Trending

സായാഹ്ന വാർത്തകൾ

◾  കൊല്ലം തേവലക്കരയിലെ സ്‌കൂളില്‍ വെച്ച് വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിനായി മിഥുന്റെ മൃതദേഹം എത്തിച്ചപ്പോഴാണ് ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. പ്രിയ കൂട്ടുകാരുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങിയ മിഥുന്റെ മൃതദേഹം തേവലക്കര സ്‌കൂളില്‍നിന്ന് വിളന്തറയിലെ വീട്ടിലെത്തിച്ചു. ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍ വച്ചാണ് മിഥുന്റെ സംസ്‌കാരം. ഇതിനിടെ വിദേശത്തായിരുന്ന മിഥുന്റെ അമ്മ സുജ വീട്ടിലെത്തി. കുവൈത്തില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ന് രാവിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമ്മ സുജ ഉച്ചയോടെയാണ് വീട്ടില്‍ എത്തിയത്.

◾  കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ക്ക് നോട്ടീസ്. വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിക്കാനിടയാക്കിയതില്‍ വിശദീകരണം നല്‍കണമെന്നാണ് സര്‍ക്കാര്‍ നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും നോട്ടീസിലുണ്ട്. അതേസമയം, മിഥുന്റെ മരണത്തിന് ഇടയ്ക്കിയ വൈദ്യുതി ലൈന്‍ കെഎസ്ഇബി ഇന്ന് മാറ്റും. ഇന്നലെ ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് വൈദ്യുതി ലൈന്‍ മാറ്റാന്‍ ധാരണയായത്.

◾  കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അങ്ങേയറ്റം കുറ്റബോധമുണ്ടെന്ന് സ്‌കൂള്‍ മാനേജര്‍ മുരളീധരന്‍ പിള്ള . വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നോട്ടീസിന് മറുപടി നല്‍കുമെന്നും ഏതു നടപടിയും നേരിടാന്‍ ഒരുക്കമാണെന്നും സ്‌കൂള്‍ മാനേജര്‍ പറഞ്ഞു.

◾  കൊല്ലം തേവലക്കര സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ അച്ഛമ്മ മണിയമ്മയെ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്.

◾  കേരളം രാഷ്ട്രീയ ഭ്രാന്താലയമായി മാറിയെന്നും ഇതിന്റെ പ്രശ്നങ്ങള്‍ അക്കാദമിക് മേഖലയിലുമുണ്ടെന്നും കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ.പി രവീന്ദ്രന്‍. സെനറ്റ് യോഗം ചിലര്‍ അലങ്കോലപ്പെടുത്തിയെന്നും ഈ നിലയില്‍ മുന്നോട്ട് പോകുന്നത് സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താന്‍ ഐഎസ്എം പരിപാടിക്കും  പോസ്റ്റല്‍ ഡിപ്പാര്‍ട്മെണ്ടിന്റെ പരിപാടിക്കും പോയിട്ടുണ്ട്. സേവാ ഭാരതി ഒരു നിരോധിത സംഘടന അല്ലെന്നും വിസി എന്ന നിലയില്‍ എല്ലാത്തിനെയും ചേര്‍ത്തുപിടിക്കുക എന്നതാണ് സ്വന്തം രീതി എന്നും കാലിക്കറ്റ് വിസി ഡോ. പി രവീന്ദ്രന്‍ പറഞ്ഞു.

◾  കേരള സര്‍വകലാശാലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട്  മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടേക്കും. രാഷ്ട്രീയ പോരിന് കാരണമായ ഭാരതാംബ വിവാദത്തില്‍ അടക്കം വിട്ടുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ഇന്നു രാത്രി ഗവര്‍ണര്‍ തിരുവനന്തപുരത്ത് തിരിച്ചെത്തും.

◾  കേരള സര്‍വകലാശാലയില്‍ റജിസ്ട്രാര്‍ കെഎസ് അനില്‍കുമാറിന്റെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട തന്റെ നിലപാടില്‍ വിസി മോഹനന്‍ കുന്നുമ്മല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. സിന്‍ഡിക്കേറ്റ് യോഗം വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന മന്ത്രിയുടെ നിര്‍ദേശം അദ്ദേഹം തള്ളി. എന്നാല്‍ സിന്‍ഡിക്കേറ്റും വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടിലാണ് ഉള്ളത്.

