2024 നവംബർ 13 ബുധൻ
1200 തുലാം 28 രേവതി
1446 ജ:അവ്വൽ 10
◾ കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാടും ചേലക്കരയും ഇന്ന് വിധി എഴുതും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലും റായ്ബറേലിയിലും ജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തുന്നതിനായി വയനാട് ഒഴിഞ്ഞതിനാലാണു വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ്. എംഎല്‍എയായിരുന്ന കെ. രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്ന് ലോക്സഭയിലേക്കു ജയിച്ചതുകൊണ്ടാണു ചേലക്കര പുതിയ എംഎല്‍എയെ തിരഞ്ഞെടുക്കുന്നത്. ചേലക്കര മണ്ഡലത്തില്‍ ആറും വയനാട്ടില്‍ 16 സ്ഥാനാര്‍ഥികളുമാണ് മത്സര രംഗത്തുള്ളത്.
◾ പ്രിയങ്ക ഗാന്ധി ആദ്യമായി ജനവിധി തേടുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ ആകെ 14,71,742 വോട്ടര്‍മാരാണുള്ളത്. സിപിഐയുടെ സത്യന്‍ മൊകേരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപിയുടെ നവ്യ ഹരിദാസാണ് ബിജെപി സ്ഥാനാര്‍ത്ഥി. 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.
◾ ചേലക്കര നിയോജക മണ്ഡലത്തില്‍ ആകെ 2,13,103 വോട്ടര്‍മാരാണ് ഉള്ളത്. ചേലക്കര നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിനായി യു.ആര്‍.പ്രദീപും, യുഡിഎഫിനായി രമ്യ ഹരിദാസും എന്‍ഡിഎ ക്കായി ബാലകൃഷ്ണനും രംഗത്തുണ്ട്. പി.വി. അന്‍വറിന്റെ ഡിഎംകെയുടെ എന്‍.കെ.സുധീറും മത്സര രംഗത്തുണ്ട്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.രാധാകൃഷ്ണന്‍ ഇവിടെ നിന്നും ജയിച്ചത്.
◾ കേരളത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 32 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ്. പശ്ചിമബംഗാളില്‍ ആറ്, ബിഹാറില്‍ നാല്, രാജസ്ഥാന്‍ ഏഴ്, അസമില്‍ അഞ്ച്, കര്‍ണാടകയില്‍ മൂന്ന്, സിക്കിമിലും മധ്യപ്രദേശിലും രണ്ട് വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ഛത്തീസ്ഗഡ് , ഗുജറാത്ത്, മേഘാലയ സംസ്ഥാനങ്ങളില്‍ ഓരോ മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.
◾ വീറും വാശിയും നിറഞ്ഞ പ്രചാരണത്തിനൊടുവില്‍ ജാര്‍ഖണ്ഡിലെ ആദ്യ ഘട്ട വോട്ടെടുപ്പും ഇന്ന്. സംസ്ഥാനത്തെ ആകെ 81 സീറ്റില്‍ 43 ഇടത്തും ഇന്നു വോട്ടെടുപ്പ് നടക്കും.
◾ വഖഫ് ബില്‍ വിഷയത്തില്‍ കടുത്ത നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. വഖഫ് ഭേദഗതി ബില്‍ ബി.ജെ.പി സര്‍ക്കാര്‍ പാസാക്കുമെന്നും തങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. വഖഫ് നിയമം ഭേദഗതി ചെയ്യാനും ബോര്‍ഡിന്റെ ഘടനയില്‍ മാറ്റം വരുത്താനും സമയമായെന്നും അദ്ദേഹം പറഞ്ഞു. ഝാര്‍ഖണ്ഡിലെ ബാഗ്മാരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
◾ കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ക്വട്ടേഷന്‍ ചിലരേറ്റെടുത്തിരിക്കുകയാണെന്നും ഉത്തരേന്ത്യയിലേത് പോലെ കേരളത്തില്‍ സാമുദായിക സംഘര്‍ഷം ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണമെന്നും വര്‍ഗീയ ശക്തികള്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനുള്ള സൗകര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും കുടിയിറക്കല്‍ ഭീഷണി നേരിടുന്ന അന്തേവാസികളുടെ ആശങ്ക പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ മനപൂര്‍വ്വമായ കാലതാമസം വരുത്തിയെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.
