Trending

സായാഹ്ന വാർത്തകൾ.

 14-11-2024

◾ ഇടുക്കി മാട്ടുപ്പെട്ടിയില്‍ ജലവിമാനം പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിലെന്നും ഈ പ്രദേശത്ത് സീ പ്ലെയിന്‍ സര്‍വ്വീസ് നടത്തിയാല്‍ മനുഷ്യ മൃഗ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്നും വനംവകുപ്പിന്റെ റിപ്പോര്‍ട്ട്. ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതിയോടെ മാട്ടുപ്പെട്ടി ഡാമിനോട് ചേര്‍ന്ന് മറ്റൊരിടത്ത് വിമാനമിറക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. സര്‍വ്വീസിന് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.

◾ ശബരിമല സര്‍വീസില്‍ കെഎസ്ആര്‍ടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുതെന്നും ഒരു തീര്‍ഥാടകനെ പോലും നിര്‍ത്തിക്കൊണ്ടുപോകാന്‍ പാടില്ലെന്നും അങ്ങനെ കണ്ടാല്‍ നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി.

◾ വയനാട്ടില്‍ പോളിംഗ് ശതമാനം കുറഞ്ഞത് പരിശോധിക്കാന്‍ എഐസിസി. പ്രിയങ്ക ഗാന്ധിയുടെ കന്നിമത്സരത്തില്‍ മികച്ച പോളിംഗ് ദേശീയ നേതൃത്വം പ്രതീക്ഷിച്ചിരുന്നു എന്നാല്‍ പോളിംഗ് ശതമാനം കുറഞ്ഞത് ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

◾ വയനാട്, ചേലക്കര പോളിംഗ് ശതമാന കണക്കുകള്‍ എല്‍ഡിഎഫിനോടും യുഡിഎഫിനോടും സാധാരണ ജനങ്ങള്‍ക്കുള്ള അതൃപ്തിയാണ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍. യുഡിഎഫിന്റെ  ജന പിന്തുണ വയനാട്ടില്‍ അടക്കം കുറഞ്ഞുവെന്നും മൂന്നാം ബദലിന് ജനം ആഗ്രഹിക്കുന്നുവെന്നും യുഡിഎഫ് ഈ തിരഞ്ഞെടുപ്പില്‍ അപ്രസക്തമാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതോടൊപ്പം തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തില്‍ സിപിഎം ചിന്നഭിന്നമാകുമെന്നും കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

◾ കണക്ക് കൂട്ടലുകള്‍ക്ക് ഒടുവിലും ചേലക്കരയില്‍ ജയം അവകാശപ്പെട്ട് എല്‍ഡിഎഫും യുഡിഎഫും. 18,000 വോട്ടിന്റെ വന്‍ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ കണക്ക്. 3,000 ലേറെ വോട്ടിന്റെ ജയമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. വോട്ട് വര്‍ധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും.

◾ പാലക്കാട്ടെ ഇടത് സ്വതന്ത്രസ്ഥാനാര്‍ത്ഥി ഡോ പി സരിന്‍ പൊതു സമൂഹത്തോട് പ്രതിജ്ഞാബദ്ധനായ ചെറുപ്പക്കാരനാണെന്ന് ഇപി ജയരാജന്‍. സരിന്‍ ഉത്തമനായ സ്ഥാനാര്‍ഥിയാണെന്നും ജന സേവനത്തിനായി ജോലി പോലും രാജിവെച്ചുവെന്നും ഇപി ജയരാജന്‍ പറഞ്ഞു. ആത്മകഥയില്‍ സരിനെ കുറിച്ച് മോശം പരാമര്‍ശമുണ്ടെന്ന് പുറത്തുവന്നതിന് പിന്നാലെയാണ് സരിനെ പുകഴ്ത്തി ഇപി രംഗത്തെത്തിയത്. പാലക്കാട് എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

◾ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദം ഉപതെരഞ്ഞെടുപ്പിന് ശേഷം സിപിഎം പരിശോധിച്ചേക്കുമെന്ന് വിവരം. പുസ്തകത്തില്‍ വ്യക്തിപരമായ വിവരങ്ങളും ചിത്രങ്ങളും ഉള്‍പ്പെട്ടതാണ് സംശയത്തിന് കാരണമായിരിക്കുന്നത്. വിഷയത്തില്‍ ഇ പി ജയരാജനോട് സിപിഎം വിശദീകരണം തേടിയേക്കും.

