Trending

പ്രഭാത വാർത്തകൾ

2025  ഏപ്രിൽ 21  തിങ്കൾ 
1200  മേടം 8  ഉത്രാടം 
1446  ശവ്വാൽ 22
    
◾  രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് കാസര്‍കോട് തുടക്കം. വാര്‍ഷികാഘോഷങ്ങളുടെയും 'എന്റെ കേരളം' പ്രദര്‍ശന വിപണനമേളയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കാസര്‍കോട് കാലിക്കടവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 11ന് പടന്നക്കാട് ബേക്കല്‍ ക്ലബില്‍ ജില്ലയിലെ ക്ഷണിക്കപ്പെട്ട 500 വ്യക്തികളുമായി മുഖ്യമന്ത്രി സംവദിക്കും. വൈകീട്ട് നാലിന് കാഞ്ഞങ്ങാട്ട് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജനറാലി മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും. സംസ്ഥാനത്ത് മെയ് 30 വരെയാണ് വാര്‍ഷികാഘോഷം. എല്ലാ ജില്ലയിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗവും പ്രദര്‍ശന വിപണന മേളയുമുണ്ടാകും. തിരുവനന്തപുരത്താണ് സമാപനം.തദ്ദേശ തിരഞ്ഞെടുപ്പും അതിന് ശേഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുന്‍നിറുത്തിയുള്ള വന്‍പ്രചരണ പരിപാടികളിലൂടെ തുടര്‍ഭരണമാണ് ലക്ഷ്യമിടുന്നത്. ഒരുമാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് 100 കോടിയിലേറെ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലെ വാര്‍ഷികാഘോഷം സര്‍ക്കാരിന്റെ ധൂര്‍ത്തെന്ന് പ്രതിഷേധിച്ച് പ്രതിപക്ഷം വാര്‍ഷികാഘോഷങ്ങളില്‍ സഹകരിക്കുന്നില്ല.

◾  ഒമ്പത് വര്‍ഷത്തെ വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സംസ്ഥാന സര്‍ക്കാരിന്റെ ലഘുലേഖ. രാജ്യത്ത് ഏറ്റവും കൂടുതല്‍ പി.എസ്.സി നിയമനം നടക്കുന്നത് കേരളത്തിലാണെന്നും ലഘുലേഖയില്‍ പറയുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ലഘുലേഖ പുറത്തിറക്കിയത്. രണ്ടുപേജുള്ള ലഘുലേഖയ്ക്ക് പുറമെ 108 പേജുള്ള വിശദമായ വിവരണങ്ങളുമായൊരു ബുക്ക്‌ലെറ്റും തയ്യാറാക്കിയിട്ടുണ്ട്.

◾  കോതമംഗലം അടിവാട് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ഗാലറി തകര്‍ന്ന് വീണ് 32 പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഫുട്ബോള്‍ ടൂര്‍ണമെന്റിനായി കെട്ടിയ താല്‍ക്കാലിക ഗ്യാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. 4000 ത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം തുടങ്ങുന്നതിന് മുന്‍പാണ് അപകടം ഉണ്ടായത്.

◾  പതിനാറ് വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഈ മാസം 23 ന് തിരുവനന്തപുരത്ത് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും സംസ്ഥാനതല വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

◾  നേതാവാകാന്‍ അല്ല, മറിച്ച് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കന്മാരെ സൃഷ്ടിക്കാനാണ് താന്‍ വന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ബിജെപിയുടെ ജില്ലാ ഓഫീസുകള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഹെല്‍പ്പ് ഡെസ്‌കായി പ്രവര്‍ത്തിക്കുമെന്നും അവിടെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാനുള്ള സ്ഥലമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾  നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഒരു പ്രശ്നവുമില്ലെന്ന് കെസി വേണുഗോപാല്‍. സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമുള്ള ചിലരുടെ ആഗ്രഹത്തെ ഊതിവീര്‍പ്പിച്ച് കോണ്‍ഗ്രസില്‍ ഭിന്നതയാണെന്ന് വരുത്തി തീര്‍ക്കുകയാണെന്നും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

◾  നിലമ്പൂരില്‍ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് ജയിക്കുമെന്നും പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് . പാര്‍ട്ടിയും മുന്നണിയും നേരത്തെ സജ്ജമാണ്. പിവി അന്‍വറിന്റെ പിന്തുണ യുഡിഎഫിന് കിട്ടും. പാര്‍ട്ടിയിലെ പിണക്കങ്ങള്‍ എല്ലാം തീര്‍ത്തുവെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിസന്ധിയില്ലെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാര്‍ഥിയേയും പ്രഖ്യാപിക്കുമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

◾  പി.വി.അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതിനോട് എതിര്‍പ്പില്ലെങ്കിലും അതിന്റെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയുടെ ഭാഗമാക്കേണ്ടതില്ലെന്ന തീരുമാനവുമായി കോണ്‍ഗ്രസ്. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി യോജിച്ചുനില്‍ക്കാത്ത തൃണമൂലുമായി സംസ്ഥാനത്ത് കൈകോര്‍ക്കാനാവില്ലെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാടു കണക്കിലെടുത്താണിത്.

