2025 | ജൂലൈ 21 | തിങ്കൾ
1200 | കർക്കിടകം 5 | രോഹിണി
◾ സഖാവിന് വിട: സമരഭരിതമായ ഒരു കാലത്തിന്റെ അടയാളവാക്യമായി കേരള ചരിത്രത്തിന്റെ ഏടുകളിൽ ജ്വലിക്കുന്ന ആ പേര് ഇനി ഓർമ. സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ (102) അന്തരിച്ചു.
◾ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവിന് സുപ്രീംകോടതിയില്‍നിന്ന് രൂക്ഷ വിമര്‍ശനം. മുഡ ഭൂമിതട്ടിപ്പ് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയ്ക്കും കര്‍ണാടക മന്ത്രിക്കും നല്‍കിയ സമന്‍സ് റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലിലായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം. ദയവായി ഞങ്ങളെക്കൊണ്ട് വായ തുറപ്പിക്കരുത്. അല്ലാത്തപക്ഷം, ഇഡിയെക്കുറിച്ച് ചില കടുത്ത പരാമര്‍ശങ്ങള്‍ നടത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും. നിര്‍ഭാഗ്യവശാല്‍, തനിക്ക് മഹാരാഷ്ട്രയില്‍ ചില അനുഭവങ്ങളുണ്ടെന്നും നിങ്ങള്‍ ഈ അതിക്രമം രാജ്യത്തുടനീളം വ്യാപിപ്പിക്കരുതെന്നും രാഷ്ട്രീയ പോരാട്ടങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍ നടക്കട്ടെയെന്നും എന്തിനാണ് ഇഡിയെ അതിന് ഉപയോഗിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇഡിയുടെ അപ്പീല്‍ ഹര്‍ജി കോടതി തള്ളുകയും ചെയ്തു.
◾ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കം. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും ആദരാഞ്ജലിയര്‍പ്പിച്ചാണ് ലോക്സഭാ നടപടികള്‍ ആരംഭിച്ചത്. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, അഹമ്മദാബാദ് വിമാന ദുരന്തം അടക്കം രാജ്യം നേരിട്ട നിര്‍ണായക വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ചോദ്യോത്തര വേള നിര്‍ത്തിവെച്ച് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം സ്പീക്കര്‍ തള്ളിയതോടെ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം തുടങ്ങി.
◾ പഹല്‍ഗാമിലെ കൂട്ടക്കൊല ലോകത്തെ സ്തംഭിപ്പിച്ചുവെന്നും പാകിസ്ഥാനെ ഇന്ത്യ തുറന്ന് കാട്ടിയെന്നും പ്രധാനമന്ത്രി നരേദ്രമോദി.പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ എല്ലാവരും, എല്ലാ പാര്‍ട്ടികളും ഒന്നിച്ച് നിന്നുവെന്നും ആ ഐക്യം പാര്‍ലമെന്റിലും പ്രതിഫലിക്കണമെന്നും ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ അജണ്ട കാണുമെന്നും എന്നാല്‍ രാജ്യസുരക്ഷയിലും വികസനത്തില്‍ ഒന്നിച്ച് നില്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.