◾ പാലക്കാട് മണ്ഡലത്തില്‍ ഇരട്ടവോട്ടും വ്യാജവോട്ടും വ്യാപകമെന്ന് പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു. കോണ്‍ഗ്രസും ബി.ജെ.പിയും വ്യാപകമായി വ്യാജവോട്ടുകള്‍ ചേര്‍ക്കുകയാണെന്നും പിരായിരിയില്‍ മാത്രം 800-ഓളം വ്യാജവോട്ടര്‍മാരാണുള്ളതെന്നും സുരേഷ്ബാബു പറഞ്ഞു. സി.പി.എം. പ്രവര്‍ത്തകര്‍ സ്ലിപ് കൊടുക്കാന്‍ പോകുമ്പോള്‍ പലരേയും കാണാനില്ലെന്നും സുരേഷ് ബാബു ആരോപിച്ചു.

◾ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ കെ.കെ.രത്നകുമാരി അധികാരമേറ്റു. ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയായിരുന്നു. എഡിഎം നവീന്‍ബാബു ജീവനൊടുക്കിയ കേസില്‍ പ്രതിയായ പി.പി.ദിവ്യയെ മാറ്റിയതിനെ തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പിലാണു രത്നകുമാരി വിജയിച്ചത്. പി.പി.ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല. യുഡിഎഫ് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയെയാണു രത്നകുമാരി തോല്‍പ്പിച്ചത്.

◾ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട  രത്നകുമാരിക്ക്  അഭിനന്ദനങ്ങളുമായി പിപി ദിവ്യ . ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും നിര്‍വഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയും സൗഹാര്‍ദ്ദവുമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ  വിജയമെന്നും കണ്ണൂരിലെ ജനതയ്ക്കു അഭിമാനിക്കാന്‍  നാല് വര്‍ഷം കൊണ്ട്  നേടിയ നേട്ടങ്ങള്‍ നിരവധിയാണെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നാടിനെ ഇനിയുമേറെ ഉയരത്തിലെത്തിക്കണമെന്നും അവരുടെ പോസ്റ്റില്‍ പറയുന്നു.

◾ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് തുടക്കത്തില്‍ വിലക്കേര്‍പ്പെടുത്തി വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന്‍. പി പി ദിവ്യ രാജിവച്ച ഒഴിവിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്തിന് പുറത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കുകയും മാധ്യമ പ്രവര്‍ത്തകരെ തടയാന്‍ നിര്‍ദേശമുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് കലക്ടര്‍ നിലപാട് മയപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ പാലക്കാട് മഹിളാ കോണ്‍ഗ്രസ് ജില്ല സെക്രട്ടറി കൃഷ്ണകുമാരി കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോയി. എന്നാല്‍ കൃഷ്ണകുമാരി പോയതില്‍ സന്തോഷമെന്ന് മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റ്  പ്രതികരിച്ചു. ഒന്നരവര്‍ഷം മുമ്പ് കൃഷ്ണകുമാരിയെ പുറത്താക്കിയതാണെന്നും  പാര്‍ട്ടിയുമായും സംഘടനയുമായും സഹകരിക്കാത്തയാളാണ് കൃഷ്ണകുമാരിയെന്നും ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.

◾ മുനമ്പം വിഷയത്തില്‍ പ്രതികരണവുമായി മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. വിഎസ് സര്‍ക്കാര്‍ നിയമിച്ച നിസാര്‍  കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് വഖഫ് ബോര്‍ഡിന് ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം വന്നതെന്ന് അദ്ദേഹം പറഞ്ഞു.  നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കൂടി  പരിഗണിച്ച് ഹൈക്കോടതിയുടെ കോടതി അലക്ഷ്യ ഉത്തരവ് വന്നുവെന്നും കോടതി അലക്ഷ്യമാവും എന്നതുകൊണ്ടാണ്  പരിഗണിക്കേണ്ടി വന്നതെന്നും മുനമ്പത്തെ കുടുംബങ്ങള്‍ക്ക് താന്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്ത് ഒരു നോട്ടീസ് പോലും അയച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

