Trending

സംസ്ഥാനത്ത് മഴ കനക്കുന്നു; മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്.

തിരുവന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഇതോടനുബന്ധിച്ച് സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകല്ലിൽ കനത്ത ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. 

പലയിടങ്ങളിലും കനത്ത മഴ അനുഭവപ്പെടുന്നെങ്കിലും കാലവർഷം ഇത് വരെ സംസ്ഥാനത്ത് എത്തിയിട്ടില്ലായെന്നും അഞ്ച് ദിവസത്തിനകം സംസ്ഥാനത്ത് കാലവർഷം എത്തുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലബാർ ജില്ലകളിൽ ഇന്നലെ വൈകീട്ട് തുടങ്ങിയ മഴ തോരാതെ പെയ്യുകയാണ്. നഗരങ്ങളിൽ ഉൾപ്പെടെ പലയിടത്തും വെള്ളക്കെട്ടുണ്ടായി. കോഴിക്കോട് എസ് എ ഐയുടെ ഓഫീസിൽ വെള്ളം കയറി. കണ്ണൂരിൽ ഇന്നലെ വൈകീട്ട് മുതൽ തുടങ്ങിയ കനത്ത മഴ തുടരുന്നു. 

ദേശീയപാത നിർമാണം നടക്കുന്ന പാപ്പിനിശ്ശേരി വേളാപുരത്തും വെള്ളക്കെട്ടുണ്ട്. കനത്ത മഴയിൽ പയ്യന്നൂർ താലൂക്ക് ആശുപത്രി വളപ്പിലെ പഴയ കെട്ടിടത്തിന്‍റെ ഭാഗങ്ങൾ തകർന്നുവീണു. ഉച്ചയ്ക്ക് ശേഷവും മഴ തുടരും എന്നാണ് കാലാവസ്ഥ പ്രവാചനം.
Previous Post Next Post
3/TECH/col-right