Trending

പ്രഭാത വാർത്തകൾ

2024  നവംബർ 12 ചൊവ്വ 
1200  തുലാം 27പൂരുരുട്ടാതി ,ഉത്രട്ടാതി  
1446  ജ:അവ്വൽ 09
      
◾ വയനാട്ടിലും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം. ഇന്ന് നിശബ്ദ പ്രചാരണം. നാളെ വിധിയെഴുത്ത്. ഏറെ ആവേശത്തോടെയായിരുന്നു രണ്ടിടത്തും കൊട്ടിക്കലാശം നടന്നത്. യുഡിഎഫ് തിരുവമ്പാടിയിലും എല്‍ഡിഎഫ് കല്‍പറ്റയിലും എന്‍ഡിഎ ബത്തേരിയിലുമാണ് വയനാട്ടിലെ കലാശക്കൊട്ട് നടത്തിയത്. ചേലക്കരയില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ കലാശക്കൊട്ട് ആഘോഷമാക്കിയത് ചേലക്കര ബസ് സ്റ്റാന്റിലാണ്. യുഡിഎഫ് അണികളെ ആവേശത്തിലാക്കി പ്രിയങ്ക ഗാന്ധിയുടെ കന്നി തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനും സഹോദരനും പ്രതിപക്ഷനേതാവുമായ രാഹുല്‍ ഗാന്ധിയുമെത്തിയിരുന്നു.

◾ സംസ്ഥാന സ്‌കൂള്‍ കായികമേള സമാപനചടങ്ങിന്റെ വേദിയില്‍ പ്രതിഷേധം. സ്പോര്‍ട്സ് സ്‌കൂളുകളെ കിരീടത്തിന് പരിഗണിച്ചതിലാണ് പ്രതിഷേധം. നാവാമുകുന്ദ, മാര്‍ ബേസില്‍ സ്‌കൂളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജിവി രാജ സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ കളിയുണ്ടെന്നാണ് പരാതി. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ കയ്യാങ്കളിയിലെത്തി. സമാപന ചടങ്ങിന്റെ വേദിയില്‍ വിദ്യാഭ്യാസ മന്ത്രി ഇരിക്കെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് സമാപന ചടങ്ങ് വേഗത്തില്‍ അവസാനിപ്പിച്ചു.

◾ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങിനിടെയുണ്ടായ വിദ്യാര്‍ത്ഥി പ്രതിഷേധത്തിലെ പൊലീസ് നടപടിയില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി കെഎസ്യു. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച പോലീസ് നടപടി പ്രതിഷേധാര്‍ഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

◾ ഒളിമ്പിക്സ് മാതൃകയില്‍ നടത്തുന്ന കായികമേളയില്‍ ജനറല്‍ സ്‌കൂള്‍, സ്പോര്‍ട്സ് സ്‌കൂള്‍ വേര്‍തിരിവുകള്‍ ഇല്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സമാപനച്ചടങ്ങില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.  

◾ കേരളത്തിലെ കായിക രംഗത്തിന് പിന്നോട്ടുപോക്ക് സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ തലത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ താരങ്ങള്‍ കായികരംഗത്തുതന്നെ അപ്രത്യക്ഷമായി. കായികരംഗത്തെ പ്രകടനങ്ങള്‍ പലര്‍ക്കും മാര്‍ക്കും ഗ്രേസ് മാര്‍ക്കും നേടാനുള്ള ഉപാധിയായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾ കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്തിനെയും വ്യവസായ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെയും സസ്പെന്റ് ചെയ്ത് സര്‍ക്കാര്‍. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എസ് ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിന്റെ പേരിലാണ് എന്‍ പ്രശാന്തിനെതിരെ നടപടിയെടുത്തതെങ്കില്‍ മല്ലു ഹിന്ദു വാട്ട്സ്ആപ്പ് വിവാദത്തിന്റെ പേരിലാണ് കെ ഗോപാലകൃഷ്ണനെതിരെ നടപടിയെടുത്തത്.

◾ കെ ഗോപാലകൃഷ്ണന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ മതാടിസ്ഥാനത്തില്‍ ചേരി തിരിവുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും ചേരിതിരിവുണ്ടാക്കുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിലൂടെ ഉദ്യോഗസ്ഥര്‍ക്കിടയിലെ സാഹോദര്യം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ സസ്പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറിയടക്കമുള്ളവര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രശാന്തിന്റെ പരാമര്‍ശങ്ങള്‍ അഡ്മിനിസ്ടേറ്റീവ് സര്‍വീസിനെ പൊതു മധ്യത്തില്‍ നാണം കെടുത്തിയെന്നും ഇരുവരും  സര്‍വീസ് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം നടത്തിയെന്നുമാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ഐഎഎസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറക്കിയത്.

