Trending

സായാഹ്ന വാർത്തകൾ.

  23-11-2024

◾ കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ വയനാടും പാലക്കാടും യുഡിഎഫിനൊപ്പം നിന്നപ്പോള്‍ ചേലക്കര എല്‍ഡിഎഫിനൊപ്പം. മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി നയിച്ച മഹായുതി സഖ്യത്തിന്റെ തേരോട്ടം. ജാര്‍ഖണ്ഡില്‍ ഇന്ത്യാമുന്നണി അധികാരത്തിലേക്ക്.
 
◾ വയനാട് ഉപതെരഞ്ഞെടുപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയ്ക്ക്  നാല് ലക്ഷത്തില്‍ പരം ഭൂരിപക്ഷം. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിന് കിട്ടിയതിനേക്കാള്‍ മികച്ച ലീഡാണിത്. പ്രിയങ്കാ ഗാന്ധിക്ക് 6,12,020 വോട്ട് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന്റെ സത്യന്‍ മൊകേരിക്ക് 2,07,401 വോട്ടും എന്‍ഡിഎയുടെ നവ്യ ഹരിദാസിന് 1,08,080 വോട്ടുമാണ് ലഭിച്ചത്. 2024 ലെ തോരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത് 3,64,422 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു.

◾ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 18,840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയമുറപ്പിച്ചിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ 58,389 നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കൃഷണ്കുമാറിന് 39,549 വോട്ടും മൂന്നാം സ്ഥാനത്തുള്ള പി.സരിന് 37,293 വോട്ടുമാണ് ലഭിച്ചത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ 3829 ന്റെ ഭൂരിപക്ഷത്തിനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന മെട്രോമാന്‍ ഇ.ശ്രീധരനെ തോല്‍പിച്ചത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാഫിക്ക് ലഭിച്ച 17,843 വോട്ടിന്റെ ഭൂരിപക്ഷമാണ് പാലക്കാട്ടത്തെ ഇതുവരെയുള്ള മികച്ച ഭൂരിപക്ഷം.

◾ ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടായിരുന്നു പ്രദീപിന്റെ മുന്നേറ്റം. യു ആര്‍ പ്രദീപ് 64,259 വോട്ട് നേടിയപ്പോള്‍ യുഡിഎഫിന്റെ രമ്യാ ഹരിദാസിന് 52,137 വോട്ടും എന്‍ഡിഎയുടെ കെ.ബാലകൃഷ്ണന് 33,354 വോട്ടും ലഭിച്ചു. ചേലക്കരയില്‍ 3920 വോട്ട് മാത്രം നേടിയ പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിയായ എന്‍.കെ.സുധീറിന് കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല.

◾ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിന്റെ തെളിവാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതിന് മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ഇരട്ടിയിലധികം വോട്ടുകളാണ് ലഭിച്ചത്. എന്നിട്ടും ഭരണവിരുദ്ധ വികാരമില്ല എന്നാണ് സിപിഎം വിശ്വസിക്കുന്നത്. അങ്ങനെ തന്നെ അവര്‍ വിശ്വസിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

◾ ചേലക്കരയിലേത് ഉജ്വലവിജയമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാലക്കാട്ട് യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ച ഏറ്റവും പ്രധാനപ്പെട്ട വിഭാഗം ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുമാണെന്നും എല്ലാ വര്‍ഗീയ ശക്തികളെയും ചേര്‍ത്തുനിര്‍ത്തിയാണ് പാലക്കാട്ട് യു.ഡി.എഫ്. ജയിച്ചതെന്നും ഗോവിന്ദന്‍ പറഞ്ഞു.

◾ കഴിഞ്ഞ പ്രാവശ്യത്തെ സിറ്റിംഗ് സീറ്റുകള്‍ എല്ലാവരും നിലനിര്‍ത്തിയെന്നും പ്രത്യേകിച്ച് പരിണാമങ്ങള്‍ ഒന്നുമില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട കെ സുരേന്ദ്രന്‍. പാലക്കാട് ബിജെപി വിജയിക്കും എന്നാണ് പ്രതീക്ഷിച്ചതെന്നും പാലക്കാട് ബിജെപിക്ക് വോട്ട് കുറഞ്ഞുവെന്നും അതില്‍ ആത്മ പരിശോധന നടത്തുമെന്നും ജനപിന്തുണ ആര്‍ജിക്കാന്‍ പരിശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഗവണ്മെന്റിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിട്ടും പ്രധാന പ്രതിപക്ഷത്തിന് ചേലക്കരയില്‍ വിജയിക്കാനായില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

