2025 | ജൂലൈ 26 | ശനി
1200 | കർക്കിടകം 10 | ആയില്യം
◾ നിലവിലെ സ്ഥിതിയില്‍ പോയാല്‍ സംസ്ഥാനത്ത് വീണ്ടും എല്‍ഡിഎഫ് അധികാരത്തിലേറുമെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി. കോണ്‍ഗ്രസിലുള്ള തര്‍ക്കങ്ങളിലും പ്രവര്‍ത്തനരീതികളിലും ആശങ്കപ്പെട്ട് പാര്‍ട്ടി പ്രാദേശിക നേതാവുമായുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. വാര്‍ഡിലെ സകല വീടുകളുമായും ബന്ധം ഉണ്ടാകണമെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒരു നോട്ടീസും അടിച്ച് വീട്ടില്‍ ചെന്നാല്‍ ഒരുത്തനും വോട്ട് ചെയ്യില്ലെന്നും ഇപ്പോഴേ ഒരോ വീട്ടിലും ചെന്ന് പരാതികള്‍ കേട്ട് പരിഹാരവും ചങ്ങാത്തവും ഉണ്ടാക്കണമെന്നും പാലോട് രവി നിര്‍ദേശിക്കുന്നുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 60 മണ്ഡലങ്ങളില്‍ ബിജെപി കടന്നുകയറ്റം നടത്തുമെന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കാശ്‌കൊടുത്ത് വോട്ട് വാങ്ങിച്ചതുപോലെ നിയമസഭയിലും അവര്‍ വോട്ട് പിടിക്കുമെന്നും കോണ്‍ഗ്രസ് മൂന്നാമതാകുമെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മൂന്നാമതും ഭരണത്തിലേറുമെന്നും അതോടുകൂടി ഈ പാര്‍ട്ടിയുടെ അധോഗതിയാകുമെന്നും കോണ്‍ഗ്രസ് എടുക്കാ ചരക്കാകുമെന്നും പാലോട് രവി പറയുന്നു. ഒറ്റയെണ്ണത്തിന് പരസ്പരം ആത്മാര്‍ത്ഥമായി സ്‌നേഹമോ ബന്ധമോ ഇല്ലെന്നും എങ്ങനെ കാലുവരാമെന്നാണ് നോക്കുന്നതെന്നും ഒരുത്തനും ഒരുത്തനെ അംഗീകരിക്കാന്‍ തയ്യാറല്ലെന്നും പാലോട് രവി പറയുന്നുണ്ട്.
◾ കൊല്ലത്ത് സ്‌കൂളില്‍ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് തേവലക്കര സ്‌കൂള്‍ മാനേജ്മെന്റ് പിരിച്ചു വിട്ട് ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു. വൈദ്യുതി ലൈന്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്‌കൂള്‍ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. മാനേജരുടെ വിശദീകരണം തള്ളിയാണ് സര്‍ക്കാര്‍ നടപടി. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സ്‌കൂളിന്റെ താത്കാലിക ചുമതല നല്‍കി.
◾ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്ക് കൊണ്ട് വന്നത്. സായുധ സേനയുടെ അകമ്പടിയോടെയായിരുന്നു യാത്ര. രാവിലെ ഏഴരയ്ക്കാണ് ഗോവിന്ദച്ചാമിയും സംഘവും കണ്ണൂരില്‍ നിന്ന് തിരിച്ചത്. ഉച്ചയക്ക് 12.30ഓടെ തൃശൂരിലെത്തി. വിയ്യൂരിലെ ഏകാന്ത സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കുക. വിയ്യൂരില്‍ നിലവില്‍ 125 കൊടുംകുറ്റവാളികള്‍ മാത്രമാണുള്ളത്. 4.2 മീറ്ററാണ് സെല്ലിന്റെ ഉയരം. ഫാനും കട്ടിലും സിസിടിവി ക്യാമറകളും സജജമാണ്. സെല്ലിലുള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണം കഴിക്കാന്‍ പോലും സെല്ലിനു പുറത്തേക്കിറക്കില്ല.