◾  കാലടിയിലെ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ മുഖ്യ ക്യാമ്പസിനെ പൈതൃക ടൂറിസം ക്യാമ്പസാക്കി മാറ്റുന്നതിനുളള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് സിന്‍ഡിക്കേറ്റ് അംഗം അഡ്വ. കെ. എസ്. അരുണ്‍കുമാര്‍. സര്‍വ്വകലാശാലയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ സമരത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കാലടി മുഖ്യ ക്യാമ്പസിലുളള സിന്‍ഡിക്കേറ്റ് ഹാളില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. '

◾  കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്ന് വെള്ളാപ്പള്ളി നടേശന്‍. കേരളത്തിലെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ മുസ്ലിം സമുദായത്തെയാണ് സഹായിക്കുന്നതെന്നും കേരളത്തില്‍ മുസ്ലിം ലീഗ് ആണ് കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോട്ടയത്ത് നടന്ന എസ്എന്‍ഡിപി യോഗത്തിന്റെ നേതൃയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

◾  നിപ രോഗബാധയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ 15 വയസുകാരി ചികിത്സയില്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് പെരിന്തല്‍മണ്ണ സ്വദേശിയായ 15 വയസുകാരിയെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ചത്. പരിശോധനാ ഫലം വരുന്നതിനനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

◾  നൃത്താധ്യാപിക സത്യഭാമ നര്‍ത്തകരായ ആര്‍എല്‍വി രാമകൃഷ്ണന്‍, പത്തനംതിട്ട സ്വദേശി യു ഉല്ലാസ് എന്നിവര്‍ക്കെതിരെ നല്‍കിയ അപകീര്‍ത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി. സത്യഭാമയുടെ പരാതിയില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് എടുത്ത കേസിലെ തുടര്‍നടപടികളാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് റദ്ദാക്കിയത്. രാമകൃഷ്ണന്റെയും ഉല്ലാസിന്റെയും ഹര്‍ജി അനുവദിച്ചാണ് നടപടി. തെളിവുകളുടെ അഭാവത്തില്‍ ഹര്‍ജിക്കാര്‍ക്കെതിരായ കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

◾  ഇടുക്കിയില്‍ ശാന്തന്‍പാറക്ക് സമീപം പേത്തൊട്ടിയില്‍ ഏലമലക്കാട്ടില്‍ നിന്നും നിയമം ലംഘിച്ച് വിവിധ ഇനത്തില്‍ പെട്ട 150 ലധികം മരങ്ങള്‍ മുറിച്ചുകടത്തി. വനം വകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി. തമിഴ്നാട് സ്വദേശികളായ എം ബൊമ്മയ്യന്‍, അയ്യപ്പന്‍ എന്നിവര്‍ക്ക് എതിരെ കേസെടുത്തു. ഒന്നര വര്‍ഷം മുന്‍പ് ഉരുള്‍പൊട്ടല്‍ ഉണ്ടായതിന്റെ സമീപത്താണ് സംഭവം.  അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കാന്‍ പോലും വനംവകുപ്പിന്റെ അനുമതി വേണം. സംഭവം വിവാദമായതോടെയാണ് വനം വകുപ്പ് കേസ് എടുത്തത്.

◾  വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് ഇറാന്‍ അടക്കമുള്ള രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുന്നു. യെമനുമായി അടുത്തബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളുമായി നയതന്ത്ര തലത്തില്‍ ചര്‍ച്ച നടത്തി നിമിഷ പ്രിയയുടെ മോചനത്തില്‍ അനുകൂലമായ തീരുമാനത്തിന് ശ്രമിക്കുകയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

◾  കേരളത്തില്‍ വിവിധ ജില്ലകളില്‍ ഇന്നും കനത്ത മഴ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്  ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട് ആയിരിക്കും. ഇന്ന് ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

