2025 | ഏപ്രിൽ 22 | ചൊവ്വ
1200 | മേടം 9 | തിരുവോണം
◾ ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്‌കാര ചടങ്ങുകള്‍. വത്തിക്കാന്‍ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജര്‍ ബസലിക്കയിലാണ് ചടങ്ങുകള്‍ നടത്തുക. നാളെ രാവിലെ പ്രാദേശിക സമയം ഒമ്പത് മണി മുതല്‍ പൊതുദര്‍ശനം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ രാഷ്ട്രപതിക്കും ഗവര്‍ണ്ണര്‍ക്കും ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി കേരളത്തിന്റെ ബില്ലുകളില്‍ ബാധകമല്ലെന്ന് കേന്ദ്രം. ഗവര്‍ണ്ണര്‍ക്കും രാഷ്ട്രപതിക്കും എതിരെ കേരളം നല്‍കിയ ഹര്‍ജികളില്‍ വ്യത്യസ്ത വിഷയങ്ങളുണ്ടോ എന്ന് അടുത്ത മാസം ആറിന് പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി അടക്കമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം വേണം എന്നാവശ്യപ്പെട്ടുള്ള പ്രത്യേക അപേക്ഷ കേരളം പിന്‍വലിച്ചു.
◾ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള വയനാട് ജില്ലാ തല യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തങ്ങളില്‍ നിന്ന് നാടിനെ കരകയറ്റാനുള്ള വലിയ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിന് ഉണ്ടെന്നും കേന്ദ്രത്തിന്റെ സഹായം സംസ്ഥാനങ്ങളുടെ അവകാശമാണെന്നും യാചിച്ച് വാങ്ങേണ്ട ഒന്നല്ലെന്നും എന്നാല്‍ സഹായം നല്‍കേണ്ടവര്‍ സഹായം നിഷേധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സഹായം കിട്ടുന്നത് പ്രതിപക്ഷം എതിര്‍ത്തുവെന്നും സാലറി ചലഞ്ചിനെതിരെ പ്രതിപക്ഷം കോടതിയില്‍ പോയി പണം നല്‍കേണ്ടെന്ന് പരസ്യമായി പറഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ കോട്ടയം തിരുവാതുക്കലില്‍ ദമ്പതിമാരെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം, ടൂറിസ്റ്റ് ഹോം ഉടമ വിജയകുമാറും (64) ഭാര്യ മീര(60)യുമാണ് കൊല്ലപ്പെട്ടത്. വിജയകുമാറിന്റെ മൃതദേഹം കിടന്നിരുന്നത് വീടിന്റെ ഹാളിലാണ്. ഭാര്യ മീരയുടെ മൃതദേഹം കിടന്നിരുന്നത് കിടപ്പു മുറിയിലും.വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. മൃതദേഹങ്ങളില്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നാണ് വിവരം. മുഖം വികൃതമാക്കിയനിലയിലുമായിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പ്രതികരിച്ചു.
◾ കോട്ടയം തിരുവാതുക്കലില്‍ ദമ്പതികളുടെ മരണത്തില്‍ ദുരൂഹത. മകന്‍ ഗൗതമിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ദമ്പതിമാരുടെ മരണം എന്നതാണ് സംഭവത്തില്‍ കൂടുതല്‍ ദുരൂഹതകളുണ്ടാക്കുന്നത്. 2017 ജൂണ്‍ മാസത്തിലാണ് വിജയകുമാറിന്റെ മകന്‍ ഗൗതം കൃഷ്ണകുമാറിനെ തെള്ളകം കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൗതമിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസിന്റെ അന്വേഷണത്തില്‍ പിഴവുണ്ടെന്നും കോടതി കണ്ടെത്തിയതിന് പിന്നാലെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് ഫെബ്രുവരിയിലാണ്.