◾ സസ്പെന്‍ഷന്‍ നടപടി നേരിട്ട വിഷയത്തില്‍ തന്റെ വിശദീകരണം കേള്‍ക്കാതെയാണ് നടപടിയെന്ന് എന്‍ പ്രശാന്ത്. സര്‍ക്കാരിന്റെ നടപടിയില്‍ അത്ഭുതം തോന്നുന്നുവെന്നും പ്രശാന്ത് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പുകളില്‍ ചട്ടലംഘനമില്ലെന്നും സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്തതെന്നും ആരെയും സുഖിപ്പിക്കാനല്ല തനിക്ക് ശമ്പളം നല്‍കുന്നതെന്നും പറഞ്ഞ പ്രശാന്ത് തന്റെ കുറിപ്പുകളെ എന്തിനാണ് ഭയക്കുന്നതെന്നും ചോദിച്ചു. ജനിച്ചുവീണപ്പോഴേ ഐഎഎസുകാരന്‍ ആകണമെന്ന് വിചാരിച്ചുവന്ന ആളല്ലെന്നും വേറേയും ജോലിയും താല്‍പര്യങ്ങളും എല്ലാം ഉള്ളതാണെന്നും ഇതൊന്നും വലിയ സംഭവമായി തനിക്ക് തോന്നുന്നില്ലെന്നും പ്രശാന്ത് വ്യക്തമാക്കി.

◾ മലിനീകരണം സൃഷ്ടിക്കുന്ന ഒരു പ്രവര്‍ത്തനത്തേയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സുപ്രീംകോടതി. പടക്കങ്ങള്‍ക്ക് രാജ്യവ്യാപകമായ നിരോധനം ഏര്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ആരാഞ്ഞു. ഡല്‍ഹിയിലെ മലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. വര്‍ഷം മുഴുവനും ഗുരുതര വായുമലീനികരണം അഭിമുഖീകരിക്കുന്ന ഡല്‍ഹിയില്‍ നിര്‍ദ്ദിഷ്ടമാസങ്ങളില്‍ മാത്രം പടക്കങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്തിനാണെന്നും കോടതി ചോദിച്ചു.

◾ മുനമ്പത്തിന് പിന്നാലെ വയനാട്ടിലും വഖഫ് ഭീകരതയാണെന്നും വഖഫ് ഭീഷണി കേരളത്തില്‍ വ്യാപകമാകുകയാണെന്നും ഇതിനെതിരെ കേരളം മുഴുവന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബിജെപി. മുനമ്പത്തിന് പിന്നാലെ മാനന്തവാടി തവിഞ്ഞാലില്‍ അഞ്ച് കുടുംബങ്ങള്‍ക്ക്് വഖഫ് നോട്ടീസ് അയച്ചിരിക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ പ്രതികരണം.

◾ മുനമ്പത്തെ ജനങ്ങള്‍ക്ക് വീടുവിട്ട് ഇറങ്ങിപ്പോകേണ്ടി വരില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. വഖഫ് ഭൂമി പ്രശ്നത്തില്‍ മുനമ്പത്തിന് നീതി കിട്ടിയിരിക്കുന്നും മന്ത്രി പറഞ്ഞു. വിഷയത്തെ കേന്ദ്രം വളരെ ഗൗരവത്തോടെ കാണുന്നുണ്ടെന്നും കേരള സര്‍ക്കാര്‍ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വിഭാഗത്തിനെതിരെയുള്ള നീക്കമല്ല ഇതെന്നും നീതി ഉറപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും വഖഫ് നിയമ ഭേദഗതി പാസാകുന്നതോടെ ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാകുമെന്നും മന്ത്രി പറഞ്ഞു.

◾ വിഡി സതീശനുണ്ടായാലും പിണറായി വിജയന്‍ ഉണ്ടായാലും കേന്ദ്രം മുനമ്പത്തിന് നീതി ഉറപ്പാക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി  രാജീവ് ചന്ദ്രശേഖര്‍. ഇത്രയും കാലം കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ നിന്ന് ഇറങ്ങാന്‍ ആര്‍ക്ക് പറയാനാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. മുനമ്പം ഭൂപ്രശ്നത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് രാജീവ് ചന്ദ്രശേഖറും ഷോണ്‍ ജോര്‍ജ്ജും നിവേദനം കൈമാറി.

