താവ് അനൂപിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇരുവരുടെയും രണ്ടാം വിവാഹമാണ്.
◾ കോഴിക്കോട് കോണാട് സ്വദേശി അസീമിന്റെ അസ്വാഭാവിക മരണത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പൊലീസ്. അസീമിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം ആറാം തീയതിയാണ് കോണോട് ബീച്ച് സ്വദേശിയായ 40കാരന്‍ അസീമിന് വീട്ടില്‍ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഖബര്‍സ്ഥാനില്‍ വെച്ച് തന്നെ ഫോറന്‍സിക് സര്‍ജന്‍ ഉള്‍പ്പെടെയുള്ളവര്‍ മൃതദേഹം പരിശോധിക്കും.
◾ ഉപരാഷ്ട്രതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്ത് ഒരുമയില്ലെന്ന് സിപിഎം. ചിലര്‍ വോട്ടുകള്‍ മനപൂര്‍വ്വം അസാധുവാക്കിയെന്നും വോട്ടു ചോര്‍ച്ച നിരാശാജനകമെന്നും സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 324 വോട്ടുകളാണ് ഇന്ത്യ സഖ്യം പ്രതീക്ഷിച്ചത്. എന്നാല്‍ ബി. സുദര്‍ശന്‍ റെഡ്ഡിക്ക് കിട്ടിയത് മുന്നൂറ് വോട്ടുകള്‍ മാത്രമാണ്. ചില ചെറിയ പാര്‍ട്ടികളെ കേന്ദ്രസര്‍ക്കാര്‍ സ്വാധീനിച്ചുവെന്നും, ചില എംപിമാര്‍ ബാലറ്റ് മനപ്പൂര്‍വം അസാധുവാക്കിയെന്നും നേതാക്കള്‍ സംശയിക്കുന്നു.
◾ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എംപിമാരെ കൂറുമാറ്റാന്‍ 20 കോടിവരെ ചിലവഴിച്ചതായി വിവരമുണ്ടെന്ന് ടിഎംസി ജന സെക്ര അഭിഷേക് ബാനര്‍ജി ആരോപിച്ചു. എംപിമാരെ വിലയ്ക്കുവാങ്ങാമെന്നും ജനങ്ങളെ വിലയ്ക്കുവാങ്ങാന്‍ സാധിക്കില്ലെന്നും ടിഎംസി എംപിമാര്‍ എല്ലാവരും സുദര്‍ശന്‍ റെഡ്ഡിക്ക് തന്നെയാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ബെംഗളൂരുവിലെ മെട്രോ സ്റ്റേഷന് സെന്റ് മേരിയുടെ പേര് നല്‍കാനുള്ള നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പിങ്ക് ലൈനിലെ ശിവാജിനഗര്‍ സ്റ്റേഷന് സെന്റ് മേരിയുടെ പേര് നല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. സെന്റ് മേരീസ് ബസിലിക്കയിലെ വാര്‍ഷിക തിരുനാളില്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോക്കാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്.
◾ ടിഎംസിക്കെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങളുന്നയിക്കുന്നതില്‍ പ്രതിപക്ഷം മത്സരിക്കുകയാണെന്നും സ്വന്തം എംപിമാരെ കുറിച്ചാണ് അസംബന്ധം വിളിച്ചു പറയുന്നതെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല പറഞ്ഞു.
◾ ആര്‍എസ്എസ് അനുകൂല വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപി നടത്തുന്ന രഥയാത്ര കോണ്‍ഗ്രസ് നേതാവായ കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര ഉദ്ഘാടനം ചെയ്തതിനെ ചൊല്ലി പുതിയ വിവാദം. തുംകുരു ജില്ലയിലെ തിപ്തൂരില്‍ സംഘടിപ്പിച്ച പരിപാടിയാണ് ഇദ്ദേഹം ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ മാസം നിയമസഭയില്‍ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ആര്‍എസ്എസ് ഗണഗീതം ചൊല്ലിയത് വിവാദമായതിന് പിന്നാലെയാണ് ഈ സംഭവം.