◾ മുതലപ്പൊഴി വിഷയത്തില്‍ ഒരു വിഭാഗം ആളുകള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നെന്ന് ആവര്‍ത്തിച്ച് മന്ത്രി വി ശിവന്‍കുട്ടി. വിഷയവുമായി ബന്ധപ്പെട്ട് എംഎല്‍എ വി ശശിയുടെ ഓഫീസ് അടിച്ചു തകര്‍ത്തത് ജനാധിപത്യത്തിന്റെ എല്ലാ അതിരുകളെയും ലംഘിച്ചുകൊണ്ടാണെന്നും വി ശശി മുതലപ്പെഴിയില്‍ പ്രശ്ന പരിഹാരത്തിന് അശ്രാന്ത പരിശ്രമം നടത്തിയിട്ടുണ്ടെന്നും എംഎല്‍എയുടെ ഓഫീസ് അടിച്ച് തകര്‍ത്തവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
◾ എല്‍ ഡി എഫും യു ഡി എഫും കേരളത്തില്‍ ഒന്നും കൊണ്ടു വരില്ലെന്നും കേരളത്തിന്റെ നഷ്ടപ്പെട്ട ദശകമാണ് കടന്നു പോകുന്നതെന്നും കേരളത്തില്‍ ബിജെപി വികസനം കൊണ്ടുവരുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍. ആശ വര്‍ക്കര്‍മാരോ കര്‍ഷകരോ സര്‍ക്കാര്‍ ജീവനക്കാരോ ഉള്‍പ്പടെയുള്ള സാധരണക്കാര്‍ ആഘോഷിക്കാന്‍ കഴിയാതെ ഇരിക്കുമ്പോഴാണ് സര്‍ക്കാര്‍ ആഘോഷം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വര്‍ സൃഷ്ടിക്കുന്ന അനിവാര്യ ദുരന്തം യുഡിഎഫ് അനുഭവിക്കട്ടേയെന്ന് നിലമ്പൂരില്‍ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എം സ്വരാജ്. ഉപതെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് പൂര്‍ണ്ണമായും സജ്ജമായിക്കഴിഞ്ഞുവെന്നും പൊതു സ്വതന്ത്രരെ സ്ഥാനാര്‍ത്ഥിയാക്കുന്നത് ഇടതുമുന്നമി കാലങ്ങളായി തുടരുന്ന രീതിയാണെന്നും അത് പലപ്പോഴും കേരളത്തിന് നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും എം സ്വരാജ് പറഞ്ഞു.
◾ പിവി അന്‍വറിന് മുന്നില്‍ മുന്നണി പ്രവേശനത്തിനുള്ള ഫോര്‍മുല നാളെ നടക്കുന്ന കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുമെന്ന് വിവരം. മുന്നണി പ്രവേശനം സാധ്യമാകണമെങ്കില്‍ കേരള പാര്‍ട്ടി വേണമെന്ന നിലപാടിലാണ് യുഡിഎഫ്. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വഴിയുള്ള മുന്നണി പ്രവേശനം പ്രയാസമാണെന്നാണ് കോണ്‍ഗ്രസിലെ വിലയിരുത്തല്‍.
◾ കോന്നി ആനക്കൂട് അപകടത്തില്‍ ഉദ്യോഗസ്ഥ - എംഎല്‍എ പോര് മുറുകുന്നു. സസ്പെന്‍ഷന്‍ നടപടിക്കെതിരെ പരസ്യപ്രതിഷേധം നടത്തിയ ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷനെതിരെ കെ. യു.ജനീഷ് കുമാര്‍ രംഗത്ത് എത്തി. നാല് വയസ്സുകാരന്റെ ജീവനെടുത്തത് സുരക്ഷാ വീഴ്ച തന്നെയാണെന്നും സംഘടനയുടെ ആള്‍ബലം കാട്ടി വിരട്ടാന്‍ നോക്കേണ്ടെന്നും എംഎല്‍എ വ്യക്തമാക്കി. നാലു വയസ്സുകാരന്റെ മരണത്തില്‍ കോന്നി ആനക്കൂട്ടിലെ അഞ്ചു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. അതിനെതിരെയാണ് ഇന്നലെ ഫോറസ്റ്റ് ജീവനക്കാരുടെ സംഘടന പ്രതിഷേധിച്ചത്.
◾ വിദേശ നാണയ വിനിമയച്ചട്ട ലംഘനത്തില്‍ ഗോകുലം ഗ്രൂപ്പിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്ന് രേഖകളുമായി ഹാജരാകാന്‍ വ്യവസായിയും സിനിമ നിര്‍മ്മാതാവുമായ ഗോകുലം ഗോപാലന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. നേരിട്ടെത്തിയില്ലെങ്കില്‍ പ്രതിനിധിയെ അയച്ചാലും മതി എന്നാണ് നിര്‍ദേശം.