◾ കണ്ണൂര്‍ ജയിലില്‍ കഞ്ചാവും ലഹരിവസ്തുക്കളും സുലഭമെന്ന് ഗോവിന്ദചാമിയുടെ മൊഴി. ജയിലിനുള്ളിലെ ലഹരി വിതരണക്കാരുടെ വിവരങ്ങളും ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ ഗോവിന്ദചാമി പൊലീസിന് മുന്നില്‍ വെളിപ്പെടുത്തിയതായാണ് വിവരം. പുറത്തേക്ക് ഫോണ്‍ വിളിക്കാന്‍ ജയിലില്‍ സൗകര്യമുണ്ടെന്നും എല്ലാത്തിനും പണം നല്‍കണമെന്നും എന്നാല്‍ ജയില്‍ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്നും ഗോവിന്ദചാമി വ്യക്തമാക്കിയിട്ടുണ്ട്.
◾ ഒറ്റകൈയ്യനാണെങ്കിലും രണ്ടു കൈയ്യുള്ള ആള്‍ ചെയ്യുന്നെതല്ലാം ചെയ്യാന്‍ ശാരീരിക ക്ഷമതയുള്ളയാളാണ് ഗോവിന്ദ ചാമിയെന്ന് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ.ഹിതേഷ് ശങ്കര്‍ പറഞ്ഞു. അതിനു വേണ്ടിയുള്ള പരിശീലനം ഗോവിന്ദ ചാമി സ്വയം നേടിയിട്ടുണ്ടെന്നും ഹിതേഷ് ശങ്കര്‍ പറഞ്ഞു. സൗമ്യ കൊല കേസില്‍ പിടിയിലായപ്പോള്‍ ഗോവിന്ദച്ചാമിക്ക് ശാരീരിക ക്ഷമത പരിശോധന നടത്തിയത് ഡോ. ഹിതേഷ് ശങ്കറായിരുന്നു.
◾ കേരളത്തിലെ ജയിലുകള്‍ തടവുകാരെക്കൊണ്ട് നിറഞ്ഞ് കവിയുകയാണെന്ന് റിപ്പോര്‍ട്ട്. അംഗീകൃത പാര്‍പ്പിട ശേഷിയെക്കാള്‍ ആയിരക്കണക്കിന് അധികം തടവുകാരാണ് നിലവില്‍ സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്നത്. ഇത് ജയില്‍ ജീവനക്കാര്‍ക്ക് കടുത്ത ജോലി ഭാരവും സുരക്ഷാ വെല്ലുവിളികളും ഉയര്‍ത്തുന്നതാണ്.സംസ്ഥാനത്തെ ജയിലുകളുടെ ആകെ അംഗീകൃത പാര്‍പ്പിട ശേഷി 7367 ആണെന്നിരിക്കെ, നിലവില്‍ 10375 തടവുകാരാണുള്ളത്. ഇത് ശേഷിയേക്കാള്‍ 3000 ത്തിലധികം കൂടുതലാണ്.
◾ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ നടന്നുവരുന്ന പോലീസ് അന്വേഷണത്തിനും വകുപ്പുതല പരിശോധനകള്‍ക്കും പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം. മുന്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, മുന്‍ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല.
◾ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായത് അത്യന്തം ഗൗരവമുള്ളതും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതുമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത മൂന്ന് മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാല് ജയിലുകളിലും വൈദ്യുതി ഫെന്‍സിങ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് സൂക്ഷ്മതലത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന സിസിടിവി നാല് പ്രധാന ജയിലുകളില്‍ സ്ഥാപിക്കാനും മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തില്‍ തീരുമാനമെടുത്തു.
◾ കണ്ണൂരിലെ റബ്‌കോയുടെ ഉടമസ്ഥതയിലുള്ള 67.5 സെന്റ് സ്ഥലവും ഹെഡ് ഓഫീസ് കെട്ടിടവും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. വായ്പാ തിരിച്ചടവുകള്‍ മുടങ്ങിയതിനൊപ്പം നിക്ഷേപങ്ങളുടെ ക്രമവിരുദ്ധ ഉപയോഗവും കൂടിയായതോടെ കോടികളുടെ നഷ്ടക്കണക്കിലായിരുന്നു കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റബ്കോ. ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം കൊടുക്കുന്നതിന് പോലും തടസം നേരിട്ടു. ഇതിനിടയിലാണ് നിക്ഷേപം തിരിച്ച് കിട്ടുന്നില്ലെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് വാഴയൂര്‍, മഞ്ചേശ്വരം, തൃക്കളത്തൂര്‍ സഹകരണ സംഘങ്ങള്‍ കോടതിയെ സമീപിച്ചത്.
