Trending

സായാഹ്ന വാര്‍ത്തകള്‍.


◾ സൗമ്യ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ കണ്ണൂര്‍ തളാപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിന്റെ കിണറ്റില്‍ നിന്ന് പിടികൂടി. ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നാല് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ജയിലുദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് ജയില്‍ മേധാവി എഡിജെപി ബല്‍റാം കുമാര്‍ ഉപാധ്യായ പ്രതികരിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് റിജോ, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ രജീഷ്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ സഞ്ജയ്, അഖില്‍ എന്നിവരെയാണ് അടിയന്തിരമായി സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്. ഇന്നലെ രാത്രി ജയിലില്‍ മേല്‍നോട്ട ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും ഗോവിന്ദചാമിയെ പാര്‍പ്പിച്ചിരുന്ന പത്താം ബ്ലോക്കില്‍ നിരീക്ഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയുമാണ് അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തിയത്.

◾ കണ്ണൂരിലെ തളാപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിന്റെ കിണറ്റില്‍ നിന്നാണ് ഗോവിന്ദചാമിയെ പിടികൂടിയതെന്നും നാട്ടുകാര്‍ നല്‍കിയ വിവരമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചതെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പി നിധിന്‍രാജ്. മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചയുടന്‍ തങ്ങള്‍ക്ക് വിവരം കൈമാറിയെന്നും കമ്മീഷണര്‍ വിശദീകരിച്ചു. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്ന് അന്വേഷിക്കണമെന്നും ഗോവിന്ദചാമിയെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.


◾ ഒരു കയ്യില്ലാത്ത ആളെ കണ്ട നാട്ടുകാരായ ഒരാള്‍ക്ക് സംശയം തോന്നിയതോടെയാണ് ഗോവിന്ദചാമിയെ പിടികൂടാനായത്. വിനോജ് എന്നയാളാണ് ഗോവിന്ദചാമിയെ കണ്ടത്. കണ്ണൂര്‍ ബൈപ്പാസ് റോഡില്‍ വെച്ചാണ് റോഡിന്റെ വലത് വശം ചേര്‍ന്ന് ഒരാള്‍ നടന്ന് പോകുന്നത് കണ്ടത്. തലയിലൊരു ഭാണ്ഡം പിടിച്ചിട്ടുണ്ടായിരുന്നു. സംശയം തോന്നിയതോടെ സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറെയും കൂട്ടി 15 മീറ്ററോളം ദൂരത്തിലേക്ക് വരുകയും ഗോവിന്ദചാമിയെന്ന് വിളിക്കുകയും ചെയ്തു അതോടെ അയാള്‍ ഓടി മതില്‍ ചാടി ഓടുകയായിരുന്നുവെന്നും ദൃക്സാക്ഷി പറയുന്നു. ഉടനെ പൊലീസില്‍ അറിയിക്കുകയും പൊലീസ് സംഘമെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

◾ ജയില്‍ ചാട്ടം ഒന്നര മാസത്തെ ആസൂത്രണത്തിനൊടുവിലാണെന്ന് ഗോവിന്ദച്ചാമിയുടെ പ്രാഥമിക മൊഴി. പൊലീസ് ചോദ്യം ചെയ്യലിലാണ് ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഗോവിന്ദച്ചാമി വെളിപ്പെടുത്തിയത്. അതേസമയം ജയിലിലെ കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാളെന്നാണ് ഗോവിന്ദച്ചാമിയുടെ വെളിപ്പെടുത്തല്‍. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഗോവിന്ദചാമി ഇക്കാര്യം പറഞ്ഞത്. ആയുധം നല്‍കിയ ആളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ജയിലിന്റെ അഴികള്‍ മുറിക്കാന്‍ ഏകദേശം ഒന്നര മാസത്തോളം സമയമെടുത്തുവെന്ന് പ്രതി സമ്മതിച്ചു. മുറിച്ചതിന്റെ പാടുകള്‍ പുറത്തുനിന്ന് കാണാതിരിക്കാന്‍ തുണികൊണ്ട് കെട്ടിവെച്ചതായും ഇയാള്‍ മൊഴി നല്‍കി. ജയിലിന്റെ മതില്‍ ചാടുന്നതിനായി പാല്‍പ്പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചതായും ഗോവിന്ദച്ചാമി വെളിപ്പെടുത്തി.


