Trending

സായാഹ്ന വാർത്തകൾ

2025 | ജൂലൈ 15 | ചൊവ്വ 
1200 | മിഥുനം 31 | ചതയം, പൂരുരുട്ടാതി 

◾ യമനിലെ ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു. നാളെയാണ് ശിക്ഷ നടപ്പാക്കാനിരുന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാന്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം അനുമതി നല്‍കുകയായിരുന്നു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലില്‍ സൂഫി പണ്ഡിതന്മാര്‍ കുടുംബവുമായി നടത്തിയ ചര്‍ച്ചയാണ് ഫലം കണ്ടത്. ആക്ഷന്‍ കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്നും ചര്‍ച്ചകള്‍ നടന്നിരുന്നു. യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവല്‍ ജെറോം ഇക്കാര്യം സ്ഥീരികരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും ഇക്കാര്യം സ്ഥിരീകരിച്ചു.

◾ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. വിദേശകാര്യ മന്ത്രാലയവുമായി ഗവര്‍ണര്‍ സംസാരിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കണം എന്ന ആവശ്യമാണ് ഗവര്‍ണര്‍ മുന്നോട്ട് വെക്കുന്നത്. പ്രവാസി വ്യവസായി എം എ യൂസഫലിയുമായും ഗവര്‍ണര്‍ സംസാരിച്ചു. ദിയാധനത്തിന് എത്ര പണം വേണമെങ്കിലും നല്‍കാമെന്ന് എം എ യൂസഫലി ഗവര്‍ണറെ അറിയിച്ചു.

◾ നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് ഇടപെട്ടത് നമുക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യാന്‍ വേണ്ടിയാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. യമനിലെ പണ്ഡിതന്മാരെ ബന്ധപ്പെട്ടുവെന്ന് കാന്തപുരം പറഞ്ഞു. വധശിക്ഷ വിധിച്ചവര്‍ക്ക് കുടുംബം ആവശ്യപ്പെടുന്ന പണം നല്‍കിയാല്‍ മാപ്പ് നല്‍കാന്‍ മതത്തില്‍ വ്യവസ്ഥ ഉണ്ടെന്നും അത് ഉപയോഗിക്കാനാണ് നീക്കം നടത്തിയതെന്നും കാന്തപുരം പ്രതികരിച്ചു.

◾ സ്‌കൂള്‍ സമയമാറ്റ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സമയമാറ്റത്തില്‍ എതിര്‍പ്പുള്ളവരുമായി ചര്‍ച്ച നടത്തും എന്നാല്‍ ഇത് സമയമാറ്റമെന്ന തീരുമാനത്തില്‍ മാറ്റം വരുത്താനല്ല, മറിച്ച് കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി വ്യക്തമാക്കി. സമസ്ത ഉള്‍പ്പെടെ പരാതിയുള്ള എല്ലാ വിഭാഗങ്ങളെയും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ പതിനെട്ട് ദിവസം ബഹിരാകാശ നിലയത്തില്‍ തങ്ങിയ ശേഷം ശുഭാംശു ശുക്ലയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിയോടെയാണ് സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം തെക്കന്‍ കാലിഫോര്‍ണയന്‍ തീരത്ത് പസഫിക് കടലില്‍ വന്നു പതിച്ചത്. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ഇതോടെ ആക്സിയം 4 ദൗത്യം പൂര്‍ത്തിയാക്കി.

◾ ശരത് പവാറിനൊപ്പമെങ്കില്‍ എംഎല്‍എ സ്ഥാനം ഉടന്‍ രാജിവെക്കണമെന്നും അല്ലെങ്കില്‍ തങ്ങളുടെ എന്‍സിപിയില്‍ ചേരണമെന്നും അറിയിച്ച് കൊണ്ട് എ കെ ശശീന്ദ്രനും തോമസ് കെ തോമസിനും പ്രഭുല്‍ പട്ടേല്‍ കത്ത് അയച്ചു. ശരത് പവാറിനൊപ്പം തുടര്‍ന്നാല്‍ കേരളത്തിലെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യരാകുമെന്നാണ് പ്രഭുല്‍ പട്ടേലിന്റെ മുന്നറിയിപ്പ്. എന്നാല്‍ കത്തിനെ ഗൗരവമായി കാണുന്നില്ലെന്നും അവഗണിക്കാനാണ് തീരുമാനമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

