Trending

സായാഹ്ന വാർത്തകൾ

◾  കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ മെന്‍സ് ഹോസ്റ്റലില്‍ കഞ്ചാവ് വേട്ട. ഹോസ്റ്റലില്‍ നിന്ന് പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ 2 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 3 വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. കൂട്ടാളികള്‍ ഓടി രക്ഷപ്പെട്ടു. കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21), ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് അറസ്റ്റിലായത്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. 

◾  ഡാന്‍സാഫ് സംഘം റെയ്ഡിനായി കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ മെന്‍സ് ഹോസ്റ്റലില്‍ എത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ കൊച്ചി നര്‍ക്കോട്ടിക് സെല്‍ എസിപി അബ്ദുല്‍സലാം. ഈ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയെ പിടിച്ചതില്‍ നിന്നാണ് വിവരം ലഭിച്ചത്. തൂക്കി വില്‍പ്പനക്കുള്ള ത്രാസും കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തി. ഇത്രയധികം അളവില്‍ കോളേജ് ഹോസ്റ്റലില്‍ നിന്ന് ലഹരി കണ്ടെത്തിയത് പൊലീസിനെ പോലും ഞെട്ടിച്ചെന്നും എസിപി പറഞ്ഞു. ഇന്നലെ രാത്രി തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെ നാല് മണി വരെ നീണ്ടു നിന്നു.

◾  കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടിയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തവരില്‍ എസ് എഫ് ഐ നേതാവും. കരുനാഗപള്ളി സ്വദേശി അഭിരാജ് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇയാളുടെ മുറിയില്‍ നിന്നും  9.70 ഗ്രാം കഞ്ചാവ് പിടിച്ചെന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്. കേസില്‍ പിടിച്ചെടുത്ത കഞ്ചാവ് അളവില്‍ കുറവായതിനാല്‍ ആദിത്യനെയും അഭിരാജിനെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. തന്റെ മുറിയില്‍ നിന്നല്ല കഞ്ചാവ് പിടിച്ചതെന്ന് സ്റ്റേഷനില്‍ നിന്നും മടങ്ങവേ അഭിരാജ് മാധ്യമങ്ങളോട് പറഞ്ഞു.  

◾  കളമശ്ശേരിയില്‍ പോളിടെക്‌നിക് കോളേജിലെ കഞ്ചാവ് കേസില്‍ പിടിയിലായ കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയെ സംരക്ഷിച്ച് എസ് എഫ് ഐ. അഭിരാജ് സിഗരറ്റ് പോലും ഉപയോഗിക്കുന്നയാളല്ലെന്നും അഭിരാജിനെ ഭീഷണിപ്പെടുത്തി പൊലീസ് കേസെടുത്തതാണെന്നും എസ് എഫ് ഐ ഏരിയ പ്രസിഡന്റ് ദേവരാജ് ആരോപിച്ചു. രണ്ട് കിലോയോളം കഞ്ചാവ് പിടികൂടിയത്  കെ എസ് യു നേതാവിന്റെ മുറിയില്‍ നിന്നാണെന്നും ആകാശിനൊപ്പം കെഎസ് യു നേതാവ് ആദിലാണ് മുറിയില്‍ താമസിക്കുന്നതെന്നും ഒളിവില്‍ പോയ ആദില്‍ കെ എസ് യുവിനായി മത്സരിച്ച വിദ്യാര്‍ത്ഥിയാണെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു. 

◾  കളമശ്ശേരിയില്‍ പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആരോപണം തള്ളി കെഎസ്‌യു പ്രവര്‍ത്തകരായ ആദിലും ആനന്തുവും. തങ്ങള്‍ ഒളിവില്‍ പോയിട്ടില്ലെന്ന് എസ്എഫ്‌ഐ ആരോപണം ഉന്നയിച്ച ആദിലും ആനന്തുവും മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ പുറത്ത് പോയതാണെന്നാണ് ആദില്‍ പറയുന്നത്. ഹോസ്റ്റലില്‍ അല്ല താമസിക്കുന്നതെന്നും കഞ്ചാവ് പിടികൂടുന്ന സമയത്ത് പാര്‍ട്ട് ടൈം ജോലിയായ പോട്ടര്‍ ഓണ്‍ലൈന്‍ സാധന വിതരണത്തിന് പോയിരിക്കുകയായിരുന്നു എന്നാണ് അനന്തു പറയുന്നത്.