◾ ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ ഇടയായ സംഭവം സിസ്റ്റത്തിന്റെ പ്രശ്നമാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. ജയില്‍ അധികൃതരുടെ സഹായമില്ലാതെ ഒരാള്‍ക്ക് ഇങ്ങനെ രക്ഷപ്പെടാനാകില്ലെന്നാണ് കരുതുന്നതെന്നും അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ജയില്‍ ചാടുന്നതിന് ഗോവിന്ദച്ചാമിക്ക് ലഭിച്ചുവെന്നും നാട്ടുകാരുടെ ജാഗ്രത കൊണ്ട് മാത്രമാണ് കൊടും കുറ്റവാളി പിടിയിലായതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

◾ ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അല്ലെങ്കില്‍ മറ്റേതെങ്കിലും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും കെ.സുധാകരന്‍. സംസ്ഥാനത്തുള്ളത് കഴിവുകെട്ട ഭരണകൂടമാണെന്നും മുഖ്യമന്ത്രിയുടെ കഴിവ് കേടാണ് ഇതിനൊക്കെ പിന്നിലെന്നും സര്‍ക്കാരിന്റെ വീഴ്ചയാണ് ജയില്‍ ചാട്ടത്തിന് കാരണമെന്നും സംസ്ഥാനത്ത് എവിടെയാണ് സുരക്ഷ ഉള്ളതെന്നും സുധാകരന്‍ ചോദിച്ചു.

◾ ഗോവിന്ദചാമി ജയില്‍ ചാടിയ സംഭവത്തില്‍ ഉന്നത തലത്തില്‍ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സ്വന്തം തീരുമാനപ്രകാരമാണ് അയാള്‍ ജയില്‍ ചാടിയതെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു സാഹചര്യതെളിവുകള്‍ സൂചിപ്പിക്കുന്നത് അങ്ങനെയാണെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അത് പുറത്ത് വരണം അകത്തും പുറത്തും അയാള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നും ആരാണ് ഇയാള്‍ക്ക് സഹായം ചെയ്തു കൊടുത്തതെന്ന് പുറത്ത് വരണമെന്നും ജയില്‍ അധികൃതര്‍ പറയുന്നത് വിശ്വസിനീയമല്ലെന്നും അദ്ദേഹം പറഞ്ഞു.

◾ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ തുടര്‍ന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശത്തെ അപലപിച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്‍. ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ ദുരൂഹതയുണ്ടെന്നും ജയില്‍ ചാടിയതാണോ അതോ ചാടിച്ചതാണോ എന്ന് സംശയമുണ്ടെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. രാാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന ബിജെപി നേതാവിന്റെ ഹീനമായ ശ്രമത്തില്‍നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിക്കണമെന്നും അദ്ദേഹത്തിന്റെ മനോനില പരിശോധിക്കണമെന്നും ജയരാജന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. അതേസമയം അടച്ച സെല്ലിന്റെ ഇരുമ്പഴി മുറിച്ച് പുറത്തു കടന്നെന്നാണ് പ്രാഥമിക വിവരം ഇത് ഗൗരവാവഹമായ അന്വേഷണം ആവശ്യമുള്ള വിഷയമാണെന്നും ആ അന്വേഷണം സര്‍ക്കാര്‍ ജാഗ്രതയോടെ നടത്തുമെന്ന് ഉറപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.


◾ ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമി ഇതൊക്കെ ആരുടേയും സഹായം ഇല്ലാതെ ചെയ്ത് രക്ഷപ്പെട്ടെന്ന് ജനം എങ്ങനെ വിശ്വസിക്കുമെന്നും ഒരു കൈ ഇല്ലാത്തവന് പോലും പുഷ്പം പോലെ ഇറങ്ങി പോകാന്‍ പറ്റുന്നതാണോ നമ്പര്‍ 1 കേരളത്തിലെ ജയിലുകളെന്നും സന്തോഷ് പണ്ഡിറ്റ്. ഇവന്‍ ഈ ചെയ്ത കൊലപാതകം ഉത്തര്‍ പ്രദേശിലോ മറ്റോ ആയിരുന്നെങ്കില്‍, അന്നേ, യു പി മോഡല്‍ ശിക്ഷ നല്‍കി പടമായേനേ എന്നുമാണ് സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍.