◾ ഈസ്റ്ററിനോട് അനുബന്ധിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ചിത്രം വാട്സ്ആപ്പില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി. സുരേഷ് ഗോപിയുടെ മുഖം വെട്ടി മറ്റൊരു ചിത്രത്തില്‍ ചേര്‍ത്തുകൊണ്ട് മോര്‍ഫ് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തെന്നാണ് പരാതി.സംഭവത്തില്‍ കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ക്കെതിരെ യുവമോര്‍ച്ച പൊലീസില്‍ പരാതി നല്‍കി.
◾ താമരശ്ശേരി ഷഹബാസിന്റെ കൊലപാതക കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി. പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ ഗൗരവതരമെന്ന് കോടതി നിരീക്ഷിച്ചു. പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. അതേസമയം, ഷഹബാസിന്റെ പിതാവിന്റെ കക്ഷി ചേരല്‍ അപേക്ഷ ഹൈക്കോടതി അനുവദിച്ചു.
◾ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ കേസ് തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ പൊലീസ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഷൈനിനെതിരെ കാര്യമായ തെളിവുകള്‍ സമാഹരിക്കാന്‍ ഇനിയും പൊലീസിനായിട്ടില്ല. ഫോറന്‍സിക് പരിശോധന ഫലം നെഗറ്റീവ് ആയാല്‍ മതിയായ തെളിവുകള്‍ ഇല്ലാതെ തിടുക്കത്തില്‍ എടുത്ത കേസ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമോ എന്ന ആശങ്കയിലാണ് അന്വേഷണസംഘം.
◾ നടി വിന്‍സി അലോഷ്യസ് നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് നടന്ന സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിയുടെ യോഗം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഓഫീസില്‍ നടത്തിയതില്‍ ഫിലിം ചേംബറിന് എതിര്‍പ്പ്. സിനിമ സംഘടനയുടെ ഓഫീസില്‍ ഇന്റേണല്‍ കമ്മിറ്റി യോഗം ചേര്‍ന്നത് ചട്ട വിരുദ്ധമാണെന്ന് ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മിറ്റിയിലും അഭിപ്രായമുയര്‍ന്നു.
◾ സിപിഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരമായ എകെജി സെന്ററിന്റെ ഉദ്ഘാടനം നാളെ. പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തെങ്കിലും ചടങ്ങ് നേരത്തെ തീരുമാനിച്ചതിനാല്‍ മുഖ്യമന്ത്രി തന്നെയാണ് ഉദ്ഘാടകന്‍. ഒമ്പത് നില കെട്ടിടത്തിന്റെ കവാടം മുതല്‍ കെട്ടിലും മട്ടിലും വരെ പ്രൗഡിയുടെ കാഴ്ചകളാണെന്നാണ് വിവരം. പണി പൂര്‍ത്തിയായ കെട്ടിടത്തിന്റെ അകക്കാഴ്ചകള്‍ പകര്‍ത്താന്‍ ഇതുവരെ മാധ്യമങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടില്ല.
◾ മലപ്പുറം പൊന്നാനിയില്‍ നിന്ന് 15 വയസുകാരായ ഷാനിഫ്, കുഞ്ഞുമോന്‍, റംനാസ് എന്നീ മൂന്ന് ആണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി. ഞായറാഴ്ച്ച മുതലാണ് മൂന്ന് പേരെയും കാണാതായത്. കുട്ടികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.
◾ കോഴിക്കോട് വളയം കല്ലാച്ചി റോഡില്‍ വാഹനങ്ങള്‍ തമ്മില്‍ തട്ടിയതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്കെതിരെ കേസെടുത്തു. സംഘര്‍ഷം പരിഹരിക്കാനെത്തിയ ആളെ മര്‍ദിച്ചെന്ന പരാതിയിലാണ് 20 പേര്‍ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. പേരറിയാവുന്ന 10 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയുമാണ് കേസ്. കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസിലെ പരാതിക്കാരിയുടെ ഭര്‍ത്താവിനെതിരെയും കേസെടുത്തിട്ടുണ്ട്.
◾ തിരൂരില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. സംഭവത്തില്‍ പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ (30)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത് യുവതിയുടെ ഭര്‍ത്താവ് തിരൂര്‍ ബി.പി. അങ്ങാടി സ്വദേശി സാബിക് ആണെന്നാണ് വിവരം. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. സാബികും സത്യഭാമയും ലഹരിക്ക് അടിമകളാണെന്നും വിവരമുണ്ട്.
