2025 മെയ് 16 വെള്ളി
1200 എടവം 2 മൂലം
1446 ദുൽഖഅദ് 18
◾ ഇന്ത്യയുമായി ഉന്നതതല ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന നിലപാടുമായി പാകിസ്ഥാന്‍. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫാണ് വെടിനിര്‍ത്തലിന് പിന്നാലെ ഇക്കാര്യം വ്യക്തമാക്കിയത്. നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്താനും തയ്യാറെന്ന് ഷഹ്ബാസ് ഷെരീഫ് ഒരു വാര്‍ത്താ ഏജന്‍സിയോടാണ് പറഞ്ഞത്. അതേസമയം വെടിനിര്‍ത്തലിന് ശേഷം അതിര്‍ത്തികള്‍ സാധാരണ നിലയിലേക്ക് വരുമ്പോള്‍ പരസ്പര വിശ്വാസം കൂട്ടാനുള്ള കൂടുതല്‍ നടപടി കൈക്കൊള്ളാന്‍ രണ്ടു സേനകളും ധാരണയിലെത്തി.
◾ ഇന്ത്യ - പാക്കിസ്ഥാന്‍ പ്രശ്നം പരിഹരിച്ചുവെന്ന് താന്‍ അവകാശപ്പെടുന്നില്ലെന്ന് ഡോണള്‍ഡ് ട്രംപ്. പക്ഷെ സംഘര്‍ഷം പരിഹരിക്കുന്നതില്‍ സഹായിക്കാന്‍ തനിക്ക് കഴിഞ്ഞുവെന്നും വ്യാപാരം വാഗ്ദാനം ചെയ്താണ് പ്രശ്നം പരിഹരിച്ചതെന്നും ഖത്തറില്‍ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഒരുപോലെ സന്തോഷമുള്ളതായിരുന്നു ഇതെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ 'ആയിരക്കണക്കിന്' വര്‍ഷങ്ങളായുള്ള ഇന്ത്യ - പാക്കിസ്ഥാന്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്നും ട്രംപ് പറഞ്ഞു.
◾ അമേരിക്കന്‍ നിലപാട് തള്ളി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ചയില്‍ മൂന്നാം കക്ഷിയില്ലെന്ന് എസ് ജയശങ്കര്‍ വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യം നേടിയെന്നും,. സിന്ധു നദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രി അറിയിച്ചു. പാകിസ്ഥാന്‍ തീവ്രവാദം അവസാനിപ്പിച്ചാല്‍ മാത്രമേ നദീജല കരാറിലെ നിലപാട് ഇന്ത്യ പുനഃപരിശോധിക്കൂ എന്നും ഭീകരതയെക്കുറിച്ച് മാത്രമേ പാകിസ്ഥാനുമായി ചര്‍ച്ചയുള്ളൂ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതാണെന്നും ജയശങ്കര്‍ പറഞ്ഞു.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. മോദി ചിത്രജീവിയാണ് എന്നാണ് അഖിലേഷ് യാദവ് പറയുന്നത്. അമേഠിയില്‍ നടത്തിയ ഒരു പാര്‍ട്ടി പരിപാടിക്കിടയിലാണ് അഖിലേഷിന്റെ പരാമര്‍ശം. മിസൈലുകള്‍ ശത്രുക്കള്‍ക്കുള്ളതാണെന്നും അത് സെല്‍ഫി പോയന്റുകള്‍ അല്ലെന്നും പറഞ്ഞ അഖിലേഷ് തിരംഗ യാത്ര വെടിനിര്‍ത്തല്‍ ആഘോഷിക്കാന്‍ ഉള്ളതാണോ എന്നും ചോദിച്ചു. അതിര്‍ത്തികള്‍ സുരക്ഷിതമല്ലെന്നും കൂടുതല്‍ സേനയെ നിയോഗിക്കണമെന്ന ആവശ്യവും പ്രസംഗത്തില്‍ അദ്ദേഹം ഉന്നയിച്ചു.
◾ ഇന്ത്യാ - പാകിസ്ഥാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വിരുദ്ധമായ അഭിപ്രായം പറഞ്ഞെന്ന പേരില്‍ തന്നെയാരും താക്കീത് ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. താന്‍ കൂടി പങ്കെടുത്ത പാര്‍ട്ടി മീറ്റിംഗില്‍ തന്നോട് നേരിട്ടോ, അല്ലാതെയോ ആരും താക്കീത് ചെയ്തിട്ടില്ലെന്നും ഇതിന് എന്തെങ്കിലും തെളിവുണ്ടെങ്കില്‍, ഒരു രേഖ കാണിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
◾ ഓപ്പറേഷന്‍ സിന്ദൂറിനെ പ്രശംസിച്ച് ഇസ്രയേല്‍ സൈനിക മേധാവി മേജര്‍ ജനറല്‍ ആമിര്‍ ബറം. തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ നീതിപരമായ നടപടികള്‍ക്ക് ഇസ്രയേല്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇസ്രയേല്‍ സൈനിക മേധാവിയും ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറിയും നടത്തിയ സംഭാഷണത്തിലാണ് ഇസ്രയേല്‍ നിലപാട് സ്വീകരിച്ചത്. ഇരു രാജ്യങ്ങള്‍ തമ്മില്‍ പ്രതിരോധ രംഗത്തെ സഹകരണം ശക്തമാക്കാനും ധാരണയായി.
