◾ വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് കേന്ദ്രത്തോട് ആവര്‍ത്തിച്ച് ഹൈക്കോടതി. ദുരന്തബാധിതരുടെ ജീവനോപാധിയാണ് ഇല്ലാതായതെന്നും ഇത് കണ്ടില്ലെന്ന് നടക്കാനാവില്ലെന്നും കോടതി പറഞ്ഞു. ദേശീയ ദുരന്തമായതുകൊണ്ടുതന്നെ കടബാധ്യത എഴുതിത്തള്ളാന്‍ വ്യവസ്ഥയില്ലേയെന്നും ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. എന്നാല്‍ ലോണുകള്‍ എഴുതിത്തള്ളുന്നത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമെന്ന് കേന്ദ്രം കോടതിയില്‍ മറുപടി നല്‍കി.
◾ മകള്‍ക്കെതിരായ എസ്എഫ്ഐഒ കേസിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനാവേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മറ്റൊരു കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന മൊഴി പ്രകാരമാണ് കേസ്. അത് രാഷ്ട്രീയ പ്രേരിതമല്ലെന്നും കേസിനെ ഗൗരവത്തോടെ നേരിടണമെന്നും പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും മുഖ്യമന്ത്രി ക്ഷുഭിതനാവേണ്ടതില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
◾ മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയമാണ് മാധ്യമങ്ങള്‍ തന്റെ രക്തത്തിന് മുറവിളികൂട്ടുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രോദനത്തിനു പിന്നിലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. പത്രസമ്മേളനത്തില്‍ പൊട്ടിത്തെറിക്കുകയും മാധ്യമപ്രവര്‍ത്തകരുടെമേല്‍ കുതിരകയറുകയും ചെയ്തത് അദ്ദേഹത്തിന്റെ സമനില തെറ്റിയതിനാലാണെന്നും സുധാകരന്‍ പറഞ്ഞു.
◾ അഹമ്മദാബാദിലെ എഐസിസി സമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രതീക്ഷയുടെ പാര്‍ട്ടിയാകണം എന്ന നിര്‍ദ്ദേശവുമായി ശശി തരൂര്‍ എം.പി. വിമര്‍ശിക്കുകയും പരാതി പറയുകയും ചെയ്യുന്ന ശൈലി മാത്രം പോര എന്നും ഭാവിക്കു വേണ്ടിയുള്ള പദ്ധതിയാണ് മുന്നോട്ടു വയ്ക്കേണ്ടത് എന്നുമുള്ള തരൂരിന്റെ നിലപാട് പാര്‍ട്ടിയിലുള്ള വ്യത്യസ്ത വീക്ഷണങ്ങളുടെ സൂചനയായി.
◾ ആശ സമരത്തെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 60 ദിവസമായി നടക്കുന്ന സമരമാണിതെന്നും അതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കിട്ടിയ എല്ലാ വിവരങ്ങളും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞത് തെറ്റാണെന്നും 2019ല്‍ വര്‍ദ്ധിപ്പിച്ചതാണെന്നും എന്നാല്‍ അത് അപര്യാപ്തമാണെന്നും സതീശന്‍ പറഞ്ഞു. കേരള സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും ഇതില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
◾ ആശാ സമരം തീരാതിരിക്കാന്‍ കാരണം സമരക്കാര്‍ തന്നെയെന്ന മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലില്‍ പ്രതിഷേധവുമായി സമരസമിതി. മുഖ്യമന്ത്രിയുടെ പരാമര്‍ശം വസ്തുത അറിയാതെ എന്നാണ് മറുപടി. മറ്റന്നാള്‍ സാമൂഹിക - സാംസ്‌കാരിക രംഗത്തെ പ്രമുഖരെ സംഘടിപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ പൗരസംഗമം സംഘടിപ്പിക്കാനാണ് പൗരസമിതിയുടെ തീരുമാനം.
◾ ഷൂ വിവാദത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. താന്‍ മൂന്ന് ലക്ഷം രൂപയുടെ ഷൂ ധരിച്ചെന്ന് സിപിഎം സൈബര്‍ ഹാന്റിലുകളാണ് പ്രചരിപ്പിച്ചതെന്നും താന്‍ ഉപയോഗിച്ച ഷൂവിന് ഇന്ത്യയിലെ വില ഒമ്പതിനായിരം രൂപയാണെന്നും പുറത്ത് അതിലും കുറവാണെന്നും സതീശന്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ സമയത്ത് ഏറ്റവും അടുത്ത സുഹൃത്ത് ലണ്ടനില്‍ നിന്ന് വാങ്ങി കൊണ്ടുവന്നതാണ് ആ ഷൂവെന്നും 5000 രൂപയ്ക്ക് ആര് വന്നാലും ആ ഷൂ നല്‍കാമെന്നും അത് തനിക്ക് ലാഭമാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം. എഐസിസി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വി ഡി സതീശന്‍ മൂന്ന് ലക്ഷം രൂപയുടെ ഷൂസാണ് ധരിച്ചതെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം.