◾  കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയെ കുടുക്കിയെന്ന എസ് എഫ് ഐ ആരോപണം തള്ളി പൊലീസ്. അറസ്റ്റിലായവര്‍ കേസില്‍ പങ്കുള്ളവര്‍ തന്നെയാണെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നും തൃക്കാക്കര എസിപി ബേബി വിശദീകരിച്ചു. ഉന്നത ഉദ്യോഗസ്ഥരെ അടക്കം അറിയിച്ചാണ് റെയ്ഡ് നടത്തിയത്. ഹോസ്റ്റലില്‍ മറ്റു കുട്ടികളും ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ല. നിലവില്‍ പിടിയിലായവര്‍ക്ക് കേസുമായി കൃത്യമായ ബന്ധമുണ്ട്. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം കേസില്‍ പങ്കുണ്ടെന്നും കോളേജ് അധികാരികളെ രേഖാമൂലം അറിയിച്ച ശേഷമാണ് പരിശോധന നടന്നതെന്നും പൊലീസ് അറിയിച്ചു.

◾  കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. കേസില്‍ അറസ്റ്റിലായ അഭിരാജ്, ആകാശ്, ആദിത്യന്‍ എന്നിവരെ സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ പോളിടെക്‌നിക് കോളേജ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. 

◾  കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജ് ഹോസ്റ്റലിലെ ലഹരിക്കേസില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സമഗ്ര അന്വേഷണത്തിനായി സിറ്റര്‍ ജോയന്റ് ഡയറക്ടര്‍ ആനി എബ്രഹാമിനെ അന്വേഷണത്തിന് നിയോഗിച്ചു. 

◾  ആര്‍എസ്എസ് ഇന്ത്യയുടെ ആത്മാവിനെ നശിപ്പിക്കുന്ന കാന്‍സറെന്ന് പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് തുഷാര്‍ ഗാന്ധി. ചതിയന്മാര്‍ എന്നും ചതിയന്മാരാണെന്നും മാപ്പ് പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ ശക്തികളോട് അല്ല ആഭ്യന്തര ശക്തികളോട് പോരടിക്കേണ്ട അവസ്ഥ ആണെന്നും കേരളത്തില്‍ ഇത് സംഭവിച്ചു എന്നത് തന്നെ അത്ഭുതപെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ  രീതി ഇതല്ലെന്നും ഏറ്റവും പ്രതിപക്ഷ ബഹുമാനം ഉണ്ടെന്നു കരുതുന്ന സ്ഥലം ആണ് കേരളമെന്നും ജനങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടുന്ന അവസാനത്തെ സ്ഥലം ആണ് കേരളമെന്നും വിഷം വമിപ്പിക്കുന്നവരെ കേരളം പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.

◾  ആര്‍എസ്എസിനെതിരായ തുഷാര്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ നിയമനടപടി ആലോചിച്ച് തീരുമാനിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ഭരണഘടന ഉറപ്പ് നല്‍കുന്നതാണ് വിയോജിക്കാനുള്ള അവകാശം. തുഷാര്‍ ഗാന്ധി പ്രസംഗിച്ചപ്പോള്‍ അതെ വേദിയില്‍ പ്രതിഷേധിക്കാമോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. കണ്ണൂരില്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രസംഗിച്ച വേദിയില്‍ ഇര്‍ഫാന്‍ ഹബീബ് പ്രസംഗം തടസപ്പെടുത്തിയില്ലേ. തുഷാര്‍ ഗാന്ധിയെ ആരും സ്റ്റേജില്‍ കയറി ആക്രമിച്ചില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.ലാത്തിയും തോക്കും കൊണ്ട് കാവല്‍ നിന്നാല്‍  ആര്‍എസ്എസുകാര്‍ പ്രതിഷേധിക്കാതിരിക്കില്ല. ഗാന്ധി കുടുംബത്തില്‍ ജനിച്ചത് കൊണ്ട് എല്ലാവരും മഹാത്മാക്കള്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

◾  മുതിര്‍ന്ന സിപിഐ എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സഖാവ് വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വീട്ടിലെത്തി സന്ദര്‍ശിച്ചു. സിപിഎം സംസ്ഥാന സമ്മേളനത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് എകെജി സെന്ററില്‍ കൂടാനിരിക്കെയാണ് സന്ദര്‍ശനം. വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണെന്ന് എംവി ഗോവിന്ദന്‍ വിഎസിനെ സന്ദര്‍ശിച്ച ശേഷം ഫേസ്ബുക്കില്‍ കുറിച്ചു.

