Trending

സായാഹ്ന വാർത്തകൾ.

◾ ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തു. വയനാട്ടിലെ ഫാം ഹൗസിന് മുന്നില്‍ വെച്ചാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഒളിവില്‍ പോകാതിരിക്കാനായി പുലര്‍ച്ചെ നാലുമണിമുതല്‍ പോലീസ് സംഘം ഇവിടെ കാത്തുനില്‍ക്കുകയായിരുന്നു. ഫാം ഹൗസിന് പുറത്തേക്ക് പോകാന്‍ ബോബി ചെമ്മണ്ണൂര്‍ കാറുമെടുത്ത് വരുമ്പോള്‍ പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്കുനേരേ അശ്ലീലപരാമര്‍ശം നടത്തുക, അത്തരം പരാമര്‍ശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്.

◾  ബോബി ചെമ്മണ്ണൂരിനെതിരെ നടപടി എടുത്തതില്‍ സന്തോഷമുണ്ടെന്നും ആശ്വാസമെന്നും നടി ഹണി റോസ്. നീതിക്കായാണ് തന്റെ പോരാട്ടമെന്നും അത് ഫലം കാണുമെന്ന് തന്നെയാണ് വിശ്വാസമെന്നും കേസില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയും ഉറപ്പ് നല്‍കിയിരുന്നുവെന്നും ഹണി റോസ് വ്യക്തമാക്കി. തന്റെ പ്രതികരണം കുറച്ചുകൂടി നേരത്തെയാകണമായിരുന്നു എന്ന് തോന്നിയതായും ഹണി റോസ് പ്രതികരിച്ചു.

◾  ബോബി ചെമ്മണൂരിന് പുറമെ ഹണി റോസിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ അധിക്ഷേപ കേസില്‍ ഫെയ്സ്ബുക്കില്‍ നിന്ന് കൊച്ചി പൊലീസ് വിവരങ്ങള്‍ തേടി. ഈ പരാതിയില്‍ മൊഴി നല്‍കിയ ഹണി റോസ് ഇന്‍സ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം പൊലീസിന് കൈമാറി. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു.

◾  ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷേപ പരാതിയില്‍ ഹണി റോസിന് പിന്തുണയുമായി സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക. നടി തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് പിന്തുണ അറിയിക്കുന്നതായും സൈബര്‍ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിന്റെ നാന്ദിയായാണ് ഇത് കാണുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ഫെഫ്ക വ്യക്തമാക്കി.

◾  ഐഎസ്ആര്‍ഒ നടത്തുന്ന സ്പേസ് ഡോക്കിംഗ് പരീക്ഷണം നാളെ. ഇസ്രൊ 2024 ഡിസംബര്‍ 30ന് വിക്ഷേപിച്ച സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് എന്നീ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുകയാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം. ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാവിലെ 8 മണിക്ക് സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം ആരംഭിക്കും. ഇസ്രൊയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ നാളെ രാവിലെ എട്ട് മണി മുതല്‍ ബഹിരാകാശ ഡോക്കിംഗ് തത്സമയം കാണാം.


◾  ചന്ദ്രയാന്‍-4 ആണ് ഭാവിയിലെ പ്രധാന ദൗത്യമെന്ന് ഐഎസ്ആര്‍ഒയുടെ നിയുക്ത ചെയര്‍മാന്‍ ഡോ. വി നാരായണന്‍.  ചുമതല ഏല്‍പിച്ച പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും രാജ്യത്തിനും നന്ദിയറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  2040 വരെയുള്ള കൃത്യമായ സ്പെയ്സ് വിഷന്‍ ഇസ്രൊയ്ക്കുണ്ട്. ഐഎസ്ആര്‍ഒ ഒരു വ്യക്തിയുടെ വിജയമല്ല, ഒരു ടീമിന്റെ വിജയമാണ്' എന്നും ചെയര്‍മാന്‍ പദവിയിലെത്തിയ ശേഷം വി നാരായണന്‍ കൂട്ടിച്ചേര്‍ത്തു.

◾  അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സിനിമ താരങ്ങളായ ടോവിനൊ തോമസും ആസിഫ് അലിയും മുഖ്യാഥിതികള്‍ ആകും. സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വ്യക്തമായ ലീഡോടെ ഒന്നാം സ്ഥാനത്താണ്.