◾ പഹല്‍ഗാം ഭീകരാക്രമണത്തിലും ഓപ്പറേഷന്‍ സിന്ദൂറിലുമുള്ള അവ്യക്തത നീക്കിയേ മതിയാവൂയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയാവശ്യപ്പെട്ട് രാജ്യസഭയില്‍ നല്‍കിയ നോട്ടീസുകള്‍ ചെയര്‍മാന്‍ തള്ളിയതില്‍ അദ്ദേഹം പ്രതിഷേധമറിയിച്ചു. പഹല്‍ഗാമില്‍ ഭീകരരെ ഇനിയും പിടികൂടാനായിട്ടില്ല. അവരെ പിടിച്ചിട്ടുമില്ല, വധിച്ചിട്ടുമില്ല. രാജ്യസുരക്ഷയിലും സൈനിക ശക്തിക്ക് പിന്തുണ നല്‍കുന്നതിലും എല്ലാവരും ഒറ്റക്കെട്ടാണ്. ഭീകരര്‍ എവിടെ പോയിയെന്നും അവര്‍ക്ക് എന്ത് സംഭവിച്ചുവെന്നും ചോദിച്ച ഖാര്‍ഗെ ലഫ്.ഗവര്‍ണ്ണര്‍ തന്നെ സുരക്ഷ വീഴ്ച സമ്മതിച്ചുവെന്നും ഖര്‍ഗെ പറഞ്ഞു
◾ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അന്താരാഷ്ട്ര പ്രോട്ടോക്കോള്‍ പ്രകാരം അന്വേഷണം നടക്കുന്നതായി വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പാര്‍ലമെന്റിനെ അറിയിച്ചു. വിമാനാപകടവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ പ്രത്യേക പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. വിവിധ മാധ്യമ റിപ്പോര്‍ട്ടുകളും വ്യാഖ്യാനങ്ങളും പുറത്തുവരുന്നുണ്ടെന്നും എന്നാല്‍ സത്യത്തിനൊപ്പമാണ് നില്‍ക്കേണ്ടതെന്ന് റാം മോഹന്‍ നായിഡു ഓര്‍മ്മിപ്പിച്ചു.
◾ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദന്‍ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലായിരുന്നു സത്യവാചകം ചൊല്ലിയത്. അക്രമരാഷ്ട്രീയത്തിന്റെ ഇരയായി രണ്ട് കാലുകളും നഷ്ടപ്പെട്ട സി സദാനന്ദന്‍ സാമൂഹിക സേവന രംഗത്തും വിദ്യാഭ്യാസ മേഖലയിലും പ്രചോദനമാണന്ന് രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ പറഞ്ഞു.
◾ സ്‌കൂളുകളില്‍ അടിയന്തിര ഓഡിറ്റ് സമയബന്ധിതമായി നടപ്പാക്കുമെന്നും നാളെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറക്കും മുമ്പേ ഇറക്കിയ സര്‍ക്കുലറിലെ കാര്യങള്‍ എല്ലാ ഉദ്യോഗസ്ഥരും നടപ്പാക്കിയോ എന്ന് സംശയമുണ്ടെന്നും ജൂലായ് 25 മുതല്‍ 31 വരെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നേരിട്ട് സ്‌കൂളില്‍ എത്തി പരിശോധന നടത്തുമെന്നും ഇവര്‍ പരിശോധന നടത്തുന്നുണ്ടോ എന്നറിയാന്‍ വകുപ്പിലെ വിജിലന്‍സിനെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
◾ ആലപ്പുഴ കാര്‍ത്തികപ്പളളിയില്‍ ഇന്നലെ മേല്‍ക്കൂര തകര്‍ന്നു വീണ സ്‌കൂളില്‍ മാധ്യമള്‍ക്ക് വിലക്ക്. മാധ്യമങ്ങളെ ബലമായി പുറത്താക്കാനാണ് ശ്രമം നടത്തിയത്. സിപിഎം പ്രതിനിധിയായ വാര്‍ഡ് മെമ്പറെത്തിയാണ് മാധ്യമപ്രവര്‍ത്തകരോട് പുറത്തുപോകണമെന്നും അല്ലെങ്കില്‍ ബലമായി പുറത്താക്കാന്‍ അറിയാം എന്നും അറിയിച്ചത്.