◾ ആലപ്പുഴ മാരാരിക്കുളത്ത് റെയില്‍വേ ട്രാക്കിലേക്ക് മരം വീണു. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം മരം നീക്കി ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു. എട്ടുമണിയോട് കൂടിയാണ് ട്രാക്കിലേക്ക് മരം വീണത്. തുടര്‍ന്ന് കോഴിക്കോട് ജനശതാബ്ദി ഉള്‍പ്പടയുള്ള ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരുന്നു. നിലവില്‍ ആലപ്പുഴ ജില്ലയില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി മഴക്കെടുതികളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
◾ പാലക്കാട് ജില്ലയില്‍ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. തച്ചമ്പാറ കുന്നംതിരുത്തി കൊച്ചു കൃഷ്ണന്റെ വീട് മരം വീണ് തകര്‍ന്ന് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഉറങ്ങിക്കിടക്കുമ്പോള്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ നിസാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
◾ അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ട് നല്‍കി. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നാണ് നിര്‍ദേശം. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും അറിയിപ്പുണ്ട്.
◾ തുടര്‍ച്ചയായി രണ്ടാം ദിവസവും വീശിയടിച്ച ശക്തമായ കാറ്റില്‍ കോഴിക്കോട് നാദാപുരത്ത് വന്‍നാശനഷ്ടം. മരങ്ങള്‍ കടപുഴകി വീണും വൈദ്യുതി ലൈനുകള്‍ തകര്‍ന്നുമാണ് ഏറെ നാശനഷ്ടങ്ങളുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു ചുഴലിക്കാറ്റിന് സമാനമായി ശക്തമായ കാറ്റ് വീശിയടിച്ചത്.
◾ ഗതാഗത നിയമ ലംഘന നോട്ടീസിന്റെ പേരില്‍ വാട്സ് ആപ്പ് വഴി ഓണ്‍ലൈന്‍ തട്ടിപ്പ് നടക്കുന്നതില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗത നിയമലംഘനം നടത്തിയതിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് കാണിച്ചുള്ള വ്യാജ സന്ദേശമാണ് വാട്സ്ആപ്പ് വഴി മലയാളത്തിലടക്കം വരുന്നതെന്നും അത്തരം ഫയല്‍ തുറക്കരുതെന്നും എംവിഡി മുന്നറിയിപ്പ് നല്‍കി.
◾ ബഡ്സ് സ്‌കൂളില്‍ കുട്ടികള്‍ ഉണ്ടാക്കിയ ഹട്ടുകള്‍ പൊളിച്ച് കളഞ്ഞ് തിരുനെല്ലി പഞ്ചായത്ത്. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ നിര്‍മ്മിച്ച കുടിലുകളാണ് പഞ്ചായത്ത് പൊളിച്ചത്. പലതവണ പൊളിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും ആരും കേട്ടില്ലെന്നും തങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഹട്ടുകളാണ് പൊളിച്ചു കളഞ്ഞതെന്നും കുട്ടികള്‍ പറഞ്ഞു. നേരത്തെ സ്‌കൂള്‍ കെട്ടിടത്തിന്റെ അപകടാവസ്ഥയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വന്നിരുന്നു.
◾ നിര്‍മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പര്‍ദ്ദ ധരിച്ചെത്തി നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. സംഘടനയ്ക്കെതിരേയുള്ള പ്രതിഷേധ സൂചകമായാണ് സാന്ദ്ര മത്സരിക്കുന്നതും പര്‍ദ്ദ ധരിച്ച് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയതും. നിര്‍മാതാക്കളുടെ സംഘടനാ ഭാരവാഹികള്‍ക്കെതിരേ സാന്ദ്ര നേരത്തെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു. ആ കേസ് ഇപ്പോഴും തുടരുകയാണ്. ഇതു മുന്‍നിര്‍ത്തിയാണ് പ്രതിഷേധ സൂചകമായി പര്‍ദ്ദ ധരിച്ച് എത്തിയത്.
◾ കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് കല്‍പ്പറ്റ സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ നൈജീരിയന്‍ സ്വദേശിക്ക് 12 വര്‍ഷം തടവും 17 ലക്ഷം രൂപ പിഴയും. ഇക്കെണ്ണ മോസസ് (28)നെയാണ് കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജ് എ.ബി. അനൂപ് ശിക്ഷിച്ചത്.