◾  കാസര്‍കോട് പെരിയ ഇരട്ടക്കൊല കേസിലെ  മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ അടക്കം 4 പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്തു . 5 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീല്‍ നല്‍കിയത്. കെവി കുഞ്ഞിരാമന്‍, കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെവി ഭാസ്‌കരന്‍ എന്നിവരുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്. 

◾  പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പ്രതികളെ ജയിലിലെത്തി സന്ദര്‍ശിച്ച് സി.പി.എം. നേതാക്കളായ പി.പി. ദിവ്യയും പി.കെ. ശ്രീമതിയും. ഉദുമ മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് ഇരുവരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി പ്രതികളെ സന്ദര്‍ശിച്ചത്. ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചത് എല്ലാവരും പ്രതീക്ഷിച്ച കാര്യമാണെന്നും പ്രതികളെ കാണാനെത്തിയത് മനുഷ്യത്വപരമായ കാര്യമാണെന്നും ശ്രീമതി പറഞ്ഞു.

◾  വയനാട്ടില്‍ ആത്മഹത്യ ചെയ്ത കെപിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തെ അനുനയിപ്പിച്ച് കെപിസിസി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കുടുംബാംഗങ്ങളെ കണ്ടു. കുടുംബത്തിന്റെ എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പ്രയാസങ്ങളെല്ലാം മാറിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കുടുംബാംഗങ്ങളും പ്രതികരിച്ചു.

◾  മകരവിളക്കിനോടനുബന്ധിച്ച് ജനുവരി 15 വരെ ശബരിമലയില്‍ സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി അയ്യായിരമായി  നിജപ്പെടുത്തി. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് തീരുമാനം. ദര്‍ശനത്തിന് ശേഷം സന്നിധാനത്ത് തങ്ങുന്നതിനും ഭക്തര്‍ക്ക്  വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരക്ക് പരിഗണിച്ച്  ജനുവരി 13 മുതല്‍ 15 വരെ എല്ലാതരം ടിപ്പര്‍ ലോറികളുടെയും ഗതാഗതം പത്തനംതിട്ട ജില്ലയില്‍ നിരോധിച്ചുവെന്ന് കളക്ടര്‍  പ്രേം കൃഷ്ണന്‍ ഐ.എ.എസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

◾  രാഷ്ട്രീയ നേതാവിന്റെ മകന്‍ ആയതുകൊണ്ട് രാഷ്ട്രീയത്തില്‍ വരാന്‍ പാടില്ലെന്നത് ശരിയല്ലെന്ന് പി ജെ ജോസഫിന്റെ മകന്‍ അപു ജോസഫ്. പുതുതായി ഏല്‍പ്പിച്ച ദൗത്യം ആത്മാര്‍ത്ഥയോടെ നിര്‍വഹിക്കുമെന്നും തൊടുപുഴയില്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ യുഡിഎഫിലെ കക്ഷികള്‍ പ്രവര്‍ത്തനം ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾  പിവി അന്‍വറിന്റെ  യുഡിഎഫ് പ്രവേശനത്തിനെതിരെ നിലമ്പൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍. പിണറായി വിജയനോട് തെറ്റിയപ്പോള്‍ മാത്രമാണ് അന്‍വറിന് ജനങ്ങളോട് സ്നേഹം വന്നതെന്ന് കോണ്‍ഗ്രസ് നിലമ്പൂര്‍ മണ്ഡലം സെക്രട്ടറി മാനു മൂര്‍ക്കന്‍ പറഞ്ഞു. നേരത്തെ നഗരത്തിലും മുന്‍സിപ്പാലിറ്റിയിലും ആന ഇറങ്ങി നാശനഷ്ടങ്ങള്‍ ഉണ്ടായപ്പോള്‍ അന്‍വര്‍ ആഫ്രിക്കയിലായിരുന്നുവെന്നും അന്ന് പ്രതിഷേധിച്ചവര്‍ക്ക് നേരെ കേസ് എടുത്തവരാണ് എല്‍ഡിഎഫും അന്‍വറെന്നും അന്‍വറിന്റെ  ഇപ്പോഴത്തെ നിലപാട് കാപട്യം ആണെന്നും അദ്ദേഹം പറഞ്ഞു.

