◾ എസ്എഫ്ഐഒ റിപ്പോര്‍ട്ടില്‍ രണ്ട് മാസത്തേക്ക് തുടര്‍ നടപടി പാടില്ലെന്ന് ഹൈക്കോടതി. എസ്എഫ്ഐഒ കുറ്റപത്രത്തില്‍ സമന്‍സ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞാണ് ഹൈക്കോടതി ഉത്തരവിട്ടത്. സിഎംആര്‍എല്ലിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേസ് പുതിയ ഡിവിഷന്‍ ബെഞ്ചിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വിശദമായ വാദം കേള്‍ക്കാന്‍ സമയം തേടിയതോടെയാണ് രണ്ട് മാസത്തേക്ക് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്.
◾ നിയമസഭാ ബില്ലുകളില്‍ രാഷ്ട്രപതിയും ഗവര്‍ണറും നിശ്ചിത കാലയളവില്‍ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ പരോക്ഷമായി വിമര്‍ശിച്ച് ഗോവ ഗവര്‍ണര്‍.പി എസ് ശ്രീധരന്‍പിള്ള. രാഷ്ട്രപതിക്ക് മുകളില്‍ ജുഡീഷ്യറി വന്നാല്‍ അപകടമുണ്ടോ എന്നും എന്ത് സംഭവിക്കും എന്നത് ചര്‍ച്ച ചെയ്യപ്പെടണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ജുഡീഷ്യറിയും ലെജിസ്ളേച്ചറും എക്സിക്യൂട്ടീവും ലക്ഷ്മണ രേഖ മറികടക്കരുതെന്ന് ഭരണഘടന നിര്‍മ്മാതാക്കള്‍ നിശ്ചയിച്ചിരുന്നുവെന്നും അത് പാളം തെറ്റി മറ്റൊന്നിലേക്ക് കടന്നാല്‍ ഉണ്ടാകുന്ന അപകടത്തെ കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
◾ ഐഎഎസ് ഉദ്യോഗസ്ഥയും കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്റെ ഭാര്യയുമായ ദിവ്യ എസ് അയ്യര്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെകെ രാഗേഷിനെ തീരുമാനിച്ചതിന് പിന്നാലെ, അദ്ദേഹത്തെ പ്രശംസിച്ച ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റുമായി ബന്ധപ്പെട്ടാണ് കെ മുരളീധരന്റെ വിമര്‍ശനം.
◾ ദിവ്യ എസ് അയ്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട ചോദ്യത്തോട് രാഷ്ട്രീയക്കാരെക്കുറിച്ച് നല്ലത് പറയുകയല്ല സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പണിയെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. പല ഉദ്യോഗസ്ഥരും രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും പല സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും എങ്ങനെ പെരുമാറണമെന്ന് അറിയില്ലെന്നും സോഷ്യല്‍ മീഡിയ ഹൈപ്പില്‍ മാത്രമാണ് ചിലര്‍ക്ക് ക്രേസെന്നും പ്രെയ്സിങ്ങ് നോട്ട് നിര്‍ത്തി ഫയല്‍ നോട്ടിലേക്ക് ഉദ്യോഗസ്ഥര്‍ മാറണമെന്നും പറഞ്ഞ രാഹുല്‍ ഡിസിസി പ്രസിഡന്റിനെ നിയമിച്ചതില്‍ ഇത്തരം പോസ്റ്റിട്ടാല്‍ സര്‍ക്കാര്‍ നടപടിയെടുക്കില്ലേയെന്നും ചോദിച്ചു.
◾ ദിവ്യ എസ് അയ്യര്‍ നടത്തിയ അഭിനന്ദനവുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമെന്ന് കെ കെ രാഗേഷ്. യൂത്ത് കോണ്‍ഗ്രസ് നിലപാട് ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ രാഗേഷ് നല്ല വാക്കുകള്‍ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുകയാണെന്ന് വിമര്‍ശിച്ചു. ദിവ്യക്കെതിരെ നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണെന്നും ദിവ്യയെ അധിക്ഷേപിക്കുന്നത് പ്രാകൃത മനസ്സുള്ളവരാണെന്നും രാഗേഷ് കുറ്റപ്പെടുത്തി.