◾  പന്തളം കെഎസ്ആര്‍ടിസിയില്‍ നിലവാരമില്ലാത്ത ബ്രത്ത് അനലൈസര്‍ ജീവനക്കാരെ കുടുക്കിയെന്നു  പരാതി.  മദ്യപിച്ചോയെന്ന് അറിയാന്‍ നടത്തിയ പതിവ് പരിശോധനയുടെ ഭാഗമായിട്ടാണ് ജീവനക്കാരെ ഊതിച്ചത്. ജീവനക്കാരില്‍ പലരും മദ്യപിച്ചെന്നാണ് ബ്രത്ത് അനലൈസറില്‍ തെളിഞ്ഞത്. എന്നാല്‍ തങ്ങള്‍ മദ്യപിച്ചിട്ടില്ലെന്നും സഹപ്രവര്‍ത്തകന്‍ കൊണ്ടുവന്ന ചക്കപ്പഴം കഴിച്ച ശേഷമാണ് പരിശോധനയ്ക്ക് വിധേയരായതന്നും ജീവനക്കാര്‍ വാദിച്ചു. നല്ല മധുരമുള്ള പഴങ്ങള്‍ പഴക്കം മൂലം പുളിച്ചാല്‍ അതില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഇതോടെ ഡിപ്പോയില്‍ താല്‍ക്കാലികമായി ചക്കപ്പഴത്തിന് വിലക്കേര്‍പ്പെടുത്തി.

◾  തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സഹോദരന്‍ എം.കെ.മുത്തു (77) അന്തരിച്ചു. എം.കരുണാനിധിയുടെ ആദ്യ ഭാര്യ പദ്മാവതിയുടെ മകനാണ് മുത്തു. മുത്തു ജനിച്ചതിനു പിന്നാലെയാണ് 20ാം വയസില്‍ പദ്മാവതി മരിച്ചത്. അതിനു ശേഷം കരുണാനിധി വിവാഹം ചെയ്ത ദയാലുവമ്മാളിന്റെ മകനാണ് സ്റ്റാലിന്‍.

◾  റാവല്‍പിണ്ടിയിലെ ചഹാന്‍ അണക്കെട്ടിന് സമീപം തത്സമയ സംപ്രേക്ഷണം നടത്തുന്നതിനിടെ, അതിശക്തമായ വെള്ളപ്പൊക്കത്തില്‍പ്പെട്ട് ഒരു പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഒഴുകിപ്പോയതായി റിപ്പോര്‍ട്ട്. അലി മൂസ റാസ എന്ന മാധ്യമ പ്രവര്‍ത്തകനാണ് റിപ്പോര്‍ട്ടിംഗിനിടെ ഒലിച്ച് പോയത്. ശക്തമായ വെള്ളപ്പൊക്കത്തില്‍ കഴുത്തറ്റം വെള്ളത്തില്‍ നിന്ന് കൊണ്ട് നടത്തിയ സാഹസീക മാധ്യമ പ്രവര്‍ത്തനത്തിനിടെയാണ് അപകടമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

◾  മഹാരാഷ്ട്രയിലെ ബാരാമതിയില്‍ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലെ ചീഫ് മാനേജര്‍ ആത്മഹത്യ ചെയ്തു. ബാങ്കിന്റെ പരിസരത്താണ് അദ്ദേഹം ജീവനൊടുക്കിയത്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് സ്വദേശിയായ ശിവശങ്കര്‍ മിത്ര (52) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ജോലി ഭാരം താങ്ങാനാകാതെയാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കി.

◾  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ മരണ സംഖ്യ ഉയരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 110 ആയി. 35 പേരെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കാണാതായി. 1,220 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്തു ഉണ്ടായതായാണ് സര്‍ക്കാര്‍ കണക്കുകള്‍. 250 ത്തിലധികം റോഡുകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.

◾  മരണപ്പെടുന്ന ആളുകളുടെ ആധാര്‍ റദ്ദാക്കുന്നതില്‍ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 14 വര്‍ഷത്തിനിടെ രാജ്യത്ത് 1.15 കോടി ആധാര്‍ നമ്പറുകള്‍ മാത്രമാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ റദ്ദാക്കിയതെന്ന് കണക്കുകള്‍. എന്നാല്‍, ഇതേ കാലയളവില്‍ കോടിക്കണക്കിന് ആളുകള്‍ മരിച്ചുവെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

◾  പാര്‍ലമെന്റ് സമ്മേളനം തിങ്കളാഴ്ച നടക്കാനിരിക്കേ ഇന്ത്യ സഖ്യം പാര്‍ട്ടികള്‍ ഇന്ന് യോഗം ചേരും. ആംആദ്മി പാര്‍ട്ടിയും, തൃണമൂല്‍ കോണ്‍ഗ്രസും യോഗം ബഹിഷക്കരിക്കും. കേരള പര്യടനത്തിനിടെ രാഹുല്‍ ഗാന്ധി ആര്‍എസ്എസ് ബാന്ധവം ആരോപിച്ചതില്‍ കടുത്ത അതൃപ്തി അറിയിച്ചെങ്കിലും സിപിഎം പങ്കെടുക്കും. പഹല്‍ഗാം ആക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണ വിവാദം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ശക്തമായി ഉന്നയിക്കാനാണ് തീരുമാനം.