◾ കേരളത്തിലെ കോണ്‍ഗ്രസിലും നേതൃമാറ്റമുണ്ടാകുമെന്ന് കെ മുരളീധരന്‍. നിലവില്‍ ഇക്കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും പ്രവര്‍ത്തിക്കാതെ പദവി മാത്രം കൊണ്ടുനടക്കുന്ന കുറേപ്പേര്‍ പാര്‍ട്ടിയിലുണ്ടെന്നും അവരെയെല്ലാം മാറ്റിനിര്‍ത്തുമെന്നും മുരളീധരന്‍ പറഞ്ഞു. എഐസിസി നേതൃത്വത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഡിസിസികള്‍ക്ക് കൂടുതല്‍ ചുമതല നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
◾ ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ സസ്പെന്‍ഷനിലായ എന്‍ പ്രശാന്തിനെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഹിയറിങിന് വിളിച്ചതിന് പിന്നാലെ ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് എന്‍ പ്രശാന്ത്. ഹിയറിങ് റെക്കോര്‍ഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുമധ്യത്തില്‍ കാണിക്കണമെന്നുമാണ് എന്‍ പ്രശാന്ത് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ചീഫ് സെക്രട്ടറിക്ക് എന്‍ പ്രശാന്ത് വീണ്ടും കത്തയച്ചു. ഏപ്രില്‍ 16ന് വൈകിട്ട് 4.30ന് ഹിയറിങിന് ഹാജരാകാനാണ് ചീഫ് സെക്രട്ടറി എന്‍ പ്രശാന്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
◾ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് എന്ന് യുഡിഎഫ്. സമീപത്തെ മണ്ഡലങ്ങളിലെ സ്ഥിരം താമസക്കാരെ വോട്ടര്‍ പട്ടികയില്‍ സിപിഎം ചേര്‍ക്കുന്നുവെന്നാണ് യുഡിഎഫ് ആരോപണം. ആരോപണങ്ങളില്‍ സിപിഎമ്മിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കട്ടെയെന്നും ഇതിലൊന്നും സിപിഎമ്മിന് ഒരു ബന്ധവുമില്ലെന്നും സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പദ്മാക്ഷന്‍ പ്രതികരിച്ചു.
◾ കെഎസ്ഇബിയുടെ അധീനതയിലുള്ള 59 അണക്കെട്ടുകളുടെ ബഫര്‍ സോണ്‍ പരിധി വ്യാപിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതില്‍ ഡാമുകളുടെ സമീപത്ത് താമസിക്കുന്നവര്‍ ആശങ്കയില്‍. ഇടുക്കിയിലെ 24 അണക്കെട്ടുകളുടെ പരിസരത്ത് താമസിക്കുന്നവരെയാണ് തീരുമാനം ഏറ്റവുമധികം ബാധിക്കുക. പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കെ, ഇത്തരമൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയിട്ടില്ലെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും വൈദ്യുതി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
◾ പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് ലാലിയെ ഇന്നലെ ക്രൈംബ്രാഞ്ച് ഏഴ് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്തത്. തട്ടിപ്പില്‍ മുഖ്യപ്രതി അനന്തു കൃഷ്ണനു മാത്രമല്ല എന്‍ജിഒ കോണ്‍ഫെഡറേഷന്റെ മറ്റ് ഭാരവാഹികള്‍ക്കും പങ്കുണ്ടെന്ന തരത്തിലാണ് ലാലി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയെതെന്നാണ് സൂചന.
◾ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ അന്വേഷണം വൈകുന്നതില്‍ സംസ്ഥാന പോലീസ് അന്വേഷണത്തെ വിമര്‍ശിച്ച് ഹൈക്കോടതി, നാലു വര്‍ഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ആളുകളെ കൊള്ളയടിച്ച സംഭവമല്ലേ ഇതെന്നും എന്നിട്ടും നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്നും ഇങ്ങനെ പോയാല്‍ കേസ് സിബിഐക്ക് കൈമാറേണ്ടി വരുമെന്നും കോടതി പറഞ്ഞു.
◾ കൂടല്‍മാണിക്യം ദേവസ്വം കഴകം ജോലിക്ക് ഈഴവ വിദ്യാര്‍ത്ഥിക്ക് അഡൈ്വസ് മെമ്മോ അയച്ചു. ജാതി വിവേചനത്തെത്തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി ബാലു രാജിവച്ച ഒഴിവിലാണ് പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേര്‍ത്തല സ്വദേശി കെ.എസ്. അനുരാഗിന് അഡൈ്വസ് മെമ്മോ അയച്ചത്. കൂടല്‍മാണിക്യം ദേവസ്വമാണ് അഡൈ്വസ് മെമ്മോ പ്രകാരം നിയമനം നടത്തേണ്ടത്. വിവാദ വിഷയമായതിനാല്‍ ദേവസ്വം ഭരണസമിതിയില്‍ ഇക്കാര്യം വച്ചേക്കുമെന്നാണ് കരുതുന്നത്.