◾  കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരായി നിയമിക്കാനുള്ള ഹൈക്കോടതി കൊളീജിയം ശുപാര്‍ശയില്‍ തുടര്‍നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് നിയമമന്ത്രാലയ വൃത്തങ്ങള്‍. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷക ലിസ് മാത്യു, കേരള ഹൈക്കോടതിയിലെ അഭിഭാഷക എ.കെ. പ്രീത എന്നിവരുടെ പേരുകളാണ് ഹൈക്കോടതി കൊളീജിയം ശുപാര്‍ശ ചെയ്തത് എന്നാണ് സൂചന.

◾  താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ പ്രതികളെ ചേര്‍ക്കാന്‍ കഴിയുമോ എന്നതില്‍ പൊലീസ് നിയമോപദേശം തേടും. അക്രമം നടത്താന്‍ ആഹ്വാനം നടത്തിയവരില്‍ കൂടുതല്‍ കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നിയമോപദേശം തേടാനുള്ള നീക്കം. കേസില്‍ മെയ് അവസാനത്തോടെയാണ് കുറ്റപത്രം സമര്‍പ്പിക്കുക. കൊലപാതകത്തില്‍ മുതിര്‍ന്നവരുടെ പങ്കിന് തെളിവ് ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.

◾  എസ് സതീഷിനെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ആയ സതീഷ് നിലവില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമാണ്.

◾  എഡിജിപി എംആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ. ഡിജിപിയാണ് രാഷ്ട്രപതിയുടെ മെഡലിനായി സര്‍ക്കാരിന് ആറാം തവണയും ശുപാര്‍ശ നല്‍കിയത്. നേരത്തെ അഞ്ചു തവണയും രാഷ്ട്രപതിയുടെ മെഡലിനായുള്ള ശുപാര്‍ശ കേന്ദ്രം തള്ളിയിരുന്നു. ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് അജിത് കുമാറിന് എതിരായ സാഹചര്യത്തിലായിരുന്നു കേന്ദ്രം മെഡല്‍ നിരസിച്ചത്.

◾  മാലാ പാര്‍വതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി രഞ്ജിനിയും നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും. മാലാ പാര്‍വതി അവസരവാദിയാണെന്ന് രഞ്ജിനി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മാലാ പാര്‍വതിയോട് പുച്ഛം തോന്നുന്നുവെന്നും ഇതാണോ മാലാ പാര്‍വതിയുടെ സ്ത്രീ ശാക്തീകരണമെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. ലൈംഗികാതിക്രമങ്ങളെ ലളിതവത്ക്കരിച്ചുകൊണ്ടുള്ള മാലാ പാര്‍വതിയുടെ പരാമര്‍ശത്തിനെതിരായാണ് ഇരുവരും രംഗത്തെത്തിയത്. സ്ത്രീകള്‍ ജോലി ചെയ്യുമ്പൊ സ്ത്രീകളുടെ ഒരു പ്രത്യേകത വെച്ച് ആള്‍ക്കാര്‍ വന്ന് കൂടെ വരുമോ, കിടക്കുമോ, അവിടെ വരുമോ, ഇവിടെ വരുമോ എന്നെല്ലാം ചോദിക്കും. ഇത് മാനേജ് ചെയ്യാന്‍ പഠിക്കേണ്ടത് ഒരു സ്‌കില്ലാണ്.' എന്നായിരുന്നു മാലാ പാര്‍വതി പറഞ്ഞത്.

◾  കലക്ടര്‍ ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട ദളിത് നേതാവിനെ കോണ്‍ഗ്രസ് സസ്പെന്റ് ചെയ്തു. ദളിത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ടി കെ പ്രഭാകരനെയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം സസ്‌പെന്റ് ചെയ്തത്. ദിവ്യ എസ് അയ്യര്‍, കെ കെ രാഗേഷിനെ പുകഴ്ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിനു താഴെയാണ്, എറണാകുളം കാഞ്ഞിരമറ്റം സ്വദേശി ടികെ പ്രഭാകരന്‍ അശ്ലീല പരാമര്‍ശം നടത്തിയത്.  

◾  പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കി ബിജെപി. ബിജെപിയുടെ ഈസ്റ്റര്‍ സന്ദര്‍ശനത്തിനെതിരെയുള്ള രാഹുലിന്റെ പ്രതികരണമാണ് പരാതിയിലേക്ക് നയിച്ചത്. മണിപ്പൂരിലേതുപോലെ പിച്ചാത്തിയുമായി അരമനയില്‍ കയറി ചെല്ലാതിരുന്നാല്‍ മതിയെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തുടര്‍ന്ന് ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റിയാണ് സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്.