◾ കേരളത്തിലെ വിദ്യാഭ്യാസരംഗം തകര്‍ക്കാന്‍ മത്സരിക്കുന്ന ഗവര്‍ണറും മുഖ്യമന്ത്രിയും നാടകം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുകയെന്ന തന്ത്രമാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്. മന്ത്രിമാരും പാര്‍ട്ടി അണികളും തെരുവില്‍ ഗവര്‍ണര്‍ക്കെതിരെ പോര്‍വിളി നടത്തുമ്പോള്‍ മുഖ്യമന്ത്രി സമാധാനദൂതുമായി രാജ്ഭവനിലെത്തിയത് പുതിയ അടവുനയത്തിന്റെ ഭാഗമായാണ് എന്നും അദ്ദേഹം പറഞ്ഞു.
◾ വിതുര താലൂക്ക് ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനയ്ക്കോ ചേര്‍ന്ന പ്രവര്‍ത്തനമല്ല ഇതെന്നും മന്ത്രി പറഞ്ഞു.സംഭവത്തില്‍ വിതുര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
◾ സാമുവല്‍ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് യെമനില്‍ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. സാമുവല്‍ ജെറോം മധ്യസ്ഥത എന്ന പേരില്‍ പണം കവര്‍ന്നെന്നും നിമിഷപ്രിയയുടെ മോചന വിഷയത്തില്‍ സാമുവല്‍ ജെറോം തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അബ്ദുല്‍ ഫത്താഹ് മഹ്ദി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. അറബിയിലുള്ള കുറിപ്പ് മലയാളത്തിലും ഇംഗ്ലീഷിലും തര്‍ജ്ജമ ചെയ്താണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
◾ യെമനില്‍ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച് സാമുവല്‍ ജെറോം. സ്വന്തമായി ഒരു പണവും വാങ്ങിയിട്ടില്ലെന്നും മീറ്റിംഗുകള്‍ക്ക് തെളിവുകള്‍ ഉണ്ടെന്നും സാമുവല്‍ ജെറോം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ പ്രതികരിച്ച് അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നില്ലെന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്നും അഭിഭാഷകനെന്ന് താന്‍ അവകാശപ്പെട്ടിട്ടില്ലെന്നും സാമുവല്‍ ജെറോം കൂട്ടിച്ചേര്‍ത്തു.
◾ പൊതുമരാമത്ത് വകുപ്പിനും എച്ച് സലാം എം എല്‍ എയ്ക്കുമെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍. അമ്പലപ്പുഴ ക്ഷേത്രത്തില്‍ അമിനിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പണം അനുവദിച്ചതിനെതിരെയാണ് വിമര്‍ശനം. ഭരണഘടനാപരമായി ഒരു ദേവാലയത്തിനും പണം മുടക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു.
◾ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ ബ്രിട്ടന്റെ എഫ് 35 യുദ്ധവിമാനം തകരാര്‍ പരിഹരിച്ചതോടെ നാളെ തിരികെ പോകും. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ ഹാങ്ങറില്‍ നിന്ന് വിമാനം പുറത്തിറക്കും. എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ എത്തിയ സാങ്കേതിക വിദഗ്ധരും ഇന്ന് വൈകിട്ടോടെ ബ്രിട്ടനിലേക്ക് മടങ്ങും. അതോടൊപ്പം ലാന്‍ഡിംഗ്, പാര്‍ക്കിംഗ് ചാര്‍ജുകള്‍ വിമാനത്താവള കമ്പനി ഈടാക്കും. ഇത് വഴി ബ്രിട്ടീഷ് വ്യോമസേന നല്‍കേണ്ടത് ഏകദേശം 8 ലക്ഷം രൂപയാണ്. മെയിന്റ്നന്‍സ് , ഹാങ്ങര്‍ വാടകയിനത്തില്‍ എയര്‍ ഇന്ത്യ ഈടാക്കുന്നത് ഏകദേശം 75 ലക്ഷം രൂപയായിരിക്കും.