◾ സംസ്ഥാനത്തെ ആദ്യ വനിത ഡഫേദാറായി  ചേര്‍ത്തലക്കാരി സിജി. വെളള ചുരിദാറും ഔദ്യോഗിക ക്രോസ്ബെല്‍റ്റും ധരിച്ച വനിത ഡഫേദാറെ ഇനി ആലപ്പുഴ കളക്ടറേറ്റില്‍ കാണാം. നിലവിലെ ഡഫേദാര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചതോടെയാണ് സിജിക്ക് ജോലി ലഭിച്ചത് . 2005ല്‍ സ്പോര്‍ട്സ് ക്വോട്ടയില്‍ റെവന്യൂ ഡിപ്പാര്‍ട്ട്മെന്റിലാണ് സിജി ജോലിയില്‍ പ്രവേശിച്ചത്.

◾ നയതന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസിലെ രണ്ടാം പ്രതി മാപ്പുസാക്ഷിയായി. സ്വപ്നയ്ക്ക് വ്യാജ രേഖയുണ്ടാക്കിയ സച്ചിന്‍ ദാസിനെയാണ് മാപ്പുസാക്ഷിയാക്കിയത്. മാപ്പുസാക്ഷിയാക്കണമെന്ന സച്ചിന്റ അപേക്ഷ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.

◾ തേക്കടിയിലെത്തിയ ഇസ്രായേല്‍ സ്വദേശികളായ വിനോദ സഞ്ചാരികളെ കടയില്‍ നിന്ന് അപമാനിച്ച് ഇറക്കി വിട്ടതായി പരാതി. ആനവച്ചാലിന് സമീപത്തെ കടയില്‍ കരകൗശല വസ്തുക്കള്‍ കാണിക്കുന്നതിനിടെ സഞ്ചാരികള്‍ ഇസ്രായേല്‍ സ്വദേശികളാണെന്ന് കടയിലുള്ളവര്‍ മനസ്സിലാക്കുകയും ഇതോടെ കടയിലെ ലൈറ്റ് അണച്ച് ഇവരോട് കടയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ മറ്റ് വ്യാപാരികള്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോട സ്ഥാപനം നടത്തിപ്പുകാര്‍ സഞ്ചാരികളോട് മാപ്പ് പറഞ്ഞു.

◾ സംസ്ഥാനത്ത് എലിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യം അതീവ ഗൗരവമേറിയതെന്ന് ആരോഗ്യ വിദഗ്ധര്‍. ഒരു മാസത്തിനിടെ മാത്രം എട്ട് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. മാറിമാറി മഴ പെയ്യുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി കൂടാനിടയുണ്ടെന്നും പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

◾ മലപ്പുറം പാണ്ടിക്കാട് കാല്‍നട യാത്രക്കാര്‍ക്ക് നേരെ ടിപ്പര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മേലാറ്റൂര്‍ സ്വദേശി ഹേമലതയാണ് (40) മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ എപ്പിക്കാട് സ്വദേശി സിന്ധു മോളെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾ കോഴിക്കോട് താമരശ്ശേരിയില്‍ യുവാവ് ആത്മഹത്യ ചെയ്തത് ഒറ്റയക്ക ലോട്ടറി ചൂതാട്ട മാഫിയയുടെ ഭീഷണി കൊണ്ടാണെന്ന് കുടുംബം വ്യക്തമാക്കി. താമരശ്ശേരി കെടവൂര്‍ അനന്തുകൃഷ്ണയെയാണ് ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

◾ മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും എന്നാല്‍, ഗുജറാത്തിന്റെ പ്രധാനമന്ത്രിയെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നതെന്നും ഈ സംസ്ഥാനങ്ങള്‍ക്കുള്ള നിക്ഷേപം പ്രധാനമന്ത്രിയുടെ ഓഫീസ് വഴി ഗുജറാത്തിലേക്ക് വഴിതിരിച്ചുവിടുന്നു എന്നും അദ്ദേഹം ആരോപിച്ചു. സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയില്‍ നിന്ന് 17 പ്രധാന നിക്ഷേപങ്ങള്‍ ഗുജറാത്തിലേക്ക് മാറ്റിയെന്നും ഈ ഗുജറാത്ത് മോഡല്‍ രാജ്യത്തിന് അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