◾  സിനിമാ സെറ്റില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയ നടി വിന്‍സിക്ക് പൂര്‍ണ പിന്തുണയെന്ന് മന്ത്രി എംബി രാജേഷ്. വിന്‍സിയുമായി ഇന്നലെ സംസാരിച്ചുവെന്ന് എംബി രാജേഷ് പറഞ്ഞു. അന്വേഷണ നടപടികളുമായി സഹകരിക്കുമെന്ന് വിന്‍സി പറഞ്ഞു. തുറന്ന് പറഞ്ഞതിന് സിനിമ പ്രവര്‍ത്തകര്‍ ഒറ്റപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

◾  സിനിമ മേഖലയില്‍ രാസലഹരി ഉപയോഗം വ്യാപകമെന്ന് ഷൈന്‍ ടോം ചാക്കോ. പ്രമുഖരായ പല നടന്‍മാരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും എന്നാല്‍, പഴി മുഴുവന്‍ തനിക്കും, മറ്റൊരു നടനും മാത്രമെന്നും ഷൈനിന്റെ മൊഴി. പരിശോധനകള്‍ ശക്തമായതോടെ കഴിഞ്ഞ ഒരു മാസമായി സിനിമ സെറ്റുകളില്‍ ലഹരി കിട്ടാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി.

◾  ലഹരി കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഇന്ന് ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം ഇനി ഷൈന്‍ ടോം ചാക്കോയെ വിളിപ്പിച്ചാല്‍ മതിയെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേരും. ഷൈനെ എപ്പോള്‍ ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ യോഗത്തിന് ശേഷമായിരിക്കും തീരുമാനമെടുക്കുക.  

◾  ഈസ്റ്റര്‍ ദിനത്തില്‍ മത മേലധ്യക്ഷന്മാരെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെയും കണ്ടു. വഖഫ് നിയമ ഭേദഗതി നടപ്പാകുമ്പോള്‍ മുനമ്പം പ്രശ്നത്തിനും പരിഹാരമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.

◾  കാസര്‍കോട് പാലക്കുന്ന് കോളേജിലെ  ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഗ്രീന്‍വുഡ്സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി. അജീഷിനെ സസ്പെന്‍ഡ് ചെയ്തു. ബേക്കല്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മാനേജ്മെന്റിന്റെ നടപടി. ചോദ്യ പ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

◾  ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി തീര്‍ന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തില്‍ വന്ന വാര്‍ത്ത തെറ്റെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ്. എല്ലാത്തരം മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്കും ഇ-ചെല്ലാന്‍ സംവിധാനം മുഖേന ചെല്ലാന്‍ തയ്യാറാക്കി പിഴ ചുമത്തുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്ന് എംവിഡി അറിയിച്ചു.

◾  തമിഴ്നാട് വിഴുപ്പുറത്ത് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് തുറന്ന ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ആളില്ല. പ്രബല ജാതിക്കാരെ ഭയന്ന് ക്ഷേത്രത്തിലേക്ക് ഇല്ലെന്നാണ് ദളിതര്‍ പറയുന്നത്. പ്രബലജാതിക്കാര്‍ ശുദ്ധികലശം നടത്താതെ ദര്‍ശനത്തിനു തയ്യാര്‍ അല്ലെന്ന നിലപാടില്‍ ആണ്. 2023 ജൂണില്‍ ദളിതര്‍ അകത്തു കടന്നതിനെ ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയ ക്ഷേത്രം ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വന്‍ സുരക്ഷയില്‍ വ്യാഴാഴ്ചയാണ് തുറന്നത്.

◾  ഹിന്ദുക്കള്‍ക്കിടയിലെ ജാതി വേര്‍തിരിവ് അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ഒരു ക്ഷേത്രം, ഒരു കിണര്‍, ഒരു ശ്മശാനം എന്ന നിലയില്‍ കൂട്ടായ്മയുണ്ടാക്കി മുന്നേറാന്‍ ഹിന്ദു വിഭാഗങ്ങള്‍ ശ്രമിക്കണമെന്ന് അലിഗഡില്‍ നടന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു. ആര്‍എസ്എസിലും ബിജെപിയിലും ജാതി വേര്‍തിരിവുണ്ടെന്നും ഉന്നത ജാതിക്കാര്‍ക്കു കൂടുതല്‍ പരിഗണന ലഭിക്കുന്നുണ്ടെന്നും ജാതി സെന്‍സസിനു ബിജെപി എതിരു നില്‍ക്കുന്നത് അതുകൊണ്ടാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനമുയര്‍ത്തുന്ന സാഹചര്യത്തിലാണ് ഭാഗവതിന്റെ ആഹ്വാനം.