◾ തുര്‍ക്കിയിലെ സ്ഥാപനങ്ങളുമായുള്ള അക്കാദമിക് ബന്ധം അവസാനിപ്പിച്ച് ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാല. ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തിനിടെ തുര്‍ക്കി സ്വീകരിച്ച പാക് അനുകൂല നിലപാടിനെതിരെ അടുത്തിടെ ഉണ്ടായ രാജ്യവ്യാപകമായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് തീരുമാനം. നേരത്തെ, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, കാണ്‍പൂര്‍ യൂണിവേഴ്സിറ്റി എന്നിവയും തുര്‍ക്കിയുമായുള്ള അക്കാദമിക് ബന്ധങ്ങള്‍ അവസാനിപ്പിച്ചിരുന്നു.
◾ തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് മുന്‍ മന്ത്രി ജി സുധാകരന്‍. ബാലറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും കള്ളവോട്ട് ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ അല്പം ഭാവന കലര്‍ത്തിപ്പറയുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
◾ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ജി.സുധാകരനെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെ അമ്പലപ്പുഴ തഹസില്‍ദാര്‍ കെ അന്‍വറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ജി സുധാകരന്റെ വീട്ടിലെത്തി വിശദമായ മൊഴിയെടുത്തു.മൊഴിയെടുപ്പ് പൂര്‍ത്തിയായെന്നും വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് നല്‍കുമെന്നും തഹസില്‍ദാര്‍ വ്യക്തമാക്കി. പറയാനുള്ള കാര്യങ്ങളെല്ലം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു മൊഴിയെടുപ്പിനുശേഷം ജി സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
◾ പത്തനംതിട്ട പാടം വനം വകുപ്പ് ഓഫീസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആളെ ബലമായി ഇറക്കി കൊണ്ട് പോയ സംഭവത്തില്‍ കോന്നി എംഎല്‍എ കെ യു ജെനീഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തു. വനം വകുപ്പ് ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടല്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
◾ ഫോറസ്റ്റ് ഓഫീസില്‍ പോര്‍വിളി നടത്തി വിവാദത്തിലായ കോന്നി എംഎല്‍എ ജനീഷ്‌കുമാറിന് പിന്തുണ പ്രഖ്യാപിച്ച് സി പി എം ഇന്ന് പത്തനംതിട്ട കോന്നി ഡി എഫ് ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ നടപടി എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിന്റെ അന്വേഷണത്തിന് ചോദ്യംചെയ്യാന്‍ വിളിപ്പിചയാളെ എം എല്‍ എ ബലമായി ഇറക്കി കൊണ്ടുപോയത് വിവാദമായെങ്കിലും സി പി എം അന്നുതന്നെ എം എല്‍ എക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിരുന്നു.
◾ മലപ്പുറം ജില്ലയില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഇന്ന് പുതുതായി ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ആകെ 166 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 65 പേര്‍ ഹൈ റിസ്‌കിലും 101 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. ഹൈറിസ്‌ക് പട്ടികയിലുള്ള 11 പേര്‍ക്ക് പ്രൊഫൈലാക്‌സിസ് ചികിത്സ നല്‍കി വരുന്നു എന്നും മന്ത്രി വ്യക്തമാക്കി .
◾ വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍. തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കാറില്‍ സഞ്ചരിക്കുന്നതിനിടെ ബെയ്‌ലിന്‍ ദാസിനെ തുമ്പ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്.
◾ നാലാം ക്ലാസിലെ കേരള പാഠാവലി - മലയാളത്തിലെ പാഠപുസ്തകങ്ങളില്‍ മുഴുവന്‍ ചിത്രം വരച്ചിരിക്കുന്നത് സ്ത്രീകളും വിദ്യാര്‍ത്ഥിനികളുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കില്‍ ചിത്രങ്ങളുള്‍പ്പെടെ കുറിപ്പും പങ്കുവച്ചിട്ടുണ്ട്. ചിത്രം വരച്ച പ്രതിഭകളെയും, ഈ ചരിത്രപരമായ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും, പാഠപുസ്തക നിര്‍മ്മാണ സമിതി അംഗങ്ങളെയും ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു എന്ന് മന്ത്രി കുറിപ്പില്‍ പങ്കുവച്ചു .
