Trending

സായാഹ്ന വാർത്തകൾ

 
◾ വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ കെപിസിസി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിജയന്റെ കുടുംബത്തിന്റെ പരാതി ന്യായമെന്ന് നാലംഗ സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കുടുംബത്തിന് സഹായവും സംരക്ഷണവും പാര്‍ട്ടി ഉറപ്പാക്കണമെന്നും സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിലടക്കം അനഭിലഷണീയ പ്രവണതകളില്‍ പാര്‍ട്ടിക്ക് കടിഞ്ഞാന്‍ വേണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

◾  എന്‍ എം വിജയന്റെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഐ സി ബാലകൃഷ്ണനെ  അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രേരണകുറ്റം ചുമത്തിയതില്‍ ഐ സി ബാലകൃഷ്ണനാണ് ഒന്നാം പ്രതി. ഇതോടെ പ്രേരണ കുറ്റം ചുമത്തപ്പെട്ട മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കോടതി ഉത്തരവുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചിരിക്കുന്നത്.

◾  റേഷന്‍ സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറണമെന്നും സമരക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ആലോചനയെന്നും മന്ത്രി ജി ആര്‍ അനില്‍. ഭക്ഷണം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാക്കുന്ന സമരത്തിലേക്ക് പോകരുത് എന്നാണ് ഗവണ്മെന്റിന് പറയാന്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെയും സര്‍ക്കാരിനെയും വിശ്വാസത്തില്‍ എടുത്തുകൊണ്ടു സമരത്തില്‍ നിന്ന് പിന്മാറണമെന്നും സര്‍ക്കാരിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യാപാരികളെ ബോധ്യപെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

◾  ബ്രൂവറി അഴിമതി അടിയന്തര പ്രമേയമായി നിയമസഭയില്‍ കൊണ്ടുവരാത്തതെന്തുകൊണ്ടെന്ന മന്ത്രി എംബി രാജേഷിന്റെ ചോദ്യത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല. പാര്‍ലമെന്ററികാര്യമന്ത്രിയായിട്ടും അടിയന്തര പ്രമേയത്തെ കുറിച്ചുള്ള ചട്ടങ്ങള്‍  മന്ത്രിക്ക് അറിയില്ലേയെന്ന് അദ്ദേഹം ചോദിച്ചു. അഴിമതി ആരോപണം അടിയന്തര പ്രമേയമായി കൊണ്ടുവരാന്‍ കഴിയില്ല എന്നതാണ് ചട്ടമെന്നും അതുകൊണ്ടാണ് ബ്രൂവറി വിഷയം അടിയന്തര പ്രമേയമായി സഭയില്‍ കൊണ്ടുവരാത്തതെന്നും ചെന്നിത്തല വ്യക്തമാക്കി.

◾  നേതൃമാറ്റം ഉടനില്ലെന്ന് കെ സുധാകരന് ഹൈക്കമാന്‍ഡിന്റെ ഉറപ്പ് ലഭിച്ചു. സുധാകരന്‍ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് എഐസിസിയുടെ മറുപടി. കെ സി വേണുഗോപാല്‍ ഇന്ന് കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തും. ദീപാ ദാസ് മുന്‍ഷി നടത്തുന്നത് പുനസംഘടനാ ചര്‍ച്ചകള്‍ മാത്രമാണെന്നാണ് വിവരം. ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, സണ്ണി ജോസഫ്, റോജി എം ജോണ്‍ തുടങ്ങിയ പേരുകള്‍ കെപിപിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

◾  താനും കെ സുധാകരനുമായി യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്നലെയും ഫോണില്‍ സംസാരിച്ചപ്പോള്‍ ഞങ്ങള്‍ ഇക്കാര്യം പറഞ്ഞ് ചിരിച്ചുവെന്നും സിപിഎമ്മിലെ പോലെ നേതാക്കളെ വിമര്‍ശിക്കാന്‍ പറ്റാത്ത പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും തനിക്കെതിരെ വിമര്‍ശനമുണ്ടായാല്‍ താനതിന് മറുപടി പറയുമെന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

◾  കോണ്‍ഗ്രസിലെ നേതൃമാറ്റ ചര്‍ച്ചകള്‍ തള്ളി കെ മുരളീധരന്‍. നേതൃമാറ്റം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അതേക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ട് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചും പാര്‍ട്ടിയില്‍ ചര്‍ച്ചയില്ലെന്നും എന്നാല്‍ ഡിസിസി ഭാരവാഹി തലത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

◾  പൊതു ഇടത്തില്‍ സ്ത്രീക്കും പുരുഷനും തുല്യത വേണമെന്നും അത് സമ്മതിച്ചു കൊടുക്കാത്തവരെ എന്താണ് വിളിക്കേണ്ടത് എന്ന് താന്‍ പറയുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇത് പറയുമ്പോള്‍ ചിലര്‍ പ്രകോപിതരാകുന്നുവെന്നും ഏതെങ്കിലും ഒരു വ്യക്തിയെയോ സമുദായത്തെയോ ഉദ്ദേശിച്ചല്ല സമൂഹത്തെ ഉദ്ദേശിച്ചാണിത് പറയുന്നതെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു.

