വ്രതാനുഷ്ഠാനത്തിൻ്റെ പരിസമാപ്തി വിളിച്ചറിയിച്ച് ആകാശത്ത് ശവ്വാൽ ചന്ദ്രക്കല ദൃശ്യമായി. അല്ലാഹു അക്ബർ.... വലില്ലാഹിൽ ഹംദ്
വിശ്വാസിലോകം പെരുന്നാൾ ആഘോഷിക്കുകയാണ്. ഈദുൽ ഫിത്വറിൻ്റെ മൈലാഞ്ചിച്ചുകപ്പും ഗൃഹസന്ദർശനങ്ങളും പുത്തനുടുപ്പുകളുമായി ആഹ്ലാദിച്ചിരുന്ന പഴയ കാലം കാർമുകിൽ വന്നു മൂടിപ്പോയിരിക്കുന്നു. വ്രതത്തിലൂടെ മനസിനെ ശുദ്ധീകരിച്ച് പെരുന്നാളിലേക്ക് അടുക്കുമ്പോൾ ഉണ്ടാകുന്ന ഒരാനന്ദം കടന്നു വരാൻ മനസു മടിക്കുന്നു. അത്രയേറെ ഭീകരമാണ് പരിസരങ്ങളിലെ കാഴ്ചകളും വാർത്തകളും.
പെരുന്നാളിൻ്റെ സുഗന്ധം പകർന്ന് മൈലാഞ്ചിക്കും കുഞ്ഞുടുപ്പുകൾക്കുമായി ഓടി നടന്ന മാതാപിതാക്കളുടെ ഗളത്തിൽ കത്തിവയ്ക്കുന്ന മക്കൾ ജന്മം നൽകിയതിന് ശിക്ഷ നൽകുന്ന കാലത്താണ് നമുള്ളത്. മാലിന്യക്കൂമ്പാരത്തിനുമീതെ കിടന്നുറങ്ങുന്ന ചെന്നായ്ക്കളുടെ അവസ്ഥയിലാണ് രക്ഷാകർത്താക്കൾ. അത്രയേറെ ദുർഗന്ധത്തിൻ്റെ, അതിക്രമത്തിൻ്റെ, നരമേധത്തിൻ്റെ ചപ്പു കൂനകളാണ് നമുക്ക് ചുറ്റുമുള്ളത്.
ലഹരിയുടെ വേരുകൾ തേടിച്ചെല്ലുന്നവർ പകച്ചു പോകുന്ന കാഴ്ചകളാണ് എവിടെയും. പല പ്രമുഖരുടെയും പ്രധാന വരുമാനമാർഗങ്ങളിലൊന്നായി ലഹരിക്കച്ചവടം മാറിയിരിക്കുന്നു. പ്രതികരിക്കുന്നവരെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്ന പ്രവണതകൾ കൂടി വരുന്നു. രാഷ്ട്രീയക്കാരുടെയും പ്രമാണിമാരുടെയും പിന്തുണയിലാണ് നാടുനീളെ ലഹരിയുടെ അരാജകരാക്ഷസന്മാർ വിഹരിക്കുന്നത്. മാതാവിൻ്റെ കാൽചുവട്ടിലാണ് സ്വർഗമെന്ന് പഠിപ്പിക്കുമ്പോഴും പെറ്റമ്മയെ ഇല്ലാതാക്കാനുള്ള മനസ്സും കാപട്യവും വെറുപ്പും വിതരണം ചെയ്യപ്പെടുകയാണ് പരിസരങ്ങളിൽ. വഴി തെറ്റാതിരിക്കാൻ ഒന്നാം ക്ലാസിലേക്ക് മക്കൾക്കൊപ്പം പോയ അമ്മമാർ പഠനം കഴിഞ്ഞ കുട്ടികളെ വഴിതെറ്റാതിരിക്കാൻ തിരികെ വീട്ടിലേക്ക് കൂട്ടി വരുന്ന പുതിയ കാലത്താണ് നാമുള്ളത്.