◾ ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ കേസ് അന്വേഷിക്കാന്‍ പ്രത്യേക എട്ടംഗ അന്വേഷണ സംഘം രൂപീകരിച്ചു. ചവറ തെക്കുംഭാഗം എസ്എച്ച്ഒയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന സംഘത്തിന് മേല്‍നോട്ടം വഹിക്കും. ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ഇന്ന് തുടങ്ങിയേക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് റിപ്പോര്‍ട്ട് എന്നിവ കിട്ടിയാല്‍ നിയമനടപടി തുടങ്ങാനാണ് ഷാര്‍ജയിലുള്ള അതുല്യയുടെ സഹോദരി ഉള്‍പ്പടെ ബന്ധുക്കളുടെ തീരുമാനം.
◾ ഷാര്‍ജയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയര്‍ ആയിരുന്നു കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ്. ഇക്കാര്യം കമ്പനി സതീഷിനെ അറിയിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് സതീഷ് ജോലിയില്‍ പ്രവേശിച്ചത്.
◾ തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ വീണ്ടും കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തരൂരിനെ പങ്കെടുപ്പിക്കുന്നതിനെ എതിര്‍ത്ത രാജ്മോഹന്‍ ഉണ്ണിത്താന്‍, യോഗത്തില്‍ തരൂര്‍ പങ്കെടുത്താല്‍ യോഗത്തിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുമെന്നും, വിവരങ്ങള്‍ മോദിക്ക് ചോര്‍ത്തിക്കൊടുക്കുമെന്നും ആരോപിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കണമെങ്കില്‍ തരൂരിന് അപാര തൊലിക്കട്ടി തന്നെ വേണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പരിഹസിച്ചു.
◾ തൃശൂരില്‍ തമ്മില്‍ തല്ലിയ പൊലീസിലെ ഇരട്ട സഹോദരന്മാര്‍ക്ക് സസ്പെന്‍ഷന്‍. ഗ്രേഡ് എസ് ഐ മാരും ഇരട്ടകളുമായ പൊലീസ് സഹോദരന്മാരെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്. പൊലീസിന് അവമതിപ്പുണ്ടാക്കിയതിനാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നടപടി. ഇരുവര്‍ക്കും എതിരെ വകുപ്പ് നടപടിക്കും പൊലീസ് കമ്മീഷണര്‍ അങ്കിത് ശോകന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. .വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിലീപ് കുമാറും പഴയന്നൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐ പ്രദീപും തമ്മില്‍ ഇന്നലെയാണ് കയ്യാങ്കളി നടന്നത്.
◾ 19 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍എസ്യുഐ) ഒഡീഷയിലെ പ്രസിഡന്റ് ഉദിത് പ്രധാനെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വര്‍ പൊലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. മാര്‍ച്ച് 18 ന് രാത്രിയില്‍ ശീതള പാനീയത്തില്‍ ലഹരി കലര്‍ത്തി ബോധംകെടുത്തിയാണ് തന്നെ ബലാത്സം?ഗം ചെയ്തതെന്ന് പെണ്‍കുട്ടി പരാതിയില്‍ ആരോപിച്ചു.
◾ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് കൊടുങ്കാറ്റില്‍ മറിഞ്ഞു വിയറ്റ്നാമില്‍ 38 പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേരെ കാണാതായി. ശനിയാഴ്ച രാവിലെയാണ് സംഭവം. 48 യാത്രക്കാരും അഞ്ച് ജീവനക്കാരും ഉള്‍പ്പെടുന്ന ദി വണ്ടര്‍ സീ ബോട്ട് എന്ന ചെറുബോട്ടാണ് അപകടത്തില്‍പ്പെട്ടത്. വിയറ്റ്നാമിലെ ഹാ ലോംഗ് ബേയില്‍ നിന്ന് പുറപ്പെട്ട ബോട്ടാണ് കടലില്‍ മറിഞ്ഞത്.
◾ ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ഇന്നലെ വൈകുന്നേരം 7:55 ന് തിരുപ്പതി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനത്തിനാണ് ടേക്ക് ഓഫിന് ശേഷം സാങ്കേതിക തകരാര്‍ സംഭവിച്ചത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി, വിമാനം ഏകദേശം 40 മിനിറ്റ് പ്രദേശത്ത് വട്ടമിട്ടു പറക്കുകയും തിരുപ്പതിയിലേക്ക് തന്നെ മടങ്ങുകയും ചെയ്തു.