◾ മുനമ്പം ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് മന്ത്രി പി.രാജീവ്. എറണാകുളം ഗസ്റ്റ് ഹൗസില്‍ സമരസമിതി അംഗങ്ങളും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

◾ രാജ്യത്തെ മദ്യഷാപ്പുകള്‍, ബാറുകള്‍, പബുകള്‍ എന്നിവിടങ്ങളില്‍ നിന്ന് മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാന്‍ പ്രോട്ടോകോള്‍ രൂപവത്കരിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചത്.

◾ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വിസിമാരെ നിയമിക്കാത്തതിനെ സര്‍ക്കാരിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസി നിയമന ബില്ല് രാഷ്ട്രപതി അംഗീകരിച്ചിട്ടില്ലെന്നു പറഞ്ഞ ഗവര്‍ണര്‍, സര്‍ക്കാര്‍ എന്തുകൊണ്ടാണ് വിസിമാരെ നിയമിക്കാത്തതെന്നും ചോദിച്ചു. കേരളത്തിലെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാര്‍ ഇല്ലാത്തതിനുള്ള കാരണം സര്‍ക്കാര്‍ ഉണ്ടാക്കിയ തടസങ്ങളാണെന്നും രാഷ്ട്രീയ കാരണങ്ങളാല്‍  കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾ സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരത്തേക്ക് ഓടുന്നതിന് പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയതോടെ കേസില്‍ അപ്പീല്‍ പോകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ ചില സാങ്കേതിക കാരണങ്ങളാണ് പറഞ്ഞിരിക്കുന്നതെന്നും അതുകൊണ്ട് ഡിവിഷന്‍ ബെഞ്ചിലേക്ക് അടിയന്തരമായി അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

◾ വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാളെ ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ജില്ലയില്‍ നാളെ അവധിയായിരിക്കും.

◾ കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടരുന്ന അധിക്ഷേപവും വിരട്ടലും അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. സിനിമയില്‍ പണ്ട് കൈയടി നേടിയ സൂപ്പര്‍ ഹീറോയുടെ കെട്ട് മാറാതെയുള്ള ധാര്‍ഷ്ട്യവും ഭീഷണിയും മാധ്യമപ്രവര്‍ത്തകരോട് വേണ്ടെന്നും കേന്ദ്രമന്ത്രി എന്നല്ല, സാധാരണ മനുഷ്യരുടെ ഭാഗത്തുനിന്ന് പോലും ഉണ്ടാകാന്‍ പാടില്ലാത്ത ഹീനമായ പെരുമാറ്റമാണ് സുരേഷ് ഗോപി തുടരുന്നതെന്നും കേന്ദ്രമന്ത്രിയുടെ മോശപ്പെട്ട സമീപനത്തിനെതിരെ യൂണിയന്‍ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുമെന്നും അവര്‍ അറിയിച്ചു.

◾ തിരുവനന്തപുരം മാനവീയം വീഥിക്കടുത്ത് യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. വെമ്പായം സ്വദേശികളായ ഷിഹാസ്, സുഹൈല്‍, അര്‍ഫാജ്, രഞ്ചിത്ത് എന്നിവരാണ്  പൊലീസിന്റെ പടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് വെമ്പായം സ്വദേശി ഷിജിത്തിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമമുണ്ടായത്. ലഹരി വില്‍പ്പന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് വധശ്രമത്തിന് പിന്നിലെന്ന് മ്യൂസിയം പൊലിസ് പറഞ്ഞു.

◾ ശബരിമലയില്‍ ഒരേ സമയം പതിനാറായിരത്തോളം  വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ്  സൗകര്യം ഒരുക്കിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. നിലയ്ക്കലിലെ പാര്‍ക്കിംഗ് പൂര്‍ണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനം  ഉപയോഗിച്ചുള്ളതായിരിക്കും. വാഹനങ്ങളുടെ സുഗമവും വേഗത്തിലുമുള്ള സഞ്ചാരത്തിന് ഫാസ്റ്റ് ടാഗ് സൗകര്യം ഉപകരിക്കുമെന്നും ഭക്തജനങ്ങള്‍ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

◾ സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിച്ച്  വീണ്ടും മരണം. മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശി സെബാമെഹ്‌റിന്‍ (10) ആണ് മരിച്ചത്. പൊന്നാനി തെയ്യങ്ങാട് ജിഎല്‍പി സ്‌കൂള്‍  വിദ്യാര്‍ത്ഥിയായിരുന്നു.  കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ്  മരണം സംഭവിച്ചത്.