◾ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയുമായി ബന്ധപ്പെട്ട് തന്ത്രിമാര്‍ ആവശ്യപ്പെടുന്ന ജാതി പരിഗണന അംഗീകരിക്കില്ലെന്ന് ദേവസ്വം റിക്രൂട്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ്. നിയമം അനുശാസിക്കുന്ന ജാതി സംവരണം നടപ്പാക്കും. ഓപ്പണ്‍ കാറ്റഗറി പ്രകാരമാണ് ബാലുവിന് നിയമനം നല്‍കിയത്. അടുത്തത് കമ്മ്യൂണിറ്റി നിയമനമാണ്. അപ്പോയ്മെന്റ് ഓര്‍ഡര്‍ ദേവസ്വം ബോര്‍ഡ് വേഗത്തില്‍ തന്നെ കൊടുക്കേണ്ടതാണ്, അതിനു കാലതാമസം വരുമെന്ന് കരുതുന്നില്ലെന്നും മോഹന്‍ദാസ് പ്രതികരിച്ചു.
◾ മലപ്പുറം ചട്ടിപ്പറമ്പില്‍ അഞ്ചാം പ്രസവം വീട്ടില്‍ നടത്തി രക്തം വാര്‍ന്ന് അസ്മ മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. അസ്മയുടെ പ്രസവം എടുക്കാന്‍ സഹായിച്ച സ്ത്രീയുടെ മകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അസ്മയുടെ മരണത്തില്‍ നേരത്തെ ഭര്‍ത്താവ് സിറാജുദ്ദീനെയും പ്രസവത്തിനായി സഹായിച്ച ഒതുക്കങ്ങല്‍ സ്വദേശി ഫാത്തിമയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണിപ്പോള്‍ ഫാത്തിമയുടെ മകനെയും പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെ പ്രസവത്തിനായി ഫാത്തിമയ്ക്കൊപ്പം ഇവരുടെ മകനും സഹായിച്ചിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.
◾ ഷോപ്പിംഗ് മാളില്‍ തെന്നി വീണതുമായി ബന്ധപ്പെട്ട പരാതി പണം വാങ്ങി ഒത്തുതീര്‍പ്പാക്കാന്‍ സിഐ നിര്‍ബന്ധിച്ചതായി ആരോപണം. മലപ്പുറം ചങ്ങരംകുളം സിഐ ഷൈന്‍ നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. കേസെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സിഐ മോശമായി പെരുമാറിയതായും പരാതിക്കാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ ചമ്രവട്ടംകടവ് സ്വദേശി ജിംഷാദ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. എസ്എച്ച്ഒ പരാതിക്കാരനോട് സംസാരിക്കുന്നതിന്റെ ശബ്ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്.
◾ വഖഫ് നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ നിയമത്തിന് അനൂകൂലമായി രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി. ഏപ്രില്‍ ഇരുപത് മുതല്‍ പഞ്ചായത്ത് തലം വരെ പ്രചാരണ പരിപാടികള്‍ നടത്താനാണ് തീരുമാനം. പ്രതിപക്ഷ പാര്‍ട്ടികള്‍ വഖഫ് നിയമഭേദഗതിക്കെതിരെ പ്രതിഷേധം കടുപ്പിക്കുമ്പോഴാണ് ഇത് ചെറുക്കാനുള്ള നീക്കത്തിന് ബിജെപിയും തയ്യാറെടുക്കുന്നത്. പ്രചാരണപരിപാടികള്‍ക്കായി ദേശീയ തലത്തില്‍ ബിജെപി സമിതി രൂപീകരിച്ചു.പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാധാമോഹന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ അനില്‍ ആന്റണി, അരവിന്ദ് മേനോന്‍, ജമാല്‍ സിദ്ദിഖി എന്നിവര്‍ അംഗങ്ങളാണ്.
◾ ഗുരുവായൂരപ്പന് വഴിപാട് സമര്‍പ്പണമായി 36 പവന്‍ തൂക്കം വരുന്ന സ്വര്‍ണ കിരീടം. തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗന്‍ എന്ന ഭക്തനാണ് സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ചത്. രാവിലെ ഒമ്പതിന് കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സമര്‍പ്പണം. ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ കിരീടം ഏറ്റുവാങ്ങി.