◾ സുപ്രീം കോടതിക്കെതിരെ പരോക്ഷ വിമര്‍ശനം തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. പാര്‍ലമെന്റിന് മുകളില്‍ ഒരു അധികാര സ്ഥാനവും ഇല്ലെന്നും, ജനങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ക്കാണ് ഭരണഘടന സംരക്ഷിക്കാന്‍ ഉള്ള അവകാശമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന എങ്ങനെയാവണം എന്ന് തീരുമാനിക്കേണ്ടത് പാര്‍ലമെന്റാണെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
◾ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണകാരണം പക്ഷാഘാതമെന്ന് വത്തിക്കാന്‍. ഇതേത്തുടര്‍ന്ന് കോമ സ്ഥിതിയിലായ മാര്‍പാപ്പയ്ക്ക് ഹൃദയാഘാതം സംഭവിച്ചുവെന്നും വത്തിക്കാന്‍ ഔദ്യോഗികമായി അറിയിച്ചു. രാത്രി വത്തിക്കാനില്‍ നടന്ന മരണം സ്ഥിരീകരിക്കുന്ന ചടങ്ങുകള്‍ക്ക് ശേഷമാണ് വത്തിക്കാന്‍ ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന് ന്യൂമോണിയ, ടൈപ് 2 ഡയബെറ്റിസ്, ഹൈപ്പര്‍ടെന്‍ഷന്‍, ബ്രോങ്കൈറ്റിസ് എന്നിവ ഉണ്ടായിരുന്നതായും വത്തിക്കാനില്‍ നിന്നും പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
◾ തെലുങ്ക് ചലച്ചിത്രതാരം മഹേഷ് ബാബുവിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. സുരാന ഗ്രൂപ്പ്, സായ് സൂര്യ ഡെവലപ്പേഴ്‌സ് എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടന് സമന്‍സ്. ഞായറാഴ്ച ഹാജരാകാനാണ് മഹേഷ് ബാബുവിനോട് ഇഡി ആവശ്യപ്പെട്ടത്.
◾ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ ഇന്ത്യ സന്ദര്‍ശനം തുടരുന്നു. വാന്‍സ് ഇന്ന് കുടുംബസമേതം ജയ്പൂരും നാളെ താജ്മഹലും സന്ദര്‍ശിക്കും. ഇന്ത്യ- അമേരിക്ക വ്യാപാര കരാറില്‍ നിര്‍ണായക പുരോഗതിയുണ്ടായെന്നാണ് കൂടികാഴ്ചയ്ക്ക് പിന്നാലെ വിദേശകാര്യമന്ത്രാലയം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്.
◾ ഛത്തീസ്ഗഡില്‍ സിആര്‍പിഎഫ് ജവാന്‍ ഷോക്കേറ്റ് മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശിയായ കോണ്‍സ്റ്റബിള്‍ സുജോയ് പാലാണ് മരിച്ചത്. ഛത്തീസ്ഗഡിലെ ബീജാപ്പൂര്‍ ജില്ലയിലെ ഗാംഗലൂരിലാണ് ദാരുണമായ സംഭവം ഉണ്ടായത്. അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സിആര്‍പിഎഫ് പുറത്തുവിട്ടിട്ടില്ല.
◾ നടി നല്‍കിയ പീഡനക്കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥനും മുന്‍ ആന്ധ്രാപ്രദേശ് ഇന്റലിജന്‍സ് മേധാവിയുമായ പിഎസ്ആര്‍ ആഞ്ജനേയലുവിനെ അറസ്റ്റ് ചെയ്തു. മുന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി സര്‍ക്കാരിന്റെ കാലത്ത് ഇന്റലിജന്‍സ് മേധാവിയായി സേവനമനുഷ്ഠിച്ച ആഞ്ജനേയുലുവിനെ നടിയുടെ പരാതിക്ക് പിന്നാലെ സസ്പെന്‍ഡ് ചെയ്തിരുന്നു.
◾ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷന്‍ ജീവനക്കാര്‍ക്കെതിരെ പോക്സോ കേസെടുത്ത് പൊലീസ്. കോയമ്പത്തൂര്‍ ഇഷ യോഗ ഹോം സ്‌കൂളിലെ നാല് ജീവനക്കാര്‍ക്കും മുന്‍ വിദ്യാര്‍ത്ഥിക്കുമെതിരെയാണ് കേസെടുത്തത്. ആന്ധ്ര സ്വദേശിയായ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് അമ്മ നല്‍കിയ പരാതിയിലാണ് നടപടി.