◾ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നിലും യു.ഡി.എഫിന് ലീഡ് ചെയ്യാന്‍ കഴിയാതിരുന്ന പാലക്കാട് മുനിസിപ്പാലിറ്റി ഇത്തവണ യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതിയെന്ന് കെ. മുരളീധരന്‍. എല്‍.ഡി.എഫ് അവസാന ദിവസങ്ങളില്‍ ഇറക്കിയ പരസ്യം ഇടതുപക്ഷത്തെ സ്‌നേഹിക്കുന്നവരെ തന്നെ ശത്രുക്കളാക്കിയെന്നും അതാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുപോലും മുന്നേറ്റമുണ്ടാക്കാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ പാലക്കാട്ടെ യുഡിഎഫ് വിജയത്തിന് പിന്നാലെ പ്രതികരിച്ച് ഡോ. പി സരിന്‍. ഇടതുപക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടറോടുമുള്ള അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുകയാണെന്ന് സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു മാസം കൊണ്ട് എന്നെ അറിയാനും നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും ഹൃദയം കൊണ്ട് നന്ദി പറയുകയാണ്. പാലക്കാടിന്റെ വികസനം സര്‍ക്കാരിന്റെ മുഖ്യ അജണ്ടയായി തന്നെ തുടരും. അതിനായി പ്രവര്‍ത്തിക്കാന്‍ ജനങ്ങളുടെ ഇടയില്‍ തന്നെ താനുണ്ടാകുമെന്നും സരിന്‍ വ്യക്തമാക്കി.

◾ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ .ഇത് ആത്മ പരിശോധനക്കുള്ള സമയമാണ്. തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ പരിശോധിച്ചു തിരുത്തും. നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് തിരുത്താനുള്ള അവസരമായി ഇതിനെ കാണുന്നു. ഒരു വാര്യരും നായരും ഇവിടെ എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.

◾ പാലക്കാട്ടെ ജനങ്ങളില്‍ വിശ്വാസമുണ്ടെന്നും അവര്‍ തന്ന സ്നേഹത്തിന് നന്ദിയെന്നും സന്ദീപ് വാര്യര്‍. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണ് എന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു. ഈ പരാജയത്തിന്റെ ഉത്തരവാദിത്വം കെ സുരേന്ദ്രനാണെന്നും സന്ദീപ് രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. കെ സുരേന്ദ്രന്‍ രാജി വെക്കാതെ, സുരേന്ദ്രന്‍ പുറത്തുപോകാതെ ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തില്‍ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

◾ ചേലക്കര ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. 2021ലെ ഭൂരിപക്ഷം വെച്ചുനോക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാന്‍ സാധിച്ചുവെന്ന് രമ്യ ഹരിദാസ് പറഞ്ഞു. ചേലക്കരയില്‍ രാഷ്ട്രീയ പോരാട്ടം നടത്താന്‍ കഴിഞ്ഞു. സഹപ്രവര്‍ത്തകര്‍ രണ്ടു മാസത്തോളം നടത്തിയ കഠിനമായ പ്രവര്‍ത്തനത്തിനും നന്ദി പറയുകയാണെന്നും രമ്യ ഹരിദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

◾ ഉപതെരഞ്ഞെടുപ്പ് ഫലം ഭരണ വിലയിരുത്തലായി കാണാന്‍ കഴിയില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താന്‍ ഇപ്പോഴും എല്‍ഡിഎഫിന്റെ നിലപാട് ശരിയാണെന്ന് കരുതുന്നയാളാണെന്നും ഇടതു സര്‍ക്കാറിന്റെ ഐശ്വര്യമാണ് എന്‍ഡിഎ എന്നും കരുതുന്നു. എന്‍ഡിഎ മുന്നണിയില്‍ പാര്‍ട്ടികള്‍ തമ്മില്‍ കൂട്ടയടിയാണ്. യുഡിഎഫ് തന്നെ ജയിലില്‍ അടക്കാനാണ് നോക്കിയിട്ടുള്ളതെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