◾ മയക്കുമരുന്ന് കടത്തുന്നതിനിടെ താമരശ്ശേരി ചുരത്തില്‍ പൊലീസിനെ കണ്ട് കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയില്‍. മലപ്പുറം നന്നമ്പ്ര സ്വദേശിയായ ഷഫീക്കാണ് പിടിയിലായത്. ഓറിയന്റല്‍ കോളേജിന് പുറകിലെ കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍. ഇന്ന് രാവിലെ പരിക്കുകളോടെ കണ്ട യുവാവിനെ നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്.
◾ കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. എളേറ്റില്‍ വട്ടോളി എംജെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് സയാന്‍ (14) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പന്നൂര്‍ മേലെ ചാടങ്ങയില്‍ അമ്മദ് കുട്ടിയുടെ മകനാണ് മുഹമ്മദ് സയാന്‍.
◾ കാര്‍ഗില്‍ വിജയ ദിവസത്തില്‍ പാക്കിസ്ഥാന് ശക്തമായ താക്കീതുമായി കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. പാക്കിസ്ഥാന്റെ ഭീകരതയ്ക്കുള്ള മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂരിലൂടെ രാജ്യം നല്‍കിയതെന്നും ഭീകരതയെ ഇരുമ്പ് മുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും കരസേന മേധാവി പറഞ്ഞു. കാര്‍ഗില്‍ വിജയ് ദിവസത്തിന്റെ ഭാഗമായി ദ്രാസിലെ യുദ്ധസ്മാരകത്തിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കരസേന മേധാവി.
◾ ഭാവിയിലെ വെല്ലുവിളികള്‍ ഫലപ്രദമായി നേരിടാന്‍ 'രുദ്ര' എന്ന പേരില്‍ ഒരു ഓള്‍-ആംഡ് ബ്രിഗേഡും ഭൈരവ് എന്ന പേരില്‍ സ്പെഷ്യല്‍ ഫോഴ്‌സ് യൂണിറ്റുകളും രൂപീകരിച്ചതായി കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി പ്രഖ്യാപിച്ചു. കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ വാര്‍ഷികാഘോഷ ചടങ്ങുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ രാജസ്ഥാനില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ അധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടായത് ഗുരുതര വീഴ്ചയെന്ന് വിവരങ്ങള്‍. കഴിഞ്ഞ ദിവസമാണ് ജലവാറില്‍ സ്‌കൂളിലെ ക്ലാസ് മുറിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് ഏഴ് കുട്ടികള്‍ മരിച്ചത്. മേല്‍ക്കൂരയില്‍ നിന്ന് കല്ലുകള്‍ വീഴുന്നുവെന്ന് കുട്ടികള്‍ അധ്യാപകരെ അറിയിച്ചിരുന്നു. എന്നാല്‍, കുട്ടികളോട് ക്ലാസില്‍ തന്നെ തുടരാന്‍ അധ്യാപകര്‍ ആവശ്യപ്പെടുകയായിരുന്നു.
◾ തായ്ലന്‍ഡും കംബോഡിയയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ പതിനായിരക്കണക്കിന് പേര്‍ പലായനം ചെയ്തു. മരണ സംഖ്യ 32 ആയി ഉയര്‍ന്നു. സംഘര്‍ഷം നീണ്ടുപോകുമെന്ന ആശങ്കക്കിടെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ ന്യൂയോര്‍ക്കില്‍ അടിയന്തര യോഗം ചേര്‍ന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കംബോഡിയയിലെ ഇന്ത്യന്‍ എംബസി ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അതിര്‍ത്തി മേഖലയിലേക്ക് പോകരുതെന്നും അത്യാവശ്യ സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറും നല്‍കി.
