22-11-2024
◾ വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍. ദുരന്തസഹായത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും വ്യവസ്ഥകള്‍ക്ക് വിധേയമായി 153 കോടി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. വയനാട്ടിലെ ദുരന്ത ബാധിത മേഖലകളെ പുനരധിവസിപ്പിക്കാന്‍ 2219 കോടി രൂപയുടെ കേന്ദ്ര സഹായം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിടെയാണ് നടപടികള്‍ പുരോഗമിക്കുകയാണെന്ന് മാത്രമുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലം. എന്നാല്‍ ഏറ്റവും പുതുതായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും വയനാടിനെ പുനരധിവസിപ്പിക്കാന്‍ എന്ത് പാക്കേജെന്നും വ്യക്തമാക്കുന്നില്ല.
◾ വയനാട്ടിലെ ഹര്‍ത്താലിനെതിരെ ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം. വയനാട്ടിലെ എല്‍ഡിഎഫ് - യുഡിഎഫ് ഹര്‍ത്താല്‍ നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞ ഡിവിഷന്‍ ബെഞ്ച്, ഹര്‍ത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും ചോദിച്ചു. ഹര്‍ത്താല്‍ നടത്തിയത് എന്തിനാണെന്നായിരുന്നു കോടതിയുടെ ചോദ്യം. ഹര്‍ത്താല്‍ മാത്രമാണോ ഏക സമര മാര്‍ഗ്ഗമെന്നും ദുരന്തമേഖലയിലെ ഹര്‍ത്താല്‍ നിരാശപ്പെടുത്തുന്നുവെന്നും ഇത്തരം ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും കടുത്ത ഭാഷയില്‍ കോടതി വിമര്‍ശിച്ചു.
◾ വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ച ഇന്ത്യ മുന്നണിക്കുള്ള പ്രഹരമാണ് ഹൈക്കോടതിയില്‍ നിന്ന് ലഭിച്ചതെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. ഹര്‍ത്താലിന്റെ സാധുതയെ കോടതി വിമര്‍ശിച്ചിരിക്കുന്നുവെന്നും കേന്ദ്രം നല്‍കിയ 153 കോടി രൂപ മറച്ചുവച്ചുള്ള സമീപനം ജനങ്ങളെ കബളിപ്പിക്കാന്‍ ഏതറ്റം വരെ പോകും എന്നതിന് തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ വയനാടിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്. ഡിസംബര്‍ അഞ്ചാം തീയതി സംസ്ഥാനം ഒട്ടാകെ സമരം നടത്താനാണ് തീരുമാനം. രാജ്ഭവന് മുന്നില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനും ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 2ന് മേപ്പാടിയില്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിക്കാനും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
◾ ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തുന്ന അന്വേഷണത്തെ തടസ്സപെടുത്താന്‍ ശ്രമമെന്ന് സംസ്ഥാന വനിത കമ്മീഷന്‍. അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി ഇതിന്റെ ഭാഗമാണെന്നും കമ്മീഷന്‍ ആരോപിച്ചു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സംസ്ഥാന വനിത കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്..
◾ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍. മുനമ്പം കേസിലെ കോടതി നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്ന് ട്രൈബ്യൂണല്‍ ജഡ്ജ് രാജന്‍ തട്ടില്‍ വ്യക്തമാക്കി. മുനമ്പം കേസില്‍ ഫറൂഖ് കോളേജ് മാനേജ്മെന്റിന്റെ അപ്പീല്‍ ഇന്ന് പരിഗണിക്കാന്‍ ഇരിക്കെയാണ് മാധ്യമങ്ങളെ വിലക്കിക്കൊണ്ട് ട്രൈബ്യൂണല്‍ നിലപാടെടുത്തത്.
◾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ അവസാനവട്ട കണക്കുകൂട്ടലിലാണ് മുന്നണികള്‍. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങുക. 10 മണിയോടെ വിജയികള്‍ ആരെന്നതില്‍ വ്യക്തതയുണ്ടാകും.
◾ ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. കേസ് നിയമപരമായി നേരിടുമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. വിഷയം സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച ചെയ്തു. ഭരണഘടനയെ വിമര്‍ശിച്ചുളള പ്രസംഗത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ മന്ത്രി സജി ചെറിയാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്.
