Trending

സായാഹ്ന വാർത്തകൾ.

◾  രാഷ്ട്രീയ ജീവിതത്തില്‍ പല അര്‍ഥത്തിലും ഉമ്മന്‍ ചാണ്ടി തന്റെ ഗുരുവായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞ വലിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും കേരള രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരമാണ് അദ്ദേഹമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു മനുഷ്യന്റെ വികാരം മനസ്സിലാക്കാന്‍ കഴിയുക എന്നതാണ് ഒരു വിഷയത്തെക്കുറിച്ച് അഗ്രഗണ്യമായി സംസാരിക്കുന്നതിനെക്കാളും ഒരു പ്രശ്‌നത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്നതിനെക്കാളും പ്രധാനമെന്നും അത് ഏറ്റവും കൂടുതല്‍ ഉള്‍ക്കൊണ്ട വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും രാഹുല്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി നേരിട്ടത് നീതീകരിക്കാനാവാത്ത രാഷ്ട്രീയ വേട്ടയാണെന്നും അപ്പോള്‍ പോലും അദ്ദേഹം ആരെയും കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾  രണ്ടാം ഓര്‍മ്മ ദിനത്തില്‍ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആള്‍ക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മന്‍ ചാണ്ടി, അതേ ആള്‍ക്കൂട്ടത്തെ കണ്ണീരണിയിച്ച് മടങ്ങി എന്നാണ് വൈകാരികമായി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചിരിക്കുന്നത്. മറ്റൊന്നും അന്വേഷിക്കാതെ അദ്ദേഹം ആവശ്യം മാത്രം കേട്ടു, പരിഹാരം ഉണ്ടാക്കി. അങ്ങനെയാണ് ഉമ്മന്‍ ചാണ്ടി എന്ന പേര് സ്വര്‍ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടത് എന്നും അദ്ദേഹം എഴുതി.

◾  ദേശീയ ശുചിത്വ റാങ്കിങ്ങില്‍ കേരളത്തിനു നേട്ടം. കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ സ്വച്ഛ് സര്‍വേക്ഷണ്‍ പുരസ്‌കാരങ്ങളില്‍ കണ്ണൂരിലെ മട്ടന്നൂര്‍ നഗരസഭയ്ക്കു പ്രത്യേക അംഗീകാരം ലഭിച്ചു. ഓരോ സംസ്ഥാനത്തെയും മികച്ച ശുചിത്വ നഗരങ്ങള്‍ക്കുള്ള പ്രോമിസിങ് സ്വച്ഛ് ഷെഹര്‍ പുരസ്‌കാരമാണ് മട്ടന്നൂരിനു ലഭിച്ചത്. 10 ലക്ഷത്തില്‍പരം ജനസംഖ്യയുള്ള നഗരങ്ങളില്‍ അഹമ്മദാബാദാണ് ഏറ്റവും മികച്ച നഗരം, ഭോപ്പാല്‍ രണ്ടാമതും ലക്നൗ മൂന്നാമതുമെത്തി. കേരളത്തിലെ മട്ടന്നൂര്‍, ഗുരുവായൂര്‍ നഗരസഭകളും തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, ആലപ്പുഴ, തൃശൂര്‍, കൊച്ചി കോര്‍പറേഷനുകളും രാജ്യത്തെ മികച്ച 100 നഗരസഭകളില്‍ ഇടംപിടിച്ചു. ചരിത്രത്തിലാദ്യമായാണു രാജ്യത്തെ 100 ശുചിത്വനഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള 8 നഗരങ്ങള്‍ ഇടംനേടിയതെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

◾  കൊല്ലം തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിവിധ വകുപ്പുകള്‍ക്ക് നേരെ ആരോപണം ഉന്നയിച്ച് സംസ്ഥാനത്ത് വന്‍പ്രതിഷേധം. വിവിധ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ സെക്രട്ടേറിയറ്റിന് മുമ്പിലും തേവലക്കര സ്‌കൂളിലേക്കും വൈദ്യുതമന്ത്രിയുടെ ഓഫീസിലേക്കും പ്രതിഷേധം സംഘടിപ്പിച്ചു.