ലഹരിക്കെതിരെ ഒറ്റക്കും കൂട്ടായും പ്രയത്നിക്കേണ്ട സമയമാണിത്. എൻ്റെ മക്കൾ അതൊന്നും ചെയ്യില്ല എന്ന് വിശ്വസിക്കുന്ന രക്ഷിതാവിന് ജീവൻ ഭയന്ന് മക്കളെ പൊലീസ് സ്റ്റേഷനിലേക്ക് അയക്കേണ്ട ഗതികേടിലാണ് നാമുള്ളത്. നമ്മുടെ നാട് നേടിയിരുന്ന പ്രശസ്തിയും സാംസ്കാരിക ഔന്നത്യവും കൊറോണയുടെ കാലത്ത് കവർന്നെടുക്കപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസത്തിലും ജീവിത നിലവാരത്തിലും കൈവിട്ടു പോയ ആഭിജാത്യം വീണ്ടെടുക്കാൻ നമുക്ക് സാധിക്കട്ടെ.
ഖുദ്സിൻ്റെ രോദനം അനുദിനം ഉയരുകയാണ്. ഗസ്സ മുനമ്പ് സ്വന്തമാക്കുമെന്ന് പെരുന്നാൾ ദിനത്തിൽ വീണ്ടും നെതന്യാഹു പ്രഖ്യാപിച്ചു. ബൈത്തുൽ മുഖദ്ദസ് വിശ്വാസികളുടെ പവിത്രഗേഹമാണ്. പ്രവാചകന് ആകാശത്തിലേക്ക് ഉഡ്ഢയനം സാധ്യമാക്കിയ ഇടം. മിഅറാജിലൂടെ അനശ്വരമായ ഓർമകളും നിരവധി പ്രവാചകന്മാരുടെ പാദസ്പർശമേറ്റ പുണ്യ പ്രദേശവുമാണത്. അതിൻ്റെ രക്ഷക്കായി പൊരുതിയ ജനത കഴിഞ്ഞ ഒന്നര വർഷം കൊണ്ട് അമ്പതിനായിരത്തിൽ പരം ജീവനുകളെയാണ് ബലി കൊടുത്തത്. ഒന്നര ലക്ഷത്തോളം പേർക്ക് ഗുരുതര പരിക്കുകളേറ്റു. പെരുന്നാളിൻ്റെ പുതു വസ്ത്രമണിഞ്ഞ കുഞ്ഞുമക്കൾ ഇന്നും ഇസ്റാഈൽ ബോംബിങ്ങിൽ ചിന്നിച്ചിതറി. മനുഷ്യ കബദ്ധങ്ങൾ കുന്നുകൂടിയിരിക്കുന്നു. കെട്ടിടങ്ങൾ തകർന്ന് ഭവനരഹിതരായ ജനത. പള്ളികൾ തകർന്നു.തമ്പുകളിൽ അഭയം തേടിയ കുഞ്ഞുങ്ങളെയും സ്ത്രീകളെയും തിരഞ്ഞുപിടിച്ച് വധിച്ച് വംശഹത്യ നടത്തുമ്പോൾ നിസഹായരായി നിൽക്കുന്ന അയൽ അറബ് രാജ്യങ്ങളുടെ അഭ്യന്തര സംഘർഷങ്ങൾ വേദനാജനകമാണ്. സിറിയയിലും ലബനാനിലും സുഡാനിലും യമനിലും സമാധാനമില്ല. ഇറാനെ കണ്ണുരുട്ടി ഭയപ്പെടുത്തി നിർത്തുന്ന അമേരിക്കയുടെ ഭീകരതയ്ക്കു വർഷങ്ങളുടെ പഴക്കമുണ്ട്.
നടുക്കുന്ന കാഴ്ചകളിൽ തകർന്ന മനസുമായി ഒരു പെരുന്നാളിലേക്ക് കൂടി നാം എത്തിച്ചേർന്നിരിക്കുന്നു. പരസ്പര വിദ്വേഷവും വെറുപ്പിൻ്റെ കമ്പോളങ്ങളും കൊട്ടിയടച്ചു സ്നേഹ സഹവർത്തിത്വത്തിൻ്റെ വഴികൾ കെട്ടിപ്പടുക്കുകയാണ് നമുക്കു ചെയ്യാനുള്ളത്. വർഗീയ കലാപങ്ങളില്ലാത്ത, കൊലവിളികളില്ലാത്ത സമാധാനമുളള ഒരു ലോക ക്രമം സാധ്യമാക്കാൻ പ്രതിജ്ഞയെടുക്കാനുള്ളതാകട്ടെ ഈ ചെറിയ പെരുന്നാൾ ചിന്തകൾ... ഏവർക്കും പെരുന്നാൾ ആശംസകൾ
Tags:
THAMARASSERY