◾ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് പരാതി. എല്‍ഡിഎഫാണ് പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. വൈദികരുടെ സാന്നിധ്യത്തില്‍ പ്രാര്‍ത്ഥന നടത്തുന്നതിന്റെ വീഡിയോ പ്രചരിപ്പിച്ചുവെന്നും ആരാധനാലത്തിനുള്ളില്‍ വിശ്വാസികളോട് വോട്ട് അഭ്യാര്‍ത്ഥിച്ചെന്നും വോട്ടിനായി മതചിഹ്നം ദുരുപയോഗിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
◾ സഹോദരിയും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനെത്തിയപ്പോള്‍ വയനാട്ടില്‍ സിപ് ലൈനില്‍ കയറിയ വീഡിയോ തന്റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കാരാപുഴയിലെ അഡ്വഞ്ചര്‍ പാര്‍ക്കിലെ സിപ് ലൈനിലാണ് രാഹുല്‍ കയറിയത്. വയനാട്ടില്‍ ഒരു പ്രശ്‌നവുമില്ലെന്നും വയനാട്ടിലേക്ക് സഞ്ചാരികള്‍ വരണമെന്നും വയനാട് സുരക്ഷിതമെന്നും പറഞ്ഞ രാഹുല്‍ ഉരുള്‍പൊട്ടല്‍ ചെറിയ ഭാഗത്തെ മാത്രമാണ് ബാധിച്ചതെന്നും അതിന്റെ പേരില്‍ ടൂറിസം മേഖല തകരാന്‍ പാടില്ലെന്നും വ്യക്തമാക്കി. വയനാട് വളരെ മനോഹരമാണെന്നും ആളുകള്‍ വരണമെന്നും ഇഷ്ടമാവുമെന്നും രാഹുലിനൊപ്പമുണ്ടായിരുന്നപ്രിയങ്ക ഗാന്ധിയും കൂട്ടിച്ചേര്‍ത്തു.
◾ പരസ്യപ്രചാരണം കഴിഞ്ഞിട്ടും എല്‍.ഡി.എഫ്. നേതാക്കള്‍ ചേലക്കര മണ്ഡലത്തിന്റെ പരിധിയില്‍ അനധികൃതമായി താമസിക്കുന്നുവെന്ന് കോണ്‍ഗ്രസിന്റെ പരാതി. ജില്ലാ പോലീസ് മേധാവിക്കും കളക്ടര്‍ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. മണ്ഡലത്തില്‍ താമസിക്കുന്ന നേതാക്കളെ കസ്റ്റഡിയില്‍ എടുത്ത് മണ്ഡലത്തിന് പുറത്താക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
◾ ചേലക്കരയില്‍ പൊലീസ് വിലക്ക് ലംഘിച്ച് വാര്‍ത്താസമ്മേളനം നടത്തിയ പിവി അന്‍വറിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഢ്യനാണ് റിട്ടേണിങ് ഓഫിസര്‍ക്ക് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
◾ കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് മാറ്റി വെച്ചു. തിയറി, പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ ഉള്‍പ്പെടെയാണ് മാറ്റി വെച്ചിരിക്കുന്നത്. പുതുക്കിയ തീയതികള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
◾ സീപ്ലെയിന്‍ പദ്ധതിക്ക് അനാവശ്യ വാദഗതികള്‍ ഉയര്‍ത്തി തടസം നിന്നത് എല്‍ഡിഎഫ് ആയിരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. 12 വര്‍ഷങ്ങള്‍ക്ക് മുമ്പേ യാഥാര്‍ത്ഥ്യമാക്കേണ്ട ഒരു പദ്ധതിയെ പിന്നോട്ട് അടിച്ചതും എല്‍ഡിഎഫിന്റെ തലതിരിഞ്ഞ വികസന കാഴ്ചപ്പാട് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു . സിപിഎം പത്തുകൊല്ലം പിറകോട്ടാണ് സഞ്ചരിക്കുന്നത്. 2004ല്‍ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ താന്‍ ദുബായില്‍ സീ പ്ലെയിനില്‍ സഞ്ചരിച്ചപ്പോള്‍ തോന്നിയ ആശയമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
◾ മല്ലു ഹിന്ദു വാട്ട്സ് ആപ്പ് ഗ്രൂപ്പ് വിവാദവുമായി ബന്ധപ്പെട്ട് കടുത്ത നടപടി സ്വീകരിച്ചെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെന്ന നിലയിലാണ് ഗോപാലകൃഷ്ണനെതിരായ നടപടിയെന്നും മന്ത്രി പറഞ്ഞു. സസ്പെന്‍ഷന്‍ നടപടി അവസാനത്തേതല്ലെന്നും മറ്റ് വശങ്ങള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