◾ വജ്ര കിരീടവും വജ്രമാലയും സ്വര്‍ണവാളും മൂകാംബിക ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് സംഗീത സംവിധായകന്‍ ഇളയരാജ. കൊല്ലൂര്‍ മൂകാംബികാദേവിക്കും വീരഭദ്രസ്വാമിക്കും എട്ടുകോടി രൂപ വിലവരുന്ന വജ്രമുള്‍പ്പെടുന്ന സ്വര്‍ണ മുഖരൂപവും വാളുമാണ് ഇളയരാജ സമര്‍പ്പിച്ചത്. ബുധനാഴ്ച രാവിലെ കൊല്ലൂരിലെത്തിയ ഇളയരാജ ക്ഷേത്രദര്‍ശനം നടത്തിയശേഷം ആഭരണം കൊല്ലൂര്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുകയായിരുന്നു.
◾ പ്രശസ്ത കന്നട സംവിധായകനെതിരെ സ്ത്രീധന പീഡനത്തിന് കേസ്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ എസ്. നാരായണിനെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മരുമകള്‍ പവിത്രയുടെ പരാതിയിലാണ് കേസ്. ഭര്‍ത്താവ് പവനും മാതാപിതാക്കളും ചേര്‍ന്ന് വീട്ടില്‍നിന്ന് അടിച്ചിറക്കി എന്ന് പവിത്ര ആരോപിച്ചു. ആവശ്യപ്പെട്ട പണം നല്‍കാത്തതിന് ക്രൂരമായി ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു.
◾ സിങ്കപ്പൂരിലേക്ക് പോകാന്‍ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ കയറിയ യാത്രക്കാരെ രണ്ട് മണിക്കൂറിന് ശേഷം തിരിച്ചിറക്കി. എന്നാല്‍ എയര്‍ ഇന്ത്യ ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
◾ ജന്മദിനത്തില്‍ ആര്‍എസ്എസ് മേധാവിയെ പുകഴ്ത്തി നരേന്ദ്ര മോദി. മോഹന്‍ ഭാഗവത് 'വസുധൈവ കുടുംബകത്തിന്റെ പ്രതീകമെന്നും കഠിനാദ്ധ്വാനിയായ സര്‍സംഘചാലക് എന്നും മോദി പ്രശംസിച്ചു. മോഹന്‍ ഭാഗവതിന്റേത് സാഹോദര്യവും സമത്വവും ശക്തമാക്കുന്ന നയം എന്നും മോദി പറഞ്ഞു. മോഹന്‍ ഭാഗവതിന് 75 വയസ്സ് പൂര്‍ത്തിയായ ദിനത്തിലാണ് മോദിയുടെ ആശംസ.
◾ ഉത്തരാഖണ്ഡിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശിക്കും. മണ്ണിടിച്ചിലുണ്ടായ ഉത്തരകാശി, ചമോലി ജില്ലകളില്‍ മോദി വ്യോമ നിരീക്ഷണം നടത്തും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുമായി കൂടിക്കാഴ്ച നടത്തുന്ന മോദി സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കും എന്നാണ് സൂചന.
◾ പാക് നയതന്ത്രജ്ഞന്‍ അമീര്‍ സുബൈര്‍ സിദ്ധിഖിക്കെതിരെ ചെന്നൈ കോടതി സമന്‍സ് പുറപ്പെടുവിച്ചു. ഒക്ടോബര്‍ 15ന് ചെന്നൈ കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ഇയാള്‍ ഇന്ത്യയിലെ യുഎസ്, ഇസ്രായേല്‍ കോണ്‍സുലേറ്റ് അടക്കം ആക്രമിക്കാന്‍ പദ്ധതിയിട്ടുവെന്നും നോട്ടീസില്‍ പറയുന്നു. തമിഴ്നാട്ടിലെ പത്രങ്ങളില്‍ കോടതി ഇത് സംബന്ധിച്ച് പരസ്യവും നല്‍കിയിരുന്നു. ഇയാളുടെ കറാച്ചിയിലെ വിലാസം അടക്കം വിവരങ്ങള്‍ നോട്ടീസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
◾ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ സൈന്യത്തില്‍ ചേരുന്നതിനെതിരേ ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം. ഈയടുത്ത് റഷ്യന്‍ സൈന്യത്തിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചും വിഷമതകളെക്കുറിച്ചും കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പലവട്ടം സര്‍ക്കാര്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണെന്നും വിദേശകാര്യ സെക്രട്ടറി രണ്‍ദീപ് ജയ്‌സ്വാള്‍ എക്‌സില്‍ പങ്കുവെച്ച പ്രസ്താവനയില്‍ അറിയിച്ചു.
