താമരശ്ശേരി: തന്റെ മകനെ കൊലപ്പെടുത്തിയവരെ പരീക്ഷയെഴുതാനായി ഈ സർക്കാർ സമ്മതിക്കില്ലെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നും എന്നാല്‍ അത് ഇന്നലത്തോടെ നഷ്ടമായെന്ന് കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് ഇക്ബാല്‍.താമരശ്ശേരിയില്‍ വിദ്യാർത്ഥികള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ കൊല്ലപ്പെട്ട ഷഹബാസിനെ ആക്രമിച്ച വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ സമ്മതിച്ച നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്റെ മകൻ ഇന്ന് അണിഞ്ഞൊരുങ്ങി പരീക്ഷയ്ക്ക് പോവേണ്ടതായിരുന്നു. അവരെ പരീക്ഷയെഴുതിക്കും എന്നറിഞ്ഞതോടെ ഞങ്ങള്‍ തകർന്നുപോയി. നീതി പീഠത്തില്‍ ഇന്നും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. സാധാരണ ഗതിയില്‍ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ കോപ്പിയടിച്ചാല്‍ അടക്കം മാറ്റി നിർത്താറാണ് പതിവ്. എന്നിട്ടും കൊലപാതികയായ ആള്‍ക്കാരെ പരീക്ഷയെഴുതിക്കുന്നത് വിഷമം ഉണ്ടാക്കുന്നു - ഇക്ബാല്‍ പറയുന്നു. സർക്കാരിന്റെ ഇത്തരം നടപടി കുട്ടികള്‍ക്ക് ഇതുപോലയുള്ള ക്രൂരത ചെയ്യാനുള്ള പ്രചോദനമാണെന്നും ഇക്ബാല്‍ പറയുന്നു. ഇന്ന് ചെറിയ ആയുധം കൊണ്ട് വന്ന് ഈ ക്രൂരത കാണിച്ചവർ നാളെ തോക്ക് കൊണ്ട് വന്ന് സഹപാഠികളെ വെടിവെയ്ക്കില്ലെന്ന് എന്ത് ഉറപ്പാണുള്ളത്- ഇക്ബാല്‍ ചോദിക്കുന്നു.
ഈ വർഷം അവരെ പരീക്ഷയെഴുതുന്നതില്‍ നിന്ന് മാറ്റിനിർത്തി അടുത്ത വർഷം പരീക്ഷയെഴുതാൻ അനുവദിച്ചാലും ഞങ്ങള്‍ക്ക് പ്രശ്നമില്ലായിരുന്നു. സർക്കാർ അങ്ങനെയൊരു നടപടിയെടുത്തിരുന്നുവെങ്കില്‍ ഇത്തരം ക്രൂരതകള്‍ ചെയ്താല്‍ മുന്നോട്ട് പോവാൻ ബുദ്ധിമുട്ടായിരിക്കുമെന്നത് ബാക്കിയുള്ളവർക്കും ഒരു പാഠമായേനെ. ആര് എന്ത് ചെയ്താലും നീതി പീഠവും സർക്കാരും കുറ്റം ചെയ്തവർക്കൊപ്പമുണ്ടെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്.
Tags:
THAMARASSERY