◾ കോട്ടയം ഗവണ്‍മെന്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസ് പ്രതികള്‍ക്ക് ജാമ്യം. വിദ്യാര്‍ത്ഥികളായ സാമുവല്‍ ജോണ്‍സണ്‍, എസ് എന്‍ ജീവ, റിജില്‍ ജിത്ത്, കെ പി രാഹുല്‍ രാജ്, എന്‍ വി വിവേക് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം. കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
◾ ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനതല ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി നാളെ മോക്ക് ഡ്രില്‍ സംഘടിപ്പിക്കും. സംസ്ഥാനത്തുടനീളമുള്ള 12 ജില്ലകളില്‍ തിരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളില്‍ ഒരേ സമയം മോക്ക് ഡ്രില്‍ സംഘടിപ്പിക്കും. മുന്‍പ് നിശ്ചയിച്ചതില്‍ നിന്ന് വിഭിന്നമായി ശബരിമലയിലെ പ്രത്യേക ഉത്സവ സാഹചര്യം പരിഗണിച്ചുകൊണ്ട് പത്തനംതിട്ട ജില്ലയെ മോക്ഡ്രില്ലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
◾ വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ കോഴിക്കോട് സ്വദേശിയായ 83 കാരന് 8.80ലക്ഷം രൂപ നഷ്ടപ്പെട്ടു. മുംബൈയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞാണ് പണം തട്ടിയത്. മുംബൈയില്‍ മുന്‍പ് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്ത, എലത്തൂരില്‍ താമസിക്കുന്ന വയോധികനില്‍ നിന്നാണ് പണം തട്ടിയത്. മുംബൈയില്‍ ജോലി ചെയ്ത സമയത്ത് മനുഷ്യക്കടത്ത് നടത്തിയെന്ന് പറഞ്ഞായിരുന്നു ഫോണില്‍ ബന്ധപ്പെട്ടത്. കേസിന്റെ ആവശ്യത്തിന് ബാങ്ക് രേഖകള്‍ അയച്ചു നല്‍കാനും ആവശ്യപ്പെട്ടു. ബാങ്ക് രേഖകള്‍ കൈക്കലാക്കിയ സംഘം പണം അപഹരിക്കുകയായിരുന്നു.
◾ കൊല്ലം കണ്ണനല്ലൂരില്‍ ഒരു വീട്ടില്‍ നടത്തിയ എക്സൈസ് പരിശോധനയില്‍ എട്ടര കിലോ കഞ്ചാവ് പിടികൂടി. കണ്ണനല്ലൂര്‍ സ്വദേശി സംഗീതിനെ എക്സൈസ് എന്‍ഫോഴ്സ്മെന്റെ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. പരിശോധനാ സംഘം എത്തുമ്പോള്‍ സംഗീതും സുഹൃത്തുക്കളും ചേര്‍ന്ന് വില്‍പനയ്ക്ക് വേണ്ടി കഞ്ചാവ് നിറയ്ക്കുകയായിരുന്നു. റെയ്ഡിനിടെ എക്സൈസുകാരെ പ്രതികള്‍ ആക്രമിക്കുകയും ചെയ്തു. സംഘത്തിലെ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
◾ അമ്പലമുക്ക് വിനീത വധക്കേസില്‍ പ്രതി രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ഏഴാം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. തമിഴ്നാട് സ്വദേശിയായ രാജേന്ദ്രനാണ് സ്വര്‍ണ മാല തട്ടിയെടുക്കാനായി വിനീതയെ വധിച്ചതെന്നാണ് കണ്ടെത്തല്‍. കേസില്‍ കോടതി വിധി പ്രസ്താവിച്ചിട്ടില്ല. ഈ മാസം 21 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി, ഏഴ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. പ്രതിയുടെ മാനസിക നില പരിശോധിക്കാനുള്ള റിപ്പോര്‍ട്ട് അടക്കമാണ് തേടിയത്.
◾ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് കര്‍ണാടക ഗവര്‍ണര്‍ക്ക് വീണ്ടും കത്ത്. ബെംഗളൂരു സ്വദേശി എച്ച് രാമമൂര്‍ത്തി എന്നയാളാണ് ഇത്തവണ ഗവര്‍ണറെ സമീപിച്ചത്. 2015ലെ ഖനന അഴിമതിയുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയെ വിചാരണ ചെയ്യണമെന്നാണ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ രാമമൂര്‍ത്തി ആവശ്യപ്പെട്ടിരിക്കുന്നത്.
◾ ബഹ്റൈനില്‍ താമസ സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തിയ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു. ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സിന്റെ ജനറല്‍ ഡയറക്ടറേറ്റിലെ ആന്റി നാര്‍കോട്ടിക്സ് ഡയറക്ടറേറ്റ് ആണ് ഇവരെ പിടികൂടിയത്. അഞ്ച് പേരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 28നും 51നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. ലഹരി ഇടപാട് നടത്തുന്നതിനായാണ് വീട്ടില്‍ ഇവര്‍ കഞ്ചാവ് വെച്ചുപിടിപ്പിച്ചത്. പത്ത് ലക്ഷം ബഹ്റൈന്‍ ദിനാറാണ് കണ്ടുകെട്ടിയ ലഹരി വസ്തുക്കളുടെ വിപണി മൂല്യം വരുന്നത്.
