എളേറ്റിൽ:ഹൃദയഭേദകമായിരുന്നു ആ കാഴ്ച...നാളെ എസ്.എസ്.എല്‍.സി. പരീക്ഷ ആരംഭിക്കുമ്പോൾ എളേറ്റില്‍ എം.ജെ.ഹയർ സെക്കൻഡറി സ്കൂളിലെ 49-ാം നമ്പർ പരീക്ഷാ ഹാളിലെ ഏറ്റവും പുറകിലെ ബെഞ്ചില്‍ പരീക്ഷയെഴുതാൻ മുഹമ്മദ് ഷഹബാസ് ഉണ്ടാകില്ല.ഷഹബാസിന്റെ ഓർമ്മകള്‍ നിറഞ്ഞ പരീക്ഷാ മുറിയിലെ ബോർഡില്‍ ഹൃദയംനുറുങ്ങുന്ന വേദനയോടെ സ്കൂളിലെ ജീവനക്കാരൻ അബ്ദുള്‍ റഹീം, ഷഹബാസിന്റെ രജിസ്റ്റർ നമ്ബറെഴുതി -628307.
ഇരുപതു കുട്ടികള്‍ക്ക് പരീക്ഷയെഴുതാനുള്ള ഹാളിലെ അവസാനവിദ്യാർഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. അതുകൊണ്ടുതന്നെ ഷഹബാസിന്റെ നമ്പർ ക്ലാസ് റൂമിലെ ബോർഡിലും ഇടംപിടിച്ചിരുന്നു. 21-നു സമാപിച്ച മാതൃകാപരീക്ഷയ്ക്ക് ഷഹബാസ് ഇരുന്നത് ഇതേ ഹാളിലെ ഏറ്റവും പിന്നിലെ ബെഞ്ചിലായിരുന്നു.
പരീക്ഷയെഴുതാനെത്തുന്ന വിദ്യാർഥികളില്‍ സമ്മർദം കുറയ്ക്കാൻ മാതൃകാ പരീക്ഷയെഴുതിയ ക്ലാസ്മുറിയിലെ അതേ ഇരിപ്പിടം തന്നെയാണ് പൊതു പരീക്ഷയ്ക്കും നിശ്ചയിച്ചിരുന്നത്.പരീക്ഷാഹാളിലെ മറ്റു ഡസ്കുകളിലെഴുതിയ രജിസ്റ്റർ നമ്ബർ മാഞ്ഞുതുടങ്ങിയിരുന്നു.
പക്ഷേ, ഇടതുവശത്തെ, ഏറ്റവും പിന്നിലെ ഡെസ്കില്‍ ആ രജിസ്റ്റർ നമ്ബർമാത്രം മായാതെ അവിടെയുണ്ടായിരുന്നു...ഇനിയൊരിക്കലും പരീക്ഷയെഴുതാൻ എത്തില്ലെന്നുറപ്പുള്ള ഷഹബാസിനെയും കാത്ത്.