◾ അനെര്‍ട്ടിലെ ക്രമക്കേടും അഴിമതിയും സംബന്ധിച്ച് വൈദ്യുത മന്ത്രിയോട് രമേശ് ചെന്നിത്തലയുടെ 9 ചോദ്യങ്ങള്‍. അഴിമതി കാണിച്ചിട്ടില്ലെന്നും ചെന്നിത്തല ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്നും വൈദ്യുത മന്ത്രി കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വൈദ്യുതി മന്ത്രിയോട് ഏതാനും ചോദ്യങ്ങള്‍ പരസ്യമായി തന്നെ ചോദിച്ചു അദ്ദേഹം അതിന് പരസ്യമായി മറുപടി പറയട്ടെയെന്നും അതിനു ശേഷം ബാക്കിയുള്ള ചോദ്യങ്ങള്‍ കൂടി ചോദിക്കാമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

◾ കണ്ണൂരില്‍ കെ. സുധാകരനെ അനുകൂലിച്ച് മുദ്രാവാക്യങ്ങള്‍ വിളിച്ചത് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രാദേശിക പ്രവര്‍ത്തകരെന്ന് ഡിസിസി. സുധാകരന്‍ കണ്ണൂരിലെ പ്രധാനപ്പെട്ട നേതാവാണെന്നും അദ്ദേഹത്തിന് മുദ്രാവാക്യം വിളിച്ചതില്‍ അപാകതയില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. ഇന്നലെ നടന്ന സമര സംഗമം പരിപാടിയിലാണ് കെപിസിസി പ്രസിഡന്റിനും സഹഭാരവാഹികള്‍ക്കും മുദ്രാവാക്യം വിളിക്കാതെ, പരിപാടിയില്‍ പങ്കെടുക്കാത്ത കെ സുധാകരന് വേണ്ടി മാത്രം ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്.

◾ മണ്ണാര്‍ക്കാട് നഗരത്തിലൂടെ കൊലവിളി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ സംഭവത്തില്‍ സിപിഎം ജില്ലാ കമ്മറ്റി അംഗം ആര്‍ഷോ, മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി നാരായണന്‍കുട്ടി, ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് ശ്രീരാജ്, സിപിഎം ലോക്കല്‍ സെക്രട്ടറി മന്‍സൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് എതിരെ മുന്‍ എസ്എഫ്‌ഐ നേതാവായ ഷാനിഫ് കെ മണ്ണാര്‍ക്കാട് പൊലീസിന് പരാതി നല്‍കി. കലാപ ആഹ്വാനത്തിന് കേസ് എടുക്കണമെന്ന് പരാതിയില്‍ പറയുന്നു.

◾ പാല്‍ വില കൂട്ടാനുള്ള നിര്‍ണായക തീരുമാനമെടുക്കാന്‍ ഇന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം മില്‍മ ആസ്ഥാനത്ത് ചേരുന്നു. മൂന്ന് മേഖലാ യൂണിയനുകളിലെ ചെയര്‍മാന്‍മാര്‍, എംഡിമാര്‍ തുടങ്ങിയവര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കും. മില്‍മ തിരുവന്തപുരം, എറണാകുളം യൂണിയനുകള്‍ വര്‍ധനയ്ക്ക് അനുകൂല തീരുമാനം എടുത്തിരുന്നു. എന്നാല്‍ വില കൂട്ടേണ്ടതില്ലെന്ന നിലപാടിലാണ് മലബാര്‍ യൂണിയനെന്നാണ് വിവരം. ലിറ്ററിന് പത്ത് രൂപ വര്‍ധനയാണ് എറണാകുളം യൂണിറ്റിന്റെ ശുപാര്‍ശ.

◾ പന്തീരങ്കാവില്‍ ബാങ്ക് ജീവനക്കാരില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍. പ്രതി ഷിബിന്‍ ലാല്‍ തട്ടിയെടുത്ത 40 ലക്ഷത്തില്‍, ഇനിയും കണ്ടെത്താനുള്ള 39 ലക്ഷം പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഷിബിന്‍ ലാലിന്റെ വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ അകലെയുള്ള പറമ്പിലാണ് പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി കുഴിച്ചിട്ട നിലയില്‍ പണം കണ്ടെത്തിയത്.