◾  താത്ക്കാലിക നിയമനം സംബന്ധിച്ച രമേശ് ചെന്നിത്തലയുടെ നാല് ചോദ്യങ്ങള്‍ക്ക്  നിയമസഭയില്‍ ഉത്തരം നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ നാല് വര്‍ഷം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ബോര്‍ഡുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവിടങ്ങളിലെ താത്ക്കാലിക നിയമനം സംബന്ധിച്ചായിരുന്നു ചോദ്യങ്ങള്‍. എന്നാല്‍ വിവരങ്ങള്‍ ക്രോഡീകരിച്ചില്ലെന്നാണ് നാല് ചോദ്യങ്ങള്‍ക്കുമുള്ള മറുപടി.

◾  തൊടുപുഴ പെരുമാങ്കണ്ടത്ത് കാര്‍ കത്തി ഒരാള്‍ വെന്തുമരിച്ചു. കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. റിട്ട. ബാങ്ക് ജീവനക്കാരന്‍ സിബിയാണ് മരിച്ചത്. വീട്ടില്‍ നിന്ന് രാവിലെ സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു സിബിയെന്നാണ് വിവരം. ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നതു കണ്ട പ്രദേശവാസികള്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. എങ്ങനെയാണ് തീപിടിച്ചതെന്നതില്‍ വ്യക്തതയില്ല.  

◾  കേരളത്തില്‍ നിന്ന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ എഡിജിപി പി വിജയന്. അഗ്‌നിരക്ഷാ സേനയില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ മധുസൂദന്‍ നായര്‍, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ക്കും വിശിഷ്ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിന് പൊലീസ് സേനയിലെ പത്ത് പേര്‍ക്കും അഗ്‌നിരക്ഷാ സേനയില്‍ അഞ്ച് പേര്‍ക്കും ജയില്‍ വകുപ്പിലെ അഞ്ച് പേര്‍ക്കും രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു.

◾  വയനാട്ടിലെ നരഭോജി കടുവയുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞതായി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രഞ്ജിത്ത് കുമാര്‍. രാവിലെ നടത്തിയ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. കടുവയെ കൂട്ടില്‍ അകപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും കൂടുതല്‍ ആളുകള്‍ തെരച്ചിലിനു ഇറങ്ങിയാല്‍ കടുവ പ്രദേശത്തു നിന്നും നീങ്ങാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വ്യാപക തെരച്ചില്‍ ഇന്നുണ്ടാവില്ലെന്നും തെര്‍മല്‍ ഡ്രോണ്‍ പരിശോധനയും ഇന്ന് നടത്തില്ലെന്ന് റേഞ്ച് ഓഫീസര്‍ അറിയിച്ചു.

◾  മാനന്തവാടിയില്‍ കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം  സംസ്‌കരിച്ചു. മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് പത്തരയോടെ സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിച്ചു. അതേസമയം വന്യജീവി ആക്രമണത്തിനെതിരെ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുന്നു.  മാനന്തവാടി മുന്‍സിപ്പാലിറ്റി മേഖലയിലാണ് ഹര്‍ത്താല്‍. എസ്ഡിപിഐയും പ്രദേശത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

◾  ആലുവയില്‍ 11.46 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന ആരോപണത്തില്‍ പി.വി. അന്‍വറിനെതിരേ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നു. ഇന്ന്  എടത്തല പഞ്ചായത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സിയര്‍ എന്നിവരുടെ മൊഴിയെടുത്തു.

◾  കോഴിക്കോട് കൂടരഞ്ഞി പെരുമ്പൂളയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. 15 ദിവസമായി ഭീതി പരത്തിയ പുലിയാണ് കൂട്ടിലായത്. പലരും പുലിയെ കണ്ടതായി പറഞ്ഞിരുന്നു. മാനിനേയും മറ്റും കൊന്നു തിന്നതായും കണ്ടിരുന്നു. ഇതോടെ വനംവകുപ്പ് നടത്തിയ പരിശോധനയില്‍ പുലിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് കൂട് സ്ഥാപിച്ചത്.