◾ ഇടതുപക്ഷ മുന്നണി സര്‍ക്കാരിനെതിരായ പൊതുവികാരമുണ്ടെന്നും അത് യുഡിഎഫ് വോട്ടാക്കി മാറ്റുമെന്ന പ്രചരണവേലയൊക്കെ തള്ളികളഞ്ഞ് ചേലക്കരയിലെ ജനങ്ങള്‍ ഇടതുപക്ഷ മുന്നണിക്കൊപ്പമാണെന്ന് തെളിയിച്ചെന്ന് മുന്‍മന്ത്രി എ.സി മൊയ്തീന്‍. ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ തൃപ്തി രേഖപ്പെടുത്തുന്നു എന്നാണ് ഈ ജയം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

◾ ഒരമ്മ പെറ്റ മക്കളെ പോലെയാണ് ബി.ജെ.പിയും യു.ഡി.എഫും സര്‍ക്കാരിനതിരേ പ്രചരണങ്ങള്‍ നടത്തിയതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ കേരളത്തിലെ സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ മനസിലാക്കിയതായി തിരഞ്ഞടെുപ്പിന്റെ പ്രചരണ ഘട്ടങ്ങളില്‍ തങ്ങള്‍ തിരിച്ചറിഞ്ഞതായി മന്ത്രി പ്രതികരിച്ചു.

◾ ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിഞ്ഞെന്ന അവകാശവാദവുമായി സിപിഎം നേതാക്കള്‍. ചേലക്കര നിലനിര്‍ത്തിയതിന് പിന്നാലെയാണ് സിപിഎം നേതാക്കളുടെ അവകാശവാദം. കളളപ്രചരണ വേലകള്‍ വെറുതെയായെന്നും ഭരണ വിരുദ്ധ വികാരമില്ലെന്നും കെ രാധാകൃഷ്ണന്‍ എംപി  പ്രതികരിച്ചു.

◾ കേരള സര്‍വകലാശാല ആതിഥേയത്വം വഹിക്കുന്ന ദക്ഷിണ മേഖല അന്തര്‍ സര്‍വകലാശാല ടെന്നീസ് ടൂര്‍ണമെന്റിന് തുടക്കമായി. 22 മുതല്‍ 25 വരെ നീണ്ടു നില്‍ക്കുന്ന ടെന്നീസ് മത്സരങ്ങള്‍ കവടിയാര്‍ ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിലും കുമാരപുരം കേരള ടെന്നീസ് അക്കാദമിയിലുമായാണ് നടക്കുന്നത്. അറുപതോളം യൂണിവേഴ്സിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനാണ് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തത്.

◾ കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ  പി.കെ. സജീവ് (82) അന്തരിച്ചു. കെ.എം. മാണിയുടെ സന്തത സഹചാരിയായിരുന്നു സജീവ്.  സംസ്‌കാരം ഞായറാഴ്ച കോതമംഗലം മര്‍ത്തമറിയം വലിയപള്ളി സെമിത്തേരിയില്‍ നടക്കും.

◾ പുതിയ ആധാര്‍ എടുക്കുന്നതിനും നിലവിലുള്ളതു തിരുത്തുന്നതിനുമുള്ള നിബന്ധന ആധാര്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കടുപ്പിച്ചു. അപേക്ഷയ്ക്കൊപ്പം നല്‍കുന്ന രേഖകളിലെ ചെറിയ പൊരുത്തക്കേടുപോലും ഇനി അംഗീകരിക്കില്ല. തിരുത്തലുകള്‍ക്കും കര്‍ശന നിയന്ത്രണമുണ്ടാകും. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പു തടയാന്‍ ലക്ഷ്യമിട്ടാണു നടപടി.

◾ മഹാരാഷ്ട്രയില്‍ തുടര്‍ഭരണം ഉറപ്പിച്ച് മഹായുതി മുന്നണി. മൊത്തം 288 സീറ്റില്‍ 222 സീറ്റിലും ബിജെപി സഖ്യം മുന്നേറുകയാണ്. കോണ്‍ഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യം വെറും 49 സീറ്റില്‍ മാത്രമാണ് മുന്നില്‍. ബിജെപിയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. മത്സരിച്ച 148 സീറ്റുകളില്‍ 124ലും ബിജെപി ലീഡ് ചെയ്യുന്നു. ദേവേന്ദ്ര ഫഡ്നവിസ് അടക്കം മത്സരിച്ച മുന്‍നിര നേതാക്കളെല്ലാം ബഹുദൂരം മുന്നിലാണ്. ബിജെപി സഖ്യകക്ഷികളായ ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയും അജിത് പവാറിന്റെ എന്‍സിപിയും മുന്നേറി.