◾ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിവാദ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. സാക്ഷി മൊഴികളുടെ പകര്‍പ്പും ഹാജരാക്കി. നേരത്തെ കേസ് ഡയറി ഹാജരാക്കാന്‍ വിജിലന്‍സ് വിമുഖത കാണിച്ചത് വാര്‍ത്തയായിരുന്നു. പിന്നാലെ കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഇപ്പോഴത്തെ നടപടി.

◾ വിമര്‍ശനങ്ങളെ സദുദ്ദേശത്തോടെ കാണണമെന്നും വിമര്‍ശകരെ ആക്ഷേപിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. ആദ്യം പോസിറ്റീവായി പ്രതികരിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പിന്നീട് നിലപാട് മാറ്റി സദുദ്ദേശപരമെന്ന് കാണാന്‍ സൗകര്യമില്ലെന്ന് രാഹുല്‍ പറഞ്ഞു ഇത്തരം നിലപാടുകള്‍ എടുത്താല്‍ പാര്‍ട്ടിയുടെ സ്ഥിതി എന്താകുമെന്ന് ഓര്‍ക്കണമെന്നും എസ്എഫ്ഐയെ പുകഴ്ത്തിയെന്ന തെറ്റായ വ്യാഖ്യാനത്തിലൂടെ തനിക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയെന്നും അദ്ദേഹം ഫെയ്സ്ബുക് പോസ്റ്റില്‍ വിമര്‍ശിച്ചു.

◾ കാഞ്ഞങ്ങാട് സൗത്തില്‍ മറിഞ്ഞ ഗ്യാസ് ടാങ്കര്‍ ലോറി ഉയര്‍ത്തുന്നതിനിടെ വാതകം ചോര്‍ന്നു. ടാങ്കറിന്റെ വാല്‍വ് പൊട്ടിയതോടെയാണ് വാതകം ചോര്‍ന്നത്. ഇതോടെ പ്രദേശത്ത് അര കിലോമീറ്റര്‍ പരിധിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് എല്‍പിജി ഗ്യാസുമായി പോകുന്ന ടാങ്കര്‍ ഇന്നലെ ഉച്ചക്കാണ് മറിഞ്ഞത്.

◾ വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഇന്ന് രാവിലെ 10 മുതല്‍ സ്പില്‍വെ ഷട്ടര്‍ 30 സെന്റീ മീറ്ററായി ഉയര്‍ത്തി. എക്സിക്യൂട്ടീവ് എന്‍ജിനീയറാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഷട്ടര്‍ 15 സെന്റീ മീറ്റര്‍ തുറന്നിരുന്നു. സെക്കന്റില്‍ 12.20 ക്യുമെക്സ് വെള്ളം ഘട്ടംഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത് കൂട്ടുമെന്നാണ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വ്യക്തമാക്കിയത്.

◾ ഡിജിറ്റല്‍ സര്‍വകലാശാലയുടെ കൈരളി ചിപ്പ് നിര്‍മാണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റ് ക്യാമ്പയിന്‍ കമ്മിറ്റി. ഗവര്‍ണറെയും മുഖ്യമന്ത്രിയെയും സമീപിച്ച പരാതിക്കാര്‍, വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടു. സാങ്കേതിക പഠന റിപ്പോര്‍ട്ടോ, വിദഗ്ധ വിലയിരുത്തലുകളോ ഇല്ലാതെ 25 ലക്ഷത്തിന്റെ പാരിതോഷികവും സര്‍ക്കാര്‍ ഫണ്ടും തട്ടുന്നുവെന്നും കേന്ദ്രത്തെ അറിയിക്കുന്നില്ലെന്നുമാണ് പരാതി. എന്നാല്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നാണ് ചിപ്പിന് നേതൃത്വം നല്‍കിയ, സര്‍വകലാശാല ഡീന്‍ അലക്സ് ജെയിംസിന്റെ പ്രതികരണം.