◾ ഗാസയില്‍ മരുന്നും പോഷകാഹാരവുമില്ലാതെ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ മരിച്ചുവീഴുന്നുവെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇസ്രയേല്‍ ഉപരോധവും കടുപ്പിച്ചതോടെ ഗാസ കൊടും പട്ടിണിയിലാണ്. 122 ലധികം പേര്‍ ഇതിനോടകം പട്ടിണിയില്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 83 കുട്ടികളാണ് പോഷകാഹാരക്കുറവില്‍ മരിച്ചു വീണത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഭക്ഷണക്ഷാമവും പോഷകാഹാരക്കുറവും മൂലം ഗാസയിലെ ആശുപത്രികളില്‍ ഒമ്പത് പുതിയ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
◾ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍നിന്ന് 3,870 ജീവനക്കാര്‍ രാജിവെക്കുന്നു. അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ബഹിരാകാശ ഏജന്‍സിയുടെ പുനഃസംഘടനയുടെ ഭാഗമായി 2025-ല്‍ ആരംഭിച്ച ഡെഫേഡ് റെസിഗ്‌നേഷന്‍ പ്രോഗ്രാമിന് കീഴില്‍ലാണ് ഇത്രയധികം ജീവനക്കാര്‍ രാജിക്കൊരുങ്ങുന്നത്. സര്‍ക്കാര്‍ ജീവനക്കാരെ കുറയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ വ്യാപക ശ്രമങ്ങളുടെ ഭാഗമാണിതെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
◾ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍നിന്ന് പിന്‍വാങ്ങിയ ശേഷം ഹമാസിനെതിരേ ശക്തമായ നീക്കവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹമാസിനെതിരായ പോരാട്ടം പൂര്‍ത്തിയാക്കി അവരുടെ കഥ കഴിക്കാന്‍ ഇസ്രയേലിനോട് ട്രംപ് ആവശ്യപ്പെട്ടെന്നും ഹമാസ് ഒറ്റക്കെട്ടല്ലെന്നും സദുദ്ദേശ്യത്തോടെയല്ല അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ട്രംപ് വിലയിരുത്തിയതായി ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു.
◾ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഗ്രാമിന് 50 രൂപ താഴ്ന്ന് 9,160 രൂപയിലും പവന് 400 രൂപ കുറഞ്ഞ് 73,280 രൂപയിലുമാണ് വ്യാപാരം. ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,515 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5,855 രൂപയും ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 3,775 രൂപയുമാണ് ഇന്ന് വില. ഇന്നലെ ഗ്രാമിന് രണ്ടു രൂപയുടെ കുറവ് രേഖപ്പെടുത്തിയ വെള്ളി വിലയ്ക്ക് ഇന്ന് അനക്കമില്ല. ഗ്രാമിന് 123 രൂപയിലാണ് വ്യാപാരം. വ്യാപാരയുദ്ധത്തെചൊല്ലിയുള്ള ആശങ്കകളും മറ്റും അകന്നത് സുരക്ഷിത നിക്ഷേപമെന്ന രീതിയിലുള്ള സ്വര്‍ണത്തിന്റെ ആവശ്യം കുറച്ചു. ഇതിനൊപ്പം ഉയര്‍ന്ന വിലയില്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതും രാജ്യാന്തര സ്വര്‍ണ വിലയില്‍ ഇടിവുണ്ടാക്കി. ജൂണ്‍ 23 ന് ശേഷം തുടര്‍ച്ചയായി അന്താരാഷ്ട്ര സ്വര്‍ണ വില ഇടിയുകയാണ്. ഇന്നലെ ഔണ്‍സിന് 3,337.18 ഡോളറിലേക്ക് താഴ്ന്നു. ഔണ്‍സിന് 3,439 ഡോളര്‍ വരെയെത്തിയ ശേഷമാണ് വിലയിടിവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,280 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ എല്ലാം ചേര്‍ത്ത് 79,305 രൂപയാകും.