◾ ആത്മകഥാ വിവാദത്തില്‍ അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് സി.പി.എം നേതാവ് ഇ.പി.ജയരാജന്‍. നേരത്തേ വ്യക്തമാക്കിയ കാര്യങ്ങള്‍ തന്നെയാണ് പോലീസിനോടും പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. 'എന്റെ കാര്യങ്ങള്‍ എനിക്ക് അറിയാമെന്നും എപ്പോഴും അത് ഓര്‍മയില്‍ ഉള്ളതാണെന്നും ജയരാജന്‍ വ്യക്തമാക്കി.
◾ മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന്റെ ഭാഗമായി വനംവകുപ്പ് കര്‍മപദ്ധതി തയ്യാറാക്കുന്നു. സംഘര്‍ഷം കൂടുതലുള്ള പ്രദേശങ്ങളെ 12 ലാന്‍ഡ് സ്‌കേപ്പുകളായി തിരിച്ചായിരിക്കും കര്‍മപദ്ധതി തയ്യാറാക്കുക. ഇവ ക്രോഡീകരിച്ച് സംസ്ഥാനതല കര്‍മപദ്ധതി തയ്യാറാക്കും. ഇതിന്റെഭാഗമായി സേഫ്-ഹാബിറ്റാറ്റ് ഹാക്ക് എന്ന പേരില്‍ ഹാക്കത്തണ്‍ സംഘടിപ്പിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
◾ ലൈംഗിക ആരോപണ കേസില്‍ മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് പരാതിക്കാരിയായ നടി . കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടന്‍ ഇമെയില്‍ അയക്കുമെന്നും, തനിക്ക് സര്‍ക്കാരില്‍ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. നടന്മാരായ എം മുകേഷ് എംഎല്‍എ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവര്‍ക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്.
◾ പ്രമുഖ സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു. 100 വയസായിരുന്നു. ദില്ലി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലായിരുന്നു അന്ത്യം. കേരള പ്രഭ, കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ആകസ്മികം എന്ന ഓര്‍മ്മക്കുറിപ്പിന് 2020ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും നേടിയിട്ടുണ്ട്. 1951 ല്‍ ആകാശവാണിയില്‍ ഉദ്യോഗസ്ഥനായി ദില്ലിയിലെത്തി. ഏഴ് പതിറ്റാണ്ടുകാലം ദില്ലി മലയാളികള്‍ക്കിടയില്‍ സജീവ സാന്നിധ്യമായിരുന്നു ഓംചേരി എന്‍ എന്‍ പിള്ള.
◾ പത്തനംതിട്ടയില്‍ ഹോസ്റ്റല്‍ കെട്ടിടത്തിലെ മൂന്നാംനിലയില്‍നിന്ന് വീണുമരിച്ച നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവന്റെ മരണത്തില്‍ മൂന്ന് സഹപാഠികളുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ ടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നല്‍കിയിരുന്നു. മൂന്നുപേര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയിട്ടുണ്ട്.
◾ അമ്മു സജീവിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കി. അമ്മു സജീവിന്റെ മരണത്തില്‍ അടിമുടി ദുരൂഹതയാണ് നില നില്‍ക്കുന്നതെന്നും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ക്രൈംബ്രാഞ്ചിന് കേസ് കൈമാറണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം.
◾ കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായി തൃശൂരിലെ ധ്യാനകേന്ദ്രത്തില്‍ നിന്നും കണ്ടെത്തിയ യുവതിയുടെ അമ്മക്കെതിരെ കേസെടുത്തു. അമ്മയുടെ ഉപദ്രവം കാരണമാണ് വീട് വിട്ടിറങ്ങിയതെന്ന് മകള്‍ കൊരട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. കൗണ്‍സിലിങിന് ശേഷം യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
◾ മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ച് കടക്കുന്നതിനിടയില്‍ രണ്ട് സ്ത്രീകളെ ട്രെയിന്‍ തട്ടി. ഒരു സ്ത്രീ തല്‍ക്ഷണം മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തിന് എത്തിയ കാഞ്ഞങ്ങാട് സ്വദേശിയാണ് മരിച്ചത്.മൂന്നു പേര്‍ ഒരേസമയം ട്രാക്ക് കടക്കുന്നതിനിടയില്‍ എറണാകുളം ഭാഗത്ത് നിന്ന് വന്ന ട്രെയിനാണ് ഇടിച്ചത്.