◾ വയനാട് വാഴവറ്റയില്‍ വൈദ്യുതാഘാതം ഏറ്റ് സഹോദരങ്ങള്‍ മരിച്ചു. വാഴവറ്റ സ്വദേശികളായ കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തില്‍ അനൂപ്, സഹോദരനായ ഷിനു എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ വാഴവറ്റ തെനേരി കരിങ്കണ്ണിക്കുന്നത്ത് ഇവര്‍ നടത്തിവന്ന കോഴിഫാമില്‍ വെച്ചായിരുന്നു അപകടം. ഫാമുടമ പുല്‍പ്പറമ്പില്‍ വീട്ടില്‍ സൈമണ്‍ ഇരുവരെയും കാണാതായതോടെ നടത്തിയ തിരച്ചിലിനിടെയാണ് ഇരുവരെയും ഫാമില്‍ ഷോക്കേറ്റ് നിലയില്‍ കണ്ടെത്തിയത്.

◾ ഛത്തീസ്ഗഡിലെ ബസ്തറില്‍ വീണ്ടും മാവോയിസ്റ്റുകള്‍ കീഴടങ്ങി. അഞ്ച് ജില്ലകളില്‍ നിന്നായുള്ള 66 പേരാണ് സുരക്ഷാസേനയ്ക്ക് മുന്നില്‍ കീഴടങ്ങിയത്. ഇതില്‍ 49 പേരുടെ തലയ്ക്ക് വിലയിട്ടിരുന്നു. ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞ 18 മാസത്തിനിടെ കീഴടങ്ങിയ മാവോയിസ്റ്റുകളുടെ എണ്ണം 1,570 ആയി. 2023-2024 കാലഘട്ടത്തില്‍ 813 പേരാണ് കീഴടങ്ങിയത്.

◾ രാജസ്ഥാനില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. 17 പേര്‍ക്ക് പരിക്ക്. ജലവര്‍ ജില്ലയിലെ ഒരു ഗവണ്‍മെന്റ് സ്‌കൂളിലാണ് അപകടം. അധ്യാപനം നടക്കുന്നതിനിടയിലായിരുന്നു സംഭവം. അപകടം ഹൃദയഭേദകമാണെന്നും പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ ചികിത്സ നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ എക്സില്‍ കുറിച്ചു.

◾ 2021 മുതല്‍ 2024 വരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്താരാഷ്ട്ര സന്ദര്‍ശനങ്ങള്‍ക്ക് 295 കോടി രൂപ ചെലവഴിച്ചതായി കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍. 2025ലെ യുഎസ്, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി 67 കോടിയിലധികം രൂപ ചെലവഴിച്ചതായും കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ട ഡാറ്റയില്‍ പറയുന്നു.

◾ കോളേജ് അഡ്മിഷനില്‍ ക്രമക്കേട് കാണിച്ച അധ്യാപകനെ സസ്പെന്റ് ചെയ്ത് തൃപുരയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ്. അഗര്‍തലയിലെ റാംതാക്കൂര്‍ കോളേജിലെ പ്രൊഫസര്‍ അഭിജിത് നാഥ് എന്ന അധ്യാപകനെയാണ് സസ്പെന്റ് ചെയ്തത്. കോളേജില്‍ അനധികൃതമായി അഡ്മിഷന്‍ നടന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് നടപടി.

◾ പലസ്തീന്‍ പ്രശ്നത്തില്‍ നിര്‍ണ്ണായക പ്രഖ്യാപനവുമായി ഫ്രാന്‍സ്. പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചു. സെപ്തംബറില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ വച്ച് ഫ്രാന്‍സ് പ്രതിനിധി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്.

◾ ഇന്ത്യ – യു കെ വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലായതോടെ സ്‌കോച്ച് വിസ്‌കിയുടെ തീരുവ 150 ല്‍ നിന്ന് 75 ആയിട്ടാണ് കുറയുക. അടുത്ത പത്ത് വര്‍ഷത്തില്‍ ഇത് 40 ശതമാനമായി കുറയുമെന്നും കരാറില്‍ പറയുന്നു. ആഡംബര കാറുകളായ ജാഗ്വാര്‍, ലാന്‍ഡ്റോവര്‍ തുടങ്ങിയ കാറുകളുടെ ചുങ്കം 100 ല്‍ നിന്ന് 10 ആയി കുറയും. നിശ്ചിത എണ്ണം കാറുകളാവും തീരുവ കൂറച്ച് ഇറക്കുമതി അനുവദിക്കുകയെന്നും കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

◾ സിറിയന്‍ സര്‍ക്കാരിനുള്ള പിന്തുണ ആവര്‍ത്തിച്ച് സൗദി മന്ത്രിസഭ. ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം സിറിയയിലെ വികസനം സംബന്ധിച്ച് സൗദിയും ഇതര രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഈ വിഷയത്തില്‍ സൗദിയടക്കം വിവിധ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയുടെ ഉള്ളടക്കത്തെ സ്വാഗതം ചെയ്തു.