◾  ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ വീണ്ടും വഴിത്തിരിവ്.  യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ പണം നിറച്ച ചാക്കുകള്‍ ഉണ്ടായിരുന്നെന്ന് ദില്ലി പൊലീസ്, അഗ്നിശമന സേന അംഗങ്ങള്‍ മൊഴി നല്കി. നേരത്തെ ജഡ്ജിയുടെ വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയെന്ന വാര്‍ത്ത വിവാദമായതോടെ പണം കിട്ടിയില്ലെന്ന് വ്യക്തമാക്കി ഫയര്‍ഫോഴ്‌സ് രംഗത്ത് വന്നിരുന്നു. 

◾  സുപ്രീം കോടതിക്കെതിരെ ബിജെപി എംപിമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ തള്ളിക്കളഞ്ഞ് നേതൃത്വം. സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരെ ബിജെപി നേതാക്കളായ നിഷികാന്ത് ദുബേ, ദിനേഷ് ശര്‍മ എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങളാണ് ബിജെപി തള്ളിയത്. അതേസമയം സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ശ്രമമാണ് ബി ജെ പി നടത്തിയതെന്നും കോടതിയലക്ഷ്യ പ്രസ്താവന നടത്തിയ ബി ജെ പി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെ സ്പീക്കര്‍ നടപടിയെടുക്കണമെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഭരണഘടനക്കെതിരായ ശക്തമായ കടന്നാക്രമണമാണിതെന്നും സുപ്രീംകോടതിയും സ്വമേധയാ ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.

◾  തുടര്‍ച്ചയായ മഴയ്ക്ക് പിന്നാലെ ജമ്മു കശ്മീരില്‍ കനത്ത മണ്ണിടിച്ചില്‍. മൂന്നുപേര്‍ മരിച്ചു. നിരവധി വീടുകളും വാഹനങ്ങളും മണ്ണിടിച്ചിലില്‍ നശിച്ചു. ജമ്മു കശ്മീര്‍ ശ്രീനഗര്‍ ദേശീയ പാതയില്‍ റമ്പാന്‍ ജില്ലയിലാണ് മണ്ണിടിച്ചിലുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

◾  സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. മതേതര പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്തുന്നതില്‍ തമിഴ്നാട് രാജ്യത്തിന് മാതൃകയാണെന്നും ഗവര്‍ണര്‍ക്ക് എതിരായ കേസിലെ തമിഴ്നാട് സര്‍ക്കാരിന്റെ വിജയം അഭിനന്ദനാര്‍ഹമാണെന്നും എംഎ ബേബി പറഞ്ഞു. എഐഎഡിഎംകെ-ബിജെപി മുന്നണി അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗം ആണെന്നും ബേബി വിമര്‍ശിച്ചു.

◾  ആന്ധ്രയിലെ ശ്രീ സത്യസായി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കിയ മോട്ടോഴ്സിന്റെ പെനുകൊണ്ട നിര്‍മാണ കേന്ദ്രത്തില്‍നിന്ന് 900 എഞ്ചിനുകള്‍ മോഷണം പോയ സംഭവത്തില്‍ ഒന്‍പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും തമിഴ്നാട് സ്വദേശികളും കിയയിലെ മുന്‍ ജീവനക്കാരായ രണ്ട് വിദേശികളുമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു.ചെയ്തു.

◾  നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് ഡി എം കെ രംഗത്ത്. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ നീക്കത്തെ അപലപിക്കുന്നതായി ഡി എം കെ വക്താവ് ടി ആര്‍ ബാലു വ്യക്തമാക്കി.ഇ ഡി നീക്കം ഗുജറാത്തിലെ എ ഐ സി സി സമ്മേളനം കാരണമെന്നും ഡി എം കെ അഭിപ്രായപ്പെട്ടു. റായ്പൂര്‍ സമ്മേളനത്തിന് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ റെയ്ഡ് ഉണ്ടായെന്നും ടി ആര്‍ ബാലു ചൂണ്ടികാട്ടി. ഇപ്പോഴത്തെ ഇ ഡി നീക്കങ്ങള്‍ ഇതിന് സമാനമാണെന്നും ഡി എം കെ അഭിപ്രായപ്പെട്ടു.

◾  ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. രാജ്യസ്നേഹം പ്രസംഗിക്കുന്ന ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ വീട്ടിലെ ഒരു പട്ടി പോലും സ്വാതന്ത്ര്യ സമരത്തില്‍ ചത്തിട്ടില്ലെന്നാണ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ പരാമര്‍ശം. ആര്‍എസ്എസില്‍ നിന്ന് ആരെങ്കിലും ജയിലില്‍ പോയിട്ടുണ്ടോ എന്നും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ചോദിക്കുന്നു.

◾  കര്‍ണാടകയിലെ മുന്‍ പൊലീസ് മേധാവി ഓം പ്രകാശിനെ ബംഗളുരുവിലെ സ്വന്തം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തില്‍ പരിക്കുകളുണ്ടെന്നും മൃതദേഹം രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. അതേ സമയം സംഭവത്തില്‍ ഓം പ്രകാശിന്റെ ഭാര്യ പല്ലവിയേയും മകള്‍ കൃതിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല നടത്തിയത് ഭാര്യ പല്ലവിയും മകളും ചേര്‍ന്നാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലയ്ക്ക് കാരണം സ്വത്ത് തര്‍ക്കമാണെന്ന് പൊലീസ് വിലയിരുത്തുന്നു.