◾ നെടുമ്പാശേരിയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ചു കൊന്ന ഐവിന്‍ എന്ന യുവാവിന്റെ മരണ കാരണം തലക്കേറ്റ പരുക്കെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തര്‍ക്കത്തിനെ തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഐവിനെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്.
◾ പിഎം ജന്‍മന്‍ പദ്ധതിയുടെ ആനുകൂല്യത്തിനായി കേരളം. സംസ്ഥാനത്തെ 261 ആദിവാസി കുടുംബങ്ങള്‍ക്ക് വീടുകളില്‍ വൈദ്യുതി ലഭ്യമാക്കുന്നതാണ് പദ്ധതി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. 261 കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കന്നതിന് കെഎസ്ഇബി സമര്‍പ്പിച്ച 57.56 ലക്ഷം രൂപയുടെ വിശദ പദ്ധതി രേഖകള്‍ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഈ ശുപാര്‍ശ ഇനി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന് കൈമാറും.
◾ കോഴിക്കോട് കോടഞ്ചേരിയില്‍ കാണാതായ ആളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മീന്‍ മുട്ടി പൂവത്തിന്‍ ചുവട്ടിലാണ് സംഭവം. കാട്ടിലേടത്തു ചന്ദ്രന്‍ (52) ആണ് മരിച്ചത്. ലൈസന്‍സ് ഇല്ലാത്ത തോക്കും മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തി. മൂന്ന് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ആത്മഹത്യ ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.
◾ മലപ്പുറം കാളികാവില്‍ യുവാവിനെ കടിച്ചു കൊന്ന കടുവയെ മയക്കുവെടിവെച്ച് പിടികൂടും. റബ്ബര്‍ ടാപ്പിംഗിനിടെയാണ് തൊഴിലാളിയായ അബ്ദുള്‍ ഗഫൂറിനെ കടുവ കൊന്നത്. ഗഫൂറിന്റ ആശ്രിതരില്‍ ഒരാള്‍ക്ക് താത്കാലിക ജോലി നല്‍കുമെന്നും 14 ലക്ഷം ധനസഹായം നല്‍കുമെന്നും ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായി. വീട്ടിലൊരാള്‍ക്ക് സ്ഥിര ജോലിക്കായി ശുപാര്‍ശ നല്‍കുമെന്നും അറിയിച്ചു.
◾ കാളികാവ് അടയ്ക്കാകുണ്ടില്‍ ഇറങ്ങിയ നരഭോജിക്കടുവയെ പിടികൂടുന്നതിനായുള്ള ദൗത്യം ആരംഭിച്ചു. വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് തിരച്ചില്‍ നടത്തുന്നത്. കടുവയെ മയക്കുവെടിവെച്ച് പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം. 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുന്നത്.
◾ ശബരിമല ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്ക് വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും അനുബന്ധ ജോലികള്‍ക്കുമായി 4.366 കോടി രൂപ കണ്‍സള്‍ട്ടന്‍സി ഫീസായി നിശ്ചയിച്ചു. നവി മുബൈയിലെ എസ് ടി യു പി കണ്‍സള്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡിനെ കണ്‍സള്‍ട്ടന്റായി നിയോഗിച്ച കെ എസ് ഐ ഡി സിയുടെ നടപടി വ്യവസ്ഥകളോടെ അംഗീകരിച്ചു. വിമാനത്താവള പദ്ധതി പുരോഗതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
◾ കോട്ടയം - നിലമ്പൂര്‍ ട്രെയിനിന് രണ്ട് അധിക കോച്ചുകള്‍ കൂടി അനുവദിച്ചു കൊണ്ട് ദക്ഷിണ റെയില്‍വേ ഉത്തരവായി. ഈ മാസം 22-ന് ഇത് പ്രാബല്യത്തില്‍ വരും.
◾ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ ജില്ലകളില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 51 റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. വൈകിട്ട് 4.30 ന് ഓണ്‍ലൈനായാണ് ഉദ്ഘാടനം. ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. തിരുവനന്തപുരം നഗരത്തിലെ 12 സ്മാര്‍ട്ട് റോഡുകളും ഉദ്ഘാടനം ചെയ്യും.