◾  കൊല്ലം തേവലക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജ്മെന്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എന്ത് ചെയ്താലും ശമ്പളം കിട്ടുമെന്ന മനോഭാവം അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തേവലക്കര ബോയ്സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യുമെന്നും നടപടിയെടുക്കാന്‍ സ്‌കൂള്‍ മാനേജ്മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മാനേജ്മെന്റ് നടപടിയെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും ഗുരുതര പിഴവ് അനുവദിക്കാനാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  മാനേജ്മെന്റിനെതിരെ നടപടിക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾  കൊല്ലം തേവലക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഡിജിഇ അന്തിമ റിപ്പോര്‍ട്ട് കൈമാറി. സുരക്ഷ ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സുരക്ഷാ പ്രോട്ടോക്കോള്‍ ഒന്നും ഉറപ്പാക്കിയിട്ടില്ല. സംഭവത്തില്‍ ഹെഡ്മാസ്റ്ററുടെ വീഴ്ചയെ പറ്റിയും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദ്യുതി ലൈന്‍ അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി എന്നും സ്‌കൂളിലെ അനധികൃത നിര്‍മ്മാണം തടയാനും സാധിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടിലുണ്ട്.

◾  കൊല്ലത്ത് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ എയ്ഡഡ് മാനേജ്മെന്റ് സ്‌കൂള്‍ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധന നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കും. ഓരോ കുട്ടിയെയും ഓരോ അധ്യാപകന്റെയും സ്വന്തം കുട്ടിയെപോലെ കാണണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. കുട്ടികളുടെ ഭാഗത്ത് നിന്ന് മാത്രമേ സര്‍ക്കാരിന് ചിന്തിക്കാന്‍ കഴിയൂ എന്നും മന്ത്രി പറഞ്ഞു.

◾  കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിനെ പഴി ചാരി വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഷെഡ് കെട്ടിയത് തെറ്റല്ലേയെന്നും അതെന്ത് കൊണ്ടാണ് ആരും പറയാത്തതെന്നും ഇത്തരം അപകടകരമായ വൈദ്യുത ലൈന്‍ മാറ്റാന്‍ കഴിയാത്തത് ജനങ്ങളുടെ എതിര്‍പ്പ് കാരണമാണെന്നും മന്ത്രി പറഞ്ഞു. നേരത്തെ തന്നെ ലൈന്‍ മാറ്റാന്‍ തീരുമാനിച്ചിരുന്നുവെന്നും വീഴ്ച കെഎസ്ഇബിക്കും ഉണ്ടായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

◾  കൊല്ലത്തെ മിഥുന്റെ മരണത്തെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി ചിഞ്ചുറാണി. വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി തനിക്ക് വീഴ്ച പറ്റിയെന്ന് സമ്മതിച്ചു. മന്ത്രിയുടെ അനുചിതമായ വാക്കുകളില്‍ പാര്‍ട്ടിക്കുള്ളിലും അമര്‍ഷം പുകഞ്ഞതോടെയാണ് മന്ത്രിയുടെ ഖേദം പ്രകടിപ്പിക്കല്‍.

◾  സ്‌കൂള്‍ സമയമാറ്റത്തില്‍ സമസ്തയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം. മതപഠനം കഴിഞ്ഞ് മതി വിദ്യാഭ്യാസം എന്ന നിലപാട് ശരിയല്ലെന്നാണ് വിമര്‍ശനം. മദ്രസ പഠനം 15 മിനിറ്റ് കുറച്ചാല്‍ പോരെ എന്ന് മുഖപത്രത്തില്‍ ദീപിക ചോദ്യം ഉയര്‍ത്തുന്നു. എതിര്‍പ്പുള്ളവര്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.

◾  യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ സുപ്രീം കോടതി ഇന്ന് അനുമതി നല്‍കി. വധശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി യെമനിലേക്ക് യാത്ര ചെയ്യാന്‍ അനുമതി തേടാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ എന്ന സംഘടനയിലെ ഏതാനും അംഗങ്ങള്‍ക്കും സുന്നി നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ പ്രതിനിധിക്കും യെമനിലേക്ക് പോകാനുള്ള അനുമതിയാണ് സംഘടന തേടുന്നത്. യെമനിലേക്ക് പോകാന്‍ കേന്ദ്രം അനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്  നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡൈ്വസര്‍ സുഭാഷ് ചന്ദ്രന്‍ വ്യക്തമാക്കി.

◾  കേരളത്തില്‍ മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ് റെഡ് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്.