◾ ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായി കാറോടിച്ചെന്ന് പരാതി. കാസര്‍കോട് നിന്ന് രോഗിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന ആംബുലന്‍സിനാണ് വഴി തടഞ്ഞത്. മഡിയന്‍ മുതല്‍ കാഞ്ഞങ്ങാട് വരെ ആംബുലന്‍സിന് മുന്നില്‍ കെഎല്‍ 48 കെ 9888 എന്ന കാര്‍ വഴി തടഞ്ഞ് ഓടിച്ചു. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കി.സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് ആര്‍ടിഒ രാജേഷ് പറഞ്ഞു.
◾ ശബരിമല തീര്‍ഥാടനത്തിനുശേഷം കന്യാകുമാരിയിലേക്കുപോയ തിരുനെല്‍വേലി സ്വദേശികളുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. തിരുവല്ലം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ.യും കാഞ്ഞിരംകുളം വലിയവിള പ്ലാവ്നിന്ന പുത്തന്‍വീട്ടില്‍ ശ്രീനിവാസന്റെയും ലീലയുടെയും മകന്‍ ശ്രീജിത്ത്(38) ആണ് മരിച്ചത്.
◾ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി തീവ്ര ന്യൂനമര്‍ദ്ദമാകുന്നുവെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെയുള്ള ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
◾ തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മഹാരാഷട്രയില്‍ ചരടുവലികളും ചര്‍ച്ചകളും സജീവം . തൂക്കുസഭയെന്ന സംശയമുള്ളതുകൊണ്ട് ഇരുമുന്നണികളും ചെറു പാര്‍ട്ടികളുമായും സ്വതന്ത്രരുമായി ചര്‍ച്ച നടത്തുകയാണ്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്ന മുന്നണിക്കൊപ്പം നില്‍ക്കുമെന്ന് വഞ്ചിത് ബഹുജന്‍ അഗാഡി അധ്യക്ഷന്‍ പ്രകാശ് അംബേദ്കര്‍ നിലപാട് വ്യക്തമാക്കി.
◾ ഡിജിറ്റല്‍ തട്ടിപ്പിലൂടെ നേടിയ പണം നിക്ഷേപിക്കാനായി ഒരേ ബാങ്കില്‍ ബന്ധുക്കളുടെ പേരില്‍ തുടങ്ങിയത് 35ഓളം അക്കൗണ്ടുകള്‍. ബാങ്ക് മാനേജരുടെ സംശയത്തില്‍ കള്ളക്കളി പൊളിഞ്ഞ് സൈബര്‍ തട്ടിപ്പുകാരന്‍ അറസ്റ്റിലായി. മുംബൈ കുര്‍ളയിലെ പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് സംഭവം. വ്യാഴാഴ്ചയാണ് കര്‍ജാത് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
◾ രാജസ്ഥാന്റെ ഉടമസ്ഥതയിലുള്ള ദില്ലിയിലെ പ്രശസ്തമായ ബിക്കാനേര്‍ ഹൗസ് കണ്ടുകെട്ടാന്‍ കോടതി ഉത്തരവ്. സ്വകാര്യ കമ്പനിയായ എന്‍വിറോ ഇന്‍ഫ്രാ എഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് നല്‍കേണ്ട തുക നല്കാത്തതിനെത്തുടര്‍ന്നാണ് നടപടി. 2020 ലാണ് ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഈ കമ്പനിക്ക് 50 ലക്ഷം രൂപ നല്‍കാന്‍ കോടതി ബിക്കനേര്‍ ഹൗസിന്റെ ഉടമസ്ഥതയുള്ള രാജസ്ഥാനിലെ നോഖ മുനിസിപ്പല്‍ കൗണ്‍സിലിനോട് ഉത്തരവിട്ടത്.