◾  സുരേഷ് കുറുപ്പിനെയും സിന്ധു ജോയിയേയും സിപിഎം നേതൃത്വം ക്രൂരമായി വഞ്ചിക്കുകയാണുണ്ടായതെന്ന് ചെറിയാന്‍ ഫിലിപ്പ്. സംഘടനാ രംഗത്തെ തുടര്‍ച്ചയായ അവഗണനയില്‍ പ്രതിഷേധിച്ചാണ് സുരേഷ് കുറുപ്പ് സിപിഎം കോട്ടയം ജില്ലാ കമ്മറ്റിയില്‍ നിന്നും സ്വയം ഒഴിവായതെന്ന് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തി. സമര പോരാളിയെന്ന നിലയില്‍ ഏറ്റവുമധികം ജയില്‍വാസം അനുഭവിച്ച വനിതയാണ് സിന്ധു ജോയിയെന്നും  എന്നാല്‍ കോളജ് അദ്ധ്യാപികയായിരുന്ന ടി.എന്‍. സീമയ്ക്ക്  ത്രിബിള്‍ പ്രമോഷന്‍ ഒറ്റയടിക്ക് നല്‍കിയപ്പോള്‍ സിന്ധുവിന് ഡിവൈഎഫ്ഐ ഭാരവാഹിത്വം പോലും നല്‍കിയില്ലെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

◾  കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാക്കള്‍ കീഴടങ്ങുമെന്ന് റിപ്പോര്‍ട്ട്. വയനാട് സ്വദേശിയായ മാവോയിസ്റ്റ് ജിഷ അടക്കം എട്ട് പേരാണ് ഇന്ന് കര്‍ണാടക ചിക്മംഗളുരുവില്‍ കീഴടങ്ങുകയെന്നാണ് വിവരം. ഇതേ തുടര്‍ന്ന് എന്ത് കൊണ്ട് സായുധ പോരാട്ടം ഉപേക്ഷിച്ചുവെന്ന് പ്രസ്താവന നല്‍കും.

◾  കൊച്ചിയിലെ നൃത്തപരിപാടിയില്‍ പങ്കെടുക്കാനെത്തി ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ നിലയില്‍ പുരോഗതി. എംഎല്‍എ സ്റ്റാഫംഗങ്ങളോട് ഫോണില്‍ വിളിച്ച് സംസാരിച്ചതായി ഫേസ്ബുക്കിലൂടെ അഡ്മിന്‍ അറിയിച്ചു. എല്ലാം കോര്‍ഡിനേറ്റ്' ചെയ്യണമെന്ന് എംഎല്‍എ അറിയിച്ചതായി ഫേസ്ബുക്ക് പേജ് അഡ്മിന്‍ അറിയിച്ചു.

◾  സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് പുകഴ്ത്തി പറയുന്നതും സത്രീത്വത്തെ അപമാനിക്കലാണെന്ന് ഹൈക്കോടതി. അനാവശ്യമായി ഇത്തരം വര്‍ണനകള്‍ നടത്തുന്നതും അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗീകച്ചുവയോടെയല്ലെന്ന് കരുതാനാവില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി. സഹപ്രവര്‍ത്തകയുടെ പരാതിയില്‍ തനിക്കെതിരേ ആലുവ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ ഹര്‍ജി തള്ളിയ ഉത്തരവിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

◾  യൂ ട്യൂബ് വഴി മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് കാണിച്ച്  നടി മാലാ പാര്‍വതി സൈബര്‍ പൊലിസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് തിരുവനന്തപുരം സൈബര്‍ പൊലീസ് കേസെടുത്തു.

◾  തൃശൂര്‍ പാണഞ്ചേരി പഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രതിഷേധവുമായി മാടക്കത്തറ നിവാസികള്‍. മാലിന്യ കൂമ്പാരവുമായി പ്ലാന്റിലേക്ക് പോകുന്ന ലോറികളില്‍ നിന്നുള്ള അസഹനീയ ദുര്‍ഗന്ധവും മാലിന്യ അവശിഷ്ടങ്ങളും കാരണം ഒരു വര്‍ഷത്തിലേറെയായി ദുരിതത്തിലാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

◾  തിരൂര്‍ പുതിയങ്ങാടി പള്ളിയിലെ യാഹൂ തങ്ങള്‍ നേര്‍ച്ചക്കിടെ ആന ഇടഞ്ഞ് തുമ്പിക്കൈയില്‍ ചുഴറ്റി എറിഞ്ഞ ആളുടെ നില ഗുരുതരമായി തുടരുന്നു. പാക്കത്ത് ശ്രീക്കുട്ടനെന്ന ആനയാണ് തിരൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടിയെ തുമ്പിക്കൈയില്‍ ചുഴറ്റി എറിഞ്ഞത്. ഇയാളെ കോട്ടക്കലിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ്  സംഭവം നടന്നത്.