◾ സംസ്ഥാന സര്‍ക്കാറിന് പണം മുടക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കേരളത്തിലെ 55 മേല്‍പ്പാലങ്ങളുടെ നിര്‍മാണ തുക പൂര്‍ണമായും റെയില്‍വെ വഹിക്കുമെന്ന് ദക്ഷിണ റെയില്‍വെ. പാലങ്ങളുടെ നിര്‍മാണ ചെലവ് പൂര്‍ണമായും വഹിക്കാനുള്ള റെയില്‍വെ തീരുമാനം ഇതാദ്യമായാണെന്നും, കേരളത്തിലുടനീളം സുഗമമായ യാത്ര ഉറപ്പാക്കാനും പൊതുജന സുരക്ഷ ഉറപ്പുവരുത്താനുമുള്ള റെയില്‍വെയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും ദക്ഷിണ റെയില്‍വെ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
◾ ഡെങ്കിപ്പനിയില്‍ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ കൃത്യമായ പരിചരണം ഉറപ്പാക്കാനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും സംസ്ഥാനത്ത് ഉറപ്പാക്കിയതിലൂടെ ഡെങ്കിപ്പനി ബാധിച്ച് മരണങ്ങള്‍ പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
◾ ബുധനാഴ്ച വൈകീട്ട് മണ്ണാര്‍ക്കാട് മദ്യശാലയ്ക്ക് മുന്നില്‍ വെച്ച് യുവാവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയായ സാജന്‍ കൈതച്ചിറയെ മണ്ണാര്‍ക്കാട് പൊലീസ് പിടികൂടി. രണ്ടാം പ്രതി ഗഫൂറിനെ കേസില്‍ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. മദ്യശാലയ്ക്കുമുന്നില്‍ കുടിവെള്ളം വില്‍പന നടത്തുന്നവര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു ഇ4ഷാദ് ബൈക്കിലെത്തിയ പ്രതികള്‍ വെള്ളം വാങ്ങി പണം കൊടുക്കാഞ്ഞത് ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
◾ കേരളത്തിലടക്കമുള്ള വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തുര്‍ക്കിഷ് കമ്പനിക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത നടപടി. തുര്‍ക്കി ആസ്ഥാനമായുള്ള സെലെബി എയര്‍പോര്‍ട്ട് സര്‍വീസസസിനെതിരെയാണ് നടപടി. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് നടത്തുന്ന ഈ കമ്പനിയെ വിലക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.. കേന്ദ്രവ്യോമയാനമന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കമ്പനിയുടെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗിനുള്ള സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കിയിട്ടുമുണ്ട്.
◾ പാകിസ്ഥാന് യുദ്ധത്തില്‍ ആളും ആയുധവും നല്‍കി സഹായിച്ച തുര്‍ക്കിയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ഇന്ത്യയുടെ ആഹ്വാനത്തിനിടയിലും പാകിസ്ഥാനോടുള്ള നിലപാട് മാറ്റാതെ തുര്‍ക്കി. പാകിസ്ഥാനുമായുള്ള ബന്ധം ഉറച്ചതാണെന്ന് പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍ വീണ്ടും വ്യക്തമാക്കി. തുര്‍ക്കി പാകിസ്ഥാന് സൈനിക ഡ്രോണുകള്‍ മാത്രമല്ല, അവ പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യവും നല്‍കിയെന്നും എര്‍ദോഗാന്‍ വ്യക്തമാക്കി. മുന്‍കാലങ്ങളിലെന്നപോലെ, ഭാവിയിലും നല്ല സമയങ്ങളിലും മോശം സമയങ്ങളിലും ഞങ്ങള്‍ നിങ്ങളോടൊപ്പം നില്‍ക്കുമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് എര്‍ദോഗന്‍ ഉറപ്പ് നല്‍കി.
◾ കേണല്‍ സോഫിയ ഖുറേഷിക്കെതിരായ ബിജെപി മന്ത്രിയുടെ വിദ്വേഷ പരാമര്‍ശം സംബന്ധിച്ച അന്വേഷണത്തിന് മധ്യപ്രദേശ് ഹൈക്കോടതി മേല്‍നോട്ടം വഹിക്കും. അന്വേഷണം നീതിപൂര്‍വ്വം നടക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് മധ്യപ്രദേശ് ഹൈക്കോടതി വ്യക്തമാക്കി.കേണല്‍ സോഫിയ ഖുറേഷിയെ മന്ത്രി വിജയ് ഷാ അധിക്ഷേപിച്ചത് 'ഭീകരരുടെ സഹോദരി' എന്നാണ്. ഉദ്യോഗസ്ഥയെ മാത്രമല്ല, സായുധ സേനയെ മൊത്തത്തില്‍ അവഹേളിക്കുകയാണ് മന്ത്രി ചെയ്തതെന്ന് കോടതി വിമര്‍ശിച്ചു.