◾ സബ് ട്രഷറി സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് വ്യാജ രേഖയുണ്ടാക്കി ഒന്നര ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം തൈക്കാട് വഴുതക്കാട് സ്വദേശി ഷിയാസ് (30) ആണ് അറസ്റ്റിലായത്. പ്രതിയെ മ്യൂസിയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പൊതുമരാമത്ത് കോണ്‍ട്രാക്ട് പുതുക്കാനുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് രാജേഷ് എന്ന വ്യക്തിയില്‍ നിന്ന് ഷിയാസ് പണം തട്ടിയത്.

◾ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ പ്രതിഷേധിച്ച് വായ് മൂടിക്കെട്ടി പ്രതിഷേധം. ജീവന്‍ സംരക്ഷിക്കാന്‍ പാവപ്പെട്ട രോഗികള്‍ സ്വകാര്യ ആശുപത്രികളെയോ കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളെയോ സമീപിക്കേണ്ട അവസ്ഥയാണെന്നും ഉത്തരവാദപ്പെട്ട സ്ഥലം എംപിയും എംഎല്‍എയും നോക്കുകുത്തികളായി മാറിയിരിക്കുകയാണെന്നുമാണ് പരാതി. ടെക്‌നീഷ്യന്മാര്‍ പരിചയ സമ്പന്നരല്ലെന്ന് വകുപ്പ് മേധാവി റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് ഹൃദയ ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ചത്.

◾ എ ഡി ജി പി എം ആര്‍ അജിത് കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്ര വിവാദത്തില്‍ ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. അജിത് കുമാര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച്ച വൈകുന്നേരമാണ് എ ഡി ജി പി പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറില്‍ യാത്ര ചെയ്തത്. അടുത്തദിവസം തിരിച്ചും ട്രാക്ടറില്‍ മലയിറങ്ങി. നവഗ്രഹ പ്രതിഷ്ഠാ ദര്‍ശനത്തിനുള്ള യാത്രചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം നിലവിലുണ്ട്.

◾ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ ശക്തമായ നടപടിയുമായി ചാലിയാര്‍ ഗ്രാമപഞ്ചായത്ത്. ഇതിനായി തോക്ക് ലൈസന്‍സുള്ള 17 ഷൂട്ടര്‍മാരെ നിയമിച്ചു. ഇന്ന് മുതല്‍ കാട്ടുപന്നികളെ വെടിവയ്ക്കും. പെരുമ്പത്തൂര്‍, എളമ്പിലാക്കോട്, മുട്ടിയേല്‍ വാര്‍ഡുകളിലാണ് ഇന്ന് രാത്രി കാട്ടുപന്നികളെ വെടിവയ്ക്കുക.

◾ കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് ചെയര്‍ പേഴ്സണും ബി.ജെ.പി കൗണ്‍സിലര്‍മാരും ആശുപത്രിയില്‍. വാര്‍ഷിക പദ്ധതി ഭേദഗതിയില്‍ ബി.ജെ.പി. കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളെ അവഗണിക്കുകയും ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകള്‍ക്ക് വാരിക്കോരി നല്‍കുകയും ചെയ്യുന്നുവെന്നാരോപിച്ചാണ് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്.

◾ കോണ്‍ഗ്രസ് ഭരിക്കുന്ന ചാലക്കുടി കോടശേരി പഞ്ചായത്തില്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയ പ്രതിപക്ഷത്തിനു നേരെ ഭരണപക്ഷത്തിന്റെ ആക്രമണം. ആക്രമണത്തില്‍ പ്രതിപക്ഷത്തെ രണ്ട് വനിതാ അംഗങ്ങളടക്കം മൂന്ന് പേര്‍ക്ക് പരുക്ക്. പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾ ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതി ഷെറിന്റെ മോചനത്തിന് സര്‍ക്കാര്‍ ഉത്തരവിറങ്ങി. മന്ത്രിസഭ ശുപാര്‍ശ ഗവര്‍ണര്‍ നേരത്തെ അംഗീകരിച്ചിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ബോണ്ട് പതിപ്പിച്ചാല്‍ ഷെറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാം. ജീവപര്യന്തം തടവിന്റെ ഏറ്റവും കുറഞ്ഞ കാലമായ 14 വര്‍ഷം പൂര്‍ത്തിയായതിന് പിന്നാലെയാണ് ഷെറിന്‍ സ്വതന്ത്രയാകുന്നത്.

