സംസ്ഥാനത്തെ പൊതുപരീക്ഷയുടെ അവസാന ദിവസം സ്കൂളുകൾക്ക് സംരക്ഷണം നൽകുന്നതിന് പോലീസ് സഹായം തേടുമെന്ന് വിദ്യാഭ്യാസ ഓഫീസർ. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ അവസാന ദിവസം സ്കൂളുകളിൽ പോലീസ് സാന്നിധ്യം ഉണ്ടായിരിക്കുമെന്നാണ് സൂചന. കഴിഞ്ഞ വർഷങ്ങളിൽ പരീക്ഷയുടെ അവസാനദിവസം സ്കൂളുകളിലെ ഫർണിച്ചറുകളും ഫാനുകളും അടക്കമുള്ളവ വിദ്യാർത്ഥികൾ നശിപ്പിച്ചിരുന്ന സാഹചര്യത്തിലാണ് ഈ വർഷം ഇതു മുൻകൂട്ടി കണ്ടുള്ള ഈ തീരുമാനം.
സ്കൂളുകളുടേതായ ഏതെങ്കിലും വസ്തുക്കൾ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. എസ്എസ്എൽസി പരീക്ഷക്ക് ശേഷം ആഹ്ലാദ പ്രകടനങ്ങൾ അതിരു വിടരുതെന്നും വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്കൂളുകളിൽ വിദ്യാർത്ഥികൾ തമ്മിലുള്ള അടിപിടികളും ആക്രമണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രിൻസിപ്പൽമാരും പ്രധാന അധ്യാപകരും ജാഗ്രത പുലർത്തണമെന്നും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ പൊതുപരീക്ഷയുടെ അവസാന ദിവസം വിദ്യാർത്ഥികൾ തമ്മിലുള്ള സംഘട്ടനങ്ങൾ ഉണ്ടായിരുന്നു. ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായി സ്കൂൾ ഫർണിച്ചറുകളും ഫാനും നശിപ്പിക്കുകയും സ്കൂളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു.
ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ വർഷം പ്രശ്ന സാധ്യതയുള്ള സ്കൂളുകളെ പ്രത്യേകം വിലയിരുത്തിയിട്ടുണ്ട്. പരീക്ഷയുടെ അവസാനദിവസം തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ നിന്നുമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും സ്കൂളുകളിൽ ഉണ്ടാകുമെന്നാണ് സൂചന.