◾ പരാതികളില്ലാത്ത മികച്ച സംഘാടനമാണ് ഒളിമ്പിക്സ് മോഡല്‍ കായിക മേളയില്‍ ഉണ്ടായതെന്നും എന്നാല്‍ കായിക മേള അലങ്കോലപ്പെടുത്താന്‍ ആസൂത്രിത നീക്കം നടന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സാംസ്‌കാരിക പരിപാടി തടയാനും വളണ്ടിയര്‍മാരെ മര്‍ദ്ദിക്കാനും ശ്രമമുണ്ടായിയെന്നും കായികമേളയുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുന്ന രീതിയില്‍ ആയിരുന്നു വിരലിലെണ്ണാവുന്നവരുടെ പ്രവര്‍ത്തനമെന്നും ഇക്കാര്യം പൊതു വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
◾ വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തന്നെയും തന്റെ കുടുംബത്തെയും മുഖ്യധാര മാധ്യമങ്ങളിലുടെയും സമൂഹ മാധ്യമങ്ങളിലൂടെയും അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമച്ചവര്‍ക്കും വാട്സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവയിലൂടെ അത് പ്രചരിപ്പിച്ചവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് പി.പി.ദിവ്യ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
◾ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് പമ്പയില്‍ ഹില്‍ടോപ്പിലും ചക്കുപാലം രണ്ടിലും കാറുകളടക്കമുള്ള 700 ചെറുവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഹൈക്കോടതിയുടെ അനുമതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിയാണ് ദേവസ്വം ബഞ്ച് ഉത്തരവ്. 2018 മുതല്‍ മണ്ഡലകാലത്ത് പമ്പയിലേയ്ക്ക് ചെറുവാഹനങ്ങള്‍ കടത്തിവിട്ടിരുന്നില്ല. താത്കാലികമായാണ് അനുമതിയെന്നും ഗതാഗതക്കുരുക്കോ മറ്റു പ്രശ്നങ്ങളോ ഉണ്ടായാല്‍ നിയന്ത്രണമേര്‍പ്പെടുത്താമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
◾ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി പത്മ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ മകളുടെ വസതിയിലായിരുന്ന അന്ത്യം. സംസ്‌ക്കാരം ഇന്ന് കോഴിക്കോട്.
◾ വയനാട് തവിഞ്ഞാല്‍ തലപ്പുഴയില്‍ വഖഫ് ബോര്‍ഡിന്റെ നോട്ടീസ് ലഭിച്ച കുടുംബങ്ങളെ സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജന്‍ സന്ദര്‍ശിച്ചു. തലപ്പുഴയില്‍ അഞ്ചു കുടുംബങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചത്. ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് കുടുംബങ്ങളെ സന്ദര്‍ശിച്ച ശേഷം പി. ജയരാജന്‍ പറഞ്ഞു.
◾ മാധ്യമപ്രവര്‍ത്തകരെ നിരന്തരം അവഹേളിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നടപടികളില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. പുളിമൂട് കേസരി മന്ദിരത്തിനു മുന്നില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് സെക്രട്ടേറിയറ്റ് ചുറ്റി ജനറല്‍ പോസ്റ്റ് ഓഫിസിനു മുന്നില്‍ സമാപിച്ചു.
◾ ശബരിമല തീര്‍ത്ഥാടകര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്ആര്‍ടിസി യാത്രയും ബുക്ക് ചെയ്യാന്‍ സംവിധാനം. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതിനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക ബുക്കിംഗ് സൈറ്റില്‍ കെഎസ്ആര്‍ടിസി സര്‍വീസുകളും ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തി.
◾ അരിമ്പൂരില്‍ ഭാഗ്യക്കുറി വില്‍പ്പനക്കാരിയെ പറ്റിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. 60 കാരിക്ക് ഡമ്മി നോട്ട് നല്‍കി ലോട്ടറി ടിക്കറ്റുകളും പണവും കവര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. അന്തിക്കാട് പൊലീസ് എസ് എച്ച് ഒക്കാണ് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നിര്‍ദ്ദേശം നല്‍കിയത്.