◾ ദിവ്യ എസ് അയ്യര്‍ നടത്തിയ അഭിനന്ദനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ശബരിനാഥന്‍. രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശപരമെങ്കിലും അതിലൊരു വീഴ്ചയുണ്ടെന്നാണ് ശബരിയുടെ പ്രതികരണം. സര്‍ക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം പക്ഷേ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല അതിനാല്‍ തന്നെ ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ നിന്ന് രാഷ്ട്രീയതലത്തിലേക്ക് മാറിയെന്നും അതുകൊണ്ടാണ് ഈ വിവാദം ഉണ്ടായതെന്നും ശബരിനാഥന്‍ വിവരിച്ചു.
◾ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിന്റെ ഗൂഢാലോചന പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. ജോമോന്‍ പുത്തന്‍പുരയ്ക്കലും മറ്റ് രണ്ട് പേരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നും അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടി കെ.എം. എബ്രഹാം മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് തനിക്കെതിരായ നീക്കങ്ങളുടെ ലക്ഷ്യമെന്നും എബ്രഹാം കത്തില്‍ പറയുന്നു.
◾ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം. ദില്ലിയില്‍ കുരിശിന്റെ വഴി വിലക്കിയതും തൊമ്മന്‍ കുത്തില്‍ കുരിശടി തകര്‍ത്ത സംഭവവും ക്രൈസ്തവരെ വേദനിപ്പിക്കുന്നതാണെന്ന് മുഖപ്രസംഗം പറയുന്നു. ദുഖവെള്ളിക്ക് മുന്‍പേ പീഡാനുഭവം എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തില്‍ ഇരു സര്‍ക്കാരുകളും ക്രൈസ്തവരെ ദുഖവെള്ളിക്ക് മുന്‍പേ കുരിശിന്റെ വഴിയിലിറക്കി എന്ന് കുറ്റപ്പെടുത്തുന്നു.
◾ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍. രാഹുലിന്റെ തല ആകാശത്ത് കാണേണ്ടിവരുമെന്നും കാല് തറയിലുണ്ടാവില്ലെന്നും ഓമനക്കുട്ടന്‍ ഭീഷണി മുഴക്കി. പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നല്‍കാനുള്ള നീക്കം വിവാദമാക്കിയ നടപടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെയാണ് വീണ്ടും ഭീഷണി.
◾ ബിജെപിക്കാര്‍ മുന്‍പ് കാല്‍വെട്ടുമെന്ന് പറഞ്ഞതാണെന്നും എന്നിട്ടും ഇപ്പോഴും അതേ കാലില്‍ തന്നെയാണ് താന്‍ നില്‍ക്കുന്നതെന്നും ഇനി തലയാണ് വെട്ടുന്നതെങ്കില്‍ അത് വെച്ച് കൊടുക്കാനും തയ്യാറാണെന്നും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. ബിജെപി ശ്രമിക്കുന്നത് അതിവൈകാരികത ഇളക്കിവിടാനാണെന്നും പേര് മാറ്റാതെ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും പദ്ധതിക്കെതിരെയല്ല, പേര് മാറ്റാന്‍ മാത്രമാണ് പറഞ്ഞതെന്നും രാഹുല്‍ പറഞ്ഞു. എന്ത് ഭീഷണിയുണ്ടായാലും ബിജെപിയോട് മാപ്പ് പറയില്ലെന്ന് വ്യക്തമാക്കിയ രാഹുല്‍ ക്ഷേത്രത്തില്‍ ഗണഗീതം പാടിയ ബിജെപിക്ക് വിപ്ലവഗാനം പാടി വഴിയൊരുക്കിയത് സിപിഎമ്മാണെന്നും ക്ഷേത്ര ഉത്സവങ്ങള്‍ അലങ്കോലമാക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും പറഞ്ഞു.