◾  ഉമ്മന്‍ചാണ്ടി നവീകരണോല്‍ഘാടനം നിര്‍വഹിച്ച പാര്‍ക്ക്, വീണ്ടും നവീകരിച്ചശേഷം ടൂറിസം മന്ത്രിയുടെ ക്രെഡിറ്റിലാക്കിയതായി ആക്ഷേപം. ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്ന കണ്ണൂര്‍ പയ്യാമ്പലത്തെ നടപ്പാതയുടെ ഉദ്ഘാടന ശിലാഫലകം, ഡിടിപിസി എടുത്തുമാറ്റിയതിലാണ് പ്രതിഷേധം. എന്നാല്‍ ഫലകം വെക്കാന്‍ സ്ഥലമില്ലാത്തത് കൊണ്ടാണ് പഴയത് മാറ്റിയതെന്നാണ് വിശദീകരണം.

◾  ഇടുക്കി ബൈസണ്‍വാലിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗിച്ചു.  സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ സഹപാഠിയുടെ മാതാപിതാക്കളാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ മാതാപിതാക്കളും ഇവരുടെ കുട്ടിയുടെ സഹപാഠിയായ വിദ്യാര്‍ത്ഥിയും തമ്മില്‍ ഇന്ന് രാവിലെ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെയാണ് പെപ്പര്‍ സ്പ്രേ പ്രയോഗിച്ചത്. പരിക്കേറ്റ 8 കുട്ടികള്‍ ചികിത്സയില്‍ കഴിയുകയാണ്.

◾  ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഹൃദയ ശസ്ത്രക്രിയ വിഭാഗം. തലച്ചോറിലേക്കുള്ള രക്ത ധമനിക്ക് വീക്കം കണ്ടെത്തിയ 66 കാരന്റെ ശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കണ്ടുവരുന്ന അപൂര്‍വ രോഗവസ്ഥയാണിത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ 66 കാരന്‍ ബുധനാഴ്ച ആശുപത്രി വിട്ടു.

◾  പാലക്കാട് പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ച 32കാരന് വിശദമായ പരിശോധനയില്‍ നിപ നെഗറ്റീവ് എന്ന് സ്ഥിരീകരിച്ചു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിപ നെഗറ്റീവായത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് നിപ രോഗബാധ പ്രാഥമികമായി സ്ഥിരീകരിച്ചത്. നിലവില്‍ പാലക്കാട് ചികിത്സയിലുഉള്ള യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണ്.

◾  തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. പോത്തന്‍കോട് സെന്റ് തോമസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ സനുഷിനെയാണ് അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്.

◾  മലപ്പുറം കൊണ്ടോട്ടിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം. കെഎസ്ഇബിയുടെ അനാസ്ഥയാണ് മുഹമ്മദ് ഷാ (58) മരിക്കാന്‍ കാരണം എന്നും വൈദ്യുതി ബന്ധം വിഛേദിക്കാന്‍ പോലും തയ്യാറാകാത്തത്തില്‍ അനാസ്ഥയുണ്ട് എന്നുമാണ് ആരോപണം. വീടിന്റെ പിറകിലെ തോട്ടത്തില്‍ വെച്ചായിരുന്നു അപകടം നടന്നത്.

◾  പത്തനംതിട്ട കടമ്മനിട്ടയില്‍ സ്‌കൂള്‍ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങള്‍ തകര്‍ന്നുവീണു. രണ്ട് വര്‍ഷമായി ഈ കെട്ടിടം ഉപയോഗിച്ചിരുന്നില്ല. ഇന്നലെ രാത്രിയാണ് കെട്ടിട ഭാഗങ്ങള്‍ തകര്‍ന്നുവീണത്.

◾  വന്ദേഭാരതിന്റെ തിരഞ്ഞെടുത്ത ട്രെയിനുകളില്‍ തത്സമയ റിസര്‍വേഷന്‍ ആരംഭിച്ച് ദക്ഷിണ റെയില്‍വേ. കേരളത്തില്‍ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-മംഗളൂരു, മംഗളൂരു-തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യമുള്ളത്. സീറ്റ് ഒഴിവുണ്ടെങ്കില്‍ ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്നതിന് 15 മിനിറ്റ് മുന്‍പുവരെ കറന്റ് റിസര്‍വേഷന്‍ ലഭ്യമാകുമെന്നാണ് റെയില്‍വേ അറിയിച്ചത്.സ്റ്റേഷന്‍ കൗണ്ടറില്‍ നിന്നോ ഓണ്‍ലൈനായോ ടിക്കറ്റ് ബുക്ക് ചെയ്യാം.