◾ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി (ഐഎസ്ആര്‍ഒ) ചെലവാക്കുന്ന ഓരോ രൂപക്കും പകരം രണ്ടര രൂപയായി തിരികെ ലഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ഐഎസ്ആര്‍ഒയില്‍ സര്‍ക്കാര്‍ മുടക്കുന്ന പണം സമൂഹത്തിന് ഗുണം ചെയ്തിട്ടുണ്ടോ എന്നതിനെക്കുറിച്ച് അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

◾ ആസ്ത്മ, ഗ്ലോക്കോമ, തലസീമിയ, ക്ഷയം, മാനസിക വൈകല്യം എന്നിവയുടെ ചികിത്സയ്ക്ക് ആദ്യ പ്രതിരോധമായി ഉപയോഗിക്കുന്ന മരുന്നുകളുടെ വില കുത്തനെ ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. വിപണിയില്‍ പൊതുവെ കുറഞ്ഞ വിലയില്‍ ലഭ്യമായിരുന്ന ഇത്തരം മരുന്നുകള്‍ക്ക് ഇനി 50% അധിക വില നല്‍കേണ്ടി വരും.മരുന്നുല്‍പാദനം ലാഭകരമല്ലെന്ന നിര്‍മാണ കമ്പനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എന്‍പിപിഎയുടെ നടപടി.

◾ മണിപ്പൂരില്‍ അക്രമം വര്‍ധിച്ചതിനെത്തുടര്‍ന്ന് 2,500-ഓളം അധിക അര്‍ധസൈനികരെ അയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആക്രമണം വര്‍ധിക്കുന്ന ജിരിബാമിലാണ് സൈനികരെ വിന്യസിക്കുക. നവംബര്‍ 7 മുതല്‍ 13 മരണങ്ങളാണ് മണിപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 19 മാസമായി സംസ്ഥാനത്ത് ഇപ്പോള്‍ 29,000-ത്തിലധികം പേര്‍ അടങ്ങുന്ന 218 കമ്പനി കേന്ദ്ര സായുധ പൊലീസ് സേനകകളെ വിന്യസിച്ചിട്ടുണ്ട്.

◾ ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. കൊവിഡ് കാലത്തെ സേവനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നരേന്ദ്രമോദിക്ക് ബഹുമതി നല്‍കിയിരിക്കുന്നത്. ഗയാനയില്‍ നടക്കുന്ന ഇന്ത്യ കാരികോം ഉച്ചകോടിക്കിടെ ബഹുമതി സമ്മാനിക്കും. കരീബിയന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് കാരികോം.

◾ തെലുങ്ക് ജനതയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ നടിയും തമിഴ്നാട്ടിലെ ബിജെപി നേതാവുമായ കസ്തൂരിയുടെ  മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. 300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജാവിന്റെ അന്തപുരത്തില്‍ സേവ ചെയ്യാനായി എത്തിയ സ്ത്രീകളുടെ പിന്തുടര്‍ച്ചക്കാരാണ് തമിഴ്നാട്ടിലെ തെലുങ്ക്  സംസാരിക്കുന്ന ആളുകള്‍ എന്നായിരുന്നു പരാമര്‍ശം.

◾ ഗ്രേറ്റര്‍ നോയിഡയിലെ സെക്ടര്‍ ഗാമ 1 ലെ ആനന്ദ് സ്പെക്ട്രം ആശുപത്രിയില്‍ ഇടത് കണ്ണിന്റെ ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിയ ഏഴ് വയസ്സുകാരനായ യുധിഷ്ഠിര്‍ ന്  വലതു കണ്ണിന് ശസ്ത്രക്രിയ ചെയ്തെന്ന് പരാതി. ഗുരുതര പിഴവ് വരുത്തിയ ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കി.

◾ യുഎഇയില്‍ പരിശീലന വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഫ്ലൈറ്റ് ഇന്‍സ്ട്രക്ടറാണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ഒരു ട്രെയിനിയും വിമാനത്തിലുണ്ടായിരുന്നു. ഫുജൈറ തീരത്ത് നിന്നാണ് ഇന്‍സ്ട്രക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ട്രെയിനിങ് വിദ്യാര്‍ത്ഥിയെ കണ്ടെത്താനായില്ല. രക്ഷാപ്രവര്‍ത്തക സംഘം തെരച്ചില്‍ തുടരുകയാണ്.