◾ ആര്‍ഡിഒ ഓഫീസുകളില്‍ ബോംബ് ഭീഷണി. തൃശ്ശൂരിലും പാലക്കാടുമാണ് ആര്‍ഡിഒ ഓഫീസുകള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചത്. റാണ തഹവൂര്‍ എന്ന പേരിലുള്ള വിലാസത്തില്‍ നിന്ന് വന്ന മെയിലില്‍ തമിഴ്‌നാട്ടിലെ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയെ വധിക്കാന്‍ വേണ്ടി ബോംബ് സ്ഫോടനം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തിലെ ഓഫീസുകളില്‍ ഭീഷണി സന്ദേശം ലഭിച്ചതിന്റെ കാരണം വ്യക്തമല്ല.
◾ അനര്‍ട്ടിലെ ഉദ്യോഗസ്ഥരുടെ കൈപ്പട പരിശോധിക്കാന്‍ വിചിത്ര ഉത്തരവുമായി അഡീഷണല്‍ ചീഫ് സെക്രട്ടറി ജ്യോതിലാല്‍. മറ്റാരോ നല്‍കിയ പരാതിയുടെ കൈപ്പട അനര്‍ട്ടിലെ ഉദ്യോഗസ്ഥരുടേതാണോയെന്ന് പരിശോധിക്കാനാണ് ഉത്തരവിട്ടത്. അനര്‍ട്ടിലെ അഴിമതി സംബന്ധിച്ച് പരാതി നല്‍കിയ രണ്ടു പേര്‍ ഹിയറിങിന് എത്താത്തതാണ് ഉത്തരവിനു കാരണം.
◾ തളിപ്പറമ്പിലെ സര്‍ സയ്യിദ് കോളേജ് മാനേജ്മെന്റ് വഖഫ് ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപവുമായി സിപിഎം. ലീഗ് നേതാക്കള്‍ നയിക്കുന്ന ഭരണസമിതി, പാണക്കാട് തങ്ങള്‍ ഖാസിയായ പളളിയുടെ സ്ഥലം വ്യാജരേഖയുണ്ടാക്കി കൈക്കലാക്കാന്‍ നീക്കം നടത്തിയെന്നാണ് എം.വി.ജയരാജന്റെ ആരോപണം. കോളേജിന്റെ സ്ഥലം വഖഫ് ഭൂമിയാണെന്നും ഉടമസ്ഥാവകാശം ഉന്നയിച്ചിട്ടില്ലെന്നും വിശദീകരിക്കുന്ന മാനേജ്മെന്റ് സിപിഎം നുണ പറയുന്നുവെന്ന് കുറ്റപ്പെടുത്തുന്നു.
◾ മുനമ്പത്തെ ബി ജെ പി ആര്‍ എസ് എസ് നാടകം പൊളിഞ്ഞെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ കാര്യമാണ് കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും ഇപ്പോള്‍ പറയുന്നതെന്നും മുനമ്പത്ത് മുതലെടുപ്പിന് ശ്രമിച്ചവര്‍ പരാജയപ്പെട്ടുവെന്നും മുസ്ലിം, ക്രിസ്ത്യന്‍ വിരുദ്ധത ആര്‍എസ്എസിന് മറച്ചുവെക്കാനാകില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
◾ ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ വന്‍ തട്ടിപ്പ്. ലോട്ടറി തൊഴിലാളികള്‍ അടച്ച അംശാദായ തുക ക്ലാര്‍ക്കായ സംഗീത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ക്ലാര്‍ക്ക് നടത്തിയ തട്ടിപ്പ് ഓഡിറ്റില്‍ പോലും ആദ്യം കണ്ടെത്തിയില്ല. തെളിവുകള്‍ സഹിതം വിജിലന്‍സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ രഹസ്യാന്വേഷണത്തിലാണ് ക്ലാര്‍ക്കായ സംഗീത് നടത്തിയ ക്രമക്കേട് പുറത്തുവന്നത്. സെക്രട്ടറിയേറ്റിലെ ധനകാര്യ പരിശോധനവിഭാഗം മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരുകയാണെന്ന് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി.