◾ തൃക്കാക്കര നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ കുട്ടികളില്‍ മുണ്ടുനീര് വ്യാപിക്കുന്നതായി ആരോഗ്യ വകുപ്പ്. തൃക്കാക്കര കാര്‍ഡിനല്‍ എല്‍പി സ്‌കൂളില്‍ 40 കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് സ്‌കൂളിന് അവധി നല്‍കിയിരിക്കുകയാണ് അധികൃതര്‍. തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ 9 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മുണ്ടിനീര് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
◾ കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കേസില്‍ മനഃപൂര്‍വമുള്ള നരഹത്യ കുറ്റം നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. കേസിലെ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു.
◾ ബ്രഹ്‌മപുരം അഴിമതി കേസില്‍ 14 പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. കോണ്‍ഗ്രസ് നേതാവും മുന്‍ വൈദ്യുതി സി വി പത്മരാജന്‍ ഉള്‍പ്പെടെ പ്രതികള്‍ക്ക് കോടതി നോട്ടീസ് നല്‍കി. ഡീസല്‍ പവര്‍ ജനറേറ്റര്‍ സ്ഥാപിക്കാന്‍ ഫ്രഞ്ച് കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍ അഴിമതിയെന്നാണ് കേസ്.
◾ ചെറുതുരുത്തിയില്‍ നിന്ന് പണം പിടിച്ച സംഭവത്തില്‍ പാലക്കാട് കുളപ്പുള്ളി സ്വദേശി ജയന്‍ സി സിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ചേലക്കരയില്‍ നിന്ന് 19.7 ലക്ഷം രൂപയാണ് പിടികൂടിയത്.
◾ സംസ്ഥാനത്ത് പകലും രാത്രിയും താപനിലയില്‍ വര്‍ധനവ്. വടക്കന്‍ കേരളത്തിലാണ് ചൂട് ഏറ്റവും കഠിനമായിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം കഴിഞ്ഞ 3 ദിവസവും ഉയര്‍ന്ന ചൂട് രേഖപെടുത്തിയത് കണ്ണൂര്‍ എയര്‍പോര്‍ട്ടിലാണ്. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നത്.
◾ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതും അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതചുഴി സ്ഥിതിചെയ്യുന്നതും മൂലം സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായേക്കുമെന്ന് സൂചന. കേരളത്തില്‍ അടുത്ത നവംബര്‍ 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
◾ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 11 കുക്കി ആയുധധാരികള്‍ കൊല്ലപ്പെട്ടതിനെ പിന്നാലെ, മണിപ്പുരില്‍ രണ്ടുപേരെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച കലാപകാരികള്‍ തീയിട്ട ജാകുരദോര്‍ കരോങ്ങ് മേഖലയിലെ അവശിഷ്ടങ്ങളില്‍നിന്നാണ് രണ്ട് പുരുഷന്മാരുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയത്. മൂന്ന് സ്ത്രീകളേയും മൂന്ന് കുട്ടികളേയും കാണാതായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
◾ അസമിലെ തിന്‍സുകിയയില്‍ നിര്‍മാണത്തിലിരുന്ന പാലത്തിന് മുകളില്‍ നിന്ന് കാര്‍ നദിയിലേക്ക് വീണ് നാല് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മരിച്ചവരില്‍ അഞ്ച് വയസുള്ള കുട്ടിയുമുണ്ട് . നിര്‍മാണത്തിലിരുന്ന പാലത്തിന് മുകളില്‍ നിന്ന് കാര്‍ നദിയിലേക്ക് വീണ സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി.
◾ ഉത്തര്‍പ്രദേശില്‍ പിഎസ്സി പരീക്ഷ പലഘട്ടങ്ങളായി നടത്തുന്നതിനെതിരെ ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം. പ്രയാഗ് രാജില്‍ യുപി പിഎസ്സി ആസ്ഥാനത്തിന് മുന്നില്‍ നൂറുകണക്കിന് യുവാക്കളുടെ പ്രതിഷേധം രണ്ടാം ദിവസം തുടരുകയാണ്. കേന്ദ്രസേനയടക്കം സ്ഥലത്തെത്തി സുരക്ഷ കൂട്ടി. ഒറ്റ ദിവസം ഒരു ഷിഫ്റ്റില്‍ പരീക്ഷ നടത്തണം എന്നാണ് ആവശ്യം. ഷിഫ്റ്റായി നടത്തിയാല്‍ ക്രമക്കേട് നടക്കും എന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം.