◾  ബലക്ഷയം സംഭവിച്ച എറണാകുളം വൈറ്റിലയിലെ ചന്ദര്‍കുഞ്ജ് ആര്‍മി ഫ്‌ലാറ്റ് സമുച്ചയം ആറുമാസത്തിനുളളില്‍ പൊളിച്ചുനീക്കും. മരട് ഫ്‌ലാറ്റ് പൊളിച്ചുനീക്കിയ മൂന്നു കമ്പനികളാണ് കെട്ടിടം പരിശോധിച്ച ശേഷം ഇക്കാര്യം അറിയിച്ചത്. തൊട്ടടുത്തു തന്നെ മറ്റൊരു ഫ്‌ലാറ്റ് സമുച്ചയമുളളതും സമീപത്ത് കൂടി മെട്രോ റെയില്‍വേ ലൈന്‍ കടന്നുപോകുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്. പൊളിക്കുന്നത് സംബന്ധിച്ച് വിദഗ്ധ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിച്ച ശേഷമാകും ഇതിനാലുളള കരാര്‍ അടക്കമുളള നടപടികളിലേക്ക് കടക്കുക.   

◾  കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കാന്‍ ഹൈക്കമാന്‍ഡ്. തമ്മിലടി ഒഴിവാക്കാന്‍ പ്രചാരണ ചുമതലയടക്കം ഹൈക്കമാന്‍ഡ് നേതാക്കള്‍ക്ക് നല്‍കാനാണ് ആലോചന. സമീപ സംസ്ഥാനങ്ങളായ കര്‍ണ്ണാടക, തെലങ്കാന എന്നിവിടങ്ങളിലെ നേതാക്കളെയും കേരളത്തില്‍ വിന്യസിച്ചേക്കും. 

◾  വടക്കഞ്ചേരിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) ആണ് മരിച്ചത്. സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) പൊലീസ് പിടിയിലായി. ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് സംഭവമുണ്ടായത്. മനുവും സുഹൃത്തായ വിഷ്ണുവും തമ്മില്‍ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തി കുത്തില്‍ കലാശിച്ചത്. 

◾  സംസ്ഥാന കെ എസ് യുവില്‍ കൂട്ട നടപടി. നാല് ജില്ലകളില്‍ നിന്നായി 87 ഭാരവാഹികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ നയിക്കുന്ന  ലഹരി വിരുദ്ധ ബോധവത്ക്കരണ യാത്രയില്‍ പങ്കെടുക്കാഞ്ഞതിനാണ് നടപടിയെന്നാണ് വിശദീകരണം. മതിയായ കാരണം കാണിക്കാത്തവരെ സംഘടനയില്‍ നിന്നും പുറത്താക്കുമെന്നും അലോഷ്യസ് സേവിയര്‍ വിശദീകരിച്ചു. 

◾  കരുവന്നൂര്‍ കേസില്‍ ഹാജരാകാനുള്ള ഇഡി നോട്ടീസിന് മറുപടി നല്‍കി സിപിഎം നേതാവ് കെ രാധാകൃഷ്ണന്‍ എംപി .ഇ.ഡിയുടെ സമന്‍സിന് പിന്നില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. .ഡല്‍ഹിയില്‍ നിന്നും ഇന്നലെയാണ് എത്തിയതെന്നും വൈകുന്നേരമാണ് നോട്ടീസ് വന്ന കാര്യം അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഹാജരാകണം എന്നായിരുന്നു നോട്ടീസില്‍ ഉണ്ടായിരുന്നത്. പാര്‍ലമെന്റ് കഴിയുന്നതുവരെ ഹാജരാകാന്‍ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി കത്ത് നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി

◾  ആവണീശ്വരത്ത് നിന്ന് കാണാതായ 13 കാരിയെ കണ്ടെത്തി. പെണ്‍കുട്ടി തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതായാണ് വിവരം. കുട്ടി തന്നെയാണ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വീട്ടുകാരെ ഫോണില്‍ വിളിച്ച് അറിയിച്ചത്. റെയില്‍വേ പൊലീസിനൊപ്പം സുരക്ഷിതയാണെന്ന് പെണ്‍കുട്ടി പറഞ്ഞതായി കുടുംബം അറിയിച്ചു.