◾ ബിജെപി സംസ്ഥാന പ്രസിഡന്റ് പദവി ഉള്ളി പോലെയെന്നും ഉള്ളി പൊളിക്കുമ്പോള്‍ കാര്യം മനസിലാകുമെന്നും പദവിയില്‍ ഒരു കാര്യവുമില്ലെന്നും മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ. ഇപിഎസ്സിന്റെ സംസ്ഥാന പര്യടനത്തില്‍ താന്‍ എന്തിന് പങ്കെടുക്കണമെന്നും തന്റെ യാത്രയില്‍ എഐഎഡിഎംകെക്കാര്‍ വന്നിരുന്നോയെന്നും അണ്ണാമലൈ ചോദിച്ചു. ബിജെപിയുടെ ഭാരവാഹികള്‍ യാത്രയില്‍ പങ്കെടുത്തിട്ടുണ്ടെന്നും താന്‍ സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണെന്നും ഇഷ്ടമില്ലാത്തത് കണ്ടാല്‍ ഒഴിഞ്ഞുമാറുകയാണ് ശീലമെന്നും അച്ഛനും അമ്മയും പഠിപ്പിച്ചത് അതാണെന്നും അണ്ണാമലൈ പറഞ്ഞു.
◾ ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസയില്‍ ഭക്ഷണം കിട്ടാതെ നാല് വയസുകാരി മരിച്ചു. പട്ടിണിയും പോഷകാഹാരക്കുറവും മൂലം ഗുരുതരാവസ്ഥയിലായ റസാന്‍ അബു സഹര്‍ എന്ന പെണ്‍കുട്ടിയാണ് മരണപ്പെട്ടത്. 2023ല്‍ ഇസ്രയേല്‍ ഗാസയില്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 76 കുട്ടികളെങ്കിലും പോഷകാഹാരക്കുറവ് മൂലം മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
◾ ഗാസയിലെ സഹായവിതരണ കേന്ദ്രങ്ങളില്‍ ഭക്ഷണം തേടിയെത്തിയ 90 പലസ്തീന്‍കാരെ ഞായറാഴ്ച വിവിധ കേന്ദ്രങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തി. ഇസ്രയേലുമായുള്ള സികിം ക്രോസിങ്ങിലൂടെ വടക്കന്‍ ഗാസയിലെ സഹായകേന്ദ്രത്തിലേക്ക് എത്താന്‍ ശ്രമിക്കുന്നതിനിടെയാണ് 90 പേര്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റ 150-ലധികം പേരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
◾ ഗാസയിലെ യുദ്ധത്തെ രൂക്ഷമായി അപലപിച്ച് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. ഭക്ഷണത്തിനായി കാത്തുനില്‍ക്കുന്നതിനിടെ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് 93 പലസ്തീന്‍ സ്വദേശികള്‍ കൊല്ലപ്പെട്ടതായുള്ള വാര്‍ത്തയോടാണ് മാര്‍പ്പാപ്പയുടെ പ്രതികരണം. പ്രാകൃതമായ ആക്രമണത്തില്‍ നിന്ന് പിന്മാറണം എന്നാണ് ലിയോ പതിനാലാമന്‍ ആവശ്യപ്പെടുന്നത്.
◾ സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ന് 80 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,440 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 9180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1400 രൂപയാണ് വര്‍ധിച്ചത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.