◾ നേപ്പാളില്‍ ഇടക്കാല സര്‍ക്കാരിനെ ആര് നയിക്കുമെന്നതില്‍ അന്തിമ ധാരണയായില്ല. സര്‍ക്കാരിന്റെ തലപ്പത്ത് മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയോ കാഠ്മണ്ഡു മേയര്‍ ബലേന്ദ്ര ഷായോ എന്നതില്‍ ഇനിയും പ്രക്ഷോഭകര്‍ക്കിടയില്‍ ധാരണയായിട്ടില്ല. അതേസമയം ഇടക്കാല പ്രധാനമന്ത്രി പദത്തിലേക്ക് സുശീല കര്‍ക്കിയെ ബലേന്ദ്ര ഷാ പിന്തുണച്ചു. ഇക്കാര്യത്തില്‍ അനിശ്ചിതത്വം ഒഴിവാക്കി എത്രയും വേഗം സമവായത്തിലെത്താന്‍ സൈന്യം നിര്‍ദേശം നല്‍കി.
◾ കുവൈത്തില്‍ മംഗഫ് പ്രദേശത്ത് അനധികൃത മദ്യ ഫാക്ടറി കണ്ടെത്തി അധികൃതര്‍.സാല്‍മിയ ഇന്‍വെസ്റ്റിഗേഷന്‍സ് യൂണിറ്റിന് കീഴിലുള്ള ഹവല്ലി ഗവര്‍ണറേറ്റിലെ അന്വേഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തിയ ഓപ്പറേഷനിലാണ് മദ്യ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തിയത്.ഇതുമായി ബന്ധപ്പെട്ട് മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തു.
◾ രാസവസ്തു കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രണ്ട് ഏഷ്യന്‍ പ്രവാസികളെ കുവൈത്തിലെ ജഹ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷമദ്യമാണോ ഇവര്‍ കുടിച്ചതെന്ന സംശയവുമുണ്ട്. ഒരേ രാജ്യക്കാരും ഒരുമിച്ച് താമസിക്കുന്നവരുമായ 25ഉം 26ഉം വയസ്സുള്ള പ്രവാസികളെയാണ് രാവിലെ എട്ട് മണിയോടെ കോമ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
◾ ഇസ്രായേലിന്റെ ആക്രമണത്തിന് ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നിച്ച് മറുപടി നല്‍കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ ബിന്‍ റഹ്‌മാന്‍ ജാസിം അല്‍ താനി അറിയിച്ചു. പ്രതികരണം എന്താക്കണമെന്നതില്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേല്‍ ബുള്ളിയിങ് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുമന്നും അര്‍ത്ഥവത്തായ നടപടി ഉണ്ടാകുമെന്നാണ് ഖത്തറിന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ഇസ്രയേല്‍ ഖത്തറില്‍ വ്യോമാക്രമണം നടത്തിയ വാര്‍ത്ത പുറത്തുവന്നതോടെ കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയില്‍ വില. ബ്രെന്റ് ക്രൂഡ് ഓയില്‍ 37 സെന്റ് അഥവാ 0.6 ശതമാനം ഉയര്‍ന്ന് ബാരലിന് വില 66.39 ഡോളറിലെത്തി. യു.എസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ ബാരലിന് 62.63 ഡോളറിലെത്തി. മിഡില്‍ ഈസ്റ്റില്‍ നിലവിലെ സാഹചര്യങ്ങളില്‍ സംഘര്‍ഷം വര്‍ധിക്കുമെന്ന ആശങ്കയാണ് വിപണിയെ ബാധിച്ചത്.
