അലോപ്പതി മരുന്നുകളിൽ ഒന്നിലധികം രാസമൂലകങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കുന്ന മരുന്നുസംയുക്തങ്ങളുടെ അപകടസാധ്യത ഇല്ലാതാക്കാൻ കൂടുതൽ നിരോധനം. പുതുതായി വിപണിയിലെത്തിച്ചതടക്കം 35 സംയുക്തങ്ങളുടെ നിർമാണവും വിതരണവും ഉടനടി നിർത്തിവെച്ചാണ് ഉത്തരവ്. പ്രമേഹം, രക്തസമ്മർദം, കൊളസ്‌ട്രോൾ, ആന്റിബയോട്ടിക്, വേദനസംഹാരി തുടങ്ങിയ വിഭാഗങ്ങളിലെ മരുന്നുകളുണ്ട്.
പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുന്ന ഒട്ടേറെ മരുന്നുസംയുക്തങ്ങൾ ഇന്ത്യൻവിപണിയിലുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് നിയന്ത്രണനടപടികൾ തുടങ്ങിയത്. ഏറെക്കാലത്തെ വ്യവഹാരങ്ങൾക്കൊടുവിൽ മുന്നൂറിലധികം ഇനങ്ങൾ നിരോധിച്ചിരുന്നു. നിലവിലുള്ള സംയുക്തങ്ങളുടെ വിലയിരുത്തൽ നടന്നുവരുകയുമാണ്. അലോപ്പതിമരുന്നുകളുടെ ഉത്പാദനത്തിനുള്ള അനുമതി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വിഭാഗമാണ് നൽകുക.
സുതാര്യതയും ശാസ്ത്രീയതയും ഉറപ്പുവരുത്താൻ മരുന്നുസംയുക്തങ്ങൾക്ക് അനുമതി നൽകുമ്പോൾ കേന്ദ്ര ഡ്രഗ്‌സ് വിഭാഗത്തിന്റെ വിലയിരുത്തൽ നിർബന്ധമാക്കിയിരുന്നു. എന്നാൽ, മുന്നറിയിപ്പുകൾ അവഗണിച്ച് അനുമതി നൽകിയ മരുന്നുകളാണിപ്പോൾ നിരോധിക്കപ്പെട്ടത്.
30 എംജി നെഫോപാമും 325 പാരസീറ്റമോളും ചേർന്ന വേദനസഹാരി, 500 എംജി മെറ്റഫോർമിനും മൂന്ന് എംജി ഗ്ലിമിപ്രൈഡും 10 എംജി ഡപാഗ്ലിഫ്ളോസിനും ചേർന്ന പ്രമേഹമരുന്ന്, 200 എംജി വീതം സെഫിക്‌സൈമും ഓഫ്ളോക്സാസിനും ലാക്ടിക് ആസിഡുമായി ചേർത്ത് അണുബാധയ്ക്കെതിരേയുണ്ടാക്കിയ മരുന്നുമൊക്കെ നിരോധിച്ചവയിൽ ഉൾപ്പെടുന്നു.
ഇതിനു പുറമേ പ്രമേഹമരുന്നായ ഗ്ലിമിപ്രൈഡും (1എംജി) മെറ്റ്‌ഫോർമിനും (500 എംജി) ചേർന്ന ഗുളിക, 500 എംജി മെറ്റ്‌ഫോർമിനും 2 എംജി ഗ്ലിമിപ്രൈഡും 0.3 എംജി വോഗ്ലിബോസും ചേർന്ന ഗുളിക, 500 എംജി മെറ്റ്‌ഫോർമിനൊപ്പം 0.2 എംജി വോഗ്ലിബോസ് ചേർന്ന ഗുളിക എന്നിവയും നിരോധനപ്പട്ടികയിലാണ്.
Tags:
INDIA