◾  വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നന്ദി പറഞ്ഞ് കത്തയച്ച് കണ്ണൂരിലെ ആറാം ക്ലാസ്സുകാരി ഫാത്തിമ. താനും കൂട്ടുകാരും ഭയങ്കര ഹാപ്പിയാണെന്നും ഈ സന്തോഷത്തിന് കാരണം വിദ്യാഭ്യാസ മന്ത്രിയാണെന്നും ഫാത്തിമ കുറിച്ചു. മൈസൂരില്‍ പഠന യാത്രയ്ക്ക് പോകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് ഫാത്തിമ കത്തില്‍ പറയുന്നു. പണമില്ല എന്ന കാരണത്താല്‍ ഒരു കുട്ടിയെയും പഠനയാത്രയില്‍ നിന്ന് മാറ്റിനിര്‍ത്തരുത് എന്ന മന്ത്രിയുടെ  ഉത്തരവ് പാലിച്ച കേരളത്തിലെ ആദ്യത്തെ സ്‌കൂള്‍ തന്റേതാണെന്നതില്‍ അഭിമാനമുണ്ടെന്നും വിദ്യാര്‍ത്ഥി കുറിച്ചു.

◾  ഓട്ടോറിക്ഷകള്‍ മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തുന്നതിന് തടയിടാന്‍ പുതിയ ആശയവുമായി മോട്ടോര്‍വാഹന വകുപ്പ്. മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങും എന്നാണ് വിവരം.

◾  നൃത്ത പരിപാടിക്ക് വേണ്ടി കലൂര്‍ സ്റ്റേഡിയം മൃദംഗവിഷന് വിട്ടു നല്‍കിയതിയതില്‍ ജിസിഡിഎ അഴിമതി നടത്തിയെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ അനുമതി നല്‍കി വിജിലന്‍സ് ഡയറക്ടര്‍. ജിസിഡിഎ ചെയര്‍മാന്‍, സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.

◾  ഇടുക്കി മുട്ടം സര്‍വീസ് സഹകരണ ബാങ്കില്‍ തീ പിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം. ബാങ്ക് ഭരണസമിതിയുടെ പരാതിയില്‍ മുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  ബാങ്കിലെ റെക്കോര്‍ഡ്‌സ് റൂമിനാണ് തീ പിടിച്ചത്. പഴയ രേഖകള്‍ അടങ്ങുന്ന ഫയലുകളാണ് കത്തി നശിച്ചതെന്നാണ് ബാങ്ക് അധികൃതര്‍ വിശദീകരിക്കുന്നത്. അപകടത്തിന്റെ കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം.

◾  ചങ്ങനാശ്ശേരിയില്‍ പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീണ്  17കാരന് പരുക്കേറ്റു. ചങ്ങനാശ്ശേരി സ്വദേശി അലന്‍ ബിജുവിന് ആണ് പരുക്കേറ്റത്. അലന്‍ ബന്ധുവിനൊപ്പം യന്ത്ര ഊഞ്ഞാലിന്റെ താഴെ നില്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് വാതില്‍ അടര്‍ന്നു വീണത്. തലയ്ക്ക് പരുക്കേറ്റ അലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

◾  കൊല്ലം കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനം വെച്ചുമാറാത്തതില്‍ സിപിഎമ്മിനെതിരെ സിപിഐയ്ക്ക് ഉള്ളില്‍ അമര്‍ഷം പുകയുന്നു. സിപിഎം മുന്നണി ധാരണ തെറ്റിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവില്‍ നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തി. മേയര്‍ സ്ഥാനം സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ മറുപടി.

◾  വനിതാ ഡോക്ടറുടെ കരണത്ത് രോഗി അടിച്ചെന്ന പരാതിയില്‍ കേസെടുത്തു. ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ട്യൂബ് വലിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ഡോക്ടര്‍ തടഞ്ഞപ്പോഴായിരുന്നു ആക്രമണം. വര്‍ക്കല സ്വദേശി നവാസിനെതിരെയാണ് (57) പരാതി. മര്‍ദനമേറ്റ് മൂക്കില്‍ നിന്നും രക്തം വാര്‍ന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനിയും വയനാട് കണിയാംപറ്റ സ്വദേശിനിയുമായി ഡോ ഇ പി അമലയെ (28)  അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

◾  ബിജെപി യില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട്  സി പി എം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കണമെന്നാണ് ആവശ്യം. ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷന്‍ അംഗമായ ബിപിന്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത് നവംബര്‍ 30 നാണ്. എന്നാല്‍ ബിപിന്‍ നിലവില്‍ ജില്ലാ പഞ്ചായത്തംഗത്വം രാജി വച്ചിട്ടില്ല.

◾  ഡിജിറ്റല്‍ അറസ്റ്റ് വഴി ഓണ്‍ലൈനിലൂടെ ലക്ഷങ്ങള്‍ തട്ടാനുള്ള ഉത്തരേന്ത്യന്‍ സംഘത്തിന്റെ നീക്കം പൊളിച്ച് കരമന സ്വദേശിനിയും 72 കാരിയുമായ ജെ വസന്തകുമാരി. സിബിഐ ഉദ്യോഗസ്ഥരെന്ന് വിളിച്ചായിരുന്നു തട്ടിപ്പ് സംഘം വയോധികയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചത്. വസന്തകുമാരിയുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ ഉണ്ടെന്ന് അറിയിച്ചാണ് സംഘം വസന്തകുമാരിയെ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് സംശയങ്ങള്‍ തോന്നിയ വസന്തകുമാരി തനിക്കെതിരെയുള്ള കേസുകളെക്കുറിച്ച്  തിരികെ ചോദ്യങ്ങള്‍ ചോദിച്ചതോടെയാണ് സംഘം പിന്‍വാങ്ങിയത്.