◾ അതിരപ്പിള്ളി കാട്ടാന ആക്രമണത്തില്‍ മരിച്ച വാഴച്ചാല്‍ സ്വദേശികളായ അംബിക സതീഷ് എന്നിവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ഈ സംഭവത്തിന് തലേദിവസം പ്രദേശത്ത് ഉണ്ടായ കാട്ടാന ആക്രമണത്തില്‍ സെബാസ്റ്റ്യന്‍ എന്നയാളും മരിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും. മരിച്ചവരുടെ വീട്ടുകള്‍ കലക്ടര്‍ സന്ദര്‍ശിക്കുകയും മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.
◾ പിഎം ശ്രീയുടെ ധാരണാപത്രം ഒപ്പുവെക്കാത്തതിന്റെ പേരില്‍ സമഗ്ര ശിക്ഷ അഭിയാന്‍ പദ്ധതി പ്രകാരം കേരളത്തിന് ലഭിക്കേണ്ട 1500 കോടിയോളം രൂപ കേന്ദ്രം തടഞ്ഞിരിക്കുകയാണെന്നും പിഎം ശ്രീ പദ്ധതിയില്‍ ചേരേണ്ടതില്ലെന്നും സിപിഐ മുഖപത്രമായ ജനയുഗത്തില്‍ മുഖപ്രസംഗം. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഘടകങ്ങളിലൊന്നാണ് പിഎം ശ്രീ പദ്ധതി. മോദി സര്‍ക്കാരിന്റെ ദുശാഠ്യത്തിന് വഴങ്ങരുതെന്നും പിഎം ശ്രീയില്‍ ചേരാത്തതിനാല്‍ എസ്എസ്എ ഫണ്ട് തടഞ്ഞുവെക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് വിമര്‍ശനം.
◾ കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി അലുവ അതുലിനെ തമിഴ്നാട് തിരുവള്ളൂരില്‍ നിന്ന് പിടികൂടി. കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് നടന്ന വാഹന പരിശോധനയില്‍ പൊലീസിന്റെ കണ്‍മുന്നില്‍ നിന്നാണ് അലുവ അതുല്‍ രക്ഷപ്പെട്ടത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് മുഖ്യപ്രതിയായ അലുവ അതുല്‍ പിടിയിലായിരിക്കുന്നത്. മാര്‍ച്ച് 27 നാണ് കാറിലെത്തിയ ആറംഗ സംഘം കരുനാഗപ്പള്ളിയില്‍ സന്തോഷിനെ വീട്ടില്‍ കയറി കൊലപ്പെടുത്തുന്നത്. ആ സംഘത്തിലെ ഒന്നാം പ്രതിയാണ് അലുവ അതുല്‍.
◾ ആലപ്പുഴയില്‍ അയല്‍വാസിയുമായുള്ള തര്‍ക്കത്തിനിടെ വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. ആലപ്പുഴ അരൂക്കുറ്റി സ്വദേശി വനജ (50) ആണ് മരിച്ചത്. വനജയെ കൊലപ്പെടുത്തിയ അയല്‍വാസികളായ വിജീഷും സഹോദരന്‍ ജയേഷും ഒളിവിലാണ്. ഇന്നലെ രാത്രി പത്തരയോടെയാണ് നാടിന് നടുക്കിയ സംഭവമുണ്ടായത്. മുന്‍പും ഇരുവരും തമ്മില്‍ വാക്കു തര്‍ക്കങ്ങള്‍ ഉണ്ടായതായി പൊലീസ് പറഞ്ഞു.