◾  ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ 5000 രൂപയില്‍ അധികം ചെലവാക്കണമെങ്കില്‍ മേലുദ്യോഗസ്ഥരുടെ അനുമതി വേണമെന്ന് ഉത്തരവ്. ജൂലൈ 14നാണ് വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ഒരു മാസത്തെ ശമ്പളത്തില്‍ നിന്ന് 5,000 രൂപയില്‍ കൂടുതലുള്ള ഏതെങ്കിലും ജംഗമ വസ്തു വാങ്ങുകയോ വില്‍ക്കുകയോ മറ്റേതെങ്കിലും വിധത്തില്‍ ഇടപാടു നടത്തുന്നതിനോ മേലുദ്യോഗസ്ഥനെ അറിയിക്കുകയും അനുമതി വാങ്ങുകയും ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു. അതേസമയം, സര്‍ക്കാര്‍ ഉത്തരവ് പരിഹാസ്യമാണെന്ന് ഉത്തരാഖണ്ഡ് എസ്സി-എസ്ടി എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിഡന്റ് കരം റാം പറഞ്ഞു. വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നും ഭാര്യയ്‌ക്കോ കുട്ടികള്‍ക്കോ വസ്ത്രം വാങ്ങാന്‍ പോലും മേലുദ്യോഗസ്ഥന്റെ അനുമതി വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

◾  അഹമ്മദാബാദ് എയര്‍ ഇന്ത്യ അപകടത്തില്‍ മരിച്ചവരുടെ ക്ഷേമത്തിനായി ടാറ്റ സണ്‍സും ടാറ്റ ട്രസ്റ്റുകളും ചേര്‍ന്ന് 500 കോടി രൂപയുടെ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചു. ടാറ്റയിലെ മുന്‍ ഉദ്യോഗസ്ഥനായ എസ്. പത്മനാഭനെയും ടാറ്റ സണ്‍സിന്റെ ജനറല്‍ കൗണ്‍സിലായ സിദ്ധാര്‍ത്ഥ് ശര്‍മ്മയെയും ട്രസ്റ്റി ബോര്‍ഡിലേക്ക് നിയമിച്ചു. അഞ്ച് അംഗ ബോര്‍ഡിലേക്ക് മൂന്ന് ഉദ്യോഗസ്ഥരെ കൂടി നിയമിക്കും. മരിച്ചവരുടെ ബന്ധുക്കള്‍ക്കും ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും അപകടം നേരിട്ടോ അല്ലാതെയോ ബാധിച്ചവര്‍ക്കും വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചത്.

◾  അഹമ്മദാബാദ് വിമാനാപകടത്തിന് മുമ്പായി ഇന്ധന സ്വിച്ച് ഓഫ് ചെയ്തത് എന്തിനെന്ന് ക്യാപ്റ്റനോട് വിമാനത്തിലെ ഫസ്റ്റ് ഓഫീസര്‍ പല വട്ടം ചോദിച്ചെന്ന് റിപ്പോര്‍ട്ട്. വിദേശ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തുനില്‍ക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, അതിനുശേഷവും വിദേശമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുകയാണ്.

◾  ജൂണ്‍ 12-ന് നടന്ന അഹമ്മദാബാദ് വിമാനദുരന്തമുണ്ടായത് പൈലറ്റിന്റെ പിഴവ് മൂലമാണെന്ന് റിപ്പോര്‍ട്ട് ചെയ്ത യുഎസ് മാധ്യമം 'വാള്‍ സ്ട്രീറ്റ് ജേണലി'നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനുമെതിരേ നിയമനടപടിയുമായി പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്സ്. എയര്‍ ഇന്ത്യ അപകടത്തിന് കാരണം പൈലറ്റിന്റെ പിഴവോ കോക്ക്പിറ്റ് ആശയക്കുഴപ്പമോ ആണെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതിനെതിരെയാണ് നടപടി.