◾  ഒരുമാസമായി തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്-35 അടുത്തയാഴ്ച കേരളം വിട്ടേക്കും. ബ്രിട്ടണിലെ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാലുടന്‍ വിമാനം അടുത്തയാഴ്ച ഇവിടെനിന്നു തിരിച്ച് പറക്കും. ഇതിന് മുന്നോടിയായി പരീക്ഷണ പറക്കലിനുള്ള അനുമതിക്കായുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തി ദിവസങ്ങള്‍ നീണ്ട അറ്റകുറ്റപ്പണികള്‍ക്ക് ശേഷമാണ് വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാനായത്.

◾  കനത്ത മഴയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുപ്പിച്ച വയനാട്ടിലെ ബാണാസുര സാഗര്‍ ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. ഒരു ഷട്ടറിന്റെ 15 സെന്റീമീറ്റര്‍ ആണ്  ഉയര്‍ത്തുക.

◾  കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജൂബൈല്‍ ജെ കുന്നത്തൂര്‍ (36)ആണ് മരിച്ചത്. തലയോലപറമ്പ് വെള്ളൂരിലെ വീട്ടിലാണ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഭാര്യയുമായി കുറച്ച് നാളായി അകന്ന് കഴിയുകയായിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുവെന്ന് ബന്ധുക്കള്‍ പറയുന്നു.

◾  സ്‌കൈ ഡൈവിംഗ് മേഖലയില്‍ നിരവധി റെക്കോര്‍ഡുകള്‍ നേടിയ ഓസ്ട്രിയന്‍ സ്വദേശിക്ക് ദാരുണാന്ത്യം. ഫിയര്‍ലെസ് ഫെലിക്സ് എന്ന പേരില്‍ സുപ്രസിദ്ധനായ ഫെലിക്സ് ബൗംഗാര്‍ട്നര്‍ എന്ന പാരാജംപറാണ് വ്യാഴാഴ്ച ഇറ്റലിയില്‍ വച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്.

◾/  സൗദി തെക്കന്‍ പ്രവിശ്യയിലെ ബിഷയ്ക്ക് സമീപം സമക്ക് എന്ന പ്രദേശത്ത് നിന്നും 20 കിലോമീറ്റര്‍ അകലെ മല അടിവാരത്തില്‍ രാജസ്ഥാന്‍ സ്വദേശിയായ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ജഗ്പുര ബന്‍സ്വര സ്വദേശി ശങ്കര്‍ലാല്‍ (24) ആണ് കൊല്ലപ്പെട്ടത്. ആട്ടിടയനായി ജോലി ചെയ്തുവരികയായിരുന്നു. കൂടെ ജോലി ചെയ്തിരുന്ന എത്യോപ്യന്‍ സ്വദേശിയെ കണാതായിട്ടുണ്ട്.

◾  പ്രമുഖ കന്നഡ നടി ബി സരോജ ദേവിയുടെ നിര്യാണത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഓട്ടോ ട്രാന്‍സ്ലേറ്റ് ചെയ്തപ്പോള്‍ മരണപ്പെട്ടത് സിദ്ധരാമയ്യയാണ് എന്നാവുകയും ഇതിന് പിന്നാലെ ഫേസ്ബുക്ക് ഉടമകളായ മെറ്റയ്ക്കെതിരെ ഗുരുതര വിമര്‍ശനവുമായി സിദ്ധരാമയ്യ രംഗത്തെത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും ഇത്തരം വലിയ പിഴവുകള്‍ പൊതുസമൂഹത്തിന്റെ ധാരണയെയും വിശ്വാസത്തെയും ദോഷകരമായി ബാധിക്കുമെന്നും സിന്ധരാമയ്യ പറഞ്ഞു.

◾  കുവൈത്തില്‍ ഈ വാരാന്ത്യത്തില്‍ അസാധാരണമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പകല്‍ സമയങ്ങളില്‍ അതിതീവ്ര ചൂടും, രാത്രിയില്‍ പോലും ചൂടുള്ള കാലാവസ്ഥയും ആയിരിക്കുമെന്ന് വകുപ്പ് അറിയിച്ചു. ഇന്ത്യന്‍ മണ്‍സൂണ്‍ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ ധരാര്‍ അല്‍ അലി വിശദീകരിച്ചു.

◾  സൂറത്തില്‍ ടെക് കോഴ്‌സുകള്‍ പഠിപ്പിക്കുകയും ഇന്റേണ്‍ഷിപ്പ് നല്‍കുകയും ചെയ്യുമെന്ന വ്യാജേന ഒന്നര ലക്ഷം രൂപ വരെ വിദ്യാര്‍ഥികളില്‍ നിന്ന് തട്ടിയെടുത്തതായി പരാതി. സൂറത്തില്‍ 40 വിദ്യാര്‍ഥികള്‍ക്ക് ആകെ 52.27 ലക്ഷം രൂപ ഇത്തരത്തില്‍ നഷ്ടമായി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു എന്ന് പറയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനവും അതിന്റെ സൂറത്തിലെ ഫ്രാഞ്ചൈസിയുമാണ് പണം തട്ടിയത് എന്നാണ് വിദ്യാര്‍ഥികളുടെ പരാതിയെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തയില്‍ പറയുന്നു.