◾ അമേരിക്കയില്‍ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരികെയെത്തി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും അടക്കമുള്ളവര്‍ എത്തിയിരുന്നു. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടര്‍ച്ചയായുള്ള പരിശോധനകള്‍ക്കായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.

◾ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തില്‍ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഷാര്‍ജ പൊലീസിലും കുടുംബം പരാതി നല്‍കും. ഭര്‍ത്താവിനും വിട്ടുകാര്‍ക്കുമെതിരെ കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അതേസമയം, കേരളത്തില്‍ നല്‍കിയ പരാതി ഡിവൈഎസ്പി അന്വേഷിക്കും.

◾ കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റിയുടെ വിവിധ പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 7.05 കോടി രൂപ അനുവദിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്‍, ആര്‍ടി ഫെസ്റ്റ്, ഹോംസ്റ്റേകള്‍, നെറ്റ് സീറോ ടൂറിസം തുടങ്ങി വിവിധ പദ്ധതികള്‍ക്കായി ഈ ഫണ്ട് ഉപയോഗിക്കും.

◾ കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴില്‍ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന വിക്രം സാരാഭായി സ്‌പേസ് സെന്റ്ററില്‍ ജോലി വാഗ്ദാനം ചെയ്യുന്ന വ്യാജ തൊഴില്‍ റാക്കറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വി എസ് എസ് സി മുന്നറിയിപ്പ് നല്‍കി. ഒഴിവുകള്‍ വി എസ് സി സിയുടെയോ ഐ എസ് ആര്‍ ഒയുടെയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരസ്യപ്പെടുത്തുന്നതാണെന്ന് വി എസ് സി സി അറിയിച്ചു.

◾ ലക്ഷക്കണക്കിന് രോഗികള്‍ക്ക് അവശ്യ ഘട്ടങ്ങളില്‍ രക്തം എത്തിച്ചു നല്‍കിയ ബ്ലഡ് ഡോണേഴ്‌സ് കേരള എന്ന സംഘടന സ്ഥാപിച്ച വിനോദ് ഭാസ്‌കരന്‍ അന്തരിച്ചു. 48 വയസായിരുന്നു. കരള്‍ രോഗം കാരണം കുറച്ച് ദിവസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

◾ തെലങ്കാനയില്‍ കോണ്‍ഗ്രസ് നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് എസ്‌സി സെല്‍ നേതാവ് മാരെല്ലി അനില്‍ ആണ് മരിച്ചത്. മേദക് ജില്ലയിലെ കുല്‍ച്ചരം മണ്ഡലില്‍ ഇന്ന് രാവിലെയാണ് അനിലിനെ മരിച്ച നിലയില്‍ കണ്ടത്. കാറില്‍ ഹൈദരാബാദില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു അനില്‍. മൃതദേഹത്തിന് സമീപത്ത് നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്തു.

◾ ഹൈദരാബാദില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തെ വെടിവെച്ചുകൊലപ്പെടുത്തി. ചന്തു നായിക് എന്ന ചന്തു റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. മാലക് പേട്ട് സലിവാഹന നഗര്‍ പാര്‍ക്കില്‍ രാവിലെ ഏഴരയ്ക്ക് ആണ് സംഭവമുണ്ടായത്. കാറില്‍ എത്തിയ അക്രമിസംഘം മുഖത്തേക്ക് മുളക് പൊടി വിതറിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു.

◾ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണി എത്തിയത്. ബിഎസ്ഇയെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇമെയില്‍ സഖാവ് പിണറായി വിജയന്‍ എന്ന ഇമെയില്‍ ഐഡിയില്‍ നിന്നാണ് ലഭിച്ചത്. മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

◾ കീം റാങ്ക് പട്ടിക പുന:ക്രമീകരിച്ചതുമായി ബന്ധപ്പെട്ട് കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസയക്കാതെ സുപ്രീംകോടതി. ഹര്‍ജി നല്‍കിയ കേരള സിലബസ് വിദ്യാര്‍ഥികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമോയെന്നും കോടതി ചോദിച്ചു. പ്രവേശന നടപടികളെ ബാധിക്കുന്ന തീരുമാനം എടുക്കില്ലെന്ന് സൂചിപ്പിച്ചായിരുന്നു ജസ്റ്റിസ് നരസിംഹയുടെ പരാമര്‍ശം. ഹര്‍ജി കോടതി നാളെ വീണ്ടും പരിഗണിക്കും.