◾  ആലപ്പുഴ ജനറല്‍ ആശുപത്രി വളപ്പില്‍ ആര്‍എംഒയുടെ കാര്‍ ഇടിച്ചു താല്‍ക്കാലിക ജീവനക്കാരിക്ക് പരിക്കേറ്റ സംഭവത്തില്‍ കേസെടുത്ത് പോലിസ്. അപകടകരമായും അശ്രദ്ധമായും വാഹനം ഓടിച്ചതിനാണ് കേസ്. ഇന്നലെ വൈകീട്ടാണ് സംഭവം. ജോലി കഴിഞ്ഞ് ആര്‍എംഒ കാറെടുത്ത് പോകുന്നതിനിടയില്‍ നിയന്ത്രണം വിട്ട് നിഷയെ ഇടിക്കുകയായിരുന്നു.

◾  കയ്പമംഗലത്ത് ഭക്ഷ്യ വിഷബാധയേറ്റ് അഞ്ച് പേര്‍ ആശുപത്രിയില്‍. കയ്പമംഗലം അറവുശാല, കൂരിക്കുഴി സ്വദേശികളായ അഞ്ച് പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അഞ്ച് പേരെയും പെരിഞ്ഞനം കുറ്റിലക്കടവ് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഹോട്ടലില്‍ നിന്നും കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയുണ്ടായതെന്നാണ് ഇവര്‍ പറയുന്നു. ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.

◾  കൊല്ലം അഞ്ചലില്‍ കനാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കരവാളൂര്‍ സ്വദേശിയായ ഇന്‍ഷുറന്‍സ് ഏജന്റ് ഷിബുവാണ് മരിച്ചത്. അഞ്ചല്‍ പുനലൂര്‍ റോഡില്‍ മാവിള ജംഗ്ഷന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്.  സംഭവത്തില്‍  അഞ്ചല്‍ പൊലീസ് അന്വേഷണം തുടങ്ങി.

◾  ജമ്മുവില്‍ അഞ്ജാത രോഗം  ബാധിച്ചവരില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനിയായ ആല്‍ഡികാര്‍ബിന്റെയും കാഡ്മിയത്തിന്റെയും അംശം കണ്ടെത്തി. ഇവ ഭക്ഷണത്തിലൂടെയാണ് ഉള്ളില്‍ എത്തിയത് എന്നാണ് നിഗമനം. ഭക്ഷണ രീതിയെ കുറിച്ച്  പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതി വ്യക്തമാക്കി. 3,800 താമസക്കാരുള്ള ബദാല്‍ ഗ്രാമത്തിലാണ് അപൂര്‍വ രോഗം പടരുന്നത്.

◾  ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബദാല്‍ ഗ്രാമത്തില്‍ അജ്ഞാതരോഗം ബാധിച്ച് 17 പേര്‍ മരിച്ച പശ്ചാത്തലത്തില്‍ എല്ലാ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കിയതായി രജൗരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. അമര്‍ജീത് സിങ് ഭാട്ടിയ പറഞ്ഞു. രോഗത്തിനെതിരായ ജാഗ്രത പാലിക്കുന്നതിതിന്റെ ഭാഗമായി ശൈത്യകാല അവധിയും റദ്ദാക്കിയതായി അദ്ദേഹം പറഞ്ഞു.

◾  മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ തഹവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ അമേരിക്കയിലെ സുപ്രീം കോടതി ഉത്തരവിട്ടു. 64 കാരനായ ഇയാള്‍ നിലവില്‍ ലോസ് ആഞ്ചലസിലെ മെട്രോപൊളിറ്റന്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്. ഇതിന് മുന്‍പ് അമേരിക്കയിലെ കീഴ്‌ക്കോടതികളിലെല്ലാം ഇയാള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും ഇന്ത്യക്ക് അനുകൂലമായ വിധിയാണ് എല്ലാ കോടതികളില്‍ നിന്നും ഉണ്ടായത്.