◾ ചരിത്രത്തിലാദ്യമായി ഒരു പവന് 75,000 രൂപക്ക് അടുത്തെത്തി സ്വര്‍ണവില. ഇന്ന് ഒറ്റയടിക്ക് 2200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്‍ വില 74,000 കടന്ന് പുതിയ ഉയരം കുറിച്ചു. 74,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 275 രൂപയാണ് വര്‍ധിച്ചത്. 9290 രൂപ ആണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് പൊന്നിന്റെ വില ഗ്രാമിന് 7,650 രൂപയായി. വെള്ളിവില 109 രൂപയില്‍ തന്നെയാണ്. അന്താരാഷ്ട്ര സ്വര്‍ണവില 3,485 ഡോളറാണ്. സമീപകാലത്തെ ഒരു ദിവസം കൂടുന്ന ഏറ്റവും വിലവര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 12 ദിവസം കൊണ്ട് 560 ഡോളറിന്റെ വിലവര്‍ധനമാണ് അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഉണ്ടായത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ താരിഫ് യുദ്ധവും ഓഹരി വിപണികളിലെ അനിശ്ചിതത്വവും നിക്ഷേപകരുടെ കണ്ണ് സ്വര്‍ണത്തിലേക്ക് പതിക്കാന്‍ ഇടയാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വര്‍ണം നിക്ഷേപകര്‍ക്ക് വലിയ നേട്ടം നല്‍കിയിരുന്നു. സുരക്ഷിത നിക്ഷേപം എന്ന പൊതുവികാരവും സ്വര്‍ണവില ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി.
◾ ലോകത്താദ്യമായി 10 ജി ബ്രോഡ്ബാന്‍ഡ് സാങ്കേതിക വിദ്യ പരീക്ഷിച്ച് ചൈന. ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ സുനാന്‍ കൗണ്ടിയിലാണ് 10ജി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്. ചൈനീസ് ടെലികോം കമ്പനിയായ ഹുവാവേയും ചൈന യൂണികോമും ചേര്‍ന്ന് 50 ജി-പിഒഎന്‍ സങ്കേതികവിദ്യ ഉപയോഗിച്ചാണ് 10 ജി ഒരുക്കിയിട്ടുള്ളത്. സെക്കന്‍ഡില്‍ 10 ജിഗാബൈറ്റ് ആണ് വേഗം. ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജിയിലെ പുതിയ അവതാരമാണ് 50 ജിഗാബൈറ്റ് പാസീവ് ഒപ്ടിക്കല്‍ നെറ്റ്വര്‍ക്ക് അഥവാ 50 ജി-പിഒഎന്‍. സെക്കന്‍ഡില്‍ 50 ജിഗാബൈറ്റ് വരെ വേഗം ആര്‍ജിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണിത്. 9,834 എംബിപിഎസ് വരെ ഡൗണ്‍ലോഡ് വേഗത, 1,008 എംബിപിഎസ് അപ്ലോഡ് വേഗത, 3 മില്ലിസെക്കന്‍ഡ് വരെ ലേറ്റന്‍സി എന്നിവ 10ജി വാഗ്ദാനം ചെയ്യുന്നു. ക്ലൗഡ് കമ്പ്യൂട്ടിങ്, വെര്‍ച്വല്‍, ഓഗ്മെന്റഡ് റിയാലിറ്റി, 8കെ വിഡിയോ സ്ട്രീമിങ്, സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍ സംയോജിപ്പിക്കല്‍ എന്നിവ ഈ സാങ്കേതികവിദ്യയുിലൂടെ അനയാസം സാധിക്കും. യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ നിലവിലെ വാണിജ്യ ബ്രോഡ്ബാന്‍ഡ് വേഗതയെ മറികടക്കുന്നതാണ് ചൈനയുടെ പുതിയ സാങ്കേതിക വിദ്യ. ആഗോള ബ്രോഡ്ബാന്‍ഡ് സാങ്കേതികവിദ്യയില്‍ ചൈനയ്ക്ക് മേല്‍ക്കോയ്മ നല്‍കുന്നതാണ് പുതിയ നീക്കം.