◾ നാഷണല്‍ ഹെറാള്‍ഡ് തട്ടിപ്പ് രാജ്യം കണ്ട വലിയ കൊള്ളയെന്ന് ബിജെപി. രാഷ്ട്രീയ പാര്‍ട്ടിയുടെ പണം, സ്വകാര്യ സ്വത്തു കൈക്കലാക്കാന്‍ ഉപയോഗിച്ചെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. അഴിമതിയുടെ ഗാന്ധി കുടുംബ മാതൃകയ്ക്കെതിരെയാണ് കേസെന്നും അത് റദ്ദാക്കാനുള്ള കോണ്‍ഗ്രസ് അപേക്ഷ നേരത്തെ സുപ്രീംകോടതി തള്ളിയതാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
◾ ഛത്തീസ്ഗഢിലെ ബസ്തറില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കീഴ്പ്പെടുത്തിയത് മാവോയിസ്റ്റുകളിലെ പ്രധാനികളെയാണെന്ന് പൊലീസ് പറഞ്ഞു. ഹല്‍ദാര്‍, റാമെ എന്നിവരാണ് മരിച്ചത്. ഇവരുടെ തലയ്ക്ക് 13 ലക്ഷം രൂപ വിലയിട്ടിട്ടുണ്ടായിരുന്നു. കൊണ്ടഗാവില്‍ നിന്നുള്ള ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി), ബസ്തര്‍ ഫൈറ്റേഴ്‌സ് എന്നിവര്‍ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.
◾ ഭാഷ മതമല്ലെന്നും ഭാഷ ജനങ്ങളെയും സമൂഹത്തെയും പ്രദേശത്തെയും സംസ്‌കാരത്തെയും പ്രതിനിധീകരിക്കുന്നുവെന്നും സുപ്രീംകോടതി. ഉറുദു സൈന്‍ ബോര്‍ഡുകള്‍ക്കെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഉറുദുവിനെ മുസ്ലീങ്ങളുടെ ഭാഷയായി കണക്കാക്കുന്നത് യാഥാര്‍ത്ഥ്യത്തില്‍ നിന്നും നാനാത്വത്തിലെ ഏകത്വത്തില്‍ നിന്നുമുള്ള വ്യതിചലനമാണെന്ന് ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
◾ ഓണ്‍ലൈന്‍ ഷോപ്പിംഗ് ബ്രാന്‍ഡായ മിന്ത്രയ്‌ക്കെതിരെ പകര്‍പ്പവകാശ ലംഘന ആരോപണങ്ങള്‍ ഉന്നയിച്ച് സോണി മ്യൂസിക്. മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നിരവധി കോപ്പിറൈറ്റ് കേസുകള്‍ പരാമര്‍ശിച്ചുകൊണ്ട് സോണി മ്യൂസിക് മിന്ത്രയില്‍ നിന്നും 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. ഇകൊമേഴ്സ് പ്ലാറ്റ്ഫോമായ മിന്ത്രയുടെ ഷോപ്പിംഗ് ആപ്പ്, വെബ്‌സൈറ്റ് എന്നിവയിലൂടെ സോണി മ്യൂസിക്കിന്റെ വിവിധ ഗാനങ്ങള്‍ നിയമവിരുദ്ധമായും അനധികൃതമായും ഉപയോഗിക്കുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്തതായി സോണി മ്യൂസിക് ആരോപിക്കുന്നു.
◾ ഖത്തറില്‍ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. തലസ്ഥാന നഗരിയായ ദോഹ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാവിലെ മുതല്‍ പൊടിക്കാറ്റ് വീശിയടിച്ചു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിര്‍ദേശിച്ചു. കാലാവസ്ഥാ മാറ്റം സംബന്ധിച്ച് ഖത്തര്‍ കാലാവസ്ഥാ വിഭാഗം നല്‍കിയ മുന്നറിയിപ്പിനു പിന്നാലെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ പൊടിക്കാറ്റ് തുടങ്ങിയത്.