◾  ഗാസയിലെ ഏക കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി ചര്‍ച്ചിനു നേരെ നടത്തിയ ആക്രമണത്തില്‍ ഇസ്രയേല്‍ ഖേദപ്രകടനം നടത്തി. വ്യാഴാഴ്ച രാവിലെയുണ്ടായ ആക്രമണത്തില്‍ ആഴത്തില്‍ ഖേദിക്കുന്നതായും നിഷ്‌കളങ്കമായ ഓരോ മരണവും ദുരന്തമാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പള്ളി വികാരി അടക്കം പത്തിലേറെ പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

◾  അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സിരാസംബന്ധമായ ആരോഗ്യ പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്. ട്രംപിന്റെ കൈയില്‍ കറുത്ത പാടുകള്‍ കാണുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് രോഗം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം. നേരത്തേ ട്രംപിന്റെ കാലുകളില്‍ വീക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ പരിശോധനകള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രോണിക് വീനസ് ഇന്‍സഫിഷ്യന്‍സി എന്ന രോഗാവസ്ഥ കണ്ടെത്തിയത്.

◾  പ്രളയക്കെടുതിയില്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ട 170 പേരില്‍ ഏറെയും കുട്ടികളെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ കിഴക്കന്‍ മേഖലയില്‍ പ്രളയക്കെടുതിയില്‍ 24 മണിക്കൂറിനുള്ളില്‍ മാത്രം കൊല്ലപ്പെട്ടത് 54 പേരാണ്. പഞ്ചാബ് പ്രവിശ്യയിലെ പല മേഖലകളിലും കനത്ത മഴ തുടരുകയാണ്. വീടുകളും റോഡുകളും തുടര്‍ച്ചയായി മേഖലയില്‍ ഉണ്ടാവുന്ന മിന്നല്‍ പ്രളയത്തില്‍ തകര്‍ന്നു. ജൂണ്‍ 26 മുതല്‍ ആരംഭിച്ച പ്രളയത്തില്‍ 85 കുട്ടികള്‍ മരിച്ചതായാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

◾  പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ള ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. ലഷ്‌ക്കര്‍ ഇ തയിബയുടെ ശാഖയാണ് ടിആര്‍എഫ് എന്നും പഹല്‍ഗാം ആക്രമണത്തിനെതിരായ ഡോണള്‍ഡ് ട്രംപിന്റെ ശകതമായ നിലപാടിന്റെ ഫലമാണ് തീരുമാനമെന്നും അമേരിക്ക വ്യക്തമാക്കി. ടിആര്‍എഫുമായി ബന്ധമില്ലെന്ന പാകിസ്ഥാന്‍ വാദത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

◾  ബിസിസിഐയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ബിസിസിഐ 9741.7 കോടി രൂപയുടെ വരുമാനം നേടി. ആകെ വരുമാനത്തിന്റെ പതുതിയില്‍ അധികവും സംഭാവന ചെയ്തത് ഐപിഎല്ലാണ്. 5761 കോടി രൂപയാണ് ഐപിഎല്ലില്‍ നിന്ന് മാത്രമുള്ള വരുമാനം. ഇതിന് പുറമെ ഐപിഎല്‍ ഇതര രാജ്യാന്തര മത്സരങ്ങളുടെ അടക്കം സംപ്രേഷണ അവകാശം വിറ്റതിലൂടെ 361 കോടി രൂപ കൂടി ബിസിസിഐ ഐപിഎല്ലില്‍ നിന്ന് സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ .

◾  പത്ത് ബിസിനസ് കുടുംബങ്ങള്‍ക്ക് ലാഭ വിഹിത ഇനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചത് 40,000 കോടി രൂപ. ടെക്നോളജി മുതല്‍ ടെലികോം മേഖലയില്‍ വരെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഇത്തവണ ഉയര്‍ന്ന തുകയാണ് ലാഭവിഹിതമായി നല്‍കിയത്. എച്ച്.സി.എല്‍ ടെക്‌നോളജീസിന്റെ സ്ഥാപകനായ ശിവ് നാടാറിനാണ് ലാഭവിഹിത ഇനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത്. 9,902 കോടി രൂപ. ഓഹരി ഒന്നിന് 60 രൂപ വച്ച് മൊത്തം 16,290 കോടി രൂപയുടെ ലാഭവിഹിതമാണ് കമ്പനി നല്‍കിയത്. നാടാര്‍ കുടുംബത്തിന് എച്ച്.സി.എല്ലില്‍ 60.81 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. വേദാന്തയുടെ പ്രൊമോട്ടറായ അനില്‍ അഗര്‍വാളിനും കുടുംബത്തിനും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 9,591 കോടി രൂപയാണ് ലാഭവിഹിതമായി ലഭിച്ചത്. അസിം പ്രേംജി : 4,570 കോടി രൂപ, മുകേഷ് അംബാനി : 3,655 കോടി രൂപ, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ : 2,469 കോടി രൂപ, എയര്‍ടെല്‍ സുനില്‍ മിത്തല്‍ : 2,357 കോടി രൂപ, ഇന്‍ഫോസിസ് പ്രൊമോട്ടേര്‍സ്: 2,331 കോടി രൂപ, ദിലീപ് സാങ്ങ്വി സണ്‍ ഫാര്‍മ്മ : 2,091 കോടി രൂപ, ബജാജ് ഓട്ടോ പ്രൊമോട്ടേര്‍സ് : 1,645 കോടി രൂപ, ഗൗതം അദാനി : 1,460 കോടി രൂപ എന്നിങ്ങനെയാണ് ഉയര്‍ന്ന ലാഭവിഹിതം നേടിയ മറ്റ് കുടുംബങ്ങളുടെ കണക്കുകള്‍.

◾  നിര്‍മിത ബുദ്ധി മത്സരം ചൂടുപിടിച്ചതോടെ ഉപയോക്താക്കള്‍ വേഗത്തില്‍ ഒരു എ.ഐ ആപ്പില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുകയാണ്. ജനുവരിയില്‍ ചൈനയുടെ ഡീപ് സീക്കിന്റെ എ.ഐ മോഡലുകള്‍ ചാറ്റ് ജിപിടി യെ നേരിട്ട് വെല്ലുവിളിച്ച് ഒറ്റരാത്രികൊണ്ട് വൈറലായി മാറി. ഗ്രോക്ക് 3 മോഡലിന്റെ ലോഞ്ചിനും തുടര്‍ന്നുള്ള ഗിബ്ലി സ്റ്റൈല്‍ ഇമേജ് ട്രെന്‍ഡിനും ശേഷം ഇലോണ്‍ മസ്‌കിന്റെ ഗ്രോക്ക് ഗണ്യമായ പ്രചാരം നേടി. ഇപ്പോഴിതാ അരവിന്ദ് ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള എ.ഐ-പവര്‍ഡ് സെര്‍ച്ച് എഞ്ചിന്‍ പെര്‍പ്ലെക്സിറ്റി, ചാറ്റ്ജിപിടിയെ മറികടന്ന് ആപ്പിള്‍ ആപ്പ് സ്റ്റോറിലെ ഒന്നാം നമ്പര്‍ സൗജന്യ ആപ്പായി. പെര്‍പ്ലെക്സിറ്റി എയര്‍ടെല്ലുമായി അടുത്തിടെ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരുന്നു. എല്ലാ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്കും 17,000 രൂപ വിലയുള്ള പെര്‍പ്ലെക്സിറ്റി പ്രോ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ആപ്പിള്‍ ആപ്പ് സ്റ്റോറിലെ മികച്ച സൗജന്യ ആപ്പുകളുടെ പട്ടികയില്‍ ഗൂഗ്ളിന്റെ ജെമിനി അഞ്ചാം സ്ഥാനത്താണ്. അതേസമയം, ഗൂഗ്ള്‍ പ്ലേ സ്റ്റോറിലെ ചാര്‍ട്ടുകളില്‍ ചാറ്റ്ജിപിടി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