◾  തൃശൂരില്‍ അമിത വേഗതയിലെത്തിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് നാല് വയസുകാരിയ്ക്ക് ദാരുണാന്ത്യം. ഓട്ടുപാറയില്‍  4 വയസുകാരി നൂറ ഫാത്തിമയാണ് മരിച്ചത് ഫാത്തിമ സഞ്ചരിച്ചിരുന്ന ഓട്ടോയുടെ പിന്നില്‍ ബസ് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഫാത്തിമ ഓട്ടോയില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

◾  മുംബൈയില്‍ ഒരു കുട്ടിക്ക് കൂടി എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചു. ആറുമാസം പ്രായമുള്ള പെണ്‍കുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന കുട്ടി ആശുപത്രി വിട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം, എച്ച്എംപി വൈറസ് ബാധിച്ച് കര്‍ണാടകയിലെ യെലഹങ്കയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന എട്ട് മാസം പ്രായമുള്ള ആണ്‍ കുഞ്ഞ് രോഗമുക്തനായി ആശുപത്രി വിട്ടു.

◾  തങ്ങളുടെ മഹാന്‍മാരായ നേതാക്കളെ മറക്കുന്നത് കോണ്‍ഗ്രസിന്റെ ഡിഎന്‍എയില്‍ ഉള്ളതാണെന്നും, കോണ്‍ഗ്രസ് ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും ബി ജെ പി ദേശീയ വക്താവ് ഷഹ്സാദ് പൂനെവാല പറഞ്ഞു. അംബേദ്കറും സര്‍ദാര്‍ വല്ലഭായ് പട്ടേലും കോണ്‍ഗ്രസിന്റെ ഈ മനോഭാവത്തിന് ഉദാഹരണമാണെന്നും പൂനെവാല വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം പ്രണബ് മുഖര്‍ജിക്ക് രാജ്ഘട്ടിന് സമീപം രാഷ്ട്രീയ സ്മൃതിസ്ഥലില്‍ സ്മാരകത്തിനായി കേന്ദ്രസര്‍ക്കാര്‍ സ്ഥലം അനുവദിച്ചതിനെ തുടര്‍ന്നായിരുന്നു ഷഹ്സാദിന്റെ പ്രതികരണം.

◾  വാഹനാകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അപകടത്തില്‍പ്പെട്ടവര്‍ മരിച്ചാല്‍ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി അപകടത്തിന് ശേഷം പൊലീസിനെ വിവരമറിയിച്ച്  24 മണിക്കൂറിനുള്ളില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗിയുടെ 7 ദിവസത്തെ ചികിത്സയ്ക്കുള്ള ചെലവായി പരമാവധി 1.5 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.

◾  ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപി ജയിച്ചാല്‍ അരവിന്ദ് കെജ്രിവാള്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് എഎപി മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്. വോട്ടുകള്‍ അട്ടിമറിയ്ക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും എന്നാല്‍ ബിജെപിയെ കാത്തിരിക്കുന്നത് കനത്ത പരാജയമാണെന്നും സഞ്ജയ് സിങ് വ്യക്തമാക്കി.

◾  അസമിലെ കല്‍ക്കരി ഖനിക്കുള്ളില്‍ വെള്ളം കയറി തൊഴിലാളികള്‍ കുടുങ്ങിയ സംഭവത്തില്‍ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമ്രാംഗ്സോയിലെ കല്‍ക്കരി ഖനിയിലാണ്  തൊഴിലാളികള്‍ അകപ്പെട്ടത്. ഖനിയില്‍ ഒന്‍പത് പേരാണ് കുടുങ്ങിയത് എന്നാണ് നിഗമനം. കുടുങ്ങിക്കിടക്കുന്ന മറ്റ് തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

◾  ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ ഗാലക്സി അപാര്‍ട്മെന്റില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളുമായാണ് സല്‍മാന്‍ ഖാന്റെ വീടിന് സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്‍സിപി നേതാവ് സിദ്ധിഖിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ നടന്റെ സുരക്ഷ നേരത്തെ തന്നെ വര്‍ദ്ധിപ്പിച്ചിരുന്നു.

