സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാനില്ലെന്ന് മനസ്സിലായത്.
2011 ഫെബ്രുവരി ഒന്നിന് എറണാകുളത്ത് നിന്ന് ഷൊർണൂരിലേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദച്ചാമിയെ സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തൽ
ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. ഈ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടെങ്കിലും ശിക്ഷ പിന്നീട് ജീവപര്യന്തമായി കുറച്ചു. ഇയാൾക്ക് ഒരു കൈ മാത്രമേയുള്ളു. ഇയാൾക്കായി പോലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഗോവിന്ദച്ചാമിയെ കണ്ടെത്താൻ വ്യാപക പരിശോധന; തുണി ഉപയോഗിച്ച് വടമാക്കി ജയിൽ ചാട്ടം
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ കണ്ടെത്താൻ പോലീസ് വ്യാപക പരിശോധന ആരംഭിച്ചു. ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച് വരവെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഇന്ന് രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ജയിലിൽ ഇയാൾ ഇല്ലെന്ന് വ്യക്തമായത്.
കഴിഞ്ഞ രാത്രി വരെ ഇയാൾ ജയിലിനകത്ത് കണ്ടിരുന്നു. സൗമ്യ വധക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്നുവെങ്കിലും സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. തമിഴ്‌നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി
സംസ്ഥാനവ്യാപകമായി ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുണി ചേർത്തുകെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാൾ ജയിലിന് പുറത്തേക്ക് ചാടിയതെന്നാണ് വിവരം. അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുള്ള രക്ഷപ്പെടൽ ജയിൽ അധികൃതരെയും അമ്പരപ്പിച്ചിട്ടുണ്ട്.
ഗോവിന്ദച്ചാമിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9446899506 എന്ന നമ്പറില്‍ അറിയിക്കാൻ നിർദേശമുണ്ട്
Tags:
KERALA