◾ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി -1 ന്റെതാണ് ഉത്തരവ്. തമിഴ്നാട് രാജപാളയം സ്വദേശിയെയാണ് തൂക്കിക്കൊല്ലാന്‍ വിധിച്ചത്. ക്രൂരമായ ലൈംഗിക പീഡനവും കൊലപാതകവും പ്രതിക്കെതിരെ തെളിഞ്ഞതായി കോടതി വിധിയില്‍ വ്യക്തമാക്കി.

◾ ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി ലാഭ വിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 13 ലക്ഷം കവര്‍ന്ന കേസില്‍ മുഖ്യപ്രതിയെ കരിപ്പൂരില്‍ നിന്ന് ബത്തേരി പൊലീസ് പിടികൂടി. ബത്തേരി പത്മാലയം വീട്ടില്‍ വൈശാഖിനെ(29)യാണ് ശനിയാഴ്ച വൈകിട്ടോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. പുത്തന്‍കുന്ന് സ്വദേശിയുടെ പരാതി പ്രകാരം കഴിഞ്ഞ നവംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

◾ കുണ്ടറ ആലീസ് വധക്കേസ് പ്രതി ഗിരീഷ് കുമാറിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് സുപ്രീംകോടതിയുടെ സ്റ്റേ. പ്രതിയെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരായ അപ്പീലില്‍ ഗിരീഷ് കുമാറിന് നോട്ടീസ് അയച്ചു.

◾ നാളെ മുതല്‍ മൂന്ന് ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുള്ളത്.

◾ പതിനെട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആ അമ്മയും മകനും വീണ്ടും കണ്ടുമുട്ടി. സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റേയും ഉമ്മ ഫാത്തിമയുടേയും ആ കണ്ടുമുട്ടല്‍ ഏറെ വികാരനിര്‍ഭരമായി. നേരത്തെ കാണാന്‍ വിസമ്മതിച്ച റഹീം പിന്നീട് കൂടിക്കാഴ്ച്ചയ്ക്ക് സമ്മതിക്കുകയായിരുന്നു. റിയാദിലെ ജയിലിലെത്തിയാണ് ഉമ്മയും സഹോദരനും അമ്മാവനും ഉള്‍പ്പെട്ട സംഘം റഹീമിനെ കണ്ടത്. ഒന്നിച്ചു ചായ കുടിച്ചെന്നും എത്രയും വേഗം മകന്‍ തിരികെ എത്തണമെന്നാണ് ആഗ്രഹമെന്നും ഫാത്തിമ പ്രതികരിച്ചു.

◾ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ബിജെപി. രാഹുല്‍ ഗാന്ധി നുണ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നല്‍കി. ബിജെപി ഭരണഘടന തകര്‍ക്കുമെന്ന് ആരോപിക്കുന്നുവെന്ന് പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാളിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

◾ ലഹരിമരുന്നിന്റെ അമിതമായ ഉപയോഗത്തേ തുടര്‍ന്ന് പതിന്നൊന്ന് ദിവസത്തെ ഇടവേളയില്‍ ഹരിയാനയിലെ ഹിസാറിലെ പര്‍ബയില്‍ ഒരു കുടുംബത്തിലെ മൂന്ന് സഹോദരങ്ങള്‍ മരണപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ലഹരി മരുന്ന് ഇന്‍ജെക്ഷനുകള്‍ ഇവര്‍ എടുത്തിരുന്നതായാണ് കുടുംബം ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. 20കാരനായ സോനു നഗര്‍, 22 കാരനായ ചരണ്‍ ദാസ് നഗര്‍, 30 കാരനായ വിനോദ് നഗര്‍ എന്നിവരാണ് ലഹരി വസ്തുക്കളുടെ അമിത ഉപയോഗത്തേ തുടര്‍ന്ന് മരിച്ചത്.

◾ ചീഫ് ജസ്റ്റിസായി ആയി സഞ്ജീവ് ഖന്നയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാത്തതിനെ ചര്‍ച്ചയാക്കി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. സഞ്ജീവ് ഖന്നയുടെ അമ്മാവനും മുന്‍ ജഡ്ജിയുമായ എച്ച്.ആര്‍ ഖന്ന ഇന്ദിരാ ഗാന്ധിക്കെതിരെ വിധി പറഞ്ഞതു കൊണ്ടാണ് പരിപാടിയില്‍ നിന്നും രാഹുല്‍ ഗാന്ധി വിട്ടു നിന്നതെന്നാണ് പ്രചാരണം. പ്രിയങ്കാ ഗാന്ധിയുടെ കന്നി തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനായി വയനാട്ടില്‍ ഇന്ന് രാഹുല്‍ ഗാന്ധി എത്തിയിരുന്നു 