◾  ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ  ബീജിങ്ങ് സന്ദര്‍ശിക്കും. നാല് ദിവസത്തെ സന്ദര്‍ശനമാണ് പ്രസിഡന്റ് നടത്തുകയെന്ന് ലങ്കന്‍ സര്‍ക്കാര്‍ വക്താവ് അറിയിച്ചു. സമുദ്ര ഗവേഷണ കപ്പലുകള്‍ക്ക് അനുമതി നല്‍കാന്‍ ചൈന ശ്രീലങ്കയോട് ആവശ്യപ്പെടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സന്ദര്‍ശനം. ലങ്കന്‍ മേഖല ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒന്നിനും വിട്ടുകൊടുക്കില്ലെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ദിസനായകെ ഉറപ്പ് നല്‍കിയിരുന്നു.

◾  കത്തോലിക്കാ സഭയുടെ മതപരമായ ഉത്തരവുകളുടെ ചുമതലയുള്ള ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതലക്കാരിയായി ഇറ്റാലിയന്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ നിയമിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉത്തരവിറക്കി. വത്തിക്കാനിലെ ഒരു പ്രധാന കാര്യാലയത്തിന്റെ തലപ്പത്തേക്ക് ആദ്യമായാണ് വനിത തെരഞ്ഞെടുക്കപ്പെടുന്നത്. വത്തിക്കാന്‍ ഓഫീസുകളില്‍ സ്ത്രീകളെ രണ്ടാം സ്ഥാനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, കത്തോലിക്കാ സഭയുടെ കേന്ദ്ര ഭരണ സ്ഥാപനമായ ഹോളി സീ കൂരിയയുടെ പ്രിഫെക്റ്റായി ഒരു സ്ത്രീയെ നിയമിക്കുന്നത് ഇതാദ്യമാണ്.

◾  ഓസ്ട്രേലിയയുടെ പടിഞ്ഞാറന്‍ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രമായ റോട്ട്നെസ്റ്റ് ദ്വീപിലുണ്ടായ അപകടത്തില്‍ ജലവിമാനം തകര്‍ന്ന് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഏഴ് പേരായിരുന്നു ജലവിമാനത്തിലുണ്ടായിരുന്നത്. താഴ്ന്ന് പറക്കുന്നതിനിടയില്‍ ചുണ്ണാമ്പ് കല്ലില്‍ ഇടിച്ച ജല വിമാനം കടലിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

◾  സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലെ പ്രധാന വിമാനത്താവളത്തില്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചു. വിമത സായുധ സംഘം അധികാരം പിടിച്ചെടുത്തതോടെ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദ് ദമാസ്‌കസില്‍ നിന്ന് പലായനം ചെയ്തതിന് ശേഷം ഇതാദ്യമായാണ് ചൊവ്വാഴ്ച വീണ്ടും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിച്ചത്.

◾  ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വി വിലയിരുത്താന്‍ ബിസിസിഐ. ഇന്ത്യന്‍ താരങ്ങള്‍ ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ചെത്തിയശേഷമാകും കോച്ച് ഗൗതം ഗംഭീര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര എന്നിവരെ ഉള്‍പ്പെടുത്തി വിശകലന യോഗം ചേരുക എന്നാണ് റിപ്പോര്‍ട്ട്.