◾  അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇന്ന് കുടുംബത്തോടൊപ്പം ദില്ലിയില്‍ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. മൂന്ന് ദിവസത്തേക്കാണ് വാന്‍സ് ഇന്ത്യയിലെത്തുന്നത്. ഈ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം സാംസ്‌കാരിക പരിപാടികളും ജയ്പൂരിലെയും ആഗ്രയിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളുമായിരിക്കും.

◾  ഐപിഎല്ലില്‍ ഇന്നലെ നടന്ന ഒന്നാമത്തെ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ ഏഴുവിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 6 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗളൂരു 73 റണ്‍സെടുത്ത വിരാട് കോലിയുടേയും 61 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലിന്റേയും മികവില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഈ വിജയത്തോടെ എട്ട് മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി ബെംഗളൂരു പട്ടികയില്‍ മൂന്നാമതെത്തി.

◾  ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ അര്‍ദ്ധസെഞ്ച്വറികളെടുത്ത രവീന്ദ്ര ജഡേജയുടേയും ശിവം ദുബേയുടേയും ഇന്നിംഗ്സുകളുടെ മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 45 പന്തില്‍ 76 റണ്‍സെടുത്ത രോഹിത് ശര്‍മയുടേയും 30 പന്തില്‍ 68 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റേയും മികവില്‍ 15.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. ഈ ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പോയിന്റ് നിലയില്‍ ആറാം സ്ഥാനത്തെത്തി. എട്ട് മത്സരങ്ങളില്‍ നാല് പോയിന്റ് മാത്രമുള്ള ചെന്നൈ അവസാന സ്ഥാനത്ത് തുടരുകയാണ്.

◾  പ്രവര്‍ത്തനലാഭം ഇരട്ടിയാക്കിയും വിറ്റുവരവ് ഒമ്പതു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തുകയായ 238 കോടിയില്‍ എത്തിച്ചും വ്യവസായ വകുപ്പിനുകീഴിലെ പൊതുമേഖല സ്ഥാപനമായ കേരള സിഡ്കോ കഴിഞ്ഞ സാമ്പത്തികവര്‍ഷം കരസ്ഥമാക്കിയത് ചരിത്രനേട്ടം. 2.83 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് 2024-25ല്‍ സിഡ്കോ കൈവരിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷം 202 കോടിയുടെ വിറ്റുവരവും 1.41 കോടി രൂപയുടെ പ്രവര്‍ത്തനലാഭവുമാണ് ഉണ്ടായിരുന്നത്. തുടര്‍ച്ചയായ മൂന്നാംവര്‍ഷവും 200 കോടി രൂപയ്ക്കുമേല്‍ വിറ്റുവരവ് നേടാന്‍ സിഡ്കോക്ക് കഴിഞ്ഞു. സിഡ്കോയുടെ അസംസ്‌കൃത വസ്തു വിപണന വിഭാഗം നേടിയ 156.61 കോടി രൂപയുടെ വിറ്റുവരവ് ഒമ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തുകയാണ്. 60 വ്യവസായ എസ്റ്റേറ്റുകളിലായി 1470 യൂനിറ്റുകളുള്ള വ്യവസായ എസ്റ്റേറ്റ് ഡിവിഷന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവായ 14.56 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം നേടിയത്. കേരളത്തിലുടനീളം 60 വ്യവസായ എസ്റ്റേറ്റുകളും 14 റോ മെറ്റിരിയല്‍ ഡിപ്പോകളും, 14 മാര്‍ക്കറ്റിംഗ് ഔട്ട് ലെറ്റുകളും 9 പ്രൊഡക്ഷന്‍ യൂണിറ്റുകളും സിഡ്കോയ്ക്ക് കീഴിലുണ്ട

◾  ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവല്‍' ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണിത്. വിനായകന്‍ ആണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്നാണ് വിവരം. കളങ്കാവല്‍ എന്ന ടൈറ്റില്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. രൗദ്ര ഭാവമുള്ള പ്രതിഷ്ഠ ആരാധിക്കപ്പെടുന്ന ദേവി ക്ഷേത്രങ്ങളിലെ ഉത്സവ ചടങ്ങുകളില്‍ ഒന്നാണ് കളങ്കാവല്‍. തെക്കന്‍ തിരുവിതാംകൂറിലെ അമ്പലങ്ങളിലാണ് ഈ ചടങ്ങ് പ്രധാനമായും ആചരിക്കപ്പെടുന്നത്. തിരുവനന്തപുരം വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവവുമായി ബന്ധപ്പെട്ട് കളങ്കാവല്‍ നടക്കാറുണ്ട്. പാച്ചല്ലൂര്‍, ആറ്റുകാല്‍ എന്നീ ക്ഷേത്രങ്ങളില്‍ കളങ്കാവല്‍ ചടങ്ങ് ആചരിക്കാറുണ്ട്. കളത്തില്‍ ദേവി അസുരനെ നിഗ്രഹിക്കുന്നതിന്റെ പ്രതീകാത്മക ചടങ്ങാണിത്. കളങ്കാവല്‍ സമയത്ത് ദേവി തിരുമുടി തലയിലേന്തി ദാരികനെ തിരയും. ചിത്രത്തില്‍ ദാരികനാര്, ദേവിയാര് എന്ന് അറിയാന്‍ റിലീസ് വരെ കാത്തിരിക്കണം. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനാണ് ജിതിന്‍ കെ ജോസ്. മുജീബ് മജീദ് ആണ് സംഗീത സംവിധാനം.