◾ ജാര്‍ഖണ്ഡില്‍ ഇന്ത്യ മുന്നണി അധികാരത്തിലേക്ക്. മൊത്തം 81 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി 48 സീറ്റില്‍ മുന്നില്‍ നില്‍ക്കുകയാണ്. 31 സീറ്റില്‍ എന്‍ഡിഎ സഖ്യവും മുന്നില്‍ നില്‍ക്കുന്നു.  

◾ കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈ. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും വ്യക്തമായ ലീഡോടെയാണ് കോണ്‍ഗ്രസ് കുതിക്കുന്നത്. ഉപ തിരഞ്ഞെടുപ്പ് കുമാരസ്വാമിക്കും ബിജെപിക്കും കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നിഖില്‍ കുമാരസ്വാമി ബഹുദൂരം പിന്നിലാണ് . കുമാരസ്വാമി വച്ചൊഴിഞ്ഞ ചന്നപട്ടണ മണ്ഡലത്തില്‍ നിന്നാണ് നിഖില്‍ മത്സരിച്ചത്.

◾ ഇന്ത്യന്‍ കോടീശ്വരന്‍ ഗൗതം അദാനി  രാജ്യം വിടുമോയെന്ന ചര്‍ച്ച സോഷ്യല്‍മീഡിയയില്‍ സജീവം. കഴിഞ്ഞ ദിവസം സുബ്രഹ്‌മണ്യന്‍ സ്വാമി എക്സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചക്ക് കാരണം. യുഎസില്‍ അദാനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് സുബ്രഹ്‌മണ്യം സ്വാമി എക്സില്‍ കുറിപ്പിട്ടത്. അദാനി സ്വിറ്റ്സര്‍ലന്‍ഡില്‍ വീടു നിര്‍മിക്കുന്നുവെന്നും ഒരു സഹോദരനെ ദുബായില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി കുറിപ്പില്‍ ആരോപിച്ചു.

◾ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി യു.കെയിലെത്തുന്ന പക്ഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തേക്കാമെന്ന സൂചന നല്‍കി യു.കെ.സര്‍ക്കാര്‍. യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വ്യാഴാഴ്ച അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇസ്രയേല്‍ മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെതിരേയും അറസ്റ്റ് വാറന്റുണ്ട്.

◾ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ 46 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു. പിന്നാലെ ബാറ്റേന്തിയ ഓസ്‌ട്രേലിയക്ക് 104 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 18 ഓവറില്‍ 30 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാണ് ഓസ്‌ട്രേലിയയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. രണ്ടാമിന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 166 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും യശസ്വി ജയ്സ്വാളും അര്‍ദ്ധ സെഞ്ച്വറി നേടി കരുതലോടെയാണ് ബാറ്റ് ചെയ്യുന്നത്.

◾ കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. ഇന്ന് ഗ്രാമിന് 75 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 600 രൂപ വര്‍ധിച്ച് 58,400 രൂപയിലെത്തി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഇന്ന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 6,020 രൂപയിലെത്തി. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 98 രൂപയിലാണ് ഇന്നത്തെ വെള്ളിയുടെ വ്യാപാരം. കഴിഞ്ഞ നവംബര്‍ 14ന് പവന് 55,480 രൂപയിലെത്തിയ ശേഷമാണ്  കുറഞ്ഞ ദിവസത്തില്‍ 58,400 രൂപയായത്. ദിവസങ്ങള്‍ക്കുള്ളില്‍ 2,920 രൂപയാണ് പവന് വര്‍ധിച്ചത്. റഷ്യ-യുക്രെയിന്‍ യുദ്ധം, ഓഹരി വിപണിയിലെ അനിശ്ചിതത്വം, യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വിജയിച്ച ശേഷം അമേരിക്കന്‍ സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി എന്നിവയാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അമേരിക്കന്‍ ഡോളറിന്റെ വില ഇടിയുന്നതും യു.എസ് ഫെഡ് നിരക്കുകള്‍ കുറച്ചേക്കുമെന്ന മുന്നറിയിപ്പും സ്വര്‍ണ വിലയെ സ്വാധീനിച്ചതായും വിലയിരുത്തലുണ്ട്. അന്താരാഷ്ട്ര വില ഔണ്‍സിന് 2,708.90 ഡോളര്‍ എന്ന നിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