◾ ഓപ്പറേഷന്‍ സിന്ദൂരിനെത്തുടര്‍ന്ന് ഭീകരനും ജെയ്‌ഷെ മുഹമ്മദ് തലവനുമായ മസൂദ് അസറിന് പാകിസ്ഥാന്‍ സര്‍ക്കാരില്‍ നിന്ന് 14 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മെയ് 7 ന് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചിരുന്നു.
◾ പഹല്‍ഗാം ആക്രമണത്തെ അപലപിച്ചതിന് പിന്നാലെ താലിബാന്‍ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുതാഖിയുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യ-താലിബാന്‍ സഹകരണം ഊട്ടിയുറിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഔദ്യോഗിക ഫോണ്‍ സംഭാഷണത്തിലൂടെ ഇരുവരും നടത്തിയത്. പാകിസ്താനും അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തിനുമിടയില്‍ ഭിന്നത രൂക്ഷമാകുന്ന അവസരത്തിലാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഈ നീക്കം.
◾ ഇന്ത്യ - പാക് വെടിനിര്‍ത്തലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് പിന്നാലെ ട്രംപിന്റെ പ്രസ് സെക്രട്ടറിയും രംഗത്ത്. വെടി നിര്‍ത്തലിന് കാരണം ട്രംപാണ് എന്ന രീതിയില്‍ പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് എക്സില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. ദോഹയിലെ ഹോട്ടലില്‍ വെച്ച് കശ്മീരി സ്വദേശിയായ ഒരു വെയ്റ്റര്‍ ട്രംപിന് നന്ദി അറിയിക്കാന്‍ പറഞ്ഞെന്നാണ് കരോലിന്‍ എക്സില്‍ കുറിച്ചത്. ഒരാണവയുദ്ധം ഒഴിവാക്കിയിട്ടും അത് അംഗീകരിക്കപ്പെടുന്നില്ല എന്ന് അയാള്‍ പറഞ്ഞതായും കരോലിന്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.
◾ ഐഫോണുകളുടെ നിര്‍മ്മാണം ഇന്ത്യയിലേക്ക് മാറ്റാനുള്ള ആപ്പിളിന്റെ പദ്ധതിക്ക് തിരിച്ചടിയായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന. ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതില്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് ആപ്പിള്‍ സിഇഒയോട് ഖത്തറില്‍ വെച്ച് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. ഇന്ത്യയിലെ ഉയര്‍ന്ന താരിഫ് ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പരാമര്‍ശം. വെടിനിര്‍ത്തല്‍ സംബന്ധിച്ച അവകാശവാദങ്ങള്‍ക്കിടെ മുകേഷ് അംബാനി ട്രംപിനെ കണ്ടതും വലിയ ചര്‍ച്ചയായി.
◾ യുഎഇയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അബുദാബി വിമാനത്താവളത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു. യുഎഇയുടെ ഫൈറ്റര്‍ ജെറ്റുകള്‍ രാജ്യത്തിന്റെ അതിര്‍ത്തിയിലെത്തി അമേരിക്കന്‍ പ്രസിഡന്റിന്റെ എയര്‍ഫോഴ്സ് വണ്‍ വിമാനത്തിന് അകമ്പടി നല്‍കി. അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കും പ്രസിഡന്‍ഷ്യല്‍ കൊട്ടാരമായ ഖസ്ര് അല്‍ വത്വനും ട്രംപ് സന്ദര്‍ശിച്ചു. സൗദി അറേബ്യയും ഖത്തറും സന്ദര്‍ശിച്ച ശേഷമാണ് ട്രംപ് അബുദാബിയില്‍ എത്തിയത്. രണ്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി, ട്രംപ് ഇന്ന് ഉച്ചയോടെ തിരിച്ചുപോകും.
◾ സ്‌കൂളില്‍ വെടിവയ്പ് നടത്താന്‍ മകന് ആയുധവും വെടിവയ്പിനിടെ ധരിക്കാന്‍ ടാക്ടിറ്റല്‍ ഗിയറും വാങ്ങി നല്‍കിയ അമ്മ അറസ്റ്റില്‍. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകന് ഇളയ സഹോദരങ്ങള്‍ക്ക് കൂട്ടിരിക്കാന്‍ വേണ്ടി പ്രേരകമായാണ് 33കാരിയായ അമ്മ അത്യാധുനിക തോക്കുകളും സംരക്ഷണ കവചങ്ങളും വാങ്ങി നല്‍കിയത്.
◾ ഇസ്രയേല്‍ ഗാസയില്‍ ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. താല്‍ക്കാലിക ടെന്റുകള്‍ക്കും അഭയാര്‍ഥി ക്യാംപുകള്‍ക്കും നേരെയായിരുന്നു ആക്രമണം. ബുധനാഴ്ചത്തെ ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടിരുന്നു.