◾ അയോധ്യയിലെ രാമക്ഷേത്രം ഉള്‍പ്പെടെയുള്ള ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി മുഴക്കി ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നു. സിഖ്‌സ് ഫോര്‍ ജസ്റ്റിസ് പുറത്തുവിട്ട വീഡിയോയിലാണ് ഭീഷണി. നവംബര്‍ 16, 17 തീയതികളില്‍ ആക്രമണം ഉണ്ടാകുമെന്നാണ് പന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

◾ മണിപ്പൂരില്‍  സൈനികരും കുക്കി വിഘടനവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 11 കുക്കി വിഘടനവാദികളെ സൈന്യം വധിച്ചു. മണിപ്പൂരിലെ ജിരിബാമില്‍ സിആര്‍പിഎഫ് പോസ്റ്റിനു നേരെ ആക്രമണം നടത്തിയവരെയാണ് വധിച്ചത്. സിആര്‍പിഎഫ് പോസ്റ്റിനു നേരെ ആക്രമണമുണ്ടായതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

◾ ഇറ്റലിയിലെ റോമിലെ ഫിയുമിസിനോ വിമാനത്താവളത്തില്‍ നിന്ന് ചൈനയിലെ ഷെന്‍ഷെനിലേക്ക് 265 പേരുമായി പറന്നുയര്‍ന്ന ഹൈനാന്‍ എയര്‍ലൈന്‍സ് വിമാനം തീപിടിത്തത്തെ തുടര്‍ന്ന് തിരിച്ചിറക്കി. പക്ഷി ഇടിച്ച് എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്നാണ് തീപിടിച്ചത്. വിമാനത്തിലെ 249 യാത്രക്കാരും 16 ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു.

◾ ഇസ്രായേലിനെതിരെ ഹിസ്ബുല്ലയുടെ ശക്തമായ റോക്കറ്റാക്രമണം ഇസ്രായേലിനെ ലക്ഷ്യമിട്ട് 90-ലധികം റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുത്തതെന്ന് അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനമായ അയണ്‍ ഡോം നിരവധി റോക്കറ്റുകളെ തടഞ്ഞെങ്കിലും തുറമുഖ നഗരമായ ഹൈഫയില്‍ ഉള്‍പ്പെടെ വ്യാപകമായി റോക്കറ്റുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. റോക്കറ്റാക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും പ്രദേശത്തെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  

◾ പ്രീമിയം സര്‍വീസിലൂടെ ഹൃദയം കീഴടക്കിയ ഫുള്‍ സര്‍വീസ് എയര്‍ലൈനായ വിസ്താര ഇന്ത്യയുടെ ആകാശത്ത് നിന്നും വിടപറയുന്നു. നവംബര്‍ 12ന് എയര്‍ ഇന്ത്യയുമായി ലയിക്കുന്നതിന് മുമ്പ് വിസ്താരയുടെ അവസാന വിമാനങ്ങള്‍ സര്‍വ്വീസ് നടത്തി. എയര്‍ലൈന്‍ ബിസിനസ് കാര്യക്ഷമമാക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ തന്ത്രപരമായ നീക്കത്തെ തുടര്‍ന്നാണ് ലയനം. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായി ആരംഭിച്ച വിസ്താര ഏകീകൃത എയര്‍ ഇന്ത്യയുടെ ഭാഗമാകും, അതില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് 25.1% ഓഹരി നിലനിര്‍ത്തും. വിസ്താര ടിക്കറ്റ് കൈവശമുള്ള 115,000-ലധികം യാത്രക്കാര്‍ എയര്‍ ഇന്ത്യ ഷെഡ്യൂള്‍ ചെയ്യുന്ന വിമാനങ്ങളില്‍ പറക്കും. കാരിയറിന്റെ ബ്രാന്‍ഡിംഗ് മാറുമെങ്കിലും, മൊത്തത്തിലുള്ള സേവനത്തിനും ഓണ്‍ബോര്‍ഡ് അനുഭവത്തിനും വലിയ മാറ്റമുണ്ടാകില്ലെന്ന് ഗ്രൂപ്പ് ഉറപ്പുനല്‍കുന്നു. യാത്രക്കാരെ സഹായിക്കാന്‍, വിസ്താര വിമാനത്താവളങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