◾ ട്രംപിന്റെ വിജയം കൃത്യമായി പ്രവചിച്ച  ക്രിപ്‌റ്റോ അടിസ്ഥാനപ്പെടുത്തി തെരഞ്ഞെടുപ്പ് ചൂതാട്ടം നടത്തുന്ന പോളിമാര്‍ക്കറ്റ് വെബ്സൈറ്റിന്റെ സ്ഥാപകനും സിഇഒയുമായ ഷെയ്ന്‍ കോപ്ലന്റെ ന്യൂയോര്‍ക്ക് സിറ്റി അപ്പാര്‍ട്ട്‌മെന്റില്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ റെയ്ഡ് നടത്തി.  വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെതിരെ ട്രംപ് അനായാസ വിജയം നേടുമെന്ന് പോളിമാര്‍ക്കറ്റ് കൃത്യമായി പ്രവചിച്ചതിന് പിന്നാലെയാണ് റെയ്ഡ്.

◾ പാകിസ്ഥാനില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് വധൂവരന്മാരടക്കം 26 മരണം. ഗില്‍ജിത് -ബാള്‍ട്ടിസ്താന്‍ പ്രവിശ്യയിലെ ദിയാമെര്‍ ജില്ലയിയാണ് സംഭവം. ഗില്‍ജിത് -ബാള്‍ട്ടിസ്താനിലെ അസ്തോറില്‍നിന്ന് പഞ്ചാബിലെ ചക്വാലിലേക്ക് പോകുകയായിരുന്നു സംഘം. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടു. ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

◾ സ്പെയിനിലെ തെക്ക് കിഴക്കന്‍ മേഖലയില്‍ വീണ്ടും പേമാരിയെത്തുന്നതായുള്ള മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം.  215 പേരുടെ ജീവനെടുത്ത വന്‍ പേമാരി കഴിഞ്ഞ് വെറും രണ്ട് ആഴ്ച പിന്നിടും മുന്‍പാണ് പുതിയ പേമാരി എത്തുന്നത്. സുരക്ഷാ മുന്നറിയിപ്പിലെ ഏറ്റവും ഉയര്‍ന്ന ആംബര്‍ അലര്‍ട്ടാണ് കാറ്റലോണിയയിലെ   തറഗോണ പ്രവിശ്യയിലും ആന്‍ഡലൂസിയയിലെ മലാഗയിലും നല്‍കിയിട്ടുള്ളത്. ആന്‍ഡലൂസിയയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കടക്കം അവധി നല്‍കിയിരിക്കുകയാണ് പ്രാദേശിക ഭരണകൂടം.  

◾ സ്വര്‍ണവിലയിലെ വന്‍ വീഴ്ച തുടരുന്നു. ഒക്ടോബറില്‍ കത്തിക്കയറിയ സ്വര്‍ണം അതുപോലെ തന്നെ താഴേക്ക് ഇറങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദൃശ്യമാകുന്നത്. കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ചതിനാല്‍ ഇപ്പോഴത്തെ വിലക്കുറവ് കുടുംബങ്ങളില്‍ വലിയ ആശ്വാസമാണ്. ഇന്നലത്തെ വിലയില്‍ നിന്ന് സ്വര്‍ണം ഇന്ന് പവന് 880 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് പവന്‍ വില, 55,480 രൂപ. ഗ്രാമിന് 110 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 6,935 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 5,720 രൂപയായി കുറഞ്ഞു. ഇന്ന് താഴ്ന്നത് 90 രൂപയാണ്. വെള്ളിവില ഒരു രൂപ കുറഞ്ഞ് 97ല്‍ എത്തി. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.