◾  തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ദന്ത ഡോക്ടറെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര കൊറ്റാമം സ്വദേശി സൗമ്യ ആണ് വീടിന്റെ ഉള്ളില്‍ കഴുത്തറുത്ത നിലയില്‍ മരിച്ചത്. ഈ സമയം വീട്ടില്‍ സൗമ്യയും ഭര്‍ത്താവും ഭര്‍തൃമാതാവുമായിരുന്നു ഉണ്ടായിരുന്നത്. ഭര്‍ത്താവ് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

◾  പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ഹണി ട്രാപ്പിലൂടെ കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി പൊലീസിന്റെ പിടിയില്‍. നല്ലേപ്പിള്ളി സ്വദേശി രഞ്ജിത്താണ് പിടിയിലായത്. ഇന്നലെ രാത്രി കൊഴിഞ്ഞാമ്പാറയില്‍ വെച്ചാണ് പിടിയിലായത്. ജോത്സ്യനെ വിളിച്ച് വരുത്തി നഗ്‌നദ്യശ്യങ്ങള്‍ എടുത്ത സംഘത്തില്‍ ഇയാള്‍ ഉണ്ടായിരുന്നു. കേസില്‍ 7 പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു. 

◾  ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരായ ചെന്നൈ സമ്മേളനത്തിലേക്ക് കേരളത്തെയും ക്ഷണിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. തിരുവനന്തപുരത്തെത്തിയ തമിഴ്‌നാട് ഐടി മന്ത്രി പഴനിവേല്‍ ത്യാഗരാജനും തമിഴച്ചി തങ്കപാണ്ഡ്യന്‍ എംപിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ക്ഷണക്കത്ത്, കേരള മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കേരളത്തിന്റെ പിന്തുണ ഉറപ്പ് നല്‍കിയ പിണറായി, സംസ്ഥാനങ്ങളുടെ അവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഒപ്പം നില്‍ക്കുമെന്ന വാഗ്ദാനം നല്‍കി. 

◾  ഗാസയില്‍ ഭക്ഷണവും അവശ്യ സാധനങ്ങളുമെത്തിയിട്ട് 12 ദിവസം പിന്നിട്ടതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ച ദോഹയില്‍ പുരോഗമിക്കവെയാണ് ഇസ്രായേല്‍ ഗാസക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തിയതും ട്രക്കുകള്‍ തടയാന്‍ ആരംഭിച്ചതും. ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമെ, ഇന്ധനത്തിന്റെ വിതരണവും തടഞ്ഞിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടരണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും ഇസ്രായേല്‍ വഴങ്ങിയിട്ടില്ല. 

◾  ബലൂചിസ്ഥാനിലെ ട്രെയിന്‍ റാഞ്ചലിന് പിന്നില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി പാകിസ്ഥാന്‍. ആക്രമണകാരികളുടെ സംരക്ഷകര്‍ അഫ്ഗാന്‍ ആസ്ഥാനമായുള്ളവരാണെന്നും ഇന്ത്യയാണ് അവരെ സ്പോണ്‍സര്‍ ചെയ്തതെന്നും പാകിസ്ഥാന്‍ ആരോപിച്ചു. പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാനാണ് ആരോപണമുന്നയിച്ചത്. ഹൈജാക്കിംഗുമായി ബന്ധപ്പെട്ട കോളുകള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നാണ് വന്നതെന്നതിന് പാകിസ്ഥാന്റെ കൈവശം തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

◾  അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 9 മാസത്തിലധികമായി കഴിയുന്ന സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരെ മടക്കിക്കൊണ്ടുവരാനുള്ള ക്രൂ-10 ദൗത്യം നാസയും സ്‌പേസ് എക്‌സും ചേര്‍ന്ന് നാളെ പുലര്‍ച്ചെ വിക്ഷേപിക്കും. സാങ്കേതിക പ്രശ്‌നം കാരണം മാറ്റിവെച്ച വിക്ഷേപണം നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.30നാണ് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നടക്കുക. 