◾  രോഹിത് ഷെട്ടിയുടെ വരാനിരിക്കുന്ന പൊലീസ് ആക്ഷന്‍ ചിത്രത്തിലേക്ക് തമന്ന ഒപ്പുവച്ചിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ജോണ്‍ എബ്രഹാം മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ രാകേഷ് മരിയയായി ചിത്രത്തില്‍ എത്തുന്നുവെന്നാണ് വിവരം. തമന്ന ചിത്രത്തില്‍ രാകേഷ് മരിയയുടെ ഭാര്യ പ്രീതി മരിയയായി അഭിനയിക്കും എന്നാണ് വിവരം. ഇതൊരു റിയല്‍ ലൈഫ് ആക്ഷന്‍ ഡ്രാമയായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം നിഖില്‍ അദ്വാനിയുടെ 'വേദ'യില്‍ ജോണിന്റെ ഭാര്യയായി അഭിനയിച്ചതിന് ശേഷം ജോണും തമന്നയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. രാകേഷിന്റെ ആത്മകഥയായ 'ലെറ്റ് മി സേ ഇറ്റ് നൗ'വിനെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിന് കോപ്പ് യൂണിവേഴ്‌സ് സിനിമ വര്‍ഷങ്ങളോളം സാങ്കല്‍പ്പിക പോലീസ് കഥകള്‍ പറഞ്ഞതിന് ശേഷമുള്ള രോഹിത്ത് ഷെട്ടിയുടെ ആദ്യത്തെ റിയല്‍ ലൈഫ് ആഖ്യാനമാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്നതും സെന്‍സിറ്റീവുമായ ചില ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെന്ന നിലയില്‍ രാകേഷ് മരിയയുടെ 36 വര്‍ഷത്തെ പ്രശസ്തമായ കരിയറിനെയാണ് ഈ ചിത്രം വിവരിക്കുന്നത്. 1993 ലെ മുംബൈ സീരിയല്‍ സ്‌ഫോടനങ്ങള്‍, 2008 ലെ ഇന്ത്യന്‍ മുജാഹിദീന്‍ മൊഡ്യൂള്‍ അടിച്ചമര്‍ത്തല്‍, 26/11 മുംബൈ ഭീകരാക്രമണങ്ങള്‍, ഷീന ബോറ കൊലപാതക കേസ് എന്നിവയെല്ലാം ഇതില്‍ പെടുന്നു.

◾  മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഥാര്‍ 3-ഡോറിന് ഒരു പ്രധാന മിഡ്‌ലൈഫ് അപ്‌ഡേറ്റ് നല്‍കാന്‍ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  പുതിയ മഹീന്ദ്ര ഥാര്‍ ഫെയ്സ്ലിഫ്റ്റ് 2026 ല്‍ നിരത്തുകളില്‍ എത്തും. പുതുക്കിയ മോഡലിന്റെ ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.  ഡബ്ളിയു515 എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന 2026 മഹീന്ദ്ര ഥാര്‍ ഫെയ്സ്ലിഫ്റ്റിന് ഥാര്‍ റോക്‌സില്‍ നിന്നുള്ള ഡിസൈന്‍ ഘടകങ്ങള്‍ ലഭിക്കും. ഡബിള്‍-സ്റ്റാക്ക്ഡ് സ്ലാറ്റുകള്‍, പുതുക്കിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, ഹെഡ്‌ലാമ്പുകളില്‍ സി ആകൃതിയിലുള്ള എല്‍ഇഡി സിഗ്നേച്ചറുകള്‍, കൂറ്റന്‍ ബോഡി ക്ലാഡിംഗ് എന്നിവയുള്ള പുതുതായി രൂപകല്‍പ്പന ചെയ്ത ഗ്രില്‍ ഇതില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. എസ്യുവിക്ക് പുതുതായി രൂപകല്‍പ്പന ചെയ്ത അലോയി വീലുകളും അപ്‌ഡേറ്റ് ചെയ്ത ടെയില്‍ലാമ്പുകളും ലഭിച്ചേക്കാം. എസ്യുവി സ്റ്റാന്‍ഡേര്‍ഡായി ആറ് എയര്‍ബാഗുകള്‍ക്കൊപ്പം വരാന്‍ സാധ്യതയുണ്ട്. പുതിയ മഹീന്ദ്ര ഥാര്‍ ഫെയ്സ്ലിഫ്റ്റില്‍ നിലവിലുള്ള 152ബിഎച്പി, 2.0ലി ടര്‍ബോ പെട്രോള്‍, 119ബിഎച്പി/300എന്‍എം, 1.5ലി ടര്‍ബോ ഡീസല്‍, 132ബിഎച്പി, 2.2ലി ടര്‍ബോ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ തുടരും. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. അതേസമയം പെട്രോള്‍, 2.2ലി ഡീസല്‍ എഞ്ചിനുകള്‍ക്കൊപ്പം 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഓപ്ഷണല്‍ ആയിരിക്കും.