◾  പാക് ചാര ഏജന്‍സിയായ ഐഎസ്‌ഐയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് അനാലിസിസ് മേജര്‍ ജനറല്‍ ഷാഹിദ് അമീര്‍ അഫ്സറും മറ്റ് ചില ഉദ്യോഗസ്ഥരും ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക സന്ദര്‍ശിക്കും. ബംഗ്ലാദേശ് സൈനിക ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘം പാകിസ്ഥാന്‍ പര്യടനം നടത്തുകയും മൂന്ന് സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതിന് ശേഷമാണ് പാക് സൈനിക ഉദ്യോഗസ്ഥരുടെ ധാക്ക സന്ദര്‍ശനത്തില്‍ തീരുമാനമായത്.

◾  ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ച ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് യോഗചാര്യന്‍ ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ ഗ്രൂപ്പിന്റെ പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് 4000 കിലോ മുളക് പൊടി പിന്‍വലിച്ചു. മാലിന്യങ്ങള്‍, വിഷവസ്തുക്കള്‍, അവശിഷ്ടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പാലിച്ചില്ലെന്നാണ്  കണ്ടെത്തല്‍.

◾  സിബിഎസ്ഇ 2025 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷ ഫെബ്രുവരി 15 മുതല്‍ നടത്തും. 204 വിഷയങ്ങളിലായി 44 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. പൊതുപരീക്ഷക്ക് മുന്നോടിയായി വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുന്നതിന് വേണ്ടി പരീക്ഷ ഹാളില്‍ നിരോധിക്കപ്പെട്ട വസ്തുക്കളുടെയും അനുവദനീയമായ വസ്തുക്കളുടെയും വിശദമായ പട്ടികയും മാര്‍ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കി.

◾  17 നഗരങ്ങളില്‍ മദ്യവില്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍. 17 പുണ്യ സ്ഥലങ്ങളില്‍ മദ്യം നിരോധിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. മദ്യനിരോധനം സംസ്ഥാനത്ത് പൂര്‍ണമായി നടപ്പാക്കുന്നതിന് മുന്‍പുള്ള ആദ്യ ചുവടാണ് ഇതെന്നും മോഹന്‍ യാദവ് അറിയിച്ചു.

◾  തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ കാട്ടാന യുവാവിനെ കുത്തിക്കൊന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ ജംഷിദ് (37) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. ബംഗളുരുവില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു ജംഷിദ്.

◾  മുസ്ലീം പള്ളികള്‍ക്ക് മുകളില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിക്കണമെന്ന ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. ആരാധനാലയങ്ങള്‍ പ്രാര്‍ത്ഥനക്കുള്ളതാണെന്നും അവിടെ ഉച്ചഭാഷിണികള്‍ സ്ഥാപിക്കുന്നത് ശരിയായ കാര്യമല്ലെന്നും നിരീക്ഷിച്ച് കൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.

◾  ജമ്മു കാശ്മീരിലെ കിഷ്ത്വര്‍ ജില്ലയിലെ ഭീകരവാദ ശൃംഖലകള്‍ തകര്‍ക്കുന്നതിന്റെ ഭാഗമായി പാക് ഭീകരവാദ സംഘടനകളിലെ 11 കമാന്‍ഡര്‍മാരുടെ കോടിക്കണക്കിനു വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി. ജമ്മു കശ്മീര്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. മറ്റ് 18 പേരുടെ കൂടി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിവരികയാണെന്നും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും സമാധാനം പുന:സ്ഥാപിക്കുന്നതിന്റെയും ഭാ?ഗമായാണ് ഈ നടപടിയെന്നും പൊലീസ് പറഞ്ഞു.

◾  അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും തമ്മില്‍ പ്രണയബന്ധത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. മുന്‍ യുഎസ്. പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ മരണാനന്തരച്ചടങ്ങുകളിലും ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങിലും മിഷേല്‍ ഒബാമ പങ്കെടുക്കാതിരുന്നതും വാര്‍ത്തയായിരുന്നു.  

◾  ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആന്ധ്രാപ്രദേശില്‍ 95,000 കോടി രൂപ ചെലവില്‍ എണ്ണ ശുദ്ധീകരണ ശാല നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ റിഫൈനറി പദ്ധതിയാണിത്. പ്രതിവര്‍ഷം 9 ദശലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ സംസ്‌കരണ ശേഷിയുളള റിഫൈനറിയാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. 3-3.5 ദശലക്ഷം ടണ്‍ പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളും 3.8-4 ദശലക്ഷം ടണ്‍ പെട്രോകെമിക്കലുകളും ഈ റിഫൈനറി ഉല്‍പ്പാദിപ്പിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനും പിന്നിലായി രാജ്യത്തെ മൂന്നാമത്തെ വലിയ എണ്ണ ശുദ്ധീകരണ കമ്പനിയാണ് ബിപിസിഎല്‍. മുംബൈ (പ്രതിവര്‍ഷം 12 ദശലക്ഷം ടണ്‍ ശേഷി), കൊച്ചി (15.5 ദശലക്ഷം ടണ്‍), മധ്യപ്രദേശിലെ ബിന (7.8 ദശലക്ഷം ടണ്‍) എന്നിവിടങ്ങളില്‍ നിലവില്‍ കമ്പനിക്ക് റിഫൈനറികള്‍ ഉണ്ട്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. നിലവില്‍ 256.8 ദശലക്ഷം ടണ്‍ എണ്ണ ശുദ്ധീകരണ ശേഷിയാണ് രാജ്യത്തിനുളളത്. ഇന്ത്യയുടെ എണ്ണ ആവശ്യകത പ്രതിവര്‍ഷം 4-5 ശതമാനം എന്ന തോതില്‍ വര്‍ധിക്കുന്നതായാണ് കണക്കാക്കുന്നത്. എണ്ണ ശുദ്ധീകരണ, ഇന്ധന റീട്ടെയിലിംഗ് ബിസിനസ് വിപുലീകരിക്കുന്നതിനും പുതിയ ഊര്‍ജ സംരംഭങ്ങള്‍ക്കുമായി ബിപിസിഎല്‍ 1.7 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കണ്ടെത്തിയിട്ടുളളത്.