◾ മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടൈന്‍മെന്റ് നിര്‍മിക്കുന്ന '916 കുഞ്ഞൂട്ടന്‍' ട്രെയിലര്‍ റിലീസായി. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തില്‍ ടിനി ടോമും, രാകേഷ് സുബ്രമണ്യവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടിനി ടോമും ഗിന്നസ് പക്രുവും തമ്മിലുള്ള നീണ്ട 25 വര്‍ഷത്തെ സൗഹൃദത്തില്‍ ആദ്യമായി മുഴുനീള വേഷം ചെയ്യുന്ന സിനിമയാണിത്. ആര്യന്‍ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടന്‍. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടര്‍ രാജ് വിമല്‍ രാജനാണ്. ഫാമിലി എന്റെര്‍റ്റൈനറായ ചിത്രത്തില്‍ ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, കോട്ടയം രമേശ്, നിയാ വര്‍ഗീസ്, ഡയാന ഹമീദ്, സാധിക വേണുഗോപാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾ ശ്രീനാഥ് ഭാസി, ലാല്‍, വാണി വിശ്വനാഥ്, രവീണ രവി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന 'ആസാദി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ഒരു രാത്രി, ഒരു ജനനം, ഒരു ദൗത്യം എന്ന തലവാചകത്തോടെ പുറത്തുവിട്ട പോസ്റ്ററില്‍ നിന്നും ചിത്രം ത്രസിപ്പിക്കുന്ന ഒരു ത്രില്ലര്‍ ആണെന്ന് മനസിലാക്കാം. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജ നിര്‍മിക്കുന്ന ഈ ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും. ഒരാശുപത്രിയുടെ പശ്ചാത്തലത്തില്‍ പ്രതികാരത്തിന്റേയും അതിജീവനത്തിന്റേയും കഥ പറയുന്ന ആസാദിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് സാഗര്‍ ആണ്. ഛായാഗ്രഹണം സനീഷ് സ്റ്റാന്‍ലിയാണ്. സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍ ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌ക്കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും അഭിനയിക്കുന്നു.
◾ കുഞ്ഞന്‍ ഡിഫന്‍ഡര്‍ അവതരിപ്പിക്കാന്‍ ലാന്‍ഡ് റോവര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 2027 ഓടെ 'ബേബി ഡിഫന്‍ഡര്‍' എന്ന എസ്യുവി ശ്രേണി വികസിപ്പിച്ച് പുറത്തിറക്കാനാണ് ലാന്‍ഡ് റോവര്‍ പദ്ധതിയിടുന്നത്. ഡിഫന്‍ഡര്‍ സ്‌പോര്‍ട് അല്ലെങ്കില്‍ ഡിഫന്‍ഡര്‍ 80 എന്ന പേരില്‍ ഈ ഇലക്ട്രിക് എസ്യുവി വിപണിയില്‍ പുറത്തിറങ്ങും. ഈ കോംപാക്റ്റ് ഇലക്ട്രിക് 4ഃ4 2027 ല്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബേബി ഡിഫന്‍ഡര്‍ ഇപ്പോഴാണ് ആദ്യമായി റോഡ് ടെസ്റ്റുകളില്‍ പ്രത്യക്ഷപ്പെട്ടത്. ഏകദേശം 4.6 മീറ്റര്‍ നീളവും 2 മീറ്റര്‍ വീതിയും 1.8 മീറ്റര്‍ ഉയരവും ഈ വാഹനത്തിന് ഉണ്ടാകും. സ്റ്റാന്‍ഡേര്‍ഡ് ഡിഫെന്‍ഡറിനേക്കാള്‍ ചെറുതാണെങ്കിലും, ഈ അളവുകള്‍ ഇപ്പോഴും അതിന് ശക്തവും കമാന്‍ഡിംഗ് റോഡ് സാന്നിധ്യവും നല്‍കുന്നു. പവര്‍ട്രെയിനിന്റെ കാര്യത്തില്‍, 800വി ഇലക്ട്രിക്കല്‍ ആര്‍ക്കിടെക്ചറിനെ പിന്തുണയ്ക്കുന്ന തരത്തിലാണ് ഇഎംഎ പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് അള്‍ട്രാ-ഫാസ്റ്റ് ചാര്‍ജിംഗ് കഴിവുകള്‍ അനുവദിക്കുന്നു.