◾  ശിവരാത്രി ദിവസം കാന്റീനില്‍ കോഴിക്കറി വിളമ്പിയ വിദ്യാര്‍ത്ഥിയെ പുറത്താക്കി സൗത്ത് ഏഷ്യന്‍ യൂണിവേഴ്‌സിറ്റി. ബംഗ്ലാദേശ് സ്വദേശിയായ വിദ്യാര്‍ത്ഥിയേയാണ് സര്‍വകലാശാല പുറത്താക്കിയത്. സംഭവത്തില്‍ മെസ് സെക്രട്ടറിക്ക് അയ്യായിരം രൂപ പിഴയുമാണ് സര്‍വകലാശാല വിധിച്ചത്. ശിവരാത്രി ദിവസം സസ്യേതര ഭക്ഷണം കാന്റീനില്‍ വിളമ്പിയതിനേ ചൊല്ലി വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതാണ് നടപടിക്ക് കാരണമായി വിശദമാക്കുന്നത്.

◾  സഹാറന്‍പൂര്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് മോശമായി പെരുമാറിയെന്നാരോപിച്ച് ഉത്തര്‍പ്രദേശ് എംപി ഇഖ്‌റ ഹസന്‍ രംഗത്ത്. ജൂലൈ ഒന്നിന് ചുത്മാല്‍പൂര്‍ നഗര്‍ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ ഷാമ പര്‍വീനുമായി അദ്ദേഹത്തിന്റെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തുന്നതിനിടെ സഹാറന്‍പൂര്‍ എഡിഎം സന്തോഷ് ബഹാദൂര്‍ സിംഗ് തന്നോട് മോശമായി പെരുമാറിയെന്ന് കൈരാനയില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി എംപിയായ ഇഖ്റ ഹസന്‍ ആരോപിച്ചു. എന്നാല്‍, ആരോപണങ്ങള്‍ എഡിഎം നിഷേധിച്ചു.

◾  ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതിനെ തുടര്‍ന്ന് തുര്‍ക്കിക്ക് വന്‍ സാമ്പത്തിക നഷ്ടം. 2025-ല്‍ ഇതുവരെ തുര്‍ക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ഇന്ത്യക്കാരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 85,000-ത്തിലധികം കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുര്‍ക്കിയിലെ ടൂറിസ്റ്റ് സീസണ്‍ ജൂണ്‍ ഒന്നിനാണ് ആരംഭിക്കുക. തുര്‍ക്കി പത്രമായ അലന്യ പോസ്റ്റാസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

◾  ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിനിടെ അഞ്ച് ജെറ്റ് വിമാനങ്ങള്‍ തകര്‍ക്കപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ഏതാനും റിപ്പബ്ലിക്കന്‍ നിയമസഭാംഗങ്ങള്‍ക്കൊപ്പമുള്ള അത്താഴവിരുന്നിനിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. എന്നാല്‍, തകര്‍ന്ന ജെറ്റ് വിമാനങ്ങള്‍ ഇന്ത്യയുടേതാണോ പാകിസ്താന്റേതാണോ എന്ന് വ്യക്തമാക്കാന്‍ ട്രംപ് തയ്യാറായില്ല. വ്യാപാര കരാര്‍ ഉപയോഗിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചത് താനാണെന്ന അവകാശവാദം ട്രംപ് വീണ്ടും ഉന്നയിക്കുകയും ചെയ്തു.

◾  അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് 24 തവണ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിട്ടും മോദി മൗനത്തിലാണെന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസ്. രാജ്യത്തിന്റെ അഭിമാനം കച്ചവടത്തിനായി അടിയറവ് വച്ചെന്നും എഐസിസി എക്സില്‍ കുറിച്ചു. പാര്‍ലമെന്റ് സമ്മേളനം ചേരാനിരിക്കെ ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ അഞ്ച് വിമാനങ്ങള്‍ തകര്‍ന്നെന്നും സംഘര്‍ഷം താനാണ് നിര്‍ത്തിയതെന്നും റിപ്പബ്ലിക്കന്‍ എംപിമാരുമായി നടത്തിയ കൂടികാഴ്ചയിലാണ് ട്രംപ് വീണ്ടും അവകാശപ്പെട്ടത്. ഈ സാഹചര്യത്തിലാണ് എഐസിസിയുടെ വിമര്‍ശനം.