◾  മലയാളത്തിന്റെ തിരുമുറ്റത്തേക്ക് അക്ഷരവെളിച്ചമായാണ് ചന്ദ്രിക കടന്നു വന്നത്. വാര്‍ത്തകളറിയിക്കുക എന്ന നിലയില്‍ മാത്രമായിരുന്നില്ല ചന്ദ്രിക പത്രം സീതി സാഹിബിന്റെ മസ്തിഷ്‌കത്തില്‍ നിലാവ് പകര്‍ന്നത്. വഴി നഷ്ടപ്പെട്ടുപോയ സ്വസമുദായത്തിന്റെ വീണ്ടെടുപ്പു കൂടി സാധ്യമാക്കുക എന്ന മഹനീയ ലക്ഷ്യം കൂടി ആ മഹാമനീഷിയുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം സമുദായത്തിന്റെ പരിലാളനകളാല്‍ ഇന്നും ജ്ഞാനത്തിന്റെ നറുനിലാവ് പരത്തിക്കൊണ്ടിരിക്കുന്നു. അവശതയനുഭവിക്കുന്ന ജനലക്ഷങ്ങള്‍ക്ക് താങ്ങും തണുപ്പുമാവാന്‍ ചന്ദ്രികക്ക് കഴിഞ്ഞു. ഈ ജനവിഭാഗത്തിന്റെ നിലയ്ക്കാത്ത ശബ്ദമായി മാറാനായത് നിഷ്‌കാമകര്‍മികളായ ഒരുപറ്റം നേതാക്കളുടെ തീക്ഷ്ണമായ ത്യാഗത്തിന്റെ ഫലമാണ്. ചന്ദ്രിക കേവലം ഒരു പത്രമല്ല. ഒരു വലിയ ജനസമൂഹത്തിന്റെ വികാരമാണ്. ഹൃദയത്തോട് ചേര്‍ത്തുവെച്ച നമ്മുടെ പത്രം നവതി പിന്നിട്ട് അഭിമാനപൂര്‍വ്വം മുന്നേറുമ്പോള്‍ ആ ചരിത്രത്തിലൂടെ ഒരു സഞ്ചാരം. 'ചന്ദ്രികയുടെ ചരിത്രം'. നവാസ് പൂനൂര്‍. ഒലൂവ് പബ്ളിക്കേഷന്‍സ്. വില 950 രൂപ.