◾ ഇന്ദ്രജിത്ത് സുകുമാരന്‍ നായകനായി എത്തുന്ന  'ഞാന്‍ കണ്ടതാ സാറെ'യുടെ ടീസര്‍ എത്തി. സംഭാഷണങ്ങളില്ലാതെ ഇന്ദ്രജിത്തും ബൈജുവും ജയിലില്‍ നില്‍ക്കുന്ന രീതിയിലാണ് ടീസര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രം നവംബര്‍ 22ന് തിയറ്ററുകളില്‍ എത്തും. പ്രിയദര്‍ശന്റെ സഹസംവിധായകനായിരുന്ന വരുണ്‍.ജി. പണിക്കര്‍ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണ് ഞാന്‍ കണ്ടതാ സാറേ. ഹ്യൂമര്‍ ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഇന്ദ്രജിത് സുകുമാരന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനൂപ് മേനോന്‍, ബൈജു സന്തോഷ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മെറീനാ മൈക്കിള്‍, സുധീര്‍ കരമന, അബ്ദുള്‍ സമദ്, സാബൂ മോന്‍, അര്‍ജുന്‍ നന്ദകുമാര്‍, ബിനോജ് കുളത്തൂര്‍ ദീപു കരുണാകരന്‍, സുരേഷ് കൃഷ്ണ, അലന്‍സിയര്‍, ബിജു പപ്പന്‍, ബാലാജി ശര്‍മ്മ, സന്തോഷ് ദാമോദരന്‍, അജിത് ധന്വന്തിരി, മല്ലികാ സുകുമാരന്‍, പാര്‍വ്വതി അരുണ്‍, അഞ്ജനാ അപ്പുക്കുട്ടന്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

◾ മാര്‍വല്‍ സ്റ്റുഡിയോയുടെ പുതിയ സൂപ്പര്‍ ഹീറോ ചിത്രം 'ക്യാപ്റ്റന്‍ അമേരിക്ക: ബ്രേവ് ന്യൂ വേള്‍ഡി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ടൈറ്റില്‍ കഥാപാത്രമായി ആന്റണി മാക്കി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് രണ്ടര മിനിറ്റിലധികം ദൈര്‍ഘ്യമുണ്ട്. യുഎസിനെതിരെ നടക്കുന്ന ആഗോള ഗൂഢാലോചനയാണ് ഇത്തവണ ക്യാപ്റ്റന്‍ അമേരിക്കയുടെ വിഷയം. ഹാരിസണ്‍ ഫോര്‍ഡ് അഭിനയിക്കുന്ന കേണല്‍ റോസിന്റെ റെഡ് ഹള്‍ക്ക് എന്ന കഥാപാത്രത്തെ നേരിടുന്ന ആന്റണി മാക്കിയുടെ ക്യാപ്റ്റന്‍ അമേരിക്കയാണ് ട്രെയിലറിലെ പ്രധാന ഹൈലൈറ്റ്. ജൂലിയസ് ഓനാ സംവിധാനം ചെയ്യുന്ന വരാനിരിക്കുന്ന ചിത്രത്തില്‍ ഡാനി റാമിറെസ്, ഷിറ ഹാസ്, സോഷ റോക്മോര്‍, കാള്‍ ലംബ്ലി, ജിയാന്‍കാര്‍ലോ എസ്പോസിറ്റോ, ലിവ് ടൈലര്‍, ടിം ബ്ലേക്ക് നെല്‍സണ്‍ എന്നിവരും നിര്‍ണായക വേഷങ്ങളില്‍ എത്തുന്നു. അടുത്ത വര്‍ഷം ഫെബ്രുവരി 14നാണ് ചിത്രം ആഗോളതലത്തില്‍ റിലീസാകുന്നത്. ഹരിസണ്‍ ഫോര്‍ഡിന്റെ റെഡ് ഹള്‍ക്ക് ആണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. ഇത് ആദ്യമായി അത് കാണിക്കുകയും ചെയ്യുന്നുണ്ട് ട്രെയിലറില്‍.