◾ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം യാഷ് ദയാലിനെതിരെ പോക്സോ കേസെടുത്ത് ജയ്പൂര്‍ പോലീസ്. കഴിഞ്ഞ ഐപിഎല്ലിനിടെ ജയ്പൂരില്‍ വെച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തതെന്ന് ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഗാസിയാബാദില്‍ നിന്നുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലും യാഷ് ദയാലിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

◾ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് 45 രൂപ ഇടിഞ്ഞ് 9,210 രൂപയായി. പവന്‍ വില 73,680 രൂപയാണ്, കുറഞ്ഞത് 360 രൂപ. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ കുറഞ്ഞ് ഗ്രാമിന് 7,555 രൂപയിലെത്തി. വെള്ളിവിലയില്‍ രണ്ടു രൂപയുടെ കുറവുണ്ട്, 123 രൂപ. സമ്മിശ്ര രീതിയിലാണ് ഈ മാസം സ്വര്‍ണത്തിലെ കയറ്റിറക്കങ്ങള്‍. ജൂലൈ മധ്യത്തില്‍ 72,000 രൂപ വരെ പവന് താഴ്ന്ന ശേഷം പടിപടിയായി വില ഉയരുകയായിരുന്നു. ജൂലൈ 23ന് 75,000 രൂപയ്ക്കു മുകളില്‍ പവന് ഉയര്‍ന്ന ശേഷം വീണ്ടും താഴ്ച്ചയുടെ സൂചനകള്‍ നല്കിയത്. യു.എസില്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ ദിവസം സ്വര്‍ണം വലിയതോതില്‍ ഉയരാന്‍ കാരണമായത്. ആഗോള തലത്തില്‍ വ്യാപാര കരാറുകള്‍ ഒപ്പിടുന്നതും സ്വര്‍ണവിലയെ വരും ദിവസങ്ങളില്‍ സ്വാധീനിക്കും. ഓഗസ്റ്റ് പകുതി മുതല്‍ സംസ്ഥാനത്ത് വിവാഹ സീസണ്‍ തുടങ്ങുകയാണ്. മുന്‍കൂര്‍ ബുക്കിംഗ് ഉള്‍പ്പെടെയുള്ള പദ്ധതികളുമായി ജുവലറികള്‍ സജീവമാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 79,750 രൂപയ്ക്ക് മുകളില്‍ നല്‌കേണ്ടി വരും

◾ എഐ രംഗത്ത് മത്സരം കടുപ്പിച്ച് ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനി ആലിബാബ അത്യാധുനിക ഓപ്പണ്‍ സോഴ്‌സ് എഐ മോഡല്‍ അവതരിപ്പിച്ചു. സോഫ്റ്റ് വെയര്‍ വികസന രംഗത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ കഴിയുന്ന തരത്തില്‍ ക്വന്‍3 കോഡര്‍ എന്ന പേരിലാണ് എഐ മോഡല്‍ അവതരിപ്പിച്ചത്. ഇന്നുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും നൂതനമായ എഐ കോഡിങ് മോഡലായാണ് ക്വന്‍3 കോഡര്‍ കമ്പനി അവതരിപ്പിച്ചത്. പുതിയ കോഡുകള്‍ സൃഷ്ടിക്കുന്നതും സങ്കീര്‍ണ്ണമായ കോഡിങ് വര്‍ക്ക്ഫ്‌ലോകള്‍ കൈകാര്യം ചെയ്യുന്നതും ഇതുവഴി എളുപ്പമാകും.എഐ കോഡിങ് ജോലികളില്‍ ഈ മോഡല്‍ മികച്ചതാണെന്ന് പ്രസ്താവനയില്‍ പറയുന്നു.ആലിബാബ നിര്‍മ്മിച്ച എഐ മോഡലാണ് ക്വന്‍. ഇത് ഒരു 480ബി- പാരാമീറ്റര്‍ മിക്‌സ്ചര്‍-ഓഫ്-എക്‌സ്പര്‍ട്ട്‌സ് മോഡലാണ്. ഈ എഐ മോഡല്‍ 256,000 കോണ്‍ടെക്സ്റ്റുകളെ പിന്തുണയ്ക്കുന്നു. പത്തുലക്ഷം കോണ്‍ടെക്സ്റ്റിലേക്ക് ഇതിനെ ഉയര്‍ത്താനും സാധിക്കും. ഇതുവരെ ലഭ്യമായതില്‍ വച്ച് ഏറ്റവും ശക്തമായ മോഡലാണിത് എന്ന് കമ്പനി അവകാശപ്പെടുന്നു. മോഡലിനൊപ്പം, ഏജന്റ് കോഡിങ്ങിനായുള്ള ഒരു കമാന്‍ഡ്-ലൈന്‍ ടൂളും കമ്പനി ഓപ്പണ്‍-സോഴ്സ് ചെയ്യുന്നുണ്ട്.

