താമരശ്ശേരി:സംഘടിത സക്കാത്ത് സംവിധാനം വളർന്നു വന്നാൽ മാത്രമെ സമൂഹത്തിൽ ദാരിദ്ര്യ നിർമ്മാർജനം സാധ്യമാവുകയുള്ളൂ എന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റൻ്റ് അമീർ എം.കെ. മുഹമ്മദലി പറഞ്ഞു. കട്ടിപ്പാറ കനിവ് ഗ്രാമത്തിൻ്റെ നേതൃത്വത്തിൽ ബൈത്തുസ്സക്കാത്ത് കേരളയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി തൊഴിലുപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ഓട്ടോറിക്ഷയുടെ താക്കോൽ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രേംജി ജെയിംസിന് കൈമാറി.
കോഴിക്കോടിൻ്റെ മലയോര മേഖലയായ കട്ടിപ്പാറ കേന്ദ്രീകരിച്ച് കഴിഞ്ഞ 15 വർഷക്കാലമായി കനിവ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ ഈ മേഖലയിൽ സാമ്പത്തികമായും, സാംസ്കാരികമായും വൈജ്ഞാനികമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന സംഘടനയാണ് കനിവ് ചാരിറ്റബിൾ ട്രസ്റ്റ്.കൂടാതെ പശുവളർത്തലിനള്ള ധനസഹായം, അച്ചാർ നിർമ്മാണ യൂണറ്റ് തുടങ്ങാനുള്ള ധന സഹായം എന്നിവ ചടങ്ങിൽ വിതരണം ചെയ്തു.
ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻ്റ് ഫൈസൽ പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീൻ ഇബ്നു ഹംസ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഷാഹിം ഹാജി ബൈത്തുസ്സകാത്ത് കോ.ഓർഡിനേറ്റർ ആഷിഖ് ,എം.എ. യൂസുഫ് ഹാജി എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല ജനറൽ സെക്രട്ടറി ആർ.കെ. അബ്ദുൽ മജീദ് സ്വാഗതവും, ഏരിയ പ്രസിഡൻ്റ് ഒമർ അഹ്മദ് നന്ദിയും പറഞ്ഞു.
Tags:
THAMARASSERY