◾ ലോകത്തിലാദ്യമായി ഫോര്‍ എന്‍.എം മീഡിയ ടെക് ഡൈമന്‍സിറ്റി 8450 ചിപ്സെറ്റ് അവതരിപ്പിക്കുന്ന ഫോണ്‍ എന്ന സവിശേഷതയുമായി റെനോ 14 സീരീസുമായി ഓപോ ഇന്ത്യ. വയര്‍ലെസ് ചാര്‍ജിങ്, 3.5x ടെലിഫോട്ടോ കാമറ എന്നിവയടക്കം ഏറെ പ്രത്യേകതകളുമായാണ് റെനോ14 സീരീസിന്റെ വരവ്. എയറോസ്പേസ് ഗ്രേഡ് അലുമിനിയം ഫ്രെയിമുകളാണ് ഈ സീരീസിനുള്ളത്. ഐപി 66, ഐ.പി 68, ഐ.പി 69 സര്‍ട്ടിഫിക്കേഷനോടു കൂടിയ കോര്‍നിങ് ഗോറില്ല ഗ്ലാസ് സെവന്‍ ഐ പൊടിപടലങ്ങളെ തടയാന്‍ ഫലപ്രദമാണെന്നതും 80 ഡിഗ്രി വരെ ചൂടുവെള്ളത്തില്‍നിന്ന് സംരക്ഷണം നല്‍കുമെന്നതുമാണ് മറ്റു പ്രത്യേകത. 120 ഹെര്‍ട്സ് എല്‍ടിപിഎസ് അമോലെഡ് ഡിസ്പ്ലേയാണ് റെനോ 14 പ്രോയിലും റെനോ 14 ലും ഉള്ളത്. സ്‌ക്രീന്‍ സൈാകട്ടെ, റെനോ 14 പ്രോയില്‍ 6.83 ഇഞ്ചും റെനോ 14 ല്‍ 6.59 ഇഞ്ചും. ഇതില്‍ 1.5 കെ റെസല്യൂഷനും 93 ശതമാനം സ്‌ക്രീന്‍-ബോഡി റേഷ്യോയും ഈ സീരീസ് വാഗ്ദാനം ചെയ്യുന്നു. റെനോ 14 പ്രോ 5ജി യുടെ 12 ജിബി + 256 ജിബി മോഡലിന് 49,999 ഉം 2 ജിബി + 512 ജിബി മോഡലിന് 54,999 ഉം രൂപയാണ് വില. റെനോ 14 പ്രോ 5ജി 8 ജിബി + 256 ജിബി മോഡലിന് 37,999 ഉം 12 ജിബി + 512 ജിബി മോഡലിന് 42,999 രൂപയുമാണ് വില.
◾ കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയിലൂടെ രണ്ട് മലയാള താരങ്ങള്‍ കൂടി തെലുങ്കിലെത്തുകയാണ്. ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ 'ഡ്രാഗണി'ലൂടെയാണ് ഈ എന്‍ട്രി. മലയാളത്തിന്റെ സ്വന്തം ടൊവിനോ തോമസും ബിജു മേനോനും ഡ്രാഗണില്‍ അഭിനയിക്കുന്ന കാര്യം പുറത്ത് വിട്ടിരിക്കുന്നത് പൃഥ്വിരാജാണ്. തന്റെ പുതിയ സിനിമ സര്‍സമീനിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയൊരു അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പുറത്തു വിട്ടത്. ''ടൊവിനോ അതില്‍ ഒരു പ്രധാന റോളിലെത്തുന്നുണ്ട്. അതുപോലെ ബിജു മേനോനും ഒരു വേഷം ചെയ്യുന്നുണ്ട്. പ്രശാന്ത് ഈ നടന്മാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്ന വേഷം നല്‍കുമെന്ന് എനിക്കറിയാം'' എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ടൊവിനോ തെലുങ്കില്‍ അഭിനയിക്കുന്നത് ഇതാദ്യമായിട്ടാണ്. ബിജു മേനോന്‍ മുമ്പും തെലുങ്കില്‍ അഭിനയിച്ചിട്ടുണ്ട്. 2006 ല്‍ പുറത്തിറങ്ങിയ ഖതര്‍നാക് എന്ന ചിത്രത്തിലാണ് ബിജു മേനോന്‍ ഒടുവിലായി തെലുങ്കില്‍ അഭിനയിച്ചത്. അതേസമയം സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.
◾ നടി ഗൗരി കിഷനും നര്‍ത്തകനും നടനുമായ റംസാന്‍ മുഹമ്മദും ഒരുമിച്ച് നൃത്തം ചെയ്യുന്നതിന്റെ വിഡിയോ വൈറലാകുന്നു. ഇരുവരും പ്രധാന വേഷത്തിലെത്തുന്ന 'സാഹസം' സിനിമയിലെ 'സന്തത സഖിയേ' എന്ന ഗാനത്തിനൊപ്പമാണ് ഇരുവരുടെയും ത്രസിപ്പിക്കുന്ന ചുവടുകള്‍. ബിബിന്‍ അശോകിന്റേതാണ് സംഗീതം. വിരഹമാണ് വിഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. മഴവില്‍ മനോരമയിലെ ഡി4 ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്കു സുപരിചിതനായ താരമാണ് റംസാന്‍ മുഹമ്മദ്. മമ്മൂട്ടി ചിത്രം 'ഭീഷ്മപര്‍വ'ത്തിലെ 'രതിപുഷ്പം' എന്ന പാട്ടില്‍ ഷൈന്‍ ടോം ചാക്കോയ്ക്കൊപ്പം ചുവടുവച്ച് താരം കയ്യടി നേടിയിരുന്നു. '96' എന്ന ജനപ്രിയ ചിത്രത്തിലൂടെയാണ് ഗൗരി കിഷന്‍ മലയാളികളുടെ ഇഷ്ട താരമായി മാറുന്നത്. 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' എന്ന വെബ് സീരീസിലാണ് മലയാളത്തില്‍ അവസാനമായി ഗൗരി വേഷമിട്ടത്. ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റില്‍ തിയറ്ററുകളിലെത്തും. ഹ്യൂമര്‍ആക്ഷന്‍ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുക്കുന്നത്.