◾ കരസേനാ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തൊഴില്‍ തട്ടിപ്പ് നടത്തിയ യുവാവിനെ ആഗ്രയില്‍ വെച്ച് പിടികൂടി. ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയതിന് പുറമെ സൈനികരുടെ ആശ്രിതര്‍ക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞും ഇയാള്‍ പലരില്‍ നിന്നും പണം വാങ്ങിയതായി സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് കണ്ടെത്തിയിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ ഇയാളെ കാത്തിരുന്ന് പിടികൂടുകയായിരുന്നു എന്നാണ് അധികൃതര്‍ അറിയിച്ചത്.
◾ ആഭ്യന്തര റൂട്ടുകളില്‍ 1599 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഫ്‌ളാഷ് സെയില്‍ . നവംബര്‍ 19 മുതല്‍ 2025 ഏപ്രില്‍ 30 വരെയുള്ള യാത്രകള്‍ക്കായി നവംബര്‍ 13 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 1599 രൂപ മുതലുള്ള ഓഫര്‍ നിരക്കില്‍ ലഭിക്കുക. എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് 1444 രൂപ മുതലുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കിലും ടിക്കറ്റ് ലഭിക്കും.
◾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ ബാഗ് പരിശോധിച്ച സംഭവത്തിലെ വിവാദങ്ങളില്‍ പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. നടപടിക്രമങ്ങള്‍ പാലിച്ചാണ് പരിശോധനയെന്ന് കമ്മിഷന്‍ വ്യക്തമാക്കി. യവത്മാലില്‍ പ്രചാരണത്തിനെത്തിയ ഉദ്ധവിന്റെ ബാഗ് പരിശോധിച്ചത് തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ വലിയ വിവാദമായിരുന്നു.
◾ ഡല്‍ഹി ജുഡീഷ്യല്‍ സര്‍വ്വീസില്‍ നിന്നുള്ള ഭരത് പരാശര്‍ സുപ്രീംകോടതിയുടെ സെക്രട്ടറി ജനറല്‍ ആകും. നിലവില്‍ ഡല്‍ഹിയിലെ നിയമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഭരത് പരാശര്‍. കല്‍ക്കരി അഴിമതിക്കേസുകള്‍ പരിഗണിച്ചിരുന്ന പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി ആയിരുന്നപ്പോള്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഭരത് പരാശര്‍ സമന്‍സ് അയച്ചിരുന്നു .
◾ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ കുറച്ച് നേരത്തേക്ക് തടസം നേരിട്ടതായി റിപ്പോര്‍ട്ട്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമില്‍ പ്രശ്നങ്ങള്‍ നേരിട്ടതായി നിരവധി യൂസര്‍മാര്‍ ഡൗണ്‍ഡിറ്റെക്ടറില്‍ പരാതിപ്പെട്ടു. 23 ശതമാനം പേര്‍ സെര്‍വര്‍ കണക്ഷനെയും 21 ശതമാനം പേര്‍ ആപ്പിനെയും കുറിച്ച് പരാതികള്‍ രേഖപ്പെടുത്തി. ചുരുങ്ങിയ നേരത്തേക്ക് മാത്രമായിരുന്നു യൂട്യൂബ് ആക്സ്സസിലെ ഈ പ്രശ്നങ്ങള്‍ നിലനിന്നത് എന്നാണ് വിവരം.
◾ കോടതി വിധിയില്‍ അതൃപ്തനായ ഫാന്‍ എന്ന് പേരുള്ള 62 കാരന്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റി 35 മരണം. തെക്കന്‍ ചൈനയിലെ ജൂഹായിലാണ് സംഭവം. സ്‌പോര്‍ട്‌സ് സെന്ററിലെ സ്റ്റേഡിയത്തില്‍ വ്യായാമം ചെയ്ത് കൊണ്ടിരുന്ന ആള്‍ക്കൂട്ടത്തിലേക്കാണ് കാര്‍ ഇടിച്ചു കയറ്റിയത്. വിവാഹമോചിതനായതിനു ശേഷം സ്വത്ത് പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള കോടതി വിധിയില്‍ ഇയാള്‍ അതൃപ്തനായിരുന്നുവെന്നും അതിന്റെ ദേഷ്യം ആക്രമണത്തിന് കാരണമായെന്നും പറയപ്പെടുന്നു.