◾  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കയറ്റം തുടരുന്നു. ഇന്നലെ രണ്ടുതവണ വില വര്‍ധിച്ച സ്വര്‍ണം ഇന്നും കയറ്റത്തിലാണ്. ജൂലൈയിലെ ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില. ഗ്രാമിന് 20 വര്‍ധിച്ച് 9,170 രൂപയിലാണിപ്പോള്‍. പവന്‍ വില 73,360 രൂപയാണ്. 160 രൂപയാണ് ഇന്ന് പവനില്‍ കൂടിയത്. ജൂലൈ ഒന്‍പതിന് പവന്‍ വില 72,000 രൂപയായി കുറഞ്ഞിരുന്നു. ഇതിനുശേഷം വിലയില്‍ 1,360 രൂപയുടെ വര്‍ധനയുണ്ടായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7,520 രൂപയാണ്. 15 രൂപയുടെ വര്‍ധന. വെള്ളിവില 123 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു. വരുംദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നേക്കുമെന്ന സൂചനകളാണ് വ്യാപാരികള്‍ നല്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,360 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ ഇതിലുമേറെ കൊടുക്കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 79,392 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും.

◾  500 മുതല്‍ അഞ്ച് ലക്ഷം വരെ സബ്സ്‌ക്രൈബര്‍മാരുള്ള ക്രിയേറ്റര്‍മാര്‍ക്ക് വേണ്ടിയൂട്യൂബ് 'ഹൈപ്പ്' ഫീച്ചര്‍ പുറത്തിറക്കി. ഇത് ക്രിയേറ്റര്‍മാര്‍ക്ക് കൂടുതല്‍ കാഴ്ചക്കാരെ ലഭിക്കുന്നതിനും വിഡിയോ കൂടുതല്‍ പ്രചരിക്കുന്നതിനും സഹായിക്കും. വിഡിയോ കാണുന്നവര്‍ക്കാണ് വിഡിയോ ഹൈപ്പ് ചെയ്യാന്‍ സാധിക്കുന്നത്. 'ഹൈപ്പ്' സവിശേഷത സാധാരണ ലൈക്ക്, ഷെയര്‍, സബ്‌സ്‌ക്രൈബ് ഓപ്ഷനുകളില്‍ നിന്നും വ്യത്യസ്തമായി ഈ വിഡിയോകള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാനും കാഴ്ചക്കാരെ സഹായിക്കുന്നു.  ഒരു വിഡിയോ പ്രസിദ്ധീകരിച്ചതിന് ശേഷം ഏഴ് ദിവസം കഴിഞ്ഞാണ് ഹൈപ്പ് ഒപ്ഷന്‍ ലഭ്യമാകുന്നത്. ആദ്യ ആഴ്ച കാഴ്ചക്കാര്‍ക്ക് അതിനെ 'ഹൈപ്പ്' ചെയ്യാന്‍ കഴിയും. ഒരാഴ്ച മൂന്ന് തവണ വരെ സൗജന്യമായി ഹൈപ്പ് ചെയ്യാം. തുടര്‍ന്ന് പണം നല്‍കി ഹൈപ്പ് കൂട്ടാനും കഴിയും. ഇതിലൂടെ വിഡിയോക്ക് പോയന്റുകള്‍ ലഭിക്കുന്നു. പോയിന്റ് നില വര്‍ധിക്കുന്നതിനനുസരിച്ച് 'എക്സ്പ്ലോര്‍' സെക്ഷനില്‍ പുതിയതായി അവതരിപ്പിച്ച ലീഡര്‍ബോര്‍ഡില്‍ വിഡിയോ സ്ഥാനം പിടിക്കുന്നു. ഏറ്റവും കൂടുതല്‍ ഹൈപ്പ് ലഭിച്ച നൂറ് വിഡിയോകളാണ് ഇതില്‍ ഉണ്ടാവുക. തുടര്‍ന്ന് അത് യൂട്യൂബ് ഹോമില്‍ ദൃശ്യമാകും.

◾  സിനിമ മോഹവുമായി നടക്കുന്ന റൊണാള്‍ഡോയുടെ കഥ പറയുന്ന 'ഒരു റൊണാള്‍ഡോ ചിത്രം' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജീവിതത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം പേറി നടക്കുന്ന റൊണാള്‍ഡോയുടെ ജീവിതവും പ്രണയവും സിനിമയുടെ ഇതിവൃത്തമാകുന്നു. അശ്വിന്‍ ജോസാണ് റൊണാള്‍ഡോ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് റിനോയ് കല്ലൂരാണ്. അശ്വിന്‍ ജോസ്, ചൈതനൃ പ്രകാശ്, ഹന്ന റെജി കോശി, മിഥുന്‍ എം ദാസ്, ഇന്ദ്രന്‍സ്, ലാല്‍, അല്‍താഫ് സലീം, സുനില്‍ സുഗത, മേഘനാദന്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഫുള്‍ഫില്‍ സിനിമാസ് നിര്‍മ്മാണം നിര്‍വഹിച്ച് നവാഗതനായ റിനോയ് കല്ലൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നതാണ് 'ഒരു റൊണാള്‍ഡോ ചിത്രം'. പി എം ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം- ദീപക് രവി, എഡിറ്റിംഗ്- സാഗര്‍ ദാസ്, ഗാന രചന ജോ പോള്‍, അരുണ്‍ കുമാര്‍ എസ്, റിനോയ് കല്ലൂര്‍.