◾ ഉപയോക്താക്കള്‍ വായിക്കാത്ത സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള എഐ ഫീച്ചറുമായി വാട്സ്ആപ്പ്. ഉപയോക്താക്കളുടെ സമയം ലാഭിക്കുന്നതും സംഭാഷണങ്ങളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യാത്തതുമാണ് പുതിയ ഫീച്ചര്‍. ഉപയോക്താവിന് ഇഷ്ടമുള്ള ചാറ്റുകളിലെ വായിക്കാത്ത സന്ദേശങ്ങള്‍ സംഗ്രഹിക്കുന്നതിനായി പുതുതായി ക്വിക്ക് റീക്യാപ്പ് ഓപ്ഷന്‍ നല്‍കും. ഈ ഫീച്ചര്‍ ഒരു സമയം ഒരു ചാറ്റില്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെങ്കിലും, ഉപയോക്താക്കള്‍ക്ക് ക്വിക്ക് റീക്യാപ്പ് ഉപയോഗിച്ച് ഒരേസമയം അഞ്ച് സംഭാഷണങ്ങള്‍ വരെ സംഗ്രഹിക്കാന്‍ കഴിയും. നിലവിലുള്ള സന്ദേശ സംഗ്രഹ സവിശേഷതയില്‍ നിന്ന് വ്യത്യസ്തമായി, തിരഞ്ഞെടുത്ത ചാറ്റുകളിലെ വായിക്കാത്ത സന്ദേശങ്ങളുടെ കൂടുതല്‍ വിശദമായ സംഗ്രഹം പുതിയ ക്വിക്ക് റീക്യാപ്പ് ഓപ്ഷന്‍ നല്‍കും. വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകള്‍ സംഗ്രഹിക്കുന്നതിനായി ക്വിക്ക് റീക്യാപ്പ് ഓപ്ഷന്‍ തെരഞ്ഞെടുക്കാം. എന്നാല്‍ അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചാറ്റുകള്‍ ക്വിക്ക് റീക്യാപ്പില്‍ ഉള്‍പ്പെടുത്തില്ല.
◾ മുകേഷ്, ആശ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'മെഹ്ഫില്‍' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതിയ വരികള്‍ക്ക് ദീപാങ്കുരന്‍ സംഗീതം പകര്‍ന്ന് മുസ്തഫ, ദേവി ശരണ്യ എന്നിവര്‍ ആലപിച്ച 'നൊന്തവര്‍ക്കേ നോവറിയൂ' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. മുല്ലശ്ശേരി രാജഗോപാലനായി മുകേഷ് അഭിനയിക്കുന്നു. ഭാര്യയായി ആശ ശരത് ആണ് എത്തുന്നത്. ഉണ്ണി മുകുന്ദന്‍, മനോജ് കെ ജയന്‍, കൈലാഷ്, രഞ്ജി പണിക്കര്‍, സിദ്ധാര്‍ത്ഥ് മേനോന്‍, വൈഷ്ണവി, സബിത ജയരാജ്, അശ്വത്ത് ലാല്‍, അജീഷ്, ഷിബു നായര്‍ തുടങ്ങിയവര്‍ക്കൊപ്പം ഗായകരായ രമേശ് നാരായണ്‍, ജി വേണുഗോപാല്‍, കൃഷ്ണചന്ദ്രന്‍, അഖില ആനന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൈതപ്രം രചിച്ച് ദീപാങ്കുരന്‍ സംഗീത സംവിധാനം നിര്‍വഹിച്ച എട്ട് പാട്ടുകളാണ് ചിത്രത്തിലുള്ളത്. രമേഷ് നാരായണ്‍, ജി വേണുഗോപാല്‍, അരവിന്ദ് വേണുഗോപാല്‍, വൈക്കം വിജയലക്ഷ്മി, ദേവി ശരണ്യ, മുസ്തഫ മാന്തോട്ടം, ഹൃദ്യ മനോജ് തുടങ്ങിയവരാണ് ഗായകര്‍. ഓഗസ്റ്റ് എട്ടിന് മെഹ്ഫില്‍ തിയേറ്ററുകളിലെത്തും.