◾  റിലീസിന് ഒരു വര്‍ഷം മുമ്പേ ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് ക്രിസ്റ്റഫര്‍ നോളന്റെ 'ദ് ഒഡീസി'. ജൂലൈ 17 മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. 2026 ജൂലൈ 26ന് ആണ് ചിത്രം റിലീസ് ചെയ്യുക. 70എംഎം സ്‌ക്രീനുള്ള ഐമാക്സ് തിയറ്ററുകളിലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ബുക്കിങ് ആരംഭിച്ച എല്ലാ തിയറ്ററുകളിലെ ടിക്കറ്റും നിമിഷനേരം കൊണ്ട് വിറ്റഴിഞ്ഞു. ഇതാദ്യമായാണ് ഒരു സിനിമയുടെ ടിക്കറ്റ് റിലീസിനും ഒരു വര്‍ഷം മുമ്പേ വില്‍ക്കുന്നത്. ഓസ്‌കര്‍ ചിത്രം ഓപ്പണ്‍ഹൈമറിന് ശേഷം നോളന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദ് ഒഡീസി'. പൂര്‍ണ്ണമായും ഐമാക്സ് ഫിലിം ക്യാമറകളില്‍ ചിത്രീകരിച്ച ആദ്യത്തെ വാണിജ്യ ചിത്രമാണിത്. ഹോമറിന്റെ ഇതിഹാസ ഗ്രീക്ക് പുരാണമായ ഒഡീസിയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നോളന്റെ എപ്പിക് ആക്ഷന്‍ ഫാന്റസിയില്‍ നടന്‍ മാറ്റ് ഡാമണ്‍, നിത്യനായകനായ ഒഡീഷ്യസായി അഭിനയിക്കും. ടോം ഹോളണ്ട്, ആനി ഹാത്ത്വേ, ജോണ്‍ ബെര്‍ന്താല്‍, സെന്‍ഡായ, ലുപിറ്റ ന്യോങ്കോ, റോബര്‍ട്ട് പാറ്റിന്‍സണ്‍, ചാര്‍ലിസ് തെറോണ്‍, മിയ ഗോത്ത് എന്നിവരും ചിത്രത്തിലുണ്ട്.

◾  വിജയ് സേതുപതിയും നിത്യ മേനോനും ജോഡികളായി എത്തുന്ന 'തലൈവന്‍ തലൈവി' ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമയില്‍ ഭാര്യയും ഭര്‍ത്താവുമായിട്ടാണ് ഇരുവരും വേഷമിടുന്നത്. ആക്ഷന്‍ റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രമെന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന. ഹിറ്റ്മേക്കര്‍ പാണ്ഡിരാജാണ് തലൈവന്‍ തലൈവിയുടെ രചനയും സംവിധാനവും. തമിഴിലെ പ്രമുഖ ബാനറായ സത്യജ്യോതി ഫിലിംസ് ചിത്രം നിര്‍മ്മിക്കുന്നു. ജൂലൈ 25നാണ് തലൈവന്‍ തലൈവി തിയേറ്ററുകളിലേക്ക് എത്തുന്നത്. സന്തോഷ് നാരായണന്‍ ഒരുക്കിയ സിനിമയിലെ പാട്ടുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മലയാളത്തില്‍ നിന്ന് ചെമ്പന്‍ വിനോദും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. യോഗി ബാബു, ആര്‍.കെ.സുരേഷ്, ശരവണന്‍, ദീപ, ജാനകി സുരേഷ്, റോഷിണി ഹരിപ്രിയന്‍, മൈനാ നന്ദിനി എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എം സുകുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് പ്രദീപ് ഇ രാഘവ് ആണ്. നൃത്തസംവിധാനം ബാബ ഭാസ്‌കര്‍.

◾  ആഡംബരത്തിന് അല്പം സ്പോര്‍ട്ടി ഭാവവുമായി മെഴ്‌സിഡീസ്-ബെന്‍സ് ഇന്ത്യ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ജിഎല്‍എസ് എസ്യുവിയുടെ പുതിയ എഎംജി ലൈന്‍ പതിപ്പ് അവതരിപ്പിച്ചു. ഈ പുതിയ വേരിയന്റ് 1.40 കോടി രൂപ എക്സ്-ഷോറൂം വിലയ്ക്ക് ജിഎല്‍എസ് 450 എഎംജി ലൈനിലും, 1.43 കോടി രൂപയ്ക്ക് ജിഎല്‍എസ് 450റ എഎംജി ലൈനിലും ലഭ്യമാണ്. ഇരു മോഡലുകളുടേയും സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, 450 എഎംജി ലൈനിന് 3.0 ലക്ഷം രൂപ വില കൂടുതലാണ്, അതേസമയം 450ഡി എഎംജി ലൈനിന് 1 ലക്ഷം രൂപ കൂടുതല്‍ വിലയാണുള്ളത്. ഹൂഡിന് കീഴില്‍, ബ്രാന്‍ഡിന്റെ 9 -സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്ന ആറ് സിലിണ്ടര്‍ എഞ്ചിനുകളാണ് ഇരു പതിപ്പുകളിലും വരുന്നത്. പെട്രോള്‍ പവര്‍ 450 പതിപ്പ് 375 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കും നല്‍കുന്നു, അതേസമയം ഡീസല്‍ 450ഡി 362 ബിഎച്ച്പിയും കരുത്തും 750 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. രണ്ടിനും 6.1 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും. വാഹനത്തിന് ഇലക്ട്രോണിക്കലായി ലിമിറ്റ് ചെയ്തിരിക്കുന്നതിനാല്‍ മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗത.