◾  ഇന്ത്യയില്‍ ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ നിര്‍മ്മിക്കാന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ മത്സരിക്കാന്‍ ലക്ഷ്യമിട്ട് ഗുജറാത്തിലെ ജാംനഗറില്‍ ഡാറ്റ സെന്റര്‍ സ്ഥാപിക്കാനാണ് മുകേഷ് അംബാനിയുടെ പദ്ധതി. ഇതിന്റെ ഭാഗമായി പ്രമുഖ അമേരിക്കന്‍ കമ്പനിയായ എന്‍വിഡിയയില്‍ നിന്ന് എഐ സെമികണ്ടക്ടറുകള്‍ വാങ്ങാനാണ് റിലയന്‍സിന്റെ ആലോചന. 2024 ഒക്ടോബറില്‍ നടന്ന എഐ ഉച്ചകോടിയില്‍ റിലയന്‍സും എന്‍വിഡിയയും ഇന്ത്യയില്‍ എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കുന്നതിനുള്ള സംയുക്ത ശ്രമം പ്രഖ്യാപിച്ചിരുന്നു. റിലയന്‍സ് നിര്‍മ്മിക്കുന്ന ഒരു ഗിഗാവാട്ട് ഡാറ്റാ സെന്ററിനായി തങ്ങളുടെ ബ്ലാക്ക്വെല്‍ എഐ പ്രോസസ്സറുകള്‍ വിതരണം ചെയ്യുമെന്നാണ് എന്‍വിഡിയ വാഗ്ദാനം ചെയ്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, ഇന്ത്യയില്‍ എഐ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ വികസിപ്പിക്കുന്നതിനും രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന ഭാഷകളില്‍ പരിശീലനം ലഭിച്ച വലിയ ഭാഷാ മോഡലുകള്‍ സൃഷ്ടിക്കുന്നതിനുമുള്ള പങ്കാളിത്തവും റിലയന്‍സ് ഇന്‍ഡസ്ട്രീസും എന്‍വിഡിയയും പ്രഖ്യാപിച്ചിരുന്നു.

◾  സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'പ്രാവിന്‍കൂട് ഷാപ്പ്'. ഇപ്പോഴിതാ ഒരു ഗാനം വീഡിയോ സോംഗ് ആയി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഷാര്‍പ്പ് ഷൂട്ടര്‍ എന്ന ഇംഗ്ലീഷ് ഗാനം ചിത്രത്തില്‍ ബേസില്‍ അവതരിപ്പിച്ചിരിക്കുന്ന പൊലീസ് കഥാപാത്രത്തെ പരിചയപ്പെടുത്താന്‍ ഉപയോഗിച്ചിരിക്കുന്ന ഒന്നാണ്. എസ് ഐ സന്തോഷ് എന്ന കഥാപാത്രത്തിന്റെ സ്വഭാവവിശേഷങ്ങളൊക്കെ ഈ ഗാനരംഗങ്ങളില്‍ കടന്നുവരുന്നുണ്ട്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് വിഷ്ണു വിജയ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലന്‍. ചാന്ദ്നി ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന്‍ കെ എസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് നിര്‍വ്വഹിച്ചിരിക്കുന്നു.