◾ മധ്യപ്രദേശിലെ നര്‍മ്മദാപുരം ജില്ലയില്‍ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ പ്യൂണ്‍ വിലയിരുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ കോളേജ് പ്രിന്‍സിപ്പലിനും പ്രൊഫസര്‍ക്കും സസ്പെന്‍ഷന്‍. ഉത്തരക്കടലാസുകള്‍ പ്യൂണ്‍ വിലയിരുത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രാദേശിക എംഎല്‍എ താക്കൂര്‍ദാസ് നാഗ്വാന്‍ഷിയെ സമീപിക്കുകയും തുടര്‍ന്ന് അദ്ദേഹം അധികൃതര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു. എന്നാല്‍,ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം രണ്ടുതവണ ഔട്ട്‌സോഴ്‌സ് ചെയ്ത ശേഷം പ്യൂണിന്റെ കയ്യിലെത്തിയെന്നാണ് പുതിയ വിവരങ്ങള്‍.
◾ എന്‍ജിഒയുടെ മറവില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് റാക്കറ്റ് രാജസ്ഥാനില്‍ പിടിയില്‍. ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളെ സമൂഹ വിവാഹം കഴിപ്പിക്കുന്നുവെന്ന വ്യാജേനയാണ് എന്‍ജിഒ പ്രവര്‍ത്തിക്കുന്നത്. ഒരു സ്ത്രീയാണ് സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബങ്ങളില്‍ നിന്നുള്ള യുവതികളെ ഇത്തരത്തില്‍ കെണിയില്‍ പെടുത്തിയിരുന്നത്. ഗായത്രി വിശ്വകര്‍മ്മ എന്നു പേരുള്ള ഇവര്‍ തന്നെയായിരുന്നു ഈ വ്യാജ എന്‍ജിഒ നടത്തിയിരുന്നതുമെന്നുമാണ് വിവരം. ഏജന്റുമാരില്‍ നിന്ന് പെണ്‍കുട്ടികളെ 'വാങ്ങി' വധുവിനെ അന്വേഷിക്കുന്ന യുവാക്കള്‍ക്ക് 2.5-5 ലക്ഷം രൂപ വരെയുള്ള വിലക്ക് 'വില്‍ക്കുമായിരുന്നു' എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉത്തര്‍പ്രദേശുകാരിയായ 16 വയസ്സുള്ള ഒരു പെണ്‍കുട്ടി ഞായറാഴ്ച ഇവിടെ നിന്ന് രക്ഷപ്പെട്ട് പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
◾ തമിഴ്നാട്ടിലെ കാട്ടുപള്ളിയിലുള്ള അദാനി തുറമുഖത്ത് എത്തിയ കണ്ടെയ്നറില്‍ നിന്ന് 9 കോടി രൂപ വിലവരുന്ന വെള്ളിക്കട്ടികള്‍ കാണാതായതായി പരാതി. ലണ്ടനില്‍ നിന്ന് ഇറക്കുമതി ചെയ്ത ശേഷം കമ്പനിയിലേക്ക് അയക്കും മുന്‍പ് കണ്ടെയ്നര്‍ രണ്ട് തവണ തുറന്നതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. ശ്രീപെരുംപുത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കയറ്റുമതി - ഇറക്കുമതി സ്വകാര്യ കമ്പനിയാണ് ലണ്ടനില്‍ നിന്ന് ഏകദേശം 39 ടണ്‍ വെള്ളിക്കട്ടികള്‍ ഇറക്കുമതി ചെയ്തത്.പതിവ് പരിശോധനയ്ക്കിടെ, രണ്ട് കണ്ടെയ്‌നര്‍ ബോക്സുകളില്‍ ഒന്നിന്റെ ഭാരം കുറവാണെന്ന് കണ്ടെത്തി. 922 കിലോഗ്രാം ഭാരമുള്ള 30 വെള്ളി ബാറുകളാണ് കാണാതായത്. ഇത് ഏകദേശം 9 കോടി രൂപ വിലമതിക്കുന്നതാണെന്ന് കമ്പനി അറിയിച്ചു.
◾ അധിക തീരുവ പ്രഖ്യാപനം ട്രംപ് മരവിപ്പിച്ചതോടെ കുതിച്ചുയര്‍ന്ന് അമേരിക്കന്‍ ഓഹരി വിപണി. ഡൗ ജോണ്‍സ് സൂചിക 8 ശതമാനം ഉയര്‍ന്ന് 3000 പോയിന്റിന്റെ നേട്ടമാണ് രേഖപ്പെടുത്തിയത്. നാസ്ഡാക് 12 ശതമാനവും, എസ് ആന്‍ഡ് പി 500 ഒന്‍പത് ശതമാനവും മുന്നേറി. കഴിഞ്ഞ ഒരാഴ്ച്ചയില്‍ ലിസ്റ്റഡ് കമ്പനികളുടെ ആകെ വിപണി മൂല്യത്തില്‍ ആറ് ലക്ഷം കോടി ഡോളര്‍ മാഞ്ഞുപോയിടത്ത് നിന്നാണ് ഓഹരി സൂചികകളുടെ തിരിച്ചുവരവ്.