◾  ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായിരുന്ന റിഷഭ് പന്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലേക്ക് പോയതോടെയാണ് ഈ സീസണില്‍ ഡല്‍ഹിക്ക് പുതിയ നായകനെ കണ്ടെത്തേണ്ടിവന്നത്.

◾  ഇന്ത്യന്‍ കളിക്കാരെ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കാത്ത ബിസിസിഐ നടത്തുന്ന ഐപിഎല്ലില്‍ കളിക്കാന്‍ വിദേശ കളിക്കാരെ അയക്കരുതെന്ന് മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളോട് അഭ്യര്‍ത്ഥിച്ച് മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. എല്ലാ വിദേശ കളിക്കാരും ഐപിഎല്ലില്‍ കളിക്കാന്‍ ഇന്ത്യയിലെത്തുന്നുണ്ട്. എന്നാല്‍ ഒരൊറ്റ ഇന്ത്യന്‍ താരത്തെപ്പോലും വിദേശ ലീഗില്‍ കളിക്കാന്‍ ബിസിസിഐ അനുവദിക്കില്ല. അതുകൊണ്ട് തന്നെ മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളും തങ്ങളുടെ കളിക്കാരെ ഐപിഎല്ലില്‍ കളിക്കാന്‍ അയക്കാതെ ബഹിഷ്‌കരിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും അങ്ങനെ ചെയ്താല്‍ മാത്രമെ ബിസിസിഐ പാഠം പഠിക്കൂവെന്നും ഇന്‍സമാം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. 

◾  സംസ്ഥാനത്ത് ആദ്യമായി 65,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 65,000 കടന്നത്. നിലവില്‍ 66,000ന് തൊട്ടരികില്‍ എത്തിനില്‍ക്കുകയാണ് സ്വര്‍ണവില. 65,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില ഉയര്‍ന്നു. 110 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8230 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

◾  ഉപയോക്തക്കളുടെ സുരക്ഷയ്ക്കായി വീഡിയോ കോളുകളില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. വീഡിയോ കോളുകള്‍ എടുക്കുന്നതിന് മുമ്പ് കാമറ ഓഫ് ആകുന്ന പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ വാട്‌സ്ആപ്പില്‍ വീഡിയോ കോള്‍ വരുമ്പോള്‍ ഉപയോക്താക്കളുടെ ഫ്രണ്ട് കാമറകള്‍ ഓട്ടോമാറ്റിക്കായി ഓണ്‍ ആകുന്നു. ഇത് അനുവാദമില്ലാതെ തന്നെ സ്വീകര്‍ത്താവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നു. പുതിയ അപ്‌ഡേറ്റ് പ്രകാരം വീഡിയോ കോളുകള്‍ വരുമ്പോള്‍ കാമറ അല്ലെങ്കില്‍ വീഡിയോ ഓഫ് ആക്കാനുള്ള ഓപ്ഷനും വീഡിയോ ഇല്ലാതെ കോള്‍ എടുക്കാനുള്ള ഫീച്ചറും ലഭ്യമാകും. ഉപയോക്താക്കളുടെ സ്വകാര്യത കൂട്ടുന്ന ഫീച്ചര്‍ വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളെ തടയുമെന്നാണ് വിലയിരുത്തല്‍. തട്ടിപ്പുകാര്‍ വീഡിയോ കോളുകള്‍ വഴി അനുവാദമില്ലാതെ ഉപയോക്താക്കളുടെ ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് വഴി പകര്‍ത്തുന്നത് തടയും.