◾ ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമായിരുന്നുവെന്ന റിപ്പോര്‍ട്ട് തള്ളി കാനഡ സര്‍ക്കാര്‍. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരെ വധത്തെക്കുറിച്ച് അറിയിച്ചതായുമുള്ള ദി ഗ്ലോബ് ആന്‍ഡ് മെയിലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് കാനഡ തള്ളിയത്.
◾ വ്യാഴാഴ്ച യുക്രൈനില്‍ നടത്തിയ ആക്രമണത്തില്‍ ഉപയോഗിച്ചത് പുതിയതായി വികസിപ്പിച്ച മധ്യദൂര ഹൈപ്പര്‍സോണിക് മിസൈലാണെന്ന് റഷ്യ. യു.എസ്, ബ്രീട്ടീഷ് മിസൈലുകള്‍ ഉപയോഗിച്ച് ഈ ആഴ്ച ആദ്യം റഷ്യയ്‌ക്കെതിരെ യുക്രൈന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ വ്യക്തമാക്കി. രാജ്യവ്യാപകമായി സംപ്രേഷണം ചെയ്ത ടെലിവിഷന്‍ പ്രസംഗത്തില്‍ ആണ് പുതിന്റെ പ്രതികരണം.
◾ വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബൈത്ത് ലാഹിയയിലെ കമാല്‍ അദ്വാന്‍ ആശുപത്രിക്ക് സമീപമാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമുണ്ടെന്നാണ് ഹമാസിനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഗാസയിലെ ഷെയ്ഖ് റദ്വാന്‍ പരിസരത്ത് ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ 22 പേര്‍ കൂടി കൊല്ലപ്പെട്ടതായി ഹമാസ് നടത്തുന്ന സിവില്‍ ഡിഫന്‍സ് ഏജന്‍സി പറഞ്ഞു.
◾ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കായുള്ള ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിക്ക് മുന്‍പില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ. 49.4 ഓവറില്‍ 150 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയുടെ പത്തുവിക്കറ്റുകളും വീണു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറ ക്യാപ്റ്റനായ ടീം ഇന്ത്യ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 41 റണ്‍സെടുത്ത നിതീഷ്‌കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റിഷഭ് പന്ത് 37 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 47 ന് 6 എന്ന നിലയിലാണ്.
◾ രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ സ്വര്‍ണവില ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും കുതിക്കുന്നു. ഇന്ന് 640 രൂപയാണ് വര്‍ധിച്ചത്. 57,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് കൂടിയത്. 7225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അഞ്ചുദിവസത്തിനിടെ പവന് 2300 രൂപയാണ് തിരിച്ചുകയറിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്. 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
◾ തുടര്‍ച്ചയായ മൂന്നാം മാസവും മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ വലിയ നഷ്ടം രേഖപ്പെടുത്തി സ്വകാര്യ ടെലികോം കമ്പനികള്‍. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ സെപ്റ്റംബറിലെ കണക്കു പ്രകാരം ജിയോക്ക് 79 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായത്. വോഡഫോണിന് 15 ലക്ഷം ഉപയോക്താക്കളെയും എയര്‍ടെല്ലിന് 14 ലക്ഷം ഉപയോക്താക്കളെയും നഷ്ടമായി. സെപ്റ്റംബറില്‍ രാജ്യത്തെ പുതിയ കസ്റ്റമേഴ്‌സിന്റെ എണ്ണത്തില്‍ വളര്‍ച്ച നേടിയത് പൊതുമേഖലാ കമ്പനിയായ ബി.എസ്.എന്‍.എല്‍ മാത്രമാണ്. 8.49 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ബി.എസ്.എന്‍.എല്‍ നേടിയത്. കഴിഞ്ഞ ജൂലൈയില്‍ സ്വകാര്യം ടെലികോം കമ്പനികള്‍ മൊബൈല്‍ നിരക്കുകള്‍ കാര്യമായ വര്‍ധിപ്പിച്ചിരുന്നു. ഇതാണ് ഉപയോക്താക്കളെ കൂട്ടത്തോടെ ബി.എസ്.എന്‍.എല്ലിലേക്ക് മാറാന്‍ പ്രേരിപ്പിച്ചത്. മൊബൈല്‍ നിരക്കുകള്‍ 11 മുതല്‍ 25 ശതമാനം വരെ വര്‍ധനയാണ് സ്വകാര്യ കമ്പനികള്‍ വരുത്തിയത്.