◾  രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഈ സാമ്പത്തിക വര്‍ഷം ഗണ്യമായ ഇടിവുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ട പുതിയ കണക്ക്. മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 6.4 ശതമാനമായി കുറയുമെന്നാണ് കേന്ദ്ര ബജറ്റിന് മുന്നോടിയായി ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് തയ്യാറാക്കിയ കണക്കില്‍ ചൂണ്ടിക്കാട്ടുന്നത്. 2020-21 കോവിഡ് കാലത്തുണ്ടായ 5.8 ശതമാനത്തിന്റെ അടുത്തേക്കാണ് നിരക്ക് താഴുന്നത്. 2021-22 ല്‍ 9.7 ശതമാനവും  202-23 ല്‍ 7 ശതമാനവും 2024 മാര്‍ച്ച് വരെ 8.2 ശതമാനവുമായിരുന്നു മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലെ വളര്‍ച്ച. 6.6 ശതമാനം വളര്‍ച്ചയെന്നാണ് ഡിസംബറില്‍ റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടിയത്. 6.5 മുതല്‍ 7 ശതമാനം വരെ കേന്ദ്ര ധനമന്ത്രാലയവും ഉയര്‍ത്തി കാട്ടിയിരുന്നു. ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച 9.9 ശതമാനത്തില്‍ നിന്ന് 5.3 ശതമാനത്തിലേക്ക് കുത്തനെ ഇടിയുമെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകളിലുള്ളത്. സേവന മേഖലയില്‍ 6.4 ശതമാനത്തില്‍ നിന്ന് 5.8 ശതമാനമായി വളര്‍ച്ച കുറയും. കാര്‍ഷിക മേഖല കഴിഞ്ഞ വര്‍ഷത്തെ 1.4 ശതമാനത്തില്‍ നിന്ന് 3.8 ശതമാനമായി വളരും. നിലവുള്ള വിലകളെ അടിസ്ഥാനമാക്കിയുള്ള ജിഡിപി കഴിഞ്ഞ വര്‍ഷത്തെ 295.36 ലക്ഷം കോടിയില്‍ നിന്ന് 324.11 ലക്ഷം കോടിയായി വളരും. നിലവിലുള്ള വിലകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ മൂല്യം 3.8 ട്രില്യണ്‍ ഡോളറാണ്. ഈ വര്‍ഷം ജി.വി.എ വളര്‍ച്ച 9.3 ശതമാനം രേഖപ്പെടുത്തും. ഇത് 292.64 കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്.

◾  ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്‌ലറായ റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡ്, ഓഡിയോ ഉപകരണ വിദഗ്ധരായ ഹാര്‍മനുമായി സഹകരിച്ച് തദ്ദേശീയമായി വികസിപ്പിച്ച ആറ് ഹോം തിയേറ്റര്‍ എല്‍ഇഡി ടിവികളുടെ ഒരു ശ്രേണി പുറത്തിറക്കി.  ബിപിഎല്‍ ബ്രാന്‍ഡിന് കീഴില്‍ പുറത്തിറക്കിയ ഈ ടിവികള്‍, പ്രത്യേകമായി ഒപ്റ്റിമൈസ് ചെയ്ത സ്പീക്കര്‍ മൊഡ്യൂളുകളിലൂടെ അത്യാധുനിക ഓഡിയോ അനുഭവം നല്‍കുന്ന രീതിയിലാണ്  രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മികച്ച ശബ്ദാനുഭവും ദൃശ്യമികവും തീയേറ്റര്‍ പോലുള്ള അനുഭവം തന്നെ നല്‍കുന്നു. എല്‍ഇഡി ടിവി വിഭാഗത്തില്‍ വിശ്വസനീയവും കാര്യക്ഷമവും താങ്ങാനാവുന്ന വിലയിലുള്ളതുമായ ഉല്‍പ്പന്നങ്ങളുടെ ശ്രേണിയില്‍  തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്  റിലയന്‍സ് റീട്ടെയില്‍. ഒരു ആഗോള നിര്‍മ്മാണ ശക്തിയായി മാറാനുള്ള ഇന്ത്യയുടെ യാത്രയില്‍ സ്വാശ്രയത്വത്തിലേക്കും നവീകരണത്തിലേക്കും രാജ്യത്തെ നയിക്കുന്നതില്‍ ഈ  'മെയ്ഡ് ഇന്‍ ഇന്ത്യ' ഹോം തിയറ്റര്‍ ടിവികള്‍ ഭാഗമാകും.