◾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ മൂന്നാം ടി20 മത്സരം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 8.30 മുതലാണ് മത്സരം ആരംഭിക്കുക. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് നിലവില്‍ ഒപ്പത്തിനൊപ്പമാണ്.
◾ യു.എസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ കുതിച്ചുയര്‍ന്ന് ബിറ്റ്കോയിന്‍ മൂല്യം. 90,000 ഡോളറായാണ് ബിറ്റ്കോയിന്റെ മൂല്യം ഉയര്‍ന്നത്. ട്രംപിന്റെ നയങ്ങള്‍ ക്രിപ്റ്റോക്ക് അനുകൂലമാവുമെന്ന വിലയിരുത്തലിലാണ് മൂല്യം വന്‍തോതില്‍ കുതിച്ചുയര്‍ന്നത്. ഏഷ്യയില്‍ ബിറ്റ്കോയിന്‍ വീണ്ടും നേട്ടം രേഖപ്പെടുത്തി. മൂല്യം 89,637 ഡോളറായാണ് ഉയര്‍ന്നത്. നവംബര്‍ അഞ്ചിന് ശേഷം 25 ശതമാനം വര്‍ധനയാണ് ബിറ്റ്കോയിന് ഉണ്ടായത്. പ്രചാരണത്തിനിടെ യു.എസിനെ ലോകത്തിന്റെ ക്രിപ്റ്റോ തലസ്ഥാനമാക്കി മാറ്റുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനൊപ്പം ട്രംപിനൊപ്പമുള്ള മസ്‌കിന്റെ സാന്നിധ്യവും ക്രിപ്റ്റോ കറന്‍സിക്കും ബിറ്റ്കോയിനും ഗുണകരമായി. ക്രിപ്റ്റോ കറന്‍സി മൈനറായ റിയോ പ്ലാറ്റ്ഫോംസിന്റെ മൂല്യം 17 ശതമാനം വാള്‍ സ്ട്രീറ്റില്‍ ഉയര്‍ന്നിരുന്നു. ബിറ്റ്കോയിനില്‍ നിക്ഷേപിച്ച സോഫ്റ്റ്വെയര്‍ കമ്പനിയായ മൈക്രോ സ്ട്രാറ്റജിയുടെ ഓഹരി വിലയും ഉയര്‍ന്നിരുന്നു. രണ്ട് ബില്യണ്‍ ഡോളറിന്റെ ബിറ്റ്കോയിന്‍ വാങ്ങുമെന്നാണ് കമ്പനി അറിയിച്ചത്.
◾ കരളേ നിന്‍ കൈപിടിച്ചാല്‍...' എന്നുപാടി പ്രേക്ഷക ഹൃദയങ്ങളിലേക്കെത്തിയ റൊമാന്റിക് സ്റ്റാര്‍ വിനീത് കുമാറിന്റെ ജന്മദിനം പ്രമാണിച്ച് പുത്തന്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് 'റൈഫിള്‍ ക്ലബ്' അണിയറപ്രവര്‍ത്തകര്‍. ബാലതാരമായി സിനിമാലോകത്ത് തുടക്കമിട്ട വിനീത് കുമാര്‍ മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുണ്ട്. സഹനടനായി നായകനായി പിന്നീട് സംവിധായകനായി മാറിയ അദ്ദേഹം ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ 'റൈഫിള്‍ ക്ലബ്ബി'ല്‍ വേറിട്ടൊരു വേഷത്തില്‍ ഞെട്ടിക്കാനൊരുങ്ങുകയാണ് വിനീത്. ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം വൈകാതെ റിലീസിനെത്തുമെന്നാണ് സൂചന. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്. 'മായാനദി'ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