◾ പുതിയ തലമുറ ഹോണ്ട അമേസ് 2024 ഡിസംബര്‍ 4-ന് ഷോറൂമുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. ഔദ്യോഗിക വരവിനു മുന്നോടിയായി, കമ്പനി വാഹനത്തിന്റെ പുതിയ ടീസര്‍ സ്‌കെച്ചുകള്‍ പുറത്തിറക്കി. ഇതില്‍ ഗണ്യമായി പരിഷ്‌കരിച്ച ഫ്രണ്ട്, റിയര്‍ പ്രൊഫൈലുകളും ഇന്റീരിയറും വെളിപ്പെടുത്തുന്നു. ആഗോളതലത്തില്‍ വിറ്റഴിക്കപ്പെടുന്ന പുതിയ ഹോണ്ട സിവിക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ അമേസിന്റെ ഡിസൈന്‍ എന്നാണ് റിപ്പോട്ടുകള്‍. ഹണികോംബ് പാറ്റേണോടുകൂടിയ, പുതുതായി രൂപകല്പന ചെയ്ത, വലിയ ഗ്രില്‍ സഹിതം ഫ്രണ്ട് ഫാസിയയ്ക്ക് ഒരു പുതിയ രൂപം ലഭിക്കുന്നു. അമേസിന്റെ ഇന്റീരിയര്‍ സ്‌കെച്ച് സമഗ്രമായ മാറ്റങ്ങളോടെ ഒരു ഫ്യൂച്ചറിസ്റ്റിക് ലേഔട്ട് കാണിക്കുന്നു. വാഹനത്തിന്റെ എഞ്ചിന്‍ സജ്ജീകരണത്തില്‍ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. പുതിയ 2024 ഹോണ്ട അമേസ് 1.2ലി, 4സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കുന്നത് തുടരും. അത് പരമാവധി 90 ബിഎച്പി കരുത്തും 110 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.

◾ ലോകത്തെ ഏറ്റവും വലിയ സാഹസിക കായിക ഉദ്യമങ്ങളിലൊന്നായ ഗോള്‍ഡന്‍ ഗ്ലോബ് റേസ് പായ് വഞ്ചിയോട്ടത്തിനിടെ അപകടത്തില്‍ പരുക്കേറ്റ് ഉള്‍ക്കടലില്‍ രക്ഷാപ്രവര്‍ത്തകരെ കാത്തുകിടന്ന 71 മണിക്കൂറുകള്‍. നട്ടെല്ലിലെ ശസ്ത്രക്രിയയ്ക്കുശേഷം അദ്ഭുതകരമായ മനക്കരുത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി നാലു വര്‍ഷത്തിനകം അതേ മത്സരം വിജയകരമായി ഫിനിഷ് ചെയ്തത മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ ജീവിതം. ചെറിയ പ്രതിസന്ധികള്‍ക്കും തോല്‍വികള്‍ക്കും മുന്നില്‍ പതറിപ്പോകുന്നവര്‍ക്ക് ജീവിതവിജയത്തിലേക്കു മുന്നേറാന്‍ പ്രചോദനം നല്‍കുന്ന, കടലാഴമുള്ള അനുഭവങ്ങളുടെ പുസ്തകം. 'ആഴിയും തിരയും കാറ്റും'. അഭിലാഷ് ടോമി. മനോരമ ബുക്സ്. വില 323 രൂപ.