◾ ഹൃത്വിക് റോഷന്‍ ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘വാര്‍2’ ന്റെ ട്രെയിലര്‍ പുറത്ത്. അയന്‍ മുഖര്‍ജി ഒരുക്കുന്ന സ്പൈ ആക്ഷന്‍ ചിത്രമാണ് വാര്‍ 2 .ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്. രണ്ട് മിനുറ്റ് മുപ്പത്തിയഞ്ച് സെക്കന്റ് നീണ്ടു നില്‍ക്കുന്ന ട്രെയ്ലറില്‍ ആക്ഷനും പ്രണയവും പകയും എല്ലാം നിറഞ്ഞ് നില്‍ക്കുന്നു. രണ്ട് സൈന്യകര്‍ തമ്മിലുള്ള പോരാട്ടമാണ് സിനിമ പറയുന്നതെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. മേജര്‍ കബീര്‍ ധലിവാള്‍ എന്ന റോ ഏജന്റിനെയാണ് ചിത്രത്തില്‍ ഹൃതിക് റോഷന്‍ അവതരിപ്പിക്കുന്നത്. കിയാര അദ്വാനിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ കിയാര ആക്ഷന്‍ കഥാപാത്രമായാണ് എത്തുന്നത്. കിയാരയുടെ കരിയറിലെ വ്യത്യസ്ത കഥാപാത്രമാണിത്. മുഴുനീള ആക്ഷന്‍ ചിത്രമാണ് വാര്‍ 2. ഇതിന് പുറമേ ഹൃത്വിക് റോഷന്റെ തിരിച്ചുവരവായാണ് ആരാധകര്‍ വാര്‍ 2വിനെ കാണുന്നത്. ജൂനിയര്‍ എന്‍ടിആറിന്റെ ബോളിവുഡ് എന്‍ട്രി കൂടിയാണ് വാര്‍ 2. ആഗസ്റ്റ് 14 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

◾ ദിലീപ് നായകനായി എത്തുന്ന ‘ഭഭബ’ ചിത്രത്തില്‍ മോഹന്‍ലാലും എത്തുന്നുണ്ട്. അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് വിവരം. ഭയം ഭക്തി ബഹുമാനം എന്ന പൂര്‍ണ പേരുള്ള സിനിമയില്‍ ദിലീപും മോഹന്‍ലാലും തമ്മില്‍ ഒരു ഗാനരംഗം ഉണ്ടെന്ന് അടുത്തിടെ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിനും ദിലീപിനും ഒപ്പം ഗാനരംഗത്ത് ആടിത്തകര്‍ക്കാന്‍ തെന്നിന്ത്യന്‍ താരസുന്ദരി തമന്നയും എത്തുമെന്നാണ് പുതിയ ചര്‍ച്ചകള്‍. ഗാനരംഗത്തിന് മാത്രമായി നാല് കോടി രൂപയാണ് മാറ്റിവച്ചതെന്നും എക്സ് പ്ലാറ്റ്ഫോമില്‍ പ്രചാരണമുണ്ട്. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭഭബ. ഒരു മാസ് കോമഡി എന്റര്‍ടെയ്നര്‍ ആയൊരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് താരദമ്പതികളായ നൂറിന്‍ ഷെരീഫും ഫാഹിം സഫറും ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ബൈജു സന്തോഷ് , ബാലു വര്‍ഗീസ്, അശോകന്‍, ജി. സുരേഷ് കുമാര്‍, നോബി, സെന്തില്‍ കൃഷ്ണാ, റെഡിന്‍ കിങ്‌സിലി, ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്‍, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫര്‍ സാന്റി മാസ്റ്റര്‍ തുടങ്ങിയവരും ഭഭബയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