◾ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ശുഭാംശു ശുക്ലയും ആക്‌സിയം 4 ദൗത്യസംഘവും ഇന്ന് ഭൂമിയിലെത്തും. ഇന്നലെ വൈകുന്നേരം 4:45-ഓടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് യാത്ര പുറപ്പെട്ട ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം ഇപ്പോള്‍ ബഹിരാകാശത്ത് കൂടി സഞ്ചരിക്കുകയാണ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെ പേടകത്തിലെ ത്രസ്റ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാനുള്ള നടപടികള്‍ തുടങ്ങും. കാലിഫോര്‍ണിയ തീരത്ത് 3:01-ഓടെ ഡ്രാഗണ്‍ ഗ്രേസ് പേടകം ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ സ്തനാര്‍ബുദം, അലര്‍ജി, പ്രമേഹം എന്നിവയുള്‍പ്പെടെയുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 71 അവശ്യ മരുന്നുകളുടെ വില കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചു. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്.

◾ ബെംഗളൂരുവില്‍ ഓട്ടോ റിക്ഷ നിരക്ക് വര്‍ധിപ്പിച്ചു. ആദ്യ രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിനുള്ള മിനിമം നിരക്ക് 36 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. നേരത്തെ ഇത് 30 രൂപയായിരുന്നു. ആറു രൂപയാണ് വര്‍ധിപ്പിച്ചത്. ആദ്യത്തെ രണ്ടു കിലോമീറ്ററിനുശേഷം പിന്നീടുള്ള ഒരോ കിലോമീറ്ററിനുള്ള നിരക്ക് 18 രൂപയായും വര്‍ധിപ്പിച്ചു.

◾ പാകിസ്താനിലെ ഉന്നത സൈനിക-രാഷ്ട്രീയ നേതൃത്വങ്ങളുടെ നിര്‍ദേശാനുസരണം പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ യും ലഷ്‌കറെ തൊയ്ബയും ചേര്‍ന്നാണ് ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്ന് റിപ്പോര്‍ട്ട്. ആക്രമണം നടപ്പാക്കിയ ഭീകരവാദികളെല്ലാവരും പാകിസ്താനികളായിരുന്നെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

◾ മേയ്മാസത്തിലുണ്ടായ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടെന്ന അവകാശവാദം വീണ്ടും ഉന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാറ്റോ ജനറല്‍ സെക്രട്ടറി മാര്‍ക്ക് റുട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് വീണ്ടും അവകാശവാദം ഉന്നയിച്ചത്.

◾ രാജ്യത്ത് ചില്ലറ വിലക്കയറ്റം ആറു വര്‍ഷത്തെ കുറഞ്ഞ നിരക്കില്‍. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ജൂണിലെ ചില്ലറ പണപ്പെരുപ്പം 2.10 ശതമാനത്തിലേക്കാണ് കുറഞ്ഞത്. 2019 ന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ നിരക്കിലേക്ക് എത്തുന്നത്. പച്ചക്കറി ഉള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടായ കുറവാണ് കണക്കുകളില്‍ പ്രതിഫലിക്കുന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും ചില്ലറ പണപ്പെരുപ്പത്തില്‍ ഒരുപോലെ കുറവുണ്ടായിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കളുടെ വില കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വലിയ തോതില്‍ കുറഞ്ഞു. 2025 ജൂണിനെ അപേക്ഷിച്ച് -1.06 ശതമാനമായാണ് കുറഞ്ഞത്. ചികില്‍സാ ചെലവുകളിലെ പെരുപ്പം 4.34 ശതമാനത്തില്‍ നിന്ന് 4.43 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. വിദ്യാഭ്യാസ ചെലവുകള്‍ മുന്‍ വര്‍ഷത്തെ 4.12 ശതമാനത്തില്‍ നിന്ന് 4.87 ശതമാനമായും വര്‍ധിച്ചു. രാജ്യത്ത് ചില്ലറ പണപ്പെരുപ്പം കൂടുതലുള്ള സംസ്ഥാനമായി കേരളം തുടരുകയാണ്. കേരളം, പഞ്ചാബ്, ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാങ്ങളാണ് വിലക്കയറ്റത്തില്‍ മുന്നിലുള്ളത്. കേരളത്തിലെ നിരക്ക് 6.71 ശതമാനമാണ്. പഞ്ചാബ് (4.67 %), ജമ്മു കശ്മീര്‍ (4.38%), ഉത്തരാഖണ്ഡ് (3.4%), ഹരിയാന (3.10%) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളുടെ നിരക്ക്.