◾ കങ്കുവയുടെ ആവേശത്തിരയിലാണ് സിനിമാ ആരാധകര്‍. നവംബര്‍ 14നാണ് ചിത്രത്തിന്റെ റിലീസ്. സൂര്യയുടെ കങ്കുവയുടെ ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. കേരളത്തിലും കങ്കുവയുടെ ടിക്കറ്റ് ബുക്കിംഗ് കളക്ഷന്‍ ഞെട്ടിക്കുന്നതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബുക്കിംഗ് തുടങ്ങിയിട്ട് കേവലം നാല് മണിക്കൂറിനുള്ളില്‍ ഒരു കോടി രൂപ മുന്‍കൂറായി നേടിക്കഴിഞ്ഞു എന്നാണ് സിനിമാ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. സിരുത്തൈ ശിവ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമായ സൂര്യയുടെ കങ്കുവ ആകെ 1000 കോടിയിലധികം നേടുമെന്നാണ് പ്രതീക്ഷ. ബുക്ക് മൈ ഷോയില്‍ മാത്രം, ചിത്രത്തിന് 250,000 പേരാണ് താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. കങ്കുവയുടെ ബജറ്റ് ഏകദേശം 350 കോടിയോളമാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ സൂര്യയുണ്ടാകുക. സൂര്യ ടൈറ്റില്‍ കഥാപാത്രമായ കങ്കുവയെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. രണ്ടാമത്തേത് പുതിയ കാലത്തെ ഒരു കഥാപാത്രമായ ഫ്രാന്‍സിസ് ആണ്.
◾ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ടൈഗര്‍ 1200 ശ്രേണിയെ പുതിയ സവിശേഷതകളോടെ അവതരിപ്പിച്ചു. ഈ അപ്‌ഡേറ്റുകളില്‍ എഞ്ചിനിലെ പരിഷ്‌ക്കരണം, മികച്ച സ്റ്റൈലും എര്‍ഗണോമിക്‌സും, മികച്ച കോര്‍ണറിങ് ഗ്രൗണ്ട് ക്ലിയറന്‍സ്, താഴ്ന്ന സീറ്റ് ഉയരം, പുതിയ ആകര്‍ഷകമായ വര്‍ണ്ണ ഓപ്ഷനുകള്‍ തുടങ്ങിയ മാറ്റങ്ങള്‍ ഉള്‍പ്പെടുന്നു. ട്രയംഫിന്റെ 1160 സിസി ട്രിപ്പിള്‍ എഞ്ചിന്‍ ഇപ്പോള്‍ അതിലും മികച്ച റൈഡിംഗ് അനുഭവം നല്‍കുന്നു. പുതിയ കളര്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടെ നാല് വേരിയന്റുകളില്‍ ടൈഗര്‍ 1200 ഇപ്പോള്‍ ലഭ്യമാണ്. ടൈഗര്‍ 1200 ജിടി പ്രോയും ജിടി എക്സ്പ്ലോററും ആകര്‍ഷകമായ കാര്‍ണിവല്‍ റെഡ് നിറത്തിലാണ് വാഗ്ദാനം ചെയ്യുന്നത്. റോഡ് യാത്രകള്‍ക്ക് അനുയോജ്യമാണ്. ഇതിനുപുറമെ, മുമ്പത്തെ സ്‌നോഡോണിയ വൈറ്റ്, സഫയര്‍ ബ്ലാക്ക് കളര്‍ ഓപ്ഷനുകളിലും ഇത് ലഭ്യമാണ്. അതേസമയം, ടൈഗര്‍ 1200 റാലി പ്രോയും റാലി എക്സ്പ്ലോററും എല്ലാത്തരം റോഡുകളിലും ഓടാന്‍ അനുയോജ്യമാണ്.