◾ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന 'സുമതി വളവ്' ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. ചിത്രത്തിലെ ഗാനം റിലീസായി. കല്ലേലി കാവിലെ ഉത്സവത്തിന് കൊടിയേറ്റത്തോടെയുള്ള ആഘോഷ ഗാനത്തിന്റെ സംഗീത സംവിധാനം രഞ്ജിന്‍ രാജ് ആണ്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് മധു ബാലകൃഷ്ണന്‍, ദീപക് ബ്ലൂ, നിഖില്‍ മേനോന്‍, ഭദ്രാ റെജിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന്റെ ആലാപനം. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ ഹൊറര്‍ ഫാമിലി ഡ്രാമാ ഗണത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് ഭരതന്‍, ശ്രാവണ്‍ മുകേഷ്, നന്ദു, മനോജ് കെയു, ശ്രീജിത്ത് രവി, ബോബി കുര്യന്‍, അഭിലാഷ് പിള്ള, ശ്രീപഥ് യാന്‍, ജയകൃഷ്ണന്‍, കോട്ടയം രമേശ്, സുമേഷ് ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, വിജയകുമാര്‍, ശിവ അജയന്‍, റാഫി, മനോജ് കുമാര്‍, മാസ്റ്റര്‍ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാര്‍, ഗോപിക അനില്‍, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ,ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾ ഇന്ത്യയിലെ ആദ്യ ടെസ്ല ഡീലര്‍ഷിപ്പ് മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ തന്നെ അതിനുള്ള അവസരം ലഭിക്കുകയാണ്. ടെസ്ലയുടെ ജനപ്രിയ ഇലക്ട്രിക് എസ്യുവികളിലൊന്നായ മോഡല്‍ വൈ ആണ് ആദ്യ വാഹനമായി ടെസ്ല ഇന്ത്യയില്‍ എത്തിച്ചത്. വാഹനത്തിന്റെ ബുക്കിങ് തുടങ്ങി. ടെസ്ലയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കോട്ടക് മഹീന്ദ്ര പ്രൈം സാമ്പത്തിക സഹായം നല്‍കും. കോട്ടക് ഗ്രൂപ്പിന്റെ ഓട്ടോ ഫിനാന്‍സിങ് വിഭാഗമായ കോട്ടക് മഹീന്ദ്ര പ്രൈം ലിമിറ്റഡാണ് സഹകരണവുമായി എത്തിയത്. ഇന്ത്യയില്‍ ഈ പദവി ലഭിക്കുന്ന, ടെസ്ലയുമായി സഹകരിക്കുന്ന ആദ്യത്തെ ധനകാര്യ സ്ഥാപനമാണിത്. ടെസ്ല ഇവി വാങ്ങുന്നവര്‍ക്കായി കോട്ടക് മഹീന്ദ്ര പ്രൈം പ്രത്യേക കാര്‍ ഫിനാന്‍സ് പ്ലാനുകളാണ് മുന്നോട്ട് വയ്ക്കുന്നത്. രണ്ടു മോഡലുകളുമായി ഇന്ത്യയില്‍ എത്തുന്ന വൈയുടെ റിയര്‍ വീല്‍ ഡ്രൈവ് മോഡലിന് 59.89 ലക്ഷം രൂപയും ലോങ് റേഞ്ച് റിയര്‍വീല്‍ ഡ്രൈവിന് 67.89 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. അടിസ്ഥാന മോഡലിന്റെ ഓണ്‍റോഡ് വില 60.99 ലക്ഷം രൂപയും ലോങ് റേഞ്ച് മോഡലിന് 69.07 ലക്ഷം രൂപയുമാണ്.
