Trending

ശവ്വാൽ അമ്പിളി പിറന്നു; സൗദിയിൽ നാളെ (ഞായറാഴ്ച) ചെറിയ പെരുന്നാള്‍.

റിയാദ്: സൗദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതായി മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്ന് അറിയിച്ചു. ഇതനുസരിച്ച് നാളെ മാർച്ച് 30ന് ഞായറാഴ്ച സൗദിയിൽ എല്ലായിടത്തും ഈദുൽ ഫിത്തർ ആഘോഷിക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സൗദി സുപ്രീം കോടതിയിൽ നിന്ന് ഉടനെയുണ്ടാകും.

നാളെ ഒമാൻ ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാൾ. ഒമാനിൽ തിങ്കളാഴ്ചയാണ് പെരുന്നാൾ.

റമദാൻ 29 അവസാനിക്കുന്ന ഇന്ന് മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ സമിതികളുടെ മേൽനോട്ടത്തിൽ മാസപ്പിറവി നിരീക്ഷിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇന്ന് ഭാഗിക സൂര്യഗ്രഹണം ഉണ്ടാകുന്നതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഒരിടത്തും ശവ്വാൽ മാസപ്പിറ കാണാനാകില്ലെന്നായിരുന്നു ചില ജ്യോതിശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നത്. അതേ സമയം ചന്ദ്രന് പ്രകാശം കുറവായിരിക്കുമെന്നും നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ പ്രയാസമായിരിക്കുമെന്നും, എങ്കിലും ദൂരദർശിനികളുടെ സഹായത്തോടെ കാണാൻ കഴിഞ്ഞേക്കുമെന്നുമായിരുന്നു മറ്റു ചില ഗോളശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നത്.

രാജ്യത്തെല്ലായിടത്തും പെരുന്നാൾ നമസ്​കാരത്തിനായി പള്ളികളിലും ഈദ്ഗാഹുകളിലും ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ഈദ്​ഗാഹുകൾ ഒരുക്കുന്നുണ്ട്.

ഈദുൽ ഫിത്തർ പ്രാർത്ഥനയ്ക്കായി സൗദി അറേബ്യയിലുടനീളം ഇരുപതിനായിരത്തിലധികം മസ്ജിദുകളും ഈദ്ഗാഹുകളും സജ്ജീകരിച്ചതായി ഇസ്ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം അറിയിച്ചു.

സൌദിയിൽ സൂര്യോദയത്തിന് ശേഷം 15 മിനുട്ട് കഴിഞ്ഞാണ് സൌദിയില പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം നിർവഹിക്കേണ്ടത്. ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ചാണ് ഇക്കാര്യം നിർണയിച്ചതെന്ന് ഇസ്‌ലാമിക കാര്യ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മഴ സാധ്യതയുളള പ്രദേശങ്ങളിൽ നിന്നും ഈദുഗാഹുൾ പള്ളികളിലേക്ക് മാറ്റണമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
Previous Post Next Post
3/TECH/col-right