◾  ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ സൂപ്പര്‍ താരം യാഷ് നായകനാകുന്ന 'ടോക്‌സിക്' ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സ് പുറത്ത്. നടന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഈ പ്രത്യേക ടീസര്‍ എത്തിയിരിക്കുന്നത്. പാരായിസ്സോ എന്ന ഒരു ക്ലബിന് മുന്നില്‍ ഒരു ഗാങ്സ്റ്റര്‍ വൈബില്‍ വിന്റേജ് കാറില്‍ വന്നിറങ്ങുന്ന യഷിന്റെ മാസ് ഫീല്‍ തരുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിലുള്ളത്. വെളുത്ത സ്യൂട്ട് ധരിച്ച്, ഫെഡോറയും ചുരുട്ടും പിടിച്ച് നടന്നു വരുന്ന സ്‌റ്റൈലിഷ് യാഷിനെ ടീസറില്‍ കാണാം. നടന്‍ സുദേവ് നായരും ഒപ്പമുണ്ട്. യാഷിന്റെ പത്തൊന്‍പതാം സിനിമയാണിത്. എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ് എന്നാണ് ടാഗ് ലൈന്‍.  ഈ വര്‍ഷം ഏപ്രിലില്‍ ചിത്രം പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം യാഷും വെങ്കട് കെ നാരായണയും ചേര്‍ന്നാണ്. മയക്കുമരുന്ന് മാഫിയയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം.

◾  ജോഫിന്‍ ടി ചാക്കോ സംവിധാനത്തില്‍ വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രമാണ് 'രേഖാചിത്രം'. ജനുവരി 9ന് ചിത്രം തീയറ്ററുകളില്‍ എത്തും. അധികം കാണാത്ത ആള്‍ടര്‍നേറ്റീവ് ഹിസ്റ്ററി ജോണറില്‍ വരുന്ന പടം.. മരിച്ചത് ആരാണെന്നും കൊന്നത് ആരാണെന്നും സ്റ്റോറി ലൈനില്‍ എവിടെ പ്ലെയ്സ് ചെയ്യുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പുതുമ. ചിത്രത്തിന്റെതായി ഇതുവരെ പുറത്തുവിട്ട പോസ്റ്ററുകളും ചിത്രത്തിന്റെ ടീസര്‍, ട്രെയിലര്‍ എന്നിവയും വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥക്ക് ജോണ്‍ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍ ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാര്‍, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിന്‍ ശിഹാബ് ('ആട്ടം' ഫെയിം) തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

◾  ഹ്യുണ്ടേയ് ഇന്ത്യയില്‍ 11 ലക്ഷത്തിലേറെ ക്രേറ്റകള്‍ നിരത്തിലിറക്കി കഴിഞ്ഞു. ഇനി ക്രേറ്റ ഇവിയുടെ ഊഴമാണ്. ജനുവരി 17ന് ഔദ്യോഗികമായി അവതരിപ്പിക്കും. ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളാണ് ക്രേറ്റ ഇവിക്ക് ഹ്യുണ്ടേയ് നല്‍കിയിരിക്കുന്നത്. ലൈന്‍ കീപ്പ് അസിസ്റ്റ്, മുന്നിലെ കൂട്ടിയിടി മുന്നറിയിപ്പ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിങ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ എന്നിവയെല്ലാം സുരക്ഷാ ഫീച്ചറുകളായെത്തുന്നു. 360 ഡിഗ്രി ക്യാമറയും മഴക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന വൈപ്പറുകളും മുന്നിലെ പാര്‍ക്കിങ് സെന്‍സറുകളും ക്രേറ്റ ഇവിയിലുണ്ട്. ക്രേറ്റ ഇവിയില്‍ 42 കിലോവാട്ട്അവര്‍ ബാറ്ററി മോഡലില്‍ ഫ്രണ്ട് ആക്‌സില്‍ 135എച്ച്പി മോട്ടോറും 51.4 കിലോവാട്ട്അവര്‍ ബാറ്ററി മോഡലില്‍ 171എച്ച്പി മോട്ടോറുമാണെന്ന് ഹ്യുണ്ടേയ് സ്ഥിരീകരിച്ചിരിക്കുന്നു. 51.4 കിലോവാട്ട്അവര്‍ ബാറ്ററി പാക്കില്‍ 0-100കിലോമീറ്റര്‍ വേഗതയിലെത്താന്‍ 7.9 സെക്കന്‍ഡ് മതി. 11 കിലോവാട്ട് എസി ചാര്‍ജറിന് 10-100 ശതമാനം ചാര്‍ജിലേക്കെത്താന്‍ നാലു മണിക്കൂര്‍ മതി. അതേസമയം ഡിസി ചാര്‍ജറാണെങ്കില്‍ 10-80 ശതമാനം ചാര്‍ജിന് 58 മിനുറ്റ് മതിയാവും. ചാര്‍ജിങ് തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനും ഷെഡ്യൂള്‍ ചെയ്യുന്നതിനുമെല്ലാം മൈഹ്യുണ്ടേയ് ആപ്പ് ഉപയോഗിക്കാനാവും.

