Trending

ഇന്ത്യാ-പാക് സംഘര്‍ഷം:രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു.

ഇന്ത്യാ-പാക് സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു. മെയ് 15 വരെ പ്രവർത്തനങ്ങൾ നിർത്തിവച്ചതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു. തുടർച്ചയായ രണ്ടാം ദിനവും പാകിസ്ഥാൻ രാത്രി ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെയാണ് വിമാനത്താവളങ്ങൾ‌ അടച്ചത്.

ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 26 സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ഇന്നലെ ഡ്രോൺ ആക്രമണം നടത്തിയത്. അധംപുര്‍, അംബാല, അമൃത്സര്‍, അവന്തിപുര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനിര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജമ്മു, ജയ്‌സാല്‍മിര്‍, ജോധ്പുര്‍, കണ്ട്‌ല, കങ്ഗ്ര, കെഷോദ്, കിഷന്‍ഗഡ്, കുളു- മണാലി, ലെ, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്ട്യാല, പോര്‍ബന്തര്‍, രാജ്‌കോട്ട്, സര്‍സാവ, ഷിംല, ശ്രീനഗര്‍, ഥോയിസ്, ഉത്തര്‍ലായ് തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചത്.

അതേസമയം പഞ്ചാബിലെ ഫിറോസ്പുരില്‍ പാക് ഡ്രോണ്‍ ജനവാസ മേഖലയില്‍ പതിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിർത്തി ജില്ലകളില്‍ ജാഗ്രത പാലിക്കണം. പ്രാദേശിക സർക്കാറുകളുടെ മാർഗനിർദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശം നൽകി. യാത്രാ വിമാനത്തിന്റെ മറവിലാണ് പാകിസ്താന്റെ ഡ്രോൺ ആക്രമണം നടന്നത്.

അതേ സമയം അതിർത്തിയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷാ പരിശോധന കൂടുതൽ കർശനമാക്കിയതിനാൽ യാത്രക്കാർ നേരത്തേ എത്തണമെന്ന് അധികൃതർ അറിയിച്ചു.വിദേശത്തേക്ക്​ പോകുന്ന യാത്രക്കാർ അഞ്ചുമണിക്കൂർ മുമ്പും ആഭ്യന്തര യാത്രക്കാർ മൂന്ന് മണിക്കൂർ മുമ്പും വിമാനത്താവളത്തിൽ എത്തണം.

സാധാരണയുള്ള പരിശോധനകൾക്ക് പുറമെ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ്​ മറ്റൊരു പരിശോധനകൂടി ഏർപ്പെടുത്തിയിട്ടുണ്ട്. പരിശോധനകൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നതിനാലാണ് യാത്രക്കാരോട് നേരത്തേ എത്തണമെന്ന്​ നിർദേശം നൽകിയത്.
Previous Post Next Post
3/TECH/col-right