◾ ബജാജ് ഓട്ടോയുടെ ഇലക്ട്രിക് വാഹന നിര്‍മാണം അടുത്ത മാസം പൂര്‍ണമായും നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നുള്ള റെയര്‍ എര്‍ത്ത്മാഗ്നറ്റുകളുടെ വരവ് നിലച്ചതിനെ തുടര്‍ന്ന് ഈ മാസം ഉത്പാദനം പാതിയായി കുറഞ്ഞിരുന്നു. മാഗ്നറ്റ് ലഭ്യത ഉറപ്പാക്കാന്‍ സാധിക്കാത്തതോടെ ഓഗസ്റ്റില്‍ ഒട്ടും ഉത്പാദനം നടക്കില്ലെന്നാണ് കമ്പനി പറയുന്നത്. ഉത്സവകാലം അടുത്തതോടെ വാഹനങ്ങള്‍ക്ക് വലിയ ഡിമാന്‍ഡുണ്ടാകുന്ന സമയത്താണ് മാഗ്നറ്റ് ദൗര്‍ബല്യം മൂലം നിര്‍മാണം നിലയക്കുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും വില്‍പ്പനയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് നിലവില്‍ ബജാജ് ഓട്ടോ. ജൂണ്‍ വരെ നിര്‍മാണം നടത്താനുള്ള റെയര്‍ എര്‍ത്ത് മാഗ്നറ്റ്‌സ് മാത്രമാണ് കൈവശമുള്ളതെന്ന് കമ്പനി നേരത്തെ തന്നെ വ്യക്തിമാക്കിയിരുന്നവെങ്കിലും ജൂലൈയില്‍ പകുതിയോളം ഉത്പാദനം നടത്താന്‍ കമ്പനിക്ക് സാധിച്ചു. വലിയ നഗരങ്ങളില്‍, ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന കൂടുതലാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ധാരാളം നിക്ഷേപം നടത്തിയിട്ടുള്ള ചെറുകിട വിതരണക്കാരെയും ഡീലര്‍മാരെയും ഇത് വലിയ തോതില്‍ ബാധിച്ചേക്കാം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ 540 ടണ്‍ മാഗ്നറ്റ് ഇറക്കുമതി ചെയ്തതില്‍ 80% ത്തിലധികവും ചൈനയില്‍ നിന്നായിരുന്നു.

◾ അമ്മയുടെ മരണകാരണം എന്ന ചോദ്യചിഹ്നം ഓരോ ചുവടിലും നെഞ്ചില്‍ത്തറയ്ക്കുന്ന ജെസ്സി എന്ന കുട്ടി, ‘നിന്നിലേക്കു ഞാന്‍ തിരിച്ചുവരും’ എന്നു മെല്ലെപ്പറഞ്ഞുകൊണ്ട് നെറ്റിയില്‍ ചുംബിച്ച, അപ്രത്യക്ഷമായ അമ്മയുടെ ഓര്‍മ്മകളില്‍ കണ്ണുനിറയുന്ന റോസ എന്ന നാവികന്‍, എല്ലാ ചോദ്യങ്ങളുടെയും ഉത്തരംപേറുന്ന അരികു ചുളുങ്ങിയ ഒരു മഞ്ഞക്കടലാസുകെട്ട്… ഇറ്റലിമുതല്‍ ലക്ഷദ്വീപസമൂഹത്തിലെ കടമത്തുദ്വീപുവരെ നീണ്ടുകിടക്കുന്ന നിഗൂഢതകള്‍. കടമത്തുദ്വീപ് ചരിത്രത്തിലെ ‘ശത്ത കപ്പലി’നെ ചുറ്റിപ്പറ്റി വികസിക്കുന്ന നോവല്‍പ്രപഞ്ചം. ‘കപ്പല്‍ശാസ്ത്രം’. സാദത്ത് അലി. മാതൃഭൂമി. വില 255 രൂപ.