◾ 2028-ലെ ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തി. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ എക്‌സിക്യുട്ടീവ് ബോര്‍ഡാണ് ക്രിക്കറ്റ് ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തുന്നതിന് അംഗീകാരം നല്‍കിയത്. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും വെവ്വേറെ ടൂര്‍ണമെന്റുകള്‍ നടത്തും. ഇരുവിഭാഗങ്ങളിലും ആറുവീതം ടീമുകള്‍ക്ക് പങ്കെടുക്കാമെന്നും സംഘാടകര്‍ അറിയിച്ചു. ടി20 ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍.
◾ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഒറ്റയടിക്ക് 2160 രൂപ വര്‍ധിച്ചതോടെ പവന്‍ വില വീണ്ടും 66,480 ല്‍ എത്തി. ഗ്രാമിന് 270 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8560 രൂപയാണ്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലെ വിലക്കുറവ് ഇല്ലാതായി. ഈ മാസത്തെ ഉയര്‍ന്ന വിലയില്‍ നിന്ന് 2,680 രൂപ വരെ കുറഞ്ഞതാണ്. എന്നാല്‍ ഇന്നും ഇന്നലെയുമായി ആ വിലക്കുറവ് തിരിച്ചുപിടിച്ചു. ഏപ്രില്‍ മൂന്നിന് കുറിച്ച റെക്കോഡ് വിലയ്‌ക്കൊപ്പമാണ് ഇന്ന് സ്വര്‍ണം. അന്താരാഷ്ട്രതലത്തിലും ആഭ്യന്തര തലത്തിലുമുണ്ടായ ഒറ്റദിവസത്തെ ഏറ്റവും ഉയര്‍ന്നവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് കുതിച്ചു കയറി. ഗ്രാമിന് 255 രൂപ ഉയര്‍ന്ന് 7,050 രൂപയിലാണ് വ്യാപാരം. വെള്ളി വില ഇന്ന് ഗ്രാമിന് മൂന്ന് രൂപ വര്‍ധിച്ച് 105 രൂപയിലെത്തി. അന്താരാഷ്ട്ര വിലയുടെ ചുവടുപറ്റിയാണ് കേരളത്തിലും വില കുതിച്ചത്. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ സ്വര്‍ണ്ണവില വീണ്ടും കുതിക്കും. ഔണ്‍സ് വില 3,200 ഡോളര്‍ കടന്നു മുന്നേറിയേക്കുമെന്നുള്ള പ്രവചനങ്ങള്‍ വരുന്നുണ്ട്. അങ്ങനെയാണെങ്കില്‍ കേരളത്തില്‍ വില 70,000 കടക്കും.
◾ ഇന്ത്യയില്‍ പരീക്ഷിച്ച ഡ്യുറബിള്‍ സ്മാര്‍ട്ട്ഫോണ്‍ ആയ ഓപ്പോ എഫ് 29 5ജി സീരീസ് അവതരിപ്പിച്ചു. ആദ്യ വില്‍പ്പ നയില്‍ ഉപഭോക്താക്കള്‍ക്ക് ഓപ്പോ മികച്ച കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. ഓപ്പോ എഫ്29 5ജി സീരീസില്‍, കമ്പനി ഓപ്പോ എഫ്29 5ജി, ഓപ്പോ എഫ് 29 പ്രോ 5ജി എന്നിങ്ങനെ രണ്ട് മോഡലുകള്‍ പുറത്തിറക്കി. ഓപ്പോ എഫ്29 5ജിയുടെ വില്‍പ്പന മാര്‍ച്ച് 27ന് മുതല്‍ ആരംഭിച്ചു. സോളിഡ് പര്‍പ്പിള്‍, ഗ്ലേസിയര്‍ ബ്ലൂ എന്നീ രണ്ട് ആകര്‍ഷകമായ കളര്‍ വേരിയന്റുകളിലാണ് ഓപ്പോ എഫ്29 5ജി പുറത്തിറക്കിയിരിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോ റേജുമുള്ള മോഡലിന് 23,999 രൂപയാണ് വില 256 ജിബി സ്റ്റോറേജുള്ള ഉയര്‍ന്ന വേരിയന്റ് തിരഞ്ഞെടുക്കുകയാണെങ്കില്‍ 25,999 രൂപയായിരിക്കും വില എച്ച്ഡിഎ ഫ്സി, ആക്സിസ്, എസ്ബിഐ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുകയാണെ ങ്കില്‍ 10 ശതമാനം വിലക്കിഴിവ് ഉടന്‍ ലഭിക്കും.