◾ കുമ്പസരിക്കാന്‍ എ.ഐ യേശുക്രിസ്തുവുമായി സ്വിറ്റ്സര്‍ലാന്‍ഡിലെ പള്ളി. ലുസേര്‍ണിലെ സെന്റ് പീറ്റേഴ്സ് ചര്‍ച്ചിലാണ് കുമ്പസരിക്കാനായി എ.ഐ യേശുക്രിസ്തുവിനെ സൃഷ്ടിച്ചത്. ദൈവം മിഷ്യനില്‍ എന്ന പേരിലാണ് ഉപകരണം ഉണ്ടാക്കിയിരിക്കുന്നത്. വിശ്വാസികള്‍ക്ക് എ.എ യേശുക്രിസ്തുവിന് മുമ്പാകെ കുമ്പസരിക്കാനും ആശങ്കകള്‍ പങ്കുവെക്കാനും സാധിക്കും. വിശ്വാസികളുടെ ചോദ്യങ്ങള്‍ക്ക് എ.ഐ യേശുക്രിസ്തു മറുപടിയും നല്‍കും. വരും ദിവസങ്ങളില്‍ എ.ഐ ക്രിസ്തു പാസ്റ്റര്‍മാരെ സഹായിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സാധാരണ കാണുന്ന കുമ്പസാര കൂട്ടില്‍ തന്നെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന യേശുക്രിസ്തുവും ഉള്ളത്. വിശ്വാസികള്‍ക്ക് ഒരു സ്‌ക്രീനില്‍ യേശുക്രിസ്തുവിന്റെ മുഖം കാണാം. ഇതിന് അഭിമുഖമായി നിന്ന് വിശ്വാസികള്‍ക്ക് സംസാരിക്കാം. എ.ഐയുടെ സഹായത്തോടെ യേശുക്രിസ്തു വിശ്വാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും. 100 ഭാഷകളില്‍ ഇത്തരത്തില്‍ സംസാരിക്കാന്‍ സാധിക്കും. ലുസേണ്‍ യൂനിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍മാരും തിയോളജിയന്‍സും കൂടിയാണ് എ.ഐ ക്രിസ്തുവിനെ നിര്‍മിച്ചിരിക്കുന്നത്.

◾ 'പുഷ്പ 2'വില്‍ ഫയര്‍ ആകാന്‍ ശ്രീലീല. 'കിസിക്' എന്ന ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍. 'പുഷ്പ: ദ റൈസ്' എന്ന ആദ്യ ഭാഗത്തില്‍ 'ഊ ആണ്ടവാ' എന്ന ഗാനരംഗത്തില്‍ സാമന്ത ആയിരുന്നു പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ രണ്ടാം ഭാഗമായ 'പുഷ്പ: ദ റൂള്‍' ചിത്രത്തില്‍ ശ്രീലീലയാണ് ആടിതിമിര്‍ക്കാന്‍ എത്തുന്നത്. ഒരൊറ്റ ഡാന്‍സിനായി ശ്രീലീല വാങ്ങുന്നത് 3 കോടി രൂപ വരെയാണ് എന്നായിരുന്നു തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു കോടി രൂപയായിരുന്നു സാമന്ത ഒരു ഡാന്‍സിനായി വാങ്ങിയത്. 'ഗുണ്ടൂര്‍ കാരം' എന്ന ചിത്രത്തിലെ കുര്‍ച്ചി മടത്തപ്പെട്ടി എന്ന ഗാനത്തിലൂടെ പ്രേക്ഷശ്രദ്ധ നേടിയ നടിയാണ് ശ്രീലീല. അതേസമയം, അല്ലു അര്‍ജുന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് പുഷ്പ 2. 2021ല്‍ പുറത്തിറങ്ങി പാന്‍ ഇന്ത്യന്‍ തലത്തില്‍ വിജയം നേടിയ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 ദ റൂള്‍ എത്തുന്നത്. ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്.