◾ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ രണ്ടു പുതിയ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വിവോ എക്‌സ്200 സീരീസിലെ പുതിയ അപ്‌ഡേറ്റായി എക്‌സ്200 എഫ്ഇ, വിവോ എക്സ് ഫോള്‍ഡ് ഫൈവ് എന്നിവയാണ് ലോഞ്ച് ചെയ്തത്. വിവോ എക്‌സ്200 എഫ്ഇ സ്മാര്‍ട്ട്ഫോണ്‍ 6.31 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുമായാണ് വരുന്നത്. മീഡിയാടെക് ഡൈമെന്‍സിറ്റി 9300+ ചിപ്സെറ്റും 16 ജിബി വരെ എല്‍പിഡിഡിആര്‍ 5 എക്‌സ് റാമും 90വാട്ട് വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 6,500 എംഎഎച്ച് ബാറ്ററിയുമാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. 50 മെഗാപിക്‌സല്‍ ട്രിപ്പിള്‍ റിയര്‍ കാമറ യൂണിറ്റും 50 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടറും ഇത് വാഗ്ദാനം ചെയ്യുന്നു. വിവോ എക്‌സ് 200 എഫ്ഇയിലെ 12 ജിബി + 256 ജിബി ഓപ്ഷന് 54,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 16 ജിബി + 512 ജിബി വേരിയന്റിന് 59,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ആംബര്‍ യെല്ലോ, ഫ്രോസ്റ്റ് ബ്ലൂ, ലക്‌സ് ഗ്രേ എന്നി നിറങ്ങളില്‍ ഇത് ലഭ്യമാണ്. ജൂലൈ 23 മുതല്‍ ഫ്‌ലിപ്കാര്‍ട്ടിലൂടെയും വിവോ ഇന്ത്യ ഇ-സ്റ്റോര്‍ വഴിയും ഹാന്‍ഡ്സെറ്റ് രാജ്യത്ത് വില്‍പ്പനയ്ക്കെത്തും. നിലവില്‍ പ്രീ-ഓര്‍ഡര്‍ ലഭ്യമാണ്.

◾ വിവാദങ്ങള്‍ക്കൊടുവില്‍ ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ ട്രെയിലര്‍ റിലീസ് ചെയ്ത് അണിയറപ്രവര്‍ത്തകര്‍. അനുപമ പരമേശ്വരന്‍, സുരേഷ് ഗോപി എന്നിവരുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സും പഞ്ച് ഡയലോഗുകളും കൊണ്ട് ത്രില്‍ അടിപ്പിക്കുന്ന രീതിയിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ജൂലൈ 17 വ്യാഴാഴ്ച സിനിമ തിയറ്ററുകളില്‍ എത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളാണ് ഒന്നിച്ച് തിയറ്ററില്‍ റിലീസ് ചെയ്യുന്നത്. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് സിനിമയ്ക്ക് യു/എ 16+ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഏഴു ഭാഗങ്ങളില്‍ ജാനകി എന്ന പേര് സിനിമയില്‍ നിന്ന് മ്യൂട്ട് ചെയ്തിട്ടുണ്ട്. പുതിയ പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ടൈറ്റിലില്‍ നടി അനുപമയുടെ കഥാപാത്രത്തിന്റെ പേര് ജാനകി വി എന്ന് ചേര്‍ത്തിട്ടുണ്ട്. രണ്ടര മിനിറ്റിനിടെ ഏഴ് ഭാഗങ്ങളിലാണ് ഇത്തരത്തില്‍ മ്യൂട്ട്. കൂടാതെ ജാനകി വി എന്ന് ചിത്രത്തിന്റെ സബ് ടൈറ്റിലും മാറ്റിയിട്ടുണ്ട്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്.