◾ എഡ്ഗാര്‍ വാലസ്, ജി.കെ. ചെസ്റ്റര്‍ടണ്‍, അന്നകാതറിന്‍ ഗ്രീന്‍, ആര്‍. ഓസ്റ്റിന്‍ ഫ്രീമാന്‍, മേരി ഫോര്‍ച്ചുണ്‍, ജെയിംസ് മക്‌ഗോവന്‍, എല്‍.ടി. മീഡ്, റോബര്‍ട്ട് യൂസ്റ്റേസ്, എ.ജി. മോറിസണ്‍, ഡൊറോത്തി എല്‍. സായേഴ്‌സ്, ആല്‍ഫ്രഡ് എഡ്വേഡ് വുഡ്‌ലി മേസണ്‍... ലോക കുറ്റാന്വേഷണസാഹിത്യത്തിന്റെ വളര്‍ച്ചയിലെ നിര്‍ണ്ണായക ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന, വിശ്വസാഹിത്യത്തിലെ പ്രമുഖരായ എഴുത്തുകാരുടെ മികച്ച കഥകളുടെ സമാഹാരം. 'വിശ്വപ്രസിദ്ധ ഡിറ്റക്ടീവ് കഥകള്‍'. എഡിറ്റര്‍ - മരിയറോസ്. പരിഭാഷ - ബി.നന്ദകുമാര്‍. മാതൃഭൂമി. വില 280 രൂപ.
◾ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ നെല്ലിക്ക ദിവസവും കഴിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ശരീരത്തെ അണുബാധകളില്‍ നിന്ന് ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കൊളസ്ട്രോള്‍ നിലയും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ നെല്ലിക്ക സഹായിക്കും. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിനും മുടിയ്ക്കും നെല്ലിക്ക മികച്ചതാണ്. നെല്ലിക്കയിലെ വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും കൊളാജന്‍ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മത്തിനും ശക്തമായ മുടിക്കും കാരണമാവുകയും ചെയ്യുന്നു. ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കുന്നതിലൂടെ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നു. നെല്ലിക്കയില്‍ വിവിധ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് സമ്മര്‍ദ്ദവും വീക്കവും കുറയ്ക്കുന്നു. ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നെല്ലിക്ക സഹായിച്ചേക്കാം. നെല്ലിക്കയില്‍ കലോറി കുറവും നാരുകള്‍ കൂടുതലും അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ മികച്ചൊരു ഭക്ഷണമാണ്. നെല്ലിക്കയില്‍ ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ നെല്ലിക്ക കാര്‍ബോഹൈഡ്രേറ്റുകളുടെ ആഗിരണം മന്ദഗതിയിലാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരുന്നത് തടയുന്നു. ജലദോഷം, ചുമ, വായിലെ അള്‍സര്‍, താരന്‍ തുടങ്ങിയവയില്‍ നിന്ന് ആശ്വാസം നല്‍കുന്നു. നെല്ലിക്ക പതിവായി കഴിക്കുന്നത് താരന്‍ നിയന്ത്രിക്കാനും മുടി കൊഴിച്ചില്‍ കുറയ്ക്കാനും സഹായിക്കും. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം തൈരും നെല്ലിക്കയും കൊണ്ടുള്ള പാക്ക് ഇടുന്നത് മുടിയുടെ ആരോഗ്യത്തിന് സഹായകമാണ്. നെല്ലിക്കയില്‍ വിറ്റാമിന്‍ സി, ക്വെര്‍സെറ്റിന്‍, എലാജിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും കാന്‍സര്‍ തടയുകയും ചെയ്യും. ക്യാന്‍സര്‍ മരുന്നുകളുടെ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിനും പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുന്നതിനും നെല്ലിക്ക ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
◾ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ - 86.28, പൗണ്ട് - 115.97, യൂറോ - 100.44, സ്വിസ് ഫ്രാങ്ക് - 107.77, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.16, ബഹറിന്‍ ദിനാര്‍ - 228.84, കുവൈത്ത് ദിനാര്‍ -282.37, ഒമാനി റിയാല്‍ - 224.40, സൗദി റിയാല്‍ - 23.00, യു.എ.ഇ ദിര്‍ഹം - 23.48, ഖത്തര്‍ റിയാല്‍ - 23.69, കനേഡിയന്‍ ഡോളര്‍ - 62.86.
Tags:
KERALA