◾  മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും സിനിമാ നിര്‍മാണ രംഗത്തേക്ക്. ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്സിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ഇരുവരും നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ആമസോണ്‍ എംജിഎമ്മുമായി ബറാക് ഒബാമയുടെ നിര്‍മാണക്കമ്പനി ചര്‍ച്ചകള്‍ നടത്തുകയാണെന്നാണ് വിവരം. കെവിന്‍ കുക്കിന്റെ 2014 ല്‍ പുറത്തിറങ്ങിയ 'ദ് ടൈഗര്‍ സ്ലാം: ദ് ഇന്‍സൈഡ് സ്റ്റോറി ഓഫ് ദ് ഗ്രേറ്റസ്റ്റ് ഗോള്‍ഫ് എവര്‍ പ്ലെയ്ഡ്' എന്ന പുസ്തകത്തിന്റെ പകര്‍പ്പവകാശം ആമസോണ്‍ എംജിഎം സ്റ്റുഡിയോസ് അടുത്തിടെ വാങ്ങിയിരുന്നു. ഈ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുക. 2000- 2001 വര്‍ഷത്തിലെ നാല് പ്രധാന ടൂര്‍ണമെന്റുകളിലും ഒരേസമയം ചാമ്പ്യനായ ആദ്യത്തെ ഗോള്‍ഫ് കളിക്കാരനായി വുഡ്സ് എങ്ങനെ മാറി എന്നാണ് പുസ്തകം പറയുന്നത്. 'ടൈഗര്‍ സ്ലാം' എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്. സംവിധായകന്‍ റെയ്നാള്‍ഡോ മാര്‍ക്കസ് ഗ്രീന്‍ ആയിരിക്കും ടൈഗര്‍ വുഡ്സിന്റെ ബയോപിക് സംവിധാനം ചെയ്യുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

◾  'അമരന്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം രാജ്കുമാര്‍ പെരിയസാമി ഒരുക്കുന്ന ചിത്രത്തില്‍ നായകനായി ധനുഷാണ് എത്തുന്നത്. 'ഡി 55' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്നിരുന്നു. ഗോപുരം ഫിലിംസിന്റെ ബാനറില്‍ അന്‍പുചെഴിയനും സുസ്മിത അന്‍ബുചെഴിയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'തങ്കമകന്‍' എന്ന സിനിമക്ക് ശേഷം ധനുഷും ഗോപുരം ഫിലിംസും ഒന്നിക്കുന്ന ചിത്രമാണിത്. ജൂണ്‍ മാസത്തില്‍ ധനുഷ് ഈ ചിത്രം ആരംഭിക്കും എന്നാണ് പുതിയ വിവരം. തേരേ ഇഷ്‌ക് മേ എന്ന ഹിന്ദി ചിത്രത്തിന്റെ പണിയിലാണ് ഇപ്പോള്‍ ധനുഷ്. താന്‍ സംവിധാനം ചെയ്ത് അഭിനയിക്കുന്ന ഇഡ്ഡലികടെ പൂര്‍ത്തിയാക്കിയിട്ടായിരിക്കും 'ഡി 55' ല്‍ ധനുഷ് അഭിനയിക്കാന്‍ എത്തുക.

◾  മഹീന്ദ്ര എക്സ്യുവി 700 ഇന്ത്യന്‍ വിപണിയില്‍ 2.5 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചതിന്റെ വലിയ നാഴികക്കല്ല് പിന്നിട്ടു. ഈ നാഴികക്കല്ല് ആഘോഷിക്കുന്നതിനായി, എക്സ്യുവി 700 ന്റെ അത7 വേരിയന്റിന് 75,000 രൂപ വരെ വിലയുള്ള ആവേശകരമായ ഓഫറുകള്‍ മഹീന്ദ്ര പ്രഖ്യാപിച്ചു. മഹീന്ദ്ര എക്സ്യുവി 700 ന്റെ എക്സ്-ഷോറൂം വില 13.99 ലക്ഷം രൂപയില്‍ ആരംഭിച്ച് 25.74 ലക്ഷം രൂപ വരെ  ഉയരും. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ എസ്യുവി ലഭ്യമാണ്. 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്, ഇത് 197 ബിഎച്പി പവറും 380 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ഇതിന് 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉണ്ട്. ഇതിനുപുറമെ, ഈ എസ്യുവിക്ക് 2.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനും ലഭിക്കുന്നു, ഇത് 182 ബിഎച്പി പവറും 420 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. മഹീന്ദ്ര എക്സ്യുവി 700 എഎക്സ്7 വേരിയന്റിന് 75,000 രൂപ വരെ ഓഫറുകള്‍ ലഭ്യമാണ്.