◾  രജനികാന്ത്ലോകേഷ് കനകരാജ് ചിത്രം 'കൂലി'യുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി എച്ച്.എം അസോസിയേറ്റ്സ്. 14 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ഗോകുലം ഉള്‍പ്പടെയുള്ള വലിയ ബാനറുകള്‍ 'കൂലി'യുടെ അവകാശത്തിനായി കളത്തിലിറങ്ങിയെങ്കിലും തുകയുടെ കാര്യത്തില്‍ തീരുമാനമാകാതെ വന്നതോടെ പിന്മാറുകയായിരുന്നു. ജിസിസിയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ എച്ച്.എം അസോസിയേറ്റ്സ് കേരളത്തില്‍ ഫിലിം ഡിസ്ട്രിബ്യൂഷന്‍ രംഗത്ത് ചുവടുറപ്പിക്കുന്നിന്റെ ആദ്യ പടി കൂടിയാണിത്. ജൂലൈ 25 ന് റിലീസാകുന്ന വിജയ് സേതുപതി ചിത്രം 'തലൈവന്‍ തലൈവി'യുടെ കേരള വിതരണാവകാശവും എച്ച്.എം അസോസിയേറ്റ്സിനാണ്. 350 കോടി ബജറ്റില്‍ സണ്‍ പിക്ചേഴ്സ് നിര്‍മിച്ച രജനികാന്ത് ചിത്രം 'കൂലി' ഈ വര്‍ഷം ഏറ്റവുധികം പ്രതീക്ഷ അര്‍പ്പിക്കുന്ന ഇന്ത്യന്‍ സിനിമകളിലൊന്നാണ്. രജനികാന്ത്, ആമിര്‍ഖാന്‍, നാഗാര്‍ജുന, ഉപേന്ദ്ര, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ ഓഗസ്റ്റ് 14ന് തിയറ്ററുകളിലെത്തും.

◾  പുറത്തിറങ്ങി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മൂന്നു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചു എന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മഹീന്ദ്ര എക്സ് യു വി 700. രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന വാഹനങ്ങള്‍ മാരുതിയുടേതാണെങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി ഹ്യുണ്ടേയ് യും ടാറ്റയേയും പിന്തള്ളി രണ്ടാം സ്ഥാനം കയ്യടക്കിയിരിക്കുന്നതു മഹീന്ദ്രയാണ്. ആ രണ്ടാം സ്ഥാനത്തില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്ന വാഹനമാണ് എക്സ് യു വി 700. 2021 ല്‍ പുറത്തിറങ്ങിയ ഈ വാഹനത്തിനു ഇതുവരെ കമ്പനി ഒരു ഫേസ് ലിഫ്റ്റ് പോലും പുറത്തിറക്കിയിട്ടില്ല. 46 വേരിയന്റുകളില്‍ (22 പെട്രോള്‍, 24 ഡീസല്‍) വാഹനം ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ട്. 14.49 ലക്ഷം രൂപ മുതല്‍ 25.14 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില വരുന്നത്. എം സ്റ്റാലിയന്‍ രണ്ടു ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 200 ബിഎച്ച്പി കരുത്തും 380 എന്‍എം വരെ ടോര്‍ക്കും നല്‍കും. 2.2 ലീറ്റര്‍ എം ഹോക്ക് ഡീസല്‍ എന്‍ജിന് 182 ബിഎച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കുമുണ്ട്.