◾ സൗത്ത് ഇന്ത്യന്‍ ബാങ്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1,303 കോടി രൂപയുടെ റെക്കോഡ് ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ 1070.08 കോടി രൂപയെ അപേക്ഷിച്ച് 21.75 ശതമാനമാണ് വര്‍ധന. ബാങ്ക് കൈകാര്യം ചെയ്യുന്ന ആകെ ബിസിനസ് 1,95,104.12 കോടി രൂപയായി. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 40 ശതമാനം ലാഭ വിഹിതത്തിന് ഡയറക്ടര്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ (ജനുവരി-മാര്‍ച്ച്) 342.19 കോടി രൂപയാണ് ബാങ്കിന്റെ ലാഭം. 18.99 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 287.56 കോടി രൂപയായിരുന്നു. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷത്തെ 1,867.67 കോടി രൂപയില്‍ നിന്ന് 2,270.08 കോടി രൂപയായും വര്‍ധിച്ചു. 21.55 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. അറ്റ പലിശ വരുമാനം 4.61 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 3,485.64 കോടി രൂപയിലെത്തി. എഴുതിത്തള്ളല്‍ ഉള്‍പ്പെടെയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 85.03 ശതമാനമായി. എഴുതിത്തള്ളലിനു പുറമെയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 71.77 ശതമാനമായി ഉയര്‍ന്നു. മൊത്ത വായ്പകള്‍ 8.89 ശതമാനം വളര്‍ച്ചയോടെ 80,426 കോടി രൂപയില്‍ നിന്നും 87,578.52 കോടി രൂപയായി.
◾ ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'നരിവേട്ട'യിലെ 'ആടു പൊന്‍മയില്‍..' എന്ന ഗാനം റിലീസ് ചെയ്തു. ജേക്സ് ബിജോയ് സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയത് അതുല്‍ നറുകര, പുലയ ട്രഡീഷണല്‍, ബി കെ ഹരിനാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ്. അതുല്‍ നറുകര, ബിന്ദു ചേലക്കര എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 23ന് തിയറ്ററുകളില്‍ എത്തും. ഏറെ ശ്രദ്ധനേടിയ കടുവ സിനിമയിലെ 'പാലാപ്പള്ളി തിരുപ്പള്ളി', എന്ന ഗാനത്തിന് ശേഷം അതുല്‍ ആലപിച്ച ഗാനം കൂടിയാണിത്. ടൊവിനോയ്ക്ക് പുറമെ തമിഴ് സിനിമ നടനും സംവിധായകനുമായ ചേരന്‍ ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ചേരന്റെ ആദ്യ മലയാള സിനിമ യാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാര്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് മറ്റു മുഖ്യ താരങ്ങള്‍.
◾ മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ് ത്രിഡി, അനിമേഷന്‍ ആന്റ് ലൈവ് ആക്ഷന്‍ ത്രിഡി ചിത്രമായ 'ലൗലി' മെയ് പതിനാറിന് പ്രദര്‍ശനത്തിനെത്തുന്നു. സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍, ടാ തടിയാ, ഇടുക്കി ഗോള്‍ഡ്, മായാനദി എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്‍ (ദിലീഷ് നായര്‍) സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ യുവതാരം മാത്യു തോമസിനൊപ്പം ഒരു അനിമേഷന്‍ ഈച്ചയും നായികയായി പ്രത്യക്ഷപ്പെടുന്നു. അശ്വതി മനോഹരന്‍, ഉണ്ണിമായ, മനോജ് കെ ജയന്‍, ഡോ. അമര്‍ രാമചന്ദ്രന്‍, അരുണ്‍, ആഷ്‌ലി, പ്രശാന്ത് മുരളി, ഗംഗ മീര, കെപിഎസി ലീല എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേനി എന്റര്‍ടെയ്ന്‍മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റന്‍ ഘട്‌സ് പ്രൊഡക്ഷന്‍സ് എന്നീ ബാനറില്‍ ഡോ. അമര്‍ രാമചന്ദ്രന്‍, ശരണ്യ ദിലീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന 'ലൗലി' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആഷിഖ് അബു നിര്‍വ്വഹിക്കുന്നു. സുഹൈല്‍ കോയ എഴുതിയ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു.