◾ കേരളത്തിലെ ഏക വനിതാശിക്കാരിയുടെ അസാമാന്യമായ ജീവിതകഥ. ഇനി ഇതുപോലൊരു വേട്ടക്കഥ ഉണ്ടാകുമോ? കന്യാസ്ത്രീയാകാന്‍ പഠിക്കുമ്പോള്‍. വിധി മറയൂര്‍ കാടുകളിലേക്ക് തിരിച്ചുവിളിച്ച് വേട്ടക്കാരിയാക്കി മാറ്റിയ കേരളത്തിലെ ഏക വനിതാശിക്കാരിയുടെ അസാമാന്യമായ ജീവിതകഥ. നീലമേഘത്തേവന്‍ എന്ന കൊള്ളക്കാരനെതിരെ ആദിവാസി സ്ത്രീകളെ ചേര്‍ത്ത് കുട്ടിയമ്മ നടത്തിയ നേര്‍ക്കുനേര്‍ യുദ്ധങ്ങള്‍ ഇന്നും മിത്തുകളായി മറയൂര്‍ കാടുകളിലുണ്ട്. ഏത് ഒറ്റയാന്റെ മുന്നിലും, കാടായാലും നാടായാലും, ഇച്ഛാശക്തിയുണ്ടെങ്കില്‍ സ്ത്രീക്ക് ഈ ലോകത്ത് ഒന്നിനെയും പേടിക്കേണ്ടതില്ലെന്ന് കുട്ടിയമ്മയുടെ ജീവിതം തെളിയിക്കുന്നു. കുട്ടിയമ്മ സ്വന്തം ജീവിതം പറയുകയാണ്; എഴുത്തിനെ രസകരമായ ഉദ്വേഗഭരിതമായ വായനയാക്കി മാറ്റിയ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനിലൂടെ. 'വേട്ടക്കുട്ടിയമ്മ' - കേരളത്തിലെ ഏക വനിതാശിക്കാരിയുടെ ആത്മകഥ. ജി ആര്‍ ഇന്ദുഗോപന്‍. മനോരമ ബുക്സ്. വില 180 രൂപ.
◾ വൈരാഗ്യവും ദേഷ്യവുമൊക്കെ ഉള്ളില്‍ ഒതുക്കുന്നവരാണോ നിങ്ങള്‍? ഹൃദയാരോഗ്യത്തെ ഈ ശീലം നേരിട്ട് ബാധിച്ചേക്കാമെന്ന് പുതിയ പഠനം. ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നതിന് ദേഷ്യം പ്രകടിപ്പിക്കുന്ന രീതിയും പ്രധാന ഘടകമാണെന്ന് ടെക്സാസ് സര്‍വകലാശ ഗവേഷകന്‍ ആദം ഒറിയോര്‍ഡന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ദേഷ്യം ട്രിഗര്‍ ആവുകയും എന്നാല്‍ അത് അടിച്ചമര്‍ത്തുകയും ചെയ്യുന്നത് ഹൃദയാരോഗ്യം മോശമാക്കുന്നതിലേക്ക് നയിക്കുമെന്നും ഫിസിയോളജി ആന്റ് ബിഹേവിയറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കോപത്തിനെ തുടര്‍ന്ന് ഉണ്ടാകുന്ന സമ്മര്‍ദ പ്രതികരണങ്ങളാണ് ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്നത്. നിയന്ത്രിത സമ്മര്‍ദ പരിശോധനയ്ക്ക് വിധേയരായ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ മിഡ്‌ലൈഫ് ഡെവലപ്‌മെന്റ് ഡാറ്റാസെറ്റില്‍ നിന്നുള്ള 699 പേരാണ് പഠനത്തിന്റെ ഭാഗമായത്. അവരുടെ രക്തസമ്മര്‍ദവും ഹൃദയമിടിപ്പും പഠനത്തിലുടനീളം പരിശോധിച്ചു. പ്രധനമായും കോപത്തിന്റെ രണ്ട് വശങ്ങളാണ് പരിശോധിച്ചത്. ഒന്ന്- കോപത്തിന്റെ സ്വഭാവം, രണ്ട്- കോപ പ്രതികരണം. ആളുകളെ മൂന്ന് വിഭാഗമായി തിരിച്ചായിരുന്നു പഠനം നടത്തിയത്. സാധാരണഗതിയില്‍ കോപം ബാഹ്യമായി പ്രകടിപ്പിക്കുന്നവര്‍ അല്ലെങ്കില്‍ കോപത്തിന്മേല്‍ പരിമിതമായ നിയന്ത്രണമുള്ളവരിലും ഇത് മൂലമുണ്ടാകുന്ന ഹൃദയപ്രശ്നങ്ങള്‍ കുറമാണെന്നും പഠനത്തില്‍ പറയുന്നു. എന്നാല്‍ കോപത്തിന്‍ മേല്‍ ഉയര്‍ന്ന നിയന്ത്രണമുള്ളവരില്‍ ഹൃദയാരോഗ്യം മികച്ചതായും കണ്ടെത്തിയതായി പഠനം പറയുന്നു.
➖➖➖➖➖➖➖➖
Tags:
KERALA