◾  തിരുപ്പിറവിരാത്രിയില്‍ മണിമേടയിലേക്കു കയറുന്നതിനിടയില്‍ പിടിവിട്ട്  പള്ളിമുറ്റത്തെ നക്ഷത്രത്തിന്റെ നിഴലിനു മേലേക്കു വീണു കിടപ്പിലായിപ്പോയ കടുത്ത വിശ്വാസിയായ ഇറാനിമോസ,് ഏറെക്കാലത്തിനുശേഷം ബോധത്തിലേക്കെത്തുന്നതോടെ തുടങ്ങുന്ന വിശ്വാസത്തിന്റെ കൗതുകംനിറഞ്ഞ കുഴമറിച്ചിലിലൂടെ മതത്തെയും മനുഷ്യനെയുമെല്ലാം പുതുവെളിച്ചത്തില്‍ നിര്‍ത്തി വിചാരണചെയ്യുന്ന രചന.  മതത്തില്‍നിന്നും മദത്തിലേക്കും തിരിച്ചുമുള്ള അകലം അളന്നുതീര്‍ക്കുന്നതിനൊപ്പം ഓരോ വരിക്കിടയിലൂടെയും വര്‍ത്തമാനകാലം ഉരുകിയൊലിക്കുന്നതനുഭവിക്കാം. രാജീവ് ശിവശങ്കറിന്റെ ഏറ്റവും പുതിയ നോവല്‍. 'മദം'. മാതൃഭൂമി. വില 297 രൂപ.

◾/  പച്ച ആപ്പിളില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. തൊലിയോടൊപ്പം ആപ്പിള്‍ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍, കരളിനെയും ദഹനവ്യവസ്ഥയെയും സംരക്ഷിക്കുന്നു. ഗ്രീന്‍ ആപ്പിളില്‍ കൊഴുപ്പ് കുറവാണ്. ഇത് ശരീരത്തിലെ നല്ല രക്തയോട്ടം നിലനിര്‍ത്താന്‍ സഹായിക്കുന്നു. മെച്ചപ്പെട്ട രക്തചംക്രമണം ഹൃദ്രോഗങ്ങളും പക്ഷാഘാതവും തടയാന്‍ സഹായിക്കും. പച്ച ആപ്പിളില്‍ വിറ്റാമിന്‍ കെ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് പച്ച ആപ്പിള്‍. ഇത് ചര്‍മ്മ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. നല്ല കാഴ്ച നിലനിര്‍ത്താന്‍ സഹായിക്കുന്ന വിറ്റാമിന്‍ എ യും അവയില്‍ അടങ്ങിയിട്ടുണ്ട്. വിവിധ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടം എന്നതിന് പുറമേ, പച്ച ആപ്പിളില്‍ കാല്‍സ്യത്തിന്റെ അളവും വളരെ കൂടുതലാണ്. ദിവസവും ഒരു പച്ച ആപ്പിള്‍ കഴിക്കുന്നത് എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തും. ഗ്രീന്‍ ആപ്പിളിന് മറ്റ് ഗുണങ്ങളും ഉണ്ട്. അവ പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കാനും മൊത്തത്തിലുള്ള സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ചര്‍മ്മത്തിന് ശരിയായ പോഷണം നല്‍കാനും കറുത്ത പാടുകള്‍ വലിയ അളവില്‍ ഇല്ലാതാക്കാനും അവ സഹായിക്കുന്നു.

◾  ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ - 86.14, പൗണ്ട് - 115.71, യൂറോ - 100.19, സ്വിസ് ഫ്രാങ്ക് - 107.37, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.10, ബഹറിന്‍ ദിനാര്‍ - 228.45, കുവൈത്ത് ദിനാര്‍ -281.71, ഒമാനി റിയാല്‍ - 223.94, സൗദി റിയാല്‍ - 22.95, യു.എ.ഇ ദിര്‍ഹം - 23.45, ഖത്തര്‍ റിയാല്‍ - 23.69, കനേഡിയന്‍ ഡോളര്‍ - 62.73.

➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right