◾ ജാപ്പനീസ് കാര്‍ ബ്രാന്‍ഡായ ഹോണ്ട കാര്‍സ് ഇന്ത്യ ഹോണ്ട സിറ്റി ഹൈബ്രിഡിന്റെ വില കൂട്ടി. ഈ ജനപ്രിയ ഹൈബ്രിഡ് സെഡാന് മുമ്പത്തേക്കാള്‍ ഏകദേശം 29,900 രൂപയോളം ഇനി അധികം ചെലവഴിക്കേണ്ടിവരും. ഹോണ്ട സിറ്റി ഹൈബ്രിഡ് ഇപ്പോള്‍ ഒരു വേരിയന്റില്‍ മാത്രമേ ലഭ്യമാകൂ, പുതിയ എക്സ്-ഷോറൂം വില 20.85 ലക്ഷം രൂപയാണ്. നേരത്തെ ഇതിന്റെ വില 20.55 ലക്ഷം രൂപയായിരുന്നു. അതായത് വില ഇപ്പോള്‍ 29,900 രൂപ വര്‍ദ്ധിച്ചു. 2022-ല്‍ സിറ്റി ഹൈബ്രിഡ് ഇന്ത്യയില്‍ പുറത്തിറങ്ങിയപ്പോള്‍, അതിന്റെ പ്രാരംഭ വില 19.50 ലക്ഷം രൂപയായിരുന്നു. അതായത് രണ്ട് വര്‍ഷത്തിനുള്ളില്‍ അതിന്റെ വില 1.35 ലക്ഷത്തിലധികം രൂപ വര്‍ദ്ധിച്ചു എന്നര്‍ത്ഥം. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്. 253 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ കഴിവുള്ള രണ്ട് മോട്ടോറുകളാണ് ഇതിനുള്ളത്. ഈ കാറിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ അതിശയകരമായ ഇന്ധനക്ഷമതയാണ്, ഇത് പെട്രോള്‍ കാറുകളെ അപേക്ഷിച്ച് വളരെ ലാഭകരമാക്കുന്നു.
◾ വയലാര്‍ കവിത ഒരിക്കലും ഒഴുക്ക് നിലച്ച നീര്‍ച്ചോലയായിരുന്നില്ല. മൂന്നു വ്യക്തമായ ഘട്ടങ്ങളിലൂടെ ആ കവിത ആന്തരികമായ ശാക്തീകരണത്തിലൂടെ കൂടുതല്‍ ആഴങ്ങളിലേക്കും വിതാനങ്ങളിലേക്കും ചെന്നെത്തി. ആ കവിത ഉപാസിച്ച മൂല്യങ്ങള്‍ തമസ്‌കരിക്കപ്പെടുകയും തമസ്‌കരിച്ച സങ്കുചിതാശയങ്ങള്‍ മുളയ്ക്കുകയും ചെയ്യുന്ന തലതിരിഞ്ഞ കാലമാണിത്. വര്‍ഗ്ഗീയതയുടെ പ്രത്യാഗമനം, വളരുന്ന വരേണ്യബോധം, ഇടുങ്ങിയ സ്വത്വബോധം, നിര്‍ലജ്ജമായ ചൂഷണം, കൈയൂക്കുള്ളവന്റെ തേര്‍വാഴ്ച, വര്‍ദ്ധിക്കുന്ന സാമ്പത്തിക അസമത്വം, അധികാരത്തിന്റെ നിരാര്‍ദ്രത ഇവയെല്ലാം നാം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളെ നോക്കി കൊഞ്ഞനംകുത്താന്‍ തുടങ്ങുമ്പോള്‍ മാനവികതയുടെ ധീരമധുരസ്വരമായ വയലാര്‍ കവിത പൂര്‍വാധികം പ്രസക്തമാവുകയാണ്. 'സര്‍ഗ്ഗഗീതം - തിരഞ്ഞെടുത്ത വയലാര്‍ കവിതകള്‍'. കെ ജയകുമാര്‍. ഡിസി ബുക്സ്. വില 284 രൂപ.