◾പന്നിയിറച്ചി, മദ്യം, ലോട്ടറി ടിക്കറ്റുകള്‍ എന്നിവ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ വീഡിയോയെ തുടര്‍ന്ന്, ടെക്സാസില്‍ ശരിയത്ത് നിയമം നിരോധിച്ചുകൊണ്ട് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ഉത്തരവിട്ടു. ചൊവ്വാഴ്ചയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. 'ശരിയത്ത് നിയമം അടിച്ചേല്‍പ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് ഉടന്‍ തന്നെ പ്രാദേശിക നിയമ നിര്‍വ്വഹണ ഏജന്‍സികളെയോ ടെക്സാസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റിയെയോ അറിയിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
◾ മെക്സിക്കോ സിറ്റിയിലെ ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് റോഡിലുണ്ടായിരുന്ന 30 കാറുകള്‍ കത്തിനശിച്ചു. 3 പേര്‍ കൊല്ലപ്പെട്ട ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുള്ളത് 70 പേര്‍ക്കാണ്. ഗുരുതരമായി പരിക്കേറ്റവരില്‍ നവജാത ശിശുവും 2 വയസ് പ്രായമുള്ള കുഞ്ഞും ടാങ്കറിന്റെ ഡ്രൈവറുമാണുള്ളത്. മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയിലാണ് അധികൃതരുള്ളത്.
◾ ഇന്ത്യ - പാകിസ്ഥാന്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരം നടക്കട്ടെയെന്ന് സുപ്രീം കോടതി. മത്സരം റദ്ദാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പ്രതികരണം. ഹര്‍ജി നാളെത്തന്നെ പരിഗണിക്കണം എന്ന ആവശ്യം അംഗീകരിച്ചില്ല. ഞാറാഴ്ച്ചയാണ് മത്സരം. പൂനെയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനായ കേതന്‍ തിരോദ്കറാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
◾ 2022 ലോകകപ്പ് നേടിയതിനു പിന്നാലെ സ്വന്തമാക്കിയ ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനം അര്‍ജന്റീനയ്ക്ക് നഷ്ടമാവുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനോട് തോല്‍വി നേരിട്ടതാണ് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായത്. ഈമാസം പതിനെട്ടിന് ഫിഫ പുറത്തിറക്കുന്ന റാങ്കിംഗില്‍ അര്‍ജന്റീന മൂന്നാം സ്ഥാനത്തേക്ക് വീഴും. സ്‌പെയ്ന്‍ ഒന്നാം റാങ്കിലേക്ക് കുതിക്കുമ്പോള്‍ ഫ്രാന്‍സ് ആയിരിക്കും രണ്ടാം സ്ഥാനത്ത്.
◾ പ്രമുഖ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്രയിലെ നിക്ഷേപം പൂര്‍ണമായി വിറ്റഴിക്കാന്‍ ജപ്പാനീസ് ധനകാര്യ സ്ഥാപനമായ സുമിറ്റോമോ മിറ്റ്‌സൂയി ബാങ്കിംഗ് കോര്‍പറേഷന്‍. മുംബൈ ആസ്ഥാനമായ യെസ് ബാങ്കിന്റെ 25 ശതമാനത്തിനടുത്ത് ഓഹരികള്‍ വാങ്ങാന്‍ സുമിറ്റോമോ മിറ്റ്‌സൂയിക്ക് അടുത്തിടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) അനുമതി നല്കിയിരുന്നു. കൊട്ടക് മഹീന്ദ്രയിലുള്ള 1.65 ശതമാനം അല്ലെങ്കില്‍ 32.8 മില്യണ്‍ ഓഹരികളാണ് സുമിറ്റോമോ മിറ്റ്‌സൂയി ബ്ലോക്ഡീലിലൂടെ വിറ്റൊഴിവാക്കുന്നത്. 14,000 കോടി രൂപയ്ക്കടുത്ത് ഓഹരി വാങ്ങുന്നതിനായി സുമിറ്റോമോ മിറ്റ്‌സൂയി ചെലവഴിക്കും. യെസ് ബാങ്കില്‍ ഏറ്റവും കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 13.19 ശതമാനം ഓഹരികള്‍ സുമിറ്റോമോ മിറ്റ്‌സൂയി വാങ്ങും. കൂടാതെ ആക്‌സിസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ബന്ധന്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവരുടെ കൈവശമുള്ള 6.81 ശതമാനം ഓഹരികളും ജപ്പാനീസ് ധനകാര്യ സ്ഥാപനം വാങ്ങും. യെസ് ബാങ്കിലെ ഏറ്റവും വലിയ ഓഹരിയുടമകളായാലും പ്രമോട്ടര്‍ റോളിലേക്ക് സുമിറ്റോമോ മിറ്റ്‌സൂയിക്ക് വരാന്‍ സാധിക്കില്ല.