◾ ജോജു ജോര്‍ജിനേയും ഉര്‍വശിയെയും കേന്ദ്ര പാത്രങ്ങളാക്കി നവാഗതനായ സഫര്‍ സനല്‍ ഒരുക്കുന്ന 'ആശ' എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ ലോഞ്ചും തൃക്കാക്കരയില്‍ വച്ചു നടന്നു. സിനിമ രംഗത്തെ നിരവധി പേര്‍ പങ്കെടുത്ത ചടങ്ങില്‍സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. സഫര്‍ സനലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് സഫര്‍ സനലും ജോജു ജോര്‍ജും, രമേശ് ഗിരിജയും ചേര്‍ന്നാണ്. 'പണി' എന്ന ചിത്രത്തിനുശേഷം ജോജു തിരക്കഥ എഴുതുന്ന സിനിമ കൂടിയാണിത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ഉര്‍വശി, ജോജു ജോര്‍ജ്ജ് എന്നിവര്‍ക്കൊപ്പം പ്രമുഖ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് മാസത്തില്‍ ആരംഭിക്കും.

◾ ടെസ്ല ഇന്ത്യയിലെത്തുക മോഡല്‍ വൈയുമായി. രണ്ടു മോഡലുകളുമായി എത്തുന്ന വൈയുടെ റിയര്‍ വീല്‍ ഡ്രൈവ് മോഡലിന് 59.89 ലക്ഷം രൂപയും ലോങ് റേഞ്ച് റിയര്‍വീല്‍ ഡ്രൈവിന് 67.89 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. അടിസ്ഥാന മോഡലിന്റെ ഓണ്‍റോഡ് വില 60.99 ലക്ഷം രൂപയും ലോങ് റേഞ്ച് മോഡലിന് 69.07 ലക്ഷം രൂപയുമാണ്. തുടക്കത്തില്‍ ഡല്‍ഹി, ഗുരുഗ്രാം, മുംബൈ എന്നീ സ്ഥലങ്ങളിലായിരിക്കും കാര്‍ ലഭിക്കുക. സ്റ്റെല്‍ത്ത് ഗ്രേ, പേള്‍ വൈറ്റ്, ഡയമണ്ട് ബ്ലാക്ക്, ഗ്ലാസിയര്‍ ബ്ലൂ, ക്യൂക് സില്‍വ്വര്‍, അള്‍ട്ര റെഡ് എന്നീ നിറങ്ങളിലാണ് പുതിയ വൈ ഇന്ത്യയില്‍ ലഭിക്കുക. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്താണ് 'മോഡല്‍ വൈ' ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തുന്നത്. ഇന്ത്യയില്‍ റിയര്‍വീല്‍ ഡ്രൈവ്, റിയര്‍വീല്‍ ഡ്രൈവ് ലോങ് റേഞ്ച് എന്നീ മോഡലുകള്‍ മാത്രം. റിയല്‍വീല്‍ ഡ്രൈവിന് 500 കിലോമീറ്ററാണ് ഡബ്ല്യുഎല്‍ടിപി റേഞ്ച്. മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ വെറും 5.9 സെക്കന്‍ഡ് മതി. സൂപ്പര്‍ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 15 മിനിറ്റില്‍ 238 കിലോമീറ്റര്‍ ഓടാനുള്ള ചാര്‍ജ് ലഭിക്കും. ലോങ് റേഞ്ച് റിയര്‍വീല്‍ ഡ്രൈവ് മോഡലിന്റെ ഡബ്ല്യുഎല്‍ടിപി റേഞ്ച് 622 കിലോമീറ്ററാണ്. 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ വെറും 5.6 സെക്കന്‍ഡ് മാത്രം മതി ഈ മോഡലിന്. 15 മിനിറ്റില്‍ 267 കിലോമീറ്റര്‍ ഓടാനുള്ള ചാര്‍ജ് ലഭിക്കും.