◾  നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം കരിയറിലെ രണ്ടാമത്തെ സംവിധാന സംരംഭവുമായി എത്താന്‍ ഒരുങ്ങുകയാണ് മുഹ്‌സിന്‍ പരാരി. ടൊവിനോ തോമസ് നായകനാവുന്ന ചിത്രം രസകരമായ പേരിലാണ് എത്തുന്നത്. 'തന്ത വൈബ് ഹൈബ്രിഡ്' എന്നാണ് ചിത്രത്തിന്റെ പേര്. നിങ്ങളുടെ ഉള്ളിലെ കുട്ടിക്ക് എത്ര വയസായി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ടൊവിനോ തോമസ് ഉള്ള കൗതുകകരമായ പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹര്‍ഷദ് സംവിധാനം ചെയ്ത ദായോം പന്ത്രണ്ടും എന്ന ചിത്രത്തിലെ സംഭാഷണങ്ങള്‍ എഴുതിക്കൊണ്ടാണ് മുഹ്‌സിന്‍ പരാതിയുടെ സിനിമാ പ്രവേശം. കരിയറില്‍ ഒരു സിനിമയേ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളൂ. ഉണ്ണി മുകുന്ദന്‍ നായകനായ കെഎല്‍ 10 പത്ത് ആയിരുന്നു ആ ചിത്രം. സംവിധാനം ചെയ്ത ചിത്രം കൂടാതെ സുഡാനി ഫ്രം നൈജീരിയ, വൈറസ്, ഹലാല്‍ ലവ് സ്റ്റോറി, തല്ലുമാല എന്നീ ചിത്രങ്ങളുടെ രചയിതാവാണ്. ഹലാല്‍ ലവ് സ്റ്റോറി, അയല്‍വാശി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവും തല്ലുമാലയുടെ ക്രിയേറ്റീവ് ഡയറക്ടറും ആണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സൂക്ഷ്മദര്‍ശിനി ഉള്‍പ്പെടെ നിരവധി ചിത്രങ്ങളുടെ പാട്ടെഴുത്തുകാരനുമാണ്.

◾  പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്‌ക്രാം 440 എന്ന പേരിലുള്ള പുതിയ മോട്ടോര്‍സൈക്കിളിന്റെ പ്രാരംഭ വില 1.99 ലക്ഷമാണ്. ട്രെയില്‍ വേരിയന്റിന്റെ പ്രാരംഭ വിലയാണിത്. 6,250 ആര്‍പിഎമ്മില്‍ 25.4 ബിഎച്ച്പിയും 4,000 ആര്‍പിഎമ്മില്‍ 34 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന പുതിയ 443 സിസി, എയര്‍/ഓയില്‍-കൂള്‍ഡ് എന്‍ജിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. എന്‍ജിന്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. വലിയ ഡിസ്‌പ്ലേസ്‌മെന്റും അധിക ഗിയറും ബൈക്ക് സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. സ്‌ക്രാം 440 ന്റെ ഡിസൈന്‍ സ്‌ക്രാം 411 ന് സമാനമാണ്. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, വലിയ ഇന്ധന ടാങ്ക്, സ്ലിം ടെയില്‍ സെക്ഷന്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഫോഴ്‌സ് ടീല്‍, ഫോഴ്‌സ് ഗ്രേ, ഫോഴ്‌സ് ബ്ലൂ, ട്രെയില്‍ ഗ്രീന്‍, ട്രെയില്‍ ബ്ലൂ എന്നി പുതിയ നിറങ്ങളും റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചിട്ടുണ്ട്. എല്‍ഇഡി ഹെഡ്‌ലൈറ്റ്, സ്വിച്ചബിള്‍ ഡ്യുവല്‍-ചാനല്‍ എബിഎസ്, മികച്ച സ്റ്റോപ്പിങ്ങ് പവറിനായി പരിഷ്‌കരിച്ച ഫ്രണ്ട് ബ്രേക്ക് എന്നിവ ബൈക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്.

◾  രാജ്യം കടന്നുപോകുന്ന ഗുരുതരമായ പ്രതിസന്ധികള്‍ക്ക് മൂന്നില്‍ നിന്നുകൊണ്ട് ലക്ഷ്യബോധമുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ പലപ്പോഴായി എഴുതിയ ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍. എഴുത്ത് പലപ്പോഴും പിടിതരാത്ത ഒരാശ്വാസമാണ് അദ്ദേഹത്തിന്. ജീവിതത്തില്‍ കണ്ടുമുട്ടിയ പ്രശസ്തര്യം അല്ലാത്തവരുമായ മനുഷ്യരെ പറ്റിയുള്ള ഓര്‍മ്മ ചിത്രങ്ങളും ഈ താളുകളില്‍ ഉണ്ട്. ബിനോയ് വിശ്വത്തിന്റെ ഈ പുതിയ പുസ്തകത്തില്‍ രാഷ്ട്രീയവും സാമൂഹികവും സാംസ്‌ക്കാരികവുമായ ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. എഴുത്തുവഴികളിലും പ്രഭാഷണവേദികളിലും ഒരുപോലെ ശ്രദ്ധേയനായ ബിനോയിയുടെ പുതിയ പുസ്തകം വര്‍ത്തമാനകാലത്തിന്റെ ആസുരസന്ധികള്‍ ശക്തമായി അവതരിപ്പിക്കുന്നു. 'ഇനിയും പറയാനുണ്ട്'. ബിനോയ് വിശ്വം. സൈകതം ബുക്‌സ്. വില 142 രൂപ.