◾ ഇസ്രയേലികള്‍ താമസിക്കുന്ന ഗാസ അതിര്‍ത്തിയില്‍ അബദ്ധത്തില്‍ ബോംബിട്ട് ഇസ്രയേല്‍ സൈന്യം. ഗാസ അതിര്‍ത്തിയില്‍ 550 ഇസ്രയേലികള്‍ താമസിക്കുന്ന പ്രദേശത്താണ് ഇസ്രയേല്‍ വ്യോമസേനയുടെ യുദ്ധ വിമാനം ബോംബ് വര്‍ഷിച്ചത്. സാങ്കേതിക തകരാറുമൂലമാണ് ഇത്തരം ഒരു അബദ്ധം പറ്റിയത് എന്നാണ് സൈന്യം സംഭവത്തെ തുടര്‍ന്ന് പുറത്തുവിട്ട വിശദീകരണത്തില്‍ പറയുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കു പറ്റിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
◾ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോഡില്‍. രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വില വീണ്ടും ഉയര്‍ന്ന നിരക്കിലെത്തിയത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 8,815 രൂപയാണ്. 95 രൂപയാണ് ഒരൊറ്റ ദിവസം കൊണ്ട് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 70,520 രൂപയാണ്. ഇന്ന് ഒറ്റദിവസം കൊണ്ട് പവനില്‍ ഉയര്‍ന്നത് 760 രൂപയാണ്. അന്താരാഷ്ട്ര സ്വര്‍ണവില 3,280 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 85.52 ആണ്. 24 കാരറ്റ് സ്വര്‍ണവില കിലോഗ്രാമിന് ബാങ്ക് നിരക്ക് 95 ലക്ഷം രൂപ ആയിട്ടുണ്ട്. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. ഓഹരി വിപണിയില്‍ രാജ്യാന്തര തലത്തില്‍ തന്നെയുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
◾ സ്റ്റ്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്‌സ് സെര്‍ച്ച് എഞ്ചിനില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുകയാണ്. നിലവിലുള്ള സെര്‍ച്ച് സംവിധാനത്തിന് പകരമായി ഓപ്പണ്‍ എ.ഐയുടെ മോഡലുകള്‍ ഉപയോഗിച്ചുള്ള പുതിയ എ.ഐ സെര്‍ച്ചിങ് സംവിധാനം കൊണ്ടുവരാനാണ് നീക്കം. ഇത് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വ്യക്തമായ പദങ്ങള്‍ ഉപയോഗിച്ച് കണ്ടന്റുകള്‍ തിരയാനാകും. ഉദാഹരണത്തിന്, സങ്കടമുള്ളപ്പോള്‍ കാണാന്‍ പറ്റിയ നല്ല സിനിമകള്‍ എന്ന് തിരയുമ്പോള്‍ അതിന് അനുയോജ്യമായ സിനിമകള്‍ നെറ്റ്ഫ്ലിക്‌സില്‍ ലഭ്യമാകും. ഉപയോക്താക്കളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഫീച്ചറില്‍ മാറ്റങ്ങള്‍ വരുത്തും. ഈ സംവിധാനം ഇപ്പോള്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാണ്. നിലവില്‍ ഐ.ഒ.എസ് ആപ്പില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുക. ഈ മാസം ആദ്യം, നെറ്റ്ഫ്ലിക്സ് അതിന്റെ ടിവി ആപ്പ് ബഹുഭാഷാ ഓഡിയോ പിന്തുണയോടെ അപ്ഡേറ്റ് ചെയ്തു. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് വിവിധ ഭാഷകളില്‍ സിനിമകളും ഷോകളും ആസ്വദിക്കാനാകും.
◾ നടന്‍ വിജയ്യെയും ദളപതി ആരാധകരെയും സംബന്ധിച്ച് വളരെ സ്പെഷ്യലായിട്ടുള്ള ചിത്രമാണ് 'ജന നായകന്‍'. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായാണ് എത്തുക. പൊളിറ്റിക്കല്‍ ത്രില്ലറായാണ് ചിത്രം എത്തുന്നത്. ഇപ്പോഴിതാ ജന നായകനില്‍ ഹനുമാന്‍ കൈന്‍ഡും ഭാഗമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. അനിരുദ്ധിനൊപ്പം ഒരു സ്പെഷ്യല്‍ ട്രാക്കുമായി ഹനുമാന്‍ കൈന്‍ഡും എത്തുമെന്നാണ് വിവരം. ബോബി ഡിയോള്‍, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജന നായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.
