എളേറ്റില്‍: താമരശ്ശേരി വിദ്യാർഥി സംഘർഷത്തില്‍ കൊല്ലപ്പെട്ട ഷഹബാസിന്റെ നിർമാണത്തിലിരിക്കുന്ന വീട് എം.ജെ ഹയർ സെക്കൻഡറി സ്കൂള്‍ പൂർവ വിദ്യാർഥി സംഘടനയായ മജോസയുടെ നേതൃത്വത്തില്‍ പൂർത്തീകരിച്ച് നല്‍കും.
പൂർവ വിദ്യാർഥികള്‍, സ്കൂള്‍ അധ്യാപകർ, മാനേജ്മെൻറ്, പി.ടി.എ എന്നിവരുമായി സഹകരിച്ച് പദ്ധതി പൂർത്തീകരിക്കും. തുടങ്ങിവച്ച വീട് നിർമാണം പൂർത്തീകരിക്കുക എന്ന ഷഹബാസിന്റെ ആഗ്രഹ സാക്ഷാല്‍ക്കാരം സ്കൂളിലൂടെ പൂർത്തീകരിക്കുക എന്ന ആഗ്രഹത്തോടെയാണ് ഈ പദ്ധതിയുമായി മുന്നോട്ട് വന്നതെന്ന് കുടുംബത്തെ അറിയിച്ചു.കുടുംബവുമായി ചർച്ച ചെയ്ത ശേഷം മജോസ പ്രസിഡൻറ് എം.എ. ഗഫൂർ മാസ്റ്ററുടെ അധ്യക്ഷതയില്‍ സ്കൂളില്‍ ചേർന്ന സംയുക്ത യോഗത്തിലാണ് തീരുമാനമായത്.
മുനവ്വർ അബൂബക്കർ, സി.പി. മുഹമ്മദ് നിസാർ, പി.പി. മുഹമ്മദ് റാഫി, എം. മുഹമ്മദ് അലി, പി. മുഹമ്മദ് ഇസ്മായില്‍, സിദ്ദീഖ് മലബാരി, എം.പി. മുഹമ്മദ് ഇസ്‌ഹാക്ക്, സവീഷ് ഐ, ഇഖ്ബാല്‍ കത്തറമ്മൽ, പി.ടി. സൗദ, എം.കെ. നാസർ. എം. അബ്ദുല്‍ മുനീർ, ഫസലുല്‍ബാരി, കമറുദ്ദീൻ, സൈനുദ്ദീൻ സി.കെ, ഹംസ പറക്കുന്ന് എന്നിവർ പങ്കെടുത്തു.