◾ പ്രതിസന്ധികള്‍ക്ക് ഒടുവില്‍ ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന 'മിസ്റ്റര്‍ ആന്റ് മിസിസ് ബാച്ച്ലര്‍' എന്ന ചിത്രം റിലീസ് ചെയ്യുന്നു. ചിത്രം മെയ് ഒന്‍പതിന് തിയറ്ററുകളില്‍ എത്തും. തെന്നിന്ത്യ ഒട്ടാകെ പ്രേക്ഷക പിന്തുണയുള്ള അനശ്വരാ രാജനാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സമീപകാലത്ത് ഇറങ്ങിയ ഭൂരിഭാഗം സിനിമകളും ഹിറ്റായി മാറിയ നടി കൂടിയാണ് അനശ്വര. അതുകൊണ്ട് തന്നെ പുതിയൊരു ഹിറ്റാകും ഈ ചിത്രമെന്നാണ് വിലയിരുത്തലുകള്‍. ഇന്ദ്രജിത്താണ് നായകന്‍. പൂര്‍ണ്ണമായും ഒരു റോഡ് മൂവിയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ബിജു പപ്പന്‍,രാഹുല്‍ മാധവ്, ദീപു കരുണാകരന്‍, സോഹന്‍ സീനുലാല്‍രാഹുല്‍ മാധവ്, ദീപു കരുണാകരന്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഹൈലൈന്‍ പിക്ചേഴ്സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ്. അര്‍ജുന്‍ റ്റി സത്യന്‍ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പ്രദീപ് നായര്‍ ആണ്.
◾ അജയ് ദേവ്ഗണ്‍ നായകനായെത്തുന്ന ക്രൈം ത്രില്ലര്‍ 'റെയ്ഡ് 2' ട്രെയിലര്‍ എഎത്തി. രാജ് കുമാര്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രം 2018ല്‍ ഇറങ്ങിയ റെയ്ഡ് സിനിമയുടെ തുടര്‍ച്ചയാണ്. റിതേശ് ദേശ്മുഖ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നു. വാണി കപൂര്‍, രജത് കപൂര്‍, സൗരഭ് ശുക്ല, സുപ്രിയ പതക്, യശ്പാല്‍ ശര്‍മ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അമിത് ത്രിവേദിയാണ് സംഗീതം. തമന്നയുടെ ഐറ്റം ഡാന്‍സ് സിനിമയുടെ ചൂടന്‍ ആകര്‍ഷണമാകും. സ്ത്രീ 2 സിനിമയിലെ തമന്നയുടെ ഐറ്റം ഡാന്‍സ് ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിലെത്തും.
◾ ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ വേലാര്‍ സ്വന്തമാക്കി തമന്ന ഭാട്ടിയ. ആഡംബരം നിറഞ്ഞ ഈ എസ് യു വിയ്ക്കായി തമന്ന തിരഞ്ഞെടുത്തിരിക്കുന്ന നിറം അരോയസ് ഗ്രേ കളര്‍ ഓപ്ഷനാണ്. ഏകദേശം 1.10 കോടി രൂപയാണ് രാജ്യത്ത് ഈ വാഹനത്തിനു വില വരുന്നത്. 2018 ല്‍ ഇന്ത്യയിലെത്തിയ വാഹനം 2023 ല്‍ പുതുമാറ്റങ്ങളോടെ അവതരിപ്പിച്ചിരുന്നു. 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് റേഞ്ച് റോവര്‍ വേലാറിലുള്ളത്. 250എച്പി കരുത്തും പരമാവധി 365എന്‍എം ടോര്‍ക്കും പുറത്തെടുക്കും ഈ എന്‍ജിന്‍. പരമാവധി വേഗം 217 കിലോമീറ്റര്‍. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്ററിലേക്ക് 7.5 സെക്കന്‍ഡില്‍ പറപറക്കും വേലാര്‍. 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനും വാഹനത്തിനുണ്ട്. 204എച്പി കരുത്തും പരമാവധി 430എന്‍എം ടോര്‍ക്കും പുറത്തെടുക്കും ഡീസല്‍ എന്‍ജിന്‍. ഉയര്‍ന്ന വേഗത 210 കിലോമീറ്റര്‍. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ വേണ്ട സമയം 8.3 സെന്‍ക്കന്‍ഡുകള്‍.