◾ 'ഇനി നമുക്കിടയില്‍ ഫ്രീ സെക്സ് ആയിക്കൂടേ?' ഒരു തണുത്ത പ്രഭാതത്തില്‍ ബെഡ് കോഫി കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് അനുജ അത് ചോദിച്ചത്. ''ഫ്രീ സെക്‌സ് എന്ന ഒന്ന് ലോകത്തില്ല. പ്രീ പേയ്ഡും പോസ്റ്റ് പേയ്ഡുമേയുള്ളൂ!' 'ഈ ആണുങ്ങള്‍ കാശും കാമവും കൂട്ടിക്കലര്‍ത്തുന്നതെന്തിനാണ്?' സകല സദാചാരനിയമങ്ങളെയും അപ്പാടെ നിരാകരിച്ചുകൊണ്ടുള്ള നായകന്‍ കുസുമാന്തരലോലന്റെ അര്‍മാദിക്കലുകളുടെയും കാമാന്വേഷണപരീക്ഷണങ്ങളുടെയും കഥ പറയുന്ന ഒരു കോമിക് നോവല്‍. മൂര്‍ച്ചയേറിയ പാരമ്പര്യ വിമര്‍ശനവും ഉന്മത്തമായ സെക്സും സ്വതന്ത്രവും മൗലികവുമായ ചിന്തയുമെല്ലാം വിചിത്രമായ പാകത്തില്‍ നോവലിന്റെ ഘടനയില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. സമുദായം വില കല്പിക്കുന്ന സദാചാരത്തിന്റെയും യാഥാസ്ഥിതികത്വത്തിന്റെയും വ്യവസ്ഥാ ചിതത്വത്തിന്റെയും സകല വിലക്കുകളും നോവല്‍ ലംഘിക്കുന്നു. 'കുസുമാന്തരലോലന്‍'. വി എസ് അജിത്ത്. ഡിസി ബുക്സ്. വില 207 രൂപ.

◾ സമൂഹികമായ ഒറ്റപ്പെടല്‍ മാനസികമായി മാത്രമല്ല, പ്രായമായവരില്‍ പ്രമേഹ സാധ്യത 34 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. കോവിഡ് കാലം മുതലാണ് സാമൂഹികമായ ഒറ്റപ്പെടല്‍ ഒരു ആരോഗ്യ അപകടമായി വിലയിരുത്തുന്നത്. ഇത് പ്രത്യേകിച്ച്, പ്രായമായവരില്‍ ശാരീരികമായും ബാധിക്കാമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. നമ്മുടെ ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാത്തതു മൂലമോ അല്ലെങ്കില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്‍സുലിനോട് ശരീരം ശരിയായി പ്രതികരിക്കാത്തത് മൂലമോ ആണ് പ്രമേഹം ഉണ്ടാകുന്നത്. ഇത് ഹൃദയാരോഗ്യം, വൃക്കകള്‍ക്ക് തകരാറ്, കാഴ്ച സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് വരെ നയിക്കാം. 2003 മുതല്‍ 2008 വരെയുള്ള നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്സാമിനേഷന്‍ സര്‍വേയില്‍ നിന്നുള്ള ഡാറ്റ ഗവേഷകര്‍ വിശകലനം ചെയ്തു. സാമൂഹികമായി ഒറ്റപ്പെട്ട പ്രായമായവരില്‍ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത 34 ശതമാനം കൂടുതലാണെന്നും ഒറ്റപ്പെടാത്തവരെ അപേക്ഷിച്ച് 75 ശതമാനം പേര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മോശമായിരിക്കുമെന്നും അവര്‍ കണ്ടെത്തി. പ്രമേഹത്തിന്റെ കാര്യത്തില്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു ഘടകമാണ് ഒറ്റപ്പെടല്‍ എന്ന് ഈ പഠനം ചൂണ്ടിക്കാണിക്കുന്നു. വയോജനങ്ങളുടെ ക്ഷേമത്തിന് സാമൂഹിക ബന്ധങ്ങളുടെ പ്രാധാന്യം പഠനം അടിവരയിടുന്നു. ഇത് തിരിച്ചറിയേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

◾ *ഇന്നത്തെ വിനിമയ നിരക്ക്* : ഡോളര്‍ - 85.78, പൗണ്ട് - 115.38, യൂറോ - 100.28, സ്വിസ് ഫ്രാങ്ക് - 107.80, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.36, ബഹറിന്‍ ദിനാര്‍ - 227.54, കുവൈത്ത് ദിനാര്‍ -280.80, ഒമാനി റിയാല്‍ - 223.10, സൗദി റിയാല്‍ - 22.87, യു.എ.ഇ ദിര്‍ഹം - 23.35, ഖത്തര്‍ റിയാല്‍ - 23.48, കനേഡിയന്‍ ഡോളര്‍ - 62.68.
Previous Post Next Post
3/TECH/col-right