◾  കുട്ടികളോടുള്ള നമ്മുടെ സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും സിംപിളായ മാര്‍ഗമാണ് അവരെ ഒന്നു കെട്ടിപ്പിടിക്കുക അല്ലെങ്കില്‍ ആലിംഗനം ചെയ്യുക എന്നത്. അത് അവരെ വളരെ ആഴത്തില്‍ സ്വാധീനിക്കുകയും സ്വഭാവരൂപീകരണത്തില്‍ പ്രധാന പങ്കു വഹിക്കുകയും ചെയ്യുമെന്ന് അമേരിക്കന്‍ സൈക്കോളജിസ്റ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നു. അഞ്ചിനും പത്തു വയസിനും ഇടയിലാണ് കുട്ടികളില്‍ സ്വഭാവ രൂപീകരണം നടക്കുന്നത്. ഈ പ്രായത്തില്‍ അമ്മയില്‍ നിന്നുള്ള ആലിംഗനം കുട്ടികളെ കൂടുതല്‍ ആത്മവിശ്വാസമുള്ളവരും കരുണയുള്ളവരും ഉത്തരവാദിത്വമുള്ളവരുമാക്കുമെന്ന് പഠനം വിശദീകരിക്കുന്നു. കുട്ടിക്കാലത്ത് കുഞ്ഞുങ്ങള്‍ നേരിടുന്ന സമ്മര്‍ദങ്ങളും വെല്ലുവിളികളും പിന്‍കാലത്ത് അവരില്‍ ട്രോമയും മാനസികപ്രശ്നങ്ങളും ഉണ്ടാക്കാം. ഇത് ഒഴിവാക്കാന്‍ അമ്മയില്‍ നിന്ന് അല്ലെങ്കില്‍ മുതിര്‍ന്നവരില്‍ നിന്നുള്ള സ്നേഹവും കരുതലും നല്‍കുന്ന ആത്മവിശ്വാസം സഹായിക്കും. ഒരേ ഡിഎന്‍എ പങ്കിടുന്ന, ഓരേ സാഹചര്യത്തില്‍ വളരുന്ന യുകെയിലെ 2,200 ഇരട്ട കുട്ടികള്‍ പഠനത്തിന്റെ ഭാഗമായി. രണ്ട് കുട്ടികള്‍ക്കും അമ്മയില്‍ നിന്ന് ലഭിക്കുന്ന പരിഗണനയും ലാളനയും വ്യത്യസ്തമായിരിക്കും. പഠനത്തില്‍ അമ്മയില്‍ നിന്ന് കൂടുതല്‍ സ്‌നേഹവും ആലിംഗനവും അനുഭവിച്ച കുട്ടി വളന്നപ്പോള്‍ കൂടുതല്‍ അനുകമ്പയുള്ളവരും കരുതലുള്ളവരും സംഘടിത മനോഭാവമുള്ളവരും വിശ്വസനീയരുമായിരുന്നു. ഇവ തുറന്ന മനസ്, മനസാക്ഷിപരമായ മനോഭാവം, സമ്മതബോധം തുടങ്ങിയ പ്രധാന വ്യക്തിത്വ സവിശേഷതകളെ പ്രതിഫലിപ്പിക്കുന്നു. കൂടാതെ ഒരു ചെയിന്‍ ഇഫക്റ്റ് പോലെ, സ്വഭാവസവിശേഷത മൂലം അവര്‍ക്ക് മികച്ച ജോലി, ശക്തമായ ബന്ധങ്ങള്‍ ഉണ്ടാക്കാനും സാധിക്കും. ഈ സ്വഭാവ വിശേഷങ്ങള്‍ യഥാര്‍ഥ ജീവിതത്തിലെ വിജയവുമായി ബന്ധപ്പെട്ടിരിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ തോട്ടം നിറയെ അതിമനോഹരമായ പൂക്കളായിരുന്നു.  ഇത് കണ്ട് സന്ദര്‍ശകന്‍ ഉദ്യാനപാലകനോട് ചോദിച്ചു: എങ്ങിനെയാണ് ഈ ചെടികള്‍ ഇത്ര മനോഹരമായി വളരുന്നത്? തോട്ടക്കാരന്‍ പറഞ്ഞു:  ഞാന്‍ ഒന്നിനെയും വളരാന്‍ നിര്‍ബന്ധിക്കാറില്ല.  ഇടക്ക് കള പറിക്കാറുണ്ട്.  അത്രേയുളളൂ..  ആര്‍ക്കും ഒന്നിനെയും വളര്‍ത്താനാകില്ല.  വളരാനുളള സാഹചര്യങ്ങള്‍ ഒരുക്കാം, വളര്‍ച്ചക്കു തടസ്സം നില്‍ക്കുന്നവ നീക്കം  ചെയ്യും.  പക്ഷേ, എല്ലാം സ്വയം വളരുകയാണ്.  പരിപാലകനാകുമ്പോള്‍ നമുക്ക് രണ്ടുരീതിയില്‍ വളര്‍ത്താം.  ഓരോ ചുവടും കാണിച്ച് കൊടുത്ത്, അല്ലെങ്കില്‍ പ്രതിബന്ധങ്ങളില്‍ മാത്രം സാന്നിധ്യമായിക്കൊണ്ട്.  ആദ്യരീതിയില്‍ വളര്‍ത്തുമ്പോള്‍ ആരുടേയെങ്കിലും ഒപ്പം മാത്രമേ നീങ്ങു.  പക്ഷേ ചുവട് പിഴക്കുമ്പോള്‍ പതറും.  രണ്ടാമത്തെ കൂട്ടര്‍ക്ക് സ്വന്തമായ അനുഭവങ്ങളുണ്ടാകും.  കാലിടറുമ്പോള്‍ സ്വയം പിടിച്ചു നില്‍ക്കും.  ആവശ്യമുളള സമയത്ത് താങ്ങാകുമ്പോള്‍ അത് പിന്നീടുളള വഴികളില്‍ പ്രകാശമേകും.  തനിയെ വളരാനുളള സാഹചര്യമൊരുക്കപ്പട്ടാല്‍ എല്ലാം അതതിന്റെ സമയത്ത് പുഷ്പിക്കും.  വിരിയാന്‍ നിര്‍ബന്ധിപ്പിക്കപ്പെടുന്ന പൂവിന് പക്ഷേ, സുഗന്ധമുണ്ടാകണമെന്നില്ല.  സ്വയം വളരട്ടെ, തനിയെ വിടരട്ടെ, നമുക്ക് സാഹചര്യമൊരുക്കി കാത്തിരിക്കാം - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right