◾ ശ്രീനാഥ് ഭാസി നായകനാകുന്ന 'പൊങ്കാല'യുടെ പുതിയ പോസ്റ്റര്‍ പുറത്ത്. നായിക യാമി സോനയ്‌ക്കൊപ്പം കടപ്പുറത്ത് നടന്നു നീങ്ങുന്ന ശ്രീനാഥ് ഭാസിയുടെ പോസ്റ്ററാണ് എത്തിയിരിക്കുന്നത്. എ ബി ബിനില്‍ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല. ആക്ഷന്‍ കോമഡി ത്രില്ലര്‍ ശ്രേണിയില്‍ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിന്‍, ചെറായി ഭാഗങ്ങളായി പുരോഗമിക്കുന്നു. ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടൈന്മെന്റ്, ദിയാ ക്രിയേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്ടായിരം കാലഘട്ടത്തില്‍ വൈപ്പിന്‍ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്ന ചിത്രമാണിത്. ഷൈന്‍ ടോം ചാക്കോ, ബാബു രാജ്, ബിബിന്‍ ജോര്‍ജ്,സുധീര്‍ കരമന, അലന്‍സിയര്‍, കിച്ചു ടെല്ലസ്, സൂര്യകൃഷ്, സാദിഖ്, റോഷന്‍ ബഷീര്‍, മാര്‍ട്ടിന്‍ മുരുകന്‍, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദര്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
◾ ഒരു കൂട്ടം നല്ല സിനിമകളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച കെജിഎഫ് സ്റ്റുഡിയോ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് 'കുട്ടപ്പന്റെ വോട്ട്'. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രശസ്ത താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു. മലയാളത്തിലെ പ്രമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ നിശ്ചല്‍ ടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാന്‍ ദേവു നിര്‍വ്വഹിക്കുന്നു. സമൂഹത്തില്‍ ഒറ്റപെട്ടു പോയ കുട്ടപ്പന്റെ പ്രതികാരത്തിന്റെ കഥപറയുന്ന കുട്ടപ്പന്റെ വോട്ട് സമൂഹത്തിനോടുള്ള വലിയൊരു ചോദ്യമാണ്. സുധാംശു എഴുതിയ വരികള്‍ക്ക് സുരേഷ് നന്ദന്‍ സംഗീതം പകരുന്നു. എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളിലായി ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന കുട്ടപ്പന്റെ വോട്ട് 2025 ഏപ്രില്‍ ആദ്യം റിലീസിനെത്തും.
◾ ഹ്യുണ്ടായ് ഇലക്ട്രിക് പോര്‍ട്ട്‌ഫോളിയോയില്‍ അയോണിക് 9 അവതരിപ്പിച്ചു. മൂന്ന് നിരകളുള്ള ഒരു എസ്യുവിയാണ് ഹ്യുണ്ടായ് അയോണിക് 9. നിരവധി നൂതന ഫീച്ചറുകളും മികച്ച രൂപവും നല്‍കിയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 620 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കമ്പനിയുടെ ഇ-ജിഎംപി ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. 350കിവാട്ട് ചാര്‍ജര്‍ ഉപയോഗിച്ച് 24 മിനിറ്റിനുള്ളില്‍ ഇത് 10 മുതല്‍ 80% വരെ ചാര്‍ജ് ചെയ്യുന്നു. 2025-ന്റെ ആദ്യ പകുതിയില്‍ കൊറിയയിലും യുഎസ്എയിലും ഇത് ആദ്യം വില്‍ക്കും. പിന്നീട് യൂറോപ്യന്‍ വിപണിയിലും മറ്റ് വിപണികളിലും അവതരിപ്പിക്കും. സുരക്ഷയ്ക്കായി, 10 എയര്‍ബാഗുകള്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം, സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനര്‍, മൂന്നാം നിര യാത്രക്കാര്‍ക്ക് ലോഡ് ലിമിറ്റര്‍ എന്നിവയുണ്ട്.