◾ ഷാരൂഖ് ഖാനെ നായകനാക്കി കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രം ജവാന്‍ ഒരുക്കിയ അറ്റ്‌ലി ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെ നായകനാക്കി ഒരു ചിത്രത്തിന് ഒരുങ്ങുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ ബിഗ് ബജറ്റ് പ്രോജക്റ്റ് രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളെ ബന്ധിപ്പിക്കുന്ന പുനര്‍ജന്മവുമായി ബന്ധപ്പെട്ട ആക്ഷന്‍ ചിത്രമാണ് എന്നാണ്. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിഷ്വല്‍സ് ഉള്ള ഒരു സാങ്കല്‍പ്പിക ലോകത്തില്‍ നടക്കുന്ന പീരിയോഡിക് ദൃശ്യങ്ങള്‍ ചിത്രത്തിന്റെ പ്രത്യേകതയാണ് എന്നാണ് പറയുന്നത്. സല്‍മാന്‍ ഖാന്‍ ഒരു യോദ്ധാവിന്റെ വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.  അതേ സമയം സല്‍മാന്‍ ഖാന്റെയും അറ്റ്‌ലിയുടെയും ചിത്രം മഗധീരയുടെ ലൈനില്‍ ആയിരിക്കുമെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. ഒരു തെന്നിന്ത്യന്‍ സൂപ്പര്‍താരം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. മിക്കവാറും കമല്‍ഹാസനായിരിക്കും ഈ വേഷത്തില്‍ എത്തുക. 2025 ല്‍ തന്നെ ഈ ചിത്രം തീയറ്ററില്‍ എത്തും.

◾ രാജ്യത്തെ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ സ്‌ക്രാം 440 പുറത്തിറക്കി. നിലവില്‍ സ്‌ക്രാം 411 ആണ് കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്നത്. അതായത് ഇപ്പോള്‍ പുറത്തിറക്കിയ ഈ മോട്ടോര്‍സൈക്കിള്‍ നിലവിലെ മോഡലിനെക്കാള്‍ ശക്തമാണ്. ഇപ്പോള്‍ കൂടുതല്‍ കരുത്തും കൂടുതല്‍ ടോര്‍ക്കും ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേ സമയം ആറ് സ്പീഡ് ഗിയര്‍ബോക്‌സും നല്‍കും. ഇതിന്റെ വില ഏകദേശം 2025 ജനുവരിയില്‍ പ്രഖ്യാപിക്കാം. അതേ സമയം, വിലകള്‍ പ്രഖ്യാപിച്ചതിന് ശേഷം, ഈ ബൈക്കിന്റെ ഉപഭോക്താക്കള്‍ക്ക് ഡെലിവറി ആരംഭിക്കും. പുതിയ മോഡല്‍ ഡിസൈനില്‍ സ്‌ക്രാം 411 ന് സമാനമാണ്. എന്‍ജിനില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. 443 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് പുതിയ ബൈക്കിലുള്ളത്. ഈ എഞ്ചിന്‍ 6250 ആര്‍പിഎമ്മില്‍ 25.4 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 34 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 6-സ്പീഡ് ഗിയര്‍ബോക്‌സുമായി എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു.

◾ കൃത്യമായ അളവുകളുടെ തച്ചുശാസ്ത്രം രൂപപ്പെടുത്തിയ വീടുകള്‍ക്കുള്ളില്‍, പകയും സ്വാര്‍ത്ഥതയും വെറുപ്പും നിസ്സഹായതയും കാമവുമെല്ലാമെല്ലാം അളവു തെറ്റി മാരകമായി പരന്നൊഴുകുമ്പോഴും കിറുകൃത്യമാണെല്ലാമെന്ന് അഭിനയിച്ചു ഫലിപ്പിക്കാന്‍ ശ്രമിക്കുന്ന മനുഷ്യജീവിതങ്ങളുടെ ചൂടും ചൂരും അനുഭവിപ്പിക്കുന്ന മനുഷ്യാലയചന്ദ്രിക എന്ന കഥയുള്‍പ്പെടെ, ആശ്രിതര്‍, വള്ളുവനാട്, ദ്രുതവാട്ടം, പൊന്നുരുക്കുന്നിടത്ത്, ഒതുക്കിലെ വല്യമ്മ, നെഞ്ച് എന്നിങ്ങനെ ഏഴു കഥകള്‍. രേഖ കെയുടെ ഏറ്റവും പുതിയ കഥാസമാഹാരം. 'മനുഷ്യാലയ ചന്ദ്രിക'. മാതൃഭൂമി. വില 119 രൂപ.