◾ നിയമപാലകര്‍ക്ക് പറ്റിയ ഒരു അബദ്ധം അനേകം പേരുടെ ജീവിതത്തെ പലരീതിയില്‍ ബാധിക്കാന്‍ കെല്‍പ്പുള്ളതായിരുന്നു. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ഒരുപറ്റം മനുഷ്യരെ സാധാരണക്കാരായ ജനങ്ങള്‍ പ്രതിരോധത്തിലാക്കുന്നു. പ്രണയവും അധികാരഹുങ്കും ഏറ്റുമുട്ടുന്ന സംഭവബഹുലമായ നോവല്‍. 'ഊരാക്കുടുക്ക്'. ശ്രീധരന്‍ കീഴറ. മാതൃഭൂമി. വില 370 രൂപ.
◾ ചോറിനോടുള്ള മലയാളികളുടെ പ്രിയം അത്ര ആരോഗ്യകരമല്ലെന്നാണ് അമേരിക്കയിലെ കൊളംമ്പിയ സര്‍വകലാശാല ഗവേഷകരുടെ പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നത്. കാലാവസ്ഥാ വ്യതിയാനം അരിയില്‍ ആര്‍സെനിക്കിന്റെ അളവ് വര്‍ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. 2050 ആകുമ്പോഴേക്കും ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളില്‍ കാന്‍സറിന് ഇതൊരു പ്രധാന കാരണമായേക്കാമെന്നും പഠനത്തില്‍ വിശദീകരിക്കുന്നു. മണ്ണിലും ജലത്തിലും കാണപ്പെടുന്ന സ്വാഭാവിക മെറ്റലോയിഡ് മൂലകമാണ് ആര്‍സെനിക്. അജൈവ ആര്‍സെനിക് വിഷാംശം ഉള്ളതാണ്. മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ഇത് മനുഷ്യശരീരത്തില്‍ എത്തുന്നത് കാന്‍സര്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ താപനിലയിലെ വര്‍ധനവും അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ഉയര്‍ന്ന അളവും മണ്ണിന്റെ രാസഘടനയില്‍ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇത് മണ്ണിലെ അജൈവ ആര്‍സെനിക് സാന്നിധ്യം വര്‍ധിപ്പിക്കുന്നു. നെല്ല് വളര്‍ത്തുമ്പോള്‍ മലിനമായ മണ്ണും ജലസേചനത്തിനായി ഉപയോഗിക്കുന്ന വെള്ളവും നെല്ലിലെ അജൈവ ആര്‍സെനിക് വര്‍ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് പഠനത്തില്‍ പറയുന്നു. ആര്‍സെനിക്കുമായുള്ള സമ്പര്‍ക്കം ശ്വാസകോശം, മൂത്രസഞ്ചി, ചര്‍മം തുടങ്ങിയ ഭാഗങ്ങളില്‍ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 28 നെല്ലിനങ്ങളില്‍ താപനിലയിലെ വര്‍ധനവും കാര്‍ബണ്‍ ഡൈ ഓക്സൈഡും ചെലുത്തുന്ന സ്വാധീനം ഗവേഷകര്‍ വിലയിരുത്തി. പ്രമേഹം, ഗര്‍ഭധാരണത്തിലെ പ്രതികൂല ഫലങ്ങള്‍, നാഡീ വികസന പ്രശ്നങ്ങള്‍, രോഗപ്രതിരോധ സംവിധാനത്തിലെ പ്രത്യാഘാതങ്ങള്‍ എന്നിവയുമായി ആര്‍സെനിക് എക്സ്പോഷര്‍ ബന്ധപ്പെട്ടിരിക്കാമെന്ന് പുതിയ തെളിവുകള്‍ സൂചിപ്പിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 85.12, പൗണ്ട് - 113.88, യൂറോ - 97.87, സ്വിസ് ഫ്രാങ്ക് - 105.01, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.62, ബഹറിന്‍ ദിനാര്‍ - 225.87, കുവൈത്ത് ദിനാര്‍ -278.48, ഒമാനി റിയാല്‍ - 221.08, സൗദി റിയാല്‍ - 22.69, യു.എ.ഇ ദിര്‍ഹം - 23.17, ഖത്തര്‍ റിയാല്‍ - 23.38, കനേഡിയന്‍ ഡോളര്‍ - 61.61.
Tags:
KERALA