◾ സങ്കല്പ ഫ്രെയിംസിന്റെ ബാനറില്‍ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'സമരസ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്ന 'സമരസ'യില്‍ ഹരീഷ് പേരടി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ബാലന്‍, ദേവരാജ്, ദിനേശ് പട്ടത്ത്, വിജയകൃഷ്ണന്‍, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈന്‍, രത്നാകരന്‍, രാജീവ് മേനത്ത്, ബിനീഷ് പള്ളിക്കര, നിഖില്‍ കെ മോഹനന്‍, പ്രമോദ് പൂന്താനം, അശ്വിന്‍ ജിനേഷ്, നിലമ്പൂര്‍ ആയിഷ, മാളവിക ഷാജി, വിനീത പദ്മിനി, ബിനി ജോണ്‍, സുനിത, മഹിത, ബിന്ദു ഓമശ്ശേരി, ശാന്തിനി, ദൃശ്യ സദാനന്ദന്‍, കാര്‍ത്തിക അനില്‍ തുടങ്ങിയവരാണ് മറ്റു പ്രധാന നടീനടന്മാര്‍. ജഗളയിലൂടെ ശ്രദ്ധേയനായ സുമേഷ് സുരേന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പ്രഭാകരന്‍ നറുകരയുടെ വരികള്‍ക്ക് അഭയ് എ കെ, ബാബുരാജ് ഭക്തപ്രിയം എന്നിവര്‍ സംഗീതം പകരുന്നു.
◾ ഇഷ്ട വാഹനം സ്വന്തമാക്കി നടി ചൈതന്യ പ്രകാശ്. പുതിയ ബി എം ഡബ്ള്യു എക്സ് 1 ആണ് കൊച്ചിയിലെ ബി എം ഡബ്‌ള്യുവിന്റെ ഷോറൂമില്‍ നിന്ന് താരം സ്വന്തമാക്കിയത്. മനസില്‍ ഞാനാണോ, ഗരുഡന്‍, ഹയ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ചൈതന്യ. പല പ്രശസ്ത സിനിമാതാരങ്ങളുടെയും ഇഷ്ട വാഹനമായ ബി എം ഡബ്ള്യു എക്സ് 1 നു വില വരുന്നത് ഏകദേശം 65 ലക്ഷം രൂപയാണ്. 1.5 ലീറ്റര്‍ 3 സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിന്‍ 136 ബി എച്ച് പി പവറും 230 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും. 2.0 ലീറ്റര്‍ 4 സിലിന്‍ഡര്‍ ഡീസല്‍ എന്‍ജിനു 150 ബി എച്ച് പി പവറും 360 എന്‍ എം ടോര്‍ക്കും നല്‍കാന്‍ ശേഷിയുണ്ട്. പെട്രോള്‍ എന്‍ജിനില്‍ 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടമാറ്റിക് ഗിയര്‍ ബോക്സ് വരുമ്പോള്‍ ഡീസല്‍ എന്‍ജിനില്‍ 7 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ്.
◾ സാധാരണ അദ്ധ്യാപകന്‍ പറയും, നല്ല അദ്ധ്യാപകന്‍ വിശദീകരിക്കും, മികച്ച അദ്ധ്യാപകന്‍ ബോധ്യപ്പെടുത്തും, മഹാനായ അദ്ധ്യാപകന്‍ പ്രചോദിപ്പിക്കും. - വില്യം ആര്‍തര്‍ വാഡ്. എന്തു പഠിപ്പിക്കണം? എങ്ങനെ പഠിപ്പിക്കണം? എപ്പോള്‍ പഠിപ്പിക്കണം? എക്കാലത്തും ക്ലാസ് മുറികളില്‍ അലയടിക്കുന്ന ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്ന പുസ്തകം. ഒരു സാധാരണ അദ്ധ്യാപകനില്‍ നിന്ന് മഹാനായ അദ്ധ്യാപകനിലേക്കുള്ള മാര്‍ഗ്ഗമാണ് അദ്ധ്യാപകര്‍ക്ക് ഒരു മാനിഫെസ്റ്റോ. ജീവനുറ്റ ക്ലാസ് മുറികള്‍ക്കായി ഒരു കൈപ്പുസ്തകം. 'അദ്ധ്യാപകര്‍ക്ക് ഒരു മാനിഫെസ്റ്റോ'. ഡോ. നിജോയ്. മാതൃഭൂമി. വില 272 രൂപ.