◾  ഷീബ പിന്നിട്ട വഴികളില്‍ പാലപ്പുമണവും സൂര്യസ്പര്‍ശവും മാത്രമല്ല, ഉണ്ടായിരുന്നത്. പകിട്ടുകള്‍ കാട്ടി പാരതന്ത്ര്യത്തിലേക്കാനയിക്കുന്ന വാരിക്കുഴികളില്‍ വീഴാതെ, യാഥാസ്ഥിതിക സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകളോട് നിരന്തരം മല്ലടിച്ചാണ്, നടന്നുകയറാനുള്ള പാത അവര്‍ സ്വയം വെട്ടിത്തെളിച്ചത്. ജീവിതമെന്നാല്‍ സ്വാതന്ത്ര്യമാണെന്നുകൂടി നമ്മെ ബോധ്യപ്പെടുത്തുകയാണ്, കടന്നുവന്ന വള്ളുവനാടന്‍ ഗ്രാമീണ ജീവിതം വരച്ചുകാട്ടുന്ന വരികളാല്‍, മലയാളത്തിന്റെ പ്രിയ കഥാകാരി ഈ ഓര്‍മ്മപ്പുസ്തകത്തിലൂടെ...'ഇന്ദ്രനീല ജാലകങ്ങള്‍'. ഷീബ ഇ കെ. ലോഗോസ് ബുക്സ്. വില 142 രൂപ.

◾  പ്രായമാകുന്തോറും തലച്ചോറിന്റെ ആരോഗ്യം മോശമാവുകയും ഓര്‍മക്കുറവ് സാധാരണമാവുകയും ചെയ്യും. എന്നാല്‍ ആരോഗ്യകരമായ വാര്‍ദ്ധക്യം പ്രാപിക്കുന്നതിനും പ്രായമാകുമ്പോഴുള്ള ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് രോഗങ്ങള്‍ തടയുന്നതിനും സഹായിക്കുന്ന ഒരു മികച്ച ഭക്ഷണം നിര്‍ദേശിക്കുകയാണ് ഗവേഷകര്‍. ദിവസവും ബ്രേക്ക്ഫാസ്റ്റില്‍ ഒരു മുട്ട ഉള്‍പ്പെടുത്തുന്നത് കാലക്രമേണ സംഭവിക്കാവുന്ന ഈ വൈജ്ഞാനിക തകര്‍ച്ചയെ മറികടക്കാനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ജേണല്‍ ഓഫ് ന്യൂട്രിഷനില്‍ സമീപകാലത്ത് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മുട്ടയില്‍ അടങ്ങിയ കോളിന്‍ തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു അവശ്യ പോഷകമാണെന്ന് പഠനത്തില്‍ പറയുന്നു. തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നതിനൊപ്പം, കോളിന്‍ വീക്കം കുറയ്ക്കുകയും മാനസികാവസ്ഥയും മാനസികാരോഗ്യവും നിയന്ത്രിക്കുകയും പേശികളുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും കൊഴുപ്പ് രാസവിനിമയത്തെ പോലും സഹായിക്കുകയും ചെയ്യുന്നു. മുട്ട കഴിക്കാത്തവരെ അപേക്ഷിച്ച് ദിവസവും മുട്ട കഴിക്കുന്നവരില്‍ അല്‍ഷിമേഴ്സ് സാധ്യത 50 ശതമാനമായി കുറഞ്ഞതായും ഗവേഷകര്‍ വ്യക്തമാക്കി. മുട്ട പതിവായി കഴിക്കുന്നത് അല്‍ഷിമേഴ്‌സ് ഡിമെന്‍ഷ്യയ്ക്കും എഡി പാത്തോളജിക്കും സാധ്യത കുറയ്ക്കുന്നുവെന്ന് പഠനത്തില്‍ പറയുന്നു. മുട്ടയില്‍ മാത്രമല്ല, ട്യൂണ, സാല്‍മണ്‍ തുടങ്ങിയ മീനുകളിലും ചിക്കന്‍, പാല്‍ ഉല്‍പ്പന്നങ്ങളിലും കോളിന്‍ അടങ്ങിയിട്ടുണ്ട്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 86.19, പൗണ്ട് - 115.53, യൂറോ - 100.19, സ്വിസ് ഫ്രാങ്ക് - 107.45, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.11, ബഹറിന്‍ ദിനാര്‍ - 228.61, കുവൈത്ത് ദിനാര്‍ -282.01, ഒമാനി റിയാല്‍ - 224.17, സൗദി റിയാല്‍ - 22.98, യു.എ.ഇ ദിര്‍ഹം - 23.46, ഖത്തര്‍ റിയാല്‍ - 23.67, കനേഡിയന്‍ ഡോളര്‍ - 62.79.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right