◾  മഞ്ചാടിമണിപോലുള്ള ശബ്ദമെന്ന് ജി. ദേവരാജന്‍ മാസ്റ്റര്‍ വിശേഷിപ്പിച്ച, തെന്നിന്ത്യന്‍ സിനിമാസംഗീതലോകത്തെ ഭാവപൗര്‍ണ്ണമിയായ പി. സുശീല, വാസന്തപഞ്ചമിനാളും തളിരിട്ടകിനാക്കളും സൂര്യകാന്തിയുമെല്ലാം നമ്മുടെ എക്കാലത്തെയും സംഗീതസ്വപ്നമാക്കിമാറ്റിയ തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകി, പി.ബി. ശ്രീനിവാസ്, ദക്ഷിണാമൂര്‍ത്തി, ശ്രീകുമാരന്‍ തമ്പി, വി. മധുസൂദനന്‍ നായര്‍, കൃഷ്ണചന്ദ്രന്‍, നിലമ്പൂര്‍ കാര്‍ത്തികേയന്‍, സി.എസ്. രാധാദേവി, മലേഷ്യ വാസുദേവന്‍, ജനാര്‍ദ്ദന്‍ മിട്ട, പാര്‍ത്ഥസാരഥി...  പിന്നെ, ജോണ്‍ എബ്രഹാം മുതല്‍ യേശുദാസിന്റെ പാട്ടുകള്‍ക്ക് ദൃശ്യമൊരുക്കിയ ബുദ്ധിജീവികള്‍, മലയാളത്തിന്റെ എക്കാലത്തെയും ഗന്ധര്‍വ്വഗാനമായ ദേവാങ്കണങ്ങള്‍, പാട്ടിന്റെ പടകാളിരൂപംകൊണ്ട് അമ്പരപ്പിക്കുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്ത യോദ്ധ...  പലരും പലതുമായി ചലചിത്രഗാനങ്ങളുടെ വിശേഷങ്ങളും ഉള്‍ക്കഥകളും ആസ്വാദനവും കൗതുകങ്ങളും... രവി മേനോന്റെ ഏറ്റവും പുതിയ പാട്ടെഴുത്തുപുസ്തകം. 'കാതോരം'. മാതൃഭൂമി ബുക്സ്. വില 229 രൂപ.

◾  രോഗ പ്രതിരോധശേഷി കുറഞ്ഞവരിലാണ് പെട്ടെന്ന് രോഗങ്ങള്‍ വരുന്നത്. രോഗ പ്രതിരോധശേഷി കൂട്ടാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിന്റെ കാര്യത്തില്‍ തന്നെയാണ്. അത്തരത്തില്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഫലമാണ് മാതളം. മഞ്ഞുകാലത്ത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പേരയ്ക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പഴമാണിത്. ഇവ അണുബാധകള്‍ക്ക് എതിരെ സ്വാഭാവിക സംരക്ഷണം നല്‍കുകയും ചെയ്യും. കൂടാതെ നാരുകളാല്‍ സമ്പന്നമായതിനാല്‍ പേരയ്ക്ക കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ആപ്പിള്‍ കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിന്‍ സിയാല്‍ സമ്പന്നമായ കിവിയും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 85.85, പൗണ്ട് - 106.90. യൂറോ - 88.68, സ്വിസ് ഫ്രാങ്ക് - 94.20, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.45, ബഹറിന്‍ ദിനാര്‍ - 227.74, കുവൈത്ത് ദിനാര്‍ -278.40, ഒമാനി റിയാല്‍ - 222.99, സൗദി റിയാല്‍ - 22.837 യു.എ.ഇ ദിര്‍ഹം - 23.38, ഖത്തര്‍ റിയാല്‍ - 23.40, കനേഡിയന്‍ ഡോളര്‍ - 59.81.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right