◾ ചെറിയൊരു തലവേദന വന്നാല്‍ പോലും ഇന്റര്‍നെറ്റില്‍ പരതി രോഗവും മരുന്നും തീരുമാനിച്ച് സ്വയം ചികിത്സക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടി വരികയാണ്. എന്നാല്‍ ഇത്തരത്തിലുള്ള സ്വയം ചികിത്സ കൊണ്ടെത്തിക്കുക വലിയ അപകടങ്ങളിലായിരിക്കുമെന്ന് മനസിലാക്കേണ്ടതുണ്ട്. രോഗത്തെയും മരുന്നിനെയും കുറിച്ചുള്ള ഭാഗികമായി അറിവ് രോഗം മൂര്‍ച്ഛിക്കാനും ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും. ഇത്തരത്തില്‍ എപ്പോഴും ഇന്റര്‍നെറ്റിനെ ആശ്രയിച്ച് സ്വയം ചികിത്സ ചെയ്യുന്നതിനെ 'ദ ഇന്റര്‍നെറ്റ് ഡെറൈവ്ഡ് ഇന്‍ഫര്‍മേഷന്‍ ഒബ്സ്ട്രക്ടിങ് ട്രീറ്റ്മെന്റ് സിന്‍ഡ്രോം' അഥവാ 'ഇഡിയറ്റ് സിന്‍ഡ്രോം' എന്നാണ് വിളിക്കുന്നത്. രോഗം കുറഞ്ഞാലും ചികിത്സ തുടരേണ്ട ചില സാഹചര്യങ്ങളില്‍ ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചികിത്സ മുടക്കുന്നു. രോഗലക്ഷണങ്ങളെ കുറിച്ചും രോഗങ്ങളെ കുറിച്ചും ഭാഗികമായി അറിവു നേടുന്നത് അപകടകരമാണ്. ഇത് ആരോഗ്യത്തെയും ശരീരത്തെ പ്രതികൂലമായി ബാധിക്കാം. ഇത് ആരോഗ്യപ്രശ്നങ്ങള്‍ വഷളാക്കാനും ആന്റിബയോട്ടിക് പ്രതിരോധം വര്‍ധിപ്പിക്കുകയും ചെയ്യും. ഇന്റര്‍നെറ്റ് മാത്രമല്ല, വ്യക്തിഗത അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ രോഗം ചികിത്സിക്കാന്‍ വീട്ടിലെ പൊടിക്കൈകള്‍ പ്രയോഗിക്കുന്നതും സ്വയം ചികിത്സ തന്നെയാണ്. സോഷ്യല്‍ മീഡിയ, ഇന്റര്‍നെറ്റ്, സ്വന്തം അനുഭവം എന്നിവയെ ആശ്രയിച്ച് ചെറിയ ആരോഗ്യ ലക്ഷണങ്ങള്‍ സ്വയം കൈകാര്യം ചെയ്യുന്നതില്‍ മിക്കയാളുകളും ആത്മവിശ്വാസം പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ ഈ പ്രവണത ആന്റിബയോട്ടിക് പ്രതിരോധം വര്‍ധിപ്പിക്കുകയും മരുന്നുകളോടുള്ള ആസക്തി പോലുള്ള വലിയ പൊതുജനാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 84.44, പൗണ്ട് - 105.82. യൂറോ - 87.92, സ്വിസ് ഫ്രാങ്ക് - 94.38, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.88, ബഹറിന്‍ ദിനാര്‍ - 224.19, കുവൈത്ത് ദിനാര്‍ -224.09, ഒമാനി റിയാല്‍ - 219.32, സൗദി റിയാല്‍ - 22.49, യു.എ.ഇ ദിര്‍ഹം - 22.99, ഖത്തര്‍ റിയാല്‍ - 23.16, കനേഡിയന്‍ ഡോളര്‍ - 60.36.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right