◾ ഉന്മേഷത്തോടെ ദിവസം ആരംഭിക്കുന്നതിന് പകരം മടുപ്പും ക്ഷീണവും, ഇതിന്റെ പ്രധാന കാരണം മൊബൈല്‍ ഫോണ്‍ ആണെന്ന് ന്യൂറോളജിസ്റ്റ് ആയ ടിജെ പവര്‍ ലൂയിസ് ഹോവസിനൊപ്പം നടത്തിയൊരു പോഡ്കാസ്റ്റില്‍ പറയുന്നു. ഉറക്കമുണര്‍ന്ന ഉടന്‍ തലയിണ സൈഡിലെ മൊബൈല്‍ ഫോണുകള്‍ തിരയുന്നവരാണ് നമ്മെല്ലാം. ഇത് രാവിലെ തന്നെ നിങ്ങളുടെ ഡോപ്പമിന്‍, സന്തോഷത്തിന് കാരണമാകുന്ന ഹോര്‍മോണുകളുടെ ഉല്‍പാദനം കുറയ്ക്കുന്നു. ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമായി നിലനില്‍ക്കുന്നതിന് ഡോപ്പമിന്റെ ഉല്‍പാദനം പ്രധാനമാണ്. തലച്ചോറില്‍ നിന്ന് പുറപ്പെടുന്ന ഡോപ്പമിന്‍ സമ്മര്‍ദവും ഉത്കണ്ഠയും നീക്കാനും പോസിറ്റീവ് ആയി ചിന്തിക്കാനും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാനും സഹായിക്കും. ഡോപ്പമിന്‍ ഉല്‍പാദനം മെച്ചപ്പെടുത്തുന്നതിന് 15 മിനിറ്റ് മോര്‍ണിങ് ദിനചര്യ ടിജെ പവര്‍ അവതരിപ്പിച്ചു. അതിന് മുന്‍പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, മൊബൈല്‍ ഫോണുകള്‍ രാത്രി കിടക്കയുടെ സൈഡില്‍ നിന്ന് ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക എന്നതാണ്. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മാനസിക-ശാരീരിക ആരോഗ്യം തകര്‍ക്കുന്ന ഒരു ദുശ്ശീലമാണെന്ന് അദ്ദേഹം പറയുന്നു. ഉണര്‍ന്ന ശേഷം 15 മിനിറ്റ് സ്‌ക്രീന്‍ ഒഴിവാക്കാം. ഫോണ്‍ സ്‌ക്രോള്‍ ചെയ്യുന്നതിന് പകരം, ഉണര്‍ന്ന ഉടന്‍ തന്നെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുക, ബെഡ് വൃത്തിയാക്കുന്നതും തണുത്ത വെള്ളം മുഖത്തൊഴിക്കുന്നതും പല്ലുകള്‍ ബ്രഷ് ചെയ്യുന്നതു പോലുള്ള സിംപിള്‍ ദിനചര്യ നിങ്ങളുടെ തലച്ചോറില്‍ നിന്ന് ഡോപ്പമിന്‍ പുറപ്പെടുവിക്കാന്‍ സഹായിക്കുകും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
*ശുഭദിനം*
ഒരു സാധു സ്ത്രീ രാജാവിനെ മുഖം കാണിക്കാനെത്തി. എന്താണ് വേണ്ടതെന്ന് രാജാവ് ചോദിച്ചു. അവര്‍ പറഞ്ഞു: ഞാനുറങ്ങുമ്പോള്‍ കള്ളന്മാര്‍ എന്റെ സകല സമ്പാദ്യങ്ങളും എടുത്തുകൊണ്ടുപോയി. അവിടുന്ന് എനിക്ക് നഷ്ടപരിഹാരം നല്‍കണം. രാജാവ് ചോദിച്ചു: ഞാനെന്തിനാണ് നഷ്ടപരിഹാരം നല്‍കുന്നത്? നിങ്ങള്‍ കിടന്നുറങ്ങിയത് എന്റെ കുററമാണോ? അവര്‍ പറഞ്ഞു: ഞാന്‍ ഉറങ്ങുമ്പോള്‍ അങ്ങ് ഉണര്‍ന്നിരിക്കുമെന്ന് ഞാന്‍ കരുതി. ഈ രാജ്യത്തിന്റെ രാജാവല്ലേ അങ്ങ്. ഞങ്ങളുടെ സംരക്ഷണയും അങ്ങയുടെ ഉത്തരവാദിത്വമല്ലേ... രാജാവ് അവര്‍ക്ക് നഷ്ടപരിഹാരം നല്‍കി. അറിഞ്ഞും അറിയാതെയും എല്ലാവരും ആര്‍ക്കൊക്കെയോ കാവല്‍ നില്‍ക്കുന്നുണ്ട്. ആ കാവലാണ് ഓരോരുത്തരുടേയും മനസമാധാനവും ആത്മവിശ്വാസവും. എപ്പോഴുമുളള സാമിപ്യമോ, വിടാതെ പിന്തുടരുന്നതോ അല്ല കാവല്‍.. അസാന്നിധ്യത്തിലും ഉറപ്പിക്കപ്പെടുന്ന സാന്നിധ്യമാണത്. എന്ത് വന്നാലും കൂടെ നില്‍ക്കാനൊരാളുണ്ട് എന്നതിനേക്കാള്‍ ധൈര്യം പകരുന്ന മറ്റൊരു വസ്തുതയുമില്ല. തകരാനനുവദിക്കാത്ത ഒരു കാവല്‍ക്കാരനും തകര്‍ന്നാല്‍ കൂട്ടിന് വിളിക്കാനൊരു സഹായിയുമുണ്ടെങ്കില്‍ പിന്നെന്തിനാണ് ഭയം. ആശ്രയമാകുന്ന കാവലാളാകാന്‍ നമുക്ക് സാധിക്കട്ടെ - *ശുഭദിനം.*
Tags:
KERALA