◾ നിശ്ചയദാര്‍ഢ്യവും സര്‍ഗാത്മകതയും പുതിയ ആശയങ്ങളുമുള്ള ഒരു മുയലാണ് സസ. പണത്തിനു വേണ്ടി മരങ്ങള്‍ വെട്ടി വില്‍ക്കുന്ന അത്യാഗ്രഹിയായ അയല്‍ക്കാരന്‍ ചെന്നായയെ മരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെയും വസ്തുക്കള്‍ വെറുതെ കളയാതെ മറ്റെന്തെങ്കിലും ഉണ്ടാക്കി ഉപയോഗിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അവള്‍ പറഞ്ഞു മനസിലാക്കുന്നു. അത്യാഗ്രഹം ആപത്തെന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു. ഒപ്പം വനങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രകൃതിയുടെ ദാക്ഷിണ്യത്തെക്കുറിച്ചും നമുക്ക് പറഞ്ഞുതരുന്നു. 'ഓരോന്നും വിലപ്പെട്ടതാണ്'. ഡേവിഡ് ഹൗലറ്റ്. ചിത്രീകരണം - ഉര്‍വശി ദുബെ. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 142 രൂപ.
◾ പോഷകങ്ങളുടെ പവര്‍ ഹൗസായ നട്സും ഡ്രൈ ഫ്രൂട്സും കഴിക്കുമ്പോള്‍ മിതത്വം പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ നട്‌സ് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും പ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാരയും കലോറിയും അമിതമാകുന്നത് അപകടമാണ്. ബദാമില്‍ ഉയര്‍ന്ന തോതില്‍ ഫോസ്ഫറസും ഓക്സലേറ്റും ഉള്ളതിനാല്‍ വൃക്കരോഗികള്‍ ഇതിന്റെ അളവു നിയന്ത്രിക്കേണ്ടതുണ്ട്. ബദാം, വാല്‍നട്ട്, കശുവണ്ടി ഉള്‍പ്പെടെയുള്ള നട്സ് വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് പെട്ടെന്ന് ദഹിക്കാനും പോഷകങ്ങളുടെ ലഭ്യതയും വര്‍ധിപ്പിക്കും. കൂടാതെ നട്സില്‍ അടങ്ങിയ കാല്‍സ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും ആഗീരണത്തെ തടയുന്ന ഫൈറ്റിക് ആസിഡ് നീക്കം ചെയ്യാനും ഇത് സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഫൈബറും അടങ്ങിയിരിക്കുന്ന നട്‌സ് വിഭവങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് പെട്ടെന്ന് വിശക്കാതിരിക്കാന്‍ സഹായിക്കും. നല്ല തോതില്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അമിതമായി ബദാം, പിസ്ത തുടങ്ങിയവ കഴിക്കരുതെന്നും ഡയറ്റീഷ്യന്മാര്‍ പറയുന്നു. നട്സ് പകല്‍ സമയം കഴിക്കുന്നതാണ് നല്ലത്. പ്രധാന ഭക്ഷണങ്ങള്‍ക്ക് ഇടയിലുള്ള സ്‌നാക്കായും ഉപയോഗിക്കാം. പഴങ്ങള്‍ക്കൊപ്പം നട്‌സ് കഴിക്കുന്നത് പഴങ്ങളുടെ ഗ്ലൈസിമിക് സൂചിക കുറയ്ക്കാന്‍ സഹായിക്കും. പഴങ്ങളിലെ വൈറ്റമിന്‍ സി നട്‌സിലെ അയണിന്റെ ആഗീരണത്തെ സഹായിക്കുകയും ചെയ്യും. ദിവസവും പരമാവധി 30 മുതല്‍ 50 ഗ്രാം വരെ നട്സ് കഴിക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 84.49, പൗണ്ട് - 106.25. യൂറോ - 88.53, സ്വിസ് ഫ്രാങ്ക് - 95.39, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.03, ബഹറിന്‍ ദിനാര്‍ - 224.19, കുവൈത്ത് ദിനാര്‍ -274.59, ഒമാനി റിയാല്‍ - 219.46, സൗദി റിയാല്‍ - 22.51, യു.എ.ഇ ദിര്‍ഹം - 23.00, ഖത്തര്‍ റിയാല്‍ - 23.07, കനേഡിയന്‍ ഡോളര്‍ - 60.51.
➖➖➖➖➖➖➖➖
Tags:
KERALA