◾ വിരസത, മടുപ്പ്, ക്ഷീണം എന്നിവ അനുഭവപ്പെടുമ്പോള്‍ നമ്മുടെ തലച്ചോര്‍ നല്‍കുന്ന മുന്നറിയിപ്പാണ് കോട്ടുവായ. കോട്ടുവായ ഇടുന്നതിലൂടെ ഒരു വ്യക്തിയുടെ ശരീരത്തിലെ കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ അളവ് കുറയുകയും ഇത് കൂടുതല്‍ ജാഗരൂഗരാകാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ കോട്ടുവായ അമിതമായാലോ? തീവ്രമായ ഉറക്കക്കുറവ്, പകല്‍ ഉറക്കം, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയുടെ സൂചനയായി കരുതാം. തെര്‍മോണ്‍ഗുലേഷന്‍ തകരാറിലാകുന്നത് മൂലം അമിതമായി കോട്ടുവാ ഉണ്ടാകുന്നതെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. ഉറക്കമില്ലായ്മ വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു ഗുരുതര ആരോഗ്യപ്രശ്‌നമാണ്. ജോലിയിലെ അശ്രദ്ധ, ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങളും ഇതിന്റെ പ്രത്യാഘാതങ്ങളാണെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പകല്‍ സമയത്ത് ഉറക്കം തൂങ്ങുന്നതും കോട്ടുവായ ഇടുന്നതും പലപ്പോഴും നമ്മള്‍ നിസാരവല്‍ക്കരിക്കാറുണ്ട്. എന്നാല്‍ ഇത് ഗുരുതരമായ ഉറക്കക്കുറവിന്റെ ലക്ഷണമായി കണക്കാക്കാറില്ല. പൊണ്ണത്തടി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍, ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ തുടങ്ങിയ അവസ്ഥകള്‍ കാരണം പകല്‍സമയത്ത് ഉറക്കം അനുഭവപ്പെടുന്നത് മൂലം അമിതമായി കോട്ടുവാ ഉണ്ടാകാം. തലച്ചോറിലെ ചില അവസ്ഥകള്‍ മൂലവും അമിതമായി കോട്ടുവാ ഉണ്ടാകാം. ട്യൂമറുകള്‍ മൂലം തലച്ചോറിന്റെ താപ നിയന്ത്രണം തകരാറിലാകുന്ന സാഹചര്യങ്ങളില്‍ അമിതമായി കോട്ടുവായ ഇടാം. മസ്തിഷ്‌കാഘാതവുമായി ബന്ധപ്പെട്ട തെര്‍മോണ്‍ഗുലേറ്ററി അപര്യാപ്തത കാരണം സ്ട്രോക്ക് സംഭവിച്ചവരില്‍ അമിതമായ കോട്ടുവാ കാണപ്പെടാറുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 85.69, പൗണ്ട് - 113.75, യൂറോ - 97.46, സ്വിസ് ഫ്രാങ്ക് - 105.17, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.38, ബഹറിന്‍ ദിനാര്‍ - 227.33, കുവൈത്ത് ദിനാര്‍ -279.46, ഒമാനി റിയാല്‍ - 222.57, സൗദി റിയാല്‍ - 22.84, യു.എ.ഇ ദിര്‍ഹം - 23.32, ഖത്തര്‍ റിയാല്‍ - 23.45, കനേഡിയന്‍ ഡോളര്‍ - 61.59.
Tags:
KERALA