◾ എന്റെ തലയിലും ശരീരത്തിലും തീവ്രതയുള്ള വെളിച്ചം നിറഞ്ഞു.ഒരു മില്യന്‍ പ്രകാശവര്‍ഷമകലെയുള്ള ധൂമതാരാഗണം. ശബ്ദമില്ലാതെ ശ്വസിക്കുന്നു. നക്ഷത്രാകൃതിയുള്ള പുകപടലങ്ങളും നക്ഷത്രങ്ങളും കനത്ത ഇരുട്ടില്‍ മഴവില്ലു തീര്‍ത്തു വെട്ടിത്തിളങ്ങി കറങ്ങിത്തിരിയുന്നു. നിശബ്ദമായ ശ്വാസനിശ്വാസങ്ങള്‍. ജപ്പാനിലെ സമകാലില സ്ത്രീത്വത്തിന്റെ ചിത്രം.തങ്ങളുടെ ഭാവി കണ്ടെത്താനുള്ള വഴിയില്‍ അടിച്ചമര്‍ത്തലിനെയും സ്വന്തം അനിശ്ചിതത്വങ്ങളെയും നേരിടുന്ന മൂന്ന് സ്ത്രീകളുടെയും കഥ. 'മൂന്ന് പെണ്ണുങ്ങളുടെ വേനല്‍ക്കാലം'. മീകോ കവാകാമി. വിവര്‍ത്തനം - ആശ നായര്‍. ഡിസി ബുക്സ്. വില 522 രൂപ.
◾ മുതിര്‍ന്നവരില്‍ കണ്ടു വന്നിരുന്ന ഫാറ്റി ലിവര്‍ രോഗം ഇന്ന് കുട്ടികളിലും വര്‍ധിക്കുന്നു. മോശം ജീവിതശൈലിയാണ് ഇതിന് പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പേസ്ട്രി, കൂള്‍ ഡ്രിങ്സ്, കുക്കീസ് പോലുള്ള കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ അവയില്‍ അടങ്ങിയ പഞ്ചസാരയുടെ 50 ശതമാനം ഗ്ലൂക്കോസും 50 ശതമാനം ഫ്രക്ടോസുമാണ്. ഗ്ലൂക്കോസ് ശരീരത്തിന് ഊര്‍ജം നല്‍കുമ്പോള്‍, അധികമാകുന്ന ഫ്രക്ടോസ് കരളില്‍ കൊഴുപ്പായി അടിഞ്ഞുകൂടുകയും ഇത് ഫാറ്റി ലിവറിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് തിരിച്ചറിയാതെ പോകുന്നത് ഗുരുതര കരള്‍ രോഗങ്ങളിലേക്കും കരള്‍ മാറ്റിവെക്കല്‍ പോലുള്ളവയിലേക്ക് കടക്കേണ്ടതായും വരുന്നു. മുതിര്‍ന്നവരില്‍ എന്ന പോലെ തന്നെ അക്യൂട്ട് ഹെപ്പറ്റൈറ്റിസ്, ക്രോണിക് ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവര്‍ സിറോസിസ് (കരള്‍ ചുരുക്കം), എന്നിവയെല്ലാം കുട്ടികളിലും കണ്ടുവരുന്നുണ്ട്. അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണക്രമം, ജങ്ക്ഫുഡ്, വ്യായാമത്തിന്റെ അഭാവം എന്നിവ കുട്ടികളില്‍ ഫാറ്റി ലിവര്‍ അവസ്ഥയുണ്ടാക്കാം. തുടക്കത്തില്‍ ലക്ഷണങ്ങളൊന്നും ഉണ്ടാവാറില്ലെന്നതാണ് വെല്ലുവിളിയാകുന്നത്. ക്രമേണ അത് സ്റ്റിയറ്റോഹെപ്പറ്റൈറ്റിസിനും (കരള്‍വീക്കം), സിറോസിസിനും കാരണമാകുന്നു. വയറുവേദന, മഞ്ഞപ്പിത്തം, വീക്കം, ക്ഷീണം, അസ്വസ്ഥത എന്നീ ലക്ഷണങ്ങള്‍ ആ സമയം അനുഭവപ്പെടാം. മാനസികമായ സമ്മര്‍ദം കാരണം പല കുട്ടികളും അമിതമായി ഭക്ഷണം കഴിക്കുന്നത് ഫാറ്റിലിവറിന് വഴിയൊരുക്കുന്നു. നല്ലവണ്ണം വെള്ളം കുടിക്കുന്നതും ചിട്ടയായ വ്യായാമവും കുട്ടികള്‍ ശീലമാക്കണം. പഴങ്ങളും ഇലവര്‍ഗങ്ങളും പച്ചക്കറികളും സ്ഥിരമായി ഡയറ്റിന്റെ ഭാഗമാകണം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 86.04, പൗണ്ട് - 111.01, യൂറോ - 95.21, സ്വിസ് ഫ്രാങ്ക് - 101.78, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.00, ബഹറിന്‍ ദിനാര്‍ - 228.24, കുവൈത്ത് ദിനാര്‍ -279.53, ഒമാനി റിയാല്‍ - 223.47, സൗദി റിയാല്‍ - 22.91, യു.എ.ഇ ദിര്‍ഹം - 23.49, ഖത്തര്‍ റിയാല്‍ - 23.63, കനേഡിയന്‍ ഡോളര്‍ - 61.25.
➖➖➖➖➖➖➖➖
Tags:
KERALA