◾ സിംബാബ്വെയില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനാകണമെങ്കില്‍ ഇനിമുതല്‍ സര്‍ക്കാരിന് ഫീസ് നല്‍കണം. എല്ലാ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റര്‍മാരും ലൈസന്‍സിനായി രാജ്യത്തെ പോസ്റ്റ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം. 50 ഡോളറാണ് ഏറ്റവും കുറഞ്ഞ ലൈസന്‍സ് ഫീ. ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി ഗ്രൂപ്പ് അഡ്മിനാകുന്നവര്‍ അവരുടെ വ്യക്തി വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. വാട്സ്ആപ്പിലൂടെയുള്ള വ്യാജപ്രചരണങ്ങള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതു ക്രമം നിലനിര്‍ത്തുന്നതിനും നിയമം നിര്‍ണായകമാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സോഷ്യല്‍ മീഡിയയുടെ പങ്കിനെ കുറിച്ചുള്ള ആഗോള ആശങ്കകള്‍ക്കിടയിലാണ് ഈ നിയന്ത്രണം. എന്നാല്‍ ഓണ്‍ലൈന്‍ സംഭാഷണത്തെ തടസ്സപ്പെടുത്തുകയും സ്വകാര്യത അവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നതാണ് പുതിയ നിയമമെന്ന് വിമര്‍ശകര്‍ പറയുന്നു.

◾ 'രാമനും കദീജയും' സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. തികച്ചും വ്യത്യസ്ഥമായ ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. നവാഗതനായ ദിനേശ് പൂച്ചക്കാട് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 22ന് തിയറ്ററുകളില്‍ എത്തും. നാടോടികളായ രാമന്റേയും കദീജയുടേയും പ്രണയത്തിനിടയിലക്ക് മതം കടന്നു വരുന്നതോടെ സംഘര്‍ഷഭരിതമാകുന്ന തികച്ചും വ്യത്യസ്ഥമായ പ്രണയമാണ് രാമനും കദീജയും പറയുന്നത്. കാഞ്ഞങ്ങാട് ഫിലിംസിന്റെ ബാനറില്‍ ബിനരാജ് കാഞ്ഞങ്ങാട്, സതീഷ് കാനായി എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ഡോ. ഹരിശങ്കറും അപര്‍ണ്ണയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് കുമാര്‍, മോഹന്‍ ചന്ദ്രന്‍, ഹരി.ടി.എന്‍., ഊര്‍മ്മിളാവൈശാഖ് ,ഓമന, പ്രേയലത, സുരേന്ദ്രന്‍ പൂക്കാനം, മല്ലക്കര രാമചന്ദ്രന്‍, സതീഷ് കാനായി, ടി.കെ. നാരായണന്‍, ഡി .വൈ.എസ്.പി ഉത്തംദാസ്, (മേല്‍പ്പറമ്പ്) എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്കു പുറമേ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും നൂറ്റിയമ്പതോളം കലാകാരന്മാരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

◾ പ്രിയങ്ക ചോപ്ര, അക്ഷയ് കുമാര്‍, കരീന കപൂര്‍ എന്നിവര്‍ അഭിനയിച്ച എയ്ത്രാസ് ബുധനാഴ്ച റിലീസ് ചെയ്തതിന്റെ 20 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഈ അവസരത്തില്‍  ചലച്ചിത്ര നിര്‍മ്മാതാവ് സുഭാഷ് ഘായ് ചിത്രത്തിന്റെ തുടര്‍ച്ച 'ഐത്രാസ് 2' പ്രഖ്യാപിച്ചിരിക്കുകയാണ്. ആദ്യം പുറത്തിറങ്ങിയ എയ്ത്രാസ് അബ്ബാസ്-മുസ്താന്‍ സംവിധാനം ചെയ്ത ഒരു ബോള്‍ഡ് റൊമാന്റിക് ത്രില്ലറായിരുന്നു. തന്റെ ശക്തയായ സ്ത്രീ ബോസില്‍ നിന്നും ലൈംഗികമായി ഉപദ്രവം നേരിടുന്ന ഒരു പുരുഷനെ ചുറ്റിപ്പറ്റിയുള്ള സിനിമയാണ് ഇത്.  1994-ലെ ഹോളിവുഡ് ചിത്രമായ ഡിസ്‌ക്ലോഷറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് എയ്ത്രാസ് നിര്‍മ്മിച്ചത്. എയ്ത്രാസ്  വലിയ വാണിജ്യ വിജയം ഇറങ്ങിയ സമയത്ത് നേടിയിരുന്നു. എന്നാല്‍ തുടര്‍ന്ന് അക്ഷയ് കുമാര്‍ പ്രിയങ്ക ചോപ്ര എന്നിവരെ ചേര്‍ത്ത് ഗോസിപ്പും മറ്റും വന്നിരുന്നു. തുടര്‍ന്ന് 2005 ല്‍ ഇറങ്ങിയ വക്ത് ഒഴികെ പ്രിയങ്കയും അക്ഷയും ഒന്നിച്ച് ചിത്രങ്ങള്‍ ഒന്നും ചെയ്തിരുന്നില്ല.

