Trending

ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കരുതെന്ന് കുടുംബം; ബാലാവകാശ കമ്മീഷന് കത്ത് നൽകി.

കോഴിക്കോട്: താമരശേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ട് കുടുംബം ബാലാവകാശ കമ്മീഷന് കത്ത് നൽകി. പരീക്ഷ ബോർഡ് നേരത്തെ ഫലം തടഞ്ഞു വെച്ചിരുന്നു. എന്നാൽ ഈ മാസം പതിനെട്ടിനകം പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടതിന് പിന്നാലെയാണ് ഷഹബാസിന്റെ കുടുംബം പരാതി നൽകിയത്.

ജുവനൈൽ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ വെച്ചായിരുന്നു വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത്. പരീക്ഷാ ഫലം തടഞ്ഞുവെച്ച നടപടി ബാലാവകാശ നിയമത്തിന് എതിരാണെന്നും പരീക്ഷാ ഫലം തടഞ്ഞതും ഡീ ബാർ ചെയ്തതും നിയമവിരുദ്ധമാണെന്നും ബാലാവകാശ കമ്മിഷൻ വ്യക്തമാക്കിയിരുന്നു. കുറ്റാരോപിതരായ വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കാൻ അനുവദിക്കില്ലെന്ന് ആരോപിച്ച് കെഎസ്‌യുവും എംഎസ്എഫും രംഗത്ത് വന്നിരുന്നു. പിന്നീട് വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റുകയും ജുവനൈൽ ഹോമിൽ പരീക്ഷയ്ക്കുള്ള സജ്ജീകരണം ഒരുക്കുകയുമായിരുന്നു.

താമരശ്ശേരിയിലെ ട്രിസ് ട്യൂഷൻ സെന്ററിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റിൽ എം ജെ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികൾ ഡാൻസ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നിൽക്കുകയും ചെയ്തു. തുടർന്ന് താമരശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥികൾ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉടലെടുത്തു. അധ്യാപകർ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

ഇതിന്റെ തുടർച്ചയായി ഉണ്ടായ സംഘർഷത്തിലാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ഷഹബാസിന്റെ മരണം. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.തലച്ചോറിൽ 70 %ക്ഷതമേറ്റതിനാൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു വിദ്യാർത്ഥി ജീവൻ നിലനിർത്തിയിരുന്നത്. പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
Previous Post Next Post
3/TECH/col-right