◾ രാജ്യത്തെ ഏറ്റവും താങ്ങാവുന്ന വിലയുള്ള എംജി കോമറ്റ് ഇവിയുടെ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. 2025 മെയ് മാസത്തിലെ അവസാന വര്‍ദ്ധനവില്‍ എംജി കോമറ്റ് ഇവിയുടെ വില ബാസ് സേവനം അല്ലാത്ത വേരിയന്റിന് മാത്രമേ വര്‍ദ്ധിച്ചിരുന്നുള്ളൂ. എന്നാല്‍, ഇത്തവണ ബാസ് ഉള്ളതും ഇല്ലാത്തതുമായ രണ്ട് ട്രിമ്മുകള്‍ക്കും 15,000 രൂപ വരെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതോടൊപ്പം, വാടക നിരക്കും കിലോമീറ്ററിന് 0.2 രൂപ വര്‍ദ്ധിച്ചിട്ടുണ്ട്. 2025 ജൂലൈ വരെ എല്ലാ വേരിയന്റുകളുടെയും വില നാല് തവണ വര്‍ദ്ധിപ്പിച്ചു. ഇതുവരെയുള്ള ആകെ വര്‍ധനവ് നോക്കുകയാണെങ്കില്‍, വെറും ഏഴ് മാസത്തിനുള്ളില്‍ എംജി കോമറ്റിന്റെ വില 1,01,700 രൂപ വര്‍ദ്ധിച്ചു. എംജി കോമറ്റ് ബാസ് പദ്ധതിയുള്ള മോഡലുകളുടെ വില ഇപ്പോള്‍ 4.99 ലക്ഷം രൂപയില്‍ നിന്ന് ആരംഭിച്ച് 7.63 ലക്ഷം രൂപ വരെ എത്തുന്നു. ഇതിനുപുറമെ, ഒരു കിലോമീറ്ററിന് 3.1 രൂപയാണ് നിരക്ക്. കോമറ്റ് എക്‌സൈറ്റ്, എക്‌സൈറ്റ് എഫ്‌സി, എക്‌സ്‌ക്ലൂസീവ് വേരിയന്റുകളുടെ വിലയില്‍ 15,000 രൂപ വര്‍ധനവുണ്ടായിട്ടുണ്ട്. അതേസമയം, കോമറ്റ് എക്‌സ്‌ക്ലൂസീവ് എഫ്‌സി, ബ്ലാക്ക്‌സ്റ്റോം എഡിഷന്‍ എന്നിവയുടെ വിലയില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്.
◾ ഭൂമിയിലുള്ള സകലര്‍ക്കും ഓരോതരം അസ്വസ്ഥതകളില്ലാതെ ജീവിക്കാനാകില്ലെന്ന രാമന്‍കുട്ടിയുടെ തത്ത്വചിന്തയിലൂടെ വികസിക്കുന്ന നോവല്‍. സത്യത്തിന്റെ മുഖം എത്ര ക്രൂരമാണ് എന്ന ചിന്ത പ്രപഞ്ചാരംഭം മുതലുള്ള നീതിവാക്യമാണെന്നതാണ് ഈ കൃതിയുടെ അന്തസ്സത്ത. പശുവിനെ നഷ്ടപ്പെട്ട് ഒരാള്‍ അന്വേഷിച്ചു നടക്കുന്നത് പശുവിനെ മാത്രമല്ല, തന്റെ തന്നെ ലോകത്തെയാണ് എന്നതും എവിടെ അലഞ്ഞാണ്. തന്നെത്തന്നെ കണ്ടെത്തുക എന്നതും നോവല്‍ നല്‍കുന്ന വെളിപാടാണ്. മണ്ണിന്റെ മണമുള്ള കൃതി. 'വേനല്‍'. പി.ത്സല. ഗ്രീന്‍ ബുക്സ്. വില 111 രൂപ.