◾ സാധാരണയായി ആളുകളില്‍ കണ്ടു വരുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് അനീമിയ. ഹീമോഗ്ലോബിന്റെ കുറവാണ് പ്രധാനമായും അനീമിയയുടെ കാരണം. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് 13.5 ലും താഴെ ആകുന്ന അവസ്ഥയാണ് അനീമിയ. രക്തത്തില്‍ കാണപ്പെടുന്ന ചുവന്ന രക്താണുക്കളാണ് ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഓക്‌സിജനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നത്. ചുവന്ന രക്താണുക്കളില്‍ അടങ്ങിയിരിക്കുന്ന ഹീമോഗ്ലോബിനാണ് ഓക്‌സിജനെ ശരീരത്തിലേക്കും കാര്‍ബണ്‍ ഡൈ ഒക്‌സൈഡിനെ പുറത്തേയ്ക്ക് വിടാനും സഹായിക്കുന്നത്. അനീമിയ അഥവാ വിളര്‍ച്ച ആരോഗ്യത്തെ ദോഷകരമായി തന്നെ ബാധിക്കുന്ന ഒന്നാണ്. ശരീരത്തിന് അവശ്യം വേണ്ടത്ര രക്തം ഇല്ലാതാകുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജവും ലഭിക്കുകയില്ല. അത് മിക്ക രോഗങ്ങള്‍ക്കും കാരണമാകുന്നു. വിറ്റാമിനുകളുടെ അപര്യാപ്തത, ബി12 ,ഫോളിക് ആസിഡ് തുടങ്ങിയവയുടെ കുറവ്, സ്ത്രീകളില്‍ ഉണ്ടാകുന്ന അമിതമായ ബ്ലീഡിംഗ്, കിഡ്നിയുടെ തകരാറുകള്‍, തൈറോയ്ഡ് ഗ്രന്ഥി പ്രവര്‍ത്തിക്കാതെ വരുന്ന അവസ്ഥ, അയേണിന്റെ കുറവ് എന്നിവയെല്ലാം തന്നെ അനീമിയ വരാനുളള കാരണങ്ങളാണ്. ഇടയ്ക്കടിയുള്ള തലവേദന, ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, ഇടയ്ക്കിടെ അസുഖം വരുന്നത്, മുഖത്ത് വിളര്‍ച്ച അനുഭവപ്പെടുക, മുടികൊഴിച്ചില്‍, പ്രതിരോധശേഷി കുറയുക, ഹൃദയമിടിപ്പില്‍ പെട്ടെന്ന് വ്യതിയാനം അനുഭവപ്പെടുക, നെഞ്ചിടിച്ചില്‍, ക്ഷീണം, തുടങ്ങിയവയെല്ലാം രക്തക്കുറവിന്റെ ലക്ഷണങ്ങളാണ്. ഇത്തരം രോഗികള്‍ക്ക് ചെറിയ തോതില്‍ ശരീരം അനങ്ങുമ്പോള്‍ തന്നെ കിതപ്പ് അനുഭവപ്പെടുന്നു. ഇലക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ശുദ്ധജലം ആവശ്യത്തിനു കുടിക്കുക എന്നിവ ഒരു പരിധി വരെ ശരീരത്തിന് ഊര്‍ജ്ജം നല്‍കാന്‍ സഹായകമാകും. വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍ തന്നെ ഹീമോഗ്ലോബിന്‍ ടെസ്റ്റ് നടത്തെണ്ടത് ആവശ്യമാണ്.

◾ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 86.62, പൗണ്ട് – 116.63, യൂറോ – 101.73, സ്വിസ് ഫ്രാങ്ക് – 108.83, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.88, ബഹറിന്‍ ദിനാര്‍ – 229.78, കുവൈത്ത് ദിനാര്‍ -283.72, ഒമാനി റിയാല്‍ – 225.25, സൗദി റിയാല്‍ – 23.09, യു.എ.ഇ ദിര്‍ഹം – 23.58, ഖത്തര്‍ റിയാല്‍ – 23.79, കനേഡിയന്‍ ഡോളര്‍ – 63.32.
Previous Post Next Post
3/TECH/col-right