◾ മൊറോക്കോ സൈന്യത്തിന് കൂടുതല്‍ വാഹനങ്ങള്‍ നല്‍കാന്‍ ടാറ്റ. 150 ഡബ്ല്യുഎച്ച്പിഎപി 8ഃ8 വാഹനങ്ങള്‍ നേരത്തെ റോയല്‍ മൊറോക്കോ ആര്‍മിക്ക് ടാറ്റ കൈമാറിയിരുന്നു. ഇത്തവണ ലൈറ്റ് ആര്‍മേഡ് മള്‍ട്ടിപര്‍പ്പസ് വെഹിക്കിളുകളാണ് ടാറ്റ മൊറോക്കോയിലേക്ക് കയറ്റി അയക്കാനൊരുങ്ങുന്നത്. ഉയര്‍ന്ന സുരക്ഷയും മികച്ച ഓഫ്‌റോഡിങ് സാധ്യതകളുമുള്ള വാഹനമാണ് ടാറ്റ മൊറോക്കോ സൈന്യത്തിന് നല്‍കുന്ന എല്‍എഎംഡബ്ല്യുകള്‍. സൈനിക നീക്കം, ചരക്കു നീക്കം, നിരീക്ഷണം, തന്ത്രപ്രധാന സൈനിക ദൗത്യങ്ങള്‍ എന്നിവക്കെല്ലാം യോജിച്ച വാഹനങ്ങളാണിവ. മൊറോക്കോയിലെ പ്രാദേശിക പ്രതിസന്ധികളില്‍ സൈനിക നീക്കങ്ങള്‍ക്ക് ഫലപ്രദമാണ് ഇത്തരം വാഹനങ്ങള്‍. മൊറോക്കോയിലും വടക്കേ ആഫ്രിക്കന്‍ മേഖലയിലും ടാറ്റ സാന്നിധ്യം ഉറപ്പിക്കുകയാണ്. 276 കിലോവാട്ട് എന്‍ജിനാണ് ടാറ്റ എല്‍എഎംഡബ്ല്യുയിലുള്ളത്. പരമാവധി നാലുപേര്‍ക്കു സഞ്ചരിക്കാവുന്ന ഈ വാഹനത്തില്‍ 10,200 കീലോഗ്രാം ഭാരം വരെ വഹിക്കാനുമാവും. പഞ്ചറായാലും ഫ്‌ളാറ്റ് ടയറില്‍ വാഹനം മുന്നോട്ടു കൊണ്ടുപോകാമെന്നതും എല്‍എഎംഡബ്ല്യുയുടെ ഓഫ് റോഡിങ് മികവ് വര്‍ധിപ്പിക്കുന്നു.

◾ കോവിലന്റെയും നന്തനാരുടെയും പാറപ്പുറത്തിന്റെയും തിളങ്ങുന്ന പാരമ്പര്യത്തില്‍ പട്ടാളക്കഥകള്‍ക്കിതാ പ്രകാശമാനമായ ഒരു പെണ്‍ഭാഷ്യം. ഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പര്‍വ്വതനിരകളിലൂടെ പര്‍വ്വതാരോഹകയായ ഒരു പട്ടാളക്കാരി തേടിപ്പോവുകയാണ്. ഹിമവാതങ്ങളുടെ ചുഴിച്ചുറ്റലില്‍ എന്നോ മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാള്‍ക്കുവേണ്ടിയുള്ള അന്വേഷണം. സമാന്തരമായി ശരീരത്തിന്റെയും ആത്മാവിന്റെയും അന്വേഷണങ്ങളുമുണ്ട്. കൊടുംശൈത്യത്തെ മഞ്ഞുപോലെ ഉരുക്കുന്ന പ്രണയമുണ്ട്. ബുദ്ധിസത്തിന്റെ സുഗന്ധവും ടിബറ്റന്‍ അഭയാര്‍ത്ഥിത്വത്തിന്റെ സങ്കടങ്ങളുമുണ്ട്. അനവധി അടരുകളില്‍ പടര്‍ന്നുകിടക്കുന്ന ആഖ്യാനം. ചരിത്രവും മിത്തുകളും അന്വേഷണവും കാത്തിരിപ്പും സാഹസികതയും മനുഷ്യബന്ധങ്ങളുടെ തീര്‍പ്പില്ലായ്മകളും ഒന്നുചേര്‍ന്ന് ഒരു പ്രവാഹമായി തീരുന്ന ഈ നോവല്‍ അസാധാരണമായ വായനാനുഭവമാണ്. ഇന്ത്യന്‍ റെയിന്‍ബോയിലൂടെ ശ്രദ്ധേയയായ സോണിയാ ചെറിയാന്റെ ആദ്യ നോവല്‍.
'സ്‌നോ ലോട്ടസ്'. മാതൃഭൂമി. വില 297 രൂപ.