◾ ഇന്ന് ഏറ്റവും അധികം കേള്‍ക്കുന്ന രണ്ട് പദമാണ് പാനിക് അറ്റാക്ക്, ആങ്സൈറ്റി അറ്റാക്ക്. ഇത് രണ്ടും ഒന്നാണെന്ന് തെറ്റിദ്ധരിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ രണ്ടും രണ്ട് അവസ്ഥകളാണ്. ചില സന്ദര്‍ഭങ്ങളില്‍ മാനസികമായി ദുര്‍ബലരോ ഭയപ്പെടുകയോ ചെയ്യുമ്പോഴാണ് ഇവ രണ്ടും നമ്മെ കീഴ്പ്പെടുത്തുക. പെട്ടെന്നുള്ള ഭയമോ ഉത്കണ്ഠയോ ഉണ്ടാകുമ്പോള്‍ സംഭവിക്കാവുന്ന ശാരീരിക ലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് പാനിക് അറ്റാക്ക്. ഇത് പാനിക് ഡിസോര്‍ഡര്‍ എന്നറിയപ്പെടുന്നു. പാനിക് അറ്റാക്കുകള്‍ക്ക് വ്യക്തമായ ട്രിഗര്‍ ഉണ്ടാവണമെന്നില്ല. ഇത് ഏതാനും മിനിറ്റുകള്‍ മുതല്‍ ചിലപ്പോള്‍ മണിക്കൂറുകള്‍ വരെ നീണ്ടു നില്‍ക്കാം. വ്യത്യസ്ത ആവൃത്തികളില്‍ ആളുകള്‍ക്ക് പാനിക് അറ്റാക്കുകള്‍ അനുഭവപ്പെടാം. ആങ്സൈറ്റി അറ്റാക്ക് യഥാര്‍ഥത്തില്‍ ഒരു ഔദ്യോഗിക മെഡിക്കല്‍ പദമല്ല. ഇതിന് ഔദ്യോഗിക നിര്‍വചനമൊന്നുമില്ല. എന്നാല്‍ സമ്മര്‍ദകരമായ ജീവിത സംഭവങ്ങള്‍ കാരണം അമിതമായ ഉത്കണ്ഠ ഉണ്ടാകാം. ചിലപ്പോള്‍ ഭാവിയില്‍ സംഭവിച്ചേക്കാമെന്ന കാര്യങ്ങള്‍ ചിന്തിച്ച് ആളുകള്‍ സമ്മര്‍ദത്തിലാകുകയും ആശങ്കകള്‍ നിയന്ത്രണാതീതമാവുകയും ചെയ്യും. വളരെയധികം ഉത്കണ്ഠാകുലനാണെങ്കില്‍ നിങ്ങള്‍ക്ക് ജെനറലൈസ്ഡ് ആങ്സൈറ്റി രോഗം ഉണ്ടാകാം. ഇതിന്റെ ലക്ഷണങ്ങള്‍ ആറ് മാസം വരെ നീണ്ടു നില്‍ക്കാം. അസ്വസ്ഥത, ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാനും ഉറങ്ങാനും ബുദ്ധിമുട്ട് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. പാനിക് അറ്റാക്കുകള്‍, ആങ്സൈറ്റി അറ്റാക്ക് എന്നിവയുടെ കാരണങ്ങള്‍ അജ്ഞാതമാണ്. എന്നാലും ജനിതകം, സമ്മര്‍ദം, തലച്ചോറിന്റെ ജീവശാസ്ത്രം, ഒരു വ്യക്തിയുടെ പരിസ്ഥിതി തുടങ്ങിയ ഘടകങ്ങള്‍ ഇതിനൊരു പങ്കു വഹിച്ചേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 86.46, പൗണ്ട് - 116.22, യൂറോ - 101.60, സ്വിസ് ഫ്രാങ്ക് - 108.99, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.81, ബഹറിന്‍ ദിനാര്‍ - 229.38, കുവൈത്ത് ദിനാര്‍ -283.13, ഒമാനി റിയാല്‍ - 224.86, സൗദി റിയാല്‍ - 23.05, യു.എ.ഇ ദിര്‍ഹം - 23.55, ഖത്തര്‍ റിയാല്‍ - 23.75, കനേഡിയന്‍ ഡോളര്‍ - 63.15.
Tags:
KERALA