◾  വായ പൊട്ടിയാലും പനി വന്നാലുമൊക്കെ ഡോക്ടറുടെ നിര്‍ദേശമില്ലാതെ പലരും വിറ്റാമിന്‍ ബി കോംപ്ലസ് ഗുളികകള്‍ കഴിക്കാറുണ്ട്. എന്നാല്‍ ഇവ ഓവര്‍ ഡോസ് ആയാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. എട്ട് ബി വിറ്റാമിനുകളുടെ ഒരു കൂട്ടമാണ് വിറ്റാമിന്‍ ബി കോംപ്ലക്‌സ് എന്ന് വിളിക്കുന്നത്. ഇതില്‍ ബി 1(തയാമിന്‍), ബി 2 (റൈബോഫ്‌ലേവിന്‍), ബി 3 (നിയാസിന്‍), ബി 5 (പാന്റോതെനിക് ആസിഡ്), ബി 6 (പിറിഡോക്‌സിന്‍), ബി 7 (ബയോട്ടിന്‍), ബി 9 (ഫോളിക് ആസിഡ്), ബി 12 (കോബാലമിന്‍) എന്നിവ അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ നിര്‍മാണ ഘടകങ്ങളാണ് വിറ്റാമിന്‍ ബി കോംപ്ലസ്. തലച്ചോറിന്റെ പ്രവര്‍ത്തനം, കോശങ്ങളുടെ ഉപാപചയം, ഊര്‍ജ്ജ നില എന്നിവയില്‍ ഇവ നേരിട്ട് സ്വാധീനം ചെലുത്തുന്നു. വിറ്റാമിന്‍ ബി കോപ്ലക്‌സ് കഴിക്കുന്നത് കോശ ആരോഗ്യം, ചുവന്ന രക്താണുക്കളുടെ വളര്‍ച, ഊര്‍ജ്ജ നില, കാഴ്ച, തലച്ചോറിന്റെ പ്രവര്‍ത്തനം, ദഹനം, വിശപ്പ്, ശരിയായ നാഡി പ്രവര്‍ത്തനം, ഹോര്‍മോണുകളുടെ ഉല്‍പാദനം, ഹൃദയാരോഗ്യം, പേശികളുടെ ആരോഗ്യം എന്നിവയ്ക്ക് നല്ലതാണ്. എന്നാല്‍ അമിതമായാല്‍ വിറ്റാമിന്‍ ബി കോപ്ലക്‌സും പണി തരും. ഇവയ്ക്ക് പാര്‍ശ്വഫലങ്ങളുണ്ട്. ഉയര്‍ന്ന അളവില്‍ ബി3 (നിയാസിന്‍) കഴിക്കുന്നത് ഓക്കാനം, ഛര്‍ദ്ദി അല്ലെങ്കില്‍ വയറിളക്കം പോലുള്ള ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മറുവശത്ത്, ബി6 വിഷാംശം വയറുവേദനയ്ക്കും വയറു വീര്‍ക്കുന്നതിനും കാരണമാകും. ബി3 (നിയാസിന്‍) ചര്‍മത്തില്‍ ചുവപ്പ്, ചൊറിച്ചില്‍ ഉണ്ടാക്കാം. നിയാസിന്‍ ഫ്‌ലഷ് എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. അമിതമായ ബി6 കഴിക്കുന്നത് നാഡിക്ക് കേടുപാടുകള്‍ ഉണ്ടാക്കുകയും, മരവിപ്പ്, ഇക്കിളി, നടക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ഉയര്‍ന്ന അളവില്‍ നിയാസിന്‍ ഹൃദയ താളത്തില്‍ മാറ്റങ്ങള്‍ വരുത്തുകയോ രക്തസമ്മര്‍ദ്ദം കുറയുകയോ ചെയ്‌തേക്കാം. ഹൃദ്രോഗമുള്ളവര്‍ക്ക് ഇത് അപകടകരമാകാന്‍ സാധ്യതയുണ്ട്. വളരെ ഉയര്‍ന്ന അളവില്‍ ബി12 വൃക്കരോഗമുള്ളവര്‍ക്ക് ദോഷകരമാകാം.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 86.18, പൗണ്ട് - 107.59. യൂറോ - 90.47, സ്വിസ് ഫ്രാങ്ക് - 95.16, ഓസ്ട്രേലിയന്‍ ഡോളര്‍ - 54.43, ബഹറിന്‍ ദിനാര്‍ - 228.66, കുവൈത്ത് ദിനാര്‍ -279.76, ഒമാനി റിയാല്‍ - 223.89, സൗദി റിയാല്‍ - 22.98, യു.എ.ഇ ദിര്‍ഹം - 23.47, ഖത്തര്‍ റിയാല്‍ - 23.67, കനേഡിയന്‍ ഡോളര്‍ - 60.10.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right