◾ ഇന്ന് ലോക പ്രമേഹ ദിനം. 2045 ഓടെ പ്രമേഹ ബാധിതരുടെ എണ്ണം 780 ദശലക്ഷമായി വര്‍ദ്ധിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഡയബറ്റീസ് ഫെഡറേഷന്‍ കണക്കാക്കുന്നു. 2020ല്‍ ഇത് വെറും 151 ദശലക്ഷമായിരുന്നു. 240 ദശലക്ഷം പേര്‍ പ്രമേഹം തിരിച്ചറിയാതെ ജീവിക്കുന്നതായും ഐഡിഎഫ് വ്യക്തമാക്കുന്നു. അതായത് ലോകത്തെ പ്രമേഹ ബാധിതരില്‍ പാതി പേരും ഇത് തിരിച്ചറിയാതെ ജീവിക്കുന്നു. 2021ലെ കണക്കനുസരിച്ച് 30 ദശലക്ഷത്തിധികം കേസുകളുമായി ചൈന, ഇന്ത്യ, പാകിസ്താന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് പ്രമേഹ രോഗ പട്ടികയുടെ മുന്നിലുള്ളത്. ലോകത്തിലെ പ്രമേഹ ബാധിതരില്‍ 90 ശതമാനത്തിനെയും പിടികൂടിയിരിക്കുന്നത് ടൈപ്പ് 2 പ്രമേഹമാണ്. അമിതവണ്ണം, മോശം ഭക്ഷണക്രമം, ചിലതരം വംശീയ പശ്ചാത്തലങ്ങള്‍ എന്നിവയുമായി ടൈപ്പ് 2 പ്രമേഹം ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണക്രമത്തിലെ മാറ്റം, വ്യായാമം, പുകവലി നിര്‍ത്തല്‍, ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തല്‍ എന്നിവയിലൂടെ ടൈപ്പ് 2 പ്രമേഹം കുറേയൊക്കെ നിയന്ത്രിക്കാനാകും. സംസ്‌കരിച്ച മാംസം ദിവസവും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത 15 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് അടുത്തിടെ പുറത്ത് വന്ന പഠന റിപ്പോര്‍ട്ട് പറയുന്നു. ജീവിതത്തിലെ ആദ്യ രണ്ട് വര്‍ഷങ്ങളിലെ പഞ്ചസാര ചേര്‍ന്ന ഭക്ഷണക്രമം പിന്നീട് ദശകങ്ങള്‍ക്ക് ശേഷം ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി മറ്റൊരു പഠനവും വെളിപ്പെടുത്തുന്നു. ജീവിതശൈലി മാറ്റം വഴി വലിയൊരളവില്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയുന്നതാണ് ടൈപ്പ് 2 പ്രമേഹം.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 84.41, പൗണ്ട് - 107.07. യൂറോ - 89.01, സ്വിസ് ഫ്രാങ്ക് - 95.09, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.66, ബഹറിന്‍ ദിനാര്‍ - 223.97, കുവൈത്ത് ദിനാര്‍ -274.34, ഒമാനി റിയാല്‍ - 219.25, സൗദി റിയാല്‍ - 22.47, യു.എ.ഇ ദിര്‍ഹം - 22.98, ഖത്തര്‍ റിയാല്‍ - 22.97, കനേഡിയന്‍ ഡോളര്‍ - 60.32.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right