◾  രാഷ്ട്രീയചിന്തയിലും സാഹിത്യവായനയിലും സാര്‍വദേശീയമായ പരിപ്രേക്ഷ്യം സൃഷ്ടിക്കുമ്പോഴും ഇന്ത്യയിലെ സാമൂഹിക പരിഷ്‌കരണത്തെയും രാഷ്ട്രീയപരിഷ്‌കരണത്തെയും മുഖാമുഖം നിര്‍ത്തി ദേശീയവാദ പ്രസ്ഥാനങ്ങളിലുണ്ടായ ആശയസംവാദങ്ങളെയാണ് തൊണ്ണൂറുകളുടെ പകുതിയോടെ കെ.കെ. കൊച്ച് തന്റെ അന്വേഷണങ്ങളുടെ അടിത്തറയായി സ്വീകരിച്ചതെന്ന് കാണാം. ഇതില്‍ അംബേദ്കര്‍ നിര്‍മ്മിച്ച ആശയ സംവാദങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണെന്നും ജാതിവ്യവസ്ഥയെന്ന സ്ഥാപനവല്‍ക്കരിക്കപ്പെട്ട സാമൂഹികാവസ്ഥയെ വിശകലനം ചെയ്ത് രാഷ്ട്രീയമായ ചോദ്യങ്ങള്‍ ഉന്നയിക്കാത്തിടത്തോളം കാലം വിമോചന പ്രക്രിയകള്‍ ഭാവനാപരവും അയുക്തികവുമായി നിലനില്‍ക്കുമെന്നും അദ്ദേഹം മനസ്സിലാക്കി. 'ദലിത് സമുദായവാദവും സാമുദായിക രാഷ്ട്രീയവും'. കെ കെ കൊച്ച്. ഡിസി ബുക്സ്. വില 284 രൂപ.

◾  ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും വിറ്റാമിന്‍ ബി12 പ്രധാനമാണ്. വിറ്റാമിന്‍ ബി 12ന്റെ കുറവ് മൂലം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. നാവില്‍ ചുവപ്പ് നിറം, വായില്‍ അള്‍സര്‍, കൈകാലുകളില്‍ മരവിപ്പ്, വിളറിയ ചര്‍മ്മം, കാഴ്ച പ്രശ്‌നങ്ങള്‍, മറവി, വിഷാദം, ക്ഷീണം, തളര്‍ച്ച, തലവേദന, മനംമറിച്ചില്‍, ഛര്‍ദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകല്‍ തുടങ്ങിയവയെല്ലാം ചിലപ്പോള്‍ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ സൂചനകളാകാം. മുട്ട, മത്സ്യം, ബീഫ്, ചിക്കന്‍ എന്നിവയില്‍ നിന്നൊക്കെ ശരീരത്തിന് വേണ്ട വിറ്റാമിന്‍ ബി12 ലഭിക്കും. വെജിറ്റേറിയനായവര്‍ക്ക് വിറ്റാമിന്‍ ബി12 ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. വിറ്റാമിന്‍ ബി12-ന്റെ മികച്ച ഉറവിടമാണ് പനീര്‍. പ്രോട്ടീന്‍, കാത്സ്യം തുടങ്ങിയവയും അടങ്ങിയ പനീര്‍ പേശികളുടെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. തൈര്, യോഗര്‍ട്ട്, ചീസ്, പാല്‍ തുടങ്ങിയ പാലുല്‍പന്നങ്ങളില്‍ നിന്നും വിറ്റാമിന്‍ ബി12 ലഭിക്കും. സോയ മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും. അവക്കാഡോയിലും വിറ്റാമിന്‍ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. മഷ്റൂം അഥവാ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും. ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ ഗുണം ചെയ്യും. വിറ്റാമിന്‍ ബി12 ലഭിക്കാന്‍ വാഴപ്പഴം കഴിക്കുന്നതും നല്ലതാണ്. ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ബി12 ലഭിക്കാന്‍ സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 86.96, പൗണ്ട് - 112.49, യൂറോ - 94.33, സ്വിസ് ഫ്രാങ്ക് - 98.46, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.80, ബഹറിന്‍ ദിനാര്‍ - 230.73, കുവൈത്ത് ദിനാര്‍ -282.18, ഒമാനി റിയാല്‍ - 225.88, സൗദി റിയാല്‍ - 23.19, യു.എ.ഇ ദിര്‍ഹം - 23.68, ഖത്തര്‍ റിയാല്‍ - 23.86, കനേഡിയന്‍ ഡോളര്‍ - 60.29.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right