◾ സാംസങ് ഗാലക്സി എ17 ഫൈവ് ജി വിപണിയില്‍ പുറത്തിറക്കി. കമ്പനിയുടെ ഏറ്റവും മെലിഞ്ഞതും ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ളതുമായ എ.ഐ അധിഷ്ഠിത ഫോണാണിത്. 5ജി കണക്റ്റിവിറ്റിയും മികച്ച ഫീച്ചറുകളും ഇതിന്റെ വലിയ പ്രത്യേകതകളാണ്. ഒ.ഐ.എസ് കാമറയാണ് മറ്റൊരു പ്രത്യേകത. നീല, ചാര, കറുപ്പ് എന്നി മൂന്ന് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമായിട്ടുളത്. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് ഗാലക്സി എ17 നുള്ളത്. ജെമിനി ലൈവ് എ.ഐ ഫീച്ചറാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. നോ-ഷേക്ക് കാം എന്നറിയപ്പെടുന്ന ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഉള്ള 50 എം.പി പ്രധാന കാമറയാണ് ഇതില്‍ വരുന്നത്. 5 എം.പി അള്‍ട്രാ-വൈഡ് ലെന്‍സും മാക്രോ ലെന്‍സും ഇതില്‍ ഉള്‍പ്പെടുന്നു. 5000 എം.എ.എച്ച് ബാറ്ററിയുള്ള അഞ്ച് എന്‍.എം എക്സിനോസ് 1330 പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. 25 ഡബ്ല്യൂ ഫാസ്റ്റ് ചാര്‍ജിങ്ങുമുണ്ട്. 18,999 ന് 6 ജിബി റാമും 128 ജിബി സ്റ്റോറേജും 20,499 ന് 8 ജിബി റാമും 128 ജിബി സ്റ്റോറേജും 23,499 രൂപക്ക് 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണുകളാണ് ലഭിക്കുക.
◾ ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ ഷറഫുദീനും, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം 'പെറ്റ് ഡിറ്റക്ടീവ്' ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. 'തേരാ പാരാ ഓടിക്കോ' എന്ന വരികളോടെയുള്ള ഒരു അനിമേഷന്‍ ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. കുട്ടികളെ ഏറെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഈ ഗാനത്തില്‍ മനോഹരമായ അനിമേഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. അദ്രി ജോയ് വരികള്‍ രചിച്ച ഗാനത്തിന് ഈണം പകര്‍ന്നത് രാജേഷ് മുരുകേശന്‍. നിള രാജ്, ചിന്മയി കിരണ്‍ലാല്‍, സമന്വിത ശരത്ത്, അഭിരാം കൃഷ്ണപ്രഭു എന്നിവര്‍ അടങ്ങിയ കിഡ്സ് കോറസിനൊപ്പം അദ്രി ജോയ് കൂടി ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. സംവിധായകന്‍ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് ചിത്രം രചിച്ചത്. എഐ സങ്കേതിക വിദ്യ കൂടി ഉപയോഗിച്ചാണ് ഇന്ന് റിലീസ് ചെയ്ത ഗാനം ഒരുക്കിയിരിക്കുന്നത്. അനന്തു ഷാല്‍ജന്‍, അരുണ്‍ സജീവ് എന്നിവര്‍ ചേര്‍ന്നാണ് എഐ ദൃശ്യങ്ങള്‍ ഒരുക്കിയത്.