◾ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് പപ്പായ. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് പച്ച പപ്പായ. പച്ച പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ആണ് ഇതിന് സഹായിക്കുന്നത്. കൂടാതെ പപ്പായയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ദഹന സംബന്ധമായ പ്രശ്നങ്ങള്‍, മലബന്ധം എന്നിവയെ അകറ്റി ദഹനം സുഗുമമായി നടക്കാന്‍ പച്ച പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ ധാരാളം അടങ്ങിയ പച്ച പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്. ഇവയില്‍ കലോറി വളരെ കുറവുമാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പച്ച പപ്പായ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഉയര്‍ന്ന നാരുകള്‍ ഉള്ളതിനാല്‍ പച്ച പപ്പായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റുകളും മറ്റും പപ്പായയില്‍ ധാരാളമുണ്ട്. അതിനാല്‍ ഇവ ഹൃദ്രോഗങ്ങളെ തടയും. നാരുകള്‍, പൊട്ടാസ്യം, വിറ്റാമിനുകള്‍ എന്നിവയുടെ അടങ്ങിയിരിക്കുന്നതിനാല്‍ പച്ച പപ്പായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. പച്ച പപ്പായ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിന്‍ സി, ഇ തുടങ്ങിയവ ധാരാളം അടങ്ങിയ പച്ച പപ്പായ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ ബുദ്ധനും തന്റെ ശിഷ്യനും കൂടി ദൂരെയുള്ള ഗ്രാമത്തിലേക്ക് യാത്രയായി.  ചെറുഗ്രാമങ്ങള്‍ കടന്ന് ആ യാത്ര തുടര്‍ന്നു.  ഇടക്ക് വഴിതെറ്റിയെന്ന തോന്നലില്‍ ബുദ്ധന്‍ അടുത്തുകണ്ട വൃദ്ധനോട് വഴിചോദിച്ചു.  വൃദ്ധന്‍ പറഞ്ഞു:  ഇനി ഒരു രണ്ടുമൈല്‍ ദൂരം നടന്നാല്‍ ആ ഗ്രാമത്തിലെത്തും.  മറുപടികേട്ട ബുദ്ധന്‍ ചിരിച്ചു.  ആ വൃദ്ധനും.. അവര്‍ നടത്തം തുടര്‍ന്നു.  ഏകദേശം രണ്ട്‌മൈല്‍ കഴിഞ്ഞിട്ടും ആ ഗ്രാമമെത്തിയില്ല.  അവര്‍ വഴിയില്‍ കണ്ട സ്ത്രീയോടും ചോദ്യം ആവര്‍ത്തിച്ചു.  അവര്‍ പറഞ്ഞു: ഇനി ഏകദേശം രണ്ടുമൈല്‍ ദൂരം.  ഉത്തരം കേട്ട ബുദ്ധന്‍ ചിരിച്ചു. അവരും ചിരിച്ചു.  വീണ്ടും യാത്ര തുടര്‍ന്നു.  പിന്നെയും കണ്ട രണ്ടുപേരും ഈ രണ്ടുമൈല്‍ ആവര്‍ത്തിച്ചു. പക്ഷേ ഗ്രാമമെത്തിയില്ലെന്നുമാത്രല്ല, അവര്‍ പരസ്പരം ചിരിക്കുന്നത് ശിഷ്യന്‍ ശ്രദ്ധിക്കുകയും ചെയ്തു. ശിഷ്യന് ക്ഷമകെട്ടു.  അയാള്‍ തോളത്തിരുന്ന ബാഗ് നിലത്തിട്ട് അവിടെ ഇരുന്നു.  എന്നിട്ട് ബുദ്ധനോട് പറഞ്ഞു:  രണ്ടു മൈല്‍ എന്ന പറഞ്ഞിട്ട് നാം എത്ര മൈലുകള്‍ പിന്നിട്ടു.  ഇവരെല്ലാം നമ്മോട് കള്ളം പറയുകയാണോ?   നിങ്ങളെന്തിനാണ് പരസ്പരം ചിരിക്കുന്നത്? ശിഷ്യന്റെ സംശയങ്ങള്‍ തുടര്‍ന്നു.  ബുദ്ധന്‍ പറഞ്ഞു:  ആദ്യത്തെയാള്‍ പറഞ്ഞത് കള്ളമാണ്. അത് അയാള്‍ക്കും എനിക്കും അറിയാം.  പക്ഷേ, ആ രണ്ടുമൈല്‍ ദൂരം നമുക്ക് താണ്ടാന്‍ ആ കള്ളം നമ്മെ സഹായിച്ചു.  തുടര്‍ന്നുളള ഓരോരുത്തരും ഇതാവര്‍ത്തിച്ചപ്പോള്‍ നമ്മള്‍ വീണ്ടും നടന്നു.. ആ ഗ്രാമത്തിലേക്ക് ഏകദേശം 15 മൈല്‍ ദൂരമുണ്ട്.  അത് ആദ്യമേ പറഞ്ഞാല്‍ നമ്മള്‍ ചിലപ്പോള്‍ യാത്ര അവസാനിപ്പിച്ചേക്കും.  അവര്‍ തന്ന പ്രതീക്ഷയാണ് നമ്മെ ഇതുവരെ എത്തിച്ചത്.  ജീവിതം ഒരു യാത്രയാണ്.  ആ യാത്രയില്‍ പല തടസ്സങ്ങളേയും നേരിടേണ്ടിവരും.  എന്നാല്‍ ആ തടസ്സങ്ങളെയോര്‍ത്ത് യാത്ര അവസാനിപ്പിക്കരുത്. ആ തടസ്സങ്ങളെ പരമാവധി മറികടക്കാന്‍ ശ്രമിച്ചുകൊണ്ട് യാത്ര തുടരുക. നമ്മള്‍ ശ്രമിച്ചുകൊണ്ടേയിരിക്കണം.  എവിടേയോ ഒരു മരുപ്പച്ചയുണ്ട്. എത്തുമെന്ന ഉറപ്പില്ല.  എങ്കിലും പ്രതീക്ഷയോടെ നമ്മള്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കണം.  എത്തിയില്ലെങ്കിലും ആ യാത്ര വലിയ കാര്യമാണ്.  അത് തുടര്‍ന്നുകൊണ്ടേയിരിക്കണം.. അതാണ് നമ്മെ മുന്നോട്ട് നയിക്കുന്നത് - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right