◾ പാര്‍വതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തില്‍ എത്തുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പാര്‍വതിയും വിജയരാഘവനുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. 11 ഐക്കണ്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വ നിര്‍മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പാര്‍വതിക്കും വിജയരാഘവനും പുറമെ, മാത്യു തോമസും ചിത്രത്തിലെ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിദ്ധാര്‍ഥ് ഭരതന്‍, ഉണ്ണിമായ, അസീസ് നെടുമങ്ങാട് തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങള്‍ കൂടി ചിത്രത്തില്‍ അണിചേരും. ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ത്രില്ലര്‍ സിനിമയുടെ തിരക്കഥ നിര്‍വഹിക്കുന്നത് പി. എസ്.സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേര്‍ന്നാണ്. 'ലോക' എന്ന സിനിമക്ക് ശേഷം ചമന്‍ ചാക്കോ എഡിറ്റിങ്ങും 'രേഖാചിത്രം' എന്ന സിനിമക്ക് ശേഷം അപ്പു പ്രഭാകര്‍ ക്യാമറയും മുജീബ് മജീദ് സംഗീതവും നിര്‍വഹിക്കുന്നു.
◾ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഒക്ടാവിയ ആര്‍എസ് മോഡല്‍ നവംബര്‍ ആദ്യം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. മുമ്പ് പ്രാദേശികമായി അസംബിള്‍ ചെയ്ത സ്റ്റാന്‍ഡേര്‍ഡ് ഒക്ടാവിയയില്‍ നിന്ന് വ്യത്യസ്തമായി, ആര്‍എസ് സെഡാന്‍ പൂര്‍ണ രൂപത്തില്‍ രാജ്യത്തേക്ക് കൊണ്ടുവരും. ശക്തമായ പെര്‍ഫോമന്‍സിന്റെ പേരിലാണ് സ്‌കോഡ ഒക്ടാവിയ ആര്‍എസ് അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്നത്. 261 ബിഎച്ച്പിയും 370 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍, ടിഎസ്ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. കൂടാതെ ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നു. വെറും 6.6 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയുന്നതാണ് ഇതിന്റെ എന്‍ജിന്‍ കപാസിറ്റി. 250 കിലോമീറ്റര്‍ ആണ് പരമാവധി വേഗം. ഗ്ലോസ് ബ്ലാക്ക് ആക്സന്റുകള്‍, ഹണികോമ്പ് മെഷ് ഗ്രില്‍, വലിയ അലോയ് വീലുകള്‍, വ്യത്യസ്തമായ ബോഡി കിറ്റ് തുടങ്ങിയ സ്പോര്‍ട്ടി സ്‌റ്റൈലിങ് ടച്ചുകള്‍ സാധാരണ ഒക്ടാവിയയില്‍ നിന്ന് ആര്‍എസിനെ വേറിട്ടുനിര്‍ത്തുന്നു.
◾ ആഴക്കാഴ്ചകളെ വെളിവാക്കുന്ന ജലത്തിന്റെ നൈര്‍മല്യം പോലെയാണ് ഈ നോവലിലെ ഭാഷാരീതി. വായനക്കാരിലേക്ക് ഇതിലെ കഥാപാത്രങ്ങള്‍ സര്‍വഭാവമഹിമകളോടും പ്രത്യക്ഷപ്പെടുന്നു. വിമല്‍ വിനോദിന്റെ ഈ നോവല്‍ ഭാഷ അതി വൈകാരികതയിലേക്ക് വഴുതിപ്പോകുന്നില്ല. ധൈഷിണികമായ ഒരു നിര്‍മ്മമത പാലിക്കുന്നു എന്നത് ഈ നോവലിന് ഗാീഭീര്യം നല്‍കുന്നു. സമീപകാലത്തുണ്ടായ മികച്ച നോവലുകളുടെ നിരയിലേക്ക് ഈ കൃതി ഉയരുന്നതിന്റെ കാരണം അതാണ്. പള്‍പ്പ് ഫിക്ഷനുകള്‍ പെരുകുന്ന കാലത്ത് അതിനെതിരെ സഞ്ചരിക്കുന്നു ഈ എഴുത്തുകാരന്‍. 'തലയോട്ടിപ്പറമ്പിലെ സഹോദരങ്ങള്‍'. വിമല്‍ വിനോദ്. കൈരളി ബുക്സ്. വില 247 രൂപ.
◾ ഹോട്ടലുകളില്‍ പോകുമ്പോള്‍ കൈ കഴുകിയ ശേഷം ഉണങ്ങാന്‍ ഹാന്‍ഡ് ഡ്രയര്‍ ഉപയോഗിക്കുന്ന ശീലം നിങ്ങളെ നിത്യ രോഗിയാക്കാമെന്ന് പഠനം. ഹാന്‍ഡ് ഡ്രയറില്‍ നിന്ന് വരുന്ന ശക്തമായ ചൂടു വായു ടോയ്ലറ്റ് ഉള്‍പ്പെടെയുള്ള ഫ്‌ളഷ് എയറോസോളുകളില്‍ നിന്നുള്ള മലിനമായ വായു വലിച്ചെടുത്ത് പുനര്‍വിതരണം ചെയ്യുന്നു. ഇത് സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ കൈകളിലേക്ക് മാരകമായ ബാക്ടീരികളും രോഗാണുക്കളും വ്യാപിക്കാന്‍ കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു. കണക്റ്റിക്കട്ട് സര്‍വകലാശാലയിലും ക്വിന്നിപിയാക്ക് സര്‍വകലാശാലയിലും നടത്തിയ ഒരു പഠനത്തില്‍ ഡ്രയറുകള്‍ക്കടിയില്‍ ഒരു പ്രത്യേക പ്ലേറ്റ് സ്ഥാപിച്ച് 30 സെക്കന്‍ഡ് നേരം നടത്തിയ പരീക്ഷണത്തില്‍ 254 ബാക്ടീരിയ കോളനികള്‍ കണ്ടെത്തി. ഭൂരിഭാഗം ബാക്ടീരിയകളും ടോയ്‌ലറ്റ് എയറോ സോളുകളില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. അതീവ സ്പീഡില്‍ പ്രവര്‍ത്തിക്കുന്ന എയറോസോളുകള്‍ മലിനമായ കണങ്ങളെ കൈകളിലേക്കും വസ്ത്രങ്ങളിലേക്കും പരിസര പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. 2018ല്‍ നടത്തിയ ഒരു പഠനത്തില്‍ ചൂടുള്ള വായൂ ഡ്രയറുകള്‍ ബീജങ്ങളെയും ഗോഗകാരികളെയും വഹിക്കുന്ന മലിനമായ വായുപ്രവാഹം പുറപ്പെടുവിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കൈ കഴുകിയ ശേഷം ഉണക്കാന്‍ പേപ്പര്‍ ടവലുകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലതെന്നാണ് മയോക്ലിനിക് പ്രൊസീഡിങ്‌സില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഡ്രയറുകളില്‍ നിന്ന് വ്യത്യസ്തമായി പേപ്പര്‍ ടവലുകളില്‍ രോഗാണുക്കള്‍ ഉണ്ടാകില്ല. അവ ഈര്‍പ്പത്തെ വേഗത്തില്‍ ആഗിരണം ചെയ്യുകയും സൂക്ഷ്മാണുക്കളുടെ കൈമാറ്റം കുറയ്ക്കുകയും ചെയ്യുന്നു.
◾ ഇന്നത്തെ വിനിമയ നിരക്ക്: ഡോളര്‍ - 88.36, പൗണ്ട് - 119.45, യൂറോ - 103.32, സ്വിസ് ഫ്രാങ്ക് - 110.55, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 58.40, ബഹറിന്‍ ദിനാര്‍ - 234.35, കുവൈത്ത് ദിനാര്‍ -289.22, ഒമാനി റിയാല്‍ - 229.80, സൗദി റിയാല്‍ - 23.55, യു.എ.ഇ ദിര്‍ഹം - 23.98, ഖത്തര്‍ റിയാല്‍ - 24.27, കനേഡിയന